പക...💔🥀: ഭാഗം 5

paka

രചന: ഭാഗ്യ ലക്ഷ്മി

എന്തിനാ ഇയാള് തന്നെയും വലിച്ചോണ്ട് മുറിയിലോട്ട് പോകുന്നത്...?? തൻ്റെ ഭർത്താവാണ്... താലിയുടെ ഉടമ...!! പക്ഷേ ഹൃദയത്തോട് പറ്റിച്ചേർന്ന് കിടക്കേണ്ട ഈ ആലിലത്താലി തൻ്റെ നെഞ്ചോട്‌ മാത്രമാണല്ലോ എപ്പോഴുമിപ്പോഴും ചേർന്നിരിക്കുന്നതെന്നോർക്കവേ ഉള്ളിലൊരു വിങ്ങൽ പടർന്നു... ചിന്തകൾ അലതല്ലി നെഞ്ചിലൊരു നോവ് തീർത്തപ്പോൾ പൃഥ്വിയുടെ കൈയ്യിൽ നിന്നും തൻ്റെ കൈ വിടുവിക്കാനവൾ ശ്രമിച്ചു കൊണ്ടിരുന്നു.... വിഫലമായ ആ ശ്രമങ്ങളുടെ പരിണിത ഫലമെന്നോണം അവൻ്റെ കരങ്ങൾ അവളിൽ അല്പം കൂടി മുറുകിയതല്ലാതെ തെല്ലും അയഞ്ഞില്ല... വേർപ്പെടുത്താനാവാത്ത വിധമാ കരങ്ങൾ കരുത്തോടെ തന്നിൽ മുറുകുകയാണോ എന്നവളുടെ ഹൃദയം ആശങ്കപ്പെട്ടു... ചുണ്ട് പൊട്ടി ചോരയൊലിക്കുന്നതിനാൽ മനസ്സിനൊപ്പം ശരീരവും നീറുന്നുണ്ടായിരുന്നു... അവളുമായി മുറിയിലേക്ക് കയറി പൃഥ്വി വാതിൽ വലിച്ചടച്ചതും ആ ശബ്ദത്തിൽ വിറച്ചവളെ അവൻ അറിയുന്നുണ്ടായിരുന്നു... പൃഥ്വിയുടെ മിഴികൾ അടർത്തി മാറ്റാനാവാത്ത വിധം തന്നിൽ പതിഞ്ഞിരിക്കുന്നതിൻ്റെ പൊരുൾ തേടി മനസ്സലയുമ്പോൾ തെല്ലൊരു വെപ്രാളത്താൽ അവനിൽ നിന്നും അകന്ന് മാറാനാണവൾക്ക് തോന്നിയത്... മനസ്സിൻ്റെ അവശത ശരീരത്തെയും ബാധിച്ചതിനാൽ തന്നേ തളർച്ച തോന്നുന്നുണ്ടായിരുന്നു... എവിടൊക്കെയോ മുറിവേറ്റെന്നു തോന്നുന്നു.... ശരീരമാകെയൊരു നീറ്റൽ....!!

ഒരുപക്ഷേ പൃഥ്വി വരാൻ സ്വല്പമൊന്നു വൈകിയിരുന്നെങ്കിൽ....???!! പ.. പക്ഷേ അയാൾ തന്നെയല്ലേ നിഖിലിനെ പറഞ്ഞു വിട്ടതും...??? ഉള്ളിൽ ഉരുണ്ടു കൂടിയ ചോദ്യങ്ങൾ ഉത്തരത്തിനായി കേഴുന്നതവൾ അറിഞ്ഞു.... നിലത്ത് വീണുടഞ്ഞ ചില്ലു കഷ്ണങ്ങളും തറയിൽ പടർന്ന പാലുമൊക്കെ പൃഥ്വി വൃത്തിയാക്കിയിരിക്കുന്നു... വേദനയാൽ ചുളിയുന്ന ശ്രീനന്ദയുടെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ മേശവലിപ്പ് തുറന്ന് ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു... "ശ്രീനന്ദാ..." "ഹാ..." ഗൗരവത്തോടെ പൃഥ്വി വിളിച്ചതും സ്വപ്നത്തിൽ നിന്നും ഉണർന്നതു പോലെയവൾ അറിയാതെ മൂളിയിരുന്നു... താൻ ചാരേക്ക് നടന്നടുക്കുമ്പോൾ ഭയപ്പെട്ട് പിന്നിലേക്ക് ചുവടുകൾ വെയ്ക്കുന്നവളെ കാൺകെ ആ മിഴികളിൽ ഗൗരവം നിറഞ്ഞിരുന്നു... ഹൃദയത്തെ കീഴ്പ്പെടുത്തുന്ന ഭയത്തിനു മുൻപിൽ തോറ്റു കൊടുക്കാൻ സാധിക്കാത്തതിനാലവൾ ഉള്ളിലെ പതർച്ച മറച്ചു കൊണ്ട് ധൈര്യം സംഭരിച്ചു.. "എ.. എന്താ...??" അവനെ നേരിടാൻ സംഭരിച്ച ധൈര്യത്തിൻ്റെ വലയത്തെ ഭേദിച്ചു കൊണ്ട് തൻ്റെ സ്വരത്തിൻ്റെ വിറയൽ ചുറ്റിനും പ്രതിധ്വനിക്കുന്നതവൾ അറിഞ്ഞു... ഇടർച്ചയോടെയുള്ള ചോദ്യത്തിന് മറുപടിയെന്നോണം തന്നെ പിടിച്ച് ബെഡിലേക്കിരുത്തുന്ന പൃഥ്വിയെ അവൾ ഉറ്റു നോക്കി...

തളർച്ചയാൽ കൂമ്പിയടയുന്ന അവളുടെ മിഴികളിലേക്ക് നോക്കിയവൻ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്നു... കൈകളിൽ കോട്ടൺ എടുത്തവൻ മുറിവ് പറ്റിയ അവളുടെ അധരങ്ങളിലേക്ക് മിഴികൾ പായിച്ചതും പൃഥ്വിയുടെ ഉദ്ദേശ്യം മനസ്സിലാകാതെ ശ്രീനന്ദയുടെ മുഖം ചുളിഞ്ഞു... എന്നാൽ പൊടുന്നനെ അവൻ അവളുടെ ചുണ്ടിലൂടെ ഒലിക്കുന്ന രക്തം തുടച്ചതും അപ്രതീക്ഷിതമായ അവൻ്റെ പ്രവർത്തിയാൽ ഒരുതരം ഞെട്ടലോടെ അവൾ അവനെ തന്നെ നോക്കിയിരുന്നു പോയി... ഉള്ളിലൂടെ ഒരു പെരുപ്പ് കടന്നു പോയതും ഉയർന്നു താണ ശ്വാസഗതിയ്ക്കൊപ്പം ഹൃദയമിടിപ്പുകളും ഒരുവേള വർദ്ധിച്ചിരുന്നു... ചുറ്റിനും തളം കെട്ടി നിൽക്കുന്ന നിശബ്ദതയെ ഭേദിച്ചു കൊണ്ട് തൻ്റെ ഹൃദയമിടിപ്പുകൾ അവൻ ശ്രവിക്കുമോന്ന് പോലുമവൾ ഒരുവേള സംശയിച്ചു... പൃഥ്വി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ... തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവനെ എത്ര ക്രൂരമായിട്ടാണവൻ തല്ലി ചതച്ചതെന്ന് താൻ കണ്ടതല്ലേ..?? അങ്ങനെയുള്ളപ്പോൾ പൃഥ്വി ആകുമോ നിഖിലിനെ പറഞ്ഞു വിട്ടത്...?? പൃഥ്വിക്ക് വേണമെങ്കിൽ തന്നെ രക്ഷിക്കാതെ ഇരിക്കാമായിരുന്നില്ലേ...?? താൻ... താൻ ഒന്നും ചിന്തിക്കാതെ എടുത്ത് ചാടി പൃഥ്വിയോട് അങ്ങനെ പറഞ്ഞത് തെറ്റായോ...??

നന്ദി പറയേണ്ട സ്ഥാനത്ത് താൻ കാണിച്ചത് മാപ്പർഹിക്കാത്ത നിന്ദയാണോ...?? അവശയായ തന്നെ ചേർത്ത് പിടിച്ച് നെഞ്ചോട് ചേർത്ത ആ കരങ്ങളെന്നോട് കളവു പറയുമോ..?? പേടിച്ചരണ്ട് പോയ തന്നെ ആശ്വസിപ്പിച്ച ആ ഹൃദയമിടിപ്പുകൾ മന്ത്രിച്ചത് നുണകളാകുമോ..?? കാച്ചിക്കുറുക്കിയ ആശ്വാസവാക്കുകൾ പകരുന്നതിനുമധികം സുരക്ഷിതത്വം താനാ കരവലയങ്ങളിൽ അറിഞ്ഞതല്ലേ...?? തളർന്ന് വീഴാൻ പോയ തന്നെ നെഞ്ചോടമർത്തുമ്പോൾ ആ സ്പർശനത്തിലുടനീളം നീണ്ടു നിന്നത് തന്നോടുള്ള കരുതൽ മാത്രമാണെന്ന് താൻ മനപൂർവ്വം മറന്നതാണോ...?? ഹൃദയത്തെ വലയം ചെയ്ത ഒരായിരം ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരമില്ലാതെ കുഴയുമ്പോൾ ചിന്തകളുടെ ഉൾക്കാട്ടിൽ അസ്വസ്ഥമായ മനസ്സ് അലഞ്ഞു കൊണ്ടിരുന്നു... "ആഹ്....!!....!!" പൃഥ്വി അവളുടെ ചുണ്ടിലേക്ക് മരുന്ന് വെച്ച കോട്ടൺ മുട്ടിച്ചതും ശ്രീനന്ദ എരിവ് വലിച്ചു... മിഴികൾ ഇറുക്കിയടച്ച് വിരലുകൾ ബെഡ്ഷീറ്റിൽ മുറുക്കി പുരികങ്ങൾ വളച്ച് വേദന കടിച്ചു പിടിയ്ക്കുന്ന പെണ്ണിൻ്റെ മുഖത്തേക്കവൻ വല്ലാത്തൊരു ഭാവത്തോടെ നോക്കി.... കരയുമ്പോൾ ചുവക്കുന്ന അവളുടെ നാസികത്തുമ്പും കപോലങ്ങളും വല്ലാത്ത പ്രത്യേകതയുളവാക്കുന്നതാണെന്ന് അവന് ഒരു മാത്ര തോന്നി...

അവളുടെ മുഖം വീണ്ടും ചുളിയുന്നതു കണ്ടതും ശ്രീനന്ദയ്ക്ക് നന്നായി വേദനിച്ചിട്ടുണ്ടെന്ന് പൃഥ്വിയ്ക്ക് മനസ്സിലായി... ഏറെ നേരമായിട്ടും അവനിൽ നിന്നും പ്രതികരണമൊന്നും ഇല്ലാത്തതിനാൽ പൊടുന്നനെ മിഴികളൊന്ന് ചിമ്മിക്കൊണ്ടവൾ തുറന്നു.. "നോ...നോവുന്നുണ്ട്...." പെയ്യാൻ വെമ്പൽ കൊണ്ട മിഴികളോടെ അവൾ തന്നെ നോക്കുന്നത് കണ്ടതും പൃഥ്വി എഴുന്നേറ്റു ടേബിളിനരികിലേക്ക് നടന്നു... അവൻ എങ്ങനെയാവും ഇവിടെ വന്നത്..?? ഒരുപക്ഷേ ഞാൻ വരാൻ ഒരല്പം താമസിച്ചിരുന്നെങ്കിൽ ശ്രീനന്ദയുടെ അവസ്ഥ എന്താകുമായിരുന്നു...?? ചിന്തകൾ ഉള്ളത്തെ ഉലച്ചതും പൃഥ്വി അസ്വസ്ഥമായ മനസ്സോടെ ബെഡിലിരിക്കുന്നവളെ നോക്കി.... "ഹോസ്പിറ്റലിൽ പോണോ...??" അല്പനേരം കഴിഞ്ഞതും ശാന്തതയോടെ അവൻ്റെ സ്വരമുയർന്നതും ശ്രീനന്ദയുടെ മിഴികൾ തെല്ലൊരു അത്ഭുതത്തോടെ അവനിൽ പതിഞ്ഞു... ഇത്ര ശാന്തതയും കരുതലും അവനിൽ നിന്നുമവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... മറുപടി പ്രതീക്ഷിച്ചു കൊണ്ടവൻ തന്നിൽ തന്നെ മിഴികൾ നട്ടിരിക്കുന്നത് കണ്ടതും വേണ്ട എന്ന അർത്ഥത്തിലവൾ തലയനക്കി... ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സിലേക്കവൻ വെള്ളം നിറച്ചവളുടെ മുൻപിലേക്ക് വെച്ചു... "ദാ കുടിക്ക്... നല്ലോണം വിയർത്തതല്ലേ..."

ആ ഗ്ലാസ്സ് കൈയ്യിലെടുക്കുമ്പോൾ പൃഥ്വിയുടെ സ്വരത്തിൽ പുച്ഛം നിറഞ്ഞതവൾ നോവോടെ തിരിച്ചറിഞ്ഞു.... "പിന്നെ ചുണ്ട് മുറിഞ്ഞതുകൊണ്ട് കുടിക്കാൻ ബുദ്ധിമുട്ട് കാണും... അണ്ണാക്കിലേക്കങ്ങ് ഡയറക്റ്റ് ആയി ഒഴിച്ചാൽ മതി..." ആ സ്വരത്തിലും നിഴലിച്ചതു പരിഹാസം മാത്രമാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകണം ആ ഗ്ലാസ്സവൾ എടുത്തതിനേക്കാൾ വേഗത്തിൽ തിരികെ വെച്ചത്... അപമാനത്തിൻ്റെ ചെളിക്കുണ്ടിലേക്ക് തന്നെ ആരോ ചവിട്ടി താഴ്ത്തുന്നതു പോലെ... അതിൻ്റെ ആദ്യ പടിയായിരുന്നല്ലോ തൻ്റെ കഴുത്തിൽ കിടക്കുന്ന ഈ താലി.... "എന്തായാലും നിൻ്റെ മുറച്ചെറുക്കൻ ഒരിക്കലും വിസ്മരിക്കാനാവാത്ത ഇങ്ങനെയൊരു വിവാഹ സമ്മാനം തരുമെന്ന് ഞാൻ ഓർത്തില്ല...." ചുണ്ടിലെരിയുന്ന സിഗരറ്റ് ആഞ്ഞ് വലിക്കുന്നതിനോടൊപ്പം ശ്രീനന്ദയെ അവൻ തൻ്റെ മേലേക്ക് വലിച്ചിട്ടു... അവൻ്റെ നെഞ്ചിലേക്ക് ചെന്ന് വീണതുമവൾ പരിഭ്രമത്തോടെ പിടഞ്ഞെണ്ണീക്കാൻ ശ്രമിച്ചു.... "എവിടെ പോവാ ശ്രീനന്ദാ..??" അവൻ അവളുടെ മുഖം തന്നിലേക്കടുപ്പിച്ചു കൊണ്ട് ചോദിച്ചു... ആ നിശ്വാസം തന്നിൽ പതിഞ്ഞതുമവൾ ഭീതിയോടെ മിഴികൾ ഇറുക്കിയടച്ചു... ചെറുത്ത് നിൽക്കാനാവാത്ത വിധം തളർന്നു പോകുമ്പോൾ ആ കരങ്ങൾ തന്നിൽ മുറുകുന്നത് കൂടുതൽ കരുതലോടെയാണോ എന്നവൾ ആശങ്കപ്പെട്ടു...

"പൃഥ്വീ... പ്ലീസ്... എന്നെ വിട്..." ഉള്ളിൽ കടന്നു കൂടിയ അഗാധമാം ഭയം നാവിനെ കുരുക്കിട്ട് നിർത്താൻ ശ്രമിച്ചപ്പോഴും എങ്ങനെയോ പറഞ്ഞൊപ്പിച്ചവൾ മുഖം തിരിക്കുമ്പോൾ നിഖിലിനാൽ അവളുടെ കവിളിലേറ്റ നഖക്ഷതങ്ങളിലേക്ക് ഉറ്റു നോക്കുകയായിരുന്നു പൃഥ്വി....!! കവിളുകൾ നന്നായി ചുവന്നിട്ടുണ്ട്... "ഒ... ഒന്നും ചെയ്യല്ലേ പൃഥ്വീ... എന്നെ... ദയവായി വിട്... വയ്യ... എ...നിക്ക്... തീരെ...." ലൈറ്റണച്ചവൻ ബെഡ് ലാമ്പിൻ്റെ സ്വിച്ചിട്ടതും ശ്രീനന്ദയുടെ തേങ്ങലോടെയുള്ള സ്വരം കാതിൽ മുഴങ്ങിയിരുന്നു... പൃഥ്വി തിരിച്ചൊന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു... "എ...എന്തിനാ എന്നോടിങ്ങനെ...?? മരിച്ചാ മതിയെന്ന് തോന്നുവാ എനിക്ക്... ഞാൻ... നിങ്ങൾ മുറിയിലേക്ക് വരുമ്പോൾ എല്ലാത്തിനും മാപ്പ് പറയാനിരുന്നതാ... അന്ന് അമ്പലത്തിൽ നിന്നു വരുന്ന വഴിക്കും നിങ്ങളെ കണ്ടപ്പോൾ ക്ഷമ ചോദിക്കണമെന്ന് വിചാരിച്ചതാ... പക്ഷേ നിങ്ങളന്നു ഭീഷണിയുടെ സ്വരത്തിൽ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഒന്നും പറയാനാവാതെ നിശബ്ദയായി നിൽക്കാനേ കഴിഞ്ഞുള്ളൂ... എന്നെ ഇനിയും ദ്രോഹിക്കല്ലേ... മാപ്പ്..." അവന് നേരെ കൈകൂപ്പിയവൾ പറഞ്ഞതും പൃഥ്വി ഭാവഭേദമന്യേ അവളിൽ നിന്നും അകന്നു മാറിക്കൊണ്ടു ബെഡിലേക്ക് നീണ്ടു നിവർന്നു കിടന്നു മിഴികൾ ഇറുക്കിയടച്ചു.... കരങ്ങൾ രണ്ടും ശിരസ്സിനു പിന്നിലായി പിണച്ചു വെച്ചു കിടക്കുന്നവനിൽ നിന്നും അകന്നിരുന്നു കൊണ്ടവൾ ബെഡിൻ്റെ ഒരു മൂലയിലേക്ക് നീങ്ങി...

അല്പം മുൻപ് നടന്ന സംഭവ വികാസങ്ങളുടെ ആഘാതത്തിൽ നിന്നും മുക്തി നേടാനെന്നോണം കുറച്ച് നേരം തലയ്ക്ക് കൈയ്യും കൊടുത്തിരുന്നു... പൃഥ്വിയാണ് നിഖിലിനെ പറഞ്ഞ് വിട്ടതെന്ന് തനിക്കുറപ്പില്ലാത്ത സ്ഥിതിക്ക് താനവനെ വെറുക്കരുതെന്ന് ശ്രീനന്ദയുടെ മനം മന്ത്രിച്ചു... നിഖിലിനെ പോലൊരുത്തനെ തല്ലിയതിനാണ് താനവനെതിരെ മൊഴി കൊടുത്തതെങ്കിൽ അവന് തന്നോടുള്ള പക ന്യായമാണെന്നവൾക്ക് തോന്നി.... അങ്ങനെയെങ്കിൽ പൃഥ്വിയോട് തെറ്റ് ചെയ്തത് താനാണോ...?? ഒന്നും മനസ്സിലാവുന്നില്ലല്ലോ...!! അസ്വസ്ഥമായ മനസ്സോടെ അവൾ ഉറക്കം പിടിച്ചു തുടങ്ങിയ പൃഥ്വിയെ നോക്കി.... അവൾ അവൻ്റെ അരികിലായി കിടന്നെരിയുന്ന ആ സിഗരറ്റ് എടുത്ത് ദേഷ്യത്തോടെ ജനൽ വഴി പുറത്തേക്കെറിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀🥀 രാവിലെ വാതിലിൽ ഒരു കൊട്ടു കേട്ടതും പ്രയാസപ്പെട്ടാണവൾ കണ്ണുകൾ വലിച്ച് തുറന്നത്... തലയ്ക്ക് വല്ലാത്ത ഭാരം പോലെ... ബെഡിലേക്കവൾ എഴുന്നേറ്റിരുന്ന് അരികിലേക്ക് നോക്കിയതും പൃഥ്വിയും ഉണർന്നിട്ടില്ല... ക്ലോക്കിലേക്ക് നോക്കിയതും സമയം പത്ത് മണി... ഇത്രയും വൈകി ആദ്യമായാണ് എഴുന്നേല്ക്കുന്നതെന്ന് ശ്രീനന്ദ ഓർത്തു... ഇന്നലെ നല്ല ക്ഷീണമുണ്ടായിരുന്നല്ലോ...

വാതിലിൽ തുടരെ തുടരെ കൊട്ട് കേട്ടതും ഉറക്കം മുറിഞ്ഞ അമർഷത്തിൽ പൃഥ്വി തിരിഞ്ഞു കിടന്നു.... "അമ്മയാണെന്ന് തോന്നുന്നു... എഴുന്നേല്ക്ക്...." ശ്രീനന്ദ അറിയാതെ തന്നെ പൃഥ്വിയുടെ മേൽ തട്ടി.... ''ഉറങ്ങാനും സമ്മതിക്കില്ലേടീ എന്നെ നീ..?? ജയിലിലെ കൊതുകു കടിയും നീയും കാരണം രണ്ടാഴ്ച്ചത്തെ ഉറക്കം പോയതാ എൻ്റെ..." "അത്... ഞാൻ... സമയം ഇത്രയും ആയില്ലേ..." വാക്കുകൾക്ക് വേണ്ടി പരതുന്ന പെണ്ണിനെ കാൺകെ അവളെ കൂർപ്പിച്ചു നോക്കിയവൻ പുതപ്പ് മാറ്റി എഴുന്നേറ്റു... ശ്രീനന്ദ മുഖമൊന്നു കഴുകി ഒരു ചിരി വരുത്തിക്കൊണ്ട് വാതിൽ തുറന്നു... മുൻപിൽ നിൽക്കുന്ന ലക്ഷ്മിയമ്മയെ കണ്ടതും അവളുടെ മുഖം വിടർന്നു... എന്നാൽ ചോര പൊടിഞ്ഞ ചുണ്ടുകളും അലങ്കോലമായ സാരിയുമായി നിൽക്കുന്ന ശ്രീനന്ദയെ കണ്ടതും പെട്ടെന്നവർ ചമ്മലോടെ മുഖം തിരിച്ചു... "മക്കളെ ശല്ല്യപ്പെടുത്തണമെന്ന് കരുതിയതല്ല... നേരമിത്രയും ആയില്ലേ അതാ.. അമ്മയും ഇന്ന് എഴുന്നേല്ക്കാൻ വൈകിപ്പോയി..." ഇരുവരുടെയും മുഖത്ത് നോക്കാൻ പറ്റാതെ ജാള്യതയോടെ ലക്ഷ്മിയമ്മ പറഞ്ഞതും പൃഥ്വിയുടെ നോട്ടവും നീണ്ടത് ചുണ്ടിലെ മുറിവുമായി അലങ്കോലമായ വസ്ത്രത്തോടെ നിൽക്കുന്ന ശ്രീനന്ദയിലാണ്... ഇവൾക്കീ വേഷം ഇതുവരെ മാറാറായില്ലേ...??

മനുഷ്യനെ നാണം കെടുത്താനായിട്ട്.... അവൻ പല്ലിറുമി... "രണ്ട് പേരും ഒന്ന് കുളിച്ചിട്ട് താഴേക്ക് വാ... അമ്മ ഭക്ഷണം എടുത്ത് വെയ്ക്കാം..." ലക്ഷ്മിയമ്മ പറഞ്ഞതും ശ്രീനന്ദ നിഷ്കളങ്കമായി തലയനക്കി... "ആഹ്... പിന്നെ... രണ്ടാളും ധൃതി വെയ്ക്കണ്ട കേട്ടോ... പതിയെ വന്നാൽ മതി..." പോകും മുൻപ് ലക്ഷ്മിയമ്മ ചിരിയടക്കാൻ പ്രയാസപ്പെട്ടു കൊണ്ട് ഇരുവരോടും പറഞ്ഞതും ശ്രീനന്ദയും അവർക്ക് നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു...എന്നാൽ ലക്ഷ്മിയമ്മ പോകുന്നത് വരെയും പൃഥ്വി ദേഷ്യം കടിച്ച് പിടിച്ച് നിൽക്കുകയായിരുന്നു.... "ടീ...." അവർ പോയതും ശ്രീനന്ദയ്ക്ക് നേരെ പൃഥ്വി അലറി.... എന്നാൽ പെട്ടെന്നവനിലുണ്ടായ ഭാവമാറ്റത്തിൻ്റെ കാര്യം മനസ്സിലാകാതെ ഞെട്ടലിൽ ആയിരുന്നു ശ്രീനന്ദ... "എ... എന്താ... എന്തു പറ്റി...??" അവൾ അവനെ അടിമുടി നോക്കി പതർച്ചയോടെ ചോദിച്ചു... പൃഥ്വി അവളെ പിടിച്ച് വലിച്ച് കണ്ണാടിക്ക് മുൻപിലേക്ക് നിർത്തി... ശ്...!! തൻ്റെ കോലം കണ്ടതും ശ്രീനന്ദ പെട്ടെന്ന് നാവ് കടിച്ചു... "നാണമില്ലേടീ അമ്മയ്ക്ക് മുൻപിൽ ഇങ്ങനെ ചെന്ന് നിൽക്കാൻ...???" പൃഥ്വി ദേഷ്യം കലർന്ന സ്വരത്തിൽ ചോദിച്ചു... "അതിനെന്താ...?? ആ പാവം വിചാരിച്ചോട്ടെ നമ്മൾ നല്ല സ്നേഹത്തിലാണെന്ന്....!! നിങ്ങളെന്നെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണെന്നാ ആ അമ്മയുടെ ധാരണ...

അല്ലാതെ പക വീട്ടാനാണെന്ന് ആ അമ്മയ്ക്ക് അറിയില്ലല്ലോ... ആ അറിവില്ലായ്മയിലാണ് അമ്മയുടെ സന്തോഷം... അത് നമ്മളായിട്ട് തല്ലിക്കെടുത്തണ്ട.... നിങ്ങൾ ഭാഗ്യവാനാണ്... ഇത്ര സ്നേഹമുള്ളൊരു അമ്മയെ കിട്ടി... ആ അമ്മയുടെ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായി... ഇതൊക്കെ ഇല്ലാത്തവരുടെ വേദന നിങ്ങൾക്ക് മനസ്സിലാവില്ല...." കൺകോണിൽ നേരിയ നനവോടെ ശ്രീനന്ദ പറഞ്ഞു നിർത്തിയതും പൃഥ്വി അനിഷ്ടത്തോടെ മുഖം തിരിച്ചു... "മതി... മതി... രാവിലെ തന്നെ നീ കൂടുതൽ തത്വം കിടന്ന് വിളമ്പാൻ നില്ക്കണ്ട... എനിക്കീ വക സെൻ്റിമെൻ്റ്സ് കേൾക്കാനും താത്പര്യമില്ല..." പൃഥ്വിയുടെ സ്വരത്തിൽ അമർഷം നിറഞ്ഞതും ഈ മറുപടി മുൻകൂറായി പ്രതീക്ഷിച്ചിരുന്നതു പോലെ ശ്രീനന്ദ കൂടുതൽ സംസാരിക്കാൻ നില്ക്കാതെ ബാത്ത് റൂമിലേക്ക് നടന്നു... 🥀🥀🥀🥀🥀🥀🥀🥀 കുളിച്ചിറങ്ങി താഴേക്ക് ചെന്നതും എന്തെങ്കിലും ജോലിയുണ്ടോന്ന് അറിയാനായി ശ്രീനന്ദ ലക്ഷ്മിയമ്മയെ ചുറ്റിപ്പറ്റി നിന്നു... "മോളെന്താ അടുക്കളയിലേക്ക് നോക്കുന്നത്...?? ഭക്ഷണമൊക്കെ ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്... അവനും കൂടി വന്നിട്ട് കഴിക്കാം..." ലക്ഷ്മിയമ്മ ചിരിയോടെ പറഞ്ഞു... "അല്ല അമ്മേ ഇവിടെ പണിയൊന്നും ഇല്ലേ..? ഞാനും അമ്മയെ സഹായിക്കാം..." "മോളൊന്നും ചെയ്യണ്ട... അതിനൊക്കെ ഇവിടെ ജോലിക്കാരുണ്ട്...." ലക്ഷ്മിയമ്മ പറഞ്ഞതും ശ്രീനന്ദയുടെ മിഴികൾ സ്റ്റെയർ ഇറങ്ങി വരുന്ന പൃഥ്വിയിലേക്ക് പതിഞ്ഞിരുന്നു...

"ദേവാ വന്ന് കഴിക്ക് മോനേ... മോള് കുറേ നേരമായി നോക്കി ഇരിക്കുവാ..." ആ അമ്മ പൃഥ്വിയെ വിളിച്ചതും അവൻ്റെ നോട്ടവും അവളിലേക്ക് നീണ്ടിരുന്നു... "വിശക്കുന്നവർക്ക് കഴിച്ചൂടെ...?? എന്തിനാ എന്നെ നോക്കി നിൽക്കുന്നെ...??" പുരികമുയർത്തിയുള്ള ഗൗരവം നിറഞ്ഞ ചോദ്യത്താൽ അവളുടെ മുഖത്ത് മങ്ങലേറ്റു... "അതല്ലല്ലോ മോനെ ശരി... രണ്ടു പേരും ഒരുമിച്ചിരുന്നു കഴിക്കുമ്പോഴല്ലേ...." "ഒരുമിച്ചിരുന്നു കഴിച്ചാൽ മാത്രമേ ഇറങ്ങത്തുള്ളോ...?? അങ്ങനെയാണെങ്കിൽ ഇനീം മുതൽ പട്ടിണി കിടക്കത്തേയുള്ളൂ... എനിക്കൊന്നും വേണ്ട... തീരെ വിശപ്പില്ല..." അതും പറഞ്ഞ് ആരുടെയും സമ്മതത്തിന് കാത്ത് നിൽക്കാതവൻ ബൈക്കുമെടുത്ത് പുറത്തേക്ക് പോകുന്നത് ശ്രീനന്ദ നോക്കി നിന്നു... അറിയാം ഒരു തരി പോലും സ്നേഹമില്ലെന്ന്... പക്ഷേ എന്നിട്ടും ഉള്ളിൻ്റെ ഉള്ളിലെവിടെയോ നേരിയ ഒരു വേദന ഉടലെടുക്കും പോലെ.... ആ വാക്കുകൾ ഓരോന്നും ഹൃദയത്തെ കുത്തി നോവിക്കുന്നതു പോലെ.... മുഖം ചെരിച്ച് നോക്കിയതും ലക്ഷ്മിയമ്മയുടെ മുഖത്തെ പ്രകാശവും മങ്ങിയതവളറിഞ്ഞു... "അമ്മേ...അത് എന്നോട് പറഞ്ഞിരുന്നു ഏതോ കൂട്ടുകാരനെ കാണണമെന്ന്... അതാ ധൃതി വെച്ചങ്ങ് പോയത്... ഞാനിത്രയും നേരം കഴിക്കാതെ ഇരുന്നതിനുള്ള നീരസമാ ആൾക്ക്..." പ്രയാസപ്പെട്ടൊരു ചിരി വരുത്തി പറയുമ്പോൾ ആ അമ്മയുടെ മനസ്സിനല്പം ആശ്വാസമാകണേ തൻ്റെ വാക്കുകൾ എന്ന് മാത്രമായിരുന്നു അവൾ ആഗ്രഹിച്ചത്....

"എ...എന്നാലും മോളെ അവന് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരാരുന്നോ...?? ആഹ് ഇനീം സാരമില്ല... മോള് കഴിക്ക്..." സ്നേഹത്തോടെ ആ അമ്മ അങ്ങനെ പറയുമ്പോൾ ഉള്ളിലെ വിശപ്പ് കെട്ടു പോയെങ്കിലും കഴിക്കാതിരിക്കാൻ അവൾക്കായില്ല.... വേറെ പണിയൊന്നും ഇല്ലാഞ്ഞതിനാൽ മുറിയിലേക്കാണ് നേരെ നടന്നത്... എത്ര വർഷങ്ങളായിരിക്കുന്നു താനൊന്ന് വിശ്രമിച്ചിട്ട്...?? അല്പ നേരം ഇതേ പോലെ വെറുതെ ഇരുന്നിട്ട്..?? ശകാരവർഷങ്ങൾ കേൾക്കാതെ ഒരു ദിനം ആരംഭിച്ചിട്ട്...?? ശ്രീനന്ദ ഓരോന്നോർക്കെ ഷെൽഫിൽ അടുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങളുടെ അടുക്കലേക്ക് നടന്നു... കണ്ണുകൾ ആദ്യമുടക്കിയത് തന്നെ ഒരു വലിയ ആൽബത്തിലേക്കായിരുന്നു.... മെല്ലെ അത് കൈയ്യിലെടുത്തു... അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി കണ്ടതും പൃഥ്വി ഇതെടുത്തിട്ട് നാളുകൾ ഏറെയായെന്നവൾക്ക് തോന്നിയിരുന്നു... അതിനുള്ളിലുള്ള ഓരോ ഫോട്ടോയും കാൺകെ എന്തിനാണ് തൻ്റെ മിഴികൾ ഈറനണിഞ്ഞതെന്നവൾ വേദനയോടെ ഓർത്തു... ഉള്ളിലെ തേങ്ങലുകൾ പുറത്ത് വരാൻ കൂട്ടാക്കാതെ എന്തിനാണ് തൊണ്ടക്കുഴിയിൽ തന്നെ കുടുങ്ങി പോയതെന്നവൾ നോവോടെ ചിന്തിച്ചു... പൃഥ്വി ഒരിക്കലും തന്നെ സ്നേഹിക്കില്ലെന്ന ചിന്ത ഒരിക്കൽക്കൂടി ഉള്ളിൽ ആരോ ഊട്ടിയുറപ്പിക്കുന്നതു പോലെ...!!.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story