പരിണയം: ഭാഗം 45

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഡയാന നോക്കുമ്പോൾ രുദ്രന്റെ മൂന്ന് മിസ്സ്ഡ് കോൾ.... അത് കണ്ടപ്പോൾ അവൾ തിരികെ വിളിച്ചു.... ""ഹാ പറയടാ...."" ഡയാന പുഞ്ചിരിയോടെ ഫോൺ ചെവിയിൽ വെച്ചു..... ""എങ്ങെനെയുണ്ട് ഒറ്റക്ക് പോയിട്ട്??""... അപ്പുറത്ത് നിന്ന് രുദ്രന്റെ കുസൃതിയോടുള്ള സ്വരം കേൾക്കെ അവൾ പുഞ്ചിരിച്ചു.... ""ഞാൻ ആദ്യമായല്ലല്ലോ ഒറ്റക്ക് നിൽക്കുന്നത്....പക്ഷെ ഇപ്പൊൾ ഒറ്റക്കല്ല കേട്ടോ കൂടെ ആദിയും ഉണ്ട്..."" അവൾ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു... ""ആദിയോ??""... രുദ്രൻ സംശയത്തോടെ ചോദിച്ചു.... ""ആഹ്ഹ് അതെ....നിന്റെയൊപ്പം പഠിച്ച ഒരു ആദിയില്ലേ... കണ്മഷിയെ ഇഷ്ടമായിരുന്ന...."" ഡയാന പകുതിക്ക് നിർത്തിയപ്പോൾ തന്നെ രുദ്രന് ആളെ മനസ്സിലായിരുന്നു... ""ഓഹ്... ഇപ്പോൾ മനസ്സിലായി..... അവനെങ്ങനെ അവിടെ??""... രുദ്രന്റെ ചോദ്യത്തിൽ നിന്ന് കണ്മഷിയും ദേവയും ഒന്നും അവനോട് താൻ പറഞ്ഞ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല എന്നവൾക്ക് മനസ്സിലായി.... ""ആഹ്ടാ.... ആള് നമ്മുടെ ഓഫീസിൽ ജോലിക്ക് കയറി... നാളെ ജോയിൻ ചെയ്യും... നമ്മുടെ ഫ്ലാറ്റിന്റെ അടുത്താണ് താമസവും...12 ബി. എച്. കെ യിൽ..."" അവൾ പറയുന്നത് കേൾക്കുകയായിരുന്നു രുദ്രൻ.... ഒരുപാട് നേരം സംസാരിച്ചിട്ട് ആണ് ഇരുവരും ഫോൺ വെച്ചത്....

കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ഇന്ദുവിന്റെ കാര്യവും പറഞ്ഞിരുന്നു രുദ്രൻ.... ആദ്യം കേട്ടപ്പോൾ ഷോക്ക് ആയി പോയി ഡയാന... കാരണം അവൾക്ക് പെട്ടെന്ന് ഓർമ വന്നത്... രാജീവിനോട് അവൾ പറഞ്ഞ വാക്കുകളായിരുന്നു.... പെട്ടെന്ന് ഒരു ദിവസം അനാഥയാവുക എന്നതിൽപരം ഭീകരമായ ഒരു അവസ്ഥ മറ്റൊന്നുമില്ല.... എന്നത് ആരെക്കാളും നന്നായി ഡയാനക്ക് മനസ്സിലാവുമായിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇന്ദുവിന്റെ കൂടെ വന്നവർ??""... നേഴ്സ് പുറത്തേക്ക് വന്നു ചോദിച്ചപ്പോൾ സിദ്ധുവും രാജീവും പെട്ടെന്ന് എഴുന്നേറ്റു.... പെട്ടെന്ന് തന്നെ അവർ നഴ്സിന്റെ അരികിലേക്ക് ചെന്നു.... ""ഡോക്ടർ നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട്.... ചെന്നോളൂ...."" നേഴ്സ് അത് പറഞ്ഞപ്പോൾ... ഇരുവരും പരസ്പരം ഒന്ന് നോക്കി.... എന്നിട്ട് ഡോക്ടറുടെ കാബിനിലേക്ക് നടന്നു.... ഡോർ തുറന്നു നോക്കിയപ്പോൾ ഡോക്ടർ ഇരുവരെയും കണ്ടു.... ""ഹാ കയറു വരൂ...."" അദ്ദേഹം ഇരുവരെയും കാണെ പുഞ്ചിരിയോടെ വിളിച്ചു...അത് കേട്ടപ്പോൾ രണ്ടാളും ഉള്ളിലേക്ക് കയറി.... ""ഇരിക്കൂ...."" ഡോക്ടർ ഇരിക്കാനായി ആവശ്യപ്പെട്ടു.... രണ്ട് പേരും പതിയെ കസേരയിൽ ഇരുന്നു... ""ഇന്ദുവിന് ഇപ്പോൾ എങ്ങെനെയുണ്ട് ഡോക്ടർ??""... സിദ്ധുവാണ് ചോദിച്ചത്....

എന്നാൽ അപ്പോൾ...രാജീവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു ഡോക്ടർ.... '"ഇപ്പോൾ ആള് ഒക്കെ ആയിട്ടുണ്ട്.... എന്നാലും നല്ല ഡെപ്രേഷൻ സ്റ്റേജിന്റെ വക്കിലാണ് ആ കുട്ടി....അതിനെ പറ്റി സംസാരിക്കുവാൻ ആണ് ഞാൻ രണ്ട് പേരെയും വിളിച്ചത്...."" ഡോക്ടർ ഇരുവരെയും നോക്കി പറഞ്ഞു തുടങ്ങി..... ""നിങ്ങൾ പറഞ്ഞതിൽ പ്രകാരം എനിക്ക് മനസ്സിലാവും ആ കുട്ടിയുടെ ഇപ്പോളത്തെ അവസ്ഥ...പക്ഷെ എനിക്കിപ്പോൾ പറയാൻ ഉള്ളത്.... ആള് വല്ലാത്ത മനസ്സികാവസ്ഥയിലൂടെ ഇപ്പോൾ കടന്നു പോകുന്നത്.... അറിയാമല്ലോ.... തന്റെ എല്ലാമെല്ലാം ആയിരുന്ന ഒരാൾ പോയാൽ.... എന്തായിരിക്കും അവസ്ഥ എന്നത്.... തകർന്നു പോവും..... ആ കുട്ടി ഇപ്പോൾ അങ്ങനൊരു അവസ്ഥയിലാണ്.... സൊ നിങ്ങൾ രണ്ട് പേരും നന്നായി കെയർ ചെയ്യണം അവളെ.... അല്ലെങ്കിൽ ഒരുപക്ഷെ ഇനിയും ഭാഗ്യം തുണച്ചെന്ന് വരില്ല...."" ഡോക്ടർ പറഞ്ഞു നിർത്തി ഇരുവരെയും നോക്കി.... അവർക്കും എന്താണ് മറുപടി പറയേണ്ടത് എന്നറിയില്ല.... കാരണം ഇതെല്ലാം അവർക്ക് അറിയാവുന്ന കാര്യമാണ്.... ""ആളിപ്പോൾ ഒക്കെ ആയിട്ടുണ്ട്.... നിങ്ങൾക്ക് മുറിയിൽ പോയി കാണാം.... പിന്നെ സൂയിസൈഡ് അറ്റപ്റ്റ് ആയത് കൊണ്ട് തന്നെ ഇത് ഒരു കേസ് ആവേണ്ടതാണ്....

പക്ഷെ സിദ്ധു പറഞ്ഞത് കൊണ്ടാണ് ഞാൻ അതിനൊന്നും മുതിരാത്തത്.... ഇനിയും ഇങ്ങനെ സംഭവിച്ചാൽ.... ഞാൻ ഹെല്പ്ലെസ്സ് ആവും...."" ഡോക്ടർ വീണ്ടും പറഞ്ഞപ്പോൾ രാജീവും സിദ്ധുവും പരസ്പരം നോക്കി.... സിദ്ധുവിന് അറിയുന്ന ആളാണ് ഡോക്ടർ.... അത് കൊണ്ട് മാത്രം ഒതുക്കി തീർത്തതാണ്... അല്ലെങ്കിൽ പോലീസ് കേസ് ആകുമായിരുന്നു..... ""ഇപ്പോൾ ഇന്ദു ഫിസിക്കലി ഒക്കെയാണ്... അവളെ കൊണ്ട് പൊയ്ക്കോളൂ...."" ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞപ്പോളാണ് ഇരുവർക്കും സമാധാനമായത്.... അവർ പുഞ്ചിരിയോടെ പതിയെ എഴുന്നേറ്റു.... സിദ്ധുവും രാജീവും മുറിയിലേക്ക് ചെല്ലുമ്പോൾ ഇന്ദു മയങ്ങുകയായിരുന്നു..... അവളുടെ അടുത്ത് തന്നെ ഒരു നേഴ്സ് ഇരിക്കുന്നുണ്ടായിരുന്നു.... അവരെ രണ്ട് പേരെയും കണ്ടപ്പോൾ അവർ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയി... രാജീവ്‌ പതിയെ അവൾക്കരികിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.... എന്നിട്ട് അവളെയൊന്നു നോക്കി.... ആകെ കരഞ്ഞു വാടിയ മുഖം.... ചുണ്ടുകൾ ഉണങ്ങിയിരിക്കുന്നു.... മുടി അലസമായി പാറി പറക്കുന്നുണ്ട്..... ""ഇന്ദു...."" അവൻ പതിയെ വിളിച്ചു....

ശബ്ദം കേട്ട് ചെറുഞരുക്കത്തോടെ അവൾ കണ്ണുകൾ തുറന്നു..... അവൾ കണ്ണ് തുറക്കുമ്പോൾ ആദ്യം കാണുന്നത് രാജീവിനെയാണ്.... അവൾ പിടപ്പോടെ.... അതിലേറെ അവശതയോടെ ചുറ്റും നോക്കി.... ""ഏയ്യ്.... പേടിക്കണ്ട ടോ...."" അവളുടെ വെപ്രാളം കണ്ടപ്പോൾ സിദ്ധു അരികിൽ വന്നു പറഞ്ഞു..... ""ഞാൻ...."" അവളുടെ വരണ്ട ചുണ്ടുകൾ സംശയത്തോടെ ചുറ്റും നോക്കി.... ""ഒന്നും സംഭവിച്ചില്ല.... പേടിക്കണ്ട...."" രാജീവ്‌ വാത്സല്യത്തോടെ അവളെ നോക്കി... ""ഇപ്പോൾ ഒക്കെ ആണ് ഇയാൾ.... ഇനി പേടിക്കണ്ട ഒരു കാര്യവുമില്ല.... തിരിച്ചു വീട്ടിലേക്ക് പോകാം..."" അവൻ ഒന്ന് നിർത്തി അവളെ നോക്കി.... ആ കണ്ണുകൾ വീണ്ടും നിറഞ്ഞു വരുന്നത് കണ്ടു.... അവൻ പെട്ടെന്ന് അവളെ കൈകൾ കൊണ്ട് ചേർത്തു പിടിച്ചു.... ""ഏയ്യ്.... എന്താടോ ഇങ്ങനെ.... എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്....??"" അവൻ അത്രമേൽ സ്നേഹത്തോടെ അവളെ നോക്കി.... അവന്റെ ചോദ്യം കൂടിയായപ്പോൾ അവൾക്ക് നിയന്ത്രണം തെറ്റി.... ഒരു പൊട്ടികരച്ചിലോടെ അവനെ ഇറുകെ പുണർന്നു അവൾ.... ""ഞാൻ ഒറ്റക്കായില്ലേ മാഷേ.... എ...എനിക്ക് ഇനി ആരാണ് ഉള്ളത്??... ഞാൻ ഇനി ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത്...??"".. അവളുടെ ശബ്‌ദം ചിലമ്പിച്ചു....

ഇരുവരും സംസാരിക്കട്ടെ എന്ന് കരുതി സിദ്ധു കുറച്ച് സമയത്തിന് പുറത്തേക്ക് നിന്നു.... അവർ ഒരുമിച്ച് എന്തെങ്കിലും ഒക്കെ സംസാരിക്കട്ടെ.... അതൊരുപക്ഷെ അവളുടെ സങ്കടത്തിന്റെ ആക്കം കുറച്ചേക്കാം..... ""അങ്ങനെ ഒന്നും പറയല്ലേ ടോ.... ഇയാൾക്ക് ഞാനില്ലേ....ഞങ്ങൾ എല്ലാവരുമില്ലേ.... പിന്നെ അച്ഛൻ ഇയാളെ ഇതിന് വേണ്ടിയാണോ ഇത്രയും കാലം നോക്കി വലുതാക്കിയത്??... ഇങ്ങനെ പെട്ടെന്ന് എല്ലാം അവസാനിപ്പിച്ചു പോകുവാൻ ആണോ??"".... അവൻ പാതിയിൽ നിർത്തി തന്റെ നെഞ്ചിൽ ചേർന്നിരിക്കുന്നവളെ നോക്കി.... അപ്പോളും അവൾ കരയുക തന്നെയാണ്..... ""ദേ.... ഇനി ഇങ്ങനെ കരയരുത്.... പോകാൻ റെഡിയാവാം....വാ...."" അവളെ നെഞ്ചിൽ നിന്നടർത്തി കൊണ്ട് പറഞ്ഞപ്പോൾ അവൾ കലങ്ങിയ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി.... അറിയില്ല അവൾക്ക്.... ഒന്നും അറിയുന്നില്ല.... അവൻ പറയുന്നത് കേൾക്കുന്നുണ്ട് എന്നല്ലാതെ.... ഇനി എങ്ങോട്ടാണ് പോകേണ്ടത് എന്ന് പോലും അറിയുന്നില്ല..... ""ഞാനിപ്പോൾ വരാം... അത് കഴിഞ്ഞു... നമുക്ക് പോകാനുള്ള കാര്യങ്ങൾ നോക്കാം... കേട്ടല്ലോ...."" രാജീവ്‌ പറയുമ്പോളേക്കും സിദ്ധു മുറിയില്ക്ക് കയറി വന്നിരുന്നു....അവൻ രാജീവ്‌ ഇന്ദുവിനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടിരുന്നു..... സിദ്ധുവിന് രാജീവിനെ മനസ്സിലാവുന്നുണ്ടായിരുന്നില്ല....കുറച്ച് മുൻപേ കൊച്ചു കുട്ടികളെ പോലെ തന്റെ മുൻപിൽ കരഞ്ഞിരുന്ന ആളാണ് ഇപ്പോൾ പക്വതയോടെ സംസാരിക്കുന്നത് കേട്ടത്....

""ഞാൻ ഇപ്പോൾ വരാം സിദ്ധുവേട്ടാ.... ഒരു കോൾ ചെയ്തിട്ട്...."" അവൻ സിദ്ധുവിനോട് പറഞ്ഞു നേരെ മുറി വിട്ടിറങ്ങി.... അവൻ പോകുന്നത് നോക്കി നിന്ന സിദ്ധു നെടുവീർപ്പോടെ.... അരികിൽ ബെഡിൽ മറ്റെന്തോ ചിന്തിച്ചു ഇരിക്കുന്ന ഇന്ദുവിനെ ഒന്ന് നോക്കി..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഭക്ഷണം കഴിക്കാനായി എല്ലാവരും കൂടി ഹാളിൽ ടേബിളിൽ ഒത്തുകൂടിയതാണ്.... കണ്മഷിയും ദേവയും ചേർന്ന് ഭക്ഷണം എല്ലാം എടുത്ത് വെക്കുകയാണ്.... രുദ്രന് ഇപ്പോൾ നടക്കാൻ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഇപ്പോൾ ഭക്ഷണം മുറിയിൽ നിന്ന് മാറ്റി...ടേബിളിൽ വെച്ച് തന്നെയാണ് കഴിക്കുന്നത്.... അതിനിടക്ക് വൈദ്യര് ഒരു ദിവസം വന്നു പോയിരുന്നു.... അദ്ദേഹമാണ് പറഞ്ഞത്... ഇനി പതുക്കെയാണെങ്കിലും... പഴയ പടി എല്ലാം തന്നെ ചെയ്യാം എന്നത്.... ചികിത്സയെല്ലാം പകുതിയായി കുറച്ചിട്ടുണ്ട്....

ഇപ്പോൾ ഫിസിയോതെറാപ്പി മാത്രം ചെയ്താൽ മതിയെന്നും നിർദേശം കൊടുത്തിട്ടുണ്ട്.... ഇന്നും കൂടിയേ കണ്മഷി മഠശ്ശേരിയിൽ നിൽക്കുകയുള്ളു.... പിന്നെ തിരിച്ചു ജോലി മതിയാക്കി തിരികെ വീട്ടിലേക്ക് മടങ്ങുകയാണ്.... മറ്റൊന്നും കൊണ്ടല്ല... ഇപ്പോൾ പഴയപടിയുള്ള ചികിത്സയൊന്നും രുദ്രന് ആവശ്യമില്ലാത്തതാണ് കാരണം.... പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞാൽ രുദ്രൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോവുകയാണ്... കൂടെ കണ്മഷിയെയും കൊണ്ട് പോകാം എന്നാണ് തീരുമാനിച്ചു വെച്ചിരിക്കുന്നത്.... അത് കൊണ്ട് തന്നെ അവൾ മഠശ്ശേരിയിലെ ജോലി മതിയാക്കി വീട്ടിലേക്ക് മടങ്ങുകയാണ്.... അമ്മയുടെ കൂടെ കുറച്ച് ദിവസം നിൽക്കണം എന്ന ആഗ്രഹവുമുണ്ട് അവളുടെ മനസ്സിൽ..... ഭക്ഷണം എല്ലാം വിളമ്പി...എല്ലാവരെയും വിളിക്കാനായി ദേവ അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് ചെന്നു.... കണ്മഷിയാണെങ്കിൽ രുദ്രനെ വിളിക്കുവാനായി അവന്റെ മുറിയിലേക്ക് നടന്നു............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story