പവിത്രയുടെ മാത്രം: ഭാഗം 25 – അവസാനിച്ചു

പവിത്രയുടെ മാത്രം: ഭാഗം 25 – അവസാനിച്ചു

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ തന്നെ കുളിച്ച് റെഡിയായിരുന്നു പവിത്ര…. മേഘയും കുടുംബവും രാവിലെ വന്നിരുന്നു… ഒരുക്കാൻ ആതിരയും ഉത്തരയും രേണുകയും മേഘയും ധാരാളമായിരുന്നു…. അപ്പോഴാണ് മുറ്റത്തൊരു കാർ വന്നിറങ്ങിയത് അതിൽനിന്നും ഗൗരി ഇറങ്ങിയിരുന്നു…. ഗൗരിയെ കണ്ടപ്പോൾ തന്നെ ആനന്ദിന് മനസ്സിലായിരുന്നു… അവളെ കൂട്ടി പവിത്രയുടെ അരികിലേക്ക് കൊണ്ടുചെന്നാക്കി… ഗൗരിയെ കണ്ടതും സന്തോഷമായിരുന്നു പവിത്രക്ക്… ഓടിച്ചെന്ന് കെട്ടിപിടിച്ചു… “ചേച്ചി വരില്ല എന്നാണ് ഞാൻ കരുതിയത്… “നിന്റെ വിവാഹത്തിന് ഞാൻ വരാതെ ഇരിക്കുമോ… ബാഗിൽ നിന്നും ഒരു സ്വർണ്ണ വള എടുത്ത് അവളുടെ കൈകളിൽ അണിഞ്ഞു… അവളറിയാതെ ഗൗരിയെ നോക്കിപ്പോയി… നീ എൻറെ സഹോദരി അല്ലേ… എന്തുവന്നാലും നിന്നെ മറക്കാൻ എനിക്ക് കഴിയുമോ… നിനക്ക് നല്ലൊരു ജീവിതം കിട്ടിയതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരു വ്യക്തി ഞാനാണ്…

എനിക്ക് സമാധാനമായി…. എൻറെ മോൾക്ക് സമാധാനമായി ഇനി ജീവിക്കാം… ആരുടെയും ഒരു മോശപ്പെട്ട നോട്ടം ഇനിമേലിൽ ഉണ്ടാവില്ല…. സുരക്ഷിതമായ ഒരു കൈകളിൽ നിനക്ക് ഇനിമുതൽ അന്തിയുറങ്ങാം… ഗൗരി അത് പറയുമ്പോൾ താനും ആ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട് എന്ന് പവിത്രക്ക് തോന്നിയിരുന്നു… പക്ഷേ ദിലീപേട്ടൻ കാരണമാണ് സത്യത്തിൽ തനിക്ക് ഈ ജീവിതം തന്നെ കിട്ടിയത്… അന്നത്തെ ആ സംഭവം ആണ് തന്റെ ജീവിതം മാറിമറിയുന്നത്… അന്ന് ആണ് സാർ തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്… പവിത്ര ഓർമ്മകളിലേക്ക് ചേക്കേറുകയായിരുന്നു…. “ഞാൻ പുറത്തു് ഉണ്ടാകും… ഗൗരി പുറത്തേക്ക് പോയി… “ഡി പ്രിയ നീയാണ് സാറിന്റെ വൈഫ്‌ എന്ന് അറിയുമ്പോൾ ഞെട്ടും… പ്രിയ മാത്രം അല്ല… അങ്ങേരെ വായിനോക്കിയ സകല അവളുമാരും… മേഘ പറഞ്ഞു… ചുവന്ന പട്ടിൽ അത്യാവശ്യം ആഭരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും അവൾ സുന്ദരി ആയിരുന്നു…. തലയിൽ നിറയെ മുല്ലപ്പൂ ചൂടി നീണ്ട മുടിയിഴകൾ.

പിന്നി ഇടുമ്പോൾ ഒരു ഭഗവതി രൂപം പോലെ സുന്ദരിയായിരുന്നു പവിത്ര…. കണ്ടുനിന്ന എല്ലാവരിലും കുളിർമ തോന്നുന്ന ഒരു രൂപമായി അവൾ മാറുന്നത് എല്ലാവരും അറിയുന്നുണ്ടായിരുന്നു…. മാധവിഅമ്മ സന്തോഷപൂർവ്വം മരുമകളെ നോക്കുകയായിരുന്നു…. അമ്മയുടെ നിറഞ്ഞ കണ്ണുനീർ തൻറെ നേർക്ക് നീളുന്നത് കണ്ടപ്പോൾ പവിത്രയുടെ മനസ്സിൽ സമാധാനം ആയിരുന്നു…. ആ കണ്ണുനീർ സന്തോഷത്തിന്റെ ആണെന്ന് അവൾക്കറിയാമായിരുന്നു…. വർഷങ്ങളായി അമ്മ കാണാൻ കൊതിച്ച നിമിഷം….. ആദ്യം അമ്മയ്ക്ക് ദക്ഷിണ കൊടുക്ക് മോളെ…. സാറിന്റെ അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു തോന്നിയത്…. അല്ലെങ്കിലും താൻ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു…. പക്ഷേ ആ മനസ്സിൽ നിറയെ അപ്പോൾ വ്യാകുലതകൾ ആയിരുന്നു…. ആരെങ്കിലും തന്നെ മാറ്റിനിർത്തുമോ എന്നുള്ള പേടി ആയിരിക്കാം എന്ന് തോന്നിയിരുന്നു….

Share this story