പരിണയം: ഭാഗം 25

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എന്താണ് ആരും ഒന്നും മിണ്ടാത്തത്..??"" വൈദ്യർ ഒന്നു കൂടെ ചോദിച്ചപ്പോൾ രാവുവച്ചൻ തന്നെയും വൈദ്യരെയും ഉറ്റു നോക്കി... ""സൂചിപ്പിച്ചിരുന്നു വൈദ്യരെ..."" സുഭദ്ര അമ്മയാണ് മറുപടി പറഞ്ഞത്... അത് കൂടെ കേട്ടപ്പോൾ തല താഴ്ത്തി നിന്നതെ ഉള്ളു... എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു... ""എന്നിട്ട് മോൾ എന്ത് തീരുമാനിച്ചു??"".. വൈദ്യരുടെ നോട്ടം എന്നിലേക്ക് നീണ്ടു... മുഖം ഉയർത്തി നോക്കുമ്പോൾ ആ കണ്ണുകളിൽ വാത്സല്യം നിറഞ്ഞിട്ടുണ്ട്... ""എനിക്ക്.... ഞാൻ... ഇത് വരെ അതിനെ പറ്റി ആലോചിച്ചിട്ടില്ല.... "" പെട്ടന്ന് ചോദിച്ചപ്പോൾ അങ്ങനെയാണ് പറയാൻ തോന്നിയത്... എന്തോ മനസ്സ് ഇപ്പോൾ വല്ലാതെ ചാഞ്ചടുന്നുണ്ട്... അന്ന് അമ്മ ചോദിച്ചപ്പോൾ വേണ്ട എന്ന് വാശി പിടിച്ചിരുന്ന മനസ്സാണ്... ഇന്നിപ്പോൾ വീണ്ടും ചോദിക്കുമ്പോൾ എന്ത് പറയണം എന്നറിയില്ല... ""ഞാൻ നിര്ബന്ധിക്കില്ല മോളെ... പക്ഷെ നീ അവന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്... അതിന്റ ഉദാഹരണമാണ് പെട്ടെന്നുള്ള ഈ ഭേദപ്പെടൽ..."" വൈദ്യര് പുഞ്ചിരിയോടെ തന്നെ ഒന്നു നോക്കി... എന്നിട്ട് തിരിഞ്ഞു നടന്നു.... ""എന്നാൽ ഞാൻ പോകുവാണ്... അടുത്ത ആഴ്ച വരാം ചെക്ക് അപ്പിന്... മരുന്ന് ഇത് തന്നെ തുടരട്ടെ...""

മിഴികൾ ഉയർത്തി നോക്കുമ്പോളേക്കും ആൾ പോയി മറഞ്ഞിരുന്നു.... രാവുവച്ചനും സുഭദ്രയമ്മയും വൈദ്യരെ യാത്ര അയക്കാൻ ആയിട്ട് ഉമ്മറത്തേക്ക് പോയി... തിരിഞ്ഞു നോക്കുമ്പോൾ അമ്മയും അടുക്കളയിലേക്ക് പോയിട്ടുണ്ട്... പതിയെ അടുക്കളയിലേക്ക് നടന്നു... അമ്മ ഉച്ചക്കുള്ളത് തരപെടുത്തുകയാണ്... വെറുതെ അമ്മക്ക് അരികിലേക്ക് ആയി ചെന്നു നിന്നു.... ""നീ ഒന്നും കഴിച്ചില്ലല്ലോ... വാ ദോശ തരാം...."" ആ സ്വരത്തിൽ വാത്സല്യം നിറഞ്ഞിരുന്നു... ഇവിടെ ജോലിക്ക് കയറിയ ശേഷം ആദ്യമായ് ആണ് അമ്മ ഇവിടെ വെച്ച് കഴിചചോ നീ എന്ന് ചോദിക്കുന്നത്... സാധാരണ സുഭദ്ര അമ്മയാണ് ചോദിക്കാറുള്ളത്... അത് കൊണ്ട് തന്നെ അതിന്റെ ആവശ്യം ഉണ്ടായിട്ടില്ല അമ്മക്ക്... കൈ കഴുകി പാത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു പ്ലേറ്റ് എടുത്തു...അടുപ്പിന്റെ അരുകിലായി ഉള്ള കാസ്ട്രോളിൽ നിന്ന് മൂന്ന് ദോശയും കുറച്ച് സാമ്പാറും എടുത്ത് പിന്നിലേക്ക് ഇറങ്ങുന്ന പടവിൽ ചെന്നിരുന്നു....ദോശ ഒരു നുള്ള് കീറി അത് സാമ്പാറിൽ മുക്കി.... ""മോളെ..."" പിന്നിൽ നിന്ന് വീണ്ടും വാത്സല്യത്തോടെ വിളി കേട്ടപ്പോൾ കഴിക്കാൻ തുടങ്ങിയ ദോശ കഷ്ണം പ്ലേറ്റിൽ തന്നെ വെച്ച് തിരിഞ്ഞു നോക്കി.... ""നിന്റെ തീരുമാനത്തിൽ മാറ്റം ഒന്നുമില്ലേ??"" അമ്മയാണ്... ആ മനസ്സിൽ വല്ലാത്ത വ്യാദി നിറഞ്ഞതറിഞ്ഞു.... ""അറിയില്ല അമ്മേ...മനസ്സ് ശൂന്യമാണ്..."" ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു... എന്നിട്ട് കഴിക്കാൻ തുടങ്ങി...

""ഒരമ്മയുടെ ആധി അത് ഞാൻ കാണിക്കുക തന്നെ ചെയ്യും.... എന്നെ സംബന്ധിച്ചു ഈ ആലോചന ഒരു മകൾക്ക് വരുക എന്നത് വലിയ സന്തോഷം തരുന്ന കാര്യം തന്നെയാണ്... പക്ഷെ ഈ അമ്മ നിര്ബന്ധിക്കില്ല... എല്ലാം മോളുടെ തീരുമാനം പോലെ...."" ആ അമ്മ അവളുടെ മുടിയിൽ പതിയെ തലോടി.... കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ അവളുടെ കാഴ്ച മറച്ചു.... ""കുഞ്ഞാ...."" ആ അമ്മ സ്നേഹത്തോടെ വിളിച്ചു... അത്രമേൽ സ്നേഹത്തോടെ....അവൾ തിരിഞ്ഞു നോക്കിയില്ല... തന്റെ കരയുന്ന മുഖം അമ്മ കാണുന്നത് ഇഷ്ടമല്ല അവൾക്ക്... ""അവൻ നല്ലവനാ മോളെ.... നിന്നെ പൊന്ന് പോലെ നോക്കും അവൻ..."" അമ്മയുടെ വാത്സല്യം നിറഞ്ഞ വാക്കുകൾ... കേട്ടിട്ടും നോക്കാൻ തോന്നിയില്ല... കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് കേൾക്കും എന്നായപ്പോൾ കുറച്ചധികം ദോശ കഷ്ണങ്ങൾ വായിലേക്ക് നിറച്ചു.... ""ന്റെ കുട്ടി നല്ലത് പോലെ ആലോചിക്ക്... സുഭദ്ര ഇന്ന് കൂടെ ചോദിച്ചുള്ളൂ നിന്റെ തീരുമാനം എന്താണ് എന്ന്... ഞാൻ ഒന്നും പറഞ്ഞില്ല..."" ദേവകിയമ്മ തുടർന്നു.... ""ഞാൻ എന്താ അമ്മ പറയാ...."" അവൾ മറുകൈ കൊണ്ട് ഒഴികിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അമ്മയെ നോക്കി... ആ കണ്ണുകൾ കലങ്ങിയത് കണ്ടപ്പോൾ അമ്മക്ക് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല...

.അവർ പതിയെ അവളുടെ അരികിൽ നിന്ന് എഴുന്നേറ്റു....അപ്പോളേക്കും സുഭദ്രാമ്മ അടുക്കളയിലേക്ക് വന്നു... ""നീയെന്താ കുട്ട്യേ അവിടെ ഇരുന്നു കഴിക്കുന്നത്... ഹാളിൽ ഇരുന്നൂടെ നിനക്ക്??""... സ്നേഹത്തോടുള്ള ശകാരം കേട്ടപ്പോൾ ഒന്നു പുഞ്ചിരിച്ച് കൊണ്ട് എഴുന്നേറ്റു.... ""അതിന് ന്റെ തീർന്നല്ലോ... ദാ..."" അവൾ പ്ലേറ്റ് കാണിച്ചു പുഞ്ചിരിയോടെ പറഞ്ഞു എന്നിട്ട് പാത്രം കഴുകി വെച്ചു... തിരികെ മുറിയിലേക്ക് നടക്കുമ്പോൾ കേൾക്കാം അമ്മയും സുഭദ്രാമ്മയും തമ്മിലുള്ള സൗഹൃദ സംഭാഷണം.... നേരെ ചെന്നത് രുദ്രേട്ടന്റെ മുറിലേക്ക് ആണ്... ചെല്ലുമ്പോൾ ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ട്... ഉള്ളിലേക്ക് കയറുമ്പോൾ സിദ്ധുവേട്ടൻ ഉണ്ട് ആളുടെ കട്ടിലിന്റെ അരികിൽ... രാജീവും ഉണ്ട്... മൂന്ന് പേരും കൂടെ എന്തൊക്കെയോ കാര്യമായ ചർച്ചയിൽ ആണ്.... ""ഹാ നീ എവിടെയാണ് എന്ന് ചിന്തിച്ചതേ ഉള്ളു ഇപ്പോൾ..."" രാജീവാണ് പറഞ്ഞത്....തന്നെ കണ്ടപ്പോൾ സിദ്ധുവേട്ടൻ മനോഹരമായി ഒന്നു പുഞ്ചിരിച്ചു.... രുദ്രട്ടന്റെ കണ്ണുകളും തന്നിൽ തന്നെയാണ്... ""അത്... ഞാൻ വൈദ്യര് വിളിച്ചപ്പോൾ..."" രാജീവിനോട് ആണ് പറഞ്ഞതെങ്കിലും കണ്ണുകൾ രുദ്രന്റെ മുഖത്ത് തന്നെയായിരുന്നു... അവനോട് കാരണം ബോധിപ്പിച്ചു എന്നപോലെ...

""നല്ല മാറ്റം ഉണ്ട് അല്ലെ കണ്മഷി ഇപ്പോൾ രുദ്രന്...""സിദ്ധുവേട്ടൻ തന്നെ ഒന്നു നോക്കി ചോദിച്ചു... ""മ്മ്ഹ്ഹ്...."" മറുപടിയായി പുഞ്ചിരിയോടെ മൂളി.... ""ആഹാ ഇതെന്താ കഥ...ഇത് ജനറൽ വാർഡ് അല്ല..."" ഡയാന പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു കുസൃതിയോടെ എല്ലാവരെയും നോക്കി പറഞ്ഞു... ""ഓഹ് വന്നു ചീവീട്... എടാ സിദ്ധു... അവിടെ ഓഫീസിൽ ഒരു പണിയും ഇല്ലേ... ഇതിനെ വേഗം ബാംഗ്ലൂരിലേക്ക് ഒന്നു എക്സ്പോർട്ട് ചെയ്യുവോ... ഇവിടെ ഇരുന്നാൽ ചെവി കേൾപ്പിക്കുന്നില്ല ചീവീട്..."" രുദ്രൻ ആണ് പറഞ്ഞത്... അത് കേട്ടതും അവിടെ കൂട്ടച്ചിരി ഉയർന്നു.... കണ്മഷിക്കും ചിരി പൊട്ടിയിരുന്നു... എല്ലാവരും ചിരിക്കുന്നത് കണ്ടപ്പോൾ ഡയാന ചുണ്ട് പിളർത്തി എല്ലാവരെയും നോക്കി... ""ഓഹ് ഇപ്പോൾ കിട്ടേണ്ടവരെ ഒക്കെ കിട്ടിയപ്പോൾ... ഞാൻ ചീവീട് ആയല്ലോ... നന്നായിട്ടുണ്ട്...."" ഡയാന അതും പറഞ്ഞു മുറി വിട്ടിറങ്ങി... നാലാളും നിശബ്ദരായി... ആൾക്ക് നല്ലത് പോലെ സങ്കടം വന്നു എന്ന് രുദ്രന് മനസ്സിലായി... കളിയായി പറഞ്ഞതാണ് പക്ഷെ അവൾ കാര്യമാക്കും എന്ന് വിചാരിച്ചില്ല.... ""ഡാ അവൾ സീരിയസ് ആയല്ലോ...ഇനിയിപ്പോൾ എന്ത് ചെയ്യും??"' സിദ്ധുവാണ് ചോദിച്ചത്... അത് കേട്ടപ്പോൾ കണ്മഷി മൂന്നാളെയും ഒന്നു നോക്കി നേരെ താഴേക്ക് ചെന്നു....

ഡയാനയെ അന്വേഷിച്ചു ചെല്ലുമ്പോൾ അവൾ അടുക്കളയിൽ അമ്മമാരോട് സംസാരിച്ചു ഇരിക്കുന്നുണ്ട്.... കണ്മഷിയെ കണ്ടപ്പോൾ അവളെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് തിരിഞ്ഞു ഇരുന്നു അവൾ... ""ദേ ചേച്ചി... അവർ മൂന്നാളും അവിടെ സങ്കടപ്പെട്ടിരിക്ക്യ വന്നെ..."" കണ്മഷി വന്നു അവളുടെ കയ്യിൽ പിടിച്ചു... ""ആഹാ അപ്പൊ എനിക്ക് സങ്കടം വന്നതോ??... എന്റെ സങ്കടത്തിനു ഇവിടെ ഒരു വിലയുമില്ലേ???.."" ഡയാന കണ്മഷിയെ നോക്കി കണ്ണുരുട്ടി.... ""അതൊക്കെയുണ്ട്... എന്നിരുന്നാലും ഒന്നു വായോ.. രുദ്രേട്ടൻ സോറി പറയും..."" കണ്മഷി വിടാൻ ഭാവമില്ലാതെ അവളുടെ കയ്യിൽ പിടിച്ചു... ""നിന്റെ രുദ്രേട്ടന് അഹങ്കാരമാണ്... അത് ഒന്നു കുറയട്ടെ..."" ഡയാനയും വിട്ട് കൊടുക്കാതെ പറയുന്നത് കേട്ടപ്പോൾ അവൾ പിടപ്പോടെ രണ്ട് അമ്മമാരെയും നോക്കി.... അവർ ആണെങ്കിൽ ഇതെല്ലാം കണ്ട് ചിരിച്ചു ഇരിക്കുവാണ്... ""എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ വരണം ചേച്ചി...""അവൾ വീണ്ടും കൊഞ്ചി പറഞ്ഞപ്പോൾ ഡയാന കുറച്ച് വെയിറ്റ് ഒക്കെ ഇട്ട് അവളുടെ പിന്നാലെ നടന്നു.... ""ഈ കുട്ട്യോള്ഡ് ഓരോ കാര്യം..."" അത് കാണെ സുഭദ്ര അമ്മ പുഞ്ചിരിയോടെ പറഞ്ഞു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story