പക...💔🥀: ഭാഗം 2

paka

രചന: ഭാഗ്യ ലക്ഷ്മി

"ഇതിവിടെ വരെ കൊണ്ടെത്തിക്കാൻ അറിയാമെങ്കിൽ നിൻ്റെ സമ്മതമില്ലാതെ ഈ വിവാഹം നടത്താനും എനിക്കറിയാമെടീ... ആരുമറിയാതെ നാട് വിടാമെന്ന് കരുതിയോ നീ..??ഏതവനൊപ്പം ഒളിച്ചോടാനാടീ കല്ല്യാണത്തലേന്ന് നീ ഇറങ്ങി പുറപ്പെട്ടത്...??" കേശവൻ്റെ ഉച്ചത്തിലുള്ള ആക്രോശത്തിൽ ആ പെണ്ണ് നിന്ന് വിറച്ചു... എന്തെങ്കിലും ഉരിയാടും മുൻപ് തന്നെ അവളുടെ കവിൾ നീറി പുകഞ്ഞിരുന്നു.... കാഴ്ച ഒരുവേള മങ്ങിയ പോലെ... കോപത്താൽ എരിയുന്ന കേശവൻ്റെ മിഴിമുനകളെ നേരിടാനാവാതെ കവിൾ പൊത്തി പിടിച്ചവൾ മുഖം താഴ്ത്തി നിന്നു... ശരീരത്തിനൊപ്പം മനസ്സും നീറിയതും നിറഞ്ഞു വന്ന മിഴികളെ ശാസനയോടെ അടക്കി നിർത്തി... "ആരുടെയും ഒപ്പം ഒളിച്ചോടാനല്ല... എനിക്ക്... എനിക്കിഷ്ടമല്ല അയാളെ വിവാഹം കഴിയ്ക്കാൻ... ഞാൻ... ഞാൻ പറഞ്ഞതല്ലേ ചെറിയച്ഛനോട്..." ശ്രീനന്ദയുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും ഇടകലർന്നിരുന്നു... "നാടാകെ വിവാഹം ക്ഷണിച്ചിട്ട് ഞങ്ങളെ അപമാനിക്കാനാണോ അസത്തേ നിൻ്റെ തീരുമാനം...??" "എന്നോട് ചോദിച്ചിട്ടാണോ നാട് മൊത്തം വിവാഹം ക്ഷണിച്ചത്...??" പുച്ഛത്തോടെ അവൾ ചോദിച്ചതും അയാൾ പല്ല് ഞെരിച്ചു... "നീയിനിയും എന്ത് അതിബുദ്ധി കാണിച്ചാലും നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നിരിക്കും...."

ഒരു കുറുക്കൻ്റെ കൗശലത്തോടെ എന്തോ തീരുമാനിച്ചുറപ്പിച്ച പോലയാൾ ക്രൂരമായ ചിരിയോടെ പറഞ്ഞതും ശ്രീനന്ദ പതറി... "നിനക്കിപ്പോൾ വേണമെങ്കിൽ എൻ്റെ കൂടെ വീട്ടിലേക്ക് വരാം... പക്ഷേ വരുന്നത് മനസ്സു കൊണ്ട് പൃഥ്വി ദേവിൻ്റെ ഭാര്യയാവാൻ തയ്യാറായിക്കൊണ്ട് ആയിരിക്കണം... ഇനീം അഥവാ പോകാൻ തന്നെയാണ് തീരുമാനമെങ്കിൽ നാളെ നിനക്ക് പകരം വിവാഹ മണ്ഡപത്തിൽ വധുവായി ഇരിക്കുന്നത് നിമയായിരിക്കും....!!" കേശവൻ പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദ ഞെട്ടലോടെ അയാളെ നോക്കി.... അടക്കി നിർത്തിയ മിഴിനീർ കവിളിനെ തഴുകി... ഈശ്വരാ നിമ...!! പതിനെട്ട് വയസ്സ് പൂർത്തിയായിട്ടേയുള്ളൂ അവൾക്ക്... തന്നോടുള്ള പക വീട്ടാൻ പൃഥ്വി ദേവ് നിമയെ വിവാഹം കഴിയ്ക്കാനും മടിക്കില്ല... അറിഞ്ഞു കൊണ്ട് അവളെ ഒരപകടത്തിലേക്ക് തള്ളി വിടാൻ തനിക്കാവില്ലല്ലോ... എന്ത് ചെയ്യും താൻ... ശ്രീനന്ദയുടെ മിഴികൾ നിസ്സഹായതയോടെ കേശവനിലേക്ക് നീണ്ടു... ഒരിറ്റു കരുണ അയാളുടെ കൺ കോണിൽ കാണുമെന്ന് കരുതിയ അവളുടെ പരതൽ വിഫലമായി തീർന്നു... നിസ്സഹായതയോടെ ശിരസ്സ് താഴ്ത്തി നിൽക്കുമ്പോൾ താളം തെറ്റിയ ഹൃദയമിടിപ്പുകൾക്കൊപ്പം ഉയിരും നീറിപ്പുകയുന്നുണ്ടായിരുന്നു...

അല്പ നേരത്തിന് ശേഷം മിഴിനീർ തുടച്ചവൾ വീട്ടിലേക്കുള്ള വഴിയെ നടന്നതും ഒരു വിജയച്ചിരിയുടെ അകമ്പടിയോടെ കേശവനും അവളെ അനുഗമിച്ചു.... തിരികെ വീട്ടിലേക്ക് കയറുമ്പോൾ പ്രതീക്ഷകളറ്റവളെ പോലെ അവൾ അലറിക്കരഞ്ഞിരുന്നു... ആരുടെയും മനസ്സലിയിപ്പിക്കാൻ കഴിയാത്ത മീഴിനീർത്തുള്ളികൾ.... കട്ടിലിൻ്റെ ഓരം ചേർന്നു കിടക്കുമ്പോൾ ഈ രാവിനീം പുലരരുതേ എന്നവൾ ആത്മാർത്ഥമായി ആശിച്ചു... കണ്ണുനീരിനാൽ കുതിർന്ന തലയണയിൽ അവൾ മുഖമമർത്തി... ഈ രാത്രി നിദ്രയെ പുൽകാനാവില്ലെന്നവൾക്ക് അറിയാമായിരുന്നു... ജനൽ പാളി തുറന്നിട്ട് വിദൂരതയിലേക്ക് മിഴികൾ നട്ടു... പുറത്ത് നിന്നും വന്നു കൊണ്ടിരുന്ന തണുത്ത കാറ്റ് അവളെ തഴുകി തലോടി പോയി... അയാൾക്ക് ഒരുപാട് പണമുണ്ട്... വലിയ വീടുണ്ട്... അതിനനുസരിച്ച് അഹങ്കാരവുമുണ്ട്.... ആരും അയാൾക്കെതിരെ ശബ്ദമുയർത്തില്ലെന്ന അഹങ്കാരം... ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നെന്ന്.. അയാൾക്കെതിരെ മൊഴി കൊടുക്കെണ്ടായിരുന്നു... അതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്... അല്ലെങ്കിലും അയാളോട് ഏറ്റുമുട്ടാൻ താനാരാണ്..?? സ്വന്തമെന്ന് പറഞ്ഞൊന്ന് ചേർത്ത് പിടിക്കാൻ പോലും ആരുമില്ലാത്തവൾ...!! അന്നയാൾ ആരെയാണോ തല്ലിയതെന്നോ എന്തിനാ തല്ലിയതെന്നോ ഒന്നും തനിക്കറിയില്ല...

തൻ്റെ എടുത്തുച്ചാട്ടമാണ് എല്ലാത്തിനും കാരണം... എല്ലാം താൻ വരുത്തി വെച്ചതാണ്... ഒന്നും വേണ്ടായിരുന്നു... അവൾ സ്വയം പഴിച്ചു... പലപ്പോഴായി കണ്ടിട്ടുണ്ട് അയാളെ... ഒരു നേതാവിൻ്റെ തലയെടുപ്പോടെ ആളുകൾക്കിടയിൽ ഇരിക്കുന്നത്... ചുണ്ടിനിടയിൽ ഒരു സിഗരറ്റും മിക്കപ്പോഴും എരിയുന്നുണ്ടാവും.. അപ്പോഴൊക്കെ മുഖം തിരിച്ച് നടക്കാറാണ് തൻ്റെ പതിവ്... ശ്രീനന്ദ വിണ്ണിൽ മിന്നുന്ന നക്ഷത്രക്കൂട്ടങ്ങളെ നോക്കി... കുട്ടിക്കാലത്തെ ഓർമ്മയിൽ മിഴികൾ തിളങ്ങി... "അച്ഛാ... അമ്മേ...." അവൾ വിണ്ണിൽ നോക്കി ഇടർച്ചയോടെ വിളിച്ചു... "അച്ഛൻ്റെയും അമ്മയുടെയും നന്ദ മോളുടെ വിവാഹമാ നാളെ.... എനിക്കിഷ്ടമില്ലാത്ത വിവാഹം... ഇനിയും ദുരിതങ്ങളാണോ എന്നെ കാത്തിരിക്കണെ..?? എന്താ ചെയ്യണ്ടെ ഞാൻ...?? അയാളുടെ കാലിൽ വീണു മാപ്പ് പറഞ്ഞാൽ മതിയാകുമോ...???" മുഖം പൊത്തി കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് വീഴുമ്പോൾ ഇരു നക്ഷത്രങ്ങൾ അവളെ നോക്കി കൺ ചിമ്മുന്നുണ്ടായിരുന്നു.... നേരം പുലർന്നു തുടങ്ങി... ആർത്തുലച്ച മഴയിൽ മുറ്റത്തെ ചെമ്പകപ്പൂക്കളിൽ അധികവും ഞെട്ടറ്റു വീണു പോയിരുന്നു... പ്രയാസപ്പെട്ടാണവൾ അന്ന് പുലർച്ചെ മിഴികൾ തുറന്നത്... കൺപോളകൾ വീർത്ത് മിഴികളുടെ തിളക്കമെല്ലാം നഷ്ടമായതു പോലെ..

വിളക്കു വെച്ചു വെളുപ്പിനെ പ്രാർത്ഥിക്കുമ്പോൾ വരാൻ പോകുന്ന ദിനങ്ങളെ നേരിടാനുള്ള മനക്കരുത്ത് തനിക്ക് നൽകണമേ എന്നൊരപേക്ഷയെ അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നുള്ളൂ... ആ ചുവപ്പ് പുടവ കൈയ്യിലെടുക്കുമ്പോൾ തൻ്റെ ഹൃദയത്തിൽ നിന്നും കിനിയുന്ന രക്തത്തിനും ഈ വിവാഹ വസ്ത്രത്തിനും ഒരേ വർണ്ണമാണല്ലോ എന്നവൾ ഓർത്തു.. ചിന്തകളുടെ ഉൾക്കാട്ടിൽ മനസ്സലയവേ ഒരുതരം മരവിപ്പോടെ കട്ടിലിലേക്കിരുന്നു... ഉടുത്തിരിക്കുന്ന കല്ല്യാണപ്പുടവയ്ക്ക് തനിക്ക് താങ്ങാവുന്നതിലധികം ഭാരമുണ്ടെന്നവൾക്ക് തോന്നി... ആഭരണങ്ങൾ ഓരോന്നായി ചെറിയമ്മ അണിയിക്കുമ്പോൾ ഉള്ളം വെന്തുരുകുന്നുണ്ടായിരുന്നു.. "നല്ല സുന്ദരിയാണല്ലോ നീ... വെറുതെയല്ല പൃഥ്വി നിന്നെ ഇഷ്ടപ്പെട്ടത്..." ചെറിയമ്മയുടെ ഭംഗി വാക്ക് കേട്ടപ്പോളവൾക്ക് സ്വയം പുച്ഛം തോന്നി.. ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും മുഖത്ത് സന്തോഷം... നിമ മാത്രം തൻ്റെ വേദന മനസ്സിലാക്കിയിരിക്കുന്നു.... ഏറെ നേരം അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു... ചെറിയച്ഛൻ മുറിയിലേക്ക് വന്നതും പ്രയാസപ്പെട്ട് വിതുമ്പലടക്കി... "എന്തിനാ നീയിങ്ങനെ സങ്കടപ്പെട്ട് നിൽക്കുന്നെ നന്ദേ..?? ഇന്ന് മുതൽ പാലയ്ക്കൽ തറവാട്ടിലെ മഹാറാണിയാ നീ...നിന്നെ പൊന്ന് കൊണ്ട് മൂടാനുള്ള പണമുണ്ട് പൃഥ്വിയുടെ കൈയ്യിൽ...."

ശ്രീനന്ദയെ നോക്കി പറയുമ്പോൾ കേശവൻ്റെ മിഴികൾ തിളങ്ങി.... തനിക്ക് തൻ്റെ പുരുഷനിൽ നിന്നും വേണ്ടത് പൊന്നും പണവുമല്ല മറിച്ച് സ്നേഹവും ബഹുമാനവും ആണെന്നവളുടെ ഹൃദയം ഉറക്കെ അലമുറയിട്ടു... മനസ്സ് കൊണ്ട് അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിക്കൊണ്ടവൾ കാറിലേക്ക് കയറുമ്പോൾ പിൻ തിരിഞ്ഞ് ആ വീട്ടിലേക്കൊന്ന് നോക്കി... സന്തോഷമുള്ള ഓർമ്മകളൊന്നും ഈ വീട്ടിൽ തനിക്കുണ്ടായിട്ടില്ലെങ്കിലും ഉള്ളിൽ വല്ലാത്ത വേദന തോന്നി... എന്നാൽ വാടി തുടങ്ങിയ റോസാച്ചെടികൾ മഴയിൽ നീരാടി പുതു ജീവനോടെ നിൽക്കുന്നതവൾ നേരിയ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്.... കല്ല്യാണ പന്തലിലെ ആൾക്കൂട്ടത്തിനിടയിലും അവളുടെ മിഴികൾ പരതിയത് മറ്റാരെയോ ആയിരുന്നു... എന്നാൽ തൻ്റെ നിർമ്മല അപ്പച്ചിയെ എങ്ങും കാണാഞ്ഞത് അവളിൽ നിരാശ ഉളവാക്കി... ഇനിയും ചെറിയച്ഛൻ അപ്പച്ചിയെ മാത്രം ക്ഷണിച്ച് കാണില്ലേ...?? ഇനിയും നിഖിൽ വല്ല പ്രശ്നവും ഉണ്ടാക്കുമെന്ന് കരുതിയാണോ...?? ശ്രീനന്ദയുടെ ഉള്ളിലൂടെ പലതരം ചിന്തകൾ കടന്നു പോയി... അവളുടെ ഹൃദയമിടിപ്പുകൾ വർദ്ധിപ്പിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് പൃഥ്വി കയറിയിരുന്നു... സ്വർണ്ണക്കരയുള്ള വെള്ള മുണ്ടും വെള്ള ഷർട്ടും ആണവൻ്റെ വേഷം...

താടി വെട്ടിയൊതുക്കിയിട്ടുണ്ട്... നെറ്റിയിൽ നേർത്ത ഒരു ചന്ദനക്കുറിയുണ്ട്... പതിവു ഭാവമായ ഗൗരവത്തിന് തെല്ലും മാറ്റമില്ല... സെറ്റ് സാരിയുടുത്ത് ഐശ്വര്യമുള്ള മുഖത്തോട് കൂടി ഒരു സ്ത്രീ അവൻ്റെ അരികിൽ ഉണ്ടായിരുന്നു... പൃഥ്വിയുടെ അമ്മയാകും അതെന്നവൾ ഊഹിച്ചു... അമ്മയും കൂട്ടു നിൽക്കുവാണോ മകൻ്റെ തോന്ന്യാസങ്ങൾക്കെല്ലാം...??? ഓർക്കവേ ഉള്ളമൊന്ന് നീറി... തൻ്റെ ജീവിതം വെച്ചാണയാൾ കളിയ്ക്കുന്നത്... ആ കാൽക്കൽ വീണു മാപ്പ് പറഞ്ഞാലെങ്കിലും തന്നോടുള്ള പക കുറയുമോ..?? വേദനയോടെ ചിന്തിക്കുമ്പോൾ അറിയാതെ പോലും ഒരിക്കൽക്കൂടി പൃഥ്വിയിലേക്കവളുടെ മിഴികൾ നീണ്ടില്ല... പൂജാരി ഉച്ചരിക്കുന്ന മന്ത്രങ്ങൾ കേൾക്കവേ കാത് കൊട്ടിയടയ്ക്കാനാണവൾക്ക് തോന്നിയത്... അയാളുടെ കണ്ണെത്താത്ത ദൂരേക്ക് എവിടെയെങ്കിലും ഓടി മറയുവാൻ കഴിഞ്ഞിരുന്നെങ്കിൽ... മഞ്ഞച്ചരടിൽ കൊരുത്ത താലിയവൻ തനിക്ക് നേരെ ഉയർത്തിയപ്പോൾ ഈറനണിഞ്ഞ മിഴികൾ മെല്ലെയവൾ ഉയർത്തി... അരുതേ എന്നൊരു ശാസനയോടെ.... അവസാന നിമിഷമെങ്കിലും അവൻ്റെ മനസ്സ് മാറണേ എന്ന പ്രാർത്ഥനയോടെ... അവൻ ഈ വിവാഹത്തിൽ നിന്ന് പിന്മാറണേ എന്ന യാചനയോടെ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story