പക...💔🥀: ഭാഗം 24

paka

രചന: ഭാഗ്യ ലക്ഷ്മി

പൃഥ്വിയുടെ ദേഷ്യത്താലുള്ള വിളി കേട്ടതും ശ്രീനന്ദ ഒരു നിമിഷമൊന്നു പകച്ചു... എന്നാൽ അവൾ അവൻ്റെ അടുത്തേക്ക് പോകാതെ ഭിത്തിയുടെ മറവിൽ നിശ്ചലയായി തന്നെ നിന്നു... അവൻ വീണ്ടും ദേഷ്യത്തോടെ ശ്രീനന്ദയെ വിളിച്ചു കൊണ്ടിരുന്നു... "ദേവൻ ആകെ ദേഷ്യത്തിലാണല്ലോ മോളെ...." ലക്ഷ്മിയമ്മ മെല്ലെ ശ്രീനന്ദയുടെ കാതിൽ പറഞ്ഞു... "അത് ശരിയാ... അമ്മയുടെ മോൻ പാവം ആണെങ്കിലും ദേഷ്യം വന്നാൽ തനി രാക്ഷസൻ്റെ സ്വഭാവമാ അങ്ങേർക്ക്...." ശ്രീനന്ദ പൃഥ്വിയെ നോക്കി കുശു കുശുക്കുന്നത് കേട്ടതും ലക്ഷ്മിയമ്മ ഒന്നു മിഴികൾ കൂർപ്പിച്ചവളെ നോക്കി... ആ നോട്ടം കണ്ടതും ശ്രീനന്ദ പൊടുന്നനെ നാവ് കടിച്ചു കൊണ്ട് ഒരു ചിരിയോടെ ലക്ഷ്മിയമ്മയെ നോക്കിയതും അവർ കപട ദേഷ്യത്തിൽ അവളുടെ ചെവിക്ക് പിടിച്ചു... വന്ദന മോൾ കരയാൻ വെമ്പുന്നുണ്ടായിരുന്നു... അവളുടെ കുഞ്ഞിക്കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നതും പൃഥ്വിയ്ക്ക് എന്തെന്നില്ലാത്ത അലിവ് തോന്നി... അവൻ്റെ മിഴികൾ വാത്സല്യത്തോടെ നിലത്ത് വിരിച്ച ഷീറ്റിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിക്കുന്ന വന്ദന മോളിൽ ഒരിക്കൽക്കൂടി തറഞ്ഞു നിന്നു... "മോളെ അവൻ ആകെ ദേഷ്യത്തിലാണെന്ന് തോന്നുന്നു...

വന്ദൂട്ടിയെ കണ്ടിട്ടാണോ എന്തോ...? ഞാൻ ചെന്ന് കുഞ്ഞിനെ അവൻ്റെ മുൻപിൽ നിന്നും എടുത്തിട്ട് വരാം..." അതും പറഞ്ഞ് അവിടേക്ക് പോകാൻ തുനിഞ്ഞ ലക്ഷ്മിയമ്മയെ ശ്രീനന്ദ തടഞ്ഞു... "വേണ്ട അമ്മേ... നമ്മൾ ഇപ്പോൾ അവിടേക്ക് ചെന്നാൽ ശരിയാവില്ല... പൃഥ്വി വന്ദൂട്ടിയുമായി അടുക്കാനുള്ള അവസരം നമ്മളായി കളഞ്ഞു പൊളിക്കരുത്... കുറേ നേരം വിളിച്ചിട്ടും ആരും വരാത്തത് കണ്ടാൽ പൃഥ്വി തന്നെ മോളെ പോയി എടുക്കും... അമ്മ കണ്ടോ..." ശ്രീനന്ദ വലിയ കാര്യം പോലെ ഉത്സാഹത്തോടെ പറഞ്ഞു.. "ങും വഴിയൊക്കെ കൊള്ളാം.. പക്ഷേ ഇനീം ഇതിൻ്റെ പേരിൽ മോളോട് അവൻ ദേഷ്യപ്പെടുമോന്നാ എൻ്റെ പേടി..." "അമ്മ അതോർത്ത് ടെൻഷനാവണ്ട... പൃഥ്വിയെ ഞാൻ എങ്ങനെങ്കിലും തണുപ്പിച്ചോളാം... ഇപ്പോൾ ഇതാണ് നമ്മുക്ക് പ്രധാനം..." ശ്രീനന്ദ ലക്ഷ്മിയമ്മയെ സമാധാനിപ്പിച്ചു കൊണ്ട് കരുതലോടെ എഴുന്നേല്ക്കാൻ ശ്രമിക്കുന്ന വന്ദന മോളെ നോക്കി... എന്നാൽ എഴുന്നേല്ക്കാൻ ശ്രമിച്ചതിലും ശീഘ്രത്തിൽ കാലിടറി നിലത്തേക്ക് തന്നെ വീണതും ഇതുവരെ അടക്കി നിർത്തിയ കരച്ചിൽ കുഞ്ഞിൽ നിന്നും പുറത്തേക്ക് വന്നു... വന്ദന മോൾ ഉച്ചത്തിൽ കരയാൻ തുടങ്ങി... അത് കണ്ടതും ശ്രീനന്ദയുടെ നെഞ്ച് പിടഞ്ഞു...

കാലടികൾ മുൻപോട്ട് നീങ്ങി... എന്നാൽ താൻ നടന്നടുക്കും മുൻപ് പൃഥ്വി ഓടിപ്പോയി കുഞ്ഞിനെ വാരിപ്പുണർന്ന് നെഞ്ചോട്‌ ചേർത്താശ്വസിപ്പിക്കുന്നത് കണ്ടതും ശ്രീനന്ദയ്ക്ക് സമാധാനമായി... "കരയല്ലേ വാവേ... എന്തിനാ മോളൂട്ടി കരയുന്നെ...??" പൃഥ്വി കുഞ്ഞിനോട് കൊഞ്ചലോടെ പറയുന്നത് കേട്ടതും ഉള്ളിലൂറി വന്ന ചിരി അടക്കിപ്പിടിച്ചു കൊണ്ട് ശ്രീനന്ദ മറഞ്ഞു നിന്നു... എന്നാൽ വന്ദന മോളുടെ കരച്ചിലിൻ്റെ ആക്കം കൂടിയതല്ലാതെ തെല്ലും കുറഞ്ഞില്ല... "ഈശ്വരാ എന്തിനാ കുഞ്ഞിങ്ങനെ കരയുന്നെ...?? ഇനിയും വിശന്നിട്ടാവുമോ...?? കുഞ്ഞിനെ കൊണ്ടിരുത്തിയിട്ട് ഈ നന്ദയും അമ്മയും എവിടെപ്പോയി കിടക്കുവാ...??" അവൻ സ്വയം പറഞ്ഞു കൊണ്ട് കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... "വാവേ... കരയാതെ..." പൃഥ്വി അതും പറഞ്ഞ് നിലത്തേക്കിരുന്നു കൊണ്ട് കൈയ്യിൽ കിട്ടിയൊരു ബാർബീ ഡോൾ എടുത്ത് കാണിച്ച് കുഞ്ഞിൻ്റെ കരച്ചിൽ നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു... ശ്രദ്ധ പാവയിലേക്ക് ആകർഷിച്ചതും മെല്ലെ കുഞ്ഞിൻ്റെ കരച്ചിൽ ശമിച്ചു വന്നു... ഏറെ നേരത്തെ പൃഥ്വിയുടെ പരിശ്രമത്തിനു ശേഷം കുഞ്ഞിൻ്റെ കരച്ചിൽ അവസാനിച്ചെങ്കിലും വല്ലാത്ത പരിഭവം വന്ദന മോളുടെ മുഖത്ത് തളം കെട്ടി നിന്നു...

പൃഥ്വി സമാധാനത്തോടെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു കൊണ്ട് ഒരു ടെഡി ബിയർ കൈയ്യിലെടുത്തു... എന്നാൽ വന്ദന മോൾ അതൊന്നും ശ്രദ്ധിക്കാതെ പൃഥ്വിയുടെ ഷർട്ടിലെ ബട്ടൺസിൽ പിടിച്ചു വലിച്ചു കൊണ്ടിരുന്നു... ഇടയ്ക്കവൾ അവൻ്റെ ഷർട്ടിൻ്റെ കോളർ വലിച്ചതിൽ കടിയ്ക്കാനും ശ്രമിക്കുന്നുണ്ട്... "മോളെ പണി പാളിയോ... അവന് കുഞ്ഞിനോട് ദേഷ്യമില്ലെങ്കിലും കുഞ്ഞിൻ്റെ കുസൃതികൾ അവൻ സഹിക്കുമോ..??" കൈയ്യെത്തി പൃഥ്വിയുടെ മീശയിൽ പിടുത്തമിടാൻ ശ്രമിക്കുന്ന വന്ദന മോളെ നോക്കിക്കൊണ്ട് ലക്ഷ്മിയമ്മ പരിഭ്രമത്തോടെ ശ്രീനന്ദയോട് ചോദിച്ചു... എന്നാൽ മറുപടിയൊന്നും പറയാതെ പുഞ്ചിരിയോടെയൊന്ന് മിഴികൾ ചിമ്മുക മാത്രമാണ് ശ്രീനന്ദ ചെയ്തത്... കാരണം പൃഥ്വിയെ ഇതിനോടകം തന്നെ മറ്റാരിലും നന്നായി അവൾ മനസ്സിലാക്കിയിരുന്നു... തൻ്റെ മീശയിൽ പിടിച്ച് വന്ദന മോൾ വലിച്ചതും പൃഥ്വി ഒരു ചിരിയോടെ അവളുടെ കുഞ്ഞി വിരലുകളെ വേർപ്പെടുത്താൻ ശ്രമിച്ചു... അവൻ കുഞ്ഞിനെ കൈയ്യിലെടുത്ത് മുറ്റത്തേക്ക് നടന്നതും ശ്രീനന്ദ ചിരിയോടെ ലക്ഷ്മിയമ്മയെ നോക്കി.... പൂക്കളെയും പക്ഷികളെയും ഒക്കെ കുഞ്ഞിന് കാട്ടി കൊടുത്തു കൊണ്ട് പൃഥ്വി പറമ്പിലൂടെ ഏറെ നേരം നടന്നു...

"ഹോ നീ പറഞ്ഞപ്പോൾ ദേവനെ ഇത്ര വേഗം മയപ്പെടുത്താമെന്ന് ഞാൻ കരുതിയില്ല മോളെ... നിൻ്റെ ബുദ്ധി അപാരം... അതു കൊണ്ടല്ലേ എനിക്കെൻ്റെ കൊച്ചു മകളെ ആവോളം കാണാനും കൊഞ്ചിക്കാനും ഒക്കെ കഴിഞ്ഞത്... അല്ലായിരുന്നുവെങ്കിൽ എനിക്കെൻ്റെ പവിയേയോ വന്ദൂട്ടിയേയോ ഒന്നും ഈ ജന്മം കാണാൻ കഴിയില്ലായിരുന്നു... എല്ലാത്തിനും നിന്നോടാണ് ഞാൻ നന്ദി പറയേണ്ടത്... നീ തന്നെയാണ് എൻ്റെ ദേവന് ചേർന്നവൾ..." ലക്ഷ്മിയമ്മ ശ്രീനന്ദയുടെ ശിരസ്സിൽ തഴുകിക്കൊണ്ട് ചിരിയോടെ പറഞ്ഞു... "പക്ഷേ മോളെ അധിക നേരം ഇവിടെ നിർത്താൻ പറ്റില്ലമ്മേ...അല്പം കഴിഞ്ഞ് ഏട്ടൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്..." ശ്രീനന്ദ പറഞ്ഞതും ലക്ഷ്മിയമ്മയുടെ മുഖം മങ്ങി... "ഇനിയും അടുത്ത ദിവസം മോളെ കൊണ്ടുവരാമെന്ന് എട്ടൻ പറഞ്ഞിട്ടുണ്ട്... അമ്മ വിഷമിക്കാതെ..." ലക്ഷ്മിയമ്മയുടെ ഉള്ളിൽ പടർന്ന വേദന മനസ്സിലാക്കിയതു പോലെ ശ്രീനന്ദ അവരുടെ കരങ്ങൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... "മോളെ ഞാൻ നിന്നോടൊരു കാര്യം പറയട്ടെ..." ലക്ഷ്മിയമ്മയുടെ മിഴികളിൽ പ്രതീക്ഷ നിറഞ്ഞു... "എന്തിനാ അമ്മേ ഇങ്ങനെ മുഖവരയൊക്കെ...?? അമ്മ കാര്യമെന്താണെന്ന് വെച്ചാൽ പറ..." ശ്രീനന്ദ ചിരിയോടെ പറഞ്ഞു...

"അത് മോളെ വന്ദൂട്ടി ഇന്നല്ലെങ്കിൽ നാളെ ഇവിടുന്ന് പോകും... അവൾക്ക് എന്നും എൻ്റെ കൺ മുൻപിൽ നില്ക്കാൻ സാധിക്കില്ലല്ലോ... അതു കൊണ്ട്..." "അതു കൊണ്ട്...??" ശ്രീനന്ദ സംശയത്തിൽ ലക്ഷ്മിയമ്മയെ നോക്കി... "എനിക്ക് എൻ്റെ കൊച്ചു മക്കളെ താലോലിക്കാൻ ആഗ്രഹമുണ്ട് നന്ദേ... ഇനിയും എത്ര കാലം കാണും ഞാൻ... കണ്ണടയും മുൻപ് എൻ്റെ ദേവൻ്റെ കുഞ്ഞിനെ കൂടി കാണണമെന്നുണ്ട് എനിക്ക്... നീയെൻ്റെ ആഗ്രഹം സാധിച്ച് തരില്ലേ മോളെ..??" ലക്ഷ്മിയമ്മ ചോദിച്ചതു കേട്ടതും ശ്രീനന്ദ ഒരു നിമിഷം സ്തംഭിച്ചു നിന്നു... "വന്ദൂട്ടിയെപ്പോലും എനിക്കിപ്പോഴാണ് ഒന്നു കാണാൻ സാധിച്ചത്... കണ്ടു കൊതി തീരും മുൻപേയങ്ങ് കുഞ്ഞ് ഇവിടുന്ന് പോവുകയും ചെയ്യും... അതു കൊണ്ട്..." അവരുടെ മിഴികളിൽ വീണ്ടും പ്രതീക്ഷ നിറഞ്ഞതും ആദ്യത്തെ ഞെട്ടലിനപ്പുറം ശ്രീനന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവളുടെ മിഴികൾ കുഞ്ഞിനൊപ്പം വാത്സല്യത്തോടെ സമയം ചിലവിടുന്ന പൃഥ്വിയിലേക്ക് നീണ്ടു... വന്ദന മോളുടെ ചെറിയ ചെറിയ കുസൃതികളെ ആസ്വദിക്കുന്ന, കുഞ്ഞിൻ്റെ കണ്ണു നിറഞ്ഞാൽ തൻ്റെ തോളിലേക്കിട്ടവളെ ആശ്വസിപ്പിക്കുന്ന പൃഥ്വിയിൽ അവളുടെ മിഴികൾ അലിയുകയായിരുന്നു...

അവനിൽ സ്നേഹ സമ്പന്നനായ ഒരു ഭർത്താവിനൊപ്പം വാത്സല്യനിധിയായ ഒരു അച്ഛനുമുണ്ടെന്നൊരു തോന്നൽ... പെട്ടെന്ന് ശ്രീനാഥ് വരാൻ സമയമായതോർത്തതും ശ്രീനന്ദ ശിരസ്സിലൊന്നു കൊട്ടിക്കൊണ്ട് പൃഥ്വിയുടെ അരികിലേക്ക് നടന്നു... "ങും എന്തേ...??" തൻ്റെ നെഞ്ചോട് പറ്റി ചേർന്നിരിക്കുന്ന വന്ദന മോളെ തന്നെ നോക്കി നില്ക്കുന്ന ശ്രീനന്ദയെ കാൺകെ പൃഥ്വി ഗൗരവത്താൽ പുരികം പൊക്കി... "അല്ല വന്ദൂട്ടി..." ശ്രീനന്ദ പറഞ്ഞു തുടങ്ങിയതും കുഞ്ഞ് മാമി എന്നു കൊഞ്ചലോടെ വിളിച്ചു കൊണ്ട് തന്നെ എടുക്കാനെന്നോണം ശ്രീനന്ദയ്ക്ക് നേരെ കൈ നീട്ടി... പെട്ടെന്ന് തൻ്റെ നേരെ ചാഞ്ഞ വന്ദന മോളെ ശ്രീനന്ദ കൈയ്യിലേക്ക് വാങ്ങിക്കൊണ്ട് ആ കുഞ്ഞി കവിളുകളിൽ വാത്സല്യത്തോടെ ചുണ്ടുകൾ ചേർത്തു.... "ഓഹ് ഇപ്പോഴാണോ കൊച്ചിൻ്റെ മാമിക്ക് കൊച്ചിനെ ഓർമ്മ വന്നത്...?? ഇവിടെ കൊണ്ടു വന്നിട്ട് കുഞ്ഞിനെ ഒറ്റയ്ക്കിരുത്തി നീ എവിടെ പോയതായിരുന്നു നന്ദേ..?? കൊച്ചു കുഞ്ഞല്ലേ... ഇവളെ ശ്രദ്ധിക്കണ്ടേ..?? ഇനിയും അശ്രദ്ധ കാരണം ഇവിടെ വെച്ച് മോൾക്ക് വല്ലതും സംഭവിച്ചാൽ ഞാനവൻ്റെ കൊച്ചിനെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് നിൻ്റെ പുന്നാര ഏട്ടൻ എൻ്റെ മെക്കിട്ട് കയറാൻ വരും...

അല്ലെങ്കിലും എന്തെങ്കിലുമൊരു കുറ്റം എനിക്കെതിരെ കിട്ടാനിരിക്കുവാ അവൻ..." പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിച്ച പൃഥ്വിയെ കാൺകെ ശ്രീനന്ദയ്ക്ക് എന്തെന്നില്ലാത്ത വേദന തോന്നി... അവൻ്റെ ഉള്ളിൽ തൻ്റെ ഏട്ടനെ പറ്റി ഇപ്പോഴുമൊരു മോശം ചിത്രമാണെന്നോർക്കെ നെഞ്ച് പിടഞ്ഞെങ്കിലും വന്ദന മോളോടുള്ള കരുതൽ കൊണ്ടാണവൻ അത്രയും പറഞ്ഞതെന്നോർക്കെ അവളിൽ നേരിയ ആശ്വാസം പടർന്നു... "എനിക്കീ കുഞ്ഞിനോട് സ്നേഹം മാത്രമേയുള്ളൂ നന്ദേ... പക്ഷേ നിൻ്റെ ഏട്ടനോട് എനിക്ക് വെറുപ്പും ദേഷ്യവും പകയും മാത്രമേയുള്ളൂ... അതൊരിക്കലും മാറാനും പോകുന്നില്ല... നീയൊട്ട് അവനോടുള്ള എൻ്റെ സമീപനം മാറ്റാനും ശ്രമിക്കണ്ട... അത് നമ്മൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നല്ലാതെ മറ്റൊന്നിനും ഉപകരിക്കില്ല... ഞാനെല്ലാം മറന്ന് നിൻ്റെ ഏട്ടനേയും പവിയേയും ഇവിടേക്ക് ക്ഷണിക്കും എന്നൊരു വിശ്വാസം നിനക്കുണ്ടെങ്കിൽ നിൻ്റെ ആ വിശ്വാസം നിനക്ക് വേദന മാത്രമേ സമ്മാനിക്കുകയുള്ളൂ... പിന്നെ നിനക്ക് നിൻ്റെ ഏട്ടനെ കാണണമെങ്കിൽ കാണാം , സംസാരിക്കാം... അതിനു ഞാനൊരിക്കലും തടസ്സമാകില്ല..

പക്ഷേ അവനോട് സംസാരിക്കാനോ അവനുമായി ബന്ധം പുതുക്കുവാനോ എന്നെ ഒരിക്കലും നീ പ്രതീക്ഷിക്കരുത്...!!" പൃഥ്വി കടുപ്പിച്ച സ്വരത്തിലതു പറഞ്ഞവസാനിപ്പിക്കുമ്പോൾ നിറഞ്ഞു വന്ന മിഴികൾ അവൻ കാണാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് ശ്രീനന്ദ കുഞ്ഞുമായി ഗേറ്റിനരികിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀 പകൽ വെളിച്ചത്തെ മറി കടന്ന് ചുറ്റിനും ഇരുൾ പടർന്നു.... "ഇനിയൊരിക്കലും വന്ദന മോളെ ഞാൻ ഇവിടേക്ക് കൊണ്ടു വരില്ല പൃഥ്വീ... കാരണം എൻ്റെ ഏട്ടനെ നിങ്ങൾക്കിഷ്ടമില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തിൻ്റെ കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഞാൻ ഏട്ടനെ കാണാൻ പോകുമ്പോൾ അമ്മയേയും കൂടെ കൊണ്ടു പോകാം..." പാൽ തിളച്ചു വന്നതും ശൂന്യമായ മനസ്സോടെ ശ്രീനന്ദ സ്റ്റൗ ഓഫ് ചെയ്തു കൊണ്ട് സ്വയം പറഞ്ഞു... പെട്ടെന്ന് ഏട്ടൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും കാൾ വന്നതും ശ്രീനന്ദ ചിരിയോടെ അറ്റൻ്റ് ചെയ്തു... "ഏട്ടാ..." "മോളെ ശ്രീക്കുട്ടീ... ഞാനും പവിയും വന്ദൂട്ടിയും കൂടി അടുത്ത തിങ്കളാഴ്ച്ച ഹൈദരാബാദിലേക്ക് തിരിച്ചു പോവാ മോളെ... നിന്നെ കണ്ടെത്തണമെന്ന ഉദ്ദേശ്യത്തിലല്ലേ ഇവിടേക്ക് വന്നത്... ഇനിയുമിപ്പോൾ.... നീ പൃഥ്വിയുമായി സന്തോഷത്തോടെ ജീവിക്ക്... അതു മാത്രം കണ്ടാൽ മതി ഏട്ടന്...." ശ്രീനാഥ് പറഞ്ഞതും ശ്രീനന്ദയുടെ മനസ്സിൽ നേരിയ വേദന നിറഞ്ഞു... "ഏട്ടാ...." അവൾ ഇടർച്ചയോടെ വിളിച്ചു....

"വിഷമിക്കണ്ട മോളെ... ഏട്ടന് പോകാതിരിക്കാൻ പറ്റാത്തതു കൊണ്ടല്ലേ...?? എവിടെയായാലും ഏട്ടൻ്റെ അനുഗ്രഹം നിൻ്റെയൊപ്പം ഉണ്ടാകും.. നിനക്കെന്നെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഏട്ടൻ പവിയേയും വന്ദൂട്ടിയേയും കൂട്ടി നാട്ടിലേക്ക് വരാം... പിന്നെ പൃഥ്വി... എനിക്കവനോട് ഒരു ദേഷ്യവുമില്ല... നീ അവൻ്റെ ഒപ്പം തന്നെയാണ് ഉണ്ടാവേണ്ടത്... കാരണം അവൻ്റെ അടുത്താണ് നിൻ്റെ സന്തോഷമെന്ന് ഞാൻ മനസ്സിലാക്കിയതല്ലേ...?? പിന്നെ അവൻ്റെ പെരുമാറ്റത്തിൽ ഏട്ടനിപ്പോൾ സങ്കടമൊന്നുമില്ല മോളെ... എൻ്റെ കുട്ടി അതോർത്ത് വിഷമിക്കാതെ അവൻ്റെയൊപ്പം സന്തോഷമായി ജീവിക്ക് കേട്ടോ... എന്നെങ്കിലുമൊരിക്കൽ പൃഥ്വി എല്ലാം മറന്ന് എന്നെയും പവിയേയും അവിടേക്ക് വിളിച്ചാൽ സന്തോഷത്തോടെ വരും ഏട്ടൻ.... പിന്നെ എൻ്റെ കാര്യം പറഞ്ഞ് നീയവനെ പിണക്കാൻ നില്ക്കണ്ട... ആ ദേഷ്യമിനിയും അവന് സ്വയം തോന്നുമ്പോൾ മാറട്ടെ... ഒന്നുമോർത്ത് എൻ്റെ കുട്ടി വിഷമിക്കണ്ട... എന്തിനുമേതിനും ഒരു വിളിപ്പാടകലെ നിനക്കീ ഏട്ടനുണ്ട്.... അപ്പോൾ ഒരിക്കൽക്കൂടി പറയുവാ... എൻ്റെ കാര്യം പറഞ്ഞവനെ മുഷിപ്പിക്കാതെ പൃഥ്വിയോടൊപ്പം സന്തോഷത്തോടെ ജീവിക്ക് മോളെ..."

ശ്രീനാഥ് പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദ ഉള്ളിലെ തേങ്ങൽ പുറത്ത് കാട്ടാതെ യാത്രാശംസകൾ നേർന്നു കൊണ്ട് കാൾ കട്ട് ചെയ്തു... ഏറെ നേരം ഒരു തരം മരവിപ്പോടെ നിശ്ചലയായി നിന്നെങ്കിലും സ്വബോധം വന്നതു പോലെയവൾ ആറി തുടങ്ങിയ പാൽ ഒരു ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് പൃഥ്വിയുടെ അരികിലേക്ക് നടന്നു... ഒരു പുതിയ ജീവിതം തുടങ്ങണമെന്ന തീരുമാനത്തോടെ... മുറിയിലേക്ക് കടന്നു ചെന്നതും പൃഥ്വി ഒരു ബുക്കും വായിച്ച് ബെഡിൽ കിടപ്പാണ്... അവൻ്റെ ശ്രദ്ധയാകർഷിക്കാനായവൾ ഒന്നു ചുമച്ചതും നീല പട്ടു സാരിയുമുടുത്ത് മുടിയിൽ മുല്ലപ്പൂവും ചൂടി കൈയ്യിൽ പാൽ ഗ്ലാസ്സുമായി നില്ക്കുന്ന ശ്രീനന്ദയിലേക്ക് പൃഥ്വിയുടെ മിഴികൾ നീണ്ടു.... അവൻ്റെ മിഴികളിൽ സംശയം നിറഞ്ഞു... "ഇതെന്താ നന്ദേ ഈ വേഷത്തിൽ...?" തൻ്റെ മിഴികൾ അവളിൽ അലിഞ്ഞു ചേരുമ്പോഴും സ്വബോധം വീണ്ടെടുത്തവൻ ചോദിച്ചു... "ഇത് നിങ്ങളെനിക്ക് മണ്ഡപത്തിൽ വെച്ചു തന്ന പുടവയാണ് പൃഥ്വീ..." ശ്രീനന്ദ ഭാവഭേദമന്യേ പറഞ്ഞു... "അതു മനസ്സിലായി നന്ദേ... ഇതെന്തിനാ നീ ഇപ്പോൾ ഉടുത്തതെന്നാ ഞാൻ ചോദിച്ചത്..!!" "വെറുതെ... ഉടുക്കാനൊരു മോഹം..." ശ്രീനന്ദ ചിരിയോടെ ചുമല് കുലുക്കിക്കൊണ്ട് പറഞ്ഞതും പൃഥ്വിയുടെ മിഴികൾ കുറുകി....

"അപ്പോൾ ഈ മുല്ലപ്പൂവോ...??" എന്തൊക്കെയോ മനസ്സിലായെങ്കിലും ഉള്ളിലെ കള്ളച്ചിരി പുറമെ പ്രകടിപ്പിക്കാതെയവൻ ചോദിച്ചു.. "എനിക്കെന്താ മൂല്ലപ്പൂവ് തലയിൽ ചൂടിക്കൂടെ..??" അവൾ ചോദിച്ചതും പരിഭവത്താൽ വീർത്തു വന്ന നുണക്കുഴി കവിളിൽ ചുണ്ടുകളാൽ മുദ്ര തീർക്കാൻ അവൻ്റെ മനം വെമ്പി... "ഓഹ് ശരി... അപ്പോൾ ഈ പാലോ..??" അവൻ ഒന്നും മനസ്സിലാവാത്തതു പോലെ ചോദിച്ചു... "പാല്... അത്... അതെനിക്ക് കുടിക്കാൻ...." അതും പറഞ്ഞവൾ അവന് നേരെ കൈയ്യിലെ ഗ്ലാസ്സ് നീട്ടി.... "നിനക്ക് കുടിക്കാനാണെന്ന് പറഞ്ഞിട്ട് എനിക്കെന്തിനാ തരുന്നത്...??" "അത്.. നിങ്ങള് പകുതി കുടിക്ക് ആദ്യം... എന്നാലല്ലേ ബാക്കി പകുതി എനിക്ക് കുടിക്കാൻ പറ്റൂ..." അവൾ പറഞ്ഞതും തൻ്റെ നേരെ നീണ്ട ഗ്ലാസ്സ് വാങ്ങി ടേബിളിലേക്ക് വെച്ചവൻ അവളുടെ ചാരേക്ക് നീങ്ങി... മീശ പിരിച്ചവൻ തനിക്ക് നേരെ നടന്നടുത്തതും ഒരുവേള ഉള്ളിലെ ധൈര്യമെല്ലാം ചോർന്ന് ശ്രീനന്ദയെ വല്ലാത്ത പരിഭ്രമം വന്നു മൂടി... അവൻ മുൻപോട്ട് നടക്കുന്തോറും അവളുടെ കാലടികൾ പിന്നിലേക്ക് ചലിച്ചു... പെട്ടെന്നാണ് മഴ മേഘങ്ങൾ വിണ്ണിനെ മൂടിയതും ശക്തമായ കാറ്റാൽ മുറ്റത്തെ കാട്ടു മുല്ലയിലെ പൂക്കളടർന്നു വീണു കൊണ്ട് ചുറ്റിനും അവയുടെ സുഗന്ധം പരത്തിയതും...

പിന്നിലേക്ക് നടന്ന ശ്രീനന്ദ ഭിത്തിയിൽ തട്ടി നിന്നതും പൃഥ്വി പ്രണയാർദ്രമായി അവളുടെ പിടയുന്ന നേത്ര ഗോളങ്ങളിലേക്ക് നോക്കി.... തനിക്കരികിലേക്ക് അടുക്കുന്തോറും ചുണ്ടിലെ കുസൃതി ചിരി മാഞ്ഞ് അവൻ്റെ മിഴികളിൽ നിർവ്വചിച്ചെടുക്കാനാവാത്ത മറ്റേതോ ഭാവം നിറയുന്നതവൾ തിരിച്ചറിഞ്ഞു... അവൻ്റെ കണ്ണുകൾ അവളുടെ മുഖത്ത് നിന്നും കഴുത്തിലേക്കും ശേഷം അവളുടെ ഇടുപ്പിലേക്കും നീണ്ടു... മിഴികൾ താഴ്ത്തിയവൾ അവനെ അഭിമുഖീകരിക്കാനാവാതെ നിന്നു... മേനിയാകെ പേരറിയാത്തൊരു വെപ്രാളവും പരവേശവും.....!! തുറന്നിട്ട ജാലകം വഴി വന്ന തൂവാനത്തിൻ്റെ കുളിർ ഇരുവരെയും പൊതിയുന്നതിനൊപ്പം ഇരുളിലേക്കടർന്നു വീണ മഴത്തുള്ളികളെ തിരിച്ചറിഞ്ഞതോടെ ശ്രീനന്ദ പരിഭ്രമത്തോടെ പൃഥ്വിയെ തള്ളി മാറ്റി.... "അത്... തുണി... തുണി ഉണക്കാൻ ടെറസ്സിൽ ഇട്ടിട്ടുണ്ടായിരുന്നു... ഇപ്പോഴാ ഓർത്തത്... ഞാൻ പോയി എടുത്തിട്ട് വരാം..." അവൾ അവൻ്റെ മിഴി മുനകളെ നേരിടാനാവാതെ പരവേശത്തിൽ പറഞ്ഞു... "ദേ പെണ്ണേ ഇവിടുന്ന് പോയാൽ ശരിയാക്കും ഞാൻ... വെറുതെ ഇരുന്ന മനുഷ്യനെ ഇങ്ങോട്ട് വന്ന് മൂഡാക്കിയിട്ട്...." പൃഥ്വി അതും പറഞ്ഞ് തൻ്റെ അധരങ്ങൾ അവളുടെ വിറ കൊള്ളുന്ന അധരത്തോട് അടുപ്പിച്ചതും ശ്രീനന്ദ പരിഭ്രമത്താൽ അവനെ തള്ളി മാറ്റി ടെറസ്സിലേക്ക് ഓടി... അവളെ അങ്ങനെ വിടാൻ ഉദ്ദേശ്യമില്ലാതെ പിന്നാലെയായി അവനും.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story