പക...💔🥀: ഭാഗം 4

paka

രചന: ഭാഗ്യ ലക്ഷ്മി

എന്തായാലും അവൻ തൊടുന്നതിനു മുൻപ് തന്നെ നിന്നെ എനിക്ക് കിട്ടിയല്ലോടീ... നവവധുവിൻ്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി പേടിയോടെ തൻ്റെ മുൻപിൽ തറഞ്ഞു നിൽക്കുന്ന ശ്രീനന്ദയെ നോക്കിയവൻ വഷളൻ ചിരിയോടെ ചിന്തിച്ചു... "എന്താ നന്ദേ ആദ്യരാത്രിക്ക് പ്രതീക്ഷിച്ച ആളെ കാണാത്തതിൻ്റെ ഞെട്ടലിൽ ആണോ..?? പൃഥ്വിയെ പ്രതീക്ഷിച്ച് പാൽ ഗ്ലാസ്സുമായി വന്നിട്ട് കണ്ടത് ഈ നിഖിലിനെ അല്ലേ...??" താടിയൊന്നുഴിഞ്ഞു കൊണ്ടവൻ അതേ ചിരിയോടെ നടന്നടുത്തതും അറിയാതെ തന്നെ ശ്രീനന്ദയുടെ ചുവടുകൾ പിന്നിലേക്ക് നീണ്ടിരുന്നു... അരുതാത്തതെന്തോ കണ്ടപോൽ അവളുടെ ഹൃദയം കീഴ്മേൽ മറിഞ്ഞു.. പേടിയാൽ നേത്ര ഗോളങ്ങൾ പിടഞ്ഞു തുടങ്ങിയിരുന്നു... "നിങ്ങൾ... നിങ്ങളെന്താ ഇവിടെ...??" ഉള്ളിൽ ഉരുണ്ടു കൂടിയ ഭയത്തോടെ ശ്രീനന്ദ ചോദിച്ചു.. "നീയെവിടെയാണോ ഉള്ളത് അവിടേക്കല്ലേ ഈ നിഖിലിന് വരാൻ പറ്റൂ മോളെ... എൻ്റെ ആ അമ്മാവനുണ്ടല്ലോ... നിൻ്റെ പുന്നാര ചെറിയച്ഛൻ... അങ്ങേരോട് ഞാൻ പല തവണ പറഞ്ഞതാ നിന്നെ എനിക്ക് കെട്ടിച്ച് തരാൻ... പക്ഷേ അങ്ങേർക്ക് സമ്മതമല്ല... എന്നിട്ട് ഇവൻ്റെ പൂത്ത കാശ് കണ്ടപ്പോൾ നിൻ്റെയും നിൻ്റെ ചെറിയച്ഛൻ്റെയും കണ്ണ് മഞ്ഞളിച്ച് പോയി അല്ലേടീ...??" കോപത്തോടെ തന്നിലേക്ക് നടന്നടുത്തവൻ പറഞ്ഞതും മുഴങ്ങുന്ന ഒച്ചയിലവൾ പൂണ്ടടക്കം വിറച്ചു പോയിരുന്നു... കൈയ്യിലെ പാൽ ഗ്ലാസ്സിൽ നിന്നും പാൽ തുളുമ്പി... "നീയങ്ങ് സുന്ദരിയായല്ലോടീ... അവന് വേണ്ടി ഒരുങ്ങിയതാവും അല്ലേ...??"

തൻ്റെ ശരീരമാകെ ഉഴിഞ്ഞു നോക്കിയവൻ പറഞ്ഞതും ശ്രീനന്ദ അറപ്പോടെ മുഖം തിരിച്ചു... മദ്യത്തിൻ്റെയും സിഗരറ്റിൻ്റെയും സമ്മിശ്ര ഗന്ധം നിറഞ്ഞ അന്തരീക്ഷത്തിലവൾ ഭയത്താൽ വിയർത്തൊലിച്ചു... അപകട സൂചനയെന്ന് ഉള്ളം മന്ത്രിച്ചതും മുറിയിൽ നിന്നുമവൾ പുറത്തേക്കോടാൻ തുടങ്ങി.... എന്നാൽ അപ്പോഴേക്കും നിഖിൽ അവളുടെ മേൽ പിടുത്തമിട്ടിരുന്നു... പാൽ ഗ്ലാസ്സ് നിലത്തേക്ക് വീണുടഞ്ഞു.... നെഞ്ചിൻ്റെ ആഴങ്ങളിൽ നിന്നൊരു വിങ്ങൽ അവളെ ഉലച്ചതും ആ കരങ്ങളിൽ നിന്നവൾ സർവ്വ ശക്തിയുമെടുത്ത് കുതറാൻ ശ്രമിച്ചു... "എവിടേക്കാടീ നീ പോകുന്നെ...?? എൻ്റെ കൈയ്യിൽ നിന്നും നിനക്ക് രക്ഷപെടാമെന്ന് വിചാരിക്കണ്ട... ഈ രാത്രി എനിക്ക് നിന്നെ വേണം.." അവളുടെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തിയവൻ പറഞ്ഞതും ശ്രീനന്ദ അമ്മേ എന്നലറി വിളിച്ചു... കരളിൽ ആളിപ്പടരുന്ന സങ്കടച്ചൂടിലും അമ്മ എന്ന അവസാന പ്രതീക്ഷയവളുടെ നാവിനെ ചലിപ്പിച്ചിരുന്നു.... "ആ തള്ളയെ നീ കിടന്ന് വിളിക്കണ്ട... അവര് കഴിച്ച രാത്രിയിലെ കഷായത്തിൽ ഞാൻ ഉറക്ക ഗുളിക ചേർത്തിട്ടുണ്ടായിരുന്നു... ഇനീം നാളെയെ അവര് പൊങ്ങൂ..." അട്ടഹസിച്ചു കൊണ്ടവൻ ഉറക്കെ പറയുന്നതിനൊപ്പം അവളുടെ കവിളിൽ കുത്തിപ്പിടിച്ചു... തൻ്റെ ജീവിതം ഈ നിമിഷം നിലച്ചത് പോലെ ശ്രീനന്ദയ്ക്ക് നോക്കി... മരണ വെപ്രാളം പോലെ ഹൃദയം പിടഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.... ഈ നിമിഷം പ്രാണൻ വെടിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നവൾ ആശിച്ചു...

അവൻ്റെ കരവലയത്തിനുള്ളിൽ കിടന്ന് പിടയുമ്പോൾ അവളുടെ നിലവിളികൾ ആ വലിയ വീട്ടിൽ മുഴങ്ങിക്കേട്ടു... തേങ്ങിക്കരയുന്നതിനൊപ്പം സാരി പാതിയും തന്നിൽ നിന്നും ഊർന്നു പോകുന്നതവൾ അറിഞ്ഞു... മനസ്സിൻ്റെ നിയന്ത്രണം കൈവിടുന്നതിനോടൊപ്പം ദേഹിയെരിയുന്ന വൃഥയോടെ മിഴികൾ ഇറുക്കിയടച്ചു... അവൻ്റെ കരുത്തിന് മുൻപിൽ തൻ്റെ എതിർപ്പുകൾ വിഫലമാകുന്നതറിഞ്ഞതും തൻ്റെ വിധിയെ പഴിച്ചവൾ തേങ്ങിക്കരഞ്ഞു.. ദയനീയതയോടെ തന്നെ വിടാനവൾ അപേക്ഷിക്കുമ്പോൾ കണ്ടു തനിക്ക് നേരെ ക്രൂരമായ ചിരിയോടെ മുഖമടുപ്പിക്കുന്ന നിഖിലിനെ... അപ്പോഴും അവസാന പിടി വള്ളിയെന്നോണം കൈകൾ മേശമേൽ എന്തോ പരതിക്കൊണ്ടിരുന്നു... എവിടുന്നോ കിട്ടിയ മനക്കരുത്തിൽ കൈയ്യിൽ തടഞ്ഞ ഫ്ലവർ വേസ് എടുത്തവൻ്റെ തലയിൽ ശക്തമായി അടിച്ചതും അവൻ്റെ ബലം ക്ഷയിക്കുന്നതും കരങ്ങൾ അയയുന്നതും ശ്രീനന്ദയറിഞ്ഞു... ആ നിമിഷത്തിൻ്റെ ദൈർഘ്യത്തിൽ അവനെ തള്ളി മാറ്റിയവൾ കുതറി ഓടിയതും നിലതെറ്റി തറയിലേക്ക് വീണു... വീണുടഞ്ഞു പോയ ഗ്ലാസ്സിൻ്റെ ചില്ലുകൾ കൊണ്ട് ചുണ്ടുകൾ മുറിഞ്ഞതും വേദനയാൽ പുളഞ്ഞവൾ.... ഒരു വിധത്തിൽ എഴുന്നേറ്റു കൊണ്ട് പാതി ജീവനുമായി പിൻതിരിഞ്ഞു നോക്കാതെ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവൾ വല്ലാതെ കിതച്ചു പോയിരുന്നു...

നിഖിൽ പുറകിലുണ്ടെന്ന തിരിച്ചറിവോടെ ലക്ഷ്യബോധമില്ലാതെ സ്റ്റെയർ ഇറങ്ങി ഓടുമ്പോൾ ആരേയോ ചെന്നിടിച്ചിരുന്നു... കുഴഞ്ഞു വീഴുമെന്ന് തോന്നിയതും ആ കരങ്ങൾ തന്നെ പൊതിഞ്ഞു പിടിയ്ക്കുന്നതവൾ അറിഞ്ഞു.. ആ നിശ്വാസം ആ കരങ്ങളുടെ ഉടമയെ അവൾക്ക് മനസ്സിലാക്കി കൊടുത്തു... കരഞ്ഞു കലങ്ങിയ മിഴികളുയർത്തി നോക്കുമ്പോൾ കണ്ടു തന്നിൽ നിന്നും മിഴികളടർത്തി മാറ്റാനാവാതെ തറഞ്ഞു നിൽക്കുന്ന പൃഥ്വിയെ....!! അഴിഞ്ഞുലഞ്ഞ സാരിയുമായി കിതപ്പോടെ ഓടി വന്ന ശ്രീനന്ദയെ പൃഥ്വി സംശയത്തിൽ നോക്കി... കണ്മഷി പരന്ന അവളുടെ കലങ്ങിയ മിഴികളും വിതുമ്പുന്ന ചുണ്ടുകളും അവൻ്റെ സംശയത്തിൻ്റെ ആക്കം കൂട്ടിയിരുന്നു... അലങ്കോലമായ മുടിയിലെ മുല്ലപ്പൂക്കൾ പാതിയും ഊർന്നു പോയിരിക്കുന്നു... പൃഥ്വിയുടെ മിഴികൾ കുറുകുന്നതിനോടൊപ്പം സംശയത്തോടെയുള്ള അവൻ്റെ നോട്ടം പിന്നാലെയായി വരുന്ന നിഖിലിൽ പതിഞ്ഞിരുന്നു... അവനെ കണ്ടതും ശ്രീനന്ദയുടെ മിഴികളിൽ ഭയം നിറയുന്നത് പൃഥ്വി വ്യക്തമായി കണ്ടിരുന്നു... ആ നിമിഷത്തിൽ ഒരാശ്രയം എന്ന പോൽ പൃഥ്വിയുടെ പിന്നിലേക്ക് നീങ്ങി അവനെ അള്ളിപ്പിടിക്കാനാണ് ശ്രീനന്ദയ്ക്ക് തോന്നിയത്.... ഊർന്നു പോകാൻ തുടങ്ങിയ സാരിയാൽ ശ്രീനന്ദയെ പൊതിഞ്ഞു കൊണ്ട് അവളെ ആശ്വസിപ്പിക്കാനെന്നോണം പൃഥ്വിയവളെ ചേർത്തു പിടിച്ചു... ആ നിമിഷമവൻ്റെ നെഞ്ചിലേക്ക് ചായുമ്പോൾ തളർന്നു വീഴാൻ പോയ തന്നെ ചേർത്ത് പിടിച്ച ആ കരങ്ങളെ അവൾ അറിയുന്നുണ്ടായിരുന്നു..

ശ്രീനന്ദയെ തന്നിലേക്ക് അമർത്തി പിടിക്കുമ്പോഴുമവൻ്റെ പകയെരിയുന്ന നോട്ടം നിഖിലിലേക്ക് നീണ്ടിരുന്നു.. അവളുടെ ശ്വാസഗതി നേരെയായെന്നു മനസ്സിലായതും ശ്രീനന്ദയെ തന്നിൽ നിന്നും അകറ്റി നിർത്തിയവൻ നിഖിലിന് നേരെ തിരിഞ്ഞു.... പൃഥ്വിയുടെ കണ്ണുകളിൽ പകയെരിയുന്നത് കണ്ടതും എന്ത് പറയണമെന്നറിയാതെ നിഖിൽ പരുങ്ങി... അവൻ എന്തെങ്കിലും ചെയ്യും മുൻപേ പൃഥ്വിയുടെ കാൽ നിഖിലിൻ്റെ നെഞ്ചിൽ പതിഞ്ഞിരുന്നു... നിഖിൽ നില തെറ്റി പിന്നിലേക്ക് തെറിച്ച് വീണു.... "ടാ....!!" ചുറ്റുമുള്ളതിനെ പ്രകമ്പനം കൊള്ളിയ്ക്കും തരം ഒരലർച്ചയായിരുന്നു അത്.... "എൻ്റെ പെണ്ണിനെ തൊടാനും മാത്രം ധൈര്യം ഉണ്ടോടാ നിനക്ക്...??" ക്രോധത്തോടെ ചോദിക്കുന്നതിനോടൊപ്പം അവിടിരുന്ന ഗ്ലാസ്സിൻ്റെ ടേബിളവൻ എറിഞ്ഞുടച്ചിരിന്നു... എൻ്റെ പെണ്ണ്.....!! അത് കേട്ടതും ശ്രീനന്ദ നിറമിഴികളോടവനെ അവിശ്വസനീയതയോടെ നോക്കി നിന്നു പോയി.... വിറയ്ക്കുന്ന മുഖവും കോപത്താൽ ചുവന്ന മിഴികളും വന്യത നിറഞ്ഞ പൃഥ്വിയുടെ നോട്ടവും കാൺകെ കിടന്ന കിടപ്പിൽ തന്നെ നിഖിൽ പിന്നിലേക്കിഴഞ്ഞിരുന്നു... മുഷ്ടി ചുരുട്ടിക്കൊണ്ട് നിഖിലിൻ്റെ ഇരു കവിളിലും മാറി മാറി പൃഥ്വി പ്രഹരിക്കവേ നിഖിൽ വേദനയാൽ പുളഞ്ഞു... എഴുന്നേല്പ്പിച്ച് നിർത്തിയവൻ്റെ മുഖം ആഞ്ഞാഞ്ഞ് ഭിത്തിയിൽ ശക്തമായി ഇടിക്കുമ്പോൾ നിഖിലിൻ്റെ മുഖത്തൂടെ ചോരയൊലിച്ചിരുന്നു... ക്രോധത്താൽ വിറയ്ക്കുകയായിരുന്നു പൃഥ്വി...!!

വേദനയാൽ നിലവിളിക്കുന്നവൻ്റെ നെഞ്ചിലേക്ക് മതിവരാതെ ആഞ്ഞ് ചവിട്ടുമ്പോൾ കൊടുങ്കാറ്റു പോലെ പാഞ്ഞ് വരുന്നവനെ നേരിടാനാവാതെ തളർന്നു പോയിരുന്നു നിഖിൽ... നെഞ്ചിൽ കൈവെച്ചു ശക്തമായി ശ്വാസമെടുക്കാൻ ശ്രമിക്കുന്ന നിഖിലിനെ നിലത്തു കിടക്കുന്ന കുപ്പിച്ചില്ലിലൂടെ പൃഥ്വി വലിച്ചിഴയ്ക്കുമ്പോൾ ഇത് വരെ കാണാത്ത അവൻ്റെ ഭാവത്തിൽ തറഞ്ഞു നിൽക്കുകയായിരുന്നു ശ്രീനന്ദ... ചില്ലു കഷ്ണങ്ങൾ മാംസം വരിഞ്ഞു കയറിയതും പ്രാണൻ പോകുന്ന വേദനയാൽ നിഖിൽ അലറി... നിലത്താകെ നിഖിലിൻ്റെ രക്തം വീണ് ചീന്തി... എന്നിട്ടും മതിവരാതെ നിഖിലിൻ്റെ ഇരു കൈകളും തല്ലിയൊടിച്ചവനെ ആ ബംഗ്ലാവിൻ്റെ ഗേറ്റ് വരെ വലിച്ചിഴച്ചു.... ഒടുവിൽ നിഖിലിനെ റോഡിലേക്ക് എടുത്തെറിഞ്ഞവൻ ഗേറ്റ് വലിച്ചടച്ചു... ബോധം മറയും മുൻപവൻ അവസാനമായി കണ്ടത് പൃഥ്വിയുടെ കണ്ണുകളിൽ എരിയുന്ന പകയായിരുന്നു....!! തിരികെ അകത്തേക്ക് കയറുമ്പോൾ തൻ്റെ കോപത്തെ അടക്കാൻ പാടുപെട്ട് ശ്രമിക്കുകയായിരുന്നവൻ... ഉള്ളിലേക്ക് കയറിയതും കണ്ടു നിലത്തിരുന്നു വിതുമ്പുന്ന ശ്രീനന്ദയെ... അവളുടെ ദയനീയാവസ്ഥ കണ്ടതും കല്ലിച്ച ഹൃദയത്തിലെവിടെയോ വേദന ഉടലെടുക്കുന്നതവൻ അറിഞ്ഞു... പൃഥ്വിയെ കണ്ടതും ചുവന്നു കലങ്ങിയ കണ്ണുകൾ അവൾ ഉയർത്തി... അല്പം മുൻപ് കണ്ട പൃഥ്വിയുടെ ഭാവമാറ്റമവളെ ശരിക്കും ഭയപ്പെടുത്തിയിരുന്നു.... ഒന്നും ഉരിയാടാതെ പരസ്പരമവർ ഒന്ന് നോക്കി...

ആ കണ്ണുകളിൽ നേരത്തെ കണ്ട പകയുടെ വന്യമായ ഭാവമില്ല... പകരം തനിക്ക് നിർവ്വചിച്ചെടുക്കാനാവാത്ത മറ്റെന്തോ ഭാവം ആ മിഴികളിലവൾ അറിഞ്ഞു... "എന്തേ ഞാനവനെ തല്ലിയതിന് നിനക്ക് സാക്ഷി പറയണമെന്നുണ്ടോ...??" അല്പ നേരത്തെ മൗനത്തെ ഭേദിച്ച് തന്നെ ഉറ്റ് നോക്കുന്നവളോടത് ചോദിക്കുന്നതിനൊപ്പം ഒരു സിഗരറ്റ് എടുത്തവൻ ചുണ്ടോട് ചേർത്തു... പരിഹാസം ധ്വനിച്ച ആ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ മുഖം തിരിക്കുമ്പോൾ ആശങ്കപ്പെടുന്നവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു... "നിന്നോടല്ലേ ചോദിച്ചെ..??? എന്താ ഞാനവനെ തല്ലിയത് തെറ്റായോന്ന്..???" ശബ്ദം ഉയർത്തിക്കൊണ്ടവൻ ചോദിച്ചതും ശ്രീനന്ദ മിഴിനീർ തുടച്ചവനെ നോക്കി.... "ഇല്ല... തെറ്റല്ല..!! അവൻ അത് അർഹിക്കുന്നുണ്ട്...'' സ്വരം കനപ്പിച്ചു പറയുമ്പോഴും ചുണ്ടുകൾ എന്തിനോ വിതുമ്പുന്നുണ്ടായിരുന്നു... "ഇതേപോലൊരുത്തനെ നടു റോഡിലിട്ട് തല്ലിയതിനാടീ നീ കാരണം ഞാൻ രണ്ടാഴ്ച ജയിലിൽ കിടന്നത്.." പല്ലിറുമിക്കൊണ്ടവൻ തനിക്ക് നേരെ പാഞ്ഞടുത്തു കൊണ്ട് പറഞ്ഞതും എന്തിനെന്നില്ലാതെ ആകുലപ്പെടുന്ന ശ്രീനന്ദയ്ക്ക് മനസ്സിൻ്റെ നിയന്ത്രണം നഷ്ടമായിരുന്നു... "ആദ്യരാത്രിയിൽ താലി കെട്ടിയ പെണ്ണിൻ്റെ അരികിലേക്ക് മറ്റൊരു പുരുഷനെ പറഞ്ഞത് വിട്ടതിനു ശേഷം അവനിൽ നിന്നും നിങ്ങൾ തന്നെ രക്ഷിച്ചാൽ നല്ലവനാകുമെന്ന് വിചാരിച്ചോ നിങ്ങൾ..??? എൻ്റെ മുൻപിൽ നല്ല പിള്ള ചമയാൻ ഇത്രയും തരം താഴേണ്ടായിരുന്നു..."

കോപത്തോടെ വിറച്ചു കൊണ്ടെഴുന്നേറ്റവൾ സ്വരമുയർത്തി പറഞ്ഞതും പൃഥ്വിയുടെ മുഖം ദേഷ്യത്താൽ ചുവന്നു... ''നീയെന്താ പറഞ്ഞെ... ഞാനാ അവനെ ഇങ്ങോട്ട് പറഞ്ഞ് വിട്ടതെന്നോ...???" "അതെ... നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ തെമ്മാടിയായ പൃഥ്വി ദേവിൻ്റെ വീട്ടിൽ കയറി എന്നെ ഉപദ്രവിക്കാൻ ശ്രമിക്കാനുള്ള ധൈര്യം നിഖിലിനില്ല.... എ.. എന്നോട് പക വീട്ടുമെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതിയില്ല നിങ്ങൾ ഇത്രയ്ക്കും നീചമായ പ്രവർത്തി ചെയ്യുമെന്ന്...." വിതുമ്പലോടെ പറയുന്നതിനൊപ്പം അവൾ നിലത്തേക്കൂർന്നിരുന്നു പോയി... അവൾ പറഞ്ഞത് കേട്ടതും ദേഷ്യം നിയന്ത്രിക്കാനാവാതെ പൃഥ്വി അവിടിരുന്ന കസേരയെടുത്ത് നിലത്തേക്കെറിഞ്ഞു... അവൻ്റെ കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു... മിഴികൾ രക്തവർണ്ണമായി... ഒരുവേള ചുറ്റിനും മുഴങ്ങിയ ഒച്ചയാൽ ശ്രീനന്ദ പേടിയോടെ കാതുകൾ കൊട്ടിയടച്ചു.... "നിൻ്റെ മുൻപിൽ നല്ല പിള്ള ചമയേണ്ട ആവശ്യമൊന്നും പാലയ്ക്കലെ പൃഥ്വി ദേവിനില്ലെടീ....!! അതിന് ചെറ്റയായ നിൻ്റെ മുറച്ചെറുക്കനെ കൂട്ടു പിടിക്കേണ്ട ആവശ്യവും എനിക്കില്ല.." അവളുടെ മുഖത്തോട് മുഖമടുപ്പിച്ച് കൊണ്ട് ശ്രീനന്ദയുടെ തോളിൽ അമർത്തിപ്പിടിച്ച് പറയുന്നതിനൊപ്പം പ്രയാസപ്പെട്ട് കോപം നിയന്ത്രിക്കാനുമവൻ ശ്രമിച്ചു... "എ... എൻ്റെ മേലേന്ന് കൈയ്യെടുക്ക്... വേ... വേദനിക്കുന്നു... എ... എനിക്ക്... നോവുന്നു... കൈയ്യെടുക്ക്.... പ്ലീസ്..." നിസ്സഹായതയോടെ പാതി മുറിഞ്ഞ വാക്കുകളാൽ അവൾ പറഞ്ഞതും ശ്രീനന്ദയുടെ മേലുള്ള പൃഥ്വിയുടെ കരങ്ങൾ അയഞ്ഞു വന്നു... അവശയായി നിലത്തിരിയ്ക്കുന്നവൾക്ക് നേരെ ഒന്നു കൂർപ്പിച്ചു നോക്കിക്കൊണ്ടവൻ ധൃതിയിൽ മുകളിലേക്ക് കയറിപ്പോയി...

ദയനീയമായി അവൻ പോകുന്നതും നോക്കി കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി തേങ്ങുമ്പോൾ എന്ത് വിശ്വസിക്കണമെന്നറിയാതെ ആകുലപ്പെടുന്നൊരു മനസ്സ് അവളുടെ ഹൃദയതാളം തെറ്റിച്ചു തുടങ്ങിയിരുന്നു... അല്പം കഴിഞ്ഞതും പുറത്താരോ വന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്.... അവൾ ഭിത്തിയിൽ പിടിച്ച് സങ്കോചത്തോടെ വേച്ച് വേച്ച് എഴുന്നേറ്റു.... അപ്പോഴേക്കും മുകളിൽ നിന്നും പൃഥ്വിയും ഇറങ്ങി വന്നിരുന്നു... അവനെ കണ്ടതും ശ്രീനന്ദ മുഖം തിരിച്ചു നിന്നു... പൃഥ്വി അവളെ ശ്രദ്ധിക്കാതെ നേരെ ചെന്ന് വാതിൽ തുറന്നു.... "ആഹ്... ശേഖരേട്ടാ... വേഗം ഇവിടെല്ലാം വൃത്തിയാക്ക്... നാളെ അമ്മ ഉണരുമ്പോൾ ഒന്നും ഇവിടെ കാണാൻ പാടില്ല..." തറയിൽ കിടക്കുന്ന കുപ്പിച്ചില്ലുകളിലേക്കും രക്തത്തുള്ളികളിലേക്കും നോക്കിയവൻ അകത്തേക്ക് കയറിയ ജോലിക്കാരോടായി പറഞ്ഞു.... ശേഷം പോകാനായി പിൻ തിരിഞ്ഞതും ഒരു മൂലയ്ക്കായി മുഖം തിരിച്ച് നിൽക്കുന്ന ശ്രീനന്ദയെ ഒന്ന് നോക്കി... നേരെ നിൽക്കാൻ അവൾ നന്നേ പ്രയാസപ്പെടുന്നതവൻ അറിഞ്ഞു.. ഭിത്തിയിൽ ചാരിയാണ് നിൽപ്പ്... അവളുടെ അരികിലേക്ക് നടന്നവൻ ആ കൈയ്യിൽ പിടിച്ച് ഒന്നും മിണ്ടാതെ അവളെയും കൊണ്ട് മുകളിലേക്ക് നടന്നതും ശ്രീനന്ദ പേടിച്ചു പോയി... ബലിഷ്ഠമായ ആ കരങ്ങൾ ദേഷ്യത്തോടെ തന്നെ വലിച്ച് കൊണ്ടു പോകുകയാണെന്നവൾക്ക് തോന്നിയതും ഉള്ളിലെരിയുന്ന ഭീതിയുടെ നെരിപ്പോടുകൾ തന്നെ ഒരുപിടി ചാരമാക്കുമോ എന്നവൾ ഭയപ്പെട്ടു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story