പരിണയം: ഭാഗം 2

parinayam sheethal

രചന: ശീതൾ കൃഷ്ണ

""നീ ഇവിടെ നിൽക്കാണോ കണ്മഷി... വന്നേ അവിടെ നൂറ് കൂട്ടം പണി ഉള്ളതാ..."" അമ്മ പിന്നിൽ നിന്ന് വിളിച്ചപ്പോ ഞെട്ടലോടെ തിരിഞ്ഞ് നോക്കി... രുദ്രേട്ടൻ തന്നെ കണ്ടെന്നറിഞ്ഞതും കൂടുതൽ ഒന്നും ചിന്തിക്കാതെ തിരിഞ്ഞു നടന്നു.... ഒരുതരം മരവിപ്പ് ആയിരുന്നു മനസ്സിൽ...പിന്നീട് എത്രയും പെട്ടന്ന് പണി തീർത്ത് വീട്ടിൽ എത്തണമെന്ന് തോന്നി... കണ്ണുകൾ എന്തിനോ എന്ന പോലെ നിറഞ്ഞൊഴുകി... ""രുദ്രൻ കുഞ്ഞിന് വയ്യാതെ ഇരിക്ക്യ എന്ന് ഞാൻ അറിഞ്ഞിരുന്നു... മനപ്പൂർവം നിന്നോട് പറയാതിരുന്നതാ... നിന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു..."" ഇടക്ക് പാത്രം കഴുകി വെക്കുന്നതിനിടയിൽ അമ്മ പറയുന്നത് കേട്ടെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല... ഒരു തരം നിസങ്കതയാണ് മനസ്സ് നിറയെ... എന്തോ ആ മുഖം കണ്ടപ്പോൾ തൊട്ട് താൻ പഴയ കണ്മഷിയായി മാറുമോ എന്ന ഭയം നിറയുന്നു...

""പണികൾ ഒരുവിധം ഒരുക്കിയിട്ടുണ്ട് അമ്മേ.. ഞാൻ വീട്ടിലേക്ക് നടക്കട്ടെ... വാര്യരെ കുട്ടീടെ പട്ടുപാവാട തയ്ക്കാൻ തന്നിട്ടുണ്ട്... അത് തയ്ക്കുകയും വേണം..."" പണികൾ ഒരുക്കി.. ഒരുവിധം പറഞ്ഞൊപ്പിച്ചു തിരികെ വീട്ടിലേക്ക് നടക്കുമ്പോളും മനസ്സ് എന്തിനോ എന്നപോലെ പിടയുന്നുണ്ടായിരുന്നു...വീടിന്റെ ഇറയത്തേക്ക് കയറുമ്പോൾ പിന്നാമ്പുറത്ത് നിന്ന് നന്ദിനി പശൂന്റെ കരച്ചിൽ കേൾക്കുന്നുണ്ട്... രാവിലെ തീറ്റ വെച്ച് കൊടുത്തു പോയതല്ലേ... പതിവില്ലാതെ തന്നെ വീട്ടിൽ കാണാത്തതിന്റെയാവും... ""ആഹ്... ന്നെ കാണാതെ നീ കരയാണോ നന്ദിനി പെണ്ണെ... ഞാൻ നിനക്ക് ഒരൂട്ടം കൊണ്ട് വന്നിട്ടുണ്ടല്ലോ..."" പോരുന്ന വഴിക്ക് കയ്യിൽ കരുതിയ കാടി വെള്ളം ഒഴിച്ച് കൊടുത്ത് ഇടങ്കണ്ണിട്ട് നോക്കുമ്പോൾ തന്നെ നോക്കി കണ്ണ് ചിമ്മുന്നുണ്ട് അവൾ... അവൾക്ക് തീറ്റ കൊടുത്തു തിരികെ വീട്ടിലേക്ക് കയറി... അടുക്കളയിൽ നിന്ന് ഇത്തിരി വെള്ളം എടുത്തു കുടിച്ചു... തയ്യൽ മെഷീന്റെ അടുത്തേക്ക് പോയെങ്കിലും ഒന്നിനും തോന്നുന്നില്ല... മുറിയിൽ വന്നു കിടന്നു... ""രുദ്രേട്ടാ.... "" ""മ്മ്ഹ്ഹ്..."" ""രുദ്രേട്ടാ....""

ഒന്നൂടെ ആ ഇടനെഞ്ചിൽ നിന്ന് മുഖം ഉയർത്താതെ പതിയെ വിളിച്ചു... ""എന്താടി...""ആ ശബ്‌ദം ഒന്നൂടെ ഉയർന്നപ്പോൾ മെല്ലെ കൈത്തണ്ടയിൽ ഒരു നുള്ള് വെച്ച് കൊടുത്തു... ""എന്തൊരു ഒച്ചയാ പതുക്കെ പറഞ്ഞൂടെ..."" കരിനീല കണ്ണുകൾ കൂർപ്പിച്ച് അവനെയൊന്ന് നോക്കി... ""കണ്മഷിനെ ശെരിക്കും രുദ്രേട്ടന് ഇഷ്ട്ടാണോ??.."" അവൾ മുൻപിലെ അമ്പലകുളത്തിലെ ആമ്പൽപ്പൂക്കളിലേക്ക് മിഴികൾ നട്ട് ചോദിച്ചു... ""അതെന്താടി ഇപ്പൊ നിനക്ക് ഇങ്ങനൊരു സംശയം... ഏഹ്ഹ്??""... ""മ്മുംച്ച്... ഒന്നുല്ല വെറുതെ ചോദിച്ചതാ... ചിലപ്പോളൊക്കെ നിക്ക് തോന്നും.. ഞാൻ പിടിച്ചു മേടിച്ച പ്രണയമാണ് ഇതെന്ന്... രുദ്രേട്ടന് ന്നോട് അങ്ങനൊന്നും ഇല്ലായിരുന്നല്ലോ... ഞാൻ...."" പറഞ്ഞു തീർക്കുന്നതിനു മുൻപ് ആ കൈകൾ ചുണ്ടുകൾക്ക് കുറുകെ വീണിരുന്നു... പിടച്ചിലോടെ നോക്കുമ്പോൾ വേണ്ട എന്ന രീതിയിൽ കണ്ണുകൾ ചലിപ്പിച്ചു... അത് കാൺകെ തന്റെ ചുണ്ടിലും ഒരു കുസൃതിചിരി വിരിഞ്ഞു... ""അങ്ങനെ തോന്നുന്നുണ്ടോ നിനക്ക് കണ്മഷിയെ...

ശരിയാണ് ഒരു പക്ഷെ നീ പറഞ്ഞില്ലായിരുന്നുവെങ്കിൽ നമ്മളുടെ ഉള്ളിലെ ഈ പ്രണയം നമ്മിൽ തന്നെ അലിയുമായിരുന്നു... പക്ഷെ നിന്നെ അല്ലാതെ ഒരു പെണ്ണിനെ എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല... അത്രക്ക് ജീവനാടി നീ...""അത് കേൾക്കെ... പുഞ്ചിരിയോടെ ഒന്നൂടെ ആ ഇടനെഞ്ചിലേക്ക് ചേർന്ന് ഇരുന്നു... പഴയെ ഓർമയുടെ ബാക്കി എന്നപോലെ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു...കണ്ണുകളിൽ നീർത്തിളക്കവും... അവൾ മെല്ലെ കട്ടിലിൽ നിന്ന് എണീറ്റ് കട്ടിലിന്റെ അരികിലെ മേശ തുറന്നു... ""നീലമഷിപേനയോട് എന്ന പോലെ നീയെന്ന മഞ്ചാടിപെണ്ണിനേയും ഈ ഇത്തിൾക്കണ്ണി ചെക്കന് ഇഷ്ട്ടമാണ്..."" രുദ്രൻ ❤ എന്നോ എഴുതിയ വരികളിലൂടെ അവൾ പതിയെ വിരലോടിച്ചു... കണ്ണുകളിൽ നിന്ന് മിഴിനീരുകൾ ധാരയായി ഒഴുകാൻ തുടങ്ങി... എവിടെയൊക്കെയോ തന്നെ നഷ്ടപെടുന്നു... ആ പഴയ കണ്മഷിയായി മാറുന്നു... ""പറ്റണില്ല രുദ്രേട്ടാ നിക്ക്... പിടിച്ചു നിൽക്കാൻ പറ്റണില്ല... എന്തിനാ... ന്തിനാ ഇങ്ങട് പിന്നേം വന്നേ... കാണാൻ പാടില്ലായിരുന്നു നമ്മൾ തമ്മിൽ.... എന്റെ രുദ്രേട്ടനെ ഇങ്ങനെ കാണാണ്ടായിരുന്നു നിക്ക്...

ആ മനസ്സിൽ ഞാൻ ഇപ്പൊ ആരും അല്ലാണ്ടായില്ലേ... ചതിച്ചവളായില്ലേ..."" അവൻ എഴുതിയ വരികളിൽ അവളുടെ മിഴിനീർ തുള്ളികൾ വീണു... അവളുടെ ചുണ്ടുകൾ വിതുമ്പലോടെ പതം പറഞ്ഞു... ""നിന്നെ എനിക്ക് വേണം കണ്മഷി... അത് ഏത് വിധമാണെങ്കിലും... നീ എന്നാൽ എനിക്ക് ഭ്രാന്താണ് അതിന് ഞാൻ എന്ത് വേണമെങ്കിലും ചെയ്യും ദേ ഇപ്പൊ നീയെന്റെ കിടപ്പറയിൽ വന്നിരിക്കുന്ന പോലെ..."" പെട്ടന്ന് ആ വന്യമായ കണ്ണുകൾ മനസ്സിലേക്ക് ഓടിയെത്തി..."" ആദർശ്..."' ""അവളുടെ കണ്ണുകൾ കുറുകി...അപ്പോളും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അവൾ പെട്ടന്ന് മേശക്കുള്ളിൽ മറ്റെന്തിനോ തിരഞ്ഞു... കയ്യിൽ ഒരു കടലാസ് തടഞ്ഞു... അതവൾ എടുത്തു... ""ആദർശ് Weds കണ്മഷി "" കല്യാണക്കത്തിലേക്ക് അവളുടെ കണ്ണുകൾ പരതി ചുണ്ടിൽ പുച്ഛത്തിന്റെ ചിരി വിരിഞ്ഞു... സ്വയമേ തോന്നുന്ന പുച്ഛം.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രാവിലെ എപ്പോളോ ഉറക്കമുണരുമ്പോൾ അമ്മ നല്ല പണി തിരക്കിലാണ്... ഇനി മുതൽ തറവാട്ടിലേക്ക് ഞാനും ചെല്ലേണ്ടണ്ടതല്ലേ പണിക്ക്‌ അത് കൊണ്ടാവും... ""ആഹ്ഹ് നീയെണീറ്റോ... ഞാൻ പണിയൊക്കെ ഒരുക്കുകയായിരുന്നു... നീ പെട്ടന്ന് കുളിച്ചു അമ്പലത്തിൽ പോയി വാ..."" അമ്മ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും മിണ്ടാതെ വേഗം ചെന്ന് കുളിച്ചു അമ്പലത്തിലേക്ക് നടന്നു...അമ്പലനടയിൽ ചെന്ന് ഉണ്ണിക്കണ്ണനെ പ്രാർത്ഥിക്കുമ്പോളും മനസ്സിൽ നിറയെ രുദ്രേട്ടനായിരുന്നു...ആൾക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദ്യവും... ""രുദ്രൻ വന്നു ല്ലേ... കണ്മഷിയെ... "" പ്രസാദം തരുന്നതിനിടയിൽ പൂജാരി തന്നെ നോക്കി ചോദിച്ചു.... ""ഹ്മ്മ്മ്മ്...""നേർത്ത മൂളൽ മാത്രം നൽകി... ആ കണ്ണുകളിലേക്ക് നോക്കി... ""ആരോ പറഞ്ഞു കേട്ടു... കാലിന് വയ്യാതെയാണ് വന്നത്... എന്തോ ആക്‌സിഡന്റ് പറ്റിയതാ എന്നൊക്കെ... ഇനിയിപ്പോ ആരാ ആ ചെക്കനെ നോക്കാ... പ്രായം ആയ അമ്മയോ... ആഹ്ഹ് എന്ത് ചെയ്യാനാ ഓരോ വിധി...,"" ആ വാക്കുകൾ എന്തോ വല്ലാതെ നോവിക്കുന്ന പോലെ... ഒന്നും മിണ്ടിയില്ല പക്ഷെ... ഒന്നും പറയാനുള്ള അർഹതയില്ലല്ലോ....

""ന്റെ കുട്ടി അതൊന്നും ആലോചിച്ച് വിഷമിക്കരുത് ട്ടോ.... അവര് വല്യവീട്ടിലെ അല്ലെ... അതൊക്കെ എന്തെങ്കിലും ചെയ്തോളും..."" എന്നെ അശ്വസിപ്പിക്കാൻ എന്നപോലെ ആ കണ്ണുകൾ എന്നിലേക്ക് നീണ്ടു.... ""ന്നെ വെറുക്കുന്നുണ്ടാവും ല്ലേ തിരുമേനി...""ഉള്ളിലെ ഗത്ഗദം പുറത്തേക്ക് വന്നു... കണ്ണുകൾ നിറഞ്ഞൊഴുകി... ""ഏയ്യ് ഇല്ല്യ കുട്ട്യേ... ന്റെ കുട്ടിയെ ഭഗവാനറിയാലോ ആർക്ക്‌ അറിയില്ലെങ്കിലും... അത് മതി..."" ആ വാക്കുകൾ കേൾക്കവേ ശ്രീകോവിലിനുള്ളിലെ പ്രതിഷ്ടയിലേക്ക് നോക്കി... ""എനിക്ക് ഒന്ന് ഉള്ള് തുറന്നു സംസാരിക്കാൻ പോലും ആരുമില്ലല്ലോ ഭഗവാനെ....""അവൾ കണ്ണുകൾ ഇറുകെ അടച്ചു... കണ്ണുകളിൽ നിന്ന് മിഴിനീർ ഒലിച്ചിറങ്ങി... ചുണ്ടുകൾ വിറച്ചു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പതിവ് പോലെ കണ്ടു ആദിയേട്ടൻ വഴിയരികിൽ നിൽക്കുന്നത്....തന്നെ കാൺകെ ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടപ്പോൾ മുഖം താഴ്ത്തി പെട്ടന്ന് നടന്നു... ""ഹാ എന്താടോ കണ്മഷി തനിക്ക് ഒരു മൈൻഡ് ഇല്ലാത്തെ... ഏഹ്ഹ്??? ഇനിയിപ്പോ രുദ്രൻ തിരിച്ചു വന്നതോണ്ട് ആണോ??... കളിയായിട്ടാണ് പറഞ്ഞെതെങ്കിലും തനിക്ക് ഇഷ്ട്ടമായില്ല... അത് തന്റെ മുഖത്ത് ഉണ്ടെന്ന് തോന്നുന്നു... പിന്നീട് ഒന്നും പറഞ്ഞില്ല...

""ശെരിക്കും രുദ്രന് എന്താ പറ്റിയത്...??"" തനിക്കൊപ്പം നടത്തം തുടരവേ തന്നെ നോക്കി ചോദിച്ചു... ""അറിയില്ല... തറവാട്ടിൽ ണ്ടല്ലോ രുദ്രേട്ടൻ അത്രേടം വരെ വന്നാൽ അറിയാൻ പറ്റിണ്ടാവും...""മുഖം കനപ്പിച്ചു അത് പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല... ആളൊരു പാവമാണ് പക്ഷെ രുദ്രേട്ടനെ ഇഷ്ട്ടമല്ല... കുശുമ്പാണ് രുദ്രട്ടനോട്... ഒരുപക്ഷെ തന്റെ മനസ്സിൽ ആദ്യമായ് സ്ഥാനം പിടിച്ചു ആ മുഖമല്ലേ അത് കൊണ്ടാവും... ""ന്റെ മാഷേ... ന്നോട് ഒന്ന് പറഞ്ഞൂടെ ഇഷ്ട്ടാ ന്ന്... ഒന്നുല്ലേലും വർഷം കൊറേ ആയില്ലേ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്..."" ഒരിക്കൽ ക്ലാസ്സിൽ നിന്ന് ഇറങ്ങുമ്പോൾ ആരും കൂടെ ഇല്ലെന്ന് ഉറപ്പാക്കിയപ്പോ പിന്നാലെ ചെന്ന് ചോദിച്ചു... അതിന് കിട്ടിയതോ മുഖം അടച്ചു ഒരെണ്ണവും... ആദ്യം ചെന്ന് പറഞ്ഞത് അങ്ങേരുടെ അനിയത്തിയോട് തന്നെ ആയിരുന്നു...എന്നാൽ മറുപടിയൊ... ""നിനക്ക് ഭ്രാന്താണോ കണ്മഷി ആ കൊരങ്ങനെ പ്രേമിക്കാൻ...അങ്ങേർക്ക് പ്രണയം ആരോ എഴുതിയ കൊറേ പുസ്തകങ്ങളോടാണ് ഡീ... പിന്നെ ദേ അങ്ങേരുടെ പോക്കറ്റിലെ ആ നീല മഷി പേനയോടും... അല്ലാതെ അങ്ങേര് ആരെയെങ്കിലും പ്രേമിക്കും ന്ന് നിക്ക് തോന്നുന്നില്ല. "" അവൾ പറഞ്ഞു തീർന്നതും മുൻപിൽ ഒരു നിഴൽ വന്നു നിന്നു നോക്കുമ്പോൾ തന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്...

""ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കോ ദേവേ കൂട്ടുകാരിയോട്.. പഠിപ്പിക്കുന്ന സാറിനെ തന്നെ പ്രേമിക്കുന്നത് അത്ര നല്ല സ്വഭാവം അല്ലെന്ന്... വീട്ടിലെ വാല്യക്കാരി ചേച്ചിടെ മോൾക്ക് ഇത്ര അഹങ്കാരമോ???... ആ അമ്മയെ ഓർത്ത ഇത് ആരോടും പറയാത്തത്... ഇനി ഇങ്ങനെ ഉണ്ടായാൽ ഇതായിരിക്കില്ല അവസ്ഥ ഓർത്തോ..."" തന്നെ ഒന്നൂടെ നോക്കി അന്ന് രുദ്രേട്ടൻ പോയപ്പോൾ... കണ്ണുകൾ എന്തിനോ എന്ന പോലെ നിറഞ്ഞു... പക്ഷെ ദേവയും രാജീവും കാണാതിരിക്കാൻ അത് മറച്ചു... ദേവയും രാജീവുമായിരുന്നു തന്റെ പഠിക്കുന്ന കാലം തൊട്ടേ ഉള്ള കൂട്ടുകാർ...മൂന്ന് ശരീരവും ഒരു മനസ്സും ഉള്ളവർ... അന്ന് ഞങ്ങളെ പഠിപ്പിക്കുന്ന മാഷ് ആയിരുന്നു രുദ്രേട്ടൻ... കുഞ്ഞിലേ എന്നോ തൊട്ട് തുടങ്ങിയ ഇഷ്ട്ടമാണ് രുദ്രേട്ടനോട്... കുറെ കാലം മനസ്സിൽ മാത്രം കൊണ്ട് നടന്നു എന്നാൽ രുദ്രേട്ടൻ മറ്റ് കുട്ടികളോട് അടുത്ത് ഇടപഴകുമ്പോൾ എന്തോ ഒരു ദേഷ്യം തോന്നും... കുശുമ്പ് തോന്നും... അങ്ങനെ ഒരിക്കൽ ആതിരയോട് ചേർന്ന് നിന്ന് സംസാരിച്ചതിന് അവൾക്കിട്ട് ഒന്ന് കൊടുത്തു അത് ചോദിക്കാൻ വന്നതായിരുന്നു...

ഇഷ്ടമാണെന്നു മുഖത്ത് നോക്കി പറഞ്ഞു അതിന്റെ മറുപടിയായി ഒന്ന് മുഖത്തിനിട്ട് കിട്ടുകയും ചെയ്തു.... ""ആഹ്ഹ്... പ്രേമം ആണെന്ന് പറഞ്ഞു പോയിട്ട് കയ്യോടെ മേടിച്ചല്ലോ മോള്..."" രാജീവ്‌ മുഖത്ത് നോക്കി കളിയോടെ പറഞ്ഞപ്പോ ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... ""ഇവൾക്ക് ഭ്രാന്താടാ... നല്ല മുഴുത്ത ഭ്രാന്ത്.."" ""ഭ്രാന്ത് ഒന്നുമല്ല ഡീ ദേവേ എനിക്ക്... ശെരിക്കും ഇഷ്ട്ടാഡീ നിക്ക് നിന്റെ ഏട്ടനെ... വെറും മരംചുറ്റി പ്രേമം ഒന്നുമല്ല ഡീ... വർഷം കൊറേ ആയി അങ്ങേര് ന്റെ മനസ്സിൽ കേറീട്ട്..""ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നപ്പോൾ രണ്ടാളും തന്നോട് ചേർന്ന് നിന്ന് ആശ്വസിപ്പിച്ചു... ""അറിയാഞ്ഞിട്ടല്ല പെണ്ണെ... പക്ഷെ... ഏട്ടൻ നിന്നെ സ്നേഹിക്കും ന്ന് തോന്നുന്നുണ്ടോ നിനക്ക്... അങ്ങേർക്ക് അതൊന്നും ഇഷ്ട്ടല്ല ഡീ.. ഒരു പ്രത്യേക ക്യാരക്റ്റർ ആണ് അങ്ങേര്... പിന്നെ നീ ധൈര്യമായി മുന്നോട്ട് പോ ഞങ്ങൾ രണ്ടാളും കൂടെയുണ്ട് ഡീ പെണ്ണെ...അവൾ ചേർത്ത് നിർത്തി പറഞ്ഞപ്പോൾ ചുണ്ടിൽ ചെരിപുഞ്ചിരി വിരിഞ്ഞു.... വീടിന്റെ പടിക്കൽ എത്തിയപ്പോൾ ആണ് കണ്മഷി ഓർമകളെ ഒളിപ്പിച്ചത്....

ഒറ്റക്കിരിക്കുമ്പോൾ ഓർമകളെ താലോലിക്കാൻ അവൾക്കെന്നും പ്രിയമാണ്... ""അല്ലെങ്കിലും പഴകുംതോറും.... വീര്യം കൂടുന്ന ഒരു സമസ്യയല്ലെ... ഓർമ്മകൾ...ഒരു നേർത്ത വിരഹം സമ്മാനിക്കുന്ന നമ്മുടെ മാത്രം സ്വകാര്യതാ...."" വീട്ടിലെത്തി പെട്ടന്ന് പണികൾ ഒക്കെ ഒരുക്കി.. അമ്മക്കൊപ്പം മനക്കലേക്ക് പോയിരുന്നു... ചെല്ലുമ്പോൾ അവിടെത്തെ അമ്മ അടുക്കളയിൽ ഉണ്ടായിരുന്നു... രുദ്രേട്ടന് ഉഴിച്ചിലിന് വേണ്ടിയുള്ള എന്തോ മരുന്ന് തയാറാക്കുകയാണെന്ന് തോന്നി... വൈദ്യരും ഉണ്ട് കൂടെ...അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു വേഗം മറ്റ് പണികൾ തുടങ്ങി... ""ഒരു സഹായി കൂടെ വേണം എനിക്ക്‌... പഥ്യം തുടങ്ങി തീരുവോളം കൂടെ നിന്ന് ചെയ്യണം...അതിന് പറ്റിയ ആരാണ് ഉള്ളത്...വീട്ടിലത്തെ ഒരാളായാൽ ഒന്നൂടെ നല്ലത്... രോഗിക്കും അതാവും ഇഷ്ടം... വൈദ്യർ അത് പറയുമ്പോൾ ദേവ മുൻപോട്ട് വന്നു.. എന്നാൽ ക്ലാസ്സ്‌ തുടങ്ങുമ്പോൾ അവൾക്ക് പോകേണ്ടതല്ലേ എന്ന് പറഞ്ഞു രുദ്രേട്ടന്റെ അമ്മ വേണ്ട എന്ന് പറഞ്ഞു...രുദ്രേട്ടന്റെ അമ്മക്ക്‌ ആണെങ്കിൽ പ്രായം ആയത് കൊണ്ട് രുദ്രേട്ടനെ എടുക്കാനോ സഹായിക്കാനോ കഴിയില്ല... ""ന്നാൽ ഈ കുട്ടി ആയിക്കോട്ടെ... ഇവിടെത്തെ വേലക്കാരി കുട്ടി അല്ലെ ഇത്... അതാവുമ്പോൾ ശമ്പളം കൊടുത്താൽ മതിയല്ലോ...""

വൈദ്യർ അത് തന്നെ നോക്കി പറയുമ്പോൾ ഞെട്ടലോടെ എല്ലാവരെയും നോക്കി... രുദ്രേട്ടൻറെ അമ്മയും അത് ശെരി വെച്ചു... കുഞ്ഞിലേ മുതൽ ഞങ്ങൾ കളിച്ചു വളർന്നതല്ലേ എന്ന് പറഞ്ഞു... പകച്ചു ഞാൻ അമ്മ നോക്കി... ""അമ്മേ നിക്ക്...""ബാക്കി പറയാൻ പ്രയാസപ്പെടുന്ന എന്നെ കാൺകെ അമ്മ ഒന്ന് പുഞ്ചിരിച്ചു... ""സാരല്ല... നിനക്ക് സങ്കടം അല്ലായിരുന്നു.. നീ കാരണം തകർന്ന ജീവിതം ആണ് അവന്റെ ന്ന്... ഒരു പ്രായശ്ചിത്തം ഇതിൽ ന്ന് ചെയ്യാൻ പറ്റുമെങ്കിൽ നല്ലതല്ലേ മോളെ...അമ്മ എന്നെ നോക്കി പറഞ്ഞപ്പോൾ ഞെട്ടലോടെ ചുറ്റും നോക്കി... ""ഈ ഇരിക്കുന്ന കുഴമ്പ് എടുത്തു വാ കുട്ട്യേ...""വൈദ്യർ അത് പറഞ്ഞു മുൻപിൽ നടന്നപ്പോ ഒന്ന് പകച്ചു നിന്നു... ""ചെല്ല് മോളെ... ഒരു പക്ഷെ നീ കൂടെ ഉണ്ടെങ്കിൽ അവന്റെ അസുഖം പെട്ടന്ന് ബേധമാവും..."" അമ്മ അത് പറഞ്ഞപ്പോ... താൻ ഒന്നും മിണ്ടാതെ തൈലവും എടുത്തു കൂടെ ചെന്നു... ശരിയാണ്....

ചിലപ്പോൾ ബേധം ആയേക്കാം രുദ്രേട്ടന്റെ അസുഖം അങ്ങനെ ആണെങ്കിൽ തനിക്ക് ഉണ്ടാവും സന്തോഷം പറയാൻ പറ്റാത്തത് ആവും കാരണം ഇന്നും ഉരുകി തീരുകയാണ് താൻ.... പക്ഷെ ആ മുഖത്തേക്ക് ഒന്ന് നോക്കാൻ ഉള്ള ത്രാണി പോലും ഇല്ലല്ലോ തനിക്ക് എന്ന് ഓർക്കുമ്പോൾ.... വാതിലിന്റെ അനക്കം കേൾക്കെ... ജനലിന്റെ ഭാഗത്തേക്ക് കിടന്ന രുദ്രൻ തിരിഞ്ഞു നോക്കുമ്പോൾ ആണ് വൈദ്രർ വരുന്നത് കാണുന്നത്... എന്നാൽ അദ്ദേഹത്തിന് പിന്നലെ കയ്യിൽ പാത്രവുമായി വരുന്നവളെ കാൺകെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു... പക്ഷെ നിമിഷ നേരം കൊണ്ട് തന്നെ അത് കുറുകി... ചുണ്ടിൽ വേദന നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.... ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story