പരിണയം: ഭാഗം 74

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എന്താടോ വീടിന്റെ മുൻപിൽ കുറച്ച് പേര് കൂട്ടം കൂടി നിൽക്കുന്നെ???"" അവൻ സംശയത്തോടെ അടുക്കളയുടെ കട്ടിളപടിയിൽ ചാരി നിന്നു.... ""ആവോ.... അത് വല്ല വഴി നടക്കാറാവും...."" അവൾ ചായ കപ്പിലേക്ക് പകർത്തി.... മധുരം ഇടുന്നതിനു ഇടയിൽ പറഞ്ഞു.... ""എന്തോ എനിക്ക് അവരെ കണ്ടിട്ട്.... ഒരുമാതിരി എന്നെ ഫോളോ ചെയ്യുന്ന പോലെ....."""അവൻ അത് പറഞ്ഞു അവളെ നോക്കി... ""ആഹ്.... മാഷിന് തോന്നുന്നതാവും മാഷേ.... ന്നാ ഈ ചായ കുടിക്ക്.... ഞാൻ ഒന്ന് പോയി നോക്കാം....""" അവൾ ചായ ഗ്ലാസ് അവന് നേരെ നീട്ടി.... ""ഇറക്കി വിടടി നിന്റെ മറ്റവനെ....ഞങ്ങൾ ഒന്ന് കാണട്ടെ.....!!"" പെട്ടെന്നാണ് ഉമ്മറത്ത് നിന്ന് ഉറക്കെ ആരോ വിളിച്ചു പറയുന്നത് കേട്ടത് ഇന്ദു.... അവൾ സംശയത്തോടെ ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി...ഉമ്മറത്ത് എത്തിയപ്പോൾ കണ്ട കാഴ്ച്ചയിൽ അവൾ പകച്ചു പോയി.... അവൾക്കൊപ്പം വന്ന രാജീവും പുറത്തേക്ക് ഒന്നും മനസ്സിലാവാതെ നോക്കി.... ""മ്മ്മ്... എന്താ???"""ഇന്ദു പുറത്ത് കൂടി നിന്നവരെ നോക്കി ധൈര്യത്തോടെ ചോദിച്ചു... ""ഒന്നുമറിയാത്ത പോലെയുള്ള അവളുടെ നിൽപ്പ് കണ്ടില്ലേ... ഇവനാണോ ഡീ... നിന്റെ പുതിയ പാർട്ടി....

നമ്മളൊന്ന് വിളിച്ചാൽ അവൾക്ക് വരാൻ പറ്റില്ല....""" കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്നു.... ഇന്ദു നോക്കുമ്പോൾ... അന്ന് രാത്രി വീട്ടിലേക്ക് വന്ന് അനാവശ്യം പറഞ്ഞവന്റെ കൂടെയുള്ള ആളാണ്... ""അവൻ ആരെങ്കിലും ആവട്ടെ... ചിലപ്പോ എന്റെ കൂടെ കിടന്നെന്ന് വരും.... ചിലപ്പോ കല്യാണം കഴിച്ചെന്നു വരും.... അത് നിങ്ങൾ അന്വേഷിക്കണ്ട കാര്യമില്ല...""" ദാവണിയുടെ തുമ്പ് ഇടുപ്പിൽ തിരുകി ഒരു കൂസലുമില്ലാതെ പറയുന്ന ഇന്ദുവിനെ അരികിൽ നിൽക്കുന്ന രാജീവ് ഒന്ന് നോക്കി.... അവൾ വല്ലാതെ മാറിയിരിക്കുന്നു.... ആദ്യം കണ്ട തൊട്ടാവാടിയല്ല ഇന്ന് അവൾ എന്നവന് മനസ്സിലായി.... ""ഇത് ഇവിടെ നടക്കില്ല.... ഞങ്ങൾ നാട്ടുകാർക്ക് ഇത് ബുദ്ധിമുട്ട് ആണ്..."" വേറെ ഒരുത്തൻ പറഞ്ഞപ്പോൾ അവൾ കാർക്കിച്ചു നീട്ടി അവർക്ക് മുൻപിലേക്ക് തുപ്പി.... പെട്ടെന്നായത് കൊണ്ട് അവർ എല്ലാവരും അറപ്പോടെ പിന്നിലേക്ക് നീങ്ങി... ""എന്തെ... എന്റെ അച്ഛൻ മരിച്ച്... ഒരു അനാഥയെ പോലെ ഇവിടെ ഇരുന്നപ്പോൾ... ഈ കണ്ട നാട്ടുകാരെ ഒന്നും കണ്ടില്ലല്ലോ.... ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു... ചോര ഒലിപ്പിച്ചു ഈ വീട്ടിൽ കിടന്നപ്പോ കണ്ടില്ലല്ലോ... ഈ ഉത്തരവാദിത്തം ഉള്ള നാട്ടുകാരെ....""" അവൾ നിന്ന് വിറച്ചു....

അവളുടെ ചോദ്യങ്ങൾക്ക് ആരുടെ പക്കലും മറുപടി ഇല്ലായിരുന്നു.... ""ഇയാള് ഇവിടെ വന്നിട്ടുണ്ടെങ്കിൽ.... അത് എന്റെ വീട്ടിലാണ് വന്നത്.... ഞാൻ നോക്കിക്കോളാം അത്.... ചേട്ടന്മാർ കഷ്ടപെടണ്ട.... അത് കൊണ്ട് വന്ന പോലെ തിരിച്ചു വിട്ടോ.... വെറുതെ എന്നെകൊണ്ട് ചൂല് എടുപ്പിക്കരുത്...."" അവൾ പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കി.... അവർ ഒരിക്കലും അവളിൽ നിന്ന് അങ്ങനൊരു മറുപടി പ്രതീക്ഷിച്ചില്ല.... ""ആരുമില്ലാത്ത ഒരുത്തിയാ ഞാൻ... ഒന്നോ രണ്ടോ പേരെ കൊന്നാലും.... ഈ വീട്ടിൽ നിൽക്കുന്ന നിൽപ്പ് അങ്ങ് ജയിലിൽ പോയി കിടക്കും.... അതിന് വലിയ മടിയൊന്നുമില്ല.... മാത്രമല്ല....പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്നവളാ.... അത് ആരെക്കാളും ഈ ചേട്ടനറിയാം... അല്ലെ ചേട്ടാ...""" അവൾ അന്ന് വന്ന അയാളെ നോക്കി ചോദിച്ചപ്പോൾ.... അയാളുടെ മുഖം വിളറി പോയി..... അയാൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.... അത് കൂടെ ആയപ്പോൾ ബലൂൺ കാറ്റ്‌ അഴിച്ചു വിട്ടപോലെ.... എല്ലാരും പിറുപിറുത്തു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി....

""ആ പിന്നേയ്...."" അവൾ പിന്നിൽ നിന്ന് വിളിക്കുന്നത് കേട്ട് എല്ലാവരും ഒരുനിമിഷം നിന്നു.... എന്താ എന്നർത്ഥത്തിൽ നോക്കി... ""കഴപ്പ് തീർക്കാൻ വീട്ടിൽ ഒരുത്തിയെ കെട്ടി കൊണ്ട് വന്നിട്ടുണ്ടാവില്ലേ....അവിടെ തീർത്താൽ മതി.... ഇനി ഇന്ദുന്റെ പറമ്പിൽ എന്തെങ്കിലും പറഞ്ഞ് ഏതവൻ എങ്കിലും കേറിയാ.... നല്ല മൂർച്ചയുള്ള പിച്ചാത്തി അകത്ത് ഇരിപ്പുണ്ട്...പറഞ്ഞില്ല എന്ന് വേണ്ട.....""" അവൾ അത് കൂടെ പറയുന്നത് കേട്ടപ്പോൾ അവർ ദേഷ്യത്തോടെ തിരിഞ്ഞു നടന്നു.... ""ഹോ.... എന്തൊരു ധൈര്യം ആണെടോ ഇത്.... ദേ എന്റെ രോമം ഒക്കെ എഴുന്നേറ്റ് നിന്നു....""" അവരുടെ പോക്ക് കാണെ.... രാജീവ്‌ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.... ""അതൊക്കെ അവസ്ഥ വരുമ്പോൾ അങ്ങ് വരുന്നതാണ് മാഷേ... ഈ ധൈര്യം ഒക്കെ... എന്ത് ചെയ്യാനാ ഒറ്റക്കായി പോയില്ലേ....""" അവൾ അതും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു.... എല്ലാം രാജീവ്‌ പുഞ്ചിരിയോടെ കേട്ടെങ്കിലും..."എന്ത് ചെയ്യാനാ ഒറ്റക്കായി പോയില്ലേ...."

എന്ന അവളുടെ വാക്കുകൾ മാത്രം എന്തോ മനസ്സിനെ കീറി മുറിച്ച പോലെ.... പക്ഷെ അത് പുറത്ത് കാണിക്കാതെ.... അവൾക്കൊപ്പം വീടിന്റെ ഉള്ളിലേക്ക് നടന്നു രാജീവ്.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഞാൻ കൂടെ വരാം അച്ഛാ... നിങ്ങള് രണ്ടാളും എങ്ങെനെയാ ഒറ്റക്ക്???"...വൈകിട്ട് അച്ഛന്റെ കൂടെയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു രുദ്രൻ അത് പറഞ്ഞപ്പോൾ.... അവന്റെ സംസാരം കേട്ടപ്പോൾ.... അദ്ദേഹം അവനെയും കണ്മഷിയെയും മാറി മാറി നോക്കി.... ""അല്ലെങ്കിൽ നാട്ടിലേക്ക് വരാത്ത ആളാണ്... മാറ്റമുണ്ട്...."" പ്രത്യേക താളത്തിൽ പറഞ്ഞപ്പോൾ അവൻ ജാള്യതയോടെ മുഖം കുനിച്ചു.... അവൾക്കാണെങ്കിൽ ചിരി വന്നു.... ""എന്നാണ് പോവാൻ പറ്റാ???... എനിക്ക് തിങ്കളാഴ്ച വൈകുന്നേരം ആവുമ്പോളേക്കും നാട്ടിൽ എത്തണം... കരയോഗത്തിന്റെ മീറ്റിംഗ് ഉണ്ട്...."" അച്ഛൻ പറഞ്ഞപ്പോൾ അവൾ എഴുന്നേറ്റ് കുറച്ച് കറി കൂടെ അദ്ദേഹത്തിന്റെ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.... ""മതി മോളെ...."" അദ്ദേഹം കൈ വെച്ച് തടഞ്ഞു.... അവൾ വീണ്ടും കഴിക്കാനായി ഇരുന്നു.... ""തിങ്കളാഴ്ച രാവിലെ പോകാം അച്ഛേ.... എനിക്ക് ഓഫീസിൽ ഒന്നു പോയി എമെർജെൻസി ലീവ് എടുക്കണം....

പിന്നെ അവളുടെ കോളേജിൽ അങ്ങനെ ലീവ് എടുക്കാൻ പറ്റില്ല... അവിടെയും ഒന്നു പോണം...സാരമില്ല.... നാളെ പോവാം....""" അവൻ പറഞ്ഞപ്പോൾ അദ്ദേഹം ഒന്നു മൂളി.... രുദ്രന്റെ ഫ്ലാറ്റിൽ ആകെ രണ്ട് റൂമേ ഉള്ളു.... അത് കൊണ്ട് തന്നെ ഒരെണ്ണം അച്ഛന് കൊടുക്കും.... മറ്റേത് രുദ്രനും... കുറച്ച് ദിവസത്തേക്ക് നാട്ടിൽ പോകുന്നത് കണ്മഷിയെ ഡയാനയുടെ ഫ്ലാറ്റിൽ നിർത്താം എന്ന് തീരുമാനിച്ചു രുദ്രൻ.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 അച്ചുവിനെയും കൊണ്ട് ഡയാനയും ആദിയും ആദ്യം പോയത് അവന്റെ ഇഷ്ടം പോലെത്തന്നെ പാർക്കിൽ ആയിരുന്നു.... കുഞ്ഞിന് അധികം കളിക്കാൻ പറ്റാത്തത് കൊണ്ട്.... ചില റൈഡ്സിൽ അവന് കയറാൻ പറ്റില്ല.... ചിലതിൽ അവന്റെയൊപ്പം ഡയാനയും കേറി... കാലിന്റെ വൈകല്യം അവന്റെ മനസ്സിന് ഒരിക്കലും തോന്നരുത് എന്നത് ഡയാനക്ക് നിർബന്ധമുണ്ട്.... അത് കൊണ്ട് തന്നെ അവന്റെ കൂടെ എപ്പോളും ഡയാനയുണ്ട്... ആദി അവർക്കൊപ്പം എല്ലാത്തിലും ഉണ്ടായിരുന്നു.... ഡയാനയും അച്ചുകുട്ടനും ഓരോ റൈഡിലും കേറുമ്പോൾ അവൻ പുഞ്ചിരിയോടെ അത് നോക്കി നിൽക്കും.... അങ്ങനെ ഒത്തിരി നേരം കളിച്ചു മടുത്തപ്പോൾ അച്ചു തന്നെ പറഞ്ഞു...

തിരിച്ചു പോകാം എന്ന്.... അങ്ങനെ അവർ തിരിച്ചു പോയി.... ""ഇനി എങ്ങോട്ടാടോ പോവണ്ടേ???"".. ആദി കാറിൽ കേറി ഡയാനയോട് ചോദിച്ചപ്പോൾ അവൾ ബീച്ചിലേക്ക് പോവാം എന്ന് പറഞ്ഞു.... അത് കേട്ടപ്പോൾ അവൻ ബീച്ചിലേക്ക് നേരെ വിട്ടു...അതിനിടക്ക് ഒരു ഹോട്ടലിൽ കേറി ഭക്ഷണവും കഴിച്ചു.... ബീച്ചിലേക്ക് എത്തിയപ്പോൾ.... നേരം നാല് മണി ആയിരുന്നു....കാർ പാർക്ക്‌ ചെയ്ത്... നേരെ അച്ചു കുട്ടനെ എടുത്ത് കൊണ്ട് ഡയാന നേരെ ബീച്ചിലേക്ക് നടന്നു.... തീരത്തെ പുൽക്കാൻ വെമ്പുന്ന തിരയുടെ അലയടികൾ കാണെ.... അവൾ ഒരുനിമിഷം തനിക്ക് പിന്നിലായി വരുന്ന ആദിയെ നോക്കി.... ""ബാ ബീച്ചിൽ ഇറങ്ങാ...."" അച്ചുകുട്ടൻ അപ്പോളേക്കും ഡയാനയെ തോണ്ടി കൊണ്ട് പറഞ്ഞു.... ""ആഹ്... ഇറങ്ങാ...""" ഡയാന ആദിയെ ഒന്നു നോക്കി.... അപ്പോളേക്കും ആദി വന്ന് അച്ചുവിനെ എടുത്തു...""ഞാൻ കൊണ്ടുവാലോ അച്ചൂനെ ""... അവൻ പറഞ്ഞപ്പോൾ ഡയാന കൗതുകത്തോടെ നോക്കി.... ഡയാനയെ ശ്രദ്ധിക്കാതെ.... അവൻ നേരെ അച്ചുവിനെയും കൊണ്ട് തിരമാലക്ക് അരികിലേക്ക് നടന്നു.................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story