പരിണയം: ഭാഗം 19

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ ഇയാളെ ഇവിടെ കണ്ടപ്പോൾ വെറുതെ ഒന്ന് വിളിച്ചതാണ്..."" ആദി മനോഹരമായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... കണ്മഷിയുടെ ഒഴിഞ്ഞു മാറ്റം ഡയാന ശ്രദ്ധിച്ചിരുന്നു.... അവൾ അയാളെ ഒന്ന് നോക്കി... വല്ലാത്ത പ്രഭ ആ മുഖത്തുണ്ട്... കണ്മഷിയെ നോക്കുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്ത തിളക്കം പോലെ തോന്നി അവൾക്ക്.... ""ഇതാരാ കണ്മഷി??""... ഡയാനക്ക് നേരെ അവന്റെ കണ്ണുകൾ നീണ്ടു... ആരായിരിക്കും ഇതെന്ന് അവന്റെ ഉള്ളിൽ സംശയം തോന്നിയിരിക്കാം... ""ഇത് രുദ്രേട്ടന്റെ കൂട്ടുകാരി ആണ്..."" അവളുടെ സ്വരം ശാന്തമായിരുന്നു.... അപ്പോളേക്കും അമ്പലത്തിനുള്ളിൽ നിന്നും വീണ്ടും മണിയടി കേൾക്കാൻ തുടങ്ങിയിരുന്നു.... ""നടാ തുറന്നല്ലോ... ആദിയേട്ടൻ തൊഴുതുവോ??""... ""ഏയ്യ് ഇല്ലാ... ഞാൻ ഉള്ളിലേക്ക് കയറാൻ നിൽക്കുമ്പോൾ ആണ് തന്നെ കണ്ടത്..."" അവൻ തോളിൽ ഇട്ടിരുന്ന ഷർട്ട് ഒന്നൂടെ ഒതുക്കി കൊണ്ട് പറഞ്ഞു... ""ന്നാൽ തൊഴുതോളു... ഞങ്ങൾ ഇറങ്ങുകയാണ്..."" അവൾ പെട്ടെന്ന് ഡയാനയുടെ കൈകൾ പിടിച്ചു...

ഒന്ന് ചിന്തിക്കും മുൻപ് ഡയാനയെയും കൂട്ടി അവന്റെ മുന്നിലൂടെ നടന്നകന്നിരുന്നു.... തിരിഞ്ഞു നടക്കുമ്പോളും ഡയാന അവനെ ഒന്ന് തിരിഞ്ഞു നോക്കി... ആ ചുണ്ടുകൾക്ക് വല്ലാത്ത വിഷാദ ഭാവം കൈ വന്നപോലെ... ""അതാരാ ഡോ??""...ഡയാന തിരികെ നടക്കും വഴി അവളെ നോക്കി ചോദിച്ചു... ""അതൊക്കെ വലിയ കഥയാണ് ചേച്ചി... പറയാച്ചാൽ കുറച്ചേറേ ഉണ്ട്..."" ""ആഹാ എന്നാൽ ഒന്ന് കേൾക്കണമല്ലോ....""ഡയാനയുടെ സ്വരത്തിൽ കുസൃതി നിറഞ്ഞു... ""ആദ്യം നമ്മൾ നിർത്തിയ ഇടത്ത് നിന്ന് ബാക്കി തുടങ്ങണം... എന്നിട്ടാവാം എന്റെ കഥ...""കണ്മഷിയിലേക്കും ഡയാനയുടേത് എന്നപോലെ കുസൃതി വിരിഞ്ഞു... തിരികെ നടക്കുമ്പോൾ ഇരുവർക്കും വേഗത ഏറിയ പോലെ... അവർ ഇരുവരും പെട്ടെന്ന് തന്നെ തറവാട്ടിൽ എത്തിയിരുന്നു... കണ്മഷി നേരെ അടുക്കളയിലേക്ക് ആണെങ്കിൽ ഡയാന നേരെ അവളുടെ മുറിയിലേക്ക് തിരിഞ്ഞു... അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ എന്തോ അരിയുന്നുണ്ട്... അടുത്ത് തന്നെ സുഭദ്രയമ്മയും ഉണ്ട്... അവർ ഉച്ചക്കുള്ള കറിക്ക് ഉള്ളതെല്ലാം ഉണ്ടാക്കുകയാണ്... കണ്മഷിയും ഡയാനയും വീട്ടിലേക്കു എത്തുമ്പോൾ തന്നെ ഒൻപത് മണി കഴിഞ്ഞിരുന്നു... കഥ കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല എന്ന് കണ്മഷി ദൃതിയിൽ പണികൾ ചെയ്യുമ്പോൾ ചിന്തിച്ചു....

""രുദ്രേട്ടന് ഭക്ഷണം??..."" സംശയത്തോടെയാണ് സുഭദ്രാമ്മയോടെ ചോദിച്ചത്.... ""കൊടുത്തുല്ലോ കുട്ട്യേ... നിങ്ങൾ വാരാൻ വൈകിയപ്പോൾ ഞാൻ തന്നെ കൊടുത്തു..."" പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും... പറഞ്ഞ ജോലി ചെയ്യാത്തതിന്റെ മനക്കുത്ത് ഉള്ളിൽ വീണു... ""നേരത്തിനു വന്നൂടെ കണ്മഷി നിനക്ക്..."" അമ്മയാണ്... ആൾക്ക് പണികൾ ചെയ്തില്ലെങ്കിൽ വല്ലാത്ത ദേഷ്യമാണ്...പ്രത്യേകിച്ച് കൂലിക്ക് നിൽക്കുകയാണെങ്കിൽ അതിൽ ഒരു വീഴ്ചയും വരുത്തരുത് എന്ന് നിർബന്ധം ഉണ്ട് ആൾക്ക്.... ""ഹാ ഇനി അവളെ ഒന്നും പറയണ്ട ദേവകി... ആദ്യമായല്ലേ കുട്ടി..."" അമ്മയുടെ ശകാരം കേൾക്കെ സുഭദ്ര അമ്മ അമ്മയെ വിലക്കി.... അവർ അത് പറഞ്ഞപ്പോൾ പിന്നെ അമ്മ കൂടുതൽ ഒന്നും പറഞ്ഞില്ല... തനിക്ക് ഒരു നിമിഷം ചെയ്തത് വല്ലാത്ത തെറ്റായി പോയി എന്ന് തോന്നി... നേരം വൈകാൻ പാടില്ലായിരുന്നു... ഒരു ജോലിക്കാരിയാണ് താൻ എന്നത് പലപ്പോഴും മറക്കുന്നു... അവൾ പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ ഓർത്തു... ""എന്താണ് ഇത്രയും വൈകിയത്??"".. നേരെ രുദ്രന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവന്റെ ചോദ്യവും കൂടെ ആയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.... ""ക്ഷമിക്കണം...ഇ...ഇനി ഉണ്ടാവില്ല..."" വിക്കി വിക്കി പറയുന്നത് കേട്ടപ്പോൾ അവന്റെ സ്വരമൊന്ന് ശാന്തമായി...

അവൾ വേഗം അവനെ കുളിപ്പിക്കാനായി എഴുന്നേൽപ്പിക്കാൻ തുടങ്ങി.... അവൾ അവന്റെ ഷർട്ട് ഊരിയപ്പോൾ ആദ്യം കണ്ണിൽ ഉടക്കിയത് മഞ്ചാടി എന്ന വരികളിൽ ആണ്... അറിയാതെ കൈ വിരലുകൾ അവിടേക്ക് ചെന്നു... അവളുടെ ഭാവമാറ്റങ്ങൾ നോക്കി കാണുകയായിരുന്നു അവനും... ഒരിക്കൽ അവൾക്കായി സർപ്രൈസ് ആയിട്ട് പച്ചകുത്തിയത് ആയിരുന്നു അവൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള മഞ്ചാടി എന്ന മൂന്നക്ഷരം... അവളുടെ പ്രിയങ്ങൾ എന്നും അവന്റേതും ആണെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.... ""ഒത്തിരി സങ്കടം ആയി ല്ലേ... ഞാൻ തള്ളി പറഞ്ഞപ്പോൾ..."" യന്ത്രികമായി ആ വരികളിലൂടെ വിരലോടിക്കുമ്പോൾ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.... ആ സ്വരം കേട്ടപ്പോൾ ആദ്യം ഞെട്ടലാണ് അവനിൽ ഉണ്ടായത്... ഒരിക്കൽ പോലും അവളിൽ നിന്ന് അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല... ""നിന്റെ ഹൃദയം ഒരു നിമിഷം നിലച്ചു പോയാൽ... അതിനി കൂടെയുണ്ടാവില്ല എന്നറിഞ്ഞാൽ.... വേദനിക്കില്ലേ നിനക്ക്??... മരണത്തിനു കീഴടങ്ങില്ലേ നീ??..."" അവന്റെ കണ്ണുകൾ ആർദ്രമായി.... അവ നിറഞ്ഞു വരുന്നതറിഞ്ഞു.... ""മ്മ്ഹ്ഹ്...""ചെറുമൂളൽ മാത്രം നൽകി... ആ ചുണ്ടുകൾ വിറ കൊള്ളാൻ തുടങ്ങിയിരുന്നു....

കഴിഞ്ഞു പോയ കാലങ്ങൾ മനസ്സിലേക്ക് ഓടി എത്തിയതും... പിടപ്പോടെ താൻ ഇപ്പോൾ ചെയ്തത് എന്താണ് എന്ന ബോധ്യം വന്നവളിൽ... അവന്റെ ശരീരത്തിൽ നിന്നും വേർപെടാൻ ശ്രമിച്ചെങ്കിലും അവൻ അവളുടെ കൈകളിൽ ചേർത്ത് പിടിച്ചിരുന്നു... ""ഞാൻ കൂടെ സഹായിക്കണോ??""... പിന്നിൽ നിന്ന് ഡയാന ചോദിക്കുന്നത് കേട്ടപ്പോൾ ഇരുവരും ഞെട്ടലോടെ വാതിൽ പടിക്കലേക്ക് നോക്കി... പതിയെ വേർപെട്ട് അവനെ വീൽ ചെയറിലേക്ക് ഇരുത്തി അവൾ... ""എന്നെ താങ്ങുവോ നിനക്ക്??"".. പതർച്ച മറച്ചു പിടിച്ചു അവൻ കുസൃതിയോടെ അവളെ നോക്കി... ""ആഹ്ഹ് ഇതാപ്പോ നന്നായെ... ഇവൾക്ക് നിന്നെ താങ്ങുമെങ്കിൽ എനിക്കും താങ്ങും...."" ഡയാന വിട്ട് കൊടുക്കാതെ അവർക്കരികിലേക്ക് വന്നു... കണ്മഷിക്ക് ആണെങ്കിൽ അവൾ എന്തെങ്കിലും കണ്ട് കാണുമോ എന്ന ചടപ്പ് അവളിൽ ഉണ്ടാക്കി.... ഡയാനയും ചേർന്ന് അവനെയും കൊണ്ട് ബാത്‌റൂമിലേക്ക് പോയി.... ""ഇനി ഞാൻ ചെയ്തോളാം ചേച്ചി..."" ബാത്‌റൂമിലേക്ക് കടന്നപ്പോൾ ചെറുമടുപ്പോടെ കണ്മഷി പറഞ്ഞു... ""അല്ലേലും ഈ പോത്തിനെ ആര് കുളിപ്പിക്കുന്നു??""...

ഡയാന പറഞ്ഞപ്പോൾ രുദ്രൻ കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി... ""പോടീ..."" അവനിൽ കുറുമ്പ് നിറഞ്ഞു... ""നീ പോടാ..."" അവളും വിട്ട് കൊടുത്തില്ല.... ""ഓഹ് രണ്ടും കൂടെ ഇവിടെ കിടന്ന് തല്ലുണ്ടാക്കാതെ ഒന്ന് പോണുണ്ടോ??.."" കണ്മഷി ഉച്ചത്തിൽ പറഞ്ഞപ്പോൾ ഇരുവരും ഞെട്ടലോടെ നോക്കി... ഒരു നിമിഷം കഴിഞ്ഞപ്പോൾ ആണ് അവൾ താൻ ഉച്ചത്തിലാ പറഞ്ഞതെന്ന് ഓർത്തത്... എന്റീശ്വര ഇന്ന് മൊത്തം റിലേ പോയത് പോലെ ആണല്ലോ... അവൾ മനസ്സിൽ ചിന്തിക്കുമ്പോളേക്കും ഡയാന അവളെ ഒന്ന് ആക്കി നോക്കി ചിരിയോടെ പുറത്തേക്ക് ഇറങ്ങി.... രുദ്രന് ആണെങ്കിൽ ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ചു നിൽക്കുവാണ്... അവളിലെ പതർച്ച മറച്ചു പിടിച്ചു... രണ്ടും കൽപ്പിച്ചു അവൾ ബാത്‌റൂമിന്റെ ഡോർ അടച്ചു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story