ആരാധികേ: ഭാഗം 18

aradhika abhirami

രചന: അഭിരാമി ആമി

" അവളെങ്കേ.....??? " മുറിയിലേക്ക് കയറി വന്ന പദ്മയേ കണ്ട് വെങ്കി ചോദിച്ചു. " ഉറങ്ങിക്കാണും..... " " നീയൊന്നിങ്കേ വാ പദ്മ....." " എന്തേ.......??? " അയാളേതൊ ആശയക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്നത് ആ മുഖഭാവത്തിൽ നിന്നും വായിച്ചറിഞ്ഞത് പോലെ ആ സ്ത്രീ അയാൾക്കരികിലേക്ക് ഇരുന്നു. " എന്നങ്കെ.....??? " " ജാനി കോളേജിൽ പോണില്ല എക്സാം എഴുതുന്നതേയുള്ളെന്ന് പറഞ്ഞല്ലോ..... അതിനാലെ..... ആ ശിവൻ വിളിച്ചിരുന്നു. നല്ലൊരു ആലോചന വന്നിട്ടുണ്ടെന്ന് പറഞ്ഞു. അവര് മോളെ കണ്ടിട്ടുണ്ട് ഇഷ്ടമായിന്ന് പറഞ്ഞു. നാളെ ഇങ്ങോട്ടൊന്ന് വരട്ടേന്ന് ചോദിച്ചു..... " " നാളെയോ.....??? " ഒരു സാധാരണ വീട്ടമ്മയുടെ ആന്തലോടെ പദ്മ ചോദിച്ചു. " ഉവ്വ്...... അവരൊന്ന് വന്ന് കണ്ടിട്ട് പോണതിനിപ്പോ എന്താ.....???? " " പക്ഷേ അവളോട്..... " പദ്മ വാക്കുകൾ അർഥഗർഭമായ് നിർത്തി.

" അവളോട് ചോദിക്കാം...... ജീവിക്കേണ്ടത് അവളല്ലേ. അപ്പോ അവളുടെ സമ്മതം വേണമല്ലോ..... " അയാളത് പറയുമ്പോഴും മറ്റെന്തൊക്കെയോ ചിന്തകളിൽ കൊടുംകാറ്റിൽ പെട്ട വൃക്ഷത്തെ പോലെ ആടിയുലയുകയായിരുന്നു പദ്മയിലെ അമ്മമനസ്. " അവൾക്ക്...... അവൾടെ ഉള്ളിൽ മറ്റൊന്നും കാണില്ലായിരിക്കും ല്ലേ.....???? " ഒന്ന് രണ്ട് നിമിഷത്തെ ആലോചനകൾക്കൊടുവിൽ അവർ പെട്ടന്ന് ചോദിച്ചു. " ഛെ..... എന്താഡോ താനിങ്ങനെ..... അവൾ നമ്മുടെ മോളല്ലേ. അവളുടെ മനസ്സിൽ എന്തേലും ഉണ്ടെങ്കിൽ അതാദ്യം നമ്മളറിയില്ലേ..... " വെങ്കിയവരുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. എന്നിട്ടും ഉള്ളിലെ ഭാരത്തിന് കനമേറുകയാണെന്ന് പദ്മക്ക് തോന്നി. " മ്മ്ഹ്..... ഒന്നുമുണ്ടാവില്ല. " സ്വയം ആശ്വസിപ്പിക്കാനെന്ന പോലെ അവർ പിറുപിറുത്തു. " ജാനീ...... " വാതിലിൽ ചെറുതായി തട്ടിയുള്ള വിളി കേട്ടപ്പോൾ ഞെട്ടലോടെ ആദ്യം കണ്ണുകൾ പാഞ്ഞത് ചുവരിലെ ക്ലോക്കിലേക്കായിരുന്നു. സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.

കണ്ണീർ നനച്ച മുഖം ടർക്കിയിൽ തുടച്ച് വാതിൽ തുറക്കാൻ പോകുമ്പോൾ എന്തിനെന്നറിയാതെ നെഞ്ച് തുടികൊട്ടിയിരുന്നു. " എന്നാപ്പ.....???? " വാതിൽ തുറന്നതും സ്വരമിടറുമോ എന്ന് ഭയന്ന് ചോദിച്ചു. " ഒന്നുല്ല.... മോള് ഉറങ്ങിയോന്ന് വിചാരിച്ചു..... " ചേർത്തു പിടിച്ച് അകത്തേക്ക് കയറി കട്ടിലിലേക്ക് ഇരിക്കുമ്പോൾ അപ്പ പുഞ്ചിരിക്കുകയായിരുന്നുവെങ്കിലും ആ മനസ്സിലെ ഒരായിരം ആകുലതകൾ ആ പുഞ്ചിരി തുളച്ച് പുറത്തേക്ക് വരാൻ വെമ്പി നിൽക്കുന്നത് വ്യക്തമായി കാണാമായിരുന്നു. " മോൾക്കറിയില്ലെ ശിവനെ..... അവൻ കുറേ മുൻപ് വിളിച്ചാരുന്നു. നല്ലൊരു ബന്ധം വന്നിട്ടുണ്ട്. അവർക്ക് മോളെ ഒന്ന് കാണണം നാളെ ഒന്ന് വന്നോട്ടെന്ന് ചോദിച്ചു. " മകളുടെ കണ്ണിൽ തന്നെ നോക്കിയിരുന്നുള്ള അപ്പാവുടെ ഓരോ വാക്കുകളും ഹൃദയം തുളച്ച് മറുപുറം കാണുന്നുണ്ടായിരുന്നു.

പക്ഷേ...... പക്ഷേ എന്തുകൊണ്ടോ കണ്ണുകൾ നിറയ്ക്കാൻ കഴിഞ്ഞില്ല. ഭ്രാന്തമായി ഒന്നലറി കരയാൻ നെഞ്ച് വിതുമ്പിയിട്ടും കഴിഞ്ഞില്ല. കാരണം ഒന്ന് മാത്രമായിരുന്നു..... മുന്നിൽ പ്രതീക്ഷയോടെ നിൽക്കുന്ന ഈ രണ്ട് അല്പപ്രാണികൾ.... നോവിക്കാൻ വയ്യെനിക്ക്..... കരയിക്കാൻ വയ്യ. ഒരു പെരുമഴ പോലെ പെയ്തിറങ്ങി പോകുമോ എന്ന് ഭയന്നിട്ട് ശ്വാസം പോലും വിട്ടില്ല. ഒരു ശില പോലങ്ങനെ നിന്നു. " അപ്പ മറുപടിയൊന്നും പറഞ്ഞില്ല.... മോളോട് കേക്കട്ടെന്ന് പറഞ്ഞു. മോൾക്ക് പ്രശ്നം ഒന്നുല്ലല്ലോ അല്ലേ....??? അവർ വരാൻ സൊല്ലട്ടുമാ അപ്പ....??? ഈ മനസ്സിൽ മറ്റൊന്നുമില്ലല്ലോ.....??? " അങ്ങനെ ചോദിക്കുമ്പോൾ അപ്പ ഭയന്നുകാണുമോ മകളുടെ മറുപടിയേ....???? അറിയില്ല..... ശ്വാസം ഉള്ളിലേക്കൊന്നാഞ്ഞ് പിടിച്ചു. പിന്നെ പതിയെ പുഞ്ചിരിച്ചു. " ഈ..... ഈ മനസ്സിൽ ഒന്നുല്ലപ്പാ നീങ്ക അറിയാമേ..... അപ്പ അവർക്കിട്ടേ വര ചൊല്ല്..... "

ഒരു നിമിഷം ദേവിനെ മറന്ന് എങ്ങനെ അത് പറഞ്ഞുവെന്നറിയില്ല. പക്ഷേ ഈ നിമിഷം അപ്പയോളം വലുത് ഒന്നുമില്ല. അതുവരെ അപ്പയുടെ മുഖത്തുണ്ടായിരുന്ന ഭയത്തിന്റെ കാർമേഘങ്ങളൊക്കെയും കാറ്റ് കൊണ്ടുപോയത് ആ ഒറ്റ നിമിഷത്തിലായിരുന്നു. ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിക്കുമ്പോൾ ആ താളം തെറ്റിയ ഹൃദയമിടിപ്പ് കാതിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു. " ദേവ്......!!!!! " അപ്പോഴും ഹൃദയമാ പേര് വിളിച്ച് അലമുറയിടുന്നുണ്ടായിരുന്നു. " ഇപ്പോ എപ്പടി പദ്മ.... അവ ഏ കണ്ണ്...... " ആനന്താശ്രുക്കളോടെ മകളേ ചേർത്തുപിടിച്ച് ഊറ്റം കൊള്ളുന്ന ആ പിതാവിനെ നോക്കി പദ്മ നിറകണ്ണുകളോടെ പുഞ്ചിരിച്ചു. " മ്മ്ഹ്...... മോള് ഉറങ്ങിക്കൊ.... നാളെ രാവിലെ അവര് വരും. പുലർച്ചെ കുളിച്ച് കോവില്ക്ക് പോണം. സുന്ദരിയായിരിക്കണം അപ്പാവുടെ കണ്ണ്..... " അത്യാനന്തത്തിൽ പറയുന്ന ആ മനുഷ്യനോട്‌ മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.

എല്ലാത്തിനും തല കുലുക്കി. " വാഡോ..... മോള് ഉറങ്ങട്ടെ. ശിവനെ ഒന്ന് വിളിക്കട്ടേ..... " വാതിൽ ചാരി അവരിരുവരും പുറത്തേക്ക് പോയിട്ടും ആ കാലടികൾ അകന്ന് പോകുന്നത് കാത്ത് വായ അമർത്തിപൊത്തി വാതിലിൽ ചാരി നിന്നു. കോണിപ്പടിയിറങ്ങുന്ന കാലടികളുടെ ഒച്ചയവസാനിച്ചതും ഒരു കുത്തൊഴുക്കിൽ പെട്ടത് പോലെ കിടക്കയിലേക്ക് അലച്ചുവീണ് നെഞ്ചുലഞ്ഞ് കരയുമ്പോൾ മനസ്സിൽ ആ മുഖവും സിരകളിൽ ആ ഗന്ധവും മാത്രമേയുണ്ടായിരുന്നുള്ളു. " ദേവ്......!!!! " ആ പേരും വിളിച്ച് ഇരുളിനെ കീറിമുറിച്ചുകൊണ്ട് ലക്ഷ്യമില്ലാതെ ഓടാൻ ഹൃദയം വെമ്പുന്നു. അവനെ കാണും വരെ ഒരു ഭ്രാന്തിയെപ്പോലെ ഓടണം. ഒടുവിൽ ആ നെഞ്ചിലേക്ക് പിടഞ്ഞുവീഴണം. അങ്ങനെയങ്ങനെ എന്തൊക്കെയോ പാഴ്മോഹങ്ങൾ ഹൃദയമീർന്ന് മുറിച്ചുകൊണ്ടിരുന്നു.

എന്തിനാ ദൈവമേ ഞാനിതിന് സമ്മതിച്ചത്....??? പറഞ്ഞുടാരുന്നോ എനിക്ക്....??? ദേവ്...... ദേവിനെ അല്ലാതെ മറ്റാരെയും എനിക്ക്......???? ------------------------------- പക്ഷേ എന്തിന് വേണ്ടി.....??? ആർക്ക് വേണ്ടി കാത്തിരിക്കുന്നോ അവന് ഞാൻ ആരുമല്ലല്ലോ..... ഈശ്വരാ ചിന്തിക്കാൻ പോലും വയ്യല്ലോ..... നെഞ്ചിൽ ഒരായിരം മുറിവുകൾ രക്തം ചിന്തും പോലെ. പക്ഷേ..... പക്ഷേ അതാണ് സത്യം. ദേവിന് വേണ്ടാത്ത സോജ മറ്റാരെ കാത്തിരിക്കാൻ....??? പക്ഷേ..... പക്ഷേ നാളെ വരാൻ പോകുന്ന ആ മനുഷ്യൻ എന്ത് തെറ്റ് ചെയ്തിട്ടാ..... മനസ്സിൽ മറ്റൊരുവനെ പേറുന്ന , ശരീരം കൊണ്ടവനെ പ്രാപിച്ചവളെ താലി ചാർത്താൻ മാത്രം പാപങ്ങൾ ചെയ്തവനാകുമോ വരാൻ പോണത്....??? ഈശ്വരാ എന്തൊക്കെ പാപങ്ങളാ നീയെന്നേക്കൊണ്ട്‌ ചെയ്യിക്കുന്നത്.....??? ഓർക്കും തോറും ഹൃദയം പിടയുന്നു. വയ്യ......

ആരെയും ചതിക്കാൻ വയ്യ..... ശരീരവും മനസും ഒരുപോലെ അശുദ്ധമാക്കപ്പെട്ട് ഒന്നുമറിയാത്ത ഒരു പാവത്തിന്റെ ജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറി ചെല്ലാൻ വയ്യ..... സമയം കടന്നുപോകുന്നതിനൊപ്പം തന്നെ ചിന്തകളും മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു. " ആ നേരം അപ്പാവേ മാത്രമേ കണ്ടുള്ളു....ആ കണ്ണുകൾ നിറയരുതെന്നെ കരുതിയുള്ളൂ. പക്ഷേ ഇപ്പോ.... എടുക്കാൻ പോകുന്ന തീരുമാനത്തിന് ജീവന്റെ വിലയുണ്ട്. ദേവിനെ മറന്ന് മറ്റൊരു താലിക്ക് മുന്നിൽ കഴുത്ത് നീട്ടാൻ തനിക്ക് സാധിക്കില്ല. ആ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ടിക്കാൻ കഴിയില്ല. മറ്റൊരു പുരുഷനെ ശരീരം കൊണ്ടൊ മനസ് കൊണ്ടൊ സ്വീകരിക്കാനും കഴിയില്ല. അതിലുപരി.....ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടാൻ പാടില്ല. പക്ഷേ..... അപ്പ......??? ജീവിതം തന്നെയൊരു ചോദ്യചിഹ്നമായി തലയ്ക്ക് മുന്നിൽ തൂങ്ങിയാടുന്നു.

നിമിഷങ്ങൾ ഒച്ചിനെ പോലെ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. നേരം പുലരുകയാണ്. ഒരു തീരുമാനം എടുത്തേമതിയാകു. ഒടുവിൽ ഒരുറച്ച തീരുമാനമെടുത്തുകൊണ്ട് കിടക്കയിൽ നിന്നും എണീക്കുമ്പോൾ മനസൊട്ടും തന്നെ പതറിയിരുന്നില്ല. ശരീരത്തിനും മനസിനും വല്ലാത്തൊരു ശക്തി പ്രാപ്യമായത് പോലെ. ടേബിളിൽ ഉണ്ടായിരുന്ന ബ്ലേഡ് എടുത്തുകൊണ്ട് ബാത്‌റൂമിലേക്ക് നടക്കുമ്പോൾ കാലുകൾ ഒട്ടും തന്നെ പതറിയില്ല. ഒരു മുഖങ്ങളും മനസ്സിനെ തിരികെ വിളിച്ചതുമില്ല. " മാപ്പ് അപ്പ.... അമ്മ..... ദേവ്...... " മൂർച്ചയേറിയ ബ്ലേഡിന്റെ തണുപ്പ് കൈത്തണ്ടയിലെ ഞരമ്പിൽ നിന്നും സിരകളിലേക്ക് പടർന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story