പക...💔🥀: ഭാഗം 6

paka

രചന: ഭാഗ്യ ലക്ഷ്മി

മറ്റൊരുവളെ മനസ്സിൽ പ്രതിഷ്ഠിച്ചവനാണ് തൻ്റെ കഴുത്തിൽ താലി കെട്ടിയതെന്ന തിരിച്ചറിവ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ഓരോ നിമിഷവും ശ്രീനന്ദയുടെ ഉള്ളത്തെ ക്രൂരമായി വേദനിപ്പിച്ചു കൊണ്ടിരുന്നു... പൃഥ്വിയോടൊപ്പം എല്ലാ ഫോട്ടോകളിലും ചേർന്നിരിക്കുന്നുണ്ട് ഒരു പെൺകുട്ടി... ഇരു നിറമുള്ള... മെലിഞ്ഞ... ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ഒരു സുന്ദരിക്കുട്ടി.. ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകളാണവൾക്ക്... തോള് കഴിഞ്ഞ് അല്പം കൂടി നീണ്ടു കിടക്കുന്ന സമൃദ്ധമായ ചുരുളൻ മുടിയിഴകൾ മിക്ക ഫോട്ടോകളിലും അവൾ അലസമായി അഴിച്ചിട്ടിരിക്കുകയാണ്... അവർ ഒരുമിച്ചുള്ളപ്പോൾ പൃഥ്വി എത്ര സന്തോഷത്തിലാണെന്ന് ഓരോ ഫോട്ടോയിലുമുള്ള അവൻ്റെ നിറഞ്ഞ ചിരിയിൽ നിന്നും തന്നെ ശ്രീനന്ദയ്ക്ക് മനസ്സിലായിരുന്നു... ഇയാൾക്ക് ചിരിക്കാനറിയാമായിരുന്നോ എന്നവൾ ഒരു മാത്ര ചിന്തിച്ചു പോയി.. കാരണം തനിക്ക് വേണ്ടി ആ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞിട്ടുമില്ല... ഒ.. ഒരുപക്ഷേ ഇനിയൊരിക്കലും വിരിയുകയുമില്ല... പൃഥ്വിയോട് എത്രമാത്രം ചേർന്നാണവൾ ഓരോ ഫോട്ടോയിലും ഇരിക്കുന്നത്... അത് കാണുമ്പോൾ തൻ്റെ നെഞ്ചിലേക്ക് ആരോ ഒരു കത്തി കുത്തിയിറക്കിയതു പോലെ..

അധികാരത്തോടെയവൾ അവൻ്റെ തോളിലൂടെ കൈയ്യിട്ടിട്ടുണ്ട്... ഒരാൽബം നിറയെ അവർ ഒരുമിച്ചുള്ള ഫോട്ടോകൾ...??? അതിലോരോന്നിലും ശ്രീനന്ദയുടെ മിഴിനീരിറ്റ് വീണു... ആരായിരിക്കും അവനത്രമേൽ പ്രിയ്യപ്പെട്ടവൾ...?? എവിടെയായിരിക്കും അവൻ്റെ കാമുകിയായവൾ...?? ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നൊരു വിങ്ങൽ തന്നെ പൊതിഞ്ഞതും അവൾക്ക് ഒന്നലറിക്കരയാൻ തോന്നിയിരുന്നു... എന്തിനാ ഭഗവാനേ എന്നോടിങ്ങനെ..?? ഞാൻ എന്ത് പാപം ചെയ്തിട്ടാ എല്ലാ തരത്തിലും എനിക്ക് സങ്കടങ്ങൾ മാത്രം അങ്ങ് തരുന്നത്...?? അവൾ വ്യഥയോടെ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു... സ്വന്തമെന്ന് പറയാവുന്ന എല്ലാവരും എന്നെ ഒറ്റയ്ക്കാക്കി പോയി... ഒരു വിവാഹം കഴിഞ്ഞത് ഇങ്ങനെയും ആയി... പക വീട്ടാൻ ആണ് പൃഥ്വി എന്നെ വിവാഹം കഴിച്ചതെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ നേരിയ ഒരു പ്രതീക്ഷയുണ്ടായിരുന്നു... പൃഥ്വിയുടെ മനസ്സു മാറി അയാൾ തന്നെ സ്നേഹിക്കുമെന്ന്...!! പ.. പക്ഷേ ഇപ്പോൾ....??? കഴുത്തിലെ ഈ താലിയും അനാഥത്വം വിളിച്ചോതുകയാണോ...?? ദേഷവും സങ്കടവും ആർത്തിരമ്പി ഹൃദയത്തെ തളർത്തുന്നു... അല്ല എന്തിനാണ് തൻ്റെ മനം ഇത്രമാത്രം വേദനിക്കുന്നത്...?? തനിക്കറിയാമല്ലോ പൃഥ്വി തന്നെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതല്ലെന്ന്..!!

പിന്നെ... പിന്നെ എന്താണിത്ര വേദന..?? ഒരുപക്ഷേ താൻ പൃഥ്വിയുടെ ജീവിതത്തിലേക്ക് കടന്നു വന്നില്ലായിരുന്നെങ്കിൽ പൃഥ്വി ഈ പെൺകുട്ടിയെ വിവാഹം ചെയ്യുമായിരുന്നോ...?? തന്നോടുള്ള ദേഷ്യത്തിൻ്റെ പുറത്ത് പൃഥ്വി ഇവൾക്ക് പകരം തന്നെ വിവാഹം ചെയ്തതാണോ...?? ഒരുപക്ഷേ തന്നോടുള്ള പക വീട്ടി കഴിഞ്ഞതിനു ശേഷം തന്നെ ഉപേക്ഷിച്ച് ഈ പെൺകുട്ടിയെ വിവാഹം കഴിക്കാനാകുമോ പൃഥ്വിയുടെ ഉദ്ദേശ്യം...?? ആർക്കും വേണ്ടാതെ തെരുവിലേക്ക് വലിച്ചെറിയേണ്ടി പെടുന്നവളാകുമോ താൻ...?? ചിന്തകൾ അതിരു കടന്നപ്പോൾ അസ്വസ്ഥമായ മനസ്സോടെ ഭിത്തിയിലേക്ക് ചാരിയിരുന്നു.... ഇല്ല... ബാക്കിയുള്ള ഫോട്ടോകൾ കൂടി കാണാനുള്ള മനക്കരുത്ത് ഈ ശ്രീനന്ദയ്ക്കില്ല...!! തകർന്നടിഞ്ഞ ഹൃദയത്തോടെ അവൾ ആ ആൽബം അടച്ചു വെച്ചു... പ.. പക്ഷേ ഇന്നലെ തന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടപ്പോൾ എന്തായിരുന്നു പൃഥ്വിയുടെ ഉദ്ദേശ്യം..?? പരസ്പര വിശ്വാസത്താലും സ്നേഹത്താലും ഊട്ടിയുറപ്പിക്കേണ്ട ബന്ധം വെറും കാമം കൊണ്ട് തുടങ്ങാനായിരുന്നോ പൃഥ്വിയുടെ ശ്രമം..???

ശ്രീനന്ദയ്ക്ക് ഓരോ നിമിഷവും ഭ്രാന്ത് പിടിക്കുന്നതു പോലെ തോന്നി... ഏറെ നേരം വെറും തറയിൽ കിടന്നവൾ വിതുമ്പിക്കൊണ്ടിരുന്നു.... മതി വരാതെ വീണ്ടും കിടന്ന കിടപ്പിൽ നിയന്ത്രണം വിട്ട് മുഖം പൊത്തി കരഞ്ഞവൾ.... ഒടിവിലെപ്പോഴോ കരഞ്ഞ് കരഞ്ഞവൾ നിലത്ത് തന്നെ തളർന്നുറങ്ങി... 🥀🥀🥀🥀🥀🥀🥀🥀 നഗരമധ്യത്തിലുള്ള ആ ബാറിൽ നന്നേ തിരക്കേറിയിരുന്നു... സമ്പന്നർ മാത്രം സർവ്വവും മറന്ന് ആഘോഷിക്കാൻ എത്തുന്ന ഒരിടം... കൈയ്യിലിരിക്കുന്ന മദ്യം നിറഞ്ഞ ഗ്ലാസ്സ് പൃഥ്വി ചുണ്ടോട് ചേർത്തു കൊണ്ടിരുന്നു... പതിവ് ഭാവമായ ഗൗരവം അപ്പോഴും മുഖത്തിനന്യമല്ലായിരുന്നു.. "ദേവാ... എനിക്ക് നിൻ്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ല... നീയെന്തിനാണ് ശ്രീനന്ദയെ..?? ഡൂ യൂ ലവ് ഹെർ..??" അടുത്ത പെഗ്ഗ് ഒഴിക്കുന്നതിനിടയിൽ ചോദ്യമുന്നയിക്കുമ്പോൾ വിഹാൻ്റെ മിഴികൾ കുറുകി.... അതിന് മറുപടി നൽകാതെ പൃഥ്വി മുഖം തിരിക്കുമ്പോൾ വിഹാൻ്റെ മുഖം ചുളിഞ്ഞു... "ദേവാ... ആൻസർ മൈ ക്വസ്റ്റ്യൻ...!!" അവൻ ശബ്ദമുയർത്തി.. "എന്താ നിനക്കിപ്പോൾ അറിയണ്ടേ..?? എനിക്കവളെ ഇഷ്ടമാണോന്നോ..?? ഐ ഡോണ്ട് നോ...!!" പൃഥ്വിയുടെ സ്വരത്തിൽ അസ്വസ്ഥത നിറഞ്ഞതും മനസ്സിലേക്ക് ദയനീയമായി തന്നെ നോക്കുന്ന ആ പെണ്ണിൻ്റെ മുഖം തെളിഞ്ഞിരുന്നു...

"ദെൻ വൈ ഡിഡ് യൂ മാരീ ഹെർ..??" "ദേഷ്യത്തിൻ്റെ പുറത്ത് മാത്രം..." പൃഥ്വി പല്ല് ഞെരിച്ചു കൊണ്ടിരുന്നു.. "നിനക്കെതിരെ അന്ന് മൊഴി കൊടുത്തതിനു പകരം വീട്ടാൻ നീ നിൻ്റെയും ശ്രീനന്ദയുടെയും ജീവിതം വെച്ചാണ് കളിക്കുന്നത്... ഇത് വേണ്ട ദേവാ... ആ പെണ്ണൊരു പാവമല്ലേ..?? വിട്ടേക്ക് അതിനെ.. അവള് നിനക്കൊരു എതിരാളിയാണെന്ന് തോന്നുന്നുണ്ടോ..??" വിഹാൻ സമാധാനത്തോടെ പറഞ്ഞു.. "നീയെന്താടാ കരുതിയത് എനിക്കെതിരെ മൊഴി കൊടുത്തതു കൊണ്ടാണ് എനിക്കവളോട് ദേഷ്യമെന്നോ..?? ഈ ഒരു കാര്യത്തിന് അവളുടെ ജീവിതം വെച്ച് കളിക്കാൻ മാത്രം ഭ്രാന്തില്ല എനിക്ക്... രണ്ടാഴ്ച ജയിലിൽ കിടന്നത് എന്നെ ബാധിക്കുന്ന ഒരു കാര്യവുമല്ല... അവൾ അന്ന് എനിക്കെതിരെ മൊഴി കൊടുത്തില്ലായിരുന്നെങ്കിലും ഞാൽ ഇത് തന്നെ ചെയ്തേനേം... ബിക്കോസ് ദിസ് ഈസ് സംതിംഗ് എൾസ്...!!" ഗ്ലാസ്സ് ചുണ്ടോട് ചേർക്കുമ്പോൾ ചാരക്കണ്ണുകളുള്ള നുണക്കുഴി കാട്ടി ചിരിക്കുന്ന ഒരു പെണ്ണിൻ്റെ മുഖം അവൻ്റെ മനസ്സിനെ മുറിവേല്പ്പിച്ചു.. "വാട്ട്..?? വേറെ... വേറെ എന്ത് കാര്യം..??"

വിഹാൻ്റെ സ്വരത്തിൽ ആകാംഷ നിറഞ്ഞു... "ശ്രീനാഥ്...!!" പൃഥ്വിയുടെ നാവിൽ നിന്നും ആ ഒരൊറ്റ പേര് കേട്ടപ്പോൾ തന്നെ വിഹാൻ്റെയുള്ളിൽ ഒരു ഞെട്ടൽ ഉടലെടുത്തിരുന്നു... "അവൻ എന്നോട് ചെയ്തതിന് അതേ നാണയത്തിൽ പകരം വീട്ടാൻ വേണ്ടി മാത്രമാണ് ഞാൻ ശ്രീനന്ദയെ വിവാഹം കഴിച്ചത്.... അല്ലാതെ എനിക്കവളോട് പേഴ്സണലി ദേഷ്യമോ പകയോ ഒന്നുമില്ല...." അത് പറയുമ്പോൾ പൃഥ്വിയുടെ മിഴികൾ ചുവന്നു... "അതിനർത്ഥം ശ്രീനാഥ്...???" വിഹാൻ ഞെട്ടലോടെ ചെയറിൽ നിന്നും എഴുന്നേറ്റതും പൃഥ്വി അതെ എന്ന അർത്ഥത്തിൽ തലയനക്കി... "അങ്ങനെയെങ്കിൽ നിൻ്റെ ഉദ്ദേശ്യം എന്താ...?? ശ്രീനന്ദയെ വേദനിപ്പിക്കാനാണോ നിൻ്റെ തീരുമാനം..??" വിഹാൻ സംശയത്തോടെ ചോദിച്ചു... "അല്ല... സ്നേഹിക്കാൻ....!!" പൃഥ്വിയുടെ മറുപടി കേട്ടതും വിഹാൻ പുരികം ചുളിച്ച് നോക്കി... "സ്നേഹിച്ച് സ്നേഹിച്ച് ഒടുക്കം ചതിക്കാൻ...!! കാരണം വിശ്വാസ വഞ്ചന... അതിനായിരിക്കും ഏറ്റവുമധികം വേദന...!!" പൃഥ്വി അതും പറഞ്ഞ് ബാക്കി മദ്യവും കൂടെ ഒറ്റ വലിക്ക് അകത്താക്കി.. 🥀🥀🥀🥀🥀🥀🥀🥀🥀

കണ്ണുകൾ പ്രയാസപ്പെട്ട് വലിച്ചു തുറക്കുമ്പോൾ കൺപോളകൾ രണ്ടും വീർത്തിരുന്നു... കവിളുകൾ പരിഭവം കാട്ടിയിരുന്നു... തറയിൽ നിന്നും പാടുപെട്ടെഴുന്നേല്ക്കുമ്പോൾ തന്നേ തലവേദനയുണ്ടായിരുന്നു... തറയിൽ കിടക്കുന്ന ആ ആൽബം എടുത്തിടത്ത് തന്നെ തിരികെ വെയ്ക്കുമ്പോൾ ശ്രീനന്ദയുടെ കരങ്ങൾ വിറയ്ക്കുന്നുണ്ടായിരുന്നു... എന്നാൽ തൻ്റെ ശ്രദ്ധയേല്ക്കാതെ ഷെൽഫിൻ്റെ ഒരു മൂലയ്ക്കായി ഫ്രെയിം ചെയ്ത ഒരു ഫോട്ടോ കൂടി ഉള്ളതായി അവൾ അറിഞ്ഞു.. അതിലും നിറഞ്ഞ് നിൽക്കുന്നത് പൃഥ്വിയും ചാരക്കണ്ണുകളുള്ള ആ പെൺകുട്ടിയുമാണെന്ന തിരിച്ചറിവവളുടെ ഹൃദയത്തെ കീറി മുറിക്കാൻ തക്ക പ്രാപ്തിയുള്ളതായിരുന്നു... വിറയ്ക്കുന്ന കരങ്ങളോടെ ആ ഫോട്ടോ കൈയ്യിലെടുക്കുമ്പോൾ മിഴികൾ തൻ്റെ സമ്മതം കാത്ത് നിൽക്കാതെ വീണ്ടും ഈറനണിഞ്ഞതവൾ അറിഞ്ഞു... കണ്ണ് നീരോരോന്നും ഫോട്ടോയിലുള്ള പൃഥ്വിയുടെ മേലെ വീണു ചിതറി... എന്നാൽ പൊടുന്നനെ ആരോ വാതിൽ വലിച്ചടച്ചതും ആ ശബ്ദത്താൽ വിറച്ചവളുടെ കൈയ്യിൽ നിന്നും അറിയാതെ ഫോട്ടോ താഴെ വീണതും ഒരുമിച്ചായിരുന്നു...

വലിയൊരു ശബ്ദത്തോടെ ആ ഫോട്ടോ തറയിൽ വീണു പൊട്ടി... ചില്ലുകൾ നിലത്തേക്ക് ചിതറി... എന്നാൽ ആ ചില്ലുകളോരോന്നും തൻ്റെ ഹൃദയത്തിലേക്കാണ് തറഞ്ഞു കയറിയതെന്നവൾ നോവോടെ തിരിച്ചറിഞ്ഞു.... പിന്നിലുള്ള ആ സാമീപ്യം ആരുടേതെന്ന് തിരിച്ചറിഞ്ഞും ശ്രീനന്ദ ഭയത്താൽ വിറച്ചു പോയിരുന്നു... കാരണം അയാളും അയാളുടെ കാമുകിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ് താൻ അശ്രദ്ധ മൂലം തറയിലിട്ട് പൊട്ടിച്ചത്... ആ കണ്ണുകളിലെ കോപം... അത് തനിക്ക് താങ്ങാനാവുമോ..?? പിൻ തിരിഞ്ഞ് നിറമിഴികളോടെ നോക്കുമ്പോൾ താനിപ്പോൾ മരിച്ചു വീണാൽ മതിയെന്നവൾ ആശിച്ചു പോയി... മുഖമുയർത്തിയതും കണ്ടു കോപത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന പൃഥ്വിയെ... അവൻ്റെ നോട്ടം മുഴുവൻ നിലത്തേക്ക് വീണുടഞ്ഞ ഫോട്ടോയിലേക്കും കുറ്റവാളിയെ പോലെ നിൽക്കുന്ന ശ്രീനന്ദയിലുമാണ്... ദേഷ്യത്തോടവൻ പാഞ്ഞ് വരുന്നത് കണ്ടതും ഒന്നും ഉരിയാടാനാവാതവൾ തറഞ്ഞു നിന്നു പോയി...

ജീവനുണ്ടെന്നു അറിയിക്കുവാനെന്നോണം തിളക്കമറ്റ മിഴികൾ മാത്രം നിറഞ്ഞൊഴുകുന്നുണ്ട്.... "നീയെന്താ ഈ ചെയ്തത് ശ്രീനന്ദാ...??" ബലമായി തന്നെ ഭിത്തിയോട് ചേർത്ത് നിർത്തി തൻ്റെ ഇരു തോളുകളിലും അമർത്തിപ്പിടിച്ച് അത് ചോദിക്കുമ്പോൾ ഉച്ചത്തിലുള്ള ആക്രോശത്തിൽ ആ വീടൊന്നാകെ ആടിയുലഞ്ഞതു പോലെ ശ്രീനന്ദയ്ക്ക് തോന്നി.... ആ കണ്ണുകളിൽ എരിയുന്ന കോപത്തെ നേരിടാനാവാത്തതിനാലാകണം അവൾ പരിഭ്രമത്തോടെ മിഴികൾ ഇറുക്കിയടച്ചത്....!! തറയിൽ വീണുടഞ്ഞ ചില്ലുകൾ പോലെ ക്ഷണികമാണല്ലോ തൻ്റെ ജീവിതമെന്നോർക്കെയാവാം അവളുടെ ഹൃദയത്തിൽ മുറിവേറ്റത്..!! "ചോദിച്ചതു കേട്ടില്ലേ നീ..???" ഒന്നും കൂടി അവളുടെ തോളിൽ അമർത്തിപ്പിടിച്ചതും തേങ്ങിക്കരയുന്നവളെ കാൺകെ എന്തെന്നില്ലാത്ത ദേഷ്യം വന്നിരുന്നു അവനും... "എ.. എന്താ മക്കളെ എന്തു പറ്റി..?? എന്തിനാ ദേവാ നീ കിടന്ന് അലറുന്നത്..??" വെളിയിൽ കേൾക്കുന്ന ശബ്ദം ലക്ഷ്മിയമ്മയുടെ ആണെന്ന് തിരിച്ചറിഞ്ഞതും ശ്രീനന്ദ പെട്ടെന്ന് മിഴിനീർ തുടച്ച് പിൻതിരിഞ്ഞു നിന്നു.. "മോളെ.. എന്താ പറ്റിയെ..?? വഴക്ക് കൂടിയോ രണ്ടാളും..??" ലക്ഷ്മിയമ്മ വാതിൽക്കലേക്ക് എത്തിയതും പൃഥ്വി ധൃതിയിൽ അവർക്കരികിലേക്ക് നടന്നു...

"ഒന്നുമില്ല അമ്മേ...അമ്മ താഴേക്ക് ചെല്ല്... ഞങ്ങൾ കുറച്ച് കഴിഞ്ഞങ്ങ് എത്തിയേക്കാം..." ശബ്ദം കനപ്പിച്ചവൻ പറഞ്ഞു കൊണ്ട് അവർക്കു മുൻപിൽ വാതിൽ വലിച്ചടച്ചു... ശേഷം ശ്രീനന്ദയ്ക്ക് നേരെ തിരിഞ്ഞു... പൃഥ്വിയുടെ പ്രതികരണം എന്താകുമെന്നോർത്തവൾ ഓരോ നിമിഷവും ഉരുകുകയായിരുന്നു... മിഴികളാൽ മാപ്പപേക്ഷിച്ചവൾ ദയനീയമായവനെ നോക്കി... എന്നാൽ പൃഥ്വി അവളെ കൂർപ്പിച്ചൊന്നു നോക്കിയതല്ലാതെ പിന്നീടൊന്നും പറയാഞ്ഞത് അവളുടെ ഹൃദയത്തിൽ എന്തെന്നില്ലാത്ത ആശ്വാസം വിതറി... പൃഥ്വി വേദനയോടെ ചില്ലുകൾ പൊട്ടിയ ആ ഫോട്ടോ ഫ്രെയിം കൈയ്യിലെടുത്തു... അല്പ നേരം അതിലേക്ക് തന്നെ മിഴികൾ നട്ടതിനു ശേഷം ശ്രീനന്ദയെ ഒന്ന് നോക്കിയവൻ അത് ബാൽക്കണിയിൽ നിന്നും ദൂരേക്ക് വലിച്ചെറിഞ്ഞു... അവൻ്റെ ആ പ്രവർത്തി കണ്ടതും കലങ്ങിയ അവളുടെ മിഴികളിൽ സംശയം നിറഞ്ഞു..

. "ഇനീം ഇത് തറയിൽ കിടന്നതു കൊണ്ട് ഇതിൻ്റെ മേൽ ചവിട്ടി ആർക്കും അടുത്ത മുറിവുണ്ടാകണ്ട...!!" ഗൗരവത്താലവൻ പറയുമ്പോൾ ഇതിലും ആഴത്തിൽ മുറിവേറ്റ തൻ്റെ ഹൃദയത്തെ അവൻ അറിഞ്ഞിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി... "പിന്നെ ചില ബന്ധങ്ങൾക്കൊക്കെ വിള്ളലേറ്റാൽ അത് വേരോടെ പിഴുതെറിയുന്നതാവും ഉചിതം... കാരണം എത്ര കൂട്ടിയോജിപ്പിക്കാൻ ശ്രമിച്ചാലും ആ വിള്ളലുകൾ അതേ പോലെ നിലനിൽക്കും... പിന്നീടതു നമ്മളെ മുറിവേല്പ്പിക്കും എന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല...!!" അവൻ്റെ സ്വരം ഉറച്ചതായിരുന്നു... തൻ്റെ കണ്ണുകളിലെ സംശയമാകാം പൃഥ്വിയെ കൊണ്ട് അത്രയും പറയിപ്പിച്ചതെന്നവൾ ഊഹിച്ചു... അവൻ പറഞ്ഞതിൻ്റെയൊന്നും അർത്ഥം മനസ്സിലാകാതെ നല്ലൊരു കേൾവിക്കാരിയായി മാറിയപ്പോഴും പൃഥ്വിയുടെ മുഖത്ത് ഫോട്ടോ പൊട്ടിയപ്പോൾ ഉണ്ടായ വേദനയ്ക്ക് താനാണല്ലോ കാരണം എന്നോർക്കെ ആ പെണ്ണിൻ്റെ മനം നൊന്തിരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story