പക...💔🥀: ഭാഗം 20

paka

രചന: ഭാഗ്യ ലക്ഷ്മി

ബോധരഹിതയായി കിടക്കുന്ന തൻ്റെ പ്രാണനെ കാണുന്തോറും തൻ്റെ ഹൃദയം പിടഞ്ഞില്ലാതാവുന്നത് പൃഥ്വിയറിഞ്ഞു... പൊട്ടിയ ചുണ്ടുകളും കവിളിൽ പതിഞ്ഞിരിക്കുന്ന വിരലടയാളങ്ങളും കാൺകെ അവൻ നീറുന്ന നെഞ്ചോടെ അവളുടെ ചാരേക്കിരുന്നു.. അവിടുന്ന് അനങ്ങാൻ തോന്നിയില്ലവന്... താൻ ദുർബലനാകുന്നത് അവളോടുള്ള പ്രണയത്തിനു മുൻപിൽ മാത്രമാണെന്നവൻ തിരിച്ചറിഞ്ഞു... "വിട്ടു കൊടുക്കില്ല ഞാൻ... ഇനിയൊരിക്കലും... നഷ്ടപ്പെടുത്തില്ല ഞാൻ.... ആർക്കുവേണ്ടിയും...!!" ഹൃദയം മൗനമായി മൊഴിഞ്ഞപ്പോൾ തൻ്റെ കൈകൾ കൊണ്ടവളെ ആർക്കും അടർത്തി മാറ്റാനാവാത്ത വിധം പൊതിഞ്ഞു പിടിയ്ക്കാനവന് തോന്നി... അല്പം മുൻപ് അമ്മ വിളിച്ചിരുന്നു.. നന്ദയെ അന്വേഷിച്ചു ശ്രീനാഥ് വന്നെന്ന് പറയാൻ... ഞാനവളെ തട്ടിക്കൊണ്ട് പോയെന്നാണവൻ്റെ വാദം...!! ഒടുവിൽ പറഞ്ഞു അവൾ ഇവിടെയുണ്ടെന്ന്... ശ്രീനന്ദയുടെ ശിരസ്സിൽ തലോടുമ്പോൾ പൃഥ്വി ഓർത്തു... ദീർഘനേരത്തിനു ശേഷം മിഴികൾ വലിച്ച് തുറക്കുമ്പോൾ അരികിലായ് പ്രിയ്യപ്പെട്ടവൻ്റെ സാന്നിധ്യം അറിയുന്നുണ്ടായിരുന്നു...

മുഖം ചെരിച്ച് നോക്കുമ്പോൾ തന്നിൽ തന്നെ മിഴികൾ നട്ടിരിക്കുന്നവനെ കാൺകെ ഉള്ളം സന്തോഷത്താൽ തുടിക്കുന്നത് ശ്രീനന്ദയറിഞ്ഞു... "പൃ...പൃഥ്വീ... " പ്രയാസപ്പെട്ട് വിളിക്കുമ്പോൾ വേദനയാൽ ശ്രീനന്ദയുടെ മുഖം ചുളിയുന്നതറിഞ്ഞവൻ മൃദുവായി ആ ശിരസ്സിൽ തലോടി... ആ കരങ്ങളിലെ സുരക്ഷിതത്വവും ആ സാമീപ്യത്തിൽ ഉള്ളിലുടലെടുക്കുന്ന അനുഭൂതികളും മരണം വരെ അനുഭവിക്കാൻ കൊതിച്ചു പോയവൾ...!! നിറകണ്ണുകളോടെ വിറയാർന്ന വിരലുകളാൽ ആ മുഖത്തൊന്ന് തലോടുമ്പോൾ ആ മിഴികളിൽ ഒളിപ്പിച്ച കുസൃതി ചിരിയാലവൻ തന്നെ ആശ്വസിപ്പിക്കുന്നതവൾ അറിഞ്ഞു... ഇരുവരുടെയും മിഴികൾ കൊരുത്തപ്പോൾ മൗനത്തിൻ്റെ അകമ്പടിയോടെ ഹൃദയങ്ങൾ അദൃശ്യമായി പ്രണയോപഹാരങ്ങൾ കൈമാറുകയായിരുന്നു... തനിക്കായ് മാത്രം വിരിഞ്ഞ ആ കുസൃതി ചിരി കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പോലെ തോന്നി ശ്രീനന്ദയ്ക്ക്... ആ ചൊടികളിൽ വിരിഞ്ഞ പുഞ്ചിരിയിൽ താനുമലിയുന്നതും തൻ്റെ വേദനകൾ അലിഞ്ഞില്ലാതാവുന്നതും ശ്രീനന്ദയറിഞ്ഞു... എന്നാൽ അവനെ സാകൂതം നോക്കുമ്പോൾ പൃഥ്വിയുടെ മുഖം കാൺകെ ഉള്ളം വല്ലാതെ പിടഞ്ഞിരുന്നു...

താടിയൊക്കെ കാടു പോലെ വളർന്നിട്ടുണ്ട്... കൺതടങ്ങളിൽ കറുപ്പ് പടർന്നിട്ടുണ്ട്... തൻ്റെ അസാന്നിധ്യം പൃഥ്വിയെ ഇത്ര മാത്രം സ്വധീനിച്ചിരുന്നുവോ..?? അവനെ വേദനിപ്പിച്ചിരുന്നുവോ...?? തൻ്റെ കണ്ണുകളിൽ പൊടിഞ്ഞ മിഴിനീർ അവനിലേക്ക് വ്യാപിക്കുന്നതറിഞ്ഞതും പൃഥ്വിയോടുള്ള ഇഷ്ടം കൂടി കൂടി തൻ്റെ ഹൃദയം നിലച്ചു പോകുമോ എന്നവൾ ആശങ്കപ്പെട്ടു... ആ നെഞ്ചോടൊന്നു ചേരാൻ കൊതിച്ച് പ്രയാസപ്പെട്ടെഴുന്നേല്ക്കാൻ ശ്രമിക്കുമ്പോൾ തൻ്റെ മനസ്സറിഞ്ഞതു പോലെ ആ കരങ്ങൾ കരുതലോടെ തന്നെ ചേർത്തു പിടിയ്ക്കുന്നതും ആ നെഞ്ചോടു ചേർക്കുന്നതും ശ്രീനന്ദയറിഞ്ഞു... മിഴികളടച്ച് സ്നേഹവും കരുതലും നിറഞ്ഞ ആ നെഞ്ചിലെ ചൂടേറ്റു കിടന്നപ്പോൾ ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതെ നീണ്ടു പോയിരുന്നെങ്കിലെന്നവൾ ആശിച്ചു പോയി... സംസാരിക്കാനൊരുപാടുണ്ടെങ്കിലും എന്തോ ഒന്ന് തൻ്റെ നാവിനെ കുരുക്കിട്ട് നിർത്തുന്നതറിയുമ്പോൾ മൗന പ്രണയത്തിൻ്റെ ഒരിക്കലും കൊഴിയാത്ത വസന്തമവളുടെ ഹൃദയം ഓരോ നിമിഷവും നെയ്തെടുക്കുകയായിരുന്നു... തന്നെ സ്നേഹിക്കുന്നുണ്ടോ എന്നൊരു ചോദ്യം മാത്രം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നില്ല...

ഇനിയും പൃഥ്വിയോടത് ചോദിക്കുകയുമില്ല.. കാരണം അതിനുത്തരം തനിക്ക് ലഭിച്ച് കഴിഞ്ഞല്ലോ... കണ്ടതാണ് തന്നെ ചേർത്തു പിടിച്ചാ നെഞ്ചോടണച്ചപ്പോൾ ആ മിഴികളിലെ പിടപ്പും പ്രണയത്തിൻ്റെ തീവ്രതയും... താനാണ് അവൻ്റെ ജീവനെന്നും തന്നിലാണവൻ്റെ ജീവിതമെന്നും പറയാതെ പറഞ്ഞപ്പോൾ ആ നെഞ്ചുലഞ്ഞത് മറ്റാരിലും നന്നായി താനറിഞ്ഞതല്ലേ...??!! അതിലും വലിയൊരുത്തരം ഉഴലുന്ന തൻ്റെ ഹൃദയത്തിനാവശ്യമില്ലായിരുന്നു... എത്ര നേരം ആ ഹൃദയമിടിപ്പുകൾ ശ്രവിച്ചങ്ങനെ ഇരുന്നെന്ന് അറിഞ്ഞില്ല... "എ.. എങ്ങനെയാ പൃഥ്വീ മനസ്സിലായത് ഞാൻ അവിടെയുണ്ടെന്ന്...??" അവൻ്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവൾ ചോദിച്ചതും തന്നിലേക്ക് ഒന്നും കൂടി അവളെ അടക്കിപ്പിടിച്ചവൻ... "എൻ്റെ ഫ്രണ്ട് കണ്ടിരുന്നു... നിന്നെ അവൻ കൊണ്ടു പോകുന്നത്.. അവൻ എന്നെ അറിയിച്ചതിനു ശേഷം നിങ്ങളെ ഫോളോ ചെയ്തു വന്നു... അങ്ങനെ നീയുള്ള സ്ഥലം കണ്ടെത്തി... ഇനിയും അതൊന്നും ഓർക്കണ്ട... പിന്നെ ഞാൻ നിനക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം ശ്രീനന്ദാ... മരുന്ന് കഴിക്കാനുള്ളതല്ലേ..." അതും പറഞ്ഞവൻ തന്നെ അല്പനേരത്തിനകം അടർത്തി മാറ്റുമ്പോൾ വല്ലാത്ത നിരാശ തോന്നിയവൾക്ക്...

"പൃഥ്വീ..." ഉള്ളിലെ പരിഭവം അതേ പോലെ വാക്കുകളിൽ ഇടകലർത്തി ധൃതിയിൽ എഴുന്നേല്ക്കാൻ ശ്രമിച്ച് വിളിക്കുമ്പോൾ ശാസനയോടെ മിഴികളൊന്നു ചിമ്മിയവൻ... "തലയിൽ കുറേ സ്റ്റിച്ച് ഉണ്ട് പെണ്ണേ.. മര്യാദയ്ക്ക് റെസ്റ്റ് എടുക്കാൻ നോക്ക്.. ഞാനിപ്പോൾ വരാം... നിന്നെ വിട്ട് എങ്ങും പോവല്ല..." മുഖത്ത് ഗൗരവം നിറച്ചവൻ പറയുമ്പോൾ അറിയാതെ ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞിരുന്നു... അല്പ നേരത്തിനകം ശ്രീനാഥും പവിത്രയും പരിഭ്രമത്തോടെ മുറിയിലേക്ക് കടന്നു ചെല്ലുമ്പോൾ ശ്രീനന്ദ വിശ്രമിക്കുകയായിരുന്നു... "മോളെ ശ്രീക്കുട്ടീ...." തലയിലെ മുറിവിൽ കെട്ടുമായി കവിളുകളിൽ തിണിർത്ത പാടുകളുമായി കിടക്കുന്ന ശ്രീനന്ദയെ കാൺകെ തൻ്റെ ഹൃദയം നിലച്ചതു പോലെ തോന്നി ശ്രീനാഥിന്... പവിത്രയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... ശ്രീനാഥിൻ്റെ സ്വരം കേട്ടതും ശ്രീനന്ദ മുഖം ചെരിച്ച് നോക്കി... അവനെ കാൺകെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "മോളെ... എന്താ.. എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്..??" ശ്രീനന്ദയുടെ അരികിലേക്കിരുന്ന് അവളെ ചേർത്ത് പിടിച്ച് ചോദിക്കുമ്പോൾ അവൻ്റെ മിഴികൾ കലങ്ങിയിരുന്നു...

ശ്രീനാഥ് വേദനയോടെ അവളുടെ ശിരസ്സിലെ മുറിവിലേക്കും കവിളിൽ പതിഞ്ഞിരിക്കുന്ന കൈവിരൽ പാടുകളിലേക്കും നോക്കി... "ആരാ.. ആരാ എൻ്റെ കുട്ടിയെ ഉപദ്രവിച്ചത്...?? ഞാൻ.. ഞാനപ്പോഴേ പറഞ്ഞതല്ലേ ആ പൃഥ്വിയെ വിശ്വസിക്കരുതെന്ന്...!!" കോപത്താൽ വിറച്ചു കൊണ്ടവൻ എഴുന്നേല്ക്കുമ്പോൾ ആ മുഖം കാൺകെ ഭയപ്പെട്ടിരുന്നു പവിത്രയും ശ്രീനന്ദയും... ശ്രീനന്ദ എന്തെങ്കിലും പറയും മുൻപായി തന്നെ ഭക്ഷണം വാങ്ങി മുറിയിലേക്ക് കടന്നു വന്ന പൃഥ്വിയുടെ കോളറിൽ ശ്രീനാഥ് പിടുത്തമിട്ടിരുന്നു... ശ്രീനാഥിൻ്റെ ഇത്തരത്തിലുള്ള ഒരു പ്രതികരണത്തിൻ്റെ പൊരുൾ മനസ്സിലാവാതെ അവനെ ഉറ്റു നോക്കുമ്പോൾ പൃഥ്വിയുടെ മിഴികളിൽ സംശയം നിറഞ്ഞിരുന്നു... "നിന്നെ... നിന്നെ വിളിച്ചപ്പോൾ നീ നിൻ്റെ അമ്മയോട് പറഞ്ഞത് എൻ്റെ ശ്രീക്കുട്ടി ചെറുതായി ഒന്ന് തെന്നി വീണെന്നും ഹോസ്പിറ്റലിൽ ആണെന്നും അല്ലേ..?? അങ്ങനെ വീണതാണെങ്കിൽ എങ്ങനെയാ ഇവളുടെ മുഖത്തൊക്കെ ആരോ അടിച്ചത് പോലെയുള്ള കൈവിരൽ പാടുകൾ വന്നത്..?? നിന്നെ കാണാൻ ആശിച്ച് വന്ന ഇവളെ നീ ഉപദ്രവിച്ചതല്ലേ..?? എന്നിട്ട്.. എന്നിട്ട് നീ തന്നെ ഇവിടെ എത്തിച്ചാൽ രക്ഷപെടാമെന്ന് ധരിച്ചോടാ നീ..???"

ശ്രീനാഥ് കലിയടങ്ങാതെ അവനെ പിടിച്ചുലച്ച് ചോദിച്ചതും കോപത്താൽ ചുവന്ന പൃഥ്വിയുടെ മിഴികൾ തൻ്റെ കോളറിനു മേൽ പിടുത്തമിട്ട ശ്രീനാഥിൻ്റെ കരങ്ങളിലേക്ക് നീണ്ടു.. അവൻ്റെ മുഖം വലിഞ്ഞു മുറുകുന്നതും കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു വരുന്നതും കാൺകെ സർവ്വതും ചുട്ടെരിക്കാൻ പാകത്തിനുള്ള സംഹാര രൂപം പ്രാപിക്കുകയാണോ പൃഥ്വിയെന്ന് ശ്രീനന്ദ ഭയപ്പെട്ടു... ബലമായി അതിലേറെ കോപത്തോടെ ശ്രീനാഥിൻ്റെ കരങ്ങൾ തന്നിൽ നിന്നും വേർപ്പെടുത്തുമ്പോൾ പല്ലു ഞെരിക്കുന്നുണ്ടായിരുന്നു പൃഥ്വി.. ശ്രീനാഥിനെയും ഇത്രമാത്രം ദേഷ്യത്തിൽ കണ്ടിട്ടില്ലാത്ത പവിത്ര ഇരുവരും തമ്മിലൊരു തർക്കമുണ്ടാകുമോ എന്ന് പരിഭ്രമത്തോടെ ചിന്തിച്ചു... ശ്രീനാഥിൻ്റെ കരങ്ങൾ കോപത്തോടെ വീണ്ടും പൃഥ്വിയ്ക്ക് നേരെ നീണ്ടതും തൻ്റെ നിയന്ത്രണവും നഷ്ടമാകുന്നത് പൃഥ്വിയറിഞ്ഞിരുന്നു.. "പൃഥ്വീ...." പൃഥ്വിയുടെ ഭാവമാറ്റം കണ്ടതും അവൻ്റെ അടുത്ത നീക്കം മനസ്സിലാക്കിയ ശ്രീനന്ദ ഇടറുന്ന സ്വരത്താൽ വിളിച്ചു കൊണ്ട് വേണ്ട എന്ന അർത്ഥത്തിൽ ശിരസ്സനക്കി... ഇരുവരും തമ്മിലെ പ്രശ്നമൊരു കൈയ്യാങ്കളിയിലേക്ക് നീളുമോ എന്ന് ഭയപ്പെട്ട ശ്രീനന്ദ പരിഭ്രമത്തോടെ ബെഡിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിച്ചതും ശരീരത്തിൻ്റെ വേദനയാൽ കാലടികൾ ഇടറി... എന്നാൽ താൻ ഓടിയടുക്കും മുൻപേ താഴെ വീഴാൻ ഒരുങ്ങിയ അവളെ ചേർത്തു പിടിയ്ക്കുന്ന പൃഥ്വിയുടെ കരങ്ങളെ കാൺകെ സ്തംഭിച്ചു പോയിരുന്നു ശ്രീനാഥ്...

ശ്രീനന്ദയെ ബെഡിലേക്കിരുത്തി തൻ്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്ന പൃഥ്വിയെ കാൺകെ ശ്രീനാഥിൻ്റെ മനസ്സ് എന്തെന്നില്ലാത്ത സംശയങ്ങൾക്ക് വഴിമാറിയിരുന്നു... "കൂടെ കൊണ്ട് പോയാൽ മാത്രം പോരാ... സംരക്ഷിക്കാൻ കൂടി കഴിയണം...!! ആദ്യം സത്യം എന്താണെന്ന് ഇവളോട് ചോദിച്ച് മനസ്സിലാക്കാൻ നോക്ക്... എന്നിട്ട് രണ്ടിലൊന്ന് തീരുമാനിക്കാം നമ്മുക്ക്..." തങ്ങളിൽ തന്നെ മിഴികൾ നട്ടിരിക്കുന്ന ശ്രീനാഥിനെ നോക്കി സ്വരം കനപ്പിച്ചത് പറയുമ്പോൾ തൻ്റെ നെഞ്ചിൽ ശ്രീനന്ദയുടെ മിഴിനീരിൻ്റെ നനവ് പൃഥ്വി അറിഞ്ഞിരുന്നു... ശ്രീനന്ദയെ തന്നിൽ നിന്നും അടർത്തി മാറ്റി പുറത്തേക്കിറങ്ങുമ്പോൾ നിറകണ്ണുകളോടെ തന്നെ നോക്കുന്ന പവിത്രയെ ഒരുമാത്ര ഒന്നു നോക്കി പൃഥ്വി... ആ കണ്ണുകളിൽ അലയടിക്കുന്നത് തന്നോടുള്ള സ്നേഹമാണെന്ന് മനസ്സിലാക്കാൻ അവൾക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നിരുന്നില്ല... "ഏട്ടാ..." ഹൃദയവേദനയോടെ വിളിച്ചു കൊണ്ട് പൃഥ്വിയെ ചേർത്തു പിടിച്ച് പവിത്ര പൊട്ടിക്കരയുമ്പോൾ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ച് പോയിരുന്നു അവനും.

. ഉള്ളിലെ പകയും വാശിയുമെല്ലാം ഒറ്റ നിമിഷം കൊണ്ട് കെട്ടടങ്ങിയതു പോലെ.. ഒരു വാക്കു പോലും പറയാതെ വെറുതെ പവിത്രയുടെ ശിരസ്സിലൊന്നു തലോടി പൃഥ്വി പുറത്തേക്ക് നടന്നതും ശ്രീനാഥ് വേദനയോടെ ശ്രീനന്ദയ്ക്ക് അരികിലേക്കിരുന്നു... "ഏട്ടാ.. ഏട്ടാ പൃഥ്വിയൊരു തെറ്റും ചെയ്തിട്ടില്ല... ആ മനുഷ്യന് ജീവനാണ് എന്നെ..." ശ്രീനന്ദ തേങ്ങലോടെ പറയുമ്പോൾ ശ്രീനാഥ് അവളെ തന്നെ ഉറ്റു നോക്കി... ശ്രീനന്ദ നിഖിലിനെ പറ്റിയും രാവിലെ അമ്പലത്തിൽ നിന്നിറങ്ങും വഴി അവനെ കണ്ടുമുട്ടിയതിനെ പറ്റിയും പൃഥ്വി തന്നെ രക്ഷിച്ചതിനെ പറ്റിയുമെല്ലാം ശ്രീനാഥിനോട് പറഞ്ഞതും കേട്ടതൊന്നും വിശ്വസിക്കാനാവാതെ തറഞ്ഞ് പോയിരുന്നു ശ്രീനാഥും പവിത്രയും.... മരവിച്ച മനസ്സോടെ ഏറെ നേരമിരിക്കുമ്പോൾ ഉള്ളം പശ്ചാതാപത്താൽ പിടയുന്നത് പോലെ തോന്നി ശ്രീനാഥിന്.. സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ സഹോദരിയോടുള്ള സ്നേഹത്താൽ സ്വാർത്ഥനായി പോയി താൻ... ശ്രീനന്ദയുടെ വാക്കുകളിൽ നിന്നും അവനെ പറ്റി പറയുമ്പോഴുള്ള അവളുടെ മിഴികളുടെ തിളക്കത്തിൽ നിന്നും പൃഥ്വിയ്ക്ക് അവളുടെ ഹൃദയത്തിലുള്ള സ്ഥാനമവൻ തിരിച്ചറിഞ്ഞിരുന്നു.

.. അവളുടെ സന്തോഷം അവനാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ ഇരുവരെയും ഇത്ര നാൾ അകറ്റിയല്ലോ ഞാൻ....!! സ്വയം പഴിക്കുമ്പോൾ അവൻ്റെ മിഴികൾ കലങ്ങിയിരുന്നു... ആ നെഞ്ച് നീറുന്നത് മറ്റാരിലും നന്നായി മനസ്സിലാക്കിയതിനാലാവണം പവിത്ര ഓടിയടുത്തവൻ്റെ കരങ്ങളിൽ ഇറുകെ പിടിച്ചത്... "ഞാൻ.. ഞാൻ തെറ്റ് ചെയ്തല്ലോ പവിയേ..." തൻ്റെ നെഞ്ചിൽ മുഖമമർത്തി കരയുന്ന ശ്രീനാഥിനെ കാൺകെ ഹൃദയം പലതായി പിളരുന്ന പോലെ തോന്നി പവിത്രയ്ക്ക്... "ഞാൻ.. ഞാൻ അറിഞ്ഞില്ല അവനെൻ്റെ കുട്ടിയോട് സ്നേഹമാണെന്ന്.. അല്ല അറിയാൻ ശ്രമിച്ചില്ല...!! ഞാൻ കരുതിപ്പോയി... അവൻ... അവൻ എൻ്റെ ശ്രീക്കുട്ടിയെ വേദനിപ്പിക്കുമെന്ന്..." ശ്രീനാഥിൻ്റെ സ്വരമിടറുന്നത് പവിത്ര നോവോടെ തിരിച്ചറിഞ്ഞു... "സാരമില്ല ശ്രീയേട്ടാ.. എനിക്ക് മനസ്സിലാവും... ശ്രീയേട്ടൻ മനപൂർവ്വം ആരെയും വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല..." അതു പറയുമ്പോൾ സങ്കടത്തോടെ തങ്ങളെ നോക്കുന്ന ശ്രീനന്ദയെ കാൺകെ പവിത്ര മിഴികളൊന്ന് ചിമ്മി... എല്ലാം ശരിയായല്ലോ എന്ന ആശ്വാസത്തോടെ... ഇനിയും ശ്രീനാഥ് തൻ്റെ ഏട്ടനിൽ നിന്നും ശ്രീനന്ദയെ അടർത്തി മാറ്റി എവിടേക്കും കൊണ്ടു പോകാൻ തുനിയില്ല എന്ന ചിന്തയോടെ...

താളം തെറ്റിയ ഹൃദയമിടിപ്പോടെ റൂമിന് പുറത്തേക്കിറങ്ങി വെളിയിലായി നിൽക്കുന്ന പൃഥ്വിയുടെ അരികിലേക്ക് നടക്കുമ്പോൾ കുറ്റബോധത്താൽ നീറിയിരുന്നു ശ്രീനാഥിൻ്റെ മനസ്സ്... പൃഥ്വിയോട് എന്ത് പറയണമെന്നറിയാതെ ഉള്ളം ഉഴലുമ്പോൾ പിൻതിരിഞ്ഞു നിൽക്കുന്നവൻ്റെ ചുമലിലേക്ക് വിറയാർന്ന കരങ്ങൾ ചേർത്തു വെച്ചു ശ്രീനാഥ്... ചുമലിലേറ്റ നനുത്ത സ്പർശനത്താൽ തിരിഞ്ഞു നോക്കിയതും മുൻപിൽ നിൽക്കുന്നവനെ കാൺകെ മങ്ങലേറ്റിരുന്നു പൃഥ്വിയുടെ മുഖത്തിനും മനസ്സിനും... "പൃഥ്വീ... ഞാൻ.. എന്നോട് ക്ഷമിക്കണം... എന്താ പറയേണ്ടതെന്ന് അറിയില്ലെനിക്ക്.. എൻ്റെ ശ്രീക്കുട്ടിയെ രക്ഷിച്ചതിന് എങ്ങനെ.. എങ്ങനെയാ ഞാൻ നന്ദി പറയേണ്ടത്...??" "എൻ്റെ ഭാര്യയെ സംരക്ഷിക്കേണ്ടത് എൻ്റെ കടമ... അതിനാരുടെയും നന്ദി പറച്ചിൽ ആവശ്യമില്ലെനിക്ക്...!!" അവനോട് സംസാരിക്കാനുള്ള താത്പര്യമില്ലായ്മ വാക്കുകളിൽ പ്രകടിപ്പിച്ച് മുഖം തിരിച്ചു കൊണ്ട് കടുപ്പിച്ച സ്വരത്താലത് പറയുമ്പോൾ പൃഥ്വിയുടെ ഉള്ളിൽ വെറുപ്പ് നിറഞ്ഞു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story