പക...💔🥀: ഭാഗം 23

paka

രചന: ഭാഗ്യ ലക്ഷ്മി

വന്ദൂട്ടിയെ കണ്ടു കഴിഞ്ഞാൽ ഒരുപക്ഷേ പൃഥ്വിയ്ക്ക് ഏട്ടനോടും പവിത്രയോടുമുള്ള ദേഷ്യം മാറില്ലേ...?? അപ്പോൾ മോളെ ഇവിടേക്ക് കൊണ്ടുവരണം... ശ്രീനന്ദ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് മിഴികൾ ഇറുക്കിയടച്ചു... പകൽ രാത്രിക്ക് വഴി മാറി... "മോളിവിടെ ഇരുന്ന് കഴിക്ക്... നിനക്ക് വയ്യാതിരിക്കുവല്ലേ കുട്ടീ..?? അമ്മ ഭക്ഷണം വിളമ്പിക്കോളാം..." ലക്ഷ്മിയമ്മ സ്നേഹം നിറഞ്ഞ ശാസനയോടെ ശ്രീനന്ദയോട് പറഞ്ഞതും അവൾ ഒരു ചിരിയോടെ അവരെ നോക്കി... "എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ലമ്മേ... അത്രയ്ക്ക് കരുതലോടെയല്ലേ ഈ കഴിഞ്ഞ ദിവസങ്ങളിൽ അമ്മയുടെ മകൻ എന്നെ നോക്കിയത്..." ചുണ്ടിലൂറി വന്ന അതേ പുഞ്ചിരിയോടെയവൾ പ്ലേറ്റ് ടേബിളിൻ്റെ പുറത്തേക്ക് വെച്ചു... "നിൽക്ക് അമ്മ പോയി വെള്ളം എടുത്തിട്ട് വരാം..." ലക്ഷ്മിയമ്മ പറഞ്ഞതും ശ്രീനന്ദ തലയാട്ടിക്കൊണ്ട് ചോറ് വിളമ്പാൻ തുടങ്ങി... ചുറ്റിനും ആരുമില്ലെന്ന് കണ്ടതും പൃഥ്വി സ്റ്റെയർ ഇറങ്ങിക്കൊണ്ട് കുസൃതി ചിരിയാലെ അവളുടെ ചാരേക്ക് നടന്നു.... ഇളം നീല നിറത്തിലുള്ള കോട്ടൺ സാരിയാണ് അവളുടെ വേഷം... തലമുടി ലൂസായി പിന്നിയിട്ടിട്ടുണ്ട്...

നെറുകയിലെ സിന്ദൂരവും പുരികകൊടികൾക്കിടയിലെ കുഞ്ഞു കറുത്ത പൊട്ടുമാണ് വദനത്തിലെ ആകെ അലങ്കാരം... പൃഥ്വിയുടെ മിഴികൾ ഒരുവേള അവളിൽ തന്നെ ഉടക്കി നിന്നു... എനിക്ക് മുഖം തരാതെ നടക്കുവാണല്ലേ നീ...?? അല്ലെങ്കിൽ ഞാൻ പുറത്ത് പോയി വന്നിട്ട് ഇത്ര നേരമായിട്ടും ഒന്നു മുറിയിലേക്ക് വരണ്ടതല്ലേ...?? അമ്മയെ തന്നെ ചുറ്റിപ്പറ്റി നില്ക്കുവാണല്ലേ...?? ങും കാണിച്ചു തരാം... അവൻ മീശ പിരിച്ചു കൊണ്ട് ചുണ്ടിലൂറി വന്ന ചിരി മായ്ക്കാതെ ചിന്തിച്ചു.... പൊടുന്നനെ പിന്നിൽ നിന്നും ഇരു കരങ്ങൾ തൻ്റെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നെ എടുത്തുയർത്തിയതും ശ്രീനന്ദ പരിഭ്രമത്തോടെ കുതറി മാറാൻ നോക്കി.... ഒച്ച വെയ്ക്കാൻ തുടങ്ങിയതും ചെവിയിടുക്കിൽ പതിഞ്ഞ ചുടു നിശ്വാസങ്ങൾ ആ സ്പർശനത്തിൻ്റെ ഉടമയെ അവൾക്ക് മനസ്സിലാക്കി കൊടുത്തു... അവളുടെ ഉള്ളിൽ പേരറിയാത്തൊരു വെപ്രാളവും പരവേശവും നിറഞ്ഞു... "പൃഥ്വീ... എന്താ ഇത്...?? വിട്ടേ.. അമ്മ.. അമ്മ ഇപ്പോൾ വരും..." ശ്രീനന്ദ പരിഭ്രാന്തിയാൽ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു കൊണ്ട് കുതറി മാറാൻ ശ്രമിച്ചപ്പോഴും അവൻ്റെ കരവലയങ്ങൾ അവളിൽ അല്പം കൂടി മുറുകിയതല്ലാതെ തെല്ലും അയഞ്ഞില്ല...

ചെറുതായി പുഞ്ചിരിച്ചു കൊണ്ടവൻ ചുണ്ടുകൾ ആ പിൻകഴുത്തിൽ ചേർത്തവളെ പൊക്കിയെടുത്തു കൊണ്ട് സ്റ്റെയറിൻ്റെ മറവിലേക്ക് കൊണ്ടു നിർത്തി.... "എ.. എന്താ പൃഥ്വീ ഇത്...??" ഇടുപ്പിൽ പിടിച്ചവളെ പൃഥ്വി തന്നിലേക്കടുപ്പിച്ചതും ശ്രീനന്ദയുടെ മിഴികൾ പിടഞ്ഞു... "ദേ പൃഥ്വീ ഞാൻ ഒച്ച വെയ്ക്കും കേട്ടോ... അ.. അമ്മ അടുക്കളയിൽ ഉണ്ട്.. പിന്നെ പുറത്ത് മൂന്നാല് പണിക്കാരും..." അവൻ പ്രത്യേക ഭാവത്തിൽ താടിയുഴിഞ്ഞു കൊണ്ട് മുഖം തൻ്റെ മുഖത്തോട് അടുപ്പിച്ചതും ശ്രീനന്ദ വിറയലോടെ പറഞ്ഞു... "ആഹ്... അന്നാൽ നീ ഒച്ച വെയ്ക്ക്..." അവൻ കുറുമ്പോടെ പറഞ്ഞു കൊണ്ട് വിരലുകൾ കൊണ്ടവളുടെ ഇടുപ്പിൽ അമർത്തിയതും ശ്രീനന്ദയുടെ ചെന്നിയിലൂടെ വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങി... "പൃഥ്വീ ഞാൻ... ഞാൻ ശരിക്കും പറഞ്ഞതാ... ഞാൻ ഒച്ച വെയ്ക്കും കേട്ടല്ലോ..." അത് പറയുമ്പോൾ തൊണ്ട വറ്റി വരളും പോലെ തോന്നിയവൾക്ക്... "അതല്ലേ ഞാനും പറഞ്ഞത്... നീ എത്ര വേണേലും ഒച്ച വെച്ചോടീ..."

പൃഥ്വി കൂസലില്ലാതെ പറഞ്ഞു കൊണ്ട് അവളുടെ ഇടുപ്പിൽ കൂടി വിരലുകൾ ചലിപ്പിച്ചു... "മോളെ നന്ദേ..." വെള്ളവുമായി വന്നതും ശ്രീനന്ദയെ ചുറ്റും കാണാഞ്ഞതിനാൽ ലക്ഷ്മിയമ്മ ടേബിളിനരികിൽ നിന്നു കൊണ്ട് വിളിച്ചു... ലക്ഷ്മിയമ്മയുടെ ശബ്ദം കേട്ടതിനാൽ ശ്രീനന്ദ ഒച്ച വെയ്ക്കാൻ തുടങ്ങിയതും പൊടുന്നനെ പൃഥ്വിയവളുടെ അധരങ്ങളെ തൻ്റെ അധരങ്ങളുമായി കോർത്തു... ആ നിമിഷത്തിൽ ദേഹമാകെ ഒരു പെരുപ്പ് പടരുന്നതവളറിഞ്ഞു... "നന്ദേ മോളെ... എവിടെ പോയി ഈ കുട്ടി...?? ഇനിയും മുറിയിലേക്ക് പോയോ അവൾ...??" ലക്ഷ്മിയമ്മ ചുറ്റിനും നോക്കി... എന്നാൽ അവളെ വിടാൻ കൂട്ടാക്കാതെ അവളുടെ അണി വയറിലൂടെ വിരലുകൾ ചലിപ്പിച്ചവൻ അവളുടെ അധരങ്ങളിൽ ഗാഢമായി ചുംബിച്ചു കൊണ്ടിരുന്നു...ശ്രീനന്ദ ഒന്നുയർന്നു പൊങ്ങി... വിരലുകൾ പൃഥ്വിയുടെ മേൽ മുറുകി... അവൾക്ക് ശ്വാസം വിലങ്ങുന്നതു പോലെ തോന്നിയതിനാൽ ഏറെ നേരത്തിനു ശേഷം പൃഥ്വിയവളെ മോചിപ്പിച്ചതും കുറുമ്പ് നിറഞ്ഞ ആ നോട്ടത്തെ നേരിടാനാവാതെയവൾ വിവശയായിരുന്നു... കവിളുകൾ നാണത്തിൻ്റെ ചുവപ്പു കലകൾ തീർക്കുമ്പോൾ അവൾ പിടച്ചിലോടെ അവനിൽ നിന്നും മുഖം തിരിച്ചു... ഒരുവേള അവൾക്ക് തൻ്റെ ശരീരം തളരും പോലെ തോന്നി... ഊർന്നു പോകാൻ തുടങ്ങിയവളെ അവൻ തന്നിലേക്ക് ചേർത്തു പിടിച്ചു.. "എന്തേ നന്ദേ ഒച്ച വെക്കണോ..??"

ചെവിയിടുക്കിൽ ചുടു നിശ്വാസത്തിനൊപ്പം പതിഞ്ഞ ചിരിയോടെയുള്ള സ്വരം കേട്ടതുമവൾ മിഴികൾ ഇറുക്കിയടച്ചു... തൻ്റെ മൂർദ്ധാവിൽ അമർത്തി ചുംബിക്കുന്നതിനൊപ്പം പൃഥ്വിയുടെ കരങ്ങൾ മെല്ലെ അയഞ്ഞതും ശ്രീനന്ദ അവൻ്റെ മുഖത്തേക്ക് നോക്കാതെ ധൃതിയിൽ ലക്ഷ്മിയമ്മയുടെ അടുക്കലേക്ക് നടന്നു... "ആഹ് മോളിത് എവിടെ പോയി കിടക്കുവായിരുന്നു...?? ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ട്..." ലക്ഷ്മിയമ്മ പറഞ്ഞതും അവരുടെ മുഖത്തേക്ക് നോക്കാതെ തലയനക്കുമ്പോൾ ഒരുവേള താളം തെറ്റിയ തൻ്റെ ശ്വാസഗതിയെ നേരെയാക്കാൻ പ്രയാസപ്പെടുകയായിരുന്നവൾ... "എന്ത് പറ്റി മോളെ..?? എന്താ നിൻ്റെ മുഖം വല്ലാതെ ഇരിക്കുന്നത്..?? കണ്ണൊക്കെ കലങ്ങിയതു പോലെ... എന്തെങ്കിലും വയ്യായ്ക ഉണ്ടോ നിനക്ക്..??" ലക്ഷ്മിയമ്മ പരിഭ്രമത്തോടെ അവളെ ചേർത്തു നിർത്തി ചോദിച്ചതും ഒന്നുമില്ല എന്ന മട്ടിൽ ശ്രീനന്ദ മിഴികൾ ചിമ്മി... "എങ്കിൽ ശരി മോള് മുറിയിൽ പോയി ദേവനെ വിളിച്ചിട്ട് വാ..." അത് കേട്ടതും ശ്രീനന്ദയുടെ വിരലുകൾ പരിഭ്രമത്തോടെ സാരിത്തലപ്പിൽ മുറുകി... "അ.. അത് അമ്മേ പൃഥ്വി വന്നോളും... ഞാൻ കുറച്ച് മുൻപ് ചെന്ന് വിളിച്ചതാ... വാ നമ്മുക്ക് കഴിക്കാം..."

അതും പറഞ്ഞ് ധൃതിയിലൊരു കസേര വലിച്ചിരിക്കുമ്പോൾ പൃഥ്വി വരുന്നതിനു മുൻപ് എങ്ങനെയെങ്കിലും കഴിച്ചിട്ട് എഴുന്നേല്ക്കണമെന്നേ അവൾക്കുണ്ടായിരുന്നുള്ളൂ... എന്നാൽ അവളുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചു കൊണ്ട് പൃഥ്വി അവളുടെ എതിരെയായി വന്നിരുന്നതും ഒരിക്കൽക്കൂടി ശ്വാസം വിലങ്ങും പോലെ തോന്നി ശ്രീനന്ദയ്ക്ക്... "ഞാൻ വന്നമ്മേ.. അമ്മ വിളമ്പിക്കോ..." ശ്രീനന്ദയെ ഒന്നു നോക്കിക്കൊണ്ടവൻ ലക്ഷ്മിയമ്മയോട് പറഞ്ഞതുമവൾ മുഖമുയർത്താതെ പ്ലേറ്റിലേക്ക് തന്നെ തല താഴ്ത്തി.... അവളുടെ പിടയ്ക്കുന്ന മിഴികളും വിറയ്ക്കുന്ന അധരങ്ങളും വെപ്രാളത്തിൽ തീർത്ത മുഖ ഭാവങ്ങളും കാൺകെ പൃഥ്വിയ്ക്ക് ചിരി വന്നിരുന്നു.... "എന്താ മോളെ നീയൊന്നും കഴിക്കാത്തത്...??" ചിന്തയിലാണ്ട് കൊണ്ട് വെറുതെ പ്ലേറ്റിലൂടെ വിരലുകൾ പായിച്ചിരിക്കുന്ന ശ്രീനന്ദയെ നോക്കി ലക്ഷ്മിയമ്മ ചോദിച്ചതും അവൾ ഞെട്ടലോടെ മുഖമുയർത്തി... "അത്.. അതമ്മേ..." അവൾ വാക്കുകൾക്കായി പരതി... "നന്ദയ്ക്ക് വയറു നിറഞ്ഞെന്നു തോന്നുന്നു... അല്ലേ നന്ദേ..??" ശ്രീനന്ദ പറഞ്ഞു തുടങ്ങിയതും പുരികമുയർത്തി അടക്കിപ്പിടിച്ച ചിരിയോടെയത് പൃഥ്വി ചോദിച്ചു കഴിഞ്ഞിരുന്നു...

"അതെന്തു പറ്റി..?? നീ വേറെ വല്ലതും കഴിച്ചോ..?" ലക്ഷ്മിയമ്മ ചോദിച്ചതും ശ്രീനന്ദ മിഴികൾ കൂർപ്പിച്ചു പൃഥ്വിയെ ഒന്നു നോക്കി... "ഒന്നുമില്ലമ്മേ ഞാൻ കഴിച്ചോളാം.. തൊണ്ട വറ്റിയതു പോലെ എനിക്ക്... കുറച്ച് വെള്ളം കുടിക്കട്ടെ ആദ്യം..." ശ്രീനന്ദ അതും പറഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കാൻ എടുത്തതും അവൾ സമാധാനത്തിൽ കഴിക്കട്ടെന്ന് കരുതി പൃഥ്വി ധൃതിയിൽ എഴുന്നേറ്റു... ''എന്തായാലും കിടക്കാൻ നീ മുറിയിലേക്ക് വരുമല്ലോ നന്ദേ..." പോകും മുൻപ് ചിരിയോടെയവൻ തൻ്റെ ചെവിയിടുക്കിൽ മന്ത്രിച്ചതും ശ്രീനന്ദ നിശ്ചലയായി ഇരുന്നു പോയി... ഒരുവേള ഹൃദയമിടിപ്പുകൾ വർദ്ധിച്ചതും ശ്വാസഗതി ഉയർന്നതുമവളറിഞ്ഞു... "എന്താടാ നീയെൻ്റെ മോളുടെ ചെവിയിൽ പറഞ്ഞത്... അവളെ കഴിക്കാനും സമ്മതിക്കില്ലേ നീ..." ലക്ഷ്മിയമ്മ തെല്ലൊരു ദേഷ്യത്തോടെ പൃഥ്വിയെ നോക്കി ചോദിച്ചു.. "ഓഹ് ഞാനാരുടെയും കഴിപ്പൊന്നും മുടക്കുന്നില്ല... നന്നായി കഴിക്കണേ നന്ദേ.. ഒന്നും കഴിക്കാത്തതു കൊണ്ടിനിയും ക്ഷീണമൊന്നും ഉണ്ടാവണ്ട..." പൃഥ്വി ചിരിയടക്കിപ്പിടിച്ച് പറഞ്ഞതും കുടിച്ചു കൊണ്ടിരുന്ന വെള്ളം ശ്രീനന്ദയുടെ നെറുകയിൽ കുടുങ്ങി... അവൾ ദയനീയമായി പൃഥ്വിയെ നോക്കും മുൻപേ അവൻ നടന്നകന്നിരുന്നു...

ഏത് നേരത്താണോ ഭഗവാനേ എനിക്കിങ്ങേര് റൊമാൻ്റിക് അല്ലെന്ന് പറയാൻ തോന്നിയത്... ഇനിയും മുറിയിലേക്ക് ചെല്ലുമ്പോൾ എങ്ങനെ രക്ഷപെടുമോ എന്തോ...?! പൃഥ്വി നടന്നകലുന്നതും നോക്കിയവൾ ഉമിനീരിറക്കി കൊണ്ട് ചിന്തിച്ചു... ഭക്ഷണം കഴിച്ചു കഴിഞ്ഞ് പേടിച്ച് പേടിച്ചാണവൾ മുറിയിലേക്ക് നടന്നത്... ഈശ്വരാ ഇതെന്താ ഇങ്ങനെ... അകലെയിരിക്കുമ്പോൾ അരികിലെത്താൻ തോന്നും... അരികെയായാലോ എന്തിനെന്നില്ലാത്ത ഭയവും... പൃഥ്വി ബാൽക്കണിയിൽ നിന്നാരോടോ ഫോണിൽ സംസാരിക്കുകയാണെന്ന് കണ്ടതും ശ്രീനന്ദയുടെ ശ്വാസഗതി നേരെയായി.. പെട്ടെന്ന് ഉള്ളിലെന്തോ ഐഡിയ ഉദിച്ചതു പോലെ ശ്രീനന്ദയുടെ മിഴികൾ തിളങ്ങി... പൃഥ്വി വരും മുൻപേയവൾ ബെഡിലേക്ക് കിടന്നു കൊണ്ട് തല വഴി പുതപ്പ് മൂടി മിഴികൾ ഇറുക്കിയടച്ചു... കാൾ കട്ട് ചെയ്ത് പൃഥ്വി മുറിയിലേക്ക് കടന്നു വന്നതും തല വഴി പുതപ്പ് മൂടി കിടക്കുന്ന ശ്രീനന്ദയെ കാൺകെ അവൻ്റെ മുഖം ചുളിഞ്ഞു... ഇവൾ ഇത്ര നേരത്തെ ഉറങ്ങിയോ..?! "ശ്രീനന്ദാ.. ശ്രീനന്ദാ..." തല വഴി ഉള്ള പുതപ്പ് മാറ്റിക്കൊണ്ടവൻ മെല്ലെ അവളുടെ കവിളിൽ തട്ടി... എഴുന്നേല്ക്കരുത്.. പൃഥ്വി എത്ര വിളിച്ചാലും എഴുന്നേല്ക്കരുത്...

ശ്രീനന്ദ മനസ്സിൽ പറഞ്ഞു കൊണ്ട് മിഴികൾ ഇറുക്കിയടച്ച് അങ്ങനെ തന്നെ അനങ്ങാതെ കിടന്നു... ഓഹോ... ഈ പെണ്ണ് എണ്ണീക്കില്ലെന്ന് തീരുമാനിച്ച് തന്നെ കിടക്കുവാണെന്ന് തോന്നുന്നല്ലോ.. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ സാധിക്കില്ലെന്ന് പറയുന്നത് എത്ര ശരിയാ.. ഏറെ നേരം അവളെ വിളിച്ചതിനു ശേഷവും പ്രതികരണമൊന്നും ഇല്ലാഞ്ഞതിനാൽ പൃഥ്വി കരങ്ങൾ രണ്ടും മാറിൽ പിണച്ചു വെച്ച് ചിരിയോടെ ചിന്തിച്ചു.. അല്പ നേരം കഴിഞ്ഞിട്ടും പൃഥ്വിയുടെ അനക്കമൊന്നും കേൾക്കാഞ്ഞതിനാൽ ശ്രീനന്ദ മെല്ലെ ഒളികണ്ണിട്ടവനെ നോക്കി... പൃഥ്വി കൈയ്യിലുള്ള ഒരു ബോക്സിലേക്ക് തന്നെ നോക്കി ഇരിക്കുന്നതവൾ കണ്ടു... ശൊ! എന്താവും അതിൽ...?! അവൾക്ക് ജിജ്ഞാസയടക്കാൻ കഴിഞ്ഞില്ല.. എഴുന്നേറ്റാലോ..?? ശ്രീനന്ദ ചിന്തിച്ചു... എന്നാൽ ഉള്ളിലുള്ള ഭയം കാരണമവൾ എഴുന്നേല്ക്കാതെ മിഴികളടച്ചു അങ്ങനെ തന്നെ കിടന്നു.. എഴുന്നേല്ക്കെടി പെണ്ണേ... മതി ഉറക്കം അഭിനയിച്ചത്... പിൻ കഴുത്തിലേക്കൊരു നിശ്വാസമേറ്റതും ശ്രീനന്ദ സ്വയമറിയാതെ കണ്ണുകൾ തുറന്നു... മീശ പിരിച്ചു കൊണ്ട് തന്നെ നോക്കുന്നവൻ്റെ പ്രണയാർദ്രമായ മിഴികളിലെ തുടിപ്പ് താങ്ങാനാവാതെയവൾ മിഴികൾ തിരിച്ചു കൊണ്ട് വല്ലാത്ത പരവേശത്തിൽ പുതപ്പിനാൽ വീണ്ടും മുഖം മൂടി...

എന്നാൽ പൃഥ്വി മെല്ലെ അവളുടെ മുഖത്ത് നിന്നും പുതപ്പ് മാറ്റി നുണക്കുഴി കവിളിലെ നാണച്ചുവപ്പിനെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. അവൻ്റെ സാമീപ്യത്തിൽ മാത്രം ഉള്ളിലുടലെടുക്കുന്ന അനുഭൂതികളെ നിർവ്വചിക്കാനാവാതെ അവളുടെ ഹൃദയം ഓരോ നിമിഷവും ദുർബലമായി.... "പൃഥ്വീ...." പ്രണയ പരവശയായി വിളിച്ചു കൊണ്ടവൾ അവന് നേരെ തിരിഞ്ഞു... അവൻ്റെ കഴുത്തിലൂടെ ഒരു കൈ ചുറ്റിയവൾ മറു കൈയ്യാൽ കുറുമ്പോടെ അവൻ്റെ താടിയിൽ പിടിച്ചു.... സ്നേഹവും കരുതലും നിറഞ്ഞ ആ മുഖത്തേക്ക് നോക്കവേ പഴയൊരു ഓർമ്മയാൽ അവളുടെ മിഴികൾ നിറഞ്ഞു വന്നു... "എന്തു പറ്റി നന്ദേ...??" പെട്ടെന്നുള്ള അവളുടെ ഭാവമാറ്റത്താൽ പൃഥ്വി സംശയത്തോടെ ചോദിച്ചു... "എനിക്ക് പഴയതൊക്കെ ഓർത്ത് സങ്കടം വരുന്നു പൃഥ്വീ..." "എന്ത്...??" അവൻ മിഴിച്ചു കൊണ്ട് ചോദിച്ചു... "ശരിക്കും സത്യം എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ അന്ന് ഞാൻ നിങ്ങൾക്കെതിരെ മൊഴി കൊടുത്തില്ലേ...?? അതു കൊണ്ടല്ലേ നിങ്ങൾക്ക് ജയിലിൽ കിടക്കേണ്ടി വന്നത്...?? അതോർത്തപ്പോൾ.... പിന്നെ... പിന്നെ നമ്മുടെ വിവാഹ ദിവസം നിങ്ങളാണ് നിഖിലിനെ പറഞ്ഞത് വിട്ടതെന്ന് കരുതി ഞാൻ ദേഷ്യപ്പെട്ടില്ലേ...

അതിനൊക്കെ ഞാൻ ക്ഷമ ചോദിക്കുവാ..." പറഞ്ഞവസാനിപ്പിച്ചതും കവിളിനെ തലോടിയ അവളുടെ മിഴിനീരിനെ അമർത്തി തുടച്ചവൻ... ഒന്നും മിണ്ടാതെ പൃഥ്വി എഴുന്നേറ്റ് ബെഡിലേക്കിരുന്നതും ശ്രീനന്ദ പിന്നിൽ നിന്നും അവനെ പുണർന്നു കൊണ്ട് ആ തോളോടു മുഖം ചേർത്തു... "എന്താ പൃഥ്വീ നിങ്ങളൊന്നും മിണ്ടാത്തത്..?? ദേഷ്യമുണ്ടോ എന്നോട്..??" അവളുടെ സ്വരം നേർത്തതവൻ തിരിച്ചറിഞ്ഞു... "നീയിങ്ങ് വന്നേ..." അതും പറഞ്ഞ് പൃഥ്വി അവളുടെ കൈയ്യിൽ പിടിച്ചവളെ തനിക്കഭിമുഖമായി തിരിച്ചിരുത്തി.... മൃദുവായി മുറിവ് പറ്റിയ ശിരസ്സിലവൻ തലോടിയതും അവളുടെ മിഴികൾ കൂമ്പിയടഞ്ഞു... പൃഥ്വിയവളെ കൈകളിൽ കോരിയെടുത്ത് ബാൽക്കണിയിലേക്ക് നടന്നതും അവൾ അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... പുറത്ത് നിലാവും താരകങ്ങളും അവയുടെ പ്രകാശം പരത്തിക്കൊണ്ട് ഇരുവരുടെയും മിഴികൾക്ക് കുളിർമയേകി... ശ്രീനന്ദയെ താഴെ ഇരുത്തിയവൻ ധൃതിയിൽ അകത്തേക്ക് നടന്നു... കൈയ്യിലൊരു ബോക്സുമായി പൃഥ്വി തിരികെ വന്നതും അവളുടെ മിഴികളിൽ സംശയം നിറഞ്ഞു.... അവളുടെ ഉള്ളിലെ ആകാംഷ മനസ്സിലായതും പൃഥ്വി ആ ബോക്സ് തുറന്നു... അതിൽ നിന്നും പൃഥ്വി എന്നു പേരു കൊത്തിയ സ്വർണ്ണ മോതിരമവൻ എടുത്തു കൊണ്ട് ആ രാവിനെ സാക്ഷിയാക്കി അവളുടെ വിരലിലേക്ക് അണിയിച്ചു...

ഇരുളിലേക്കടർന്നു വീണ കാട്ടു മുല്ല അവയുടെ സുഗന്ധം ചുറ്റിനുമൊന്നു പരത്തി... തന്നെ നോക്കി കൺ ചിമ്മുന്ന രണ്ടു താരകങ്ങളെ കണ്ടതും അച്ഛനുമമ്മയും സ്വർഗ്ഗത്തിലിരുന്ന് തങ്ങളിലേക്ക് അനുഗ്രഹാശിർവാദങ്ങൾ ചൊരിയുകയാണെന്ന് ശ്രീനന്ദയ്ക്ക് തോന്നി... മെല്ലെ ആ കൈവിരൽ ചുണ്ടിലേക്ക് ചേർത്തു കൊണ്ടവൾ പൃഥ്വിയുടെ നെഞ്ചോട് ചേർന്നു... അവളുടെ മൂർദ്ധാവിൽ പതിഞ്ഞ അവൻ്റെ ചുണ്ടുകൾ താഴേക്ക് സഞ്ചരിച്ച് ഹൃദയത്തോട് പറ്റി ചേർന്ന ആലിലതാലിയിൽ പതിഞ്ഞതും അവളുടെ ശ്വാസഗതിയൊന്നുയർന്നു... അവൻ്റെ കരങ്ങൾ സ്ഥാനം തെറ്റി സഞ്ചരിച്ചതും വേണ്ടെന്ന അർത്ഥത്തിൽ ശ്രീനന്ദ അവൻ്റെ കൈയ്യിൽ പിടിച്ചു.... "എ... എനിക്ക് വല്ലാതെ തല വേദനിക്കുന്നു പൃഥ്വീ..." മിഴികൾ താഴ്ത്തുമ്പോൾ അവളുടെ സ്വരം നേർത്തിരുന്നു... അത് കേട്ടതും പൃഥ്വി പരിഭ്രമത്തോടെ അവളുടെ ശിരസ്സിലെ മുറിവിലേക്ക് നോക്കി.... അവൻ്റെ മുഖത്ത് പരന്ന വേദന കണ്ടതും അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ശ്രീനന്ദയ്ക്ക് തോന്നി... "ഇവിടെയിരുന്ന് തണുപ്പടിക്കണ്ട പെണ്ണേ..." പരിഭ്രമത്തോടെ അതും പറഞ്ഞവൻ അവളുമായി മുറിയിലേക്ക് നടന്നു...

നിദ്രയിലേക്ക് വഴുതി വീഴുമ്പോഴും തന്നെ പൊതിഞ്ഞു പിടിച്ച അവൻ്റെ കൈകൾ കൂടുതൽ കരുതലോടെ തന്നെ ആ നെഞ്ചോട് ചേർത്തു കിടത്തുമ്പോൾ അവൾ നിർവൃതിയോടെ മിഴികൾ പൂട്ടിയിരുന്നു... ദിനങ്ങൾ കടന്നു പോയി... ശ്രീനന്ദയ്ക്ക് പൂർണ്ണമായി സുഖം പ്രാപിക്കാഞ്ഞതിനാൽ ചെറിയ ചെറിയ കുസൃതികളും കുറുമ്പുകളും മാറ്റി വെച്ച് പൃഥ്വി കരുതലോടെയാണ് അവളെ ശുശ്രൂഷിച്ചത്.... അന്ന് ഉച്ച കഴിഞ്ഞ് പുറത്തെവിടെയോ പോയി ധൃതിയിൽ അകത്തേക്ക് വന്ന പൃഥ്വി കാണുന്നത് കളിപ്പാട്ടങ്ങൾക്ക് നടുവിൽ ഹാളിൽ ഇരിക്കുന്ന വന്ദന മോളെയാണ്... അവൻ്റെ മിഴികളിൽ ഒരുവേള സംശയം നിറഞ്ഞു... "വല്ലോം നടക്കുമോ മോളെ...??" ശ്രീനന്ദയോടൊപ്പം മറഞ്ഞു നിന്ന് പൃഥ്വിയുടെ ചലനങ്ങൾ വീക്ഷിച്ചു കൊണ്ട് ലക്ഷ്മിയമ്മ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... "നടക്കും അമ്മേ... ഈ കാണുന്ന ദേഷ്യമൊക്കെയേ ഉള്ളൂ... അമ്മയുടെ മോൻ വെറും പാവം ആണ്..." ശ്രീനന്ദ ചിരിയോടെ പറഞ്ഞു... മോണ കാട്ടി ചിരിയോടെ തൻ്റെ മുൻപിൽ ഇരുന്ന് ഉരുളുകയും തിരിയുകയും മെല്ലെ എഴുന്നേല്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വന്ദന മോളിൽ പൃഥ്വിയുടെ മിഴികൾ തറഞ്ഞു നിന്നു...

ഒരുവേള പവിത്രയുടെ കുട്ടിക്കാലത്തെ മുഖം പൃഥ്വിയുടെ ഓർമ്മകളെ തഴുകിയുണർത്തി.. ഉള്ളം താൻ പോലുമറിയാതെ വാത്സല്യം കിനിയുന്നു... എന്നാൽ വന്ദന മോൾ അവളുടെ കുഞ്ഞിക്കണ്ണുകൾ കൊണ്ട് ചുറ്റിനും ശ്രീനന്ദയെ പരതി.. പൊടുന്നനെ പരിചിതമല്ലാത്ത പൃഥ്വിയുടെ മുഖം കണ്ടതും മോളുടെ കണ്ണുകൾ നിറഞ്ഞു.... "മാ...മി... മാമി..." അവളുടെ കുഞ്ഞി ചുണ്ടുകൾ അതും മൊഴിഞ്ഞ് കണ്ണുകളാലവൾ ചുറ്റിനും പരതുമ്പോൾ മറഞ്ഞ് നിന്നത് കണ്ട ശ്രീനന്ദയുടെ മിഴികൾ നിറഞ്ഞു... എന്നാൽ പെട്ടെന്ന് സ്വബോധം വീണ്ടെടുത്തതു പോലെ പൃഥ്വി കുഞ്ഞിൽ നിന്നും മിഴികൾ പിൻവലിച്ചു... കൊച്ചിനെ കൊണ്ടിരുത്തിയിട്ട് ശ്രദ്ധിക്കാൻ മാത്രം ആരുമില്ലേ ഇവിടെ..?? അവൻ്റെ ഉള്ളിൽ അമർഷം നിറഞ്ഞു... "നന്ദേ.. നന്ദേ..." പൃഥ്വി ദേഷ്യത്തോടെ ഉച്ചത്തിൽ വിളിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story