പരിണയം: ഭാഗം 39

parinayam sheethal

രചന: ശീതൾ കൃഷ്ണ

മുറ്റത്ത് എന്തോ ശബ്‌ദം കേട്ടപ്പോൾ ആണ് ഇന്ദു തലയുയർത്തി നോക്കിയത്.... കരഞ്ഞു വീർത്ത കൺപോളകൾ അയാസപെട്ട് തുറന്ന് അവൾ ചുറ്റും നോക്കി.... ഉമ്മറത്ത് ഒരു നിഴലനക്കം കണ്ടപ്പോൾ അവൾ പേടിയോടെ നാല് പാടും കണ്ണോടിച്ചു.....സുലോചന ചേച്ചി മക്കൾക്ക് ഭക്ഷണം കൊടുക്കാനായി പോയതാണ്... ഇനി അവർ ഭർത്താവ് വന്നിട്ട് മക്കളെ അദ്ദേഹത്തിന്റെ അടുക്കൽ ആക്കിയിട്ടേ വരുകയുള്ളു... തനിക്കുള്ള ഭക്ഷണവും ആയിട്ട് വരാം എന്ന് പറഞ്ഞു പോയതാണ് അവർ.... കോളിങ്ങ് ബെൽ അമർന്നത് കേട്ടപ്പോൾ അവൾ പിടപ്പോടെ എഴുന്നേറ്റു.... ഇപ്പോൾ വല്ലാത്ത പേടിയാണ് എല്ലാത്തിനോടും.... അവൾ പകപ്പോടെ മുറ്റത്തേക്ക് നോക്കി.... ""എടോ ഇത് ഞാനാണ്..."" പെട്ടെന്ന് ഉമ്മറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു....പരിചിതമായ സ്വരം... അവൾ പതിയെ വാതിൽ തുറന്നു... ജോലി രാജീവ്‌ ആയിരുന്നു അത്.... കയ്യിൽ എന്തൊക്കെയോ കവറുകളും ഉണ്ട്.... ""ഇത് കുറച്ചു ഭക്ഷണമാണ്... ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ താൻ..."" അവൻ കയ്യിലെ ഭക്ഷണപൊതി അവൾക്കായി നീട്ടി കൊണ്ട് പറഞ്ഞു.... ""വാങ്ങിച്ചോളൂ...."" വാങ്ങാൻ ഒന്ന് മടിച്ചു നിൽക്കുന്നവളെ കണ്ടപ്പോൾ അവൻ നിർബന്ധിച്ചു അവളുടെ കയ്യിൽ കൊടുത്തു....

""പേടിക്കണ്ട... കണ്മഷി വരും ഇപ്പോൾ... ഒറ്റക്ക് കിടക്കേണ്ടി വരില്ല...."" പറയുന്നത് കേട്ടെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല...നിസ്സഹായയായി കേൾക്കേണ്ടി വരുന്ന അവസ്ഥ... ജീവിതത്തിൽ അത്രയും ദുരന്തം മറ്റെന്താണ്...?? അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി.... ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു... ""വിഷമിക്കരുത് എന്ന് ഞാൻ പറയില്ല.... ആർക്കും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നത്.... പക്ഷെ ധൈര്യം കൈ വിടരുത്... എല്ലാം വിധിയാണ്...."" അവൻ അവളെ നോക്കി തുടർന്നു.... ""ഒരിക്കലും ഒറ്റക്കല്ല താൻ... കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്.... "" പറഞ്ഞത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... സഹതാപം മാത്രമാണ് അവന്റെ മുഖത്ത് ഇപ്പോൾ പ്രതിഫലിക്കുന്നത് എന്ന് അവൾക്ക് വ്യക്തമായി കാണാമായിരുന്നു.... ""ആഹ്ഹ് നീ വന്നിരുന്നോ??""... പിന്നിൽ കാൽ പെരുമാറ്റം കേട്ടപ്പോൾ രാജീവും ഇന്ദുവും തിരിഞ്ഞു നോക്കി.... കണ്മഷിയായിരുന്നു അത്.... അവളെ വഴി വരെ രാവുവച്ചൻ കൊണ്ടാക്കിയിരുന്നു എന്ന് തോന്നുന്നു... കണ്മഷി രാജീവിനെ നോക്കി ചോദിച്ചപ്പോൾ അവൻ ഒന്ന് മൂളുക മാത്രം ചെയ്തു... ""ആഹ്ഹ് ഞാനും ഭക്ഷണം കൊണ്ട് വന്നിരുന്നു...""

അപ്പോളാണ് അവൾ ഇന്ദുവിന്റെ കയ്യിൽ ഭക്ഷണപൊതി കണ്ടത്.... അവൾ രാജീവിനെ നോക്കി പറഞ്ഞു.... മറുപടി ഒന്നും തന്നെ അവൻ പറഞ്ഞില്ല.... പിന്നെ കൂടുതൽ ഒന്നും പറയാതെ കണ്മഷി ഇന്ദുവിന്റെ അരികിലേക്ക് ചെന്നു... ""ഇത്രയും നേരമായിട്ടും ഒന്നും കഴിച്ചില്ലല്ലോ മോളെ... വാ എന്തെങ്കിലും കഴിക്കാം..."" അവൾ പറയുന്നത് കേട്ടപ്പോൾ നിറഞ്ഞ മിഴികളോടെ ഇന്ദു കണ്മഷിയെ നോക്കി.... അവളിൽ നിന്ന് നേർത്ത തേങ്ങൽ കേട്ടപ്പോൾ കണ്മഷി അവളെ ചേർത്തു പിടിച്ചു... ""അയ്യേ... കരയുവാണോ??... ഈ കണ്ണൊക്കെ ഒന്ന് തുടച്ചേ... എന്നിട്ട് മുഖം ഒന്ന് കഴുക്.... നമുക്ക് ഭക്ഷണം കഴിക്കാം... ഞാൻ ഒന്നും കഴിച്ചിട്ടില്ല... ഇങ്ങോട്ട് വരാൻ ആയി വെപ്രാളപ്പെട്ട് വന്നതാണ്...."" അവളെയും ചേർത്തു പിടിച്ചു പറയുമ്പോൾ രാജീവിന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു.... അവന്റെ മുഖത്തും സങ്കടം നിഴലിച്ചു..... ""നീ കഴിച്ചോ ടാ??""... കണ്മഷി സംശയത്തോടെ അവനെ നോക്കി... അവന്റെ വീട് കുറച്ചു അകലെയാണ് അത് കൊണ്ട് തന്നെ കഴിച്ചുണ്ടാവാൻ സാധ്യത കുറവാണ് എന്നവൾ ഊഹിച്ചിരുന്നു.... ""ഇല്ല... ഞാൻ വീട്ടിൽ പോയിട്ട് കഴിച്ചോളാം...""അവൻ പറഞ്ഞപ്പോൾ കണ്മഷി പറ്റില്ല എന്നർത്ഥത്തിൽ തലയാട്ടി.... ""അത് വേണ്ട... ഇന്ന് ഇവിടെ നിന്ന് കഴിക്കാം...""

കണ്മഷി പറഞ്ഞപ്പോൾ അവൻ ആദ്യം ഒന്ന് മടിച്ചു... പക്ഷെ അവൾ കണ്ണുരുട്ടി കാണിച്ചപ്പോൾ പിന്നെ അവൻ ഒന്നും മിണ്ടാതെ ഇന്ദുവിനെ നോക്കി....അവളുടെ ചിന്ത മറ്റെവിടെയോ ആയിരുന്നു.... ""ആഹ് നിങ്ങൾ വന്നിരുന്നോ??"".. അപ്പോളേക്കും സുലോചന ചേച്ചിയും വന്നിരുന്നു ഇന്ദുവിന്റെ അടുക്കലേക്ക്.... അവരെ കണ്ടപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിച്ച്.... ""നിങ്ങൾ വല്ലതും കഴിച്ചിരുന്നൊ??.."" കൺമഷിയുടെ നോട്ടം അവരുടെ കയ്യിലെ പാത്രത്തിലേക്ക് ആണെന്ന് മനസ്സിലായപ്പോൾ അവർ സൗമ്യമായി ചോദിച്ചു.... ""ഇല്ല ചേച്ചി.... ഇവൾക്കുള്ള ഭക്ഷണവുമായി വന്നതാണ്..."" അവളത് പറഞ്ഞപ്പോളാണ് അവർ ഇന്ദുവിന്റെ കയ്യിലെ കവർ ശ്രദ്ധിച്ചത്.... ""എന്നാൽ വാ കഴിക്കാം..."" അവർ സ്നേഹത്തോടെ വിളിച്ചു....മൂന്നാളും ഒന്നും മിണ്ടാതെ അവർക്ക് പിന്നാലെ നടന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""അവൾ പോയി ഏട്ടാ..."" രുദ്രന്റെ മുറിയിലേക്ക് വന്ന ദേവ പതിയെ അവനരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു... ലാപ്പിൽ എന്തോ ചെയ്യുകയായിരുന്ന രുദ്രൻ തലയുയർത്തി അവളെ നോക്കി... ഇപ്പോൾ ഓഫീസിലെ കുറച്ച് ജോലികൾ ഒക്കെ അവൻ വർക്ക്‌ ഫ്രം ഹോം എന്ന മട്ടിൽ ചെയ്യുന്നുണ്ട്.... കൊറോണ വന്നതിൽ പിന്നെ അങ്ങനൊരു ഉപകാരം ഉണ്ടായി എന്നത് മറ്റൊരു വസ്തുതയാണ്....

""മ്മ്ഹ്ഹ്... എന്നോട് പറഞ്ഞിരുന്നു കണ്മഷി പോകുന്ന കാര്യം...."" രുദ്രൻ ലാപ്പിലേക്ക് വീണ്ടും മിഴി നട്ടു കൊണ്ട് പറഞ്ഞു.... ""ശേ... ഡയാന ചേച്ചി പോകണ്ടായിരുന്നു ല്ലേ...""ദേവ നിരാശയോടെ വീണ്ടും പറഞ്ഞു തുടങ്ങി.... അത് കേട്ടപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു രുദ്രൻ... ""മ്മ്ഹ്ഹ്... അവൾ പെട്ടന്ന് തിരികെ വരാം എന്ന് പറഞ്ഞിട്ടാണ് പോയത്...അത് കൊണ്ട് പെട്ടന്ന് വരും...""അവൻ ഒരു നിമിഷം അവളെ കണ്ണുകൾ ഉയർത്തി നോക്കി.... ""ഓഹ്... അതൊക്കെ കണക്കാണ്.... കുറച്ച് കഴിഞ്ഞാൽ ഏട്ടനും അങ്ങോട്ട് പോവും... ഞാൻ ഇവിടെ ഒറ്റക്കാവും...."" അവൾ വിഷമത്തോടെ പറയുന്നത് കേട്ടപ്പോൾ അവൻ കുസൃതിയോടെ അവളെ നോക്കി.... ""ആഹാ... അപ്പോൾ മോള് തിരിച്ചു പഠിക്കാൻ ഒന്നും പോകുന്നില്ലേ??""... രുദ്രന്റെ ചോദ്യം കേട്ടപ്പോൾ അവൾ വെളുക്കനേ ചിരിച്ചു കാണിച്ചു.... ""അത് പിന്നെ... ആഹ് ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടൊക്കെ പോയാൽ മതി...."" അവൾ പറയുന്നത് കേട്ടപ്പോൾ ചിരി വന്നിരുന്നു അവന്.... ""അയ്യടാ... അത് നീയങ്ങു തീരുമാനിച്ചാൽ മതിയോ??""...

വാതിൽക്കൽ നിന്ന് അച്ഛനായിരുന്നു... ആളുടെ മുഖത്ത് ചെറുപുഞ്ചിരി ഉണ്ടായിരുന്നു.... ""അത് പിന്നെ അച്ഛാ..."" അച്ഛനെ കണ്ടപ്പോൾ അവൾ നിന്ന് പരുങ്ങി.... എന്തൊക്കെ പറഞ്ഞാലും രണ്ടാൾക്കും അച്ഛനെ വലിയ പേടിയാണ്...എല്ലാ കാര്യവും അമ്മ വഴിയാണ് നടത്തുന്നത്.... അത് കൊണ്ട് തന്നെ അച്ഛനോട് സംസാരവും കുറവാണ്.... ""ഒരു അത് പിന്നെയും ഇല്ല.... രണ്ടു ദിവസത്തിനുള്ളിൽ തന്നെ പൊക്കോളണം തിറിച്ചു.... അത് പോലെ തന്നെ കണ്മഷിക്കും ഉള്ള അഡ്മിഷൻ എടുത്തിട്ടുണ്ട് ഞാൻ... നിങ്ങൾ മുൻപ് പഠിച്ച അതെ കോളേജിൽ തന്നെ...."" അച്ഛൻ പറയുന്നത് കേട്ടപ്പോൾ രുദ്രന് ചിരി വരുന്നുണ്ടായിരുന്നു.... അവൻ ഇടങ്കണ്ണിട്ട് നോക്കുമ്പോൾ അവളുടെ മുഖം എന്തോ പോയ അണ്ണാനെ പോലെ ആണ്.... ""ഓഹ്... അല്ലേലും എന്നെ തവിട് കൊടുത്ത് മേടിച്ചതാണല്ലോ..."" അവൾ പിറുപിറുത്തു കൊണ്ട് മുറിയിൽ നിന്നിറങ്ങി പോയി.... അത് കണ്ടപ്പോൾ ഇരുവരുടെ മുഖത്തും ചിരി വിരിഞ്ഞു.... രുദ്രൻ തലയൊന്ന് കുടഞ്ഞു കൊണ്ട് വീണ്ടും ലാപ്ടോപിലേക്ക് ശ്രദ്ധ ചെലുത്തി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ബസ്സിൽ നിന്നിറങ്ങിയ ആദി ചുറ്റുമോന്ന് നോക്കി...അവന് പിന്നാലെ തന്നെ ഡയാനയും ഇറങ്ങിയിരുന്നു... അവന്റെ പകപ്പോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ ഡയാനക്ക് മനസ്സിലായി അവൻ ആദ്യമായി ആണ് ബാംഗ്ലൂരിൽ എന്ന്.... ""എടോ ഇയാൾ എവിടെക്കാ??""... ഡയാന സംശയത്തോടെ അവനെ നോക്കി............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story