പക...💔🥀: ഭാഗം 7

paka

രചന: ഭാഗ്യ ലക്ഷ്മി

"ആ ഫോട്ടോയിൽ ഉള്ളത് നിങ്ങളുടെ കാമുകിയാണോ...??" തെല്ലൊരിടർച്ചയോടെയാണ് ശ്രീനന്ദയത് ചോദിച്ചത്... അവളുടെ ചോദ്യം കേട്ടതും പൃഥ്വി മുഖം ചുളിച്ചവളെ നോക്കി... "അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തന്നെ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിച്ചു കൂടായിരുന്നോ...?? എന്തിനാ പിന്നെ എന്നെ..??? ദേഷ്യത്തിൻ്റെ പുറത്താണ് എന്നെ വിവാഹം ചെയ്തതെങ്കിലും ആ കുട്ടിയുടെ മനസ്സ് വേദനിച്ച് കാണില്ലേ...?? അതോ എന്നെ ഉപേക്ഷിച്ച് ആ കുട്ടിയെ ഇനിയും നിങ്ങൾ വിവാഹം കഴിക്കുമോ...??" അവളുടെ അവസാനത്തെ ചോദ്യത്തിൽ നിറഞ്ഞു വേദന അവന് നന്നേ തിരിച്ചറിയാൻ സാധിച്ചിരുന്നു.. പൃഥ്വി അല്പ സമയം ഒന്നും മിണ്ടിയില്ല... "എൻ്റെ ചോദ്യത്തിനുത്തരം താ പൃഥ്വീ..." ഉള്ളിൽ സങ്കടങ്ങളുടെ തിരമാലകൾ ആഞ്ഞടിക്കുമ്പോഴും ശ്രീനന്ദയുടെ സ്വരം ഉയർന്നിരുന്നു... "എന്നെ ചോദ്യം ചെയ്യാൻ നീ ആയിട്ടില്ല ശ്രീനന്ദാ....!!" ശബ്ദം കനപ്പിച്ചവൻ അതും പറഞ്ഞ് പുറത്തേക്ക് പോകുന്നതവൾ വ്യഥയോടെ നോക്കി നിന്നു.... പേരറിയാത്തൊരു നോവ് ഉള്ളിലെവിടെയോ ഉടലെടുക്കുന്നു... 🥀🥀🥀🥀🥀🥀🥀🥀

സമയം വൈകുന്നേരത്തോട് അടുത്തതും ലക്ഷ്മിയമ്മ മുല്ലപ്പൂക്കൾ കൊരുത്ത് ശ്രീനന്ദയുടെ മുടിയിൽ ചൂടിക്കൊടുക്കുകയാണ്... അവൾ ഒരു പുഞ്ചിരിയോടെ ആ അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞതും അവർ അവളുടെ ശിരസ്സിൽ മൃദുവായി തലോടി... അവൾക്ക് ഒരു നിമിഷം പൃഥ്വിയോട് വല്ലാത്ത കൃതജ്ഞത തോന്നി.. ഈ അമ്മയുടെ സ്നേഹം അനുഭവിക്കാൻ തനിക്ക് അവസരം ഒരുക്കി തന്നതിൽ.... "അമ്മേ..." ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ശ്രീനന്ദ വിളിച്ചു... "എന്താ മോളെ..??" "അമ്മയോട് ഞാനൊരു കാര്യം ചോദിച്ചാൽ അമ്മയ്ക്ക് സങ്കടമാകുമോ...??" ശ്രീനന്ദ സംശയത്തോടെ ചോദിച്ചു... "എന്ത് കാര്യമാ എൻ്റെ കുട്ടിക്കിപ്പോൾ അറിയേണ്ടത്...??" "അത്... അന്ന് അമ്മ പറഞ്ഞില്ലേ എന്നെ കാണുമ്പോൾ അമ്മയുടെ മകളെയാ ഓർമ്മ വരുന്നതെന്ന്... ആ മകൾ ഇപ്പോൾ എവിടെയാ..??" മടിയോടെ ചോദിക്കുമ്പോൾ ലക്ഷ്മിയമ്മയുടെ മുഖത്തേറ്റ മങ്ങലവൾ തിരിച്ചറിഞ്ഞിരുന്നു... "ഞാൻ... ഞാൻ ചോദിച്ചത് അമ്മയ്ക്ക് വിഷമമായോ...??"

ശ്രീനന്ദ ആശങ്കയോടെ അവരുടെ മടിയിൽ നിന്നും എഴുന്നേറ്റു... "എന്ത് വിഷമം..?? കുറേ വിഷമിച്ചതാ അമ്മ അവളെ ഓർത്ത്... ഇപ്പോൾ വിഷമമൊന്നുമില്ല... ആ മോൾക്ക് പകരം ഈശ്വരൻ മറ്റൊരു മോളെ അമ്മയ്ക്ക് തന്നില്ലേ...??" ശ്രീനന്ദയുടെ താടിത്തുമ്പിൽ പിടിച്ചവർ ചിരിയോടെ പറഞ്ഞതും അവളുടെ മുഖത്തും പ്രകാശം നിറഞ്ഞു... "പവിത്ര... അതായിരുന്നു എൻ്റെ മോളുടെ പേര്... ദേവനേക്കാൾ ഇളയതാണവൾ... അവന് അവളെന്ന് വെച്ചാൽ ജീവനായിരുന്നു... പക്ഷേ അവൾക്ക് ഇഷ്ടമുള്ള ഒരുത്തൻ വന്ന് വിളിച്ചപ്പോൾ ഞങ്ങളെയെല്ലാം മറന്ന് അവൾ അവൻ്റെയൊപ്പം അങ്ങ് പോയി... വർഷം മൂന്നാകുന്നു അവൾ പോയിട്ട്... ഇപ്പോൾ എവിടാണെന്നോ എന്താണെന്നോ ഒന്നും ഈ അമ്മയ്ക്കറിയില്ല... എവിടെയാണെങ്കിലും അവൾ സന്തോഷമായിട്ടിരുന്നാൽ മതിയെന്ന് മാത്രമാണ് എൻ്റെ പ്രാർത്ഥന... എൻ്റെ കണ്ണടയുന്നതിനു മുൻപ് എൻ്റെ പവി മോളെ എനിക്കൊന്നു കാണാൻ പറ്റുമോ മോളെ..??" ദയനീയതയോടെ ലക്ഷ്മിയമ്മ ചോദിച്ചപ്പോൾ ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ പോൽ ശ്രീനന്ദയുടെ മിഴികൾ ഈറനണിഞ്ഞു.... "

എന്നിട്ട് പൃഥ്വി അന്വേഷിച്ചില്ലേ പവിത്രയെ..??" ശ്രീനന്ദ സംശയം പ്രകടിപ്പിച്ചു... "അന്വേഷിച്ചു... ഒരിക്കൽ അവൻ്റെ അടുത്തു നിന്നും തിരികെ അവളെ വിളിച്ചു കൊണ്ട് വന്നതായിരുന്നു എൻ്റെ മോൻ... അവളെ പറഞ്ഞ് മനസ്സിലാക്കാമെന്ന ഉദ്ദേശ്യത്തോടെ... എന്നാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു കൊണ്ടാണവൾ അന്ന് ഞങ്ങളോടുള്ള വാശി തീർത്തത്... അവനില്ലാതെ അവൾക്ക് ജീവിക്കാൻ പറ്റില്ലത്രെ... അവനെ മാത്രം മതിയെന്ന്... അന്ന് ഒരുപാട് കരഞ്ഞു എൻ്റെ കുട്ടി... പിന്നീട് ദേവൻ ഒന്നും പറഞ്ഞില്ല... അവൾ അവൾക്കിഷ്ടമുള്ള ആൾക്കൊപ്പം തന്നെ പോയി.... പവി പോയ ദുഃഖം താങ്ങാനാവാതെ എൻ്റെ മക്കളുടെ അച്ഛൻ...!! ഹൃദയസ്തംഭനം ആയിരുന്നു.. നേരം പുലർന്നതും അനക്കമില്ലാതെ കിടക്കുന്നു... അതോടെ എൻ്റെ മോൻ ആകെ തളർന്നു... അവളുടെ അച്ഛൻ്റെ മരണവിവരം അറിഞ്ഞ് കാണാൻ വന്ന പവിയെയും അവള് സ്നേഹിച്ച ആളേയും ആട്ടിയിറക്കുകയാണ് ദേവൻ ചെയ്തത്.. അന്നാണ് അവസാനമായി ഞാനെൻ്റെ മോളെ കാണുന്നത്... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അന്ന് ഇവിടുന്ന് പോകുമ്പോൾ ഒന്നും ശബ്ദിക്കാനാവാതെ ശവം കണക്കെ ഇരുന്നു പോയിരുന്നു ഞാൻ... ജീവനു തുല്ല്യം സ്നേഹിച്ച രണ്ട് പേർ പെട്ടെന്നൊരു ദിവസം വിട്ട് പോയപ്പോൾ ദേവനാകെ മാറിപ്പോയി..

ഞാൻ പറഞ്ഞാലും ഒന്നും അനുസരിക്കില്ല... രാവിലെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും... തോന്നുമ്പോൾ കയറി വരും... മോള്.. മോൾക്ക് കഴിയില്ലേ എൻ്റെ ദേവനെ മാറ്റിയെടുക്കാൻ... അവൻ്റെ സന്തോഷം തിരികെ കൊടുക്കാൻ..?? നിന്നെ അവൻ ഒരുപാട് സ്നേഹിക്കുന്നില്ലേ...??" ലക്ഷ്മിയമ്മയുടെ അവസാന ചോദ്യം കേട്ടതും ശ്രീനന്ദ മുഖം തിരിച്ചു കൊണ്ട് നിർവികാരതയോടെ എഴുന്നേറ്റു... ഒരുപക്ഷേ പവിത്ര തിരിച്ചു വന്നാൽ ഈ അമ്മയുടെ ദു:ഖം മാറില്ലേ...?? പൃഥ്വിയുടെ സ്വഭാവത്തിൽ അല്പം മാറ്റം വന്നാലോ...?? പക്ഷേ പവിത്ര എവിടെയാണെന്നോ ആരുടെയൊപ്പമാണെന്നോ ഒന്നും തനിക്കറിയില്ലല്ലോ... ശ്രീനന്ദ വേദനയോടെ ചിന്തിച്ചു.. "ഞാൻ വെറുതെ ഓരോന്ന് പറഞ്ഞ് മോളെക്കൂടി വിഷമിപ്പിച്ചല്ലേ..??" ലക്ഷ്മിയമ്മ ഒരു ചിരി വരുത്തി ചോദിച്ചതും ശ്രീനന്ദ മിഴികൾ ചിമ്മിക്കൊണ്ട് അവരെ ചേർത്തു പിടിച്ചു... ജീവനു തുല്ല്യം സ്നേഹിച്ച പെങ്ങൾ അപ്രതീക്ഷിതമായി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് മറ്റൊരാളുടെ ഒപ്പം പോയാൽ...?? ആ ദു:ഖം താങ്ങാനാവാതെ അച്ഛനെയും നഷ്ടപ്പെട്ടാൽ....?? പൃഥ്വിയ്ക്ക് എത്ര മാത്രം വേദന ഉണ്ടായിക്കാണും..?? ഒരുപക്ഷേ എന്തിനെങ്കിലും പൃഥ്വിയെ മാറ്റാൻ സാധിക്കുമെങ്കിൽ അത് സ്നേഹത്തിനു മാത്രമായിരിക്കും...!!

ആ അമ്മയെ ചേർത്തു പിടിക്കുമ്പോൾ ശ്രീനന്ദയുടെ മനം മന്ത്രിച്ചു.... 🥀🥀🥀🥀🥀🥀🥀🥀 "രണ്ടാളും വീട്ടിൽ തന്നെയിരിക്കാതെ പുറത്തൊക്കെ ഒന്നു പോയിട്ട് വാ... ഞാനും ഒന്ന് നിൻ്റെ അച്ഛൻ്റെ തറവാട് വരെ പോകുവാ... ഇന്നിപ്പോൾ നേരം വൈകിയോണ്ട് ചിലപ്പോൾ നാളെയേ വരൂ..." ലക്ഷ്മിയമ്മ പൃഥ്വിയോടും ശ്രീനന്ദയോടും പറഞ്ഞതും പൃഥ്വിയുടെ പ്രതികരണം എന്തെന്നറിയാൻ ശ്രീനന്ദ അവനെ നോക്കി.... "അതിനെന്താ അമ്മേ പോയിക്കളയാം... നന്ദാ വേഗം റെഡിയാവ്.. നമ്മുക്ക് നിൻ്റെ വീട്ടിലേക്ക് പോവാം... നിൻ്റെ ചെറിയച്ഛനെ വിളിച്ച് ഞാൻ പറഞ്ഞേക്കാം നമ്മൾ ഇന്ന് വിരുന്നിന് ചെല്ലുന്നുണ്ടെന്ന്... നോക്കട്ടെ സ്നേഹനിധിയായ നിൻ്റെ ചെറിയച്ഛനും ചെറിയമ്മയും മോളെയും മരുമോനെയും എങ്ങനെയാ സത്കരിക്കാൻ പോകുന്നതെന്ന്...." സ്വരം കടുപ്പിച്ച് പൃഥ്വി പറഞ്ഞവസാനിപ്പിച്ചതും ശ്രീനന്ദയുടെ ഉള്ളിൽ നേരിയ സങ്കടം മുഴങ്ങി തുടങ്ങിയിരുന്നു.... എന്താവും പൃഥ്വിയുടെ ഉദ്ദേശ്യം..?? അവൾ ആകുലതയോടെ ഓർത്തു കൊണ്ട് ധൃതിയിൽ എഴുന്നേറ്റു.... മുറിയിലെത്തി ബെഡിൽ തന്നെ ഏറെ നേരമിരുന്നു... എങ്ങനെയാ അവിടേക്ക് പോകുന്നത് തടയുക എന്നത് മാത്രമായി അവളുടെ ചിന്ത... അസ്വസ്ഥതയോടെ സാരിത്തലപ്പിൽ വിരൽ ചേർത്തിരിക്കുമ്പോഴാണ് പൃഥ്വി മുറിയിലേക്ക് കടന്ന് വന്നത്... "വേഗം പോകാൻ റെഡിയാവ്..." പൃഥ്വി അവളോടായി പറഞ്ഞു...

"അവിടേക്ക് പോകണ്ട... അല്ലേൽ തന്നെ എന്തിനാ അങ്ങോട്ടേക്ക് പോകുന്നത്...??" അവൾ തെല്ലൊരിടർച്ചയോടെ ചോദിച്ചു.... "പറഞ്ഞതങ്ങ് കേട്ടാൽ മതി... കൂടുതൽ എന്നെ ചോദ്യം ചെയ്യാൻ വന്നാൽ ഈ ശാന്തതയങ്ങ് പൃഥ്വി മറക്കും..." അവൾക്ക് നേരെ വിരൽ ചൂണ്ടിയവൻ പറഞ്ഞതും ശ്രീനന്ദ ദേഷ്യം നിറഞ്ഞ അവൻ്റെ കണ്ണുകളെ നേരിടാൻ സാധിക്കാതെ മറ്റെങ്ങോട്ടോ ദൃഷ്ടി പായിച്ചു... "പത്തേ പത്ത് മിനിറ്റ്... അതിനുള്ളിൽ എങ്ങനെയെങ്കിലും ഒരുങ്ങിക്കെട്ടി താഴേക്ക് വന്നേക്കണം..." അതും പറഞ്ഞവൻ പോയതും അവൾ നോവോടെ പൃഥ്വി പോയ വഴിയേ നോക്കി.. ആജ്ഞാപിച്ചു കൊണ്ടവൻ പോയി മറഞ്ഞതും കൈയ്യിൽ കിട്ടിയ ഏതോ ഒരു സാരി വാരിച്ചുറ്റി വാതിൽ തുറക്കുമ്പോൾ അവളിൽ ദേഷ്യവും വേദനയും ഇടകലർന്നിരുന്നു.... എന്നാൽ തന്നെ അണിയിച്ചൊരുക്കാൻ ആഭരണങ്ങളുമായി നിന്ന ആ അമ്മയെ കാൺകെ അവൾ ഉള്ളിലെ സങ്കടം മറച്ചു കൊണ്ട് പുറമെ സന്തോഷത്തിൻ്റെ മുഖപടമണിഞ്ഞു... പൃഥ്വി ബൈക്ക് സ്റ്റാർട്ട് ചെയ്ത് തന്നെയും കാത്ത് അക്ഷമനായി നിൽക്കുന്നത് കണ്ടതും ശ്രീനന്ദ ധൃതിയിൽ അങ്ങോട്ടേക്ക് നടന്നു... "ഇതെന്താ ബൈക്ക്...?? കാറെടുത്താൽ പോരാരുന്നോ..??" ശ്രീനന്ദ അനിഷ്ടത്തോടെ ചോദിച്ചു.

. "എന്താ കാറിലിരുന്നാലേ നിനക്ക് ഇരുപ്പുറയ്ക്കത്തുള്ളോ..??" "അതു കൊണ്ടല്ല... നിങ്ങളെ മുട്ടി ഇരിക്കെണ്ടാന്ന് കരുതിയാ.." അവൻ്റെ ചോദ്യത്തിനു മറുപടി നൽകിയവൾ മുഖം തിരിച്ചു കൊണ്ട് അവൻ്റെ പിന്നിലായി കയറി.. യാത്രയിലുടെനീളം അറിയാതെ പോലും അവളുടെ മിഴികൾ പൃഥ്വിയിലേക്ക് നീണ്ടില്ല.. മനപൂർവ്വം തന്നെ പുറം കാഴ്ചകളിലേക്ക് മിഴികൾ നട്ടു... ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും അവരെ സ്വീകരിക്കാൻ മുൻപിൽ തന്നെ കേശവനും ഭാനുമതിയും ഉണ്ടായിരുന്നു.. "പൃഥ്വി മോനെ കയറി വാ.. വാ നന്ദ മോളെ..." ഭാനുമതി ചിരിയോടെ പറഞ്ഞതും തന്നോടുള്ള ചെറിയമ്മയുടെ സമീപനത്തിൽ വന്ന മാറ്റം കണ്ട് ശ്രീനന്ദ അമ്പരന്നു... ഇവർക്കെന്താ ഇയാളെ ഇത്ര കാര്യം...?? മുഖം ചെരിച്ചൊന്ന് പൃഥ്വിയെ നോക്കിക്കൊണ്ട് ശ്രീനന്ദ ചിന്തിക്കുമ്പോൾ അവളുടെ കഴുത്തിലും കൈയ്യിലുമൊക്കെ കിടക്കുന്ന ആഭരണങ്ങളെ നോക്കി തിളക്കമാർന്ന മിഴികളോടെ നിൽക്കുകയായിരുന്നു ഭാനുമതി... "കണ്ടില്ലേ നന്ദ വന്ന ഒരു വരവ്.. വില കൂടിയ സാരിയും സ്വർണ്ണാഭരണങ്ങളും ഒക്കെ ധരിച്ച്... ഇവിടുന്ന് പോയ പെണ്ണാ ഇതെന്ന് പറയുമോ...??" ഭാനുമതി ഭർത്താവിൻ്റെ കാതിൽ പിറു പിറുത്തതും കിട്ടാൻ പോകുന്ന അമ്പതു ലക്ഷത്തിൻ്റെ ഓർമ്മയിൽ അയാളുടെ മിഴികളും തിളങ്ങി...

അകത്ത് നിന്നും നിമ ഓടി വരുന്നത് കണ്ടതും ശ്രീനന്ദ മറ്റുള്ളതൊന്നും ശ്രദ്ധിക്കാതെ അവളുമായി പിന്നാമ്പുറത്തേക്ക് നടന്നു... "ചേച്ചീ... പൃഥ്വി ദേവ്... അ... അല്ല പൃഥ്വിയേട്ടൻ്റെ പെരുമാറ്റം എങ്ങനെയുണ്ട്...?? ചേച്ചിയോട് ദേഷ്യമുണ്ടോ....??" നിമ ചോദിച്ചതും ശ്രീനന്ദ അവളെ കൂർപ്പിച്ച് നോക്കി... "എന്ന് മുതലാ നിനക്ക് പൃഥ്വി ദേവ് പൃഥ്വിയേട്ടനായത്...??" ശ്രീനന്ദ പുരികം ചുളിച്ചു കൊണ്ട് ചോദിച്ചു... "അ... അല്ല... ചേച്ചിമാരുടെ കെട്ടിയോന്മാരെ പിന്നെ ചേട്ടാന്നല്ലാതെ പഴയ പോലെ തെമ്മാടീന്നും താന്തോന്നീന്നും ഒക്കെ വിളിക്കാൻ പറ്റുമോ...??" "അങ്ങേരെന്നെ കെട്ടിയെന്നല്ലാതെ ആള് മാറിയിട്ടൊന്നും ഇല്ലല്ലോ... പൃഥ്വി പഴയ പൃഥ്വി തന്നെയാ..." പറയുന്നതിനോടൊപ്പം അവൾ പരിഭവത്തിൽ മുഖം തിരിച്ചു... "ഓഹ് ശരി... ഇപ്പോൾ അതല്ലല്ലോ പ്രശ്നം.. പെരുമാറ്റം എങ്ങനെയുണ്ട്..??" നിമ ആകാംഷയോടെ ചോദ്യമുന്നയിച്ചതും നേരിയ സങ്കടത്തോടെ അവളെ നോക്കുന്നതിനൊപ്പം ശ്രീനന്ദയുടെ മിഴികൾ ഈറനണിഞ്ഞു വന്നു... "എന്ത് പറ്റി നന്ദേച്ചി... അയാള് ചേച്ചിയെ ഉപദ്രവിക്കുവോ മറ്റോ ചെയ്തോ...??" ശ്രീനന്ദയുടെ കരം കവർന്നു കൊണ്ട് ചോദിക്കുന്നതിനോടൊപ്പം നിമയുടെ ഉള്ളിലും വേദന നിറഞ്ഞു... അവളുടെ മുഖത്ത് നിഴലിച്ച ദു:ഖം കണ്ടതും ശ്രീനന്ദ ഒന്നു പുഞ്ചിരിച്ചു കൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ ശിരസ്സനക്കി.

.. "നന്ദേച്ചീ നന്ദേച്ചിയറിഞ്ഞോ... നിഖിലേട്ടനെ ഇന്നലെ രാത്രി ആരോ പഞ്ഞിക്കിട്ടു... ഇപ്പോൾ അത്യാസന നിലയിൽ ആശുപത്രിയിലാ... ജീവിക്കുമോന്ന് തന്നെ സംശയമാണ്... രാവിലെ അച്ഛൻ പോയിരുന്നു കാണാൻ.. പാവം അപ്പച്ചിയാകെ സങ്കടത്തിലാ..." നിമ പറഞ്ഞതും ശ്രീനന്ദയുടെ മനസ്സിലൂടെ തലേന്ന് രാത്രി നടന്ന സംഭവവികാസങ്ങൾ കടന്നു പോയി... "തല്ലി ചതച്ചെന്നാ കേട്ടത്.... ദേഹം മുഴുവൻ മുറിവുകളാണെന്ന്...ആരാ അടിച്ചതെന്നോ എന്തിനാന്നോ ഒന്നും അറിയില്ല..." നിമ പറയുമ്പോഴും ശ്രീനന്ദയുടെ മനസ്സിൽ കോപത്തോടെ നിൽക്കുന്ന പൃഥ്വിയുടെ മുഖമായിരുന്നു... ഈശ്വരാ നിഖിൽ മരിച്ചാൽ പൃഥ്വിയൊരു കൊലപാതകി ആകില്ലേ...?? എന്തിനാണ് തൻ്റെ മനസ്സ് പൃഥ്വിയെ ഓർത്ത് ആകുലപ്പെടുന്നതെന്നവൾ ശങ്കിച്ചു നിന്നു... കൂടുതൽ സംഭാഷണങ്ങൾക്ക് വഴിയൊരുക്കാതെ ധൃതിയിൽ അകത്തേക്ക് നടക്കുമ്പോൾ മിഴികൾ വെമ്പിയത് പൃഥ്വിയെ കാണുവാനായിരുന്നു... "രണ്ടാളും വിശേഷം പറഞ്ഞ് ഇതുവരെ കഴിഞ്ഞില്ലേ...?? മോൻ നിന്നെ എത്ര നേരമായി നോക്കിയിരിക്കുവാ നന്ദ മോളെ... വാ വന്ന് മോൻ്റെ അരികിലായി ഇരുന്ന് ഭക്ഷണം കഴിക്ക്..." അകത്തേക്ക് കടന്നു വന്ന ശ്രീനന്ദയെ നോക്കി ഭാനുമതി അതു പറയുമ്പോൾ അവൾ അസ്വസ്ഥമായ മനസ്സോടെ പൃഥ്വിക്ക് അടുത്തായി ഇരുന്നു... "മോൾക്ക് ഇഷ്ടമുള്ള അട പ്രഥമൻ ചെറിയമ്മ ഉണ്ടാക്കിയിട്ടുണ്ട്.. കേട്ടോ മോനേ നന്ദ മോൾക്ക് അച്ഛനും അമ്മയും ഇല്ലെങ്കിലെന്താ സ്വന്തം മോളെ പോലെയല്ലേ

ഞങ്ങളവളെ വളർത്തിയത്... അവൾക്ക് ഒരു കുറവും ഇവിടെ ഉണ്ടായിട്ടില്ല..." ചെറിയമ്മ ചിരിയോടെ പൃഥ്വിയെ നോക്കി പറയുമ്പോൾ ശ്രീനന്ദ കൂസലില്ലാതെ കളവു പറയുന്നവരുടെ മുഖത്തേക്ക് ദയനീയമായി നോക്കി... "എന്തിനാ അമ്മേ ഇങ്ങനെ എടുത്താ പൊങ്ങാത്ത കള്ളം പറയുന്നെ..?? പാവം നന്ദേച്ചി ഒരു വേലക്കാരിയെ പോലെയല്ലേ ഇവിടെ കഴിഞ്ഞത്... ചേച്ചിയെ കൊണ്ട് അമ്മ ചെയ്യിപ്പിക്കാത്ത പണികളൊന്നും ഇല്ലായിരുന്നല്ലോ..." നിമ ഉച്ചത്തിൽ ചോദിച്ചതും ഭാനുമതി അവളെ നോക്കി കണ്ണുരുട്ടി...ശേഷം പല്ല് ഞെരിച്ചു കൊണ്ട് മുഖം തിരിച്ചു... "ഓഹ് ഇവളുടെ ഒരു കാര്യം... വെറുതെ ഓരോന്നങ്ങ് പറയും മോനേ.." ഭാനുമതി വിഷയം മാറ്റാനെന്നോണം ഒരു ചിരി വരുത്തി പൃഥ്വിയെ നോക്കി... തന്നോട് സ്നേഹം കാണിക്കുമ്പോൾ ചെറിയച്ഛനും ചെറിയമ്മയും നല്ല അഭിനേതാക്കളാണല്ലോ എന്ന് ശ്രീനന്ദയ്ക്ക് തോന്നാതിരുന്നില്ല... മത്സരിച്ച് തൻ്റെയും പൃഥ്വിയുടെയും പാത്രത്തിലേക്ക് ചിക്കൻ വിളമ്പുന്ന ചെറിയച്ഛനെയും ചെറിയമ്മയേയും കാൺകെ അവളുടെ മനസ്സ് എന്തെന്നില്ലാത്ത ആകുലതകൾക്ക് വഴി മാറിയിരുന്നു... ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും പോകാനിറങ്ങിയതും കേശവനും ഭാനുമതിയും പൃഥ്വിയെ ചുറ്റിപ്പറ്റി നിന്നു...

"എങ്ങനെയെങ്കിലും കിട്ടാനുള്ള അമ്പതു ലക്ഷം വാങ്ങിച്ചെടുക്ക്..." ഭാനുമതി പൃഥ്വിയെ നോക്കി കേശവൻ്റെ കാതിൽ പിറുപിറുത്തു... "നീ ധൃതി വെയ്ക്കാതെ... അത് തരാനാവില്ലേ മോൻ വന്നത്..." കേശവൻ അവരുടെ ചെവിയിൽ ഓതി.. "അതല്ല മോൻ്റെ കൈയ്യിൽ പെട്ടിയൊന്നും കാണുന്നില്ലല്ലോ..." "ചിലപ്പോൾ ചെക്ക് ആയിരിക്കുമെടീ..." കേശവൻ തിളക്കമാർന്ന മിഴികളോടെ പറഞ്ഞതും ഭാനുമതിയുടെ മിഴികളും തിളങ്ങി... "മോനെ പൃഥ്വീ... കാര്യങ്ങളൊക്കെ നമ്മൾ വിചാരിച്ചത് പോലെ നടന്ന സ്ഥിതിക്ക് ഇനിയും തരാനുള്ളതങ്ങ് തന്നിരുന്നെങ്കിൽ..." കേശവൻ പറഞ്ഞു തുടങ്ങിയതും ചുണ്ടോട് ചേർത്ത സിഗരറ്റ് പൃഥ്വി ഒന്നും കൂടെ ആഞ്ഞ് വലിച്ചു... "എന്ത് തരുന്ന കാര്യം..??" ശബ്ദം കനപ്പിച്ചവൻ പുരികം പൊക്കി... "അല്ല മോനെ അമ്പതു ലക്ഷം.." "ഏത് അമ്പതു ലക്ഷം...??" "മോനല്ലേ പറഞ്ഞത് നന്ദയെ നിനക്ക് വിവാഹം ചെയ്ത് തന്നാൽ അമ്പതു ലക്ഷം തരാമെന്ന്... അതു കൊണ്ടല്ലേ അവളെ നിനക്ക് തന്നത്.." "കാശ് തന്ന് കെട്ടാൻ ഇതെന്താ കച്ചവടമോ..???" പൃഥ്വിയുടെ സ്വരത്തിൻ്റെ ശൈലി മാറിയതും കേശവനും ഭാനുമതിയും പതറി.... "അമ്പതു ലക്ഷം പോയിട്ട് അമ്പതു പൈസ പോലും രണ്ടും എൻ്റെ കൈയ്യിൽ നിന്നും പ്രതീക്ഷിക്കണ്ട..." "കാര്യം കഴിഞ്ഞപ്പോൾ വാക്ക് മാറുന്നോടാ നീ..??" കേശവൻ ദേഷ്യത്തിൽ ചോദിച്ചു... "ദേ എന്നോട് ഇടയാൻ നിൽക്കല്ലേ.. കൂടുതൽ കിടന്ന് ചാടിയാൽ അനന്തിരവൻ ഒരുവൻ അന്ത്യശ്വാസം വലിച്ചോണ്ട് കിടക്കുന്നില്ലേ ആശുപത്രിയിൽ...

ആ അവസ്ഥയിലാക്കും ഈ പൃഥ്വി... അവനെ മേലോട്ട് എടുത്തില്ലെങ്കിൽ ചോദിച്ചാൽ മതി ഈ പൃഥ്വിയുടെ കൈയ്യുടെ ചൂടെന്താണെന്ന്..." ഇരുവർക്കും നേരെ വിരൽ ചൂണ്ടി പറഞ്ഞവസാനിപ്പിക്കുന്നതിനൊപ്പം അവൻ അകത്തേക്ക് കയറി ശ്രീനന്ദയുടെ കൈയ്യും പിടിച്ച് ബൈക്കിനടുത്തേക്ക് നടന്നിരുന്നു... ചെറിയച്ഛൻ്റെയും ചെറിയമ്മയുടെയും മുഖത്ത് നിറഞ്ഞു നിൽക്കുന്ന ഭയത്തിൻ്റെ കാരണം നിർവ്വചിക്കാനാവാതെ ഉഴലുകയായിരുന്നു ശ്രീനന്ദയുടെ മനസ്സപ്പോൾ... വിണ്ണിൽ ഉരുണ്ടു കൂടുന്ന കാർമേഘങ്ങളെ ശ്രീനന്ദ ആശങ്കയോടെ നോക്കി.... ഈശ്വരാ നല്ല മഴ വരുന്നുണ്ടല്ലോ... മഴ കഴിഞ്ഞ് പോയാൽ പോരെ ഇങ്ങേർക്ക്... അവൾ ശങ്കിച്ചു കൊണ്ട് ശില പോലെ നിന്നു... "ഇനിയും നിന്നോട് കയറാൻ പ്രത്യേകം പറയണോടീ..." പൃഥ്വി ശബ്ദമുയർത്തിയതും ശ്രീനന്ദ ഒന്നും പറയാൻ നിൽക്കാതെ അവൻ്റെ പിന്നിലായി കയറി.... ബൈക്ക് ഗേറ്റ് കടന്നപ്പോൾ തന്നെ ശക്തമായി മഴ പെയ്യാൻ തുടങ്ങിയിരുന്നു... അന്തരീക്ഷം വല്ലാതെ ഇരുണ്ടിരുന്നു...നേരം ഇരുട്ടി തുടങ്ങിയതിൻ്റെ ലക്ഷണമെന്ന പോൽ റോഡിലാകെ ഇരുൾ വീണിരുന്നു... എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടിലിരിക്കുന്ന പൃഥ്വിയെ കാൺകെ ശ്രീനന്ദയ്ക്ക് വല്ലാതെ തണുത്തു വിറച്ചു തുടങ്ങിയിരുന്നു... ഒരാശ്രയം എന്നോണമവൾ അവൻ്റെ പുറത്തേക്ക് ചാരി കൈകൾ അവൻ്റെ വയറ്റിലൂടെ ചുറ്റിപ്പിടിച്ചു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story