പക...💔🥀: ഭാഗം 17

paka

രചന: ഭാഗ്യ ലക്ഷ്മി

"ഇത്രയ്ക്ക് ദുഷ്ടനാണോടാ മോനെ നീ...!! പക വീട്ടാനെന്നും പറഞ്ഞ് ഒന്നുമറിയാത്ത ഒരു പെൺകൊച്ചിനെ കല്ല്യാണം കഴിക്കാനും ഇത്രയും ദിവസം കൂടെ പൊറുപ്പിച്ചിട്ട് ഒടുവിൽ പാതി വഴിയിൽ ഉപേക്ഷിക്കാനും മാത്രം മനസാക്ഷിയില്ലാത്തവനാണോടാ എൻ്റെ മോൻ...??" പൃഥ്വിയ്ക്ക് നേരെ ശബ്ദമുയർത്തുമ്പോൾ കോപത്താൽ വിറച്ചിരുന്നു ലക്ഷ്മിയമ്മ.... വേദനയാൽ പിടഞ്ഞിരുന്നു ആ മാതൃഹൃദയം....!! "താലി കെട്ടിയ പെണ്ണിനെ ഏത് പ്രതിസന്ധിയിലും ചേർത്തു നിർത്തുന്നവനാവണം ഭർത്താവ്... അല്ലാതെ നീ കാണിച്ചതു പോലെ തെമ്മാടിത്തരം കാട്ടുവല്ല വേണ്ടത്...!!നിയെൻ്റെ മകനാണെന്ന് പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നുന്നെടാ... എങ്ങനെ കഴിഞ്ഞു നിനക്ക് ഒരു പെണ്ണിൻ്റെ ജീവിതം വെച്ച് തോന്ന്യാസം കാണിക്കാൻ..?? നിൻ്റെ അച്ഛൻ മരിക്കാൻ കാരണം നന്ദ മോളാണോ...?? അവളുടെ ജീവിതം നശിപ്പിക്കാൻ എങ്ങനെ തോന്നി നിനക്ക്...?? എന്താ ദേവാ മിണ്ടാത്തത്..?? ഇത്രയൊക്കെ നീ കാട്ടിക്കൂട്ടിയിട്ടും എല്ലാം അറിഞ്ഞിട്ടും അവൾക്ക് നിന്നോടുള്ള സ്നേഹം കണ്ടില്ലേ മോനെ.... നിൻ്റെ പെണ്ണല്ലേടാ അവൾ... ഒന്നുമറിയാത്ത അതിനോടെന്തിനാ നിനക്കീ ദേഷ്യവും വാശിയും....?? അവളോട് ഒട്ടും സ്നേഹമില്ലേടാ നിനക്ക്...?? അതിൻ്റെ സങ്കടം കണ്ടില്ലേടാ നീ...?? അവളൊന്നു മനസ്സറിഞ്ഞു ശപിച്ചാൽ പിന്നെ ഉണ്ടാവില്ല നീയും നിൻ്റെയീ പകയും ഒന്നും...!! മോളെ നന്ദേ... പോവല്ലേ എൻ്റെ കുട്ടീ...."

ലക്ഷ്മിയമ്മ സാരിത്തലപ്പാൽ മുഖം പൊത്തി തേങ്ങലോടെ പറഞ്ഞതും ശ്രീനന്ദ ശ്രീനാഥിൻ്റെ കൈയ്യിൽ നിന്നും പിടി വിട്ട് ലക്ഷ്മിയമ്മയുടെ അടുക്കലേക്ക് ഓടി ഒരു വിങ്ങിപ്പൊട്ടലോടെ ആ നെഞ്ചിലേക്ക് വീണു.... ആ മാറിൽ മുഖം പൂഴ്ത്തിയവൾ കരഞ്ഞതും ലക്ഷ്മിയമ്മ അവളെ ആശ്വസിപ്പിക്കാനെന്നോണം ആ ശിരസ്സിൽ തഴുകി.... "കരയല്ലേ മോളെ... പോവണ്ട എൻ്റെ കുട്ടി... ഞാൻ വിടില്ല എവിടേക്കും നിന്നെ...." ലക്ഷ്മിയമ്മ ഇടറിയ സ്വരത്തിൽ പറയവേ കലങ്ങിയ മിഴികളോടെ ശ്രീനന്ദ മുഖമുയർത്തി.... "അമ്മയെ വിട്ട് പോവാൻ ആഗ്രഹമുണ്ടായിട്ടല്ല... ഒരമ്മയുടെ സ്നേഹം എന്താണെന്ന് ഞാനറിഞ്ഞത്.... മാതൃവാത്സല്യം ആവോളം അനുഭവിച്ചത്...!! എല്ലാം അമ്മയിൽ നിന്നാണ്... മരുമകളായിട്ടല്ല മകളായിട്ടാണ് അമ്മ എന്നെ കണ്ടതും സ്നേഹിച്ചതും.. പ.. പക്ഷേ ഞാൻ അദ്ദേഹത്തിൻ്റെ ഭാര്യയാണെന്ന് അമ്മയുടെ മകന് കൂടി തോന്നണ്ടേ...?? അമ്മയുടെ മകന് എന്നെ ആവശ്യമില്ലാത്ത സ്ഥിതിക്ക് എന്തിനാ അമ്മേ ഒരധിക്കപ്പെറ്റായി ഞാനിവിടെ നിൽക്കുന്നത്...??

അമ്മയെന്നോട് ക്ഷമിക്കണം..." ലക്ഷിയമ്മയോട് അതും പറഞ്ഞവസാനിപ്പിച്ച് പൃഥ്വിയുടെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഉറയ്ക്കാത്ത കാലടികളോടെ പിൻതിരിഞ്ഞ് നടക്കുമ്പോൾ ഉള്ളിൽ നിന്നുമൊരാന്തൽ ശ്രീനന്ദയെ പൊതിഞ്ഞിരുന്നു... ശ്രീനാഥിൻ്റെ അടുക്കലേക്ക് നടന്ന് ആ കരങ്ങളിൽ ഇറുകെ പിടിക്കവേ താൻ പിടഞ്ഞു വീണു മരിച്ചിരുന്നെങ്കിലെന്നവൾ ആശിച്ചു പോയി... വേദന....!! ഹൃദയം നുറുങ്ങുന്ന വേദന...!! "പൃഥ്വിയേട്ടാ എല്ലാത്തിനും കാരണം ഞാനല്ലേ...?? ശിക്ഷിക്കുന്നെങ്കിൽ എന്നെ ശിക്ഷിക്ക്...!! എന്തിനാ ആ ദേഷ്യത്തിന് ശ്രീനന്ദയോട് ഇങ്ങനെയൊക്കെ ചെയ്തത്...?? ഇവളെന്ത് തെറ്റാ ഏട്ടനോട് ചെയ്തത്..??" ഇടറുന്ന സ്വരത്തിൽ പവിത്ര പൃഥ്വിയോടത് ചോദിക്കുമ്പോൾ ആ വാക്കുകൾ കൂരിരുമ്പ് പോലെ ഹൃദയത്തെ തറച്ച് കയറുമ്പോഴും അവളുടെ മുഖത്തേക്കൊന്ന് നോക്കുവാൻ പോലും താത്പര്യമില്ലാതെ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുകയായിരുന്നു പൃഥ്വീ.... താനെന്നൊരു വ്യക്തി ഇവിടെയുണ്ടെന്ന് പോലും ശ്രദ്ധിക്കാൻ ആഗ്രഹമില്ലാതെ നിൽക്കുന്ന പൃഥ്വിയെ കാൺകെ നിസ്സഹായതയോടെ അതിലേറെ വേദനയോടെ തൻ്റെ അമ്മയുടെ നേർക്ക് പവിത്ര മിഴികൾ പായിക്കുമ്പോൾ മകളുടെ അരികിലേക്ക് നടന്ന് ആ നെറ്റിയിൽ തലോടിയിരുന്നു ലക്ഷ്മിയമ്മ...

ആ സ്നേഹസാമീപ്യത്താൽ ഒരു നിമിഷം വിങ്ങിപ്പൊട്ടിയിരുന്നു ഇരുവരും... പവിത്രയുടെ കൈയ്യിൽ നിന്നും വന്ദന മോളെ വാങ്ങി ആ പിഞ്ചു കവിൾത്തടങ്ങളിൽ തുരു തുരെ ചുംബനങ്ങൾ തീർക്കുമ്പോൾ ഒരു മുത്തശ്ശിയുടെ സ്നേഹവാത്സല്യങ്ങൾ മുഴുവൻ അവർ പകർന്നു നല്കിയിരുന്നു...ഒടുവിൽ വന്ദന മോളെ പവിത്രയുടെ കൈയ്യിലേക്ക് തിരികെ കൊടുത്തപ്പോൾ സാരിത്തലപ്പാൽ കണ്ണീരൊന്നൊപ്പി ലക്ഷ്മിയമ്മ... എന്നാൽ ഈ കാഴ്ചകളൊന്നും കാണാനാവാത്ത വിധം കണ്ണു നീരാൽ ശ്രീനന്ദയുടെ കാഴ്ചയ്ക്ക് മങ്ങലേറ്റിരുന്നു... ചുവടുകൾ ഇടറിയിരുന്നു.... അനുവാദമില്ലാതെ ഹൃദയത്തിൽ കയറിക്കൂടിയവനാൽ ആഴത്തിൽ വേദനിച്ചിരുന്നു... പ്രണയത്താൽ മുറിവേറ്റൊരു ഹൃദയവുമായി ശ്രീനന്ദ കാറിലേക്ക് കയറി പോകുന്നത് നോക്കി നിൽക്കവേ തകർന്നു പോയിരുന്നു പൃഥ്വിയും... താനവളോട് ചെയ്തത് തെറ്റായിരുന്നു എന്ന് മന്ത്രിക്കുന്ന ഹൃദയത്തിനു മുൻപിൽ കുറ്റബോധത്താൽ നീറുമ്പോൾ ലക്ഷ്മിയമ്മയെ അഭിമുഖീകരിക്കാൻ ആവാതവൻ മുകളിലേക്ക് കയറി പോയി... പൃഥ്വിയുടെ മൗനമാണ് തന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നതെന്ന് ലക്ഷ്മിയമ്മ ഓർത്തു പോയി... എന്തു ചെയ്യണമെന്നറിയാതെ ആ മാതൃഹൃദയം തേങ്ങി... പവിയ്ക്ക് പകരം ദൈവം തനിയ്ക്കായി കൊണ്ടുത്തന്ന നിധിയായിരുന്നു നന്ദ മോള്... അത്രയ്ക്ക് സ്നേഹിച്ചിരുന്നു താനവളെ.... ഒപ്പം തൻ്റെ മകനാൽ ഒരുവളുടെ ജീവിതം തച്ചുടയ്ക്കപ്പെട്ടല്ലോ എന്ന വേദനയും...

അവനെ വളർത്തുന്നതിൽ തനിയ്ക്ക് പിഴവ് സംഭവിച്ചുവോ...?? തെറ്റിലേക്കവൻ നടന്നടുക്കുന്നത് തടുക്കുവാൻ തനിയ്ക്കായില്ലിയോ..?? അവർ ഹൃദയം നുറുങ്ങുന്ന വ്യഥയോടെ നിലത്തേക്കൂർന്നിരുന്നു പോയി... ദീർഘ നേരം നീണ്ടു നിന്ന പ്രതിസന്ധികൾക്കൊടുവിൽ ഈ വീടിനിപ്പോൾ നിശബ്ദത കൈവന്നതു പോലെ പൃഥ്വിയ്ക്ക് തോന്നി... എല്ലാം നിമിഷങ്ങൾക്കൊണ്ട് ശൂന്യമായതു പോലെ... മുറിയിലാകെ തനിക്ക് പരിചിതമായൊരു പെണ്ണിൻ്റെ ഗന്ധം മാത്രം.... നാല് ചുവരുകളിലും അവൾ കരഞ്ഞു തീർത്ത കണ്ണീരിൻ്റെ നനവ് മാത്രം...!! ഭ്രാന്ത് പിടിയ്ക്കുന്ന പോലെ തോന്നി പൃഥ്വിയ്ക്ക്....!! വേണ്ടായിരുന്നു.... ഒന്നും വേണ്ടായിരുന്നു... മനസ്സിൽ നിന്നും മായുന്നില്ല കലങ്ങിയ മിഴികളോടെ തന്നെ നോക്കുന്ന പെണ്ണിൻ്റെ മുഖം...!! താലി കെട്ടുന്ന നിമിഷത്തിനു തൊട്ടു മുൻപും ആ മിഴികളാൽ അവൾ തന്നോടപേക്ഷിച്ചതല്ലേ ഒന്നും വേണ്ടെന്ന്... അന്നവളിലെ യാചനയെ താൻ നിർദയം അവഗണിച്ചതല്ലേ...?? ആ നേത്രങ്ങളിൽ നിന്നടർന്നു വീണ നീർത്തുള്ളികൾ കരങ്ങളിൽ പതിച്ചപ്പോഴും ഹൃദയത്തെ കല്ലാക്കിയല്ലേ താനവളുടെ നെറുകയിൽ സിന്ദൂരം ചാർത്തിയത്...??? ആ കരങ്ങളിൽ കരം ചേർത്ത് പ്രദക്ഷിണം ചെയ്യവേ ഏഴു ജന്മവും താനവൾക്ക് തുണയായിരുന്നെങ്കിൽ എന്നവൾ ആശിച്ചു കാണില്ലേ...??

മനസാക്ഷിയുടെ ചോദ്യങ്ങൾക്കു മുൻപിലവൻ തളർന്നിരുന്നു... എൻ്റെ പൃഥ്വി....!! ഓരോ തവണ അതുച്ചരിക്കുമ്പോഴും ആ മിഴികൾ പ്രകടമാക്കിയ പ്രണയവും വാക്കുകൾ പ്രകടമാക്കിയ വിശ്വാസവും പൃഥ്വി ഓർത്തെടുത്തു.. ആ സാമീപ്യത്തിൽ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്തൊരു വികാരത്തെ പ്രണയമെന്ന് വിളിക്കാമെന്നവൻ തിരിച്ചറിഞ്ഞത് അവളുടെ അസാന്നിധ്യത്തിലായിരുന്നു.... പക്ഷേ കഴിഞ്ഞില്ല... കള്ളം പറഞ്ഞവളെ തൻ്റെ കൂടെ കൂട്ടാൻ...!! അതുകൊണ്ടാണ് സത്യം പറഞ്ഞതും.. എല്ലാമറിഞ്ഞതിനു ശേഷം അവൾ തീരുമാനിക്കട്ടെന്ന് കരുതി എന്നെയാണോ അവളുടെ ഏട്ടനെയാണോ അവൾക്ക് വേണ്ടതെന്ന്....!! അവൾ... അവൾ പോകുമെന്ന് താൻ കരുതിയില്ല.. താൻ അവളോട് പോകരുതെന്ന് പറഞ്ഞുമില്ല...!! വേദനിപ്പിക്കണമെന്ന് കരുതിയാണ് ആ കഴുത്തിൽ താലി കെട്ടിയത്... അപ്പോഴത്തെ ഒരു വാശിക്ക്... പക്ഷേ... തനിക്കാവുമായിരുന്നില്ല അതിന്... അന്ന് രാത്രി നിഖിലിനാൽ അവളുടെ കവിളിലേറ്റ നഖക്ഷതങ്ങളെ നോക്കുവാനാണ് അവളെ തൻ്റെ നെഞ്ചോട് വലിച്ചു ചേർത്തത്.. എന്നാൽ തന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് തേങ്ങുന്നവളെ കാൺകെ അതിലും ആഴത്തിൽ മുറിവേറ്റിരുന്നു തൻ്റെ മനസ്സിനും...

അന്നവൾക്കേറ്റ ഓരോ മുറിവും വേദനിപ്പിച്ചത് തൻ്റെ ഹൃദയത്തെ ആയിരുന്നില്ലേ...?? അവൾ ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും അടുത്ത് അനുഭവിക്കുന്ന യാതനകൾ അറിഞ്ഞതും അവളെ അതിൽ നിന്നും രക്ഷിക്കണമെന്നും തീരുമാനിച്ചതല്ലേ താൻ...??അവൾ തന്നെ സ്നേഹിക്കും മുൻപേ സ്നേഹിച്ചു പോയിരുന്നില്ലേ താനവളെ...?? എന്നിട്ടുമെന്തേ കഴിയാതെ പോയി അവളെ തൻ്റെ നെഞ്ചോടണയ്ക്കാൻ.... ശ്രീനാഥിൽ നിന്നും വേർപ്പെടുത്തി തന്നോട് ചേർത്തു നിർത്താൻ....??!! ഓരോന്നോർക്കവേ ശ്രീനാഥിനോടുള്ള തൻ്റെ പകയ്ക്ക് ആഴവും പരപ്പും വർദ്ധിക്കുന്നത് പൃഥ്വിയറിഞ്ഞു... ആദ്യമെൻ്റെ സഹോദരിയെ എന്നിൽ നിന്നുമകറ്റി... ഇപ്പോൾ ഞാൻ താലി കെട്ടിയ എൻ്റെ പെണ്ണിനെയും....!! എനിക്ക് പ്രിയ്യപ്പെട്ടവരെ ഓരോരുത്തരെയായി എന്നിൽ നിന്നകറ്റുകയാണവൻ....!! പൃഥ്വിയുടെ മിഴികളിൽ കനലെരിഞ്ഞു... ഭ്രാന്തമായ ആവേശത്തോടെയവൻ ഷെൽഫ് തുറന്നു... നിരന്നിരിക്കുന്ന മദ്യക്കുപ്പികൾ കാൺകെ മിഴികൾ തിളങ്ങി... തനിക്ക് എല്ലാം മറന്നൊന്ന് ഉറങ്ങാൻ... അല്പം സമാധാനം ലഭിക്കാൻ ഇതിപ്പോൾ ആവശ്യമാണ്.... അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് കുപ്പി തുറന്ന് വായയിലേക്ക് കമിഴ്ത്താൻ തുടങ്ങിയതും അത് കാലിയാണെന്ന് മനസ്സിലായതോടെ ദേഷ്യത്തിൽ പൃഥ്വിയത് എറിഞ്ഞുടച്ചു... അവൻ ആവേശത്തോടെ ഓരോ കുപ്പിയും തുറന്നു...

സംശയത്തോടെയുള്ള മിഴികൾ ഷെൽഫിൽ നിന്നും പിൻവലിക്കുമ്പോൾ ശ്രീനന്ദയുടെ മുഖം മനസ്സിൽ പതിഞ്ഞു... അവൻ്റെ കണ്ണുകൾ ചുറ്റിനും ഒരു സിഗരറ്റിനായി പരതി.... ഒടുവിൽ കൈയ്യിൽ കിട്ടിയ ഒരെണ്ണം ചുണ്ടോടു ചേർക്കാൻ ഒരുങ്ങവേ ശ്രീനന്ദയുടെ വാക്കുകൾ സ്വയമറിയാതെ മനസ്സിലേക്ക് കടന്നു വന്നു... അവൾ അന്നു പറഞ്ഞതിനു ശേഷം താനിത് എടുത്തിട്ടില്ല... അവളുമൊത്തുള്ള നിമിഷങ്ങൾ ഓർക്കവേ ഉള്ളിലെരിയുന്ന കനലുകൾക്കപ്പുറം ഒരുവേള പേരറിയാത്തൊരു വികാരത്താൽ തളർന്നു പോയവൻ...!! വേദനയോടെ ആ സിഗരറ്റ് ദൂരേക്ക് വലിച്ചെറിയുമ്പോൾ മിഴികൾ ഈറനണിഞ്ഞിരുന്നു പൃഥ്വിയുടെ... 🥀🥀🥀🥀🥀🥀🥀🥀 "മോളെ വന്നപ്പോൾ മുതൽ ഇവിടിങ്ങനെ ഇരിക്കാതെ ഒന്നു പുറത്തേക്കൊക്കെ വാ..." ടേബിളിൽ തല വെച്ച് കിടക്കുന്ന ശ്രീനന്ദയുടെ ശിരസ്സിൽ തലോടിക്കൊണ്ട് ശ്രീനാഥ് പറഞ്ഞതും അവൾ പ്രയാസപ്പെട്ട് മിഴികൾ വലിച്ചു തുറന്നു കൊണ്ട് ഒന്നും ഉരിയാടാതെ എങ്ങോ നോക്കി കിടന്നു... ചെവിയിടുക്കിൽ ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ട് പൃഥ്വിയുടെ നിശ്വാസത്തിൻ്റെ ചൂട്....!! അധരങ്ങളിൽ അവൻ പകർന്ന ചുംബനത്തിൻ്റെ ഓർമ്മ ഒരു നോവായി മിഴികളിൽ നിന്നിറ്റു വീണു....!! "മോളെ... എന്താ എൻ്റെ കുട്ടി ഒന്നും മിണ്ടാത്തത്...?? മോൾക്ക് ദേഷ്യമുണ്ടോ ഏട്ടനോട്....??" ശ്രീനാഥ് അവളുടെ അരികിലേക്കിരുന്ന് ചോദിച്ചതും ശ്രീനന്ദ ഇല്ല എന്ന അർത്ഥത്തിൽ ശിരസ്സനക്കി... "ആദ്യത്തെ കുറച്ചു ദിവസം മോൾക്ക് വിഷമം ഉണ്ടാവും...

പതിയെ അത് മാറിക്കോളും... മോൾക്ക് മനസ്സിലാവും മോള് പിന്നീടൊരിക്കൽ വേദനിക്കാതിരിക്കാൻ വേണ്ടിയാണ് ഏട്ടനിത് ചെയ്തതെന്ന്..." ശ്രീനാഥ് ശാന്തമായി പറഞ്ഞതും ആ വാക്കുകളിലുടനീളം നീണ്ടു നിന്നത് തന്നോടുള്ള കരുതൽ മാത്രമാണെന്ന് ശ്രീനന്ദ ഓർത്തു... തന്നെ പൃഥ്വി വേദനിപ്പിക്കുമോന്നുള്ള പേടിയാണ് ഏട്ടന്.... പക്ഷേ പൃഥ്വിയെ താനെത്ര മാത്രം സ്നേഹിക്കുന്നെന്ന് ആ മനുഷ്യന് അറിയില്ലല്ലോ... നോവോടെ ഓർക്കുമ്പോൾ അവൾ ശ്രീനാഥിൻ്റെ തോളോട് ചേർന്നിരുന്നു... തിളക്കമറ്റ അവളുടെ മിഴികൾ കാണുന്തോറും ശ്രീനാഥിൻ്റെ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു... ചിരിയോടെ കുറുമ്പോടെ ഓടി വരുന്ന ഒരു കുഞ്ഞിപ്പെണ്ണിൻ്റെ മുഖത്തെ മായിച്ചു കൊണ്ട് മിഴിനീർപ്പാടുകൾ പതിഞ്ഞ ശ്രീനന്ദയുടെ മുഖം അവൻ്റെ മനസ്സിൽ പതിഞ്ഞു... "നിന്നെ കണ്ടെത്തിയാൽ നീയുമായി എത്രയും പെട്ടെന്ന് ഈ നാട് വിടണമെന്നാണ് ഏട്ടൻ കരുതിയത്..." ശ്രീനാഥ് പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദ ഒരു തരം ഞെട്ടലോടെ അവനെ നോക്കി.... "പക്ഷേ മോളെനിക്ക് മൂന്നു മാസം സാവകാശം തരണം... ഇവിടെ ഒരുപാട് കമ്മിറ്റ്മെൻ്റ്സ് ഉണ്ടായിപ്പോയി... മൂന്നേ മൂന്നു മാസം... അതു കഴിഞ്ഞാൽ പോകാം നമ്മുക്ക്... പൃഥ്വിയുടെ കണ്ണെത്താത്ത ദൂരത്തേക്ക്...."

ശ്രീനാഥ് പറഞ്ഞവസാനിപ്പിച്ചതും അടക്കി നിർത്തിയ മിഴിനീർ കവിളിനെ തലോടിയിരുന്നു... നെഞ്ചിനു വല്ലാത്തൊരു ഭാരം... ഇനിയുമൊരിക്കലും പൃഥ്വിയെ കാണാൻ കഴിയില്ലേ തനിക്ക്...?? ആ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ സാധിക്കില്ലേ..?? ചിന്തകൾ അലതല്ലി ഓരോ നിമിഷവും നെഞ്ചിലൊരു നോവ് തീർത്തു കൊണ്ടിരുന്നു... ഹൃദയം പിളരും പോലെ തോന്നിയവൾക്ക്....!! പൃഥ്വിയാണ് തൻ്റെ ജീവനും ജീവിതവും പ്രണയവും പ്രാണനുമെന്ന് അവൾക്കൊന്ന് അലറി വിളിക്കാൻ തോന്നി... ശ്രീനാഥിൻ്റെ മനസ്സും അസ്വസ്ഥമായിരുന്നു... അവൻ ശ്രീനന്ദയുടെ വേദന കാൺകെ നീറുന്ന നെഞ്ചോടെ പുറത്തേക്കിറങ്ങി.... വന്ദന മോൾ ഉണർന്നു കരയുന്നുണ്ടായിരുന്നു... കുഞ്ഞിനെ നെഞ്ചോടണച്ചു ആശ്വസിപ്പിക്കുമ്പോൾ മിഴികൾ പരതിയത് പവിത്രയെ ആയിരുന്നു... "അച്ഛേടെ വന്ദൂട്ടി കരയാതെടാ.." ശ്രീനാഥ് കൊഞ്ചലോടെ പറയവേ തൻ്റെ അച്ഛൻ്റെ നെഞ്ചിലെ ചൂടേറ്റതും ചിണുക്കങ്ങൾ കുറഞ്ഞു വന്നു അവളുടെ... "പവീ എവിടാ നീ..?? മോൾക്ക് വിശക്കുന്നുണ്ടെന്ന് തോന്നുന്നു..." ശ്രീനാഥ് വിളിച്ചതും ചെയ്തു കൊണ്ടിരുന്ന ജോലി പാതി വഴി നിർത്തി പവിത്ര അവനരികിലേക്ക് നടന്നു.. കുഞ്ഞിനു പാലു കൊടുക്കുമ്പോഴും പവിത്രയുടെ മുഖം മങ്ങിയിരുന്നു...

അവൾക്ക് തൻ്റെ മുഖത്തേക്ക് നോക്കാൻ താത്പര്യമില്ലാത്ത പോലെ തോന്നി ശ്രീനാഥിന്... "എന്തു പറ്റി പവീ..??" ശ്രീനാഥ് അവളുടെ ചുമലിലേക്ക് കൈ ചേർത്തു.. "ശ്രീയേട്ടാ... ശ്രീയേട്ടനെ ഞാൻ കുറ്റപ്പെടുത്തുവല്ല... സഹോദരിയോടുള്ള സ്നേഹത്താൽ സ്വാർത്ഥനാണ് ശ്രീയേട്ടൻ... അതാവും ശ്രീനന്ദയുടെ മനസ്സ് കാണാൻ ശ്രീയേട്ടന് കഴിയാത്തത്... പക്ഷേ അവളുടെ മാനസികാവസ്ഥ എനിക്ക് നന്നായി മനസ്സിലാവും... ഒരിക്കൽ ഇതേ അവസ്ഥയിലൂടെ കടന്നു പോയവളാണ് ഞാനും... അവളുടെ മനസ്സ് നിറയെ എൻ്റെ ഏട്ടനാണ്...." അവളുടെ സ്വരം നേർത്തത് ശ്രീനാഥ് തിരിച്ചറിഞ്ഞു... "നിർത്ത് പവീ...!! നീയെന്താ പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായി... ഇത്രയൊക്കെ ആയിട്ടും നീ നിൻ്റെ സഹോദരൻ്റെ ഭാഗത്താണ്... ശരിയുടെ ഭാഗത്തല്ല...!!" ശ്രീനാഥ് അനിഷ്ടത്തോടെ മുഖം തിരിച്ചു.. "ഞാനെൻ്റെ ഏട്ടൻ്റെ പ്രവർത്തികളെ ന്യായീകരിച്ചതല്ല ശ്രീയേട്ടാ... ശ്രീനന്ദയുടെ അവസ്ഥ കണ്ട് വേദന തോന്നിയിട്ട് പറഞ്ഞതാണ്..." "അവളുടെ സങ്കടം രണ്ട് ദിവസം കഴിയുമ്പോൾ മാറിക്കോളും... ഞാനുണ്ട് അവൾക്ക്..."

"ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ശ്രീനന്ദയുടെ ഉള്ളിൽ പൃഥ്വിയേട്ടനു പകരമാവില്ല ആരും... ഏട്ടൻ്റെ സാമീപ്യമാണ് അവൾ ആഗ്രഹിക്കുന്നത്...." "ഞാൻ കണ്ടു പിടിച്ചു കൊടുക്കും പൃഥ്വിയേക്കാൾ നല്ലൊരാളെ എൻ്റെ കുട്ടിക്ക്...!! അവളെ സ്നേഹിക്കുന്ന ഒരാളെ... അല്ലാതെ നിൻ്റെ ഏട്ടനെ പോലെ ഒരുത്തന് അവളെ വിട്ട് കൊടുക്കാൻ സാധിക്കില്ല എനിക്ക്..." ശ്രീനാഥിൻ്റെ സ്വരം ഉയർന്നതും അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ ഉഴലുകയായിരുന്നു പവിത്രയുടെ മനസ്സപ്പോൾ... കുഞ്ഞിനെ തോളിലേക്കിട്ട് ഉറക്കുമ്പോൾ ഈ കാര്യത്താൽ തങ്ങൾക്കിടയിൽ ഒരകൽച്ച രൂപപ്പെടുമോ എന്ന് പവിത്ര ആശങ്കപ്പെട്ടിരുന്നു... ആദ്യമായിട്ടാണ് ശ്രീയേട്ടനുമായി ഒരു കാര്യത്തിൽ ഇങ്ങനെയൊരു അഭിപ്രായ വ്യത്യാസം... നേരിയ സങ്കടത്തോടെ മുഖം ചെരിച്ച് നോക്കുമ്പോൾ മങ്ങിയ മുഖത്താൽ എങ്ങോ നോക്കി ഇരിക്കുകയായിരുന്നു ശ്രീനാഥും... എന്തോ അവനോട് പിന്നീടൊന്നും സംസാരിക്കാൻ തോന്നിയില്ല പവിത്രയ്ക്ക്... മോളെ തൊട്ടിലിലേക്ക് കിടത്തിയിട്ട് പവിത്ര എഴുന്നേറ്റു പോകുമ്പോൾ നേരിയ വേദന തോന്നിയിരുന്നു അവനും.... പ്രണയിക്കുന്ന വ്യക്തിയുടെ മൗനവും അസാന്നിധ്യവും എത്രമാത്രം വേദനിപ്പിക്കും എന്നൊരു നിമിഷം കൊണ്ട് തിരിച്ചറിഞ്ഞ പോലെ...!!

പക്ഷേ അപ്പോഴും പൃഥ്വിയോട് ക്ഷമിക്കാനോ അവനെ അംഗീകരിക്കാനോ കഴിയാത്തൊരു വാശി അവൻ്റെ ഹൃദയത്തെ കീഴടക്കിയിരുന്നു.... ടേബിളിൽ രാത്രിയിലേക്കുള്ള വിഭവങ്ങൾ ഓരോന്നായി എടുത്ത് വെയ്ക്കുമ്പോൾ വന്നതു മുതൽ ശ്രീനന്ദ ഒന്നും കഴിച്ചിട്ടില്ലെന്ന് പവിത്ര ഓർത്തു.... "ശ്രീനന്ദാ..." കാൽ മുട്ടിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവളെ കാൺകെ പവിത്ര തെല്ലൊരിടർച്ചയോടെ വിളിച്ചു... "വന്നപ്പോൾ മുതൽ നീ ഒന്നും കഴിച്ചിട്ടില്ലല്ലോ... വാ വന്ന് കഴിക്ക്... ഞാനെല്ലാം എടുത്ത് വെച്ചിട്ടുണ്ട്..." ഉള്ളിലെ നോവ് പുറത്തു കാട്ടാതെ പവിത്ര അവളോട് പറഞ്ഞതും ശ്രീനന്ദ ഒരേങ്ങലടിയോടെ അവളെ ചേർത്തു പിടിച്ചു... "എനിക്ക് എങ്ങോട്ടും പോവണ്ട പവിത്രാ.. ഈ നാട്ടിൽ നിന്നും..." "എനിക്ക് നിൻ്റെ വിഷമം മനസ്സിലാവാഞ്ഞിട്ടല്ല ശ്രീനന്ദാ.. പക്ഷേ ശ്രീയേട്ടൻ്റെ വാശിക്ക് മുൻപിൽ എന്ത് പറയണമെന്നറിയില്ല എനിക്ക്... ആദ്യമായിട്ടാണ് ഞാൻ ശ്രീയേട്ടനെ ഇത്ര വാശി പിടിച്ച് കാണുന്നത്.... നീ വിഷമിക്കാതെ... ഇപ്പോൾ വന്ന് നീയെന്തെങ്കിലും ഒന്ന് കഴിക്ക്... വന്നപ്പോൾ മുതൽ ഈ ഇരുപ്പല്ലേ..." "എനിക്കൊന്നും വേണ്ട പവിത്രാ... ഞാനൊന്ന് ഒറ്റയ്ക്ക് ഇരിക്കട്ടെ..." ശ്രീനന്ദ തളർന്ന സ്വരത്തിൽ പറയവേ പവിത്ര അവളുടെ അരികിലേക്കിരുന്നു...

നീയിങ്ങനെ വിശന്നിരുന്നാൽ എല്ലാം ശരിയാവുമോ...?? വാ ശ്രീനന്ദാ... നീ വരാതിരുന്നാൽ ശ്രീയേട്ടനും ഒന്നും കഴിക്കില്ല... എന്നെ ഇങ്ങനെ പ്രതിസന്ധിയിലാക്കല്ലേ രണ്ടു പേരും.." പവിത്ര നിർബന്ധിച്ചിട്ടും വരാൻ കൂട്ടാക്കാതെ ശ്രീനന്ദ ബെഡിൽ തന്നെ ചുരുണ്ടു കൂടി ഇരുന്നതും പിന്നീടൊന്നും പറയാതെ വാതിൽ ചാരിയിട്ട് നിർവികാരതയോടെയവൾ പുറത്തേക്കിറങ്ങി... വിളമ്പി വെച്ച ഭക്ഷണത്തിനു ചുറ്റും ഈച്ചകൾ വട്ടമിട്ടു പറന്നതല്ലാതെ ആരും ഒന്നും കഴിച്ചില്ല.. പാവം അമ്മ.. തന്നെയോർത്ത് എത്രമാത്രം വേദനിച്ചിരിക്കും... വർഷങ്ങൾക്കു ശേഷം താൻ അമ്മയെ കണ്ടപ്പോഴും ആ കൂടിക്കാഴ്ച്ച അമ്മയ്ക്ക് വേദന മാത്രമല്ലേ സമ്മാനിച്ചത്....!! ഓർക്കവേ ഒന്നു പൊട്ടിക്കരയാൻ തോന്നി പവിത്രയ്ക്ക്.... നിറമിഴികളോടെ ബാൽക്കണിയിൽ ഇരിക്കുന്ന പവിത്രയുടെ അരികിലേക്ക് നടന്നടുക്കുമ്പോൾ ശൂന്യമായിരുന്നു ശ്രീനാഥിൻ്റെ മനസ്സും... അവൻ്റെ സാമീപ്യം അറിഞ്ഞതും കവിളുകൾ വീർപ്പിച്ചവൾ പരിഭവത്തോടെ എങ്ങോ നോക്കിയിരുന്നു..... "പവീ...." തൻ്റെ കാതോരം മൃദുവായി വിളിച്ചതും ആ നെഞ്ചിലേക്കൊന്ന് വീണ് അവനെ ഇറുകെ പിടിയ്ക്കാൻ തോന്നിയെങ്കിലും സംയമനം പാലിച്ചവൾ.... "പിണക്കമാണോ എന്നോട്...??"

ചോദിക്കുന്നതിനൊപ്പം തൻ്റെ പെണ്ണിനെ ആ ഇടുപ്പിൽ ചേർത്തു പിടിച്ച് തന്നോടടുപ്പിച്ചവൻ.... "എനിക്കാരോടും പിണക്കമില്ല ശ്രീയേട്ടാ..." അവൾ തളർന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് ആ മിഴികളെ നേരിടാനാവാതെ പിൻ തിരിഞ്ഞ് നിന്നു... ശ്രീനാഥ് അവളുടെ തോളിലേക്ക് മുഖം ചേർത്തു വെച്ചവളെ ഇറുകെ പുണർന്നതും തൻ്റെ ഉള്ളിലെ പരിഭവം അലിഞ്ഞില്ലാതായതു പോലെ തോന്നി പവിത്രയ്ക്ക്.... മൂന്നു മാസങ്ങൾ കടന്നു പോയത് വളരെ പെട്ടെന്നായിരുന്നു... ശ്രീനാഥ് ദിനങ്ങൾ തള്ളി നീക്കിയെന്നു വേണം പറയാൻ.... എന്നന്നേക്കുമായി ഈ നാട് ഉപേക്ഷിക്കാനുള്ളതൊക്കെ ഇതിനോടകം അവൻ ചെയ്തിരുന്നു... 🥀🥀🥀🥀🥀🥀🥀🥀🥀 പ്രയാസപ്പെട്ടു മിഴികൾ തുറക്കുമ്പോൾ അവൻ്റെ ഉള്ളിൽ ശ്രീനന്ദയുടെ മുഖമായിരുന്നു... നാളുകളായി തനിക്ക് പരിചിതം മരുന്നുകളുടെ ഗന്ധവും ആശുപത്രി വാസവും....!! "പൃഥ്വീ..... വെറുതെ വിടില്ല നിന്നെ ഞാൻ....!! ഞാനനുഭവിച്ച വേദന നീയും അറിയണം.... അല്ല.. നിൻ്റെ..നിൻ്റെ പെണ്ണ് അറിയണം...!! കാരണം നിനക്ക് നോവണമെങ്കിൽ അവൾക്ക് നോവണം....!!" കണ്ണിൽ പകയെരിയുന്നതിനൊപ്പം അവസാന വാചകം പറയവേ വഷളൻ ചിരിയോടെ താടിയൊന്നുഴിഞ്ഞവൻ....!!......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story