പക...💔🥀: ഭാഗം 19

paka

രചന: ഭാഗ്യ ലക്ഷ്മി

അവൻ്റെ പല്ലുകൾ രക്തം പൊടിഞ്ഞ തൻ്റെ അധരങ്ങളെ വീണ്ടും വേദനിപ്പിക്കുന്നതവൾ അറിഞ്ഞു.. ചുടു കണ്ണീർ ധാര ധാരയായി മിഴികളിൽ നിന്നും ഒഴുകുന്നു.. അവളുടെ അധരങ്ങളെ മുക്തമാക്കിയതും നിഖിൽ വന്യതയാർന്ന ഭാവത്തോടെ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു... "ഒന്നും ചെയ്യല്ലേ..." കിടക്കുന്നിടത്തു നിന്നും ഒന്നനങ്ങാൻ പോലും സാധിക്കാത്ത തളർച്ചയിലും തേങ്ങലോടെ പറയുമ്പോൾ രക്തം പൊടിഞ്ഞ ചുണ്ടുകളിൽ കണ്ണു നീരിൻ്റെ ഉപ്പു രസമവളറിഞ്ഞു.. ഒപ്പം ശിരസ്സ് പൊട്ടിപ്പൊളിയുന്ന വേദന... മരിച്ചു പോയാൽ മതിയെന്നു തോന്നി ശ്രീനന്ദയ്ക്ക്... "മര്യാദയ്ക്ക് ആ പൃഥ്വിയ്ക്ക് പകരം എന്നെ കല്ല്യാണം കഴിച്ചാൽ പോരായിരുന്നോ നന്ദേ... എങ്കിൽ നിനക്കീ കിടന്ന് ഇങ്ങനെ വേദനിക്കേണ്ടി വരുമായിരുന്നോ..??" ചുറ്റിനും മുഴങ്ങുന്ന നിഖിലിൻ്റെ അട്ടഹാസത്തോടെയുള്ള ശബ്ദം കാതുകളിൽ അലയടിക്കുമ്പോഴും മറുപടി നല്കാനാവാത്ത വിധമവൾ അവശയായിരുന്നു.... വേദനയാൽ നിലത്തു കിടന്നു പിടയുന്നവളെ കാൺകെ വന്യമായ അവൻ്റെ മിഴികൾ അവളുടെ ഉടലിൻ്റെ ഭംഗി ഒപ്പിയെടുത്തു കൊണ്ടിരുന്നു... "നിനക്കറിയുമോ നിൻ്റെ കല്ല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോൾ മുതൽ ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നെടീ ഞാൻ...

അവൻ നിന്നെ നേടുന്നതിനു മുൻപ് തന്നെ നിന്നെ എൻ്റേതാക്കണമെന്ന ഉദ്ദേശ്യത്തോടെയാ നിൻ്റെ കല്ല്യാണ ദിവസം തന്നെ പൃഥ്വിയവിടെ ഇല്ലാത്ത തക്കം നോക്കി അവൻ്റെ വീട്ടിൽ ഞാൻ കയറിപ്പറ്റിയത്... നീയും ആ തള്ളയും മാത്രം അവിടെ ഉള്ളതിനാൽ രാത്രി വരെ അവിടെ മറഞ്ഞിരിക്കാൻ എനിക്ക് പ്രയാസമുണ്ടായില്ല... ഒടുവിൽ രാത്രിയിൽ ആ തള്ളയ്ക്ക് കഴിക്കാൻ അവർ എടുത്തു വെച്ച കഷായത്തിൽ ഉറക്ക ഗുളികയും കലർത്തി കാത്തിരുന്നു ഞാൻ നിനക്കുവേണ്ടി നിങ്ങളുടെ മണിയറയിൽ... എനിക്ക് മുൻപിലെ തടസ്സങ്ങളെയെല്ലാം വെട്ടിമാറ്റിയെന്നാ നീ മുറിയിലേക്ക് വന്ന നിമിഷം ഞാൻ കരുതിയത്... എന്നാൽ പൃഥ്വി...!! അവൻ തകർത്തു കളഞ്ഞു... എൻ്റെ കണക്കുകൂട്ടലുകളെല്ലാം..." ക്രോധത്തോടെ പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളുടെ കവിളിലുള്ള അവൻ്റെ പിടി മുറുകി... കവിളിലേൽക്കുന്ന നഖക്ഷതങ്ങൾ ശരീരത്തെ വേദനിപ്പിക്കുമ്പോഴും അന്ന് രാത്രിയിൽ പൃഥ്വിയാണ് നിഖിലിനെ പറഞ്ഞു വിട്ടതെന്ന് തെറ്റിദ്ധരിച്ച് പൃഥ്വിയോട് ദേഷ്യപ്പെട്ടതോർക്കെ അതിലും ആഴത്തിൽ വേദനിച്ചിരുന്നു അവളുടെ മനസ്സ്... ഉള്ളം കുറ്റബോധത്താൽ നീറി... മനസ്സു കൊണ്ടാ നിമിഷം ആയിരമാവർത്തിയവൾ പൃഥ്വിയോട് മാപ്പപേക്ഷിച്ചു... തൻ്റെ മാനം രക്ഷിച്ചവനോട് നന്ദി കാണിക്കേണ്ടതിനു പകരം നിന്ദിച്ചതോർക്കെ മിഴികളിൽ നിന്നു മിഴിനീർ പൊടിഞ്ഞു...

"പൃഥ്വീ..." പാതി ബോധത്തിലും നിസ്സഹായതയോടെ അവളുടെ അധരങ്ങൾ മന്ത്രിച്ചത് തൻ്റെ പാതിയായവൻ്റെ നാമമായിരുന്നു... അത് കേട്ടതും നിഖിലിൻ്റെ മിഴികളിൽ കോപം ആളിക്കത്തി.... "എന്തിനാ നന്ദേ നമ്മൾ മാത്രമുള്ള ഈ നിമിഷത്തിലും നീ അവൻ്റെ പേര് പറഞ്ഞു കൊണ്ട് ഇരിക്കുന്നത്...?? ഇതെന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്.... ഇത്രയും നാൾ നീ അവൻ്റെ കൂടെ പൊറുത്തതൊക്കെ ഞാനങ്ങ് ക്ഷമിച്ചു... പക്ഷേ ഇനിയും അവനോ അവൻ്റെ ഓർമ്മയോ പോലും നിന്നിൽ ഉണ്ടാവാൻ പാടില്ല... ഇപ്പോൾ... ഈ നിമിഷം മുതൽ നീ എൻ്റെ പെണ്ണാ..." അതും പറഞ്ഞ് നിഖിൽ വന്യതയാർന്ന ഭാവത്തോടെ അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ പിടുത്തമിട്ടു... അവൻ്റെ ക്രൂരമായ ചിരി കാൺകെ വ്യഥയോടെ തൻ്റെ വിധിയെ പഴിച്ചവൾ... "അവൻ്റെ പേര് കൊത്തിയ താലി... ഇതിനിയും നിൻ്റെ കഴുത്തിൽ വേണ്ട നന്ദേ..." നിഖിൽ ആ താലി വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചതും ശ്രീനന്ദ നിറഞ്ഞൊഴുകുന്ന മിഴികളാൽ താലിയിൽ അമർത്തിപ്പിടിച്ചു... "വേണ്ടാ...!!" കഴുത്ത് വേദനിക്കുമ്പോഴും തേങ്ങലോടെ പറഞ്ഞവൾ താലിയിൽ പിടിമുറുക്കി.... ഹൃദയം വിങ്ങുന്നു... നെഞ്ച് നോവുന്ന വേദനയോടെയവൾ നിലത്ത് കിടന്നു പിടയുമ്പോൾ വഷളൻ ചിരിയോടെ ഷർട്ടിൻ്റെ ബട്ടൺസ് ഓരോന്നായി നിഖിൽ അഴിച്ചു കൊണ്ടിരുന്നു... പൃഥ്വീ.... കരച്ചിലിനിടയിലും ഇടറിയ സ്വരത്താലവളുടെ ഹൃദയം നിശബ്ദമായി അലമുറയിട്ടു...

എന്നാൽ അപ്പോഴേക്കും അവളിലേക്ക് അമർന്നു കൊണ്ട് നിഖിൽ ശ്രീനന്ദയുടെ കഴുത്തിൽ പിടിമുറുക്കി.. ശ്വസിക്കാൻ പ്രയാസപ്പെടുമ്പോൾ അവളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു വന്നു... പൊടുന്നനെ പിന്നിൽ വാതിൽ പൊട്ടിപ്പൊളിയുന്ന ശബ്ദം കേട്ടതും ശ്രീനന്ദയുടെ മാറിന് നേരെ നീണ്ട നിഖിലിൻ്റെ കരങ്ങൾ പിൻവലിഞ്ഞു... സംശയത്തോടെ പിൻ തിരിയുമ്പോൾ അവൻ ഒരുവേള ഞെട്ടിത്തരിച്ചിരുന്നു... വന്യമായ ഭാവത്തെ മറികടന്ന് മിഴികളിൽ ഭീതി നിഴലിച്ചു.. കണ്ണുനീർ മറച്ച കാഴ്ചയിലും മുൻപിൽ കണ്ട അവ്യക്ത രൂപം പൃഥ്വിയുടേതാണെന്ന് മനസ്സിലാക്കാൻ ശ്രീനന്ദയ്ക്ക് പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല... കാരണം അതിൻ്റെ ഇണയെ തേടി തൻ്റെ ഹൃദയം ഇത്രയും നാൾ അലയുകയായിരുന്നല്ലോ... രക്തമൊലിക്കുന്ന ചുണ്ടുകളിൽ ആ മുഖം കാൺകെ പാതി ബോധത്തിലും ഒരു പുഞ്ചിരി വിരിഞ്ഞു... ഇതുവരെ തന്നെ കാർന്നു നിന്ന ഭീതിയും വെപ്രാളവും നിമിഷങ്ങൾക്കൊണ്ട് വിട്ടകന്ന പോലെ... ഓടി ആ നെഞ്ചിലേക്ക് വീഴാൻ ഉള്ളം മന്ത്രിച്ചപ്പോഴും ദേഹം നുറുങ്ങുന്ന വേദനയിൽ ഒന്ന് ചലിക്കാൻ പോലുമാകാതവൾക്ക് കിടക്കാനേ ആയുള്ളൂ... കോപത്താൽ വലിഞ്ഞു മുറുകിയ മുഖത്തോടെ പൃഥ്വി നടന്നടുത്തതും ആദ്യത്തെ ഞെട്ടലിനപ്പുറം അലറിക്കൊണ്ട് നിഖിൽ അവന് നേരെ പാഞ്ഞു...

നിഖിൽ എന്തെങ്കിലും ചെയ്യും മുൻപേ പൃഥ്വി കൈ വീശി അവൻ്റെ മൂക്കിന് നേരെയായി ശക്തമായി പ്രഹരിച്ചതും തല കറങ്ങുന്ന പോലെ തോന്നി നിഖിലിന്.... മൂക്കിൽ നിന്നും ചുടു രക്തമൊഴുകുന്നു.. അവൻ കോപത്തോടെ പൃഥ്വിയ്ക്ക് നേരെ തിരിഞ്ഞതും പൃഥ്വി അവൻ്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിയിരുന്നു.... മുഷ്ടി ചുരുട്ടി അവൻ്റെ മുഖത്തും വയറിലുമായി മാറി മാറി പ്രഹരിക്കവേ നിഖിലിൻ്റെ വായയിൽ നിന്നും രക്തം ചീന്തി.... വേദനയാൽ പുളഞ്ഞവൻ നിരങ്ങി ഭിത്തിയോട് ചാരാൻ തുടങ്ങിയതും കഴുത്തിൽ മുറുകെ പിടിച്ചവനെ എഴുന്നേല്പ്പിച്ച് പൃഥ്വി ഭിത്തിയോട് ചേർത്ത് നിർത്തി... ശ്വാസം കിട്ടാതെ അവൻ്റെ കൈകളിൽ കിടന്ന് നിഖിൽ ഓരോ നിമിഷവും പിടയുമ്പോൾ സർവ്വതും ചുട്ടെരിക്കാനുള്ള കോപം പൃഥ്വിയിൽ പ്രവഹിച്ചു കൊണ്ടിരുന്നു... "ദേവാ പുറത്ത് കാവൽ നിന്നവനെ ഇഞ്ച ചതയ്ക്കുന്ന പോലെ ചതച്ചിട്ടുണ്ട്... നീ അവനെ അടിച്ചിട്ടിട്ടല്ലേ കയറിയത്... അതു കൊണ്ട് എനിക്ക് വലുതായി മെനക്കെടേണ്ടി വന്നില്ല... അവൻ ഇനിയും ഈ അടുത്ത കാലത്തെങ്ങും എഴുന്നേല്ക്കാൻ വഴിയില്ല..." വിഹാൻ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു... "ഈ അടുത്ത കാലത്തെന്ന് അല്ല... ഇനിയും ഒരിക്കലും എഴുന്നേല്ക്കാൻ പാടില്ല... അവനും... ഇവനും...!!" അതു പറയുമ്പോൾ നിഖിലിൻ്റെ കഴുത്തിനു മേലുള്ള പൃഥ്വിയുടെ പിടി ഒരിക്കൽ കൂടി മുറുകി...

. "സഹായം വല്ലതും വേണോ ദേവാ..." വിഹാൻ ചിരിയോടെ ചോദിച്ചു... "ഏയ് എന്തിനാടാ ഇവന് ഞാൻ തന്നെ ധാരാളം.." പറഞ്ഞവസാനിപ്പിച്ചതും നിഖിലിൻ്റെ മേലുള്ള പൃഥ്വിയുടെ പിടി അയഞ്ഞു... നെഞ്ചിൽ കൈ വെച്ച് ശക്തമായി ശ്വസിക്കാൻ ശ്രമിക്കുന്ന നിഖിലിനെ കൈയ്യിൽ കിട്ടിയ ഇരുമ്പു വടി കൊണ്ട് തലങ്ങും വെലങ്ങും തല്ലി ചതയ്ക്കുമ്പോൾ പൃഥ്വിയുടെ ഉള്ളിൽ തൻ്റെ പെണ്ണിൻ്റെ മുഖം മാത്രമായിരുന്നു... ഇരുമ്പു വടിയാൽ ശക്തിയിൽ നിഖിലിൻ്റെ ശിരസ്സിൽ പ്രഹരമേറ്റതും തല പൊട്ടി രക്തം വാർന്നൊഴുകി.. നിവർന്നു നിൽക്കാനാവാതെ താഴെ വീഴുമ്പോൾ കലിയടങ്ങും വരെ പൃഥ്വിയുടെ കൈക്കരുത്തിൽ കിടന്ന് നിഖിൽ പിടഞ്ഞു... അവൻ്റെ ശരീരത്തിൻ്റെ പല ഭാഗത്തു നിന്നും രക്തം ചീന്തി... "എൻ്റെ പെണ്ണിനെ തൊടാൻ നോക്കിയ ഈ കൈ ഇവനിനിയും വേണ്ട അല്ലേടാ..." പൃഥ്വി ക്രൂരമായ ചിരിയോടെ പറഞ്ഞതും വിഹാനും പകയോടെ നിലത്ത് കിടന്നു പിടയുന്ന നിഖിലിനെ നോക്കി... അല്പ നേരത്തിനകം വേദന സഹിക്കാനാവാതെയുള്ള നിഖിലിൻ്റെ അലർച്ച ആ ഗോഡൗണിനെ പ്രകമ്പനം കൊള്ളിച്ചു... കത്തിയാൽ അവൻ്റെ ശരീരത്തിലെ പല ഭാഗങ്ങളും വരിഞ്ഞു... നിഖിലിൻ്റെ രക്തം നിലത്ത് മുഴുവൻ പടർന്നു... "ദേവാ മതി... ഇനിയും ഇവൻ്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം... നീ നിൻ്റെ പെണ്ണിൻ്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്..."

വിഹാൻ പറഞ്ഞതും ഉള്ളിലെ കോപം കെട്ടടങ്ങി പൃഥ്വിയുടെ ഹൃദയം ആർദ്രമായി... ഒരു മൂലയിലായി നിലത്തു കിടക്കുന്നവളെ കാൺകെ അവൻ്റെ മിഴികൾ ഈറനണിഞ്ഞു... തൻ്റെ പ്രാണൻ്റെ അവസ്ഥയിൽ ഉള്ളം പിടഞ്ഞു പോകുന്നതവൻ അറിഞ്ഞു.. ഓടിയടുത്തവളെ കൈകളിൽ കോരിയെടുക്കുമ്പോൾ ഹൃദയം നിലച്ചതു പോലെ തോന്നിയവന്...!! പൊടുന്നനെ അവൻ ഇട്ടിരുന്ന ഷർട്ട് ഊരി ശ്രീനന്ദയെ ധരിപ്പിച്ചു... രക്തമൊലിക്കുന്ന ചുണ്ടുകളും നഖക്ഷതങ്ങളേറ്റ കവിൾത്തടങ്ങളും കാൺകെ അവൻ്റെ കണ്ണുകൾ ചലനമറ്റു നിന്നു പോയിരുന്നു.. ആ നിമിഷത്തിൽ അവളാണ് തൻ്റെ ലോകമെന്നവൻ തിരിച്ചറിയുകയായിരുന്നു... "ശ്രീനന്ദാ.. ശ്രീനന്ദാ..." അവശതയിൽ കൂമ്പിയടയുന്ന അവളുടെ മിഴികൾ കാൺകെ തൻ്റെ മടിയിലേക്ക് അവളെ കിടത്തിക്കൊണ്ട് ഹൃദയം പിളരുന്ന വേദനയോടെ പൃഥ്വി വിളിച്ചു... വിഷാദത്തിൽ മുങ്ങിയിരുന്ന ആ സ്വരം നാല് ചുവരുകളിലും പ്രതിധ്വനിച്ചു... ആ അവസ്ഥയിലും തൻ്റെ പ്രിയ്യപ്പെട്ടവൻ്റെ സ്വരം കേൾക്കെ പ്രയാസപ്പെട്ട് മിഴികൾ വലിച്ച് തുറക്കുമ്പോൾ സ്നേഹത്തോടെ തന്നെ നോക്കുന്ന ആ മിഴികൾ കലങ്ങിയിരിക്കുന്നത് ശ്രീനന്ദയറിഞ്ഞു... ഇത്രനാളും കേൾക്കാൻ കൊതിച്ച ആ സ്വരം കേൾക്കെ, കാണാൻ കൊതിച്ച ആ മുഖം കാൺകെ അവളുടെ ഹൃദയം എന്തിനെന്നില്ലാത്ത വികാരങ്ങൾക്ക് വഴിമാറിയിരുന്നു...

ഇരു ഹൃദയങ്ങളിലും ദീർഘനാളത്തെ വേർപ്പാടിനു ശേഷം തൻ്റെ പ്രാണനെ, പാതിയെ കാണുന്നതിൻ്റെ സന്തോഷം... ശ്രീനന്ദ മിഴികൾ തുറന്നതും ക്ഷണനേരം പോലും പാഴാക്കാതെ പൃഥ്വിയവളെ നെഞ്ചോടടക്കിക്കൊണ്ട് വാത്സല്യത്തോടെ, അതിയായ പ്രണയത്തോടെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.. ആ ചുംബനത്തെ നിർവൃതിയോടെ സ്വീകരിക്കുമ്പോൾ ശരീരത്തിനേറ്റ വേദനകൾ തൻ്റെ പാതിയായവൻ്റെ സാമീപ്യത്തിൽ അലിഞ്ഞില്ലാതാവുന്നത് പോലെയവൾക്ക് തോന്നി... ആ ഹൃദയമിടിപ്പുകൾ മന്ത്രിക്കുന്നത് തൻ്റെ നാമമാണെന്നവൾ തിരിച്ചറിഞ്ഞു... തേങ്ങിക്കരഞ്ഞു കൊണ്ട് ആ നെഞ്ചോട് ചേരുമ്പോൾ ഇതിലും സുരക്ഷിതമായ കരങ്ങൾ തന്നെ സംരക്ഷിക്കാനില്ല എന്ന തിരിച്ചറിവോടെയാകണം ആ കരവലയങ്ങൾക്കുള്ളിൽ ഒതുങ്ങവേ അവളുടെ മിഴികൾ മെല്ലെ അടഞ്ഞു വന്നത്... അല്പ നേരം കഴിഞ്ഞിട്ടും ശ്രീനന്ദയിൽ നിന്നും പ്രതികരണമൊന്നും ഇല്ലാഞ്ഞതിനാൽ പൃഥ്വി ഭയത്തോടെ അവളെ തട്ടി വിളിച്ചു... ബോധരഹിതയായ അവളെ കാൺകെ ഇതുവരെ ഇല്ലാത്ത പോലെയൊരു ഭീതിയും വെപ്രാളവും അവനെ കാർന്നു നിന്നു... തൻ്റെ ഹൃദയത്തെ ഏതോ ഒരു അദൃശ്യ ശക്തി ബലമായി തന്നിൽ നിന്നും അടർത്തി എടുത്ത പോലെ...!!

ആ മുറിപ്പാടുകളിൽ നിന്നും ഓരോ നിമിഷവും രക്തം കിനിയുന്നു... സംശയം നിറഞ്ഞ അവൻ്റെ മിഴികൾ ഞെട്ടലിന് വഴി മാറിയത് അവളുടെ ശിരസ്സിൽ നിന്നും തൻ്റെ കൈയ്യിൽ പരന്ന രക്തം കാൺകെ ആയിരുന്നു.. പൃഥ്വിയ്ക്ക് സമനില തെറ്റും പോലെ തോന്നി.... അവൾക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ചിന്തയിൽ മനസ്സ് വല്ലാതെ വിങ്ങുന്നത് പൃഥ്വിയറിഞ്ഞു... ഒരു വിളിപ്പാടകലെ തന്നെ കാണാൻ മോഹിച്ചവളുടെ മനസ്സ് തിരിച്ചറിഞ്ഞിട്ടും അവളെ ചേർത്ത് പിടിക്കാതെ നഷ്ടപ്പെടുത്തിയതിൻ്റെ ശിക്ഷയാകുമോ ഇതെന്നവൻ ഭയന്നു... "ഇല്ല...!! നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഈ ഞാനുണ്ടാവില്ല പെണ്ണേ...." കൈകളിൽ കോരിയെടുത്തവളെ നെഞ്ചോട് ചേർക്കുമ്പോൾ തകർന്നു പോയിരുന്നവൻ.... "ദേവാ... ശ്രീനന്ദയ്ക്ക് കുഴപ്പമെന്തെങ്കിലും..??" ഈറനണിഞ്ഞ പൃഥ്വിയുടെ മിഴികൾ കാൺകെ വിഹാൻ്റെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞു... "ഞാൻ നന്ദയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോവാ.. നീ ഒരു കാര്യം ചെയ്യ്.. ഇവനെയും ഇവൻ്റെ കൂടെയുള്ളവനെയും എടുത്ത് വരുന്ന വഴിയ്ക്ക് കണ്ട ആ റെയിൽവേ ട്രാക്കിലേക്ക് ഇട്ടേക്ക്... പിന്നെ ഒരു കാര്യം.. ഈ ചെറ്റകളെ കൊണ്ടിട്ടതിനു ശേഷം ആദ്യത്തെ ട്രെയിൻ പോയി എന്ന് ഉറപ്പു വരുത്തിയിട്ടേ തിരികെ വരാവൂ...!!

ഒരവസരം കൊടുത്തതാ ഞാനിവന്... നന്നാവാൻ ഉദ്ദേശ്യമില്ലെന്ന് വെച്ചാൽ എന്ത് ചെയ്യാൻ....!!" ബോധരഹിതനായി നിലത്ത് കിടക്കുന്ന നിഖിലിനെ നോക്കി പല്ലിറുമിക്കൊണ്ടതു പറയുമ്പോൾ പൃഥ്വിയുടെ മിഴികളിൽ പകയെരിഞ്ഞു.... 🥀🥀🥀🥀🥀🥀🥀 "ശ്രീക്കുട്ടി അമ്പലത്തിലേക്ക് പോയിട്ട് ഇതുവരെ വന്നില്ലല്ലോ പവീ... നേരമിത്രയും ആയില്ലേ... വേഗം വരാമെന്ന് പറഞ്ഞു പോയതാ എൻ്റെ കുട്ടി..." ശ്രീനാഥ് പരിഭ്രമത്തോടെ പറഞ്ഞതും പവിത്രയുടെ ഉള്ളിലും നേരിയ ഭയം ഉടലെടുത്തു... "ഫോൺ മറന്നു വെച്ചിട്ടാണവൾ പോയേക്കുന്നത്... ഒരു കാര്യം ചെയ്യാം... നമ്മുക്ക്... നമ്മുക്ക് വേഗം ക്ഷേത്രം വരെയൊന്ന് പോകാം ശ്രീയേട്ടാ..." പവിത്ര പറഞ്ഞതും ശ്രീനാഥ് ധൃതിയിൽ പുറത്തേക്ക് നടന്നിരുന്നു... പോകുന്ന വഴിയിലും ക്ഷേത്രാങ്കണത്തിലുമുള്ള ഓരോ ആളുകളിലും ഉത്കണ്ഠയോടെ ശ്രീനന്ദയുടെ മുഖം ശ്രീനാഥ് തേടിക്കൊണ്ടിരുന്നു... എന്നാൽ ദീർഘനേരം നാലു പാടും അന്വേഷിച്ചിട്ടും ശ്രീനന്ദയെ കണ്ടെത്താൻ ശ്രീനാഥിനോ പവിത്രയ്ക്കോ ആയില്ല... പേരറിയാത്തൊരു പരിഭ്രമം തന്നിൽ കടന്നു കൂടുന്നതും വർദ്ധിച്ചു വരുന്ന ഭീതി ഓരോ നിമിഷവും ഹൃദയത്തെ തളർത്തുന്നതും ശ്രീനാഥ് അറിഞ്ഞു...

"ഈശ്വരാ.. എൻ്റെ ശ്രീക്കുട്ടി.. അവൾ... അവൾ എവിടെ പോയി...?? ഞാൻ അപ്പോഴേ പറഞ്ഞതാ അവളോട് പോകെണ്ടാന്ന്..." ശ്രീനാഥ് നെഞ്ച് നീറുന്ന നോവോടെ ഇടറുന്ന സ്വരത്തിൽ പറഞ്ഞതും പവിത്ര അവനെ ആശ്വസിപ്പിക്കാനെന്നോണം ആ തോളോട് കൈ ചേർത്തു... ദീർഘ നേരത്തെ ആലോചനയ്ക്ക് അന്ത്യം വരുത്തുമ്പോൾ ശ്രീനാഥിൻ്റെ മനസ്സിൽ പൃഥ്വിയുടെ മുഖം തെളിഞ്ഞു വന്നു... ''പൃഥ്വി....!! അവൻ.. അവനാകും എൻ്റെ കുട്ടിയെ കാണാതായതിൻ്റെ പിന്നിൽ...!!" അതു പറയുമ്പോൾ അവൻ്റെ ഉള്ളിൽ ഒരേ സമയം സങ്കടവും അമർഷവും നിറഞ്ഞു... "പൃഥ്വിയേട്ടനോ..?? ഏട്ടൻ ആവുമെന്ന് എനിക്ക് തോന്നുന്നില്ല.. കാരണം ഈ മൂന്ന് മാസങ്ങളിൽ ഒരിക്കൽപ്പോലും ഏട്ടൻ ശ്രീനന്ദയെ കാണാൻ ശ്രമിച്ചിട്ടില്ല... ഏട്ടന് അവളെ കാണണമെന്ന് ഉണ്ടായിരുന്നെങ്കിൽ അത് എന്നേ ആവാമായിരുന്നു..." "എൻ്റെ കുട്ടിയെ ഒറ്റയ്ക്ക് കിട്ടാൻ ഒരവസരത്തിനായി ഒരുപക്ഷേ അവൻ കാത്തിരിക്കുക ആയിരുന്നെങ്കിലോ...??" "ശ്രീയേട്ടനെന്താ കരുതിയത് പൃഥ്വിയേട്ടന് ശ്രീയേട്ടനെ പേടിയാണെന്നോ..?? അതു കൊണ്ടാ ഇത്ര നാൾ ശ്രീനന്ദയെ കാണാൻ വരാതിരുന്നതെന്നോ...??

ഏട്ടന് അവളെ കാണണമെന്നോ കൂടെ കൊണ്ടു പോകണമെന്നോ തോന്നിയാൽ ഈ ലോകം മുഴുവൻ എതിരെ നിന്നാലും പൃഥ്വിയേട്ടൻ അവളെ കൊണ്ട് പോയിരിക്കും... അതിന് അവളെ ഒറ്റയ്ക്ക് കിട്ടേണ്ട ഒരവസരം എൻ്റെ ഏട്ടന് ആവശ്യമില്ല... പിന്നെ അഥവാ ഇപ്പോൾ ശ്രീനന്ദ പൃഥ്വിയേട്ടൻ്റെ അരികിൽ ആണെങ്കിൽ അവൾ സ്വന്തം ഇഷ്ടത്തിന് പോയതായിരിക്കും... അല്ലാതെ ശ്രീയേട്ടൻ ഉദ്ദേശിച്ചതു പോലെ എൻ്റെ ഏട്ടൻ തട്ടിക്കൊണ്ട് പോയതൊന്നും ആവില്ല... അവൾക്കും ഉണ്ടാവില്ലേ അവളുടെ ഭർത്താവിനൊപ്പം സമയം ചിലവിടാൻ ആഗ്രഹം..." പവിത്ര ചുമല് കുലുക്കിക്കൊണ്ട് കൂസലില്ലാതെ പറഞ്ഞതും ശ്രീനാഥിൻ്റെ മുഖം ഇരുണ്ടു... പൃഥ്വിയെപ്പറ്റി പവിത്ര പുകഴ്ത്തി പറഞ്ഞത് അവന് ഒട്ടും ഇഷ്ടമായില്ല... ആ ഇഷ്ടമില്ലായ്മ അവൻ്റെ മുഖത്ത് നന്നേ തെളിഞ്ഞു നിൽക്കുന്നത് പവിത്രയറിഞ്ഞു... അവൻ്റെ മുഖഭാവം കണ്ടതും ചിരി വന്നെങ്കിലും പവിത്രയത് പുറമെ പ്രകടിപ്പിച്ചില്ല... എന്നാൽ ചിരി കടിച്ച് പിടിച്ച് നിൽക്കുന്ന പവിത്രയെ കാൺകെ ശ്രീനാഥിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. "പവീ...." അവൻ ഉച്ചത്തിൽ വിളിച്ചതും പവിത്ര പിടയ്ക്കുന്ന മിഴികളോടെ ഗൗരവമേറിയ ആ മുഖത്തേക്ക് നോക്കി... "എ.. എന്താ ശ്രീയേട്ടാ...??"

"നീ.. നിൻ്റെ അമ്മയെ ഒന്ന് വിളിക്ക്... എന്നിട്ട് അവനെ കൺകുളിർക്കെ കണ്ട് കഴിഞ്ഞെങ്കിൽ ഒന്നു വരാൻ പറ എൻ്റെ ശ്രീക്കുട്ടിയോട്.... എനിക്ക്.. എനിക്ക് മനസ്സിലാവാത്തത് ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും എന്ത് കണ്ടിട്ടാ അവള് അവനെ തേടി പോകുന്നതെന്നാ..!!" പറഞ്ഞവസാനിപ്പിച്ചതും ശ്രീനാഥ് ദേഷ്യത്തിൽ പല്ല് ഞെരിച്ചു... "അതിന് പൃഥ്വിയേട്ടൻ ശ്രീനന്ദയെ വേദനിപ്പിച്ചെന്ന് ശ്രീയേട്ടനോട് ആരാ പറഞ്ഞത്...?? അവള് പറഞ്ഞോ അങ്ങനെ..?? എല്ലാം... എല്ലാം ശ്രീയേട്ടൻ്റെ വെറും തോന്നലുകൾ മാത്രമാണ്... വർഷങ്ങളായി കാണാൻ കാത്തിരുന്ന സഹോദരിയെ കണ്ടപ്പോൾ അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് തോന്നുന്നതാണ് ഇതൊക്കെ... അല്ലാതെ... അല്ലാതെ ശ്രീയേട്ടൻ വിചാരിക്കുന്നതു പോലെ ഒന്നുമില്ല..." അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പവിത്ര ആ കരങ്ങളെ ഇറുകെ പിടിയ്ക്കുമ്പോൾ അവനിലെ ആശങ്കകൾ ഓരോ നിമിഷവും ആളിക്കത്തുകയായിരുന്നു... "നീ കേട്ടതല്ലേ പവീ അന്ന് അവൻ്റെ നാവിൽ നിന്നും തന്നെ സത്യങ്ങളെല്ലാം..??

പിന്നെയും.. പിന്നെയും നിനക്കെങ്ങനെയാ അവനെ ന്യായീകരിക്കാൻ സാധിക്കുന്നത്....??" "പൃഥ്വിയേട്ടൻ ശ്രീനന്ദയെ സ്നേഹിക്കുന്നില്ലെന്ന് പറഞ്ഞോ..?? ഇല്ലല്ലോ...!! അതൊക്കെ ശ്രീയേട്ടൻ തന്നെ സങ്കല്പ്പിച്ച് കൂട്ടിയതല്ലേ..??" "ഓഹ് ശരി... അപ്പോൾ എല്ലാം എൻ്റെ സങ്കല്പ്പങ്ങൾ മാത്രമാണോ..?? എന്നാൽ ഞാൻ പോയി അവളെ കൂട്ടിക്കൊണ്ട് വരട്ടെ.. എൻ്റെ കുട്ടിക്ക് ഒരു ചെറിയ പോറലെങ്കിലും പറ്റിയാൽ... അവളുടെ കണ്ണൊന്നു ചെറുതായി എങ്കിലും കലങ്ങിയാൽ... പൃഥ്വിയറിയും ഈ ശ്രീനാഥ് ആരാണെന്ന്...!! അവൻ എന്നെ വേദനിപ്പിച്ചാലും ഞാൻ സഹിക്കും.. ക്ഷമിക്കും.. പക്ഷേ എൻ്റെ ശ്രീക്കുട്ടിയെ ആരെങ്കിലും വേദനിപ്പിച്ചാൽ അത് മാത്രം ഞാൻ ക്ഷമിക്കില്ല..." പറഞ്ഞവസാനിപ്പിക്കുമ്പോൾ ആ മിഴികളിലുള്ള ഭാവം ശാന്തനായ ശ്രീനാഥിനെ മാത്രം കണ്ട് പരിചയമുള്ള തനിക്ക് അന്യമാണെന്ന് പവിത്ര തിരിച്ചറിഞ്ഞു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story