പക...💔🥀: ഭാഗം 16

paka

രചന: ഭാഗ്യ ലക്ഷ്മി

ഈശ്വരാ പൃഥ്വിയാകെ ദേഷ്യത്തിലാണല്ലോ...!! ഏട്ടനോടും പവിത്രയോടും എങ്ങനെയാവും പെരുമാറുക..?? ഇവരെ കൂട്ടിക്കൊണ്ട് വന്നതിനാൽ ഒരുപക്ഷേ തന്നെയും വെറുക്കുമോ....?? പക്ഷേ തനിക്ക് ഏട്ടനെ സത്യം ബോധിപ്പിക്കണ്ടേ...?? അതിന് ഈ കൂടിക്കാഴ്ച്ച അനിവാര്യമാണ്....!! മനസ്സ് ചിന്തകളുടെ ഉൾക്കാട്ടിൽ അലഞ്ഞപ്പോൾ തെല്ലൊരു ഭീതിയോടെ മുഖമുയർത്തി ശ്രീനന്ദ പൃഥ്വിയെ നോക്കി... "ഇതെന്താ ശ്രീനന്ദാ സത്രമാണോ വഴിയിൽ കണ്ടവരെ ഒക്കെ വിളിച്ചോണ്ട് വരാൻ...?? അത്രയ്ക്ക് ബോധമില്ലേ നിനക്ക്...?? കണ്ട അലവലാതികളെ ഒക്കെ വീട്ടിൽ വിളിച്ച് കയറ്റാൻ...!! ഒറ്റ ഒരെണ്ണത്തിനെ വിശ്വസിക്കാൻ പറ്റാത്ത കാലമാ..." പൃഥ്വി ഗൗരവത്താൽ അതും പറഞ്ഞ് നടന്നടുത്തതും വാതിൽപ്പടിയിലേക്ക് വെച്ച കാൽ പവിത്ര ഉള്ളുരുകുന്ന വേദനയോടെ പിൻവലിച്ചു... പൃഥ്വിയുടെ വാക്കുകൾ നെഞ്ചിലേക്ക് ആഴത്തിലൊരു കത്തി കുത്തിയിറക്കിയതു പോലെ... അപമാനഭാരത്താൽ നീറുന്ന നെഞ്ചോടെ മുഖം തിരിച്ച് ശ്രീനാഥിനെ നോക്കിയതും കാലടികൾ മുൻപോട്ട് വെയ്ക്കാനാവാതെ തറഞ്ഞു നിന്നു പോയിരുന്നു അവനും... പൃഥ്വിയുടെ വാക്കുകൾ കേൾക്കെ തൻ്റെ വാക്ക് വിശ്വസിച്ചു വീട്ടിലേക്ക് വന്നവരുടെ മുൻപിൽ ശ്രീനന്ദയുടെ ശിരസ്സ് താണിരുന്നു...

അവൾ നിറമിഴികളോടെ ശ്രീനാഥിനെയും പവിത്രയെയും നോക്കി... "ഞാൻ പറഞ്ഞതല്ലേ ശ്രീനന്ദാ... വേണ്ടെന്ന്..." ശ്രീനന്ദയെ നോക്കി അതു പറയവേ പവിത്രയുടെ സ്വരമിടറിയതും ശ്രീനാഥ് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു... "മോനെ ദേവാ എന്തൊക്കെയാ നീയീ പറയുന്നത്...?? ഇവര് കണ്ടവരാണോ..?? നമ്മുടെ പവിയല്ലേടാ ഇത്..." ലക്ഷ്മിയമ്മ പൃഥ്വിയ്ക്ക് നേരെ തിരിഞ്ഞു... "ഏത് പവി...?? അങ്ങനെ ആരും ഈ വീട്ടിലും ഇല്ല... എൻ്റെ മനസ്സിലും ഇല്ല..!! പിന്നെ എൻ്റെ മനസ്സിൽ സ്ഥാനമില്ലാത്ത ആരെയെങ്കിലും ഇവിടെ വാഴിയ്ക്കണമെന്ന് ആർക്കെങ്കിലും അത്ര നിർബന്ധമാണെങ്കിൽ ഈ വീടിന് പുറത്തായിരിക്കും അവർക്കും സ്ഥാനം...." ദേഷ്യത്തോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ പൃഥ്വിയുടെ മിഴികൾ നീണ്ടത് തൻ്റെ വാക്കുകൾ കേട്ട് നിറമിഴികളോടെ തറഞ്ഞ് നിൽക്കുന്ന ശ്രീനന്ദയിലായിരുന്നു.... പൃഥ്വിയുടെ വാക്കുകൾ കേൾക്കെ തളർന്നു വീഴാതിരിക്കാൻ ശ്രീനാഥിനെ ഇറുകെ പിടിയ്ക്കുമ്പോൾ പവിത്ര വിങ്ങിപ്പൊട്ടിയിരുന്നു... "പൃഥ്വീ... എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്...

ഒന്ന് സമാധാനപ്പെട്.." ശ്രീനന്ദ പൃഥ്വിയുടെ അരികിലേക്ക് നടന്ന് അപേക്ഷ നിറഞ്ഞ മിഴികളാൽ ആ കരങ്ങളിൽ ഇറുകെ പിടിച്ചു... "എനിക്ക് സമാധാനം ഉണ്ടാക്കാനാണോ ശ്രീനന്ദാ നീ ഇവരെ ഇവിടേക്ക് കൊണ്ടുവന്നത്...??" കൈ വലിച്ചു കൊണ്ടവൻ ഉറക്കെ പറഞ്ഞതും ചുറ്റിനും മുഴങ്ങുന്ന ഒച്ചയിലവൾ പൂണ്ടടക്കം വിറച്ചു പോയിരുന്നു... "പൃഥ്വീ..." ശ്രീനന്ദ നേർത്ത സ്വരത്തിൽ വിളിച്ചതും അവളുടെ മിഴികളിലെ ദയനീയത കാൺകെ പൃഥ്വി തൻ്റെ കോപം നിയന്ത്രിക്കാൻ ശ്രമിച്ചു... "വിളിച്ചു കൊണ്ടു വന്നവർ തന്നെ ഇവരെ ഇറക്കി വിടുന്നതാവും നല്ലത്..." പൃഥ്വി പല്ലു ഞെരിച്ചു കൊണ്ട് മുഖം തിരിച്ചു... "ഞാൻ പറയുന്നതൊന്ന് കേൾക്ക് പൃഥ്വീ...." "ഒന്നും കേൾക്കണ്ട ശ്രീനന്ദാ എനിക്ക്... പുതിയ ബന്ധങ്ങൾ പുതുക്കാൻ എഴുന്നള്ളിയതാവും..." "അല്ല കുറച്ച് പഴയ ബന്ധം ഒന്നു പുതുക്കാൻ വന്നതാ..." പൃഥ്വി ദേഷ്യത്തോടെ ശ്രീനന്ദയോട് പറഞ്ഞതു കേൾക്കെ ശ്രീനാഥിൻ്റെ സ്വരമുയർന്നു.... "നിൻ്റെ വീട്ടിൽ താമസിക്കാൻ വന്നതല്ല പൃഥ്വീ ഞാനോ പവിത്രയോ... ഞാൻ എൻ്റെ സഹോദരിയെ കൊണ്ടു പോകാൻ മാത്രം വന്നതാണ്..."

ശ്രീനാഥ് ഉറച്ച സ്വരത്തോടെ ശ്രീനന്ദയെ നോക്കിയതു പറയുമ്പോൾ പൃഥ്വിയുടെ മിഴികളിൽ ഒരുവേള ഞെട്ടൽ നിറഞ്ഞിരുന്നു... പൃഥ്വി പൊടുന്നനെ ശ്രീനന്ദയെ നോക്കിയതും അവൾ നിഷേധാർത്ഥത്തിൽ ശിരസ്സനക്കി... "ഈ ലോകത്ത് ആർക്കു വേണ്ടിയും നിങ്ങളെ വിട്ടു പോകാൻ ഞാൻ തയ്യാറല്ല പൃഥ്വീ... ഇതെൻ്റെ ഏട്ടനാണെന്നറിഞ്ഞിട്ടും ആരുമില്ലെന്ന് കരുതിയിരുന്ന എനിക്ക് ഒരു കൂടെപ്പിറപ്പ് ഉണ്ടെന്നറിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ വാക്കുകളല്ല ഞാൻ വിശ്വസിച്ചത്... എനിക്ക് വിശ്വാസം നിങ്ങളെയാണ്... എൻ്റെ ആ വിശ്വാസം ശരിയാണെന്ന് ഇവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രമാണ് നിങ്ങൾക്ക് ഇഷ്ടമല്ലെന്നറിഞ്ഞിട്ടും ഞാൻ ഏട്ടനെയും പവിത്രയെയും ഇവിടേക്ക് കൂട്ടിക്കൊണ്ട് വന്നതു പൃഥ്വീ..." ശ്രീനന്ദയുടെ വാക്കുകളുടെ പൊരുൾ മനസ്സിലാകാതെ അവളെ ഉറ്റു നോക്കുമ്പോൾ ശ്രീനാഥ് തൻ്റെ ജ്യേഷ്ഠനാണെന്ന സത്യം ശ്രീനന്ദ തിരിച്ചറിഞ്ഞതിൻ്റെ ഞെട്ടലും പൃഥ്വിയുടെ ഉള്ളിലുടലെടുത്തിരുന്നു... "പൃഥ്വീ.... ഏട്ടൻ പറയുന്നത് നിങ്ങളുടെ അച്ഛൻ്റെ മരണത്തോടെ ഏട്ടനോട് നിങ്ങൾക്ക് പകയുണ്ടായിരുന്നെന്നും ആ പക വീട്ടാൻ വേണ്ടി മാത്രമാണ് നിങ്ങളെന്നെ വിവാഹം കഴിച്ചതെന്നുമാണ്....

നിങ്ങളെന്നെ സ്നേഹിക്കുന്നില്ലെന്നും എന്നെ വഞ്ചിയ്ക്കുമെന്നുമാണ് ഏട്ടൻ പറയുന്നത്... സത്യം പറയ് പൃഥ്വീ... നിങ്ങളെന്നെ സ്നേഹിക്കുന്നില്ലേ...?? പിന്നെ.. പിന്നെ ഏട്ടനോടുള്ള പക വീട്ടാനും എന്നെ ഏട്ടനിൽ നിന്നും ആകറ്റാനുമാണോ എന്നെ വിവാഹം കഴിച്ചത്.?? പറ പൃഥ്വീ.... എല്ലാവരും കേൾക്കട്ടെ... എല്ലാവരും കേൾക്കട്ടെ നിങ്ങൾക്കെന്നോട് പകയില്ല മറിച്ച് സ്നേഹം മാത്രമാണെന്ന്... എൻ്റെ ഏട്ടന് ബോധ്യപ്പെടട്ടെ... എൻ്റെ പൃഥ്വി ഒരു നീചനോ ചതിയനോ അല്ലെന്ന്...!!" ശ്രീനന്ദ പൃഥ്വിയുടെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ ചോദിച്ചതും മങ്ങലേറ്റ മുഖത്തോടെ ഒരു വാക്കു പോലും ഉരിയാടാതെയവൻ മുഖം തിരിച്ചു... പൊടുന്നനെയുള്ള പൃഥ്വിയുടെ ഭാവമാറ്റത്താൽ ശ്രീനന്ദയുടെ നെഞ്ചൊന്നാളി.... "എ... എന്താ പൃഥ്വീ ഒന്നും പറയാത്തെ... സത്യം എന്താണെന്ന് പറയ് പൃഥ്വീ... എനിക്ക്... എനിക്ക് നിങ്ങൾ പറയുന്നത് മാത്രമാണ് വിശ്വാസം..." പൃഥ്വിയെ പിടിച്ചുലയ്ക്കുമ്പോൾ ശ്രീനന്ദയുടെ സ്വരം ഇടറി തുടങ്ങിയിരുന്നു.... പൃഥ്വിയോടുള്ള ശ്രീനന്ദയുടെ സ്‌നേഹവും വിശ്വാസവും കാൺകെ പവിത്രയ്ക്ക് ഉള്ളിൽ ഒരേ സമയം സന്തോഷവും സങ്കടവും തോന്നി... "വേണ്ട ശ്രീയേട്ടാ അവരെ അകറ്റണ്ട.. കണ്ടില്ലേ ശ്രീക്കുട്ടി എത്ര മാത്രം എൻ്റെ ഏട്ടനെ സ്നേഹിക്കുന്നെന്ന്..."

പവിത്ര നിറമിഴികളോടെ അതു പറയുമ്പോഴും ശ്രീനാഥിൽ ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല... "പൃഥ്വിയുടെ അവളോടുള്ള പെരുമാറ്റവും അവഗണനയും മാത്രം നീ കാണുന്നില്ലേ പവീ...?? അവനെൻ്റെ കുട്ടിയോട് തെല്ലും അലിവില്ല... എന്തു വന്നാലും ഇവിടെ വിട്ടിട്ട് പോവില്ല ഞാൻ എൻ്റെ ശ്രീക്കുട്ടിയെ..." ശ്രീനാഥ് പവിത്രയുടെ കരങ്ങളിൽ ഇറുകെ പിടിച്ചു... "എന്താ എൻ്റെ ചോദ്യത്തിനുത്തരം തരാത്തത് പൃഥ്വീ... സത്യം എന്താണെന്ന് വെച്ചാൽ പറ..." മൗനം പാലിച്ചു നിൽക്കുന്ന പൃഥ്വിയെ നോക്കി ഉറക്കെ കരഞ്ഞുകൊണ്ട് ശ്രീനന്ദയത് ചോദിക്കുമ്പോൾ കണ്ട് നിന്നവരുടെയെല്ലാം മിഴികൾ ഈറനണിഞ്ഞിരുന്നു.... "ഞാൻ പറഞ്ഞതല്ലേ ശ്രീക്കുട്ടീ ഇവൻ നിന്നെ സ്നേഹിക്കുന്നില്ലെന്ന്...!! ഇവൻ്റെ കാൽക്കീഴിൽ കിടന്ന് ഒടുങ്ങാനുള്ളതല്ല നിൻ്റെ ജീവിതം... വാ മോളെ ഏട്ടൻ്റെ കൂടെ..." ശ്രീനാഥ് തന്നിൽ നിന്നും പവിത്രയെ അടർത്തി മാറ്റി ശ്രീനന്ദയ്ക്ക് അരികിലേക്ക് നടന്നു.... "ഇല്ല ഞാൻ വരില്ല... പൃഥ്വിയെ വിട്ട് ഞാൻ എങ്ങും വരില്ല... എൻ്റെ പൃഥ്വി എന്നെ സ്നേഹിക്കുന്നുണ്ട്... അല്ലേ പൃഥ്വീ....??" തേങ്ങലോടെ പറഞ്ഞവസാനിപ്പിക്കുന്നതിനൊപ്പം സർവ്വരും കാൺകെ ശ്രീനന്ദ പൃഥ്വിയുടെ നെഞ്ചിലേക്ക് വീണ് അവനെ ഇറുകെ കെട്ടിപ്പിടിച്ചു...

ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ലെന്ന വാശിയോടെ വേർപ്പെടാനാഗ്രഹിക്കാത്ത വിധം.... ശ്രീനന്ദയുടെ അപ്രതീക്ഷിതമായ പ്രവർത്തിയാൽ ഉള്ളിലൊരു ഞെട്ടൽ ഉടലെടുത്തപ്പോഴും തിരിച്ചവളെ പുണരാനാവാത്ത വിധമവൻ്റെ കരങ്ങൾ നിശ്ചലമായിരുന്നു.... തന്നെ അന്ധമായി വിശ്വസിക്കുന്ന പെണ്ണിനെ കാൺകെ അവൻ്റെ ഉള്ളം കുറ്റബോധത്താൽ നീറിയിരുന്നു... "സത്യം പറ പൃഥ്വീ... എൻ്റെ ഏട്ടൻ പറഞ്ഞതു പോലെയല്ലെന്ന് പറ പൃഥ്വീ...." ശ്രീനന്ദ പൃഥ്വിയെ അള്ളിപ്പിടിച്ച് കൊച്ചു കുട്ടിയേ പോലെ പുലമ്പിക്കൊണ്ടിരുന്നു.... "നിൻ്റെ ഏട്ടൻ പറഞ്ഞതെല്ലാം സത്യമാണ് ശ്രീനന്ദാ....!!" ഒട്ടൊരു നിശബ്ദതയ്ക്കൊടുവിൽ ഗൗരവത്തോടെ പൃഥ്വിയുടെ സ്വരം ചുറ്റിനും മുഴങ്ങവേ അവൻ്റെ മേലുള്ള ശ്രീനന്ദയുടെ കരങ്ങൾ അയഞ്ഞു... അവിശ്വസനീയതയോടെ അതിലേറെ ഞെട്ടലോടെ അവനിൽ നിന്നുമടർന്നുമാറി പൃഥ്വിയുടെ മുഖത്തേക്കവൾ നോക്കുമ്പോൾ നിറഞ്ഞു തുളുമ്പിയ ആ മിഴിമുനകളെ നേരിടാനാവാതെ മുഖം തിരിച്ചിരുന്നവൻ... ആ കണ്ണുകൾ തന്നെ ഒരു കുറ്റവാളിയെ പോലെ നോക്കുന്നത് താങ്ങാനാവാതെ ഒരുവേള മിഴികൾ ഇറുക്കിയടച്ചവൻ.... "എ.. എന്താ പൃഥ്വീ.... നി... നിങ്ങളിപ്പോൾ പറഞ്ഞത്...??"

പൃഥ്വിയുടെ കോളറിൽ പിടിച്ച് ശ്രീനന്ദ തകർന്നടിഞ്ഞ മനസ്സോടവനെ തനിക്കഭിമുഖമായി നിർത്തിക്കൊണ്ട് ചോദിച്ചു... "സത്യം....!! നീയല്ലേ പറഞ്ഞത് സത്യം എന്താണെന്ന് വെച്ചാൽ പറയാൻ...??!! നിൻ്റെ ഏട്ടൻ പറഞ്ഞതു മുഴുവൻ സത്യമാണ്... നിൻ്റെ ഏട്ടനോടുള്ള പക വീട്ടാൻ വേണ്ടി മാത്രമാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്... നിന്നെ നിൻ്റെ ഏട്ടനിൽ നിന്നകറ്റുകയായിരുന്നു എൻ്റെ ലക്ഷ്യം....!!" പൃഥ്വി ഉറക്കെ വിളിച്ചു പറയുമ്പോൾ ബാക്കി കേൾക്കാനാവാതെ കാതുകൾ കൊട്ടിയടച്ചവൾ... തന്നെക്കാളേറെ താൻ വിശ്വസിച്ചവൻ്റെ വാക്കുകളാൽ മുറിവേറ്റവൾ വിതുമ്പിക്കൊണ്ട് നിലത്തേക്കൂർന്നിരുന്നു പോയി.... ഉള്ളിൽ തളിർത്ത പ്രണയത്തിൻ്റെ വസന്തം നിമിഷാർദ്ധങ്ങൾ കൊണ്ട് വറ്റി വരണ്ട മരുഭൂമിയായതു പോലെ... തന്നിലെ പ്രണയിനിയെ വ്രണപ്പെടുത്തിയിരിക്കുന്നവൻ...!! തൻ്റെ ആഗ്രഹങ്ങൾക്കും താൻ കണ്ട സ്വപ്നങ്ങൾക്കും ഒരു നീർക്കുമിളയുടെ ആയുസ്സ് പോലുമില്ലായിരുന്നെന്നവൾ മുറിവേറ്റ ഹൃദയത്തോടെ ഓർത്തു... ദു:ഖം താങ്ങാനാവാതെയുള്ള ശ്രീനന്ദയുടെ തേങ്ങലടികൾ ഏവരുടെയും കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു... "ദേവാ..." ലക്ഷ്മിയമ്മ നെഞ്ചുലഞ്ഞ വ്യഥയോടെ പൃഥ്വിയെ വിളിക്കുമ്പോൾ ഭാവവ്യത്യാസമില്ലാതെ നിൽക്കുകയായിരുന്നവൻ...

"അ... അപ്പോൾ... അപ്പോൾ ഇന്നലെ രാത്രി എന്നോട് കാട്ടിയത് എൻ്റെ വിശ്വാസം നേടാനുള്ള വെറും പ്രകടനമായിരുന്നോ പൃഥ്വീ...?? എല്ലാം.. എല്ലാം വെറും പ്രഹസനങ്ങൾ ആയിരുന്നോ..??" ഇടറുന്ന സ്വരത്തിൽ പൃഥ്വിയെ നോക്കി അതു ചോദിക്കവേ മിഴിനീരിൻ്റെ ഉപ്പുരസം ശ്രീനന്ദയുടെ നാവിൽ തട്ടിയിരുന്നു.... ഒന്നും മിണ്ടാതെ മുഖം തിരിയ്ക്കുന്ന പൃഥ്വിയെ കാൺകെ ശ്രീനന്ദയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു... "ഞാൻ ചോദിച്ചതു കേട്ടില്ലേ പൃഥ്വീ..?? എന്താ ഒന്നും മിണ്ടാത്തെ.... ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പൃഥ്വീ.... ഇന്നലെ നിങ്ങളും പറഞ്ഞതിൻ്റെ അർത്ഥം എന്നെ സ്നേഹിക്കുന്നെന്ന് തന്നെയല്ലേ...?? പറ പൃഥ്വീ... സ്നേഹിക്കുന്നില്ലേ എന്നെ...." അവൻ്റെ നെഞ്ചിൽ അടിച്ചു കൊണ്ട് ശ്രീനന്ദ വിങ്ങിപ്പൊട്ടി ചോദിച്ചു കൊണ്ടിരുന്നതും ശ്രീനാഥ് അവർക്കരികിലേക്ക് നടന്ന് ശ്രീനന്ദയെ പൃഥ്വിയിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു... അപ്പോഴും പൃഥ്വിയിൽ നിന്നും ഒരിക്കലും വേർപ്പെടാനാഗ്രഹിക്കാത്ത പോൽ ശ്രീനന്ദ അവനെ അള്ളി പിടിച്ചിരുന്നു.... എന്നാൽ ശ്രീനാഥ് ബലമായി ശ്രീനന്ദയെ പൃഥ്വിയിൽ നിന്നും വേർപ്പെടുത്തുമ്പോഴും പൃഥ്വിയുടെ കരങ്ങൾ തനിക്ക് വേണ്ടി ചലിക്കാത്തതും തന്നെ അവൻ ചേർത്തു പിടിയ്ക്കാൻ തുനിയാഞ്ഞതും ശ്രീനന്ദ നോവോടെ തിരിച്ചറിഞ്ഞു... പൃഥ്വിയ്ക്ക് തന്നെ ആവശ്യമില്ലെന്ന് ഉള്ളിലിരുന്ന് ആരോ അലറിവിളിക്കുന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്..

ശ്രീനാഥ് ശ്രീനന്ദയെ പൃഥ്വിയിൽ നിന്നും വേർപ്പെടുത്തി തന്നിലേക്ക് ചേർത്തു പിടിയ്ക്കുമ്പോൾ ചലനമറ്റ പോലെയവൾ നിന്നു പോയിരുന്നു... ഉള്ളിൽ ഉതിർന്നു വരുന്ന നിലവിളികളാൽ ഒന്നലറിക്കരയാൻ തോന്നിയപ്പോഴും പൃഥ്വിയുടെ അത്തരമൊരു പെരുമാറ്റമവളുടെ നാവിനെ കുരുക്കിട്ടു നിർത്തിയിരുന്നു... ധാരധാരയായി ഒഴുകിയ ചുടു കണ്ണീർ അവളുടെ കവിളിനെ തഴുകിക്കൊണ്ട് ശ്രീനാഥിൻ്റെ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു... "കരയാതെ മോളെ... നിനക്ക് ഏട്ടനുണ്ട്..." ശ്രീനാഥ് അതും പറഞ്ഞവളെ സമാധാനിപ്പിക്കുമ്പോഴും ശ്രീനന്ദയുടെ മിഴികൾ തറഞ്ഞത് പഥ്വിയുടെ മേൽ മാത്രമായിരുന്നു... അവൻ തന്നെ അടർത്തി മാറ്റാനാവാത്ത വിധം ആ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നവൾ മോഹിച്ചു പോയി... "എൻ്റെ കുട്ടിയുടെ ഈ കണ്ണുനീര് കാണാനാണോടാ നീ ആഗ്രഹിച്ചത്..?? എന്ത് തെറ്റാടാ ഇവൾ നിന്നോട് ചെയ്തത്... എന്നോടുള്ള പക വീട്ടാൻ ഒന്നുമറിയാത്ത ഈ പാവത്തിനെ ബലിയാടാക്കാൻ എങ്ങനെ തോന്നി നിനക്ക്....??" പൃഥ്വിയെ നോക്കി സങ്കടവും ദേഷ്യവും ഇടകലർന്ന സ്വരത്തിലതു ചോദിമ്പോൾ ശ്രീനാഥ് ശ്രീനന്ദയെ തന്നോട് ചേർത്തു പിടിച്ചിരുന്നു... "നിനക്ക് തട്ടിക്കളിയ്ക്കാൻ ഇവളുടെ ജീവിതം ഞാൻ വിട്ടുതരുമെന്ന് വിചാരിക്കണ്ട നീ... എൻ്റെ ശ്രീക്കുട്ടിയെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തി നിൻ്റെ ഭാഗത്തു നിന്നും ഉണ്ടായാൽ... ഇവളുടെ ജീവിതം നീ നശിപ്പിക്കാൻ ശ്രമിച്ചാൽ...."

ശ്രീനാഥ് കോപത്തോടെ പൃഥ്വിയ്ക്ക് നേരെ വിരൽ ചൂണ്ടി.... "ഞാനാരുടെയും ജീവിതം നശിപ്പിക്കാനൊന്നും ശ്രമിച്ചിട്ടില്ല...!! ആർക്കു വേണമെങ്കിലും ആരുടെയൊപ്പം വേണമെങ്കിലും പോകാം... ഞാനാരെയും തടഞ്ഞു വെച്ചിട്ടുമില്ല...!!" ഉറച്ച സ്വരത്തിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ പൃഥ്വിയുടെ മിഴികൾ നീണ്ടത് കരഞ്ഞു തളർന്ന് ശ്രീനാഥിനോട് ചേർന്നു നിൽക്കുന്ന ശ്രീനന്ദയിലായിരുന്നു... "കേട്ടല്ലോ മോളെ നീ... സത്യമെല്ലാം ഇവൻ്റെ നാവിൽ നിന്നും തന്നെ കേട്ടില്ലേ നീ...?? അന്ധമായി വിശ്വസിച്ചതല്ലേ നീയിവനെ..?? ഇപ്പോൾ മനസ്സിലായില്ലേ ഇവൻ്റെ ലക്ഷ്യം... ഞാൻ പറഞ്ഞതെല്ലാമല്ലേ സത്യം..?? നീ അപ്പോൾ അതൊന്നും വിശ്വസിക്കാൻ തയ്യാറായില്ലല്ലോ...!! ഇപ്പോൾ വിശ്വാസമായില്ലേ...??

ഇനിയും നിൻ്റെ ജീവിതം തകർക്കാൻ ശ്രമിച്ച ഇവനെ പോലൊരുത്തൻ്റെ കൂടെ ജീവിക്കണോ നിനക്ക്..??" ശ്രീനാഥ് ശ്രീനന്ദയോട് ചോദിച്ചതും പൃഥ്വിയുടെ വാക്കുകൾ ഉള്ളിലേല്പ്പിച്ച ആഘാതത്താൽ മറുപടി നൽകാനാവാതെ തളർന്നു പോയിരുന്നവൾ.... പിന്നെ ഒട്ടും വൈകിയ്ക്കാതെ ശ്രീനാഥ് ശ്രീനന്ദയെയും കൂട്ടി ആ പടിയിറങ്ങുമ്പോഴും പൃഥ്വി തന്നെ ഒന്ന് തിരികെ വിളിച്ചിരുന്നെങ്കിൽ എന്നവൾ വൃഥാ ആശിച്ചു പോയി... നിസ്സഹായതയോടെ അതിലേറെ വ്യഥയോടെ തന്നെ നോക്കുന്ന ആ പെണ്ണിൻ്റെ മുഖം പൃഥ്വിയുടെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞു... കലങ്ങിയ ആ മിഴികൾ തന്നോടെന്തിനോ വേണ്ടി അപേക്ഷിക്കുന്നതു പോലെ....!! "ദേവാ... നന്ദ മോളോട് പോകരുതെന്ന് പറയെടാ... നീ താലി കെട്ടിയ പെണ്ണല്ലേടാ അവൾ... എൻ്റെ മോളെ തിരികെ വിളിക്ക് ദേവാ... പോകല്ലേ മോളെ നീ..." വിതുമ്പലോടെയുള്ള ലക്ഷ്മിയമ്മയുടെ വാക്കുകൾ പൃഥ്വിയുടെയും ശ്രീനന്ദയുടെയും ഹൃദയത്തെ മുറിവേല്പ്പിച്ചു കൊണ്ട് ഇരുവരുടെയും കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story