പരിണയം: ഭാഗം 46

parinayam sheethal

രചന: ശീതൾ കൃഷ്ണ

മുറിയുടെ വാതിൽ കടന്നതും രണ്ടു കൈകൾ അവളെ വലിഞ്ഞു മുറുകിയിരുന്നു.... പരിചിതമായ ഗന്ധം അവളിൽ ചെറുപുഞ്ചിരി വിരിയിച്ചു.... എന്നിരുന്നാലും പിടപ്പോടെ അവൾ തിരിഞ്ഞു നോക്കി.... ""വെ... വേണ്ടട്ടോ രുദ്രേട്ടാ..."" ശബ്‌ദം ഇടറിയിരുന്നു... വല്ലാതെ നേർത്തിരുന്നു.... ""അയ്യാ... അപ്പൊ നാണിക്കാനൊക്കെ അറിയാം എന്റെ പെണ്ണിന്..."" പറയുന്നോടൊപ്പം അവളിൽ നിന്ന് പതിയെ മാറിയിരുന്നു രുദ്രൻ.... ""അല്ലാതെ പിന്നെ...."" അവന്റെ കുസൃതി അവളിലും പടർന്നു.... കൈകൾ ഇടുപ്പിൽ പിടിച്ചു കുസൃതിയോടെ അവനെ നോക്കി.... ""വാ കഴിക്കാം... നാളെ തൊട്ട് ഇങ്ങനെ വിളിക്കാൻ ഞാൻ ണ്ടാവില്ല്യാ ട്ടോ..."" പറയുന്നതോടൊപ്പം കുസൃതിയോടെ ആ കവിളിൽ പിടിച്ചു വലിച്ചു.... ""അതിനെന്താ... കുറച്ചു ദിവസം കഴിഞ്ഞാൽ ന്റെയായി കിട്ടില്ലേ..."" അവൻ പുരികം പൊക്കി കാണിച്ചപ്പോൾ അവളുടെ മുഖം ചുവന്നിരുന്നു.... ""അതിന് ഞാൻ പഠിക്കാനല്ലേ വരണത്... വേണ്ടത്തീനം വല്ലതും കാണിക്കാൻ വന്ന... കണ്മഷിന്റെ തനി സ്വഭാവം അറിയും രുദ്രേട്ടൻ..."" കണ്ണുരുട്ടി കാണിച്ചു... വീണ്ടും മറ്റേ കവിളിൽ പിടുത്തമിട്ടപ്പോളേക്കും അവൻ ആ കൈ പിടിച്ചു വെച്ചു.... ""വി.. വിട് രുദ്രേട്ട.... അപ്പുറത്ത് എല്ലാരും ണ്ട് ട്ടോ...""

കണ്ണുകൾ ചുരുക്കി പറയുന്നവളെ കണ്ടപ്പോൾ വാത്സല്യം തോന്നി....ചിന്തിക്കുന്നതിനിടയിൽ തന്നെ അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു.... കൈകൾ അയഞ്ഞതും നിമിഷ നേരം കൊണ്ട് മുറിവിട്ട് ഓടിയിരുന്നു അവൾ.... ""നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കാന്താരി..."" അവളുടെ ചുണ്ടുകൾ പതിഞ്ഞ ഇടത്ത് മൃതുവായി തൊട്ട് അവൻ കുസൃതിയോടെ പറഞ്ഞു.... ആ കണ്ണുകളിൽ അപ്പോൾ സ്നേഹമായിരുന്നു..... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോളും രുദ്രന്റെ കണ്ണുകൾ അരികിലായി ഇരിക്കുന്ന കണ്മഷിയിൽ തന്നെയായിരുന്നു.... തന്റെ നോട്ടം അറിഞ്ഞിട്ടും... ഒന്നും അറിയാത്ത മട്ടിൽ ഇരുന്നു കഴിക്കുന്ന അവളെ കണ്ടപ്പോൾ അവന് കൗതുകം തോന്നി.... ""എന്താണ് വേണ്ടത് എന്ന് വെച്ചാൽ എടുത്ത് കഴിക്കൂ ട്ടോ...."" സുഭദ്രാമ്മ അത് പറഞ്ഞപ്പോൾ... രുദ്രൻ കുറച്ച് കറി കണ്മഷിയുടെ പ്ലേറ്റിലേക്ക് വിളമ്പി.. ""ഏയ്യ്... രുദ്രേട്ടാ...."" അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടലോടെ അവനെ നോക്കി.... ദേവക്കും അമ്മയ്ക്കും അച്ഛനും അത് കണ്ടപ്പോൾ ചിരി വന്നു.... ""എന്റെ പൊന്നെ.... എന്തൊരു കേറിങ്.... ഹോ...."" ദേവ രണ്ടെണ്ണത്തിനെയും ഒന്ന് ആക്കി പറഞ്ഞപ്പോൾ... രുദ്രൻ അവളെ ഉണക്കണ്ണുരുട്ടി നോക്കി....പിന്നെ ഇടങ്കണ്ണിട്ട് അമ്മയെയും അച്ഛനെയും നോക്കി....

അവർ നോക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ഒന്നുമറിയാത്ത പോലെ പ്ലേറ്റിൽ നോക്കി കഴിക്കാൻ തുടങ്ങി.... കണ്മഷി ആണെങ്കിൽ... ആകെ കിളി പോയ അവസ്ഥയിൽ ആണ്.... രുദ്രൻ പെട്ടന്ന് അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല....അവൾ എങ്ങെനൊക്കെയോ കഴിച്ചു തീർത്ത് പതുക്കെ എഴുന്നേറ്റ്... ആരെയും നോക്കാതെ അടുക്കളയിലേക്ക് പോയി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""നമുക്ക് ഇറങ്ങാം ഇന്ദു...."" രാജീവ്‌ തിരിച്ചെത്തി ഇന്ദുവിനെയും അരികിൽ ഇരിക്കുന്ന സിദ്ധുവിനെയും നോക്കി... അവനെ നോക്കിയ ഇന്ദുവിന്റെ കണ്ണുകളിൽ നിസങ്കത തളംകെട്ടി നിൽക്കുന്നു.... അവളുടെ ചുണ്ടുകൾ വീണ്ടും വിറകൊള്ളുന്നു.... ""ഹാ പിന്നെയും കരയാൻ നിൽക്കാണോ....അങ്ങനെ എങ്കിൽ വേണ്ട ട്ടോ...."" രാജീവ്‌ സ്നേഹത്തോടെ ശാസിച്ചു.... എന്നിട്ട് അവളുടെ അരികിൽ വന്നിരുന്നു.... ""വാ പോകാം...."" അവളുടെ കൈകൾക്ക് നേരെ കൈ നീട്ടി... ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ.... അവൾ അവയിൽ കൈ ചേർത്തു....ഇത് കണ്ടു നിന്ന സിദ്ധുവിന് വല്ലാത്ത സന്തോഷം തോന്നി... കാരണം രാജീവിന്റെ പ്രവൃത്തി അവളിൽ വല്ലാത്ത ആശ്വാസം ഉണ്ടാക്കിയിരിക്കുമെന്ന് അവൻ ഊഹിച്ചിരുന്നു.... സിദ്ധു മെല്ലെ എന്തോ ആവശ്യത്തിന് പുറത്തേക്ക് ഇറങ്ങിയിരുന്നു...

""ഇന്ദു..."" രാജീവ്‌ ആർദ്രമായി അവളെ വിളിച്ചു....അവനിലേക്ക് നോട്ടമില്ലെങ്കിലും ചെറുതേങ്ങൽ കേൾക്കാമായിരുന്നു അവന്... ""നമുക്ക് എന്റെ വീട്ടിലേക്ക് പോകാം... ഇനി തിരിച്ചു അങ്ങോട്ടേക്ക് തന്നെ പോകണോ??"".. രാജീവ്‌ ഇന്ദുവിന്റെ കൈകളിൽ സ്നേഹത്തോടെ വിരലുകൾ ചേർത്തു... മിഴിനീർ നിറഞ്ഞ മുഖത്തോടെ അവൾ അവനെ നോക്കി.... എന്ത് പറയണം എന്നറിവില്ലായിരുന്നു... അറിയില്ല... ഒന്നുമറിയില്ല... ""പേടിക്കണ്ട.... ഒറ്റക്കാവില്ല... വീട്ടിൽ അമ്മയുണ്ട്... ഒരനിയത്തിയും... "" അവന്റെ കണ്ണുകൾ വീണ്ടും അവളിലേക്ക് തന്നെ തറഞ്ഞു നിന്നു.... ഒന്നും മിണ്ടിയില്ല അവൾ.... ചുവന്നു കലങ്ങിയ കണ്ണുകൾ അമർത്തി ഒന്നടച്ചു.... എന്നിട്ട് വീണ്ടും അവനെ തന്നെ നോക്കി.... ""അമ്മക്ക് തന്നെ കാണണം എന്ന് പറയുന്നു ടോ.... അവർ തന്നെ അങ്ങോട്ട് കൊണ്ട് ചെല്ലാൻ പറയുന്നു.... വരില്ലേ താൻ എന്റെ കൂടെ....""ചോദിക്കുമ്പോൾ അവളുടെ കൈകളിൽ ചേർത്ത കൈകൾക്ക് മുറുക്കം കൂടിയിരുന്നു... ""എനിക്ക് ഒന്നും അറിയില്ല മാഷേ.... ഒന്നും എനിക്ക് മനസിലാവുന്നില്ല...."" അവളുടെ ശബ്‌ദം വളരെ താഴ്ന്നു.... വറ്റി വരണ്ട ചുണ്ടുകളിൽ വേദന മാത്രം ബാക്കിയായി.... ""ഈ അവസരത്തിൽ പറയുവാൻ പാടുണ്ടോ എന്നറിയില്ല.... പക്ഷെ പറയാതിരിക്കാൻ കഴിയുന്നില്ല ഇന്ദു....""

അവൻ ഒന്ന് കൂടെ അവൾക്കരികിൽ ചേർന്നിരുന്നു.... ""ഒത്തിരി ഇഷ്ട്ടാടി പെണ്ണെ നിന്നെ നിക്ക്... അറിയില്ല എനിക്ക് എങ്ങനെ പറയണം ന്ന്...പക്ഷെ കഴിഞ്ഞു പോയ കുറച്ച് മണിക്കൂറുകൾ മതിയായിരുന്നു... അതിന്റെ വ്യാപ്തി എത്രയാണ് എന്ന് എനിക്ക് മനസ്സിലാക്കി തരാൻ....അത്രക്ക് ഇഷ്ട്ടാ നിന്നെ...."" അവൻ പറഞ്ഞപ്പോൾ അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി.... അവനിൽ നിന്നാദ്യമായി ആയിരുന്നു അത്രമൊരു സംസാരം അവൾ കേൾക്കുന്നത്... അതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ.... ""വരുവോ പെണ്ണെ..."" അവന്റെ വീണ്ടുമുള്ള ചോദ്യത്തിന് ഒരു പൊട്ടികരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു ഇന്ദു.... ആദ്യം ഞെട്ടിയെങ്കിലും നിമിഷ നേരം കൊണ്ടവളെ ചേർത്തു പിടിച്ചു.... അവന്റെ കണ്ണിൽ അപ്പോളും അവളോടുള്ള പ്രണയമുണ്ടായിരുന്നു... ""എനിക്ക് പറ്റുന്നില്ല മാഷേ...ഞ...ഞാൻ മരിച്ചു പോവും ഇങ്ങനെയാണെങ്കിൽ... എനിക്ക് വല്ലാതെ വേദനിക്കുന്നുണ്ട്..."" അവൾ തേങ്ങി.... മിഴിനീർ അവന്റെ ഷർട്ടിനെ നനച്ചു കൊണ്ടിരുന്നു... ""അതാണ് ഞാൻ പറഞ്ഞത്...ഇനിയും വീട്ടിലേക്ക് പോയാൽ സങ്കടം ഇരട്ടിക്കുകയെ ഉള്ളു... അതും ഒറ്റക്കിരിക്കുമ്പോൾ ചിന്തകൾ കൂടും..."" അവളുടെ മുടിയിലൂടെയുള്ള തലോടലിൽ അവൾ ഒരു നിമിഷം അനങ്ങാതെ ഇരുന്നു...

ശേഷം പതിയെ അവനെ നോക്കി... ""നമുക്ക് പോവാം??"".. അവൻ വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി... ഒരു മറുപടി കാത്തെന്ന പോലെ... മൗനമായിരുന്നു എങ്കിലും... അവളുടെ നോട്ടത്തിൽ സമ്മതമുണ്ടായിരുന്നു.... അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി.... ""ഇന്ദുവിന്റെ വീട്ടിലേക്ക് അല്ല ട്ടോ സിദ്ധുവേട്ടാ പോകുന്നത്..."" തിരികെ പോകാനായി ഒരു വണ്ടി വിളിക്കുമ്പോൾ... രാജീവ്‌ സിദ്ധുവിനോട്‌ പറഞ്ഞു.... സിദ്ധുവിന്റെ സംശയത്തോടെയുള്ള നോട്ടം കാണെ... അവൻ ഒന്ന് പുഞ്ചിരിച്ചു.... അവന്റെ പുഞ്ചിരിയിൽ ഉണ്ടായിരുന്നു സിദ്ധുവിന്റെ ചോദ്യത്തിനുള്ള മറുപടിയും.... ഒരു കാർ വന്നതും മൂന്ന് പേരും കൂടെ അതിലേക്ക് കയറി.... ചെർപ്പുളശ്ശേരി.... രാജീവ്‌ ഡ്രൈവറോട് പറയുമ്പോളും.... പിന്നിലെ സീറ്റിൽ ഇരിക്കുന്ന ഇന്ദുവിന്റെ മനസ്സ് അവിടെ ആയിരുന്നില്ല....ചിന്തകൾ പലവിധമായിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഹാ ഇയാളിത് വരെ എഴുന്നേറ്റില്ലേ??... വേഗം റെഡി ആവടോ... ഇന്ന് ഓഫീസിൽ പോകണ്ടേ??..."" ഡയാന ആദിയെ വന്നു വിളിക്കുമ്പോൾ ആണ് പുള്ളിക്കാരൻ എഴുന്നേൽക്കുന്നത്....അവൻ അവളെ നോക്കുമ്പോൾ ഒരു ഷർട്ടും പാന്റും ഇൻ ചെയ്തതാണ് വേഷം... ഒരു ബ്ലാക്ക് കോട്ടും ഉണ്ട് ഷർട്ടിന്റെ പുറത്ത്.... അവൻ പകപ്പോടെ ക്ലോക്കിലേക്ക് നോക്കുമ്പോൾ.... സമയം എട്ട് കഴിഞ്ഞിരിക്കുന്നു... ആദ്യ ദിവസം തന്നെ ലേറ്റ് ആവണ്ട എന്ന് വിചാരിച്ചു അലാറം ഒക്കെ വെച്ച് ഇന്നലെ കിടന്നതായിരുന്നുവല്ലോ...

എന്നവൻ ഒരുനിമിഷം ഓർത്തു.... ഒൻപതരക്ക് ആണ് ഓഫീസിൽ എത്തേണ്ടത്.... ഫ്ലാറ്റിൽ നിന്ന് അരമണിക്കൂർ ഉണ്ട് ഓഫീസിലേക്ക്..... ""ടോ... ഞാൻ പെട്ടന്ന് റെഡിയായി വരാം.... ഒരു അഞ്ചു മിനിറ്റ്...."" അവളോട് പറഞ്ഞു പുള്ളിക്കാരൻ ബാത്‌റൂമിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു.... പറഞ്ഞത് പോലെ തന്നെ അവൻ പെട്ടന്ന് തന്നെ ഫ്ലാറ്റിൽ നിന്നിറങ്ങി.... അവനൊന്നും കഴിച്ചിട്ടില്ല എന്നവൾക്ക് ഊഹിക്കാമായിരുന്നു.... അത് കൊണ്ട് അവൾ ആ നേരം കൊണ്ട് റൂമിൽ കയറി.... ബ്രെഡ്‌ ടോസ്റ്റ് ചെയ്തു എടുത്തു.... റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആദിയെ കണ്ടപ്പോൾ.... ഡയാന ഒരുനിമിഷം അവനെ തന്നെ നോക്കി..... തീർത്തും ഫോർമലായ വേഷം... ഷർട്ടും പാന്റും.... ഷർട്ട്‌ ഇൻ ചെയ്തിട്ടുണ്ട്.... മുടിയൊക്കെ ജെൽ തേച്ച് ഒതുക്കി വെച്ചിട്ടുണ്ട്.... ""ഹോ... എന്തൊരു ഗ്ലാമർ ആടോ തനിക്ക്....""അവൾക്ക് അരികിലേക്ക് വരുന്ന ആദിയെ കാണെ അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ആദ്യം കേട്ടപ്പോൾ അവൻ വാ പൊളിച്ചു നിൽക്കയാണ് ചെയ്തത്.... പൊതുവെ മലയാളികൾ.... നല്ലത് കണ്ടാൽ... പറയാത്തവരാണ്.... ""ശരിക്കും??""... അവൻ മീശ ഒന്ന് താഴ്ത്തി ചോദിച്ചു.... ""പിന്നല്ല.... കിടുവല്ലേ.... ഇപ്പൊ കണ്ടാൽ ഓഫീസിലെ കുറച്ച് പെൺപിള്ളേരുണ്ട്.... അവർ മലന്നടിച്ചു വീഴും...."" അവൾ ഒരു പുരികം പൊക്കി കൊണ്ട് പറഞ്ഞു....

""ആഹാ.... എന്നാൽ നമുക്ക് കാണാമല്ലോ...."" അവനും ചിരി വന്നിരുന്നു.... ""സത്യാടോ.... ഇപ്പൊൾ കണ്ടാൽ... എനിക്കും ഒന്ന് പ്രേമിക്കാൻ തോന്നും...""അവൾ കൂട്ടിച്ചേർത്തു... എന്നിട്ട് അവന്റെ കയ്യിൽ നിന്ന് കീ മേടിച്ചു വേഗം ഫ്ലാറ്റിന്റെ വാതിൽ അടച്ചു പൂട്ടി.... ""വേഗം വാ.... ഇനിയും വൈകിയാൽ.... പെൺപിള്ളേരെ വീഴിക്കാൻ... ആദ്യം ജോലി ഉണ്ടാവില്ല...."" അവനോട് അതും പറഞ്ഞു അവൾ മുൻപിൽ നടന്നു.... അത് കേട്ടപ്പോൾ അവൻ പുഞ്ചിരിയോടെ പിന്നാലെ നടന്നു.... ഓഫീസിലേക്ക് പോകുന്ന വഴിയിൽ കാബിലിരുന്ന് അവൾ ഉണ്ടാക്കിയ ബ്രെഡ്‌ അവൻ കഴിക്കുകയും ചെയ്തു..... ഓഫീസിൽ എത്തിയപ്പോൾ.... ഇരുവരും ധൃതി പെട്ടിറങ്ങി....ആദി നോക്കുമ്പോൾ....ഓഫീസിലെ മിക്കവർക്കും ഡയാന ഇട്ട വേഷം തന്നെയാണ്... ഒരുപക്ഷെ അതായിരിക്കാം ഓഫീസിലെ ഡ്രസ്സ്‌ കോഡ് എന്നവൻ ഊഹിച്ചു.... ""ദേ... നേരെ എം. ഡിയുടെ കാബിനിലേക്ക് വിട്ടോ മോനെ.... ഓൾ ദി ബെസ്റ്റ്...."" അവൾ പറഞ്ഞപ്പോൾ.... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നേരെ എം. ഡിയുടെ കാബിനിലേക്ക് നടന്നു................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story