പരിണയം: ഭാഗം 10

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ശോ ഈ ഒടുക്കത്തെ ലഗേജ് കൊണ്ട് മനുഷ്യന് നടക്കാൻ വയ്യല്ലോ.."".കയ്യിലെ ബാഗിന്റെ വെയിറ്റ് കൊണ്ട് ദേവ സ്വയം ഒന്ന് പിറുപിറുത്തു... വീട്ടിൽ നിന്നും ഹോസ്റ്റലിലേക്ക് രാവിലെ തന്നെ പുറപ്പെട്ടിരുന്നു... രാവിലെ ഇറങ്ങുമ്പോൾ ഇത്ര വെയ്റ്റ് ഇല്ലാത്ത പോലെ തോന്നിയിരുന്നു... പക്ഷെ ഇപ്പൊൾ വല്ലാത്ത വെയിറ്റ്...റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി അവൾ ഹോസ്റ്റലിലേക്ക്‌ ഒരു ഓട്ടോ കാത്ത് നിൽക്കുവാണ്... റെയിൽവെ സ്റ്റേഷനിന്റെ മുൻപിൽ ആണെങ്കിൽ വണ്ടികൾ ഒന്നും നിർത്തി തരില്ല... കൈ കാണിക്കുമ്പോൾ തന്നെ ഓട്ടോക്കാർ ദൃതിയിൽ പോവാണ്... കാരണം വേറൊന്നുമല്ല... റെയിൽവേയുടെ പുറത്ത് ക്യു നിന്ന് വേണം ഓട്ടോക്ക്‌ ടിക്കറ്റ് എടുക്കാൻ... അല്ലാതെ ഓട്ടോ എടുത്താൽ പോകുന്നവനും ഓട്ടോക്കാരനും ഫൈൻ ആണ്... അത് നോക്കാൻ പോലീസ്കാർ അവിടെ ചുറ്റി നടക്കുന്നും ഉണ്ട്...

""ഒരൊറ്റ പട്ടിക്കുഞ്ഞുങ്ങളെ പോലും കാണുന്നില്ലല്ലോ കൃഷ്ണ...""അവൾ പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കുന്നുണ്ട്.. പണ്ട് രുദ്രൻ ഉണ്ടായിരുന്നപ്പോൾ അവൾക്ക് ഇങ്ങനെ ഒറ്റക്ക് വരേണ്ടി വന്നിട്ടില്ല എന്നവൾ ഓർത്തു...അവൻ അവളെ എത്ര തിരക്കിനിടയിലും ബൈക്കിൽ കൊണ്ടാക്കുമായിരുന്നു... കൂട്ടുകാരികൾക്കിടയിൽ ചെന്ന് ഏട്ടനാ കൊണ്ട് ആക്കിയത് എന്ന് വീമ്പ് പറയാൻ വേണ്ടി തന്നെ... കൊണ്ടാക്കി തരുമോ എന്ന് ചോദിച്ചു കൊഞ്ചി പിന്നാലെ നടക്കുമായിരുന്നു... പിന്നെ അവൻ ബാംഗ്ലൂരിലേക്ക് പോയപ്പോൾ അതെല്ലാം നിന്നു... വീട്ടിലേക്ക് പോകുന്നത് തന്നെ വിരളമായി...കണ്മഷിയുടെ ഭാവമാറ്റം രുദ്രനെ പോലെ തന്നെ അവളിലും വല്ലാത്ത മാറ്റം സൃഷ്ടിച്ചിരുന്നു... ""ഞാൻ സഹായിക്കണോ??..""ഓരോന്ന് ഓർത്ത് നിൽക്കുമ്പോൾ ആണ് മുൻപിൽ ഒരു ബൈക്ക് വന്നു നിന്നത്... അവൾ പിടപ്പോടെ അയാളെ നോക്കുമ്പോൾ.. R15 ഇൽ സ്പോർട്സ് ഹെൽമെറ്റ്‌ ഒക്കെ വെച്ച് ഒരുത്തൻ... കാര്യം പുള്ളിക്കാരിക്ക് സ്പോർട്സ് ബൈക്ക്‌ ഒക്കെ ഇഷ്ടമാണെങ്കിലും...

ഒറ്റക്ക് ഇങ്ങനെ നിൽക്കുമ്പോൾ ഒരുത്തൻ വന്നു മുൻപിൽ നിന്നാൽ ആരായാലും ഒന്ന് പേടിച്ചു പോവും... ""എടോ ഇത് ഞാനാ...""ഹെൽമെറ്റ്‌ ഊരി ആള് പറയുമ്പോളാണ് അവളുടെ ശ്വാസം നേരെ വീണത്... അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... ""കാർത്തിക് ആയിരുന്നോ...നീയെന്താ ഇന്ന് ക്ലാസ്സിൽ പോയില്ലേ??""അവൾ പുഞ്ചിരിയോടെ അവനോട് ചോദിച്ചു... ""ആഹ് പോയിരുന്നു... പിന്നെ ഹാഫ് ഡേ ലീവ് എടുത്തു... എന്റെ ഒരു കസിനെ കൊണ്ടാക്കാൻ ഉണ്ടായിരുന്നു... തിരിച്ചു വരുമ്പോളാ നീയിവിടെ നിൽക്കുന്നത് കണ്ടത്..""കാർത്തി അവളുടെ കയ്യിലെ ബാഗ് എടുത്ത് ബൈക്കിൽ വെച്ചു... കാർത്തി... ദേവയുടെ ക്ലാസ്സ്‌ മെയിറ്റ് ആണ്... ഇരുവരും നല്ല കൂട്ടാണ്... ദേവക്ക് കോളേജിൽ വന്നേ പിന്നെ അങ്ങനെ കൂട്ടുകാർ ഒന്നുമില്ലായിരുന്നു... കുഞ്ഞിലേ തൊട്ടേ രാജീവും കണ്മഷിയും കൂടെ ഉണ്ടായിരുന്നത് കൊണ്ട് വീണ്ടും ഒരു സൗഹ്രദ വലയം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ലായിരുന്നു... പക്ഷെ കോളേജിൽ വന്നപ്പോൾ അതെല്ലാം മാറി...പലപല നാട്ടിൽ നിന്നുമുള്ള കുട്ടികൾ...

അവർക്ക് എല്ലാം പലപല ടേസ്റ്റും...ഒരുപാട് ഒരാളെ വിശ്വസിച്ചാൽ അവസാനം അത് കരച്ചിലിലേക്കാവും അവസാനിക്കുക എന്ന് നല്ലപോലെ അറിയാം ദേവക്ക്... കണ്മഷി രുദ്രേട്ടനെ വേണ്ട എന്ന് പറഞ്ഞപ്പോൾ ... നീ എന്റെ കൂട്ടുകാരിയല്ലേ എന്ന അഹങ്കാരത്തോടെ അവളോട് സംസാരിക്കാൻ പോയതായിരുന്നു... പക്ഷെ അവളിൽ നിന്നുമുള്ള പെരുമാറ്റം വല്ലാത്തതായിരുന്നു... വർഷങ്ങൾ ഇത്രയുമായിട്ടും പൊറുക്കാനേ കഴിഞ്ഞിട്ടുള്ളു... മറക്കാൻ കഴിഞ്ഞില്ല.... അത് കൊണ്ട് തന്നെ ഇവിടെ എല്ലാവരോടും ഒരുപോലെ സൗഹൃദം സൃഷ്ടിച്ചിരുന്നു ദേവ... അതിൽ ഒരു നല്ല സുഹൃത്താണ് കാർത്തി... ""ഡോ... താൻ എന്താ ഇത്രയും ദിവസം വീട്ടിൽ നിന്നത്??""വണ്ടിയിൽ ഇരിക്കുമ്പോൾ മിററിലൂടെ പിന്നിലേക്ക് നോക്കി കാർത്തി ദേവയോട് ചോദിച്ചു... ""ഏയ്യ് ഒന്നുമില്ലടോ...വീട്ടിൽ നിന്ന് പോരാൻ തോന്നിയില്ല...

""മിതമായ സംസാരം അതാണ് ദേവയുടെ പ്രകൃതം എന്ന് അറിയാവുന്നത് കൊണ്ടാവാം... കൂടുതൽ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല കാർത്തി... ""താങ്ക്സ് ടാ...""ഹോസ്റ്റലിന്റെ പടിക്കൽ മുൻപിൽ എത്തിയപ്പോൾ അവൾ മെല്ലെ ബൈക്കിൽ നിന്നിറങ്ങി... ""ഓക്കേ.. തെൻ ക്ലാസ്സിൽ വരുമ്പോൾ കാണാം ഇയാളെ...""കാർത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു... തിരികെ അവളും ഒന്ന് ചിരിച്ചു കൊണ്ട് ഹോസ്റ്റലിന്റെ ഉള്ളിലേക്ക് തിരിഞ്ഞു നടന്നു... അവൾ പോകുന്നതും നോക്കി നിന്നവനിൽ ചെറുപുഞ്ചിരി വിരിഞ്ഞു...അവന്റെ കണ്ണുകളിൽ തെളിഞ്ഞ വികാരം പ്രണയത്തിന്റെതായിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ദേ ഇന്ദു... ഇന്ന് പാല് വെള്ളം പോലെയാ... ഇങ്ങനെ പോയാൽ വേറെ ആളെ ഏർപ്പാട് ആക്കേണ്ടി വരും...""ചായക്കടക്കാരൻ വറീത് ചേട്ടൻ മാസവരി എടുത്തു അവൾക്കായി നീട്ടുന്നതിനിടയിൽ ഇടങ്കണ്ണിട്ട് നോക്കി പറഞ്ഞു... ""ഹാ ഇത് ഞാൻ പ്രതീക്ഷിച്ചതാ... അല്ലെങ്കിലും ചേട്ടൻ കാശ് തരുമ്പോ ഇങ്ങനെ ഓരോന്ന് പറയുന്നത് വലിയ പുത്തരി ഒന്നുമല്ലല്ലോ... ഞാൻ തരുന്ന പാൽ വെള്ളം ചേർത്തതാണെന് പറയുന്ന ഈ നാട്ടിലെ ഒരേ ഒരാൾ അത് ചേട്ടനാ..."

"അവൾ ദാവാണി തുമ്പ് ഇടുപ്പിൽ കുത്തി കൈകൾ ഇടുപ്പിൽ വെച്ച് തലയാട്ടി കൊണ്ട് പറഞ്ഞതും അയാൾ പതർച്ചയോടെ നാല് പാടും നോക്കി... ""അ... അല്ല ഞാൻ പറഞ്ഞെന്നെ ഉള്ളു... നീയൊന്ന് ശ്രദ്ധിച്ചാൽ മതി...""അയാൾ ശബ്‌ദം താഴ്ത്തിയപ്പോൾ അയാൾ കണ്ണുരുട്ടി അയാളെ നോക്കി... ""ഉവ്വ്... ചേട്ടന് വേണ്ടെങ്കിൽ പറഞ്ഞോളൂ... നാളെ മുതൽ ഞാൻ ഇവിടേക്കുള്ള പാൽ വേറെ ആൾക്ക് കൊടുത്തോളാം..."" തന്ന കാശ് മേടിച്ചു തിരിച്ചു സൈക്കിളിൽ കയറുമ്പോൾ അവൾ വിളിച്ചു പറഞ്ഞു... ""വേണ്ട മോളെ... ഞാൻ ചുമ്മാ പറഞ്ഞതാ... നീ കഞ്ഞിയിൽ പാറ്റ ഇടല്ലേ...""അയാൾ ദയനീയമായി നോക്കിയപ്പോൾ അവൾ പുഞ്ചിരിയോടെ സൈക്കിൾ എടുത്തു തിരിഞ്ഞു നടന്നു... ""ഏയ്യ്...""പടവരമ്പത്തൂടെ സൈക്കിളിൽ പോവുമ്പോൾ ആണ് അവൾ പിന്നിൽ നിന്ന് തന്നെ ആരോ വിളിക്കുന്നത് കേട്ടത്... തിരിഞ്ഞു നോക്കുമ്പോൾ രാജീവ്‌ ആണ്...

അവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ""ഹാ മാഷൊ... എന്താ മാഷേ ഇവിടെ??"".. അവൾ സൈക്കിൾ നിർത്തി തന്റെ അടുത്തേക്കായ് വരുന്നവനെ നോക്കികൊണ്ട് ചോദിച്ചു... ""ഇന്ന് ആരെയെങ്കിലും തള്ളി ഇടാൻ പറ്റുവോ എന്ന് അന്വേഷിച്ചു വന്നതാടോ എന്ത്യേ??""... പുരികം പൊക്കി പുഞ്ചിരിയോടെ പറയുന്നത് കേട്ടപ്പോൾ അവളിലും ചിരി വിരിഞ്ഞു... ""കളിയാക്കണ്ട.. ഒത്തിരി കാശ് ചിലവായി ല്ലേ മാഷേ അന്ന്...."" ""ഏയ്യ് ഇല്ലെടോ... താൻ അല്ലെങ്കിൽ വേറെ ആരായാലും ഞാൻ അത് ചെയ്യേണ്ടത് അല്ലെ... തെറ്റ് എന്റെ ഭാഗത്ത്‌ അല്ലെ...""അവളുടെ കൂടെ നടന്നു കൊണ്ട് അവൻ അവളെയൊന്നു നോക്കി... ചമയങ്ങൾ ഒന്നുമില്ല ഒരു പെണ്ണ്... അവളുടെ കണ്ണുകളും പുഞ്ചിരിയും അവൾക്ക് അഴകേകുന്നുണ്ടെന്ന് തോന്നിയവന്... ""മാഷിനെ ഒരിക്കൽ കൂടെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്...

എന്താണെന്ന് വെച്ചാൽ... എനിക്ക് അത്ര രൂപയോന്നും വേണ്ടിയിരുന്നില്ല... അന്ന് എന്നെ ഇടിച്ച നേരത്ത് ദേഷ്യം കൊണ്ട് പറഞ്ഞതായിരുന്നു ഞാൻ.. പണ്ടൊരിക്കൽ ഇങ്ങനെ ഒരുത്തൻ ഇടിചിട്ട് നിർത്താതെ പോയതാ എന്റെ അച്ഛനെ... അതും ഹൈ സ്പീഡിൽ... തെറിച്ചു വീണു പോയി പാവം...ആള് ഇപ്പോളും കിടക്കയിൽ നിന്ന് എണീറ്റിട്ടില്ല...ആ ദേഷ്യം മനസിൽ ഉണ്ടായിരുന്നു... പക്ഷെ എല്ലാ മനുഷ്യരും ഒരുപോലെ അല്ലല്ലോ...""അവൾ ഒന്ന് നിർത്തി അവനെ നോക്കി... ""സോറി മാഷേ... മാഷ് തന്ന കാശ് ന്റെൽ അത് പോലെ തന്നെയുണ്ട്... നിക്ക് അത്രയൊന്നും വേണ്ട...""

""ഏയ്യ് അതവിടെ ഇരിക്കട്ടെ ഡോ... ഇയാൾ പതിയെ തന്നാൽ മതി.. അത് വരെ എനിക്ക് ഇയാൾ കടക്കാരി ആയിക്കോട്ടേ...""അവൻ തമാശയായി പറയുന്നത് കേട്ടപ്പോൾ അവളിൽ ചിരി വിരിഞ്ഞു.... ""അല്ല മാഷ് ഇവിടെ എവിടെയാ... മുൻപ് കണ്ടിട്ടില്ലല്ലോ...""അവൾ സംശയത്തോടെ അവനെ നോക്കി... ""അതോ ദാ ഈ വീട്ടിലേക്ക് തന്നെയാ... ഇവിടെത്തെ വേണ്ടപ്പെട്ട ആളാ ഞാൻ..."" ഒരു വളവ് തിരിഞ്ഞ് രണ്ടു പേരും മഠശ്ശേരിക്ക് മുൻപിൽ എത്തിയിരുന്നു.. മുൻപിലെ വീടിനെ ചൂണ്ടികാണിച്ചു പറയുന്നത് കേട്ടപ്പോൾ ഇന്ദു കൗതുകത്തോടെ ആ വലിയ വീട് നോക്കി നിന്നു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story