പക...💔🥀: ഭാഗം 21

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വിയുടെ പരുക്കൻ സ്വരത്താലുള്ള വാക്കുകൾ കേട്ടതും അവന് തന്നോടുള്ള സമീപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ശ്രീനാഥ് നോവോടെ ചിന്തിച്ചു... "പൃഥ്വീ... ഞാൻ... ഞാൻ പവിത്രയുടെ കാര്യത്തിൽ നിന്നോടെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ..." പറഞ്ഞു തുടങ്ങിയതും ശ്രീനാഥിൻ്റെ സ്വരത്തിലുള്ള ഇടർച്ച തിരിച്ചറിഞ്ഞിട്ടും പൃഥ്വിയുടെ മുഖം വലിഞ്ഞു മുറുകി തന്നെയിരുന്നു... "അതിൽ നീയെന്ത് തെറ്റ് ചെയ്തു ശ്രീനാഥ്...?? എൻ്റെ സഹോദരി അവളുടെ സ്വന്തം ഇഷ്ടത്തിനല്ലേ നിൻ്റെയൊപ്പം വന്നത്..??" അവന് നേരെ ചോദ്യമുന്നയിക്കുമ്പോൾ പൃഥ്വിയുടെ സ്വരം ഉറച്ചതായിരുന്നു... "ഞാൻ കാരണമാണ് പവി നിന്നിൽ നിന്നും അകന്നതെന്ന് ഒരു തോന്നൽ ഉണ്ടോ നിനക്ക്...??" "അതെൻ്റെ തോന്നലല്ലല്ലോ... അതല്ലേ സത്യം...?? പക്ഷേ അതിന് ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല... അവൾ സന്തോഷവതിയായി ഇരിക്കുന്നത് നിൻ്റെയൊപ്പമാണ്... ആ സത്യം ഞാൻ അംഗീകരിച്ചു കഴിഞ്ഞു... പക്ഷേ ഞാൻ താലി കെട്ടിയ എൻ്റെ പെണ്ണിനെ എന്നിൽ നിന്നും നീ അകറ്റിയെടുക്കാൻ ശ്രമിച്ചത് മാത്രം ഞാൻ ക്ഷമിക്കില്ല ശ്രീനാഥ്...!! ഇനിയും നീയതിന് ശ്രമിച്ചാൽ ഞാനത് അനുവദിച്ച് തരികയുമില്ല....!!"

അത്രയും പറഞ്ഞ് അവനുമായി കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ പൃഥ്വി ധൃതിയിൽ ശ്രീനന്ദയുടെ അരികിലേക്ക് നടന്നു... കൊണ്ടുവന്ന ഭക്ഷണപ്പൊതി അഴിച്ച് പൃഥ്വി ശ്രീനന്ദയ്ക്ക് അരികിലേക്കിരുന്നതും അവരുടെ സ്വകാര്യതയിൽ താനൊരു കട്ടുറുമ്പാവാതെയിരിക്കാൻ പവിത്ര പുറത്തേക്ക് പിൻ വലിഞ്ഞു... റൂമിന് പുറത്തേക്ക് വന്നതും വരാന്തയിലായി ഈറൻ മിഴികളോടെ നിൽക്കുന്ന ശ്രീനാഥിനെ കാൺകെ പവിത്രയുടെ ഉള്ളമൊന്നു ഉലഞ്ഞിരുന്നു... പൃഥ്വിയേട്ടൻ ദേഷ്യത്തിലെന്തെങ്കിലും പറഞ്ഞു കാണുമെന്നും അത് ആ മനസ്സിനെ വേദനിപ്പിച്ചിരിക്കുമെന്നും പവിത്ര ഊഹിച്ചു.... "ശ്രീയേട്ടാ..." പവിത്ര അവൻ്റെ ചുമലിലേക്ക് കൈ ചേർത്തതും ശ്രീനാഥ് പിൻ തിരിഞ്ഞു... "നമ്മുക്ക് പോകാം പവീ... മോളെ ലേഖേച്ചീടെ അടുത്താക്കിയിട്ടല്ലേ വന്നത്... മോള് നമ്മളെ കാണാതെ കരയുന്നുണ്ടാവും..." ഇടറുന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് ശ്രീനാഥ് മിഴിനീർ അടക്കി നിർത്തി... "അ.. അപ്പോൾ ശ്രീനന്ദ..?? അവളുടെ അടുത്ത്...?? അമ്മയോട് ഫോൺ വിളിച്ചപ്പോൾ പൃഥ്വിയേട്ടൻ പറഞ്ഞത് ശ്രീനന്ദയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നും അമ്മ ഹോസ്പിറ്റലിലേക്ക് വരണ്ടാന്നും ആണ്...

നമ്മളുടെ കൂടെ വരാമെന്ന് അമ്മ എത്ര പറഞ്ഞിട്ടും പൃഥ്വിയേട്ടൻ അത് സമ്മതിച്ചതുമില്ലല്ലോ... അതു കൊണ്ട് അമ്മ വരുമെന്ന് തോന്നുന്നില്ല... അപ്പോൾ നമ്മൾ വേണ്ടേ അവളുടെ അടുത്ത് നിൽക്കാൻ...??" പവിത്ര പരിഭ്രമത്തിൽ ചോദിച്ചു... "ഇവിടെ നമ്മുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല പവീ... പൃഥ്വിയുടെ സാമീപ്യമാണ് ശ്രീക്കുട്ടി ആഗ്രഹിക്കുന്നത്... അവളെ ശുശ്രൂഷിക്കാൻ അവൻ ഇവിടെ ഉള്ള സ്ഥിതിക്ക് മറ്റാരുടെയും ആവശ്യമില്ല... അത് കണ്ടില്ലേ..??" ശ്രീനന്ദയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന പൃഥ്വിയെ നോക്കി അത് പറയുമ്പോൾ തൻ്റെയുള്ളിൽ ഇത്ര നാളും എരിഞ്ഞിരുന്ന കനലിനല്പം ആശ്വാസം വന്നതു പോലെ തോന്നി ശ്രീനാഥിന്... ''ശ്രീയേട്ടൻ.. ശ്രീയേട്ടൻ ശരിക്കും പറഞ്ഞതാണോ..?? അതോ പൃഥ്വിയേട്ടൻ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞോ..?? അത് മനസ്സിനെ വിഷമിപ്പിച്ചതു കൊണ്ടാണോ ഇവിടുന്ന് പോകാമെന്ന് പറയുന്നത്...??" ശ്രീനാഥിൻ്റെ വാക്കുകൾ കേട്ടതും അവിശ്വസനീയത നിറഞ്ഞിരുന്നു അവളുടെ മിഴികളിൽ.... "പൃഥ്വിയ്ക്ക് എന്നോടുള്ള ദേഷ്യം എന്നെ വേദനിപ്പിക്കുന്നു എന്നത് സത്യമാണ് പവീ... ആ വെറുപ്പും ദേഷ്യവും മാറുമ്പോൾ മാറട്ടെ ഇനിയും...

പിന്നെ ഞാൻ അരെയും കുറ്റപ്പെടുത്തുന്നില്ല... അവൻ്റെ ആ ദേഷ്യം ന്യായമാണ്... കാരണം ഞാനാണ് അവനോട് തെറ്റുകൾ ചെയ്തത്... പിന്നെ ഇപ്പോൾ ഇവിടുന്ന് പോകാമെന്ന് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല... ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് ശ്രീക്കുട്ടിയെ ഞാൻ ഏൽപ്പിച്ചു പോകുന്നത് എന്നെനിക്കുറപ്പുള്ളതു കൊണ്ടാണ്..." ശ്രീനാഥ് പുഞ്ചിരിയോടെ അതും പറഞ്ഞ് പവിത്രയുടെ തോളിൽ തട്ടിക്കൊണ്ട് റൂമിലേക്ക് നടന്നു... തനിക്ക് നേരെ നടന്നടുക്കുന്ന ശ്രീനാഥിനെ കാൺകെ ശ്രീനന്ദയുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു.. എന്നാൽ പൊടുന്നനെ പൃഥ്വിയുടെ മുഖം ഇരുണ്ടത് ഏവരും ശ്രദ്ധിച്ചിരുന്നു... "ഏട്ടൻ പോവാ മോളെ... വന്ദൂട്ടിയെ അടുത്ത അപ്പാർട്ട്മെൻ്റിലെ ചേച്ചിയുടെ അടുത്ത് ഏൽപ്പിച്ചിട്ടാ വന്നത്... നേരം ഏറെയായില്ലേ... മോള് ചിലപ്പോൾ വഴക്കുണ്ടാക്കും..." ശ്രീനന്ദയുടെ ചുമലിൽ കരങ്ങൾ ചേർത്തു കൊണ്ട് ശ്രീനാഥ് പറഞ്ഞതും അവൾ പുഞ്ചിരിയോടെ ശിരസ്സനക്കി... "ഏട്ടാ.. ഏട്ടൻ പവിത്രയേയും വന്ദൂട്ടിയേയും കൊണ്ട് വീട്ടിലേക്ക് വരണേ..." ശ്രീനാഥും പവിത്രയും പോകാൻ ഇറങ്ങിയതും ശ്രീനന്ദ വിളിച്ചു പറഞ്ഞത് കേൾക്കെ പൃഥ്വി മിഴികൾ കൂർപ്പിച്ചവളെ നോക്കി....

എന്നാൽ ആ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് വരണേ എന്ന അർത്ഥത്തിൽ ശ്രീനന്ദ ശ്രീനാഥിനെ വീണ്ടും നോക്കിയതും അവൻ്റെ മിഴികൾ മുഖം തിരിച്ചിരിക്കുന്ന പൃഥ്വിയിലേക്ക് ഒരുമാത്ര നീണ്ടു... ശേഷം പ്രതീക്ഷയോടെ തന്നെ നോക്കുന്ന ശ്രീനന്ദയെ നിരാശപ്പെടുത്താൻ ആവാത്തതിനാൽ പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ടവൻ പവിത്രയുമായി പുറത്തേക്ക് നടന്നു... ശ്രീനാഥിനൊപ്പം നടക്കുമ്പോഴും പൃഥ്വിയുടെ പെരുമാറ്റം ഒരു നോവായി പവിത്രയുടെ ഉള്ളിൽ അവശേഷിച്ചു... എങ്കിലും അവൻ എല്ലാം മറന്ന് ഒരുനാൾ തന്നെയും ശ്രീയേട്ടനെയും അംഗീകരിക്കും എന്ന പ്രതീക്ഷയോടെ അവൾ ശ്രീനാഥിൻ്റെ കരങ്ങളെ ചേർത്തു പിടിച്ചു... ചെറുപുഞ്ചിരിയോടെ വാതിലിനരികിൽ നിന്നും മിഴികൾ പിൻവലിച്ച് പൃഥ്വിയെ നോക്കുമ്പോൾ ആ മുഖം വലിഞ്ഞു മുറുകിയതു ശ്രീനന്ദയറിഞ്ഞിരുന്നു.... "അത് പിന്നെ... നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് കരുതി എനിക്ക് എൻ്റെ ഏട്ടനെ കാണാതിരിക്കാൻ പറ്റുമോ പൃഥ്വീ...?? ആ പാവം എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാ ഇങ്ങനെയൊക്കെ ചെയ്തത്... അല്ലാതെ നിങ്ങളോട് ഏട്ടന് ഒരു ദേഷ്യവുമില്ല... സത്യാവസ്ഥ എന്താണെന്ന് മനസ്സിലായപ്പോൾ കുറ്റബോധത്താൽ ആ മനസ്സ് നീറുന്നത് കണ്ടതാ ഞാൻ...

നിങ്ങളോട് ക്ഷമ പറയാൻ വേണ്ടി ഏട്ടൻ പുറത്തേക്ക് വന്നിരുന്നു... അപ്പോൾ നിങ്ങൾ ദേഷ്യപ്പെട്ട് കാണുമല്ലേ..?? അതാണെന്ന് തോന്നുന്നു ഏട്ടൻ വേഗം പോയത്.." തന്നെ ശാന്തമാക്കാൻ വേണ്ടി ശ്രീനന്ദ പറഞ്ഞത് കേട്ടിട്ടും പൃഥ്വിയിൽ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല... അവനോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല എന്ന് മനസ്സിലായതിനാലാവണം ശ്രീനന്ദ പിന്നീട് മൗനം പാലിച്ചത്... മറുപടിയൊന്നും പറയാതെയവൻ തനിക്ക് നേരെ ഒരുരുള ചോറ് നീട്ടിയതും ശ്രീനന്ദ അത് കഴിച്ചു... "ഒരുപാട് വേദനിച്ചോ നിനക്ക്..??" താൻ ഭക്ഷണം മുഴുവനും കഴിച്ചതിനു ശേഷം തന്നെ ചേർത്തു പിടിച്ചാ ചോദ്യം ചോദിക്കവേ ആ കണ്ണുകൾ കലങ്ങിയത് ശ്രീനന്ദ നോവോടെ തിരിച്ചറിഞ്ഞു... "ആ നിഖിലിൻ്റെ ശരീരത്തിൽ ഒരു തുള്ളി പ്രാണൻ ബാക്കി വെയ്ക്കാതെ തല്ലി ചതച്ചു അല്ലേ..??" എന്തോ അവൻ്റെ ചോദ്യത്തിന് ചെറുചിരിയോടെ അങ്ങനെയൊരു മറു ചോദ്യമുന്നയിക്കാനാണ് ശ്രീനന്ദയ്ക്ക് തോന്നിയത്... "ങും... ഇത് ഞാൻ അന്നേ ചെയ്തിരുന്നെങ്കിൽ ഇന്നിങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു... അവന് ഒരവസരം കൊടുത്തതാ എൻ്റെ തെറ്റ്...!!" പറഞ്ഞവസാനിപ്പിക്കുമ്പോൾ തൻ്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ചവൻ്റെ ഓർമ്മയിൽ പൃഥ്വിയുടെ മിഴികളിൽ പകയെരിഞ്ഞു...

"പക്ഷേ... ഇങ്ങനെയൊക്കെ സംഭവിച്ചത് നന്നായി..." അതു പറയുമ്പോൾ പുഞ്ചിരിയോടെ പൃഥ്വിയെ ഒന്നു നോക്കിയവൾ.... "അതു കൊണ്ടല്ലേ ഈ ചങ്ക് നിറയെ ഞാനാണെന്ന് എനിക്കുറപ്പിക്കാൻ സാധിച്ചത്.. ഈ മിഴികളിലെ പ്രണയത്തിൻ്റെ തീവ്രതയും എൻ്റെ നാമത്തിൽ മിടിക്കുന്ന ഈ ഹൃദയത്തുടിപ്പുകളെയും തിരിച്ചറിയാൻ സാധിച്ചത്...!! അല്ലെങ്കിൽ ഇനിയൊരിക്കലും കൂട്ടി യോജിപ്പിക്കാനാവാത്ത രണ്ട് കണ്ണികളായി ഞാനും എൻ്റെ പ്രണയവും എന്നന്നേക്കുമായി ഇരു ധ്രുവങ്ങളിൽ സഞ്ചരിച്ചേനേം..." സംശയത്തോടെയുള്ള ആ നോട്ടത്തിനു മറുപടിയായി അതു പറഞ്ഞവസാനിപ്പിക്കുമ്പോൾ കൺകോണിൽ പടർന്ന നനവ് അവൻ കാണാതിരിക്കാനവൾ നന്നേ പ്രയാസപ്പെട്ടു.... ആ വാക്കുകൾ തൻ്റെ ഹൃദയത്തിൽ നോവായി പടരുന്നത് പൃഥ്വിയറിഞ്ഞു... പൊടുന്നനെ ശ്രീനന്ദയുടെ മുഖം പിടിച്ചുയർത്തി നെറ്റിയിൽ പൃഥ്വി ചുണ്ടമർത്തിയതും ഒരു നിശ്വാസത്തിനപ്പുറം കൊരുത്ത മിഴികൾ അവളുടെ ശ്വാസഗതിയെ പിടിച്ചുലച്ചിരുന്നു...

ആ നിമിഷത്തിൽ തൻ്റെ കവിളിലെ നുണക്കുഴികൾ ജീവിതത്തിലാദ്യമായി പേരറിയാത്തൊരു അനുഭൂതിയാൽ നാണത്തിൻ്റെ ചുവപ്പു കലകൾ തീർക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു... 🥀🥀🥀🥀🥀🥀🥀 ഡിസ്ചാർജ് ആയി വീട്ടിൽ ചെന്നതിനു ശേഷമാണ് ലക്ഷ്മിയമ്മയോട് എല്ലാം പറഞ്ഞത്... എല്ലാം കേട്ടതും അവർ നിറമിഴികളോടെ ശ്രീനന്ദയെ ചേർത്തു പിടിച്ചു... ശ്രീനന്ദയ്ക്ക് ഏറ്റ പരിക്കുകൾ കാണെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നിയവർക്ക്... ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ അവർ അത്ര മാത്രം ശ്രീനന്ദയെ ഹൃദയത്തോട് ചേർത്തിരുന്നു.... "ഇനിയും എവിടേക്കും പോകണ്ട എൻ്റെ കുട്ടി... എങ്ങോട്ടും വിടില്ല ഞാൻ നിന്നെ...." അതും പറഞ്ഞ് തന്നെ അടക്കിപ്പിടിച്ച് കരയുന്ന ആ അമ്മയെ കാൺകെ ശ്രീനന്ദയ്ക്ക് വല്ലാത്ത വേദന തോന്നി... "അമ്മ ഒന്നും അറിഞ്ഞില്ല... നീ ചെറുതായി ഒന്നു വീണെന്നു മാത്രമാണ് ഇവൻ പറഞ്ഞത്... ഞാനറിഞ്ഞില്ല എൻ്റെ കുട്ടീ ഇത്രയൊക്കെ സംഭവിച്ചത്... ഇവനൊട്ട് സമ്മതിച്ചതുമില്ല ഹോസ്പിറ്റലിലേക്ക് വരാൻ... നിൻ്റെ അരികിൽ നിൻ്റെ ഏട്ടനും പവിയുമൊക്കെ ഉണ്ടെന്നു പറഞ്ഞു.." ലക്ഷ്മിയമ്മയുടെ സ്വരമിടറുന്നതും ആ നെഞ്ചുലയുന്നതും ശ്രീനന്ദയറിഞ്ഞിരുന്നു...

ഇതേ പോലൊരു അമ്മയെ കിട്ടിയ പൃഥ്വിയും പവിത്രയും എത്ര മാത്രം ഭാഗ്യം ചെയ്തവരാണെന്ന് അവൾ ഓർത്തു... "മോള് മുറിയിലേക്ക് ചെന്ന് വിശ്രമിക്ക്.. അമ്മ ഭക്ഷണവുമായി വന്നേക്കാം..." അതും പറഞ്ഞ് ലക്ഷ്മിയമ്മ നടന്നകലുമ്പോൾ എന്തോ സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു മിഴികൾ വല്ലാതെ നിറയുന്നു.... മുഖം ചെരിച്ച് പൃഥ്വിയെ നോക്കുമ്പോൾ ആ കണ്ണുകളും തന്നിൽ തന്നെയാണ്... കരുതലോടെയുള്ള ആ നോട്ടത്തിൽ പേരറിയാത്തൊരു വികാരം ഹൃദയത്തെ മൂടുന്നതും മിഴികൾ പിടയുന്നതും ഹൃദയം ഉച്ചത്തിൽ മിടിക്കുന്നതുമെല്ലാം ശ്രീനന്ദയറിഞ്ഞിരുന്നു... മുറിവ് പൂർണ്ണമായും ഭേദമായിട്ടില്ലാത്തതിനാൽ തന്നെ കംപ്ലീറ്റ് വിശ്രമമാണ് ഡോക്ടർ റെക്കമെൻ്റ് ചെയ്തത്... അല്ലെങ്കിൽ തന്നെ ഇവിടെ തനിക്ക് കാര്യമായ പണിയൊന്നുമില്ലെന്ന് ശ്രീനന്ദയോർത്തു... വാതിൽപ്പടിയിലേക്ക് മിഴികൾ നട്ട് ബെഡിലേക്ക് ചാഞ്ഞിരുന്നത് പൃഥ്വിയെ പ്രതീക്ഷിച്ചായിരുന്നു.. ആ സാമീപ്യവും കരുതലും എത്ര അനുഭവിച്ചിട്ടും മതിയാവാത്തതു പോലെ... ഒരുപക്ഷേ ഇതാവും പവിത്ര പറഞ്ഞ ആ പ്രണയം എന്ന വികാരം...

ശരീരത്തെ ക്ഷീണം കീഴ്പ്പെടുത്തുമ്പോഴും ആ മുഖമൊന്നു കാണാത്തതിനാൽ കൺപോളകൾ തൻ്റെ നിദ്രയെ തടഞ്ഞു വെയ്ക്കുന്നത് ശ്രീനന്ദയറിഞ്ഞു... കഴിഞ്ഞ ദിവസങ്ങളിലത്രെയും ആ സാമീപ്യവും സ്നേഹവും ആവോളം അനുഭവിക്കുമ്പോൾ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് വിവാഹത്തിനു മുൻപ് പൃഥ്വിയെ കാൺകെ താൻ മുഖം തിരിച്ച് നടക്കുമ്പോൾ ആ മിഴികളിൽ നിറഞ്ഞത് പകയല്ല മറിച്ച് സ്നേഹമോ ഇഷ്ടമോ വല്ലോം ആയിരിക്കുമെന്ന്.... താനത് തിരിച്ചറിയാഞ്ഞതാവുമോ...?? പക്ഷേ അന്ന് ഏട്ടൻ്റെ മുൻപിൽ വെച്ച് പക വീട്ടാൻ മാത്രമാണ് തന്നെ വിവാഹം കഴിച്ചതെന്ന് പൃഥ്വി വിളിച്ചു പറഞ്ഞപ്പോഴും തന്നെ ഒരുമാത്ര പോലും തിരിച്ചു വിളിക്കാതിരുന്നപ്പോഴും പിടഞ്ഞു വീണു മരിച്ചാൽ മതിയെന്നു തോന്നിപ്പോയി....!! ഓർമ്മകളുടെ നിഴലനക്കങ്ങളിൽ അവളുടെ ഹൃദയം വല്ലാതെ ഉലഞ്ഞു... "പാവം ഏട്ടനും പവിത്രയും... പൃഥ്വിയുടെ പെരുമാറ്റത്തിൽ നല്ല ദു:ഖമുണ്ട് ഇരുവർക്കും... എൻ്റെ ഏട്ടന് പവിത്രയെ എന്ത് സ്നേഹമാണ്... അവൾക്കും തിരിച്ചങ്ങനെ തന്നെ... ഏട്ടനെന്ന് വെച്ചാൽ ജീവനാണ് പവിത്രയ്ക്ക്... ഇത്രനാളും താനവിടെ ഉണ്ടായിട്ടും ഒരിക്കൽ പോലും ഏട്ടനും പവിത്രയും തമ്മിൽ വഴക്കിടുന്നത് കണ്ടിട്ടില്ല...

ജീവിക്കുവാണെങ്കിൽ അവരെ പോലെ പരസ്പരം മനസ്സിലാക്കിയും പ്രണയിച്ചും ജീവിക്കണം... അതേ പോലെ വന്ദൂട്ടി.. അവളായിരുന്നു ഉള്ളിലെ നോവുകൾക്കിടയിലും ഒന്നു പുഞ്ചിരിക്കാൻ ഏക കാരണം.. അത്രമാത്രം അടുത്തിരുന്നു താനും വന്ദൂട്ടിയും... അവളെ കാണാതെ ഇരിക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്... അതേ പോലൊരു വാവയെ തനിക്കും കിട്ടിയിരുന്നെങ്കിൽ....!!" ചിന്തകൾ കാടു കയറിയതും ശ്രീനന്ദ പൊടുന്നനെ നാവ് കടിച്ചു... "ശെ! എന്തൊക്കെയാ താനീ ചിന്തിച്ചു കൂട്ടുന്നത്...?? പൃഥ്വിയെങ്ങാനും കേട്ടാൽ എന്തു വിചാരിക്കും...?? പൃഥ്വിയ്ക്ക് സ്നേഹമൊക്കെ ഉണ്ടെങ്കിലും ആളത്ര റൊമാൻ്റിക് അല്ലെന്ന് തോന്നുന്നു... അന്ന് തന്നെ അങ്ങനെയൊക്കെ ദേഷ്യത്തിൽ പറഞ്ഞ് തറയിൽ കിടക്കാൻ പോയോണ്ടാണ് ഒരുമ്മയെങ്കിലും വെച്ചത്..." നിരാശയോടെ പറഞ്ഞു കൊണ്ട് മുഖം തിരിച്ചതും ഒറ്റയ്ക്കിരുന്നു പിറുപിറുക്കുന്ന തന്നെ നോക്കി ഗൗരവത്താൽ കരങ്ങൾ മാറിൽ പിണച്ചു വെച്ചു നിൽക്കുന്ന പൃഥ്വിയെ കാൺകെ ശ്വാസം നിലച്ചതു പോലെ തോന്നിയവൾക്ക്....!!

ദൈവമേ... ഇയാൾ എപ്പോൾ വന്നു..?? പറഞ്ഞതെല്ലാം കേട്ടു കാണുമോ ഇനീം..??!! പരിഭ്രമത്തോടെ ഓർത്തു കൊണ്ട് മുഖമുയർത്തുമ്പോൾ ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന പൃഥ്വിയെ കാൺകെ ചുണ്ടിൽ ഒരു ചിരി വരുത്താനവൾ തന്നേ പ്രയാസപ്പെട്ടു... മീശ പിരിച്ചു കൊണ്ടവൻ പ്രത്യേക ഭാവത്തോടെ തനിക്ക് നേരെ നടന്നടുത്തതും ഭീതിയോടെ ഉമിനീരിറക്കിയവൾ... പൃഥ്വിയുടെ മുഖം തനിക്ക് നേരെ അടുത്തതും ഒരു നിശ്വാസത്തിൻ്റെ പോലുമകലമില്ലാതെ നിൽക്കുന്നവൻ്റെ ചൂടിൽ അവൾ പിടഞ്ഞു പോയിരുന്നു... ഈശ്വരാ... എൻ്റെ തല പൊട്ടിപ്പൊളിഞ്ഞിരിക്കുവാന്ന് ഇങ്ങേര് മറന്നു പോയോ..?? പരിഭ്രമത്തോടെ ചിന്തിക്കുമ്പോൾ ആ ശ്വാസനിശ്വാസങ്ങൾ അവൾ അറിയുന്നുണ്ടായിരുന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story