പരിണയം: ഭാഗം 3

parinayam sheethal

രചന: ശീതൾ കൃഷ്ണ

""കുട്ടി ആ തൈലം അവിടേക്ക് വെച്ചോളൂ... ഞാൻ കിഴി വെക്കാനുള്ള മരുന്ന് എടുത്തിട്ട് വരാം..."" വൈദ്യർ പറയുമ്പോളും തന്റെ കണ്ണുകൾ താഴ്ന്നു തന്നെ ഇരുന്നു...വൈദ്യർ തന്നെ മറികടന്നു പോയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പാത്രം മേശമേൽ വെച്ചു... ""എന്താ നിന്റെ ഉദ്ദേശം... ഏഹ്ഹ്ഹ്??""... ആ ചോദ്യം ശാന്തമായിരുന്നു.... പിടപ്പൊടെ രുദ്രേട്ടനെ നോക്കുമ്പോൾ കണ്ണുകൾ ജനാലക്കപ്പുറത്തേക്ക് മിഴിനട്ടിരുന്നു... ""അ...അത് ഞാൻ... വൈദ്യര് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇ... ഇവിടേക്ക്... പിന്നെ അമ്മക്ക് സഹായത്തിന് വന്നതായിരുന്നു പണിക്ക്... അല്ലാതെ മറ്റൊ...."" ""മതി.... ശമ്പളം കൃത്യമായിട്ട് കിട്ടുമല്ലോ അല്ലെ...??" മിഴികൾ തന്നിലേക്ക് നീണ്ടത് ഞെട്ടലോടെ അറിഞ്ഞു... ആ കണ്ണുകളിൽ പഴയ സ്നേഹമില്ല.... വാത്സല്യമില്ല....പ്രണയമല്ല..... ഒന്നും ഒന്നുമില്ല.... ""മ്മ്ഹ്ഹ്... ""നേർത്ത മൂളൽ മാത്രം നൽകി... ""ന്നാ കുട്ട്യേ നീയ് ഈ തൈലം കാൽ മുഴുവനായി തേച്ചു പിടിപ്പിക്ക്... ഞാൻ അപ്പോളേക്കും കിഴി വെക്കാം..."" വൈദ്യര് വന്ന് പറഞ്ഞപ്പോൾ... ഒന്ന് മൂളി തൈലം കാലിൽ തേക്കാൻ തുടങ്ങി...

""തന്നെ ഇവിടുന്ന് ആട്ടി പായിക്കുമെന്നാണ് വിചാരിച്ചത്... അത്രക്ക് വലിയ ദ്രോഹമല്ലേ താൻ എല്ലാവരോടും ചെയ്തത്... പക്ഷെ രുദ്രേട്ടന്റെ ഇങ്ങനെയൊരു ഭാവം താൻ ഒട്ടും പ്രതീക്ഷിച്ചില്ല...""തൈലം തേക്കുന്നതിനിടയിൽ മനസ്സിൽ ചിന്തിച്ചു... ""കുട്ട്യേ ആ ഷർട്ട്‌ ഒന്ന് അഴിച്ചു മാറ്റൂ..."" വൈദ്യർ പറഞ്ഞപ്പോൾ ഒന്ന് മടിച്ചു മടിച്ചു.. ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു മാറ്റി... ""മഞ്ചാടി..."" ഇടനെഞ്ചിൽ പച്ചകുത്തിയ വരികൾ കാൺകെ അവളുടെ കണ്ണുകൾ ഒരുവേള വിടർന്നു... പെട്ടെന്ന് തന്നെ അവ മങ്ങി... കണ്ണുകൾ വല്ലാതെ നിറഞ്ഞു... അവനപ്പോളും അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി കാണുകകയായിരുന്നു...ഒരുവേള പഴയ ഓർമകളിലേക്ക് ചേക്കേറി.... ""രുദ്രൻ കുഞ്ഞിന് ടൗണിൽ എവിടെയോ ജോലി കിട്ടിത്രെ കണ്മഷി... അവൻ രണ്ടീസം കഴിഞ്ഞാൽ അങ്ങോട്ട് പോവും ത്രെ..."" കോളേജിലേക്ക് പോവാൻ ഇറങ്ങുമ്പോൾ ആയിരുന്നു അമ്മ അത് പറഞ്ഞത്... കേട്ടപ്പോൾ ഞെട്ടലായിരുന്നു ആദ്യം... വിശ്വാസം വന്നില്ല... ദേവു ഇത് വരെ അങ്ങനെ ഒന്നും പറഞ്ഞില്ല... ""ശെരിയാ കണ്മഷി ഏട്ടൻ ഇന്നലെയാ വീട്ടിൽ ഇത് പറയുന്നേ...അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടിയിട്ട് കുറച്ചു ദിവസായി... വീട്ടിൽ സമ്മതിക്കില്ല ന്ന് വിചാരിച്ചു ത്രെ... ഇവിടെത്തെ ജോലി താൽക്കാലികം അല്ലായിരുന്നോ... ഇത് പെര്മനെന്റ് ആണ്..

പോരാത്തതിന് നല്ല ശമ്പളവും..."" കോളേജിൽ എത്തിയപ്പോ ദേവൂനോട് കാര്യങ്ങൾ അന്വേഷിച്ചു... കേട്ടത് സത്യമാണ് എന്നറിഞ്ഞപ്പോൾ നെഞ്ച് വല്ലാതെ നുറുങ്ങുന്ന വേദന... ക്ലാസ്സിൽ വന്നപ്പോൾ പോകുന്നതിനെ പറ്റിയൊന്ന് സൂചിപ്പിച്ചു... പക്ഷെ അപ്പോളും തന്നെയൊന്ന് നോക്കുക പോലും ചെയ്യാത്തത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി... ഹൃദയം നീറുന്ന പോലെ... ""മാഷേ... ഒന്ന് നിൽക്കുവോ??""... സ്റ്റാഫ്‌ റൂമിൽ നിന്ന് പോകുന്നവനെ പുറകിൽ നിന്ന് വിളിച്ചപ്പോൾ എന്താണ് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി... ""മാഷേ... നിക്ക് മാഷിന്റെ ഈ നീലമഷി പേന ഒന്ന് തരുവോ... ഏഹ്ഹ്??"" നീർതുള്ളികൾ പൊടിഞ്ഞ കണ്ണുകളുള്ള ഒരുവൾ... മുഖത്ത് പണ്ട് കണ്ട പ്രസരിപ്പില്ല... ചുണ്ടിൽ വേദന നിറഞ്ഞ ഒരു പുഞ്ചിരി മാത്രം... ""മാഷിന് എന്നും ഇഷ്ടം ഈ നീലമഷിപേനയോട് ആയിരുന്നില്ലേ??.. നിക്ക് കുശുമ്പ് തോന്നിയിട്ടുണ്ട് കൊറേ.. ദേഷ്യം തോന്നിയിട്ടുണ്ട് കൊറേ... പക്ഷെ ഇപ്പൊ... ഇപ്പൊ വേദനയും തോന്നുവാ... ഞാൻ സൂക്ഷിച്ചു വെച്ചോട്ടെ ഇത്...??"" അവന്റെ സംശയത്തോടുള്ള നോട്ടം കണ്ടിട്ടാവണം...

അവൾ അവനെ നോക്കി പറഞ്ഞു... ""തറവാട്ടിലെ വല്യക്കാരിയുടെ വളർത്ത് ദോഷമല്ല മാഷേ... കൊറേ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചതാ... തെറ്റാണു അങ്ങനൊന്നും ചെയ്തൂട എന്നൊക്കെ തിരുത്തി കൊടുത്തതാ പക്ഷെ പറ്റണില്ല മാഷേ..."" അവളുടെ ശബ്‌ദം നേരത്ത് ഇടറിയപ്പോൾ മറുപടി കാക്കാതെ തിരിഞ്ഞു നടന്നു... അത് നോക്കി നിന്നവനിലെ ഭാവങ്ങൾ അവൾക്കന്യമായിരുന്നു.... ""എടി കണ്മഷിയെ... നാളയാ ട്ടോ എന്റെട്ടൻ പോണത്..."" ക്ലാസ്സ്‌ കഴിഞ്ഞു തിരിച്ചു പോണ വഴിക്ക് ദേവു പറഞ്ഞപ്പോൾ ഒന്ന് നോക്കുക മാത്രം ചെയ്തു... ""നിന്റേട്ടൻ പോണത്തിനു ഞാൻ ഇപ്പൊ എന്ത് വേണം... തലകുത്തി നിക്കണോ?? ഏഹ്ഹ്??...""കണ്മഷിയും തിരിച്ചു ചിറി കൊട്ടി... ""അല്ലേലും ഞാൻ ഇവിടെ വന്നു മുത്തശ്ശിയമ്മക്ക് വിളക്ക് വെച്ചതൊക്കെ വെറുതെയാ...ന്നെ ആർക്കും വേണ്ട..."" അവൾ അന്ന് സന്ധ്യക്ക്‌ മുത്തശ്ശിക്കാവിൽ ചെന്ന് വിളക്ക് വെക്കുമ്പോൾ പരിഭവം പറഞ്ഞു... കണ്ണുകൾ രണ്ടും വിതുമ്പുന്നുണ്ട്... ചുണ്ടുകൾ പിളരുന്നുണ്ട്... ""അങ്ങേര് ആരാ ന്ന അങ്ങേരുടെ വിചാരം... ഈ കണ്മഷിടെ പിന്നാലെ എത്ര ചെക്കന്മാർ വന്നതാ ന്നറിയോ മുത്തശ്ശിയമ്മക്ക്... ആരോടും ഒരിഷ്ട്ടവും തോന്നീല്ല നിക്ക്... പക്ഷെ അങ്ങേര് ന്റെ ജീവനായിരുന്നു... നിട്ട് ഇപ്പൊ ന്നെ വേണ്ടാതെ പോവല്ലേ എങ്ങോട്ടോ..

പൊക്കോട്ടെ എങ്ങോട്ടാ ന്ന് വെച്ചാ പൊക്കോട്ടെ..."" അവൾ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് പതം പറഞ്ഞു... ""പണ്ട് ണ്ടല്ലോ മുത്തശ്ശിയമ്മക്ക് അറിയോ... ന്റെ ഒരു പിറന്നാൾ ദിവസം നിക്ക് ഉമ്മ തന്നിട്ടുണ്ട് രുദ്രേട്ടൻ... "" ""ആഹ്ഹ്... എന്നിട്ട് നീ ചെയ്തതോ??"" പിന്നിൽ നിന്ന് ഗംഭീര്യമാർന്ന ശബ്‌ദം കേൾക്കെ ഞെട്ടലോടെ തിരിഞ്ഞു നോക്കി... കൈകൾ പിണച്ചു കെട്ടി നിൽക്കുകയാണ്... ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ തനിക്ക് അരികിൽ വന്നു...അവൾ ആണെങ്കിൽ അപ്പോൾ അവിടെന്ന് അപ്രത്തക്ഷ്യമായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... ഒട്ടും പ്രതീക്ഷിച്ചില്ല ഇവിടേക്ക് ഇപ്പോൾ വരുമെന്ന്... താൻ എന്നും വന്നു പ്രാർത്ഥിക്കുന്ന അമ്പലമാണ് മുത്തശ്ശിക്കാവ്... തന്റെയും രുദ്രേട്ടന്റെയും കഥകൾ ഏറ്റവും കൂടുതൽ അറിയുന്നതും മുത്തശ്ശിയമ്മക്കാണ്... ""ഹ്മ്മ്മ്.. പറയ് ന്നിട്ട് നീയെന്താ ചെയ്തത്... എല്ലാരോടും അത് പറഞ്ഞു... എന്നിട്ട് എനിക്ക് തല്ല് മേടിച്ചു തന്നു... അല്ലെ??..."" അവൻ അരികെ വന്നു പറയുമ്പോൾ മുഖം ഉയർത്താതെ തന്നെ നിന്നു... ""അത് പിന്നെ പിറന്നാൾ സമ്മാനം തരാൻ പറയുമ്പോ ഉമ്മയാണോ തരുക അതും അന്ന് നിക്ക് വെറും പത്ത് വയസ്സ് പ്രായം..."" അവൾ കൂർപ്പിച്ചു അവനെയൊന്ന് നോക്കി... എന്നിട്ട ഒന്നും മിണ്ടാതെ മുത്തശ്ശിക്കാവിനരികിൽ ഉള്ള അമ്പലപ്പടവിലേക്ക് നടന്നു..

""അന്ന് തരാൻ എന്റെ കയ്യിൽ വേറെ സമ്മാനം ഒന്നുമില്ലായിരുന്നു...പതിനഞ്ച് വയസ്സ് കാരന് പിന്നെ നിനക്ക് ആനമുട്ട മേടിച്ചു തരാൻ പറ്റുമോ... ഏഹ്ഹ്ഹ്??"" അവനും പിന്നാലെ ചെന്ന് അവളിരുന്ന പടവിനരികിൽ ഇരുന്നു ചോദിച്ചു... ""എന്ന് വെച്ച് ഉമ്മയാണോ കൊടുക്കുക??"" അവൾ പുരികം ഉയർത്തി അവനെ നോക്കി... ""ആഹ്ഹ്... നിക്ക് ഇഷ്ടം ഉള്ളോർക്ക് ഞാൻ ചിലപ്പോൾ ഉമ്മയും ബാപ്പയും ഒക്കെ കൊടുത്തെന്നു ഇരിക്കും.."" അവളുടെ മുഖത്ത് നോക്കാതെ മറ്റെവിടെയോ നോക്കി പറഞ്ഞ വാക്കുകൾ കേൾക്കവേ അവൾ ഞെട്ടലോടെ അവനെയൊന്ന് നോക്കി...അവളുടെ കണ്ണുകൾ നിറഞ്ഞു... അവന്റെ മുഖത്ത് നിന്ന് അവളോടുള്ള പ്രണയം അപ്പോൾ വായിച്ചെടുക്കാമായിരുന്നു.... ""അന്നത്തെ പാവാട പെണ്ണിനെ എന്നും ആ കുഞ്ഞിചെക്കന് ഇഷ്ടായിരുന്നു... മഞ്ചാടിമണികളെ.... ഇത്തിൾകണ്ണി ചെക്കൻ... പ്രണയിച്ചപോലെ...."" അവളുടെ കാതോരമായി വന്നു പറയുന്നവനെ കാൺകെ അവളുടെ കവിളുകൾ ചുവന്നു... നാണത്താൽ മിഴികൾ താഴ്ന്നു... ചുണ്ടിൽ അവനായി ചെറുപുഞ്ചിരി വിരിഞ്ഞു... പ്രണയത്തിൽ ചാലിച്ച പുഞ്ചിരി.... ""മതി കുട്ട്യേ ഉഴിഞ്ഞത്... ഇനി കുളിപ്പിക്കാൻ കൊണ്ടോണം..."" വൈദ്യരുടെ വാക്കുകൾ കേൾക്കവേ അവൾ ഓർമകളിൽ നിന്ന് ഞെട്ടലോടെ ഉണർന്നു...

അവൾ മറ്റേതോ ലോകത്തായിരുന്നുവെന്ന് അവന് കണ്ടപ്പോൾ മനസ്സിലായി... ഒരുപക്ഷെ തന്നെ പോലെ തന്നെ പഴയ ഓർമ്മകളിൽ ജീവിക്കുകയായിരിക്കും അവളും...അവനും ഒന്ന് നിശ്വസിച്ചു... കുളിപ്പിക്കാൻ എടുക്കാൻ അവളും വൈദ്യരും ദേവയും അവനെ താങ്ങി വീൽ ചെയറിൽ ഇരുത്തി...ദേവക്ക് ഇപ്പൊൾ രുദ്രട്ടൻ വന്നതിൽ പിന്നെ പഴയ ദേഷ്യം തന്നോടില്ലാത്ത പോലെ തോന്നി... മാത്രവുമല്ല തന്നെ കാണുമ്പോൾ ഇപ്പോൾ നേർത്ത പുഞ്ചിരി തരാറുണ്ട്... അല്ലെങ്കിൽ മുഖത്ത് പോലും നോക്കാത്തവളാണ്.... കുളി കഴിഞ്ഞു... വന്നു കിടത്തുമ്പോളും അവനും ഒന്നും മിണ്ടിയിരുന്നില്ല.. വൈദ്യര് മരുന്ന് എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്... ആൾ ഇനി പഞ്ചകർമ ചെയ്യാൻ മാത്രമേ വരൂ ത്രെ.. ബാക്കി എല്ലാം താൻ ചെയ്യണം... ദേവ പോകുന്നത് വരെ അവൾ ഉണ്ടാവും... അതിന് ശേഷം താൻ മാത്രം... പിന്നെ സഹായത്തിനു രുദ്രേട്ടൻറെ അമ്മയും....കേട്ടപ്പോൾ ഒന്നും മിണ്ടിയില്ല... ഒരുപക്ഷെ അതൊന്നും ചെയ്താൽ പോലും താൻ ചെയ്തതിന് ഒന്നും പകരമാവില്ല..

. ""എനിക്ക് വായിക്കാൻ ഒരു പുസ്തകം വേണം... എന്റെ മേശയിൽ ഉണ്ടാവും..."" അവനെ ഭക്ഷണവും കൊടുത്തു പോകാൻ ഒരുങ്ങുമ്പോൾ ആണ് പിന്നിൽ നിന്ന് കേട്ടത് ശബ്‌ദം... ഒന്ന് തലയാട്ടി... മേശ തുറന്നപ്പോ കണ്ടു.... പണ്ട് തന്നെ ഏറെ ചൊടിപ്പിച്ച ആ നീലമഷി പേന... കൗതുകത്തോടെ അതെടുത്തു.. വർഷം ഇത്രയായിട്ടും ഒരു മാറ്റവുമില്ല... നിറം പോലും മങ്ങിയിട്ടില്ല... അത് കൊണ്ട് ഇപ്പോളും എഴുതാറുണ്ട് എന്ന് തോന്നുന്നു... ""എനിക്കേറെ ഇഷ്ട്ടമാണ് അത്... ഇഷ്ട്ടപെട്ട പലരെയും നഷ്ടമായിട്ടും... അത് മാത്രം എന്നോട് ചേർന്നിരുന്നു അത് കൊണ്ട് തന്നെ ഇന്ന് എന്റെ പ്രണയം... ഒരുപക്ഷെ ആ നീലമഷിപേനയോടാണ്..."" കേട്ടെങ്കിലും ഒന്നും പറഞ്ഞില്ല... അതവിടെ തന്നെ അവിടെ വെച്ച് അരികിലായി ഇരിക്കുന്ന എം. ടി യുടെ മഞ്ഞ് എന്ന് പുസ്തകം എടുത്തു ആൾക്ക് കൊടുത്തു... എന്നിട്ട് തിരികെ നടന്നു...അപ്പോൾ പതിഞ്ഞ ശബ്ദത്തിൽ കേട്ടു... ""വരും... വരാതിരിക്കില്ല...."" ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story