പരിണയം: ഭാഗം 33

parinayam sheethal

രചന: ശീതൾ കൃഷ്ണ

രുദ്രനും കണ്മഷിയും നോക്കുമ്പോൾ ഡയാനയും ദേവയുമായിരുന്നു അത്... രണ്ടു പേരുടെ മുഖവും കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നുണ്ട്.... രണ്ടെണ്ണവും ചുളിവിൽ ഒരു കല്യാണം കൂടിയിട്ട് പോകാം എന്ന ഉദ്ദേശത്തിൽ ആയിരുന്നു... അത് നടക്കാത്തതിന്റെ ദേഷ്യം ആണ്.... അല്ലെങ്കിലും ഈ കല്യാണകാര്യം ഇത്രയും ആക്കിയത് തന്നെ ഈ രണ്ടു സാധനങ്ങൾ ആണെന്ന് രുദ്രൻ ഓർത്തു.... ""അതിന് ആരാടി പെണ്ണുങ്ങളെ നിങ്ങളെ പൊട്ടന്മാർ ആക്കിയത്... എനിക്കും ഇവക്കും തോന്നുമ്പോൾ ഞങ്ങൾ കെട്ടിക്കോളാം.... അതിന്റെ പേരിൽ രണ്ടെണ്ണവും വെള്ളം ഇറക്കി നിൽക്കണ്ട....."". രുദ്രൻ പറയുന്നത് കേട്ടപ്പോൾ കണ്മഷിക്ക് ചിരി വരുന്നുണ്ടായിരുന്നു.... മൂന്നെണ്ണവും കൂടി കൂടിയാൽ നല്ല രസമാണ്...ഉരുളക്ക് ഉപ്പേരി പോലെ മൂന്നെണ്ണവും അങ്ങോട്ടും ഇങ്ങോട്ടും മറുപടി പറയും....അത് കേൾക്കാൻ തന്നെ ഒരു രസമാണെന്ന് കണ്മഷി ചിന്തിച്ചു.... ഒരുപാട് നേരം കഴിഞ്ഞാണ് രുദ്രനെ മുറിയിൽ കൊണ്ട് പോയി കിടത്തിയത്...തിരികെ കൊണ്ട് പോകുമ്പോളും അവൻ വീൽചെയർ വേണ്ട എന്ന് വാശി പിടിച്ചിരുന്നു.... കണ്മഷിയെ താങ്ങി ആണെങ്കിലും ആൾക്ക് ഇപ്പോൾ നന്നായി നടക്കാൻ സാധിക്കുന്നുണ്ട്....അത് കാണുമ്പോൾ മറ്റുള്ളവർക്കും ഒരു സമാധാനം ആണ്..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

""എടി കണ്മഷി.... നമുക്ക് വൈകിട്ട് അമ്പലത്തിൽ പോയാലോ ദീപാരാധന തൊഴാൻ...."" രുദ്രനെ മുറിയിൽ കിടത്തി... ചായ വെക്കാനായി അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ ദേവ അവൾക്ക് പിന്നാലെ നടന്നു.... ""അതിനെന്താ പോവാമല്ലോ...."" അവൾ ദേവയെ നോക്കി ഒന്നു പുഞ്ചിരിച്ചു... അത് കണ്ടപ്പോൾ ദേവ പിന്നെയും അവൾക്ക് പിന്നാലെ നടന്നു... അടുക്കളയിലെ തിണ്ണയിൽ കയറി ഇരുന്ന് അവൾ ചായ പാത്രം കഴുകുന്നത് നോക്കി ഇരിക്കുവാണ് ദേവ....കണ്മഷി അവളുടെ ഇരിപ്പ് കണ്ടപ്പോൾ സംശയത്തോടെ നോക്കി... ""നീയെന്താ ഇപ്പൊ പഴയ പോലെ എന്നോട് സംസാരിക്കാത്തത്..."" കുറച്ച് പരിഭവത്തോടെയാണ് ദേവ അത് ചോദിച്ചത്... അവളുടെ ചോദ്യം കേട്ടപ്പോൾ മങ്ങിയ ചെറുപുഞ്ചിരി നൽകി കണ്മഷി... ""എനിക്ക് പഴയ കണ്മഷിയെ മിസ്സ്‌ ചെയ്യുന്നു ഡീ..."" ദേവയുടെ ശബ്‌ദം വല്ലാതെ നേർത്തിരുന്നു.... കണ്മഷിക്ക് ഒന്നും മറുപടി പറയുവാൻ ഉണ്ടായിരുന്നില്ല.... അല്ലെങ്കിലും എന്താണ് മറുപടി പറയാൻ ഉള്ളത്... അവൾക്ക് തന്നെ പഴയ കണ്മഷയെ അറിയാതെ ആയിരിക്കുന്നു...ഇപ്പോളുള്ള പെരുമാറ്റം അത് തന്റെ അവസ്ഥ കൊണ്ടാണ് എന്ന് ദേവക്ക് അറിയില്ലല്ലോ.... ""എന്ത് രസമായിരുന്നു ല്ലേ നമ്മൾ മൂന്ന് പേരും കൂടെ....നിനക്ക് ഓർമയില്ലേ നമ്മൾ ഒരുമിച്ച് പുറത്തെ ഫാത്തിമ താത്തയുടെ കടയിൽ നിന്ന് സിപ് അപ്പ് മേടിച്ചു കഴിക്കുന്നതും... ഇമിലി മുട്ടായി കഴിക്കുന്നതും....""

ദേവ പറയുന്നത് കേട്ടപ്പോൾ ചായക്ക് വെള്ളം വെച്ച് അവളും തിണ്ണയിൽ ചാരി ഇരുന്നു കൊണ്ട് അതെല്ലാം കേൾക്കുകയാണ്... അതെ അതൊക്കെ വളരെ നല്ല കാലഘട്ടം ആയിരുന്നു ജീവിതത്തിൽ.... അന്ന് സന്തോഷം മാത്രം നിറഞ്ഞിരുന്ന നിമിഷങ്ങളായിരുന്നു.... അന്ന്... ആ ടൂർ പോകുന്നിടം വരെ തന്റെ നല്ല സമയം ആയിരുന്നു.... അതിന് ശേഷമാണ് താൻ പോലുമറിയാതെ കഷ്ടകാലം തന്റെ ജീവിതത്തിൽ കടന്ന് വന്നതെന്ന് അവളോർത്തു.... ""ഓർമയില്ലേ നിനക്ക് നമ്മൾ വാഗമൺ ട്രിപ്പ്‌ പോയത് കോളേജിൽ നിന്ന്.... അന്ന് രുദ്രേട്ടൻ പോയ ആഴ്ച...."" അവൾ വീണ്ടും തുടർന്നപ്പോൾ... കണ്മഷി ചിന്തിച്ച ഇടങ്ങളിലേക്ക് ആണ് ദേവയുടെ പോക്ക് എന്നവൾക്ക് മനസ്സിലായി....അവൾ വല്യ താല്പര്യം ഇല്ലാതെ പണികളിലേക്ക് ഏർപ്പെട്ടു.... ഓർമ്മിക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങൾ ആണവ..... ""എനിക്ക് എല്ലാം ഓർമയുണ്ട് ദേവേ... ഒന്നും മറന്നിട്ടില്ല ഞാൻ..."" അവൾ വേഗം തിളച്ചു പൊന്തിയ പാലിലേക്ക് കുറച്ച് ചായ പൊടി ഇട്ട് കൊണ്ട് പറഞ്ഞു... അപ്പോളേക്കും ദേവകിയമ്മ അടുക്കളയിലേക്ക് വന്നു... അവർ മുറ്റത്ത് എന്തോ പണിക്ക് പോയതായിരുന്നു... അവർക്ക് വീട്ടിലേക്ക് പോകുവാനുള്ള നേരമായിരുന്നു... അതിന്റെ ദൃതി അവരുടെ പണികളിൽ കാണാനുണ്ട്.... ചെന്നിട്ട് വേണം പശുവിനു തീറ്റ കൊടുക്കാൻ.... ""അമ്മ പോവായോ??""... ദേവകിയമ്മ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ കണ്മഷി അമ്മയോടായി ചോദിച്ചു....

""ഉവ്വ്... നേരം വൈകിയില്ലേ കണ്മഷിയെ... ചെന്നില്ലെങ്കിൽ അമ്മിണി പട്ടിണിയാവും..."" അവർ തിരക്കിട്ട് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു.... പിന്നിലെ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി.... ഉമ്മറത്തേക്ക് നടക്കുമ്പോൾ സുഭദ്രാമ്മയും ഉണ്ട് മുറ്റത്ത്... അവരോടായി കൂടെ യാത്ര പറഞ്ഞു കൊണ്ട് ദേവകിയമ്മ പോയി.... ""നമുക്ക് പെട്ടന്ന് പോകണം ദേവ... നീ പോയി കുളിച്ചോളൂ...."" തിരിഞ്ഞു നോക്കുമ്പോൾ ദേവ തിണ്ണയിൽ തന്നെ കണ്മഷിയുടെ പ്രവൃത്തികൾ നോക്കി നിൽക്കുന്നുണ്ട്.... അത് കാണെ അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ""മ്മ്ഹ്ഹ്.... ഞാൻ ഡയാന ചേച്ചിയോടും കൂടെ പറയാം..."" ദേവ അതും പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് പോയി... അപ്പോളേക്കും കണ്മഷി ചായ മധുരമിട്ട് ഗ്ലാസുകളിലെക്ക്‌ മാറ്റി.... ചായയുമായി അവൾ നേരെ പോയത് രാവുവച്ചന്റെ അരികിലേക്ക് ആണ്....ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു രാവുവച്ചൻ.. എന്തോ കാര്യമായ ചിന്തായിലാണ് ആള്.... അടുത്ത് തന്നെ സുഭദ്രാമ്മയും ഉണ്ട്... അവർ എന്തോ സംസാരിച്ചു കൊണ്ടൊരിക്കുകയായിരുന്നു.... കണ്മഷിയെ കണ്ടപ്പോൾ സംസാരം നിർത്തി... പുഞ്ചിരിയോടെ ഇരുവരും അവളെ നോക്കി.... ""ദാ അച്ചേ ചായ...."" അവൾ ചെറുപുഞ്ചിരിയോടെ ട്രെയിൽ നിന്ന് ഒരു ഗ്ലാസ്‌ ചായ രാഘവനായി നീട്ടി....

അദ്ദേഹം അത് കാണെ പുഞ്ചിരിയോടെ അത് വാങ്ങി....തിരിഞ്ഞു അമ്മയ്ക്കും കൊടുക്കുമ്പോൾ ഇരുവരുടെ മുഖത്തും വാത്സല്യം നിറയുന്നത് അവൾ അറിഞ്ഞിരുന്നു.... ""നിനക്ക് വിഷമം ണ്ടൊ കുട്ട്യേ... അവൻ അങ്ങനെ പറഞ്ഞതിൽ??""... സുഭദ്രാമ്മയാണ് ചോദിച്ചത്.... അത് കേട്ടപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി.... '"ഒരിക്കലും ഇല്ല്യ അമ്മേ... നിക്ക് അറിയാം.. ആ മനസ്സ്... പിന്നെ ആൾടെ തീരുമാനം പോലെ തന്നെ നടക്കട്ടെ...."" അവൾ ഇരുവരെയും നോക്കി... ""മോൾ ശരിക്കും ആലോചിച്ചിട്ട് തന്നെയല്ലേ ഈ തീരുമാനം എടുത്തത്??"" രാവുവച്ചൻ ആണ് ചോദിച്ചത്.... ""അതെ.... പൂർണമനസ്സോടെയാണ് ഞാൻ സമ്മതിച്ചത്.... അതിൽ സംസാരിക്കേണ്ട അച്ചേ...."" അവൾ ആ അച്ഛന്റെ കൈകളിൽ പിടിച്ചു.... ""അല്ലെങ്കിൽ തന്നെ ന്റെ അച്ഛൻ മരിച്ച അന്ന് തൊട്ട് ന്നേം അമ്മേനേം നോക്കുന്ന അച്ഛനും സുഭദ്രാമ്മയും പറയുന്നത് കേൾക്കാഞ്ഞാൽ ഞാൻ നന്ദികെട്ടവൾ ആവില്ലേ??... അതുമല്ല...രുദ്രേട്ടനെ മനസ്സിൽ കൊണ്ട് നടന്നിരുന്നു മുൻപ്... ഒരുപാട് പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു എന്നത് സത്യം ആണെങ്കിലും.... ഇപ്പോൾ ഇങ്ങനെ എല്ലാം വന്നത് ഒരുപക്ഷെ നിമിത്തമാവാം..."" പറയുമ്പോൾ അത്രയും ശബ്‌ദം ഇടറാതെ ശ്രദ്ധിച്ചിരുന്നു കണ്മഷി... പാവങ്ങൾ ആണ് രണ്ടു പേരും...

എന്റെ അമ്മയെ പോലെ തന്നെ തന്നെ അത്രയും ജീവനായി കാണുന്ന രണ്ടു പേര്... അവർക്ക് ഉള്ളിൽ ഇപ്പോൾ ആധിയാണ്...അത് തനിക്ക്‌ ഇപ്പോൾ മനസ്സിലാവും.... അത് കൊണ്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞതും... ""ആഹാ എന്നോട് ഒരുങ്ങാൻ പറഞ്ഞിട്ട് നീ ഇപ്പോൾ ഇവിടെ സംസാരിച്ചു കൊണ്ടിരിക്ക്യാ... വേഗം പോയി റെഡി ആയെ..."" ദേവ റെഡി ആയി ഉമ്മറത്തേക്ക് വന്നപ്പോൾ കാണുന്നത് അച്ഛനോടും അമ്മയോടും സംസാരിച്ചു കൊണ്ടിരിക്കുന്ന കണ്മഷിയെയാണ്... ""ഇത്ര പെട്ടെന്ന് നീ റെഡി ആയോ... ഡയാന ചേച്ചിയോ??"".... കണ്മഷി സംശയത്തോടെ അവളെ നോക്കി.... ""കുളിക്കുവാ..."" അവൾ മുടി ഒന്നൂടെ റെഡി ആക്കുന്നതിനിടയിൽ പറഞ്ഞു.... ""എന്നാൽ ഇപ്പോൾ വരാം ഞാൻ ഒരു അഞ്ചു മിനിറ്റ്...."" കണ്മഷി പെട്ടെന്ന് രുദ്രനും കൂടെ ചായ കൊടുക്കാനായി പോയപ്പോൾ സുഭദ്രാമ്മ അത് തടഞ്ഞു.... ""ഞാൻ കൊടുക്കാം... മോള് പൊയ്ക്കോളൂ..."" അവർ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലയാട്ടി നേരെ റെഡി ആവാൻ പോവാൻ നിന്നു.... അപ്പോളാണ് ഉമ്മറത്ത് ഒരു വണ്ടി വന്നു നിന്നത്....ഒരു വെള്ള കാർ ആയിരുന്നു അത്.... പരിജയമില്ലാത്ത വണ്ടി ആയത് കൊണ്ട് തന്നെ എല്ലാവരുടെയും ശ്രദ്ധ കാറിൽ നിന്ന് ഇറങ്ങുന്ന ആളിലേക്ക് ആയി............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story