പരിണയം: ഭാഗം 48

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഡാ രാജീവേ.... ഏതാടാ ആ പെണ്ണ്??"".. കവലയിൽ പോയി രാജീവ്‌ ഇരുന്നപ്പോൾ ഒരു ചെറുപ്പക്കാരൻ അവനോട് ചോദിച്ചു... രാജീവിന്റെ കൂടെ പഠിച്ച ആള് തന്നെയാണ് പുള്ളിക്കാരനും.... ""ഓഹ്.. അതോ... രാഗിയുടെ കൂട്ടുകാരിയാണ്.... കുറച്ച് ദിവസം ഇവിടെ നിൽക്കാൻ വന്നതാണ്...."" അവൻ മുണ്ടിന്റെ അറ്റം എടുത്ത് മടക്കി കുത്തി പോക്കറ്റിൽ നിന്ന് സാധനം വാങ്ങിയതിന്റെ പൈസ കൊടുക്കാൻ നേരം പറഞ്ഞു.... ""ആഹ്‌ണോ... ഞാൻ കരുതി... നീ അടിച്ചോണ്ട് പോന്നതാണ് എന്ന്...."" അയാൾ പിന്നെയും തോണ്ടാൻ നിന്നപ്പോൾ അവൻ അയാളെ ഇന്നിരുത്തി നോക്കി കൊണ്ട്... കടക്കാരന്റെ കയ്യിൽ നിന്ന് സാധനം മേടിച്ചു തിരിഞ്ഞു നടന്നു.... ""അങ്ങനെ വല്ലാതെ ഓരോന്ന് കരുതല്ലേ ഡാ രമേഷേ...."" പറയുന്നതോടൊപ്പം തന്നെ മീശയും ഒന്ന് പിരിച്ചു വെച്ചു... എന്നിട്ട് തിരിഞ്ഞു വീട്ടിലേക്ക് നടന്നു..... ""ഹാ ഇതാണോ... ഏട്ടൻ പറഞ്ഞ ചേച്ചി..."" രാഗി അമ്മക്ക് പിന്നിലായി നിൽക്കുന്നവളെ ഒന്ന് നോക്കി... എന്നിട്ട് മനോഹരമായി പുഞ്ചിരിച്ചു.... ""ആഹ്... നിങ്ങൾ സംസാരിച്ചു ഇരിക്ക്... ഞാൻ പോയി ചായ വെക്കട്ടെ..."" അമ്മ പതിയെ അടുക്കളയിലേക്ക് നടന്നു.... ""ചേച്ചി എന്താ വന്ന പടി നിൽക്കുന്നെ... എവിടെ ചേട്ടൻ??""

അവൾ സംശയത്തോടെ ചുറ്റും നോക്കി.... ""അ.. അത് പുറത്ത് പോയതാണ് എന്ന് തോന്നുന്നു...""ഇന്ദു പതർച്ചയോടെ വിരൽ പുറത്തേക്ക് ചൂണ്ടി... രാഗി നോക്കിയപ്പോൾ ഒന്ന് പുഞ്ചിരിച്ചു.... ""എന്ന വായോ... ഈ ഡ്രസ്സ്‌ ഒക്കെ മാറാം നമുക്ക്...""രാഗി വേഗം അവളുടെ കൈയ്യിൽ പിടിച്ചു മുറിയിലേക്ക് നടന്നു.... ""ഓ... ഈ അമ്മ... എത്ര നല്ല ഉടുപ്പ് ഇതിനകത്ത് ഉണ്ട്... ന്നിട്ട് അമ്മക്ക് കിട്ടിയ ഒരു ചുരിദാർ...""അലമാരയിൽ നിന്ന് നല്ലൊരു ചുരിദാർ എടുത്ത്... ഇന്ദുവിന്റെ കൈയിൽ നിന്ന് നരച്ച പഴയ ചുരിദാർ മാറ്റി... ""വേണ്ട മോളെ... അത് മതിയായിരുന്നു..."" കണ്ണുകൾ ആ ചുരിദാറിൽ തറഞ്ഞു... അവൾ തന്നത് വാങ്ങിക്കാതെ ഇരിക്കാനും ആയില്ല... ""അയ്യടാ... ഈ നരച്ചത് ഇട്ടോണ്ട് നടന്നാൽ ന്റെ ഏട്ടൻ... ന്നെ ശരിയാക്കും..."" കുസൃതിയോടെ കണ്ണിറുക്കി ആള് മുറി കടന്നു പോയി... അവൾ പോയതും വാതിലടച്ചു കുറ്റിയിട്ടു.... കണ്ണുകൾ അപ്പോളും അവൾ തന്ന ചുരിദാറിൽ ആയിരുന്നു...എത്ര പെട്ടെന്നാണ് ഓരോരുത്തർ ജീവിതത്തിന്റെ ഭാഗമാവുന്നത് എന്നവൾ കൗതുകത്തോടെ ഓർത്തു.... ""ഹൈസ്സ്... ഇപ്പൊ കാണാൻ ചേല് വെച്ചല്ലോ...""ഉടുപ്പ് മാറി... അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയും മോളും എന്തോ കാര്യമായ സംസാരത്തിലാണ്....

തിണ്ണയിൽ അച്ചപ്പവും മിച്ചറും ഒക്കെയുണ്ട്... ആൾ കടയിൽ പോയി വന്നപ്പോൾ കൊണ്ട് വന്നതാവും എന്ന് മനസ്സിലായി... കാണാതായപ്പോൾ ചുറ്റും പരതി കണ്ണുകൾ... ""നോക്കണ്ട... കുളിക്കാൻ പോയതാ.... പുഴയിലേക്ക്...ആ ജംഗ്ഷനപ്പുറം ഒരു പുഴ കണ്ടില്ലേ അവിടെ...""" അമ്മ ഉണ്ടാക്കിയ ചൂട് ദോശ ചമ്മന്തിയിൽ മുക്കി വായിലേക്ക് ഇട്ട്...പറയുന്നവളെ കണ്ടപ്പോൾ ജാള്യതയോടെ മുഖം കുനിച്ചു... ""ഹാ....മോള് ഒന്നും കഴിച്ചില്ലല്ലോ.... വാ ചായ കുടിക്ക്....""അവർ ഒരു ഗ്ലാസ്സിലേക്ക് ചൂട് കട്ടൻ പകർത്തി അവൾക്ക് നേരെ നീട്ടി.... ""നിക്ക് വേണ്ടമ്മേ... വീട്ടിൽക്ക് തിരിച്ചു പോണം നിക്ക്...."" കണ്ണുകൾ നിറഞ്ഞു വരുന്നതിനെ പാട് പെട്ട് പിടിച്ചു നിർത്തി... വിതുമ്പുന്ന ചുണ്ടുകളെ ശാസനയോടെ അടക്കി നിർത്തി.... ""ഹാ അതെന്ത് വർത്തമാന???.. ഞാൻ ഒന്ന് ശരിക്ക് കണ്ട് കൂടെയില്ല... കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാ മതി...."" രാഗി പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു.... അത് കേട്ടപ്പോൾ പിന്നെ ഒന്നും പറയാൻ പോയില്ല.... ""അമ്മാ......"" ഉമ്മറത്തു നിന്ന് നീട്ടിയുള്ള വിളി കേട്ടപ്പോളേക്കും രാഗി അവിടേക്ക് ഓടി ചെന്നു.... ""ദാ ഇത് അകത്തേക്ക് വെച്ചോ... രാത്രി മുളക്കിട്ട് വറ്റിക്കാം.... കപ്പയും കൂട്ടി നല്ല രസമാവും....""പറയുന്നതോടൊപ്പം അടുക്കളയിലേക്ക് പാളി നോക്കി...

""ദേ... ആൾക്ക് തിരിച്ചു പോണം ന്ന്... ഏട്ടന്റെ കപ്പയും മീനും തിന്നാൻ ഇരിക്കല്ല..""പറയുന്നതോടൊപ്പം തിരിഞ്ഞു രണ്ടാളും നോക്കുന്നുണ്ട്.... പിടപ്പോടെ മിഴികൾ താഴ്ത്തി... ""അതെന്താടോ... പെട്ടന്ന് അങ്ങനെ..."" കാൽ കഴുകി ഉള്ളിലേക്ക് കയറിയവൻ....കൈലി ഒന്നൂടെ മടക്കി കുത്തി അടുക്കളയിലേക്ക് വന്നു.... ""ഇപ്പോ അതിനെ പറ്റിയൊന്നും ആലോചിക്കേണ്ട.... ഇനി അതല്ല... അത്ര നിർബന്ധം ആണെങ്കിൽ.... നാളെ കൊണ്ടാക്കാം ഞാൻ..."" പറയുമ്പോൾ ശബ്‌ദം വല്ലാതെ ഇടറിയിരുന്നു... അവൾ നോക്കുമ്പോളേക്കും അവൻ മുറിയിലേക്ക് നടന്നകന്നിരുന്നു.... ""ചുമ്മാതാ ചേച്ചി... ഇന്ദുവേച്ചിയെ ഒത്തിരി ഇഷ്ടാ മൂപ്പർക്ക്.... അതാ അങ്ങനെ പറഞ്ഞു സെന്റിയടിച്ചു പോയത്...""കുസൃതിയോടെ രാഗി ചെവിയിൽ പറഞ്ഞപ്പോൾ വിടർന്ന കണ്ണുകളോടെ മുറിയിലേക്ക് പോയവനെ വീണ്ടും നോക്കി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""കണ്മഷി വേഗം വാ നീയ്... നേരം വൈകിയാൽ... തിരികെ എത്താനും വൈകും ട്ടോ....""രാവിലെ തന്നെ കണ്മഷിയുടെ വീട്ടിലേക്ക് വന്നതാണ് രുദ്രൻ....അവൻ നോക്കുമ്പോൾ അമ്പലത്തിലേക്ക് പോകുവാൻ റെഡി ആവുന്നതേയുള്ളൂ കണ്മഷി.... അവൻ അക്ഷമനായി പറഞ്ഞപ്പോളേക്കും അവൾ വീട് പൂട്ടി ഇറങ്ങി... ""ഓ... ന്റെ രുദ്രേട്ടാ... ഞാൻ ഇറങ്ങി... ഇങ്ങനെ തൊണ്ട കീറണ്ട....""

ദാവാണിയുടെ ഞൊറി നേരെയാക്കി... അവൾ മുടി ഒന്നൂടെ ഒതുക്കി കൊണ്ട് അവനരികിലേക്ക് നടന്നു.... ദേവകിയമ്മ രാവിലെ മഠശ്ശേരിയിലേക്ക് പോയതാണ്.... ""ന്റെ രുദ്രേട്ടാ... പതിയെ പോയാ മതി ട്ടോ... കാലിന്റെ വയ്യാഴി മുഴുവനും മാറിയില്ല ന്ന് ഓർമ വേണം....""അവളുടെ കൈയ്യിൽ പിടിച്ചു നടക്കുന്നവനെ ഇടങ്കണ്ണിട്ട് നോക്കി.... ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ആ കൈ വിരലുകളിൽ ഒരു നുള്ള് വെച്ച് കൊടുത്തു.... ""എന്താടി... ചുമ്മാ ചൊറിയുന്നേ..."" പുരികം ഉയർത്തിയപ്പോളേക്കും ആ കൈ വിരലുകൾ ഉയർത്തി മുത്തമിട്ടിരുന്നു കണ്മഷി....അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ അത് മതിയായിരുന്നു.... ഇരുവരും മുത്തശ്ശിക്കാവിലേക്ക് ഉള്ള ഇടവഴിയിൽ എത്തിയിരുന്നു... ഇനിയുള്ളത് വള്ളിപടർപ്പുകൾക്കിടയിലൂടെയുള്ള വഴിയാണ്.... രുദ്രന്റെ കാല് പൂർണമായും ബേധമാവാത്തത് കൊണ്ട്...പതുക്കെയാണ് പോകുന്നത് രണ്ടാളും.... ""ഓർമണ്ടോ രുദ്രേട്ടാ... അവസാനം നമ്മൾ ഇങ്ങട് വന്നത്??...""അവന്റെ കൈകളിൽ പിടിച്ച വിരലുകൾക്ക് മുറുക്കം കൂടി.... അത് മനസ്സിലായി എന്നപോലെ അവൻ തല ചരിച്ചു ഒന്ന് നോക്കി.... ""പിന്നെ ഓർമയില്ലാതെ.... എനിക്ക് ഇനി നിങ്ങളെ വേണ്ട.... എന്റെ കണ്മുന്നിൽ പോലും വന്നു പോകരുത് എന്നൊക്കെ പറഞ്ഞു....

എന്തൊക്കെ പുകിലായിരുന്നു അന്ന്....""അവളെ ആക്കി അതെ ടോണിൽ പറയുന്നത് കേട്ടപ്പോൾ മുഖം വീർപ്പിച്ചു അവനെ നോക്കി.... ""ഹാ... പിണങ്ങാതെടി... ഞാൻ വെറുതെ പറഞ്ഞതല്ലേ....""ആ മുഖം വാടുന്നത് കണ്ടപ്പോൾ വേഗം ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അപ്പോളേക്കും അരുവിയും കടന്നു മുത്തശ്ശിക്കാവിലേക്ക് എത്തിയിരുന്നു... കാവിനപ്പുറം ഒരു കുളവുമുണ്ട്... പണ്ട് ആരോ ഉണ്ടാക്കി ഇട്ടതാണ് ആ കടവ്... കാവിൽ പോകുന്നതിന് മുൻപ് കാൽ കഴുകുന്നത് അവിടെ വെച്ചാണ്.... ""നല്ലോണം പ്രാർത്ഥിച്ചോ രുദ്രേട്ടാ... ബാംഗ്ലൂരിൽ പോയ പിന്നെ ഇങ്ങടൊന്നും വരല് നടക്കില്ല...."" കണ്ണുകൾ ഇറുക്കെയടച്ചു പ്രാർത്ഥിക്കുന്നതോടൊപ്പം തന്നെ അവൾ പറഞ്ഞു... അത് കേട്ടപ്പോൾ കുസൃതിയോടെ അവൻ തിരിഞ്ഞു അവളെ നോക്കി.... പ്രതിഷ്ഠക്ക് മുൻപിൽ നിന്ന് കാര്യമായി വിശേഷം പറയുന്നവളെ നോക്കി നിൽക്കുകയിരുന്നു രുദ്രൻ.... അവളുടെ കൊച്ചു കുട്ടികളെ പോലെയുള്ള ചേതി നോക്കി കൊണ്ടിരിക്കുകയിരുന്നു അവൻ.... ""ന്റെ മുഖത്തിലേക്ക് അല്ല... അങ്ങട് നോക്ക് രുദ്രേട്ടാ...."" ഇടക്കെപ്പോളോ കണ്ണ് തുറന്നു...അവൻ നോക്കുന്നത് കണ്ടപ്പോൾ അവന്റെ നോട്ടം കണ്ടു... കണ്ണുരുട്ടി നോക്കിയപ്പോൾ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു...

"ഒരുപാട് മാറിപ്പോയി ല്ലേ കണ്മഷി ഇവിടെ...""കല്പടവുകളിലെ പൊടി തട്ടി അവൻ പതിയെ അവിടെയിരുന്നു... അവൾ ചെറുപുഞ്ചിരിയോടെ അരികിലായി ഇരുന്നു.... ""മ്മ്ഹ്ഹ്.... രുദ്രേട്ടൻ വന്നിട്ട് ഒരുപാടായി ല്ലേ... ഞാൻ ഇടക്ക് വരാറുണ്ട്... ഇടക്ക് നിങ്ങളെ പറ്റി അന്വേഷിക്കണ്ടേ മനുഷ്യ.... മാത്രവുമല്ല... ന്റെ സങ്കടം പിന്നെ ആരോടാ പറയാ...""അവൾ പരിഭവത്തോടെ പറയുന്നത് കേട്ടപ്പോൾ ആ തോളിലേക്ക് പതിയെ ചാഞ്ഞു.... ""ഈ ആറടി പൊക്കത്തിൽ ഒരുത്തൻ ഇവിടെ ഉണ്ടായിട്ടും... ഇട്ടിട്ട് പോയതല്ലായിരുന്നോ.... അപ്പൊ അങ്ങനെ ഒക്കെ വരും...."" തോളിൽ നിന്ന് പതിയെ തലയുയർത്തി അവളെ നോക്കി.... ആ കണ്ണുകളിൽ സ്വയമേ ഒരു പുച്ഛച്ചിരി വിരിഞ്ഞത് അവൻ അറിഞ്ഞിരുന്നു..... ""ഹാ.... ഞാൻ ചുമ്മാ പറഞ്ഞതാ.... ഇനി അതിൽ പിടിച്ചു കൂടണ്ട... എന്തേലും പറഞ്ഞാൽ അപ്പൊ മുഖം വീർപ്പിച്ചോളും....ഇപ്പൊ ന്റെ കൂടെയുണ്ടല്ലോ.... അത് മതി എനിക്ക്.... ഇനി പണ്ടത്തെ പോലെ വേണ്ട ന്ന് പറയാതിരുന്നാൽ മതി...."" ഒന്നൂടെ ചേർന്നിരുന്നു ആ കൈകളിൽ കൈകൾ കോർത്തു.... പതിയെ വിരലുകളിൽ ചുണ്ടുകളമർന്നിരുന്നു.... പിടപ്പോടെ നോക്കുമ്പോൾ... അവൻ പതിയെ കണ്ണിറുക്കി കാണിച്ചു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story