💞 പെയ്‌തൊഴിയാതെ💞 : ഭാഗം 20

peythozhiyathe rafeena

രചന: RAFEENA MUJEEB

 " കൃപയെ കോളേജിലിറക്കി ധ്രുവ് നേരെ വിട്ടത് ഓഫീസിലേക്കാണ്, പാർക്കിങ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഡോർ തുറന്നിറങ്ങാൻ നേരമാണ് കൃപയുടെ കൊലുസൊരെണ്ണം താഴെ വീണു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. അവനതെടുത്ത് തന്റെ മുഖത്തിന് നേരെ ഉയർത്തിപ്പിടിച്ച് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി, എന്തൊരു ജാഡയാ എന്റെ തമ്പ്രാട്ടിക്ക്, നേർക്കുനേർ കണ്ടാൽ ചാടിക്കടിക്കാൻ വരും, നീ അറിയുന്നുണ്ടോ നിന്നോട് വഴക്കിടുന്ന ഓരോ നിമിഷം ഞാനത് ആസ്വദിക്കുകയാണെന്ന്, ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരികയാണെന്ന്, ഈ ഹൃദയം മുഴുവൻ എന്റെ തമ്പ്രാട്ടിയാണെന്ന്, ഇത് വല്ലതും നീ അറിയുന്നുണ്ടോ പെണ്ണേ ...? എന്നാണീ പെണ്ണ് എന്നെയൊന്നു മനസ്സിലാക്കുക, അവൻ സ്നേഹത്തോടെ ആ കൊലുസിലൊന്ന് ചുംബിച്ചു, അതുതന്റെ പേഴ്സിൽ ഭദ്രമായി എടുത്തുവെച്ച് അവൻ ഓഫീസിലേക്ക് കയറിപ്പോയി. ••••••••••••••••••••••••••••••••••••••••••••••

ജോലിക്ക് ചേർന്ന് ഒരാഴ്ച്ച പിന്നിട്ടപ്പോഴേക്കും അനന്ദുവിനും ദാസനും ആ ജോലിയുമായി ഇണങ്ങിച്ചേർന്നു, പതിയെ പതിയെ അവരാ ജോലിയെ ഇഷ്ടപ്പെട്ടു തുടങ്ങി, സ്വന്തമായി രണ്ട് രൂപ സമ്പാദിക്കുന്നത് ഒന്ന് വേറെ തന്നെയാണെന്ന് അവർക്ക് മനസ്സിലായി, വെള്ളമടി സ്വഭാവം വൈഷു നിർത്തിച്ചത് കൊണ്ട് രണ്ടുമൂന്നു ദിവസം ഒരുപാട് കഷ്ടപ്പെട്ടുവെങ്കിലും ആ ഒരു ദുശ്ശീലവും അവരിൽ നിന്നും പൂർണ്ണമായി മാറി, പതിയെ അവർ രണ്ടുപേരും വൈഷുവിനെ അംഗീകരിക്കാൻ തുടങ്ങി, വൈഷു അവരോട് ആ പഴയ സ്വാതന്ത്ര്യത്തോടെ ഇടപഴകാൻ തുടങ്ങി, പക്ഷേ അപ്പോഴും അവൾ മാറ്റിനിർത്തിയ ഒരാളുണ്ടായിരുന്നു "ദത്തൻ!! അവനിൽ നിന്ന് അവൾ പൂർണ്ണമായി അകന്നു, അവനെ നേരിൽ കാണുന്ന സാഹജര്യങ്ങൾ അവൾ പരമാവധി ഒഴുവാക്കി ദാസനും അനന്ദുവുമായി സംസാരിക്കുന്നതിനിടയിൽ ദത്തൻ വന്നാൽ അവൾ അവിടെനിന്നും ഒഴിഞ്ഞുമാറും, ദത്തനുമത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു, വൈഷ്ണവി തന്നിൽ നിന്ന് മനപ്പൂർവ്വം ഒഴിഞ്ഞുമാറുകയാണെന്ന് അവനു മനസ്സിലായി, ദാസന്റെയും അനന്ദുവിന്റെയും വെള്ളമടി നിർത്താൻ വേണ്ടി ആയിരിക്കും അവൾ തന്റെ കൂടി നിർത്തിച്ചത് അല്ലാതെ തന്നോട് സ്നേഹം ഉണ്ടായിട്ടൊന്നുമല്ല,

ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ല, ടീച്ചറുടെ മനസ്സ് എന്താണെന്ന് ഉടനെ കണ്ടെത്തണം, അവള് വലിയ ടീച്ചർ ആണെങ്കിൽ ഞാൻ അതിനും മുകളിലാണ്, നമ്മളോടാ കളി!!, കളി എന്താണെന്ന് ഇനി അവൾ കാണാൻ പോകുന്നതേയുള്ളൂ ദത്തൻ മനസ്സിൽ ചില പദ്ധതികൾ പ്ലാൻ ചെയ്തു. ************ രാവിലെ നേരത്തെ എഴുന്നേറ്റ് കഴിഞ്ഞ വർഷം ഓണത്തിന് മുത്തശ്ശി തന്ന സെറ്റ് സാരിയുമെടുത്ത് കയ്യിൽ കറുത്ത കുപ്പിവളകളും നെറ്റിയിൽ കറുത്തൊരു കുഞ്ഞി പൊട്ടും, കാതിൽ നല്ലൊരു ജിമിക്കിയുമെടുത്തിട്ട് ഒരു നാടൻ പെൺകുട്ടിയെപ്പോലെ ഒരുങ്ങി കണ്ണാടിയിൽ സൗന്ദര്യം ആസ്വദിച്ച് നിൽക്കുകയാണ് കൃപ, ഉള്ളിൽ തനി കൂതറയാണെങ്കിലും ഒറ്റനോട്ടത്തിൽതന്നെ ഇപ്പോൾ കണ്ടാൽ അത്യാവശ്യം ഐശ്വര്യം മൊക്കെ വാരിവിതറുന്നുണ്ട്, അവൾ സ്വയം തന്റെ സൗന്ദര്യം ആസ്വദിച്ചുക്കൊണ്ട് ഓരോന്ന് പിറുപിറുത്തു, കഴിഞ്ഞില്ലേ കുട്ട്യേ എത്ര നേരമായി ഒരുങ്ങാൻ തുടങ്ങിയിട്ട് ഇനിയും വൈകിയാൽ നടയടയ്ക്കും താഴെ എല്ലാവരും നിനിക്ക് വേണ്ടി കാത്തു നിൽക്കുവാ, പെട്ടന്ന് ഒരുങ്ങി താഴേക്ക് വരാൻ നോക്ക്, യാശോദ വാതിൽക്കൽ വന്ന് എത്തി നോക്കിക്കൊണ്ട് കൃപയോട് പറഞ്ഞു. കഴിഞ്ഞമ്മായി ഇത്തിരി മിനിക്ക് പണികൾ കൂടിയേ ഉള്ളൂ,

അമ്മായി താഴേക്ക് പൊക്കോ അപ്പോഴേക്കും ഞാൻ വരാം യശോദയെ നോക്കി ചിരിച്ചു കൊണ്ട് കൃപ പറഞ്ഞു, നീ പെട്ടന്ന് വരാൻനോക്ക്,നല്ലൊരു ദിവസമായിട്ട് അമ്മയുടെ വായിൽ നിന്ന് കേൾക്കേണ്ട, ഞാനിതാ എത്തി എന്റെ പൊന്നമ്മായി , എങ്ങനെയുണ്ട് ഇപ്പോൾ എന്നെ കാണാൻ യാശോദയ്ക്ക് മുൻപിൽ എളിയിൽ കൈക്കുത്തി നിന്നുക്കൊണ്ടവൾ ചോദിച്ചു. എന്റെ മോള് ഒന്നുകൂടി സുന്ദരിയായി, ഇപ്പോൾ കണ്ടാൽ ആരും ഒന്ന് കണ്ണ് വെക്കും എന്നും പറഞ്ഞ് തന്റെ കണ്ണിൽ നിന്നും ഇത്തിരി മഷി എടുത്ത് അവളുടെ കവിളിൽ തൊട്ടു കൊടുത്ത് യശോദ ഒന്ന് ചിരിച്ചു. ഇനി കിന്നാരം പറഞ്ഞിരുന്നാൽ നേരം വൈകും മോളെ താഴേക്ക് വാ, അല്ലെങ്കിൽ അമ്മയ്ക്ക് ദേഷ്യം വരും അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചശേഷം യശോദ അതും പറഞ്ഞു താഴേക്കിറങ്ങി. അവൾ ഒന്നുകൂടി കണ്ണാടിക്ക് മുമ്പിൽ നിന്ന് മുഖത്ത് ഒന്നുകൂടി പൗഡറിട്ട് ബെഡിൽ കിടന്നിരുന്ന തന്റെ ഫോണെടുത്ത് സ്വിച്ച് ഓണാക്കി. ഫോൺ ഓണായതും മെസ്സേജുകളുടെ ഒരു പ്രവാഹമായിരുന്നു, ഒന്നും ഓപ്പണാക്കാതെ ഫോണെടുത്ത് താഴേക്ക് ഇറങ്ങുമ്പോഴേക്കും അവൾ പ്രതീക്ഷിച്ച വിളിയെത്തി. അവൾ സന്തോഷത്തോടെ തന്നെ ആ കോൾ എടുത്തു.

മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ എന്റെ ചക്കര കുട്ടിക്ക് മറു തലയ്ക്കൽ നിന്നും കൃതിയുടെ ശബ്ദം അവളെ കൂടുതൽ സന്തോഷത്തിലാക്കി, താങ്ക്യൂ ചേച്ചി, ചേച്ചിയുടെ വിഷ് ആദ്യം അത് കിട്ടാതെ ഞാൻ താഴേക്കിറങ്ങില്ലെന്നു വിചാരിച്ചിരുന്നതാ , ഫ്രണ്ട്സ് രാത്രി തന്നെ വിളി തുടങ്ങും എന്നറിയാവുന്നതക്കൊണ്ട് ഫോണ് ഈ നിമിഷം വരെ ഞാൻ സ്വിച്ച് ഓഫ് ആക്കി വെച്ചു, എനിക്ക് എന്നത്തെയും പോലെ എന്റെ ചേച്ചിയുടെ വിഷാണ് ആദ്യം വേണ്ടത് , അതിനിയെത്ര ദൂരെ ആയാലും അതിനൊരു മുടക്കം വരുത്തരുതെന്ന് ഞാൻ ആഗ്രഹിച്ചു . അതെനിക്ക് അറിയാടീ ചക്കരേ, അതുകൊണ്ട് ഇന്നലെ രാത്രി മുതൽ ഞാൻ വിളിക്കുന്നതാ, പക്ഷേ നിന്റെ ഫോൺ ഓഫ് ആയതുക്കൊണ്ട് ഇപ്പോഴാണ് കോൾ ഒന്ന് കണക്ട് ആയത്. ഞാൻ ചേച്ചി ഇനി മറന്നു പോയെങ്കിലോ എന്ന് വിജാരിച്ചാണ് ഫോൺ ഓഫ് ചെയ്തത്, ഫ്രണ്ട്സ് പന്ത്രണ്ടു മണിയാവാൻ നോക്കിയിരിക്കുകയാണ്, എങ്ങാനും അവരുടെ വിഷ് ആയാലോ ആദ്യം അതോർത്ത് പേടിച്ച് ഓഫാക്കിയിട്ടതാ . ഞാനങ്ങനെ മറന്നുപോകുമോ അങ്ങനെ മറക്കാനുള്ള കാര്യമാണോ നീ ജനിച്ച ദിവസം....? കൃതി നിരാശയോടെ പറഞ്ഞു. സോറി ചേച്ചി ചേച്ചി വയ്യാതെ ഇരിക്കുകയല്ലേ..? ഞാൻ അതൊക്കെ ഓർത്താണ് എന്നോട് ക്ഷമിക്ക് അവൾ ഒരു കുഞ്ഞു കുട്ടിയെ പോലെ കൃതിയോട് കൊഞ്ചി.

അതൊക്കെ വീട് എന്തൊക്കെ അവിടെ വിശേഷം, കൃതി ആകാംക്ഷയോടെ ചോദിച്ചു. പതിവുപോലെ തന്നെ കാര്യങ്ങൾ എല്ലാവരും എനിക്ക് വേണ്ടി താഴെ കാത്തുനിൽപ്പുണ്ട് ഞാൻ അമ്പലത്തിൽ പോയി വന്നിട്ട് വിളിക്കാം ചേച്ചി, ഉമ്മ!!എന്നും പറഞ്ഞവൾ ഫോൺ വെച്ചു. താഴേക്ക് ചെല്ലുമ്പോൾ എല്ലാവരും തനിക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ട്. നാല്ലേടത്ത് ആരുടെ പിറന്നാളാണെങ്കിലും അന്നേദിവസം കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുന്നത് പതിവാണ്, ഇന്ന് വരെ അതിനൊരു മുടക്കം വരുത്താൻ നല്ലേടത്തമ്മ അനുവദിച്ചിട്ടില്ല, ക്ഷേത്രദർശനം കഴിഞ്ഞു വന്നാൽ നാല് തരം പായാസം കൂട്ടി നല്ല അടിപൊളി സദ്യ, അത് കുടുംബം ഒരുമിച്ചിരുന്ന് സന്തോഷത്തോടെ കഴിക്കും, കാലങ്ങളായി മുടങ്ങാതെ ആ കുടുംബം ചെയ്തുപോരുന്ന ഒരു ആജാരമാണിത്, ആഘോഷത്തിൽ കൃതിയില്ല എന്ന സങ്കടം എല്ലാവരുടെ ഉള്ളിലുമുണ്ട്, കൃപ ഒരുങ്ങി വരുന്നത് എല്ലാവരും സന്തോഷത്തോടെ നോക്കി നിന്നു. ധ്രുവിന്റെ കണ്ണുകളിൽ അവൾ നിറഞ്ഞു നിന്നു, സാരിയിൽ അവൾ പതിവിലും സുന്ദരിയായിട്ടുണ്ട്, അണിഞ്ഞൊരുങ്ങി വരുന്നത് കണ്ടാൽ ദേവി മുന്നിൽ പ്രതീക്ഷപ്പെട്ടത് പോലെ തോന്നും ,

അവൻ അവളെ വായും പൊളിച്ചു നോക്കി നിന്നു. കൃപ അവർക്കെല്ലാം ഒരു പുഞ്ചിരി നൽകി കൃഷ്ണന്റെ അരികിൽ വന്നു നിന്നു. മോള് പോയി അച്ഛമ്മയുടെ അനുഗ്രഹം വാങ്ങിക്ക് അവളെ നോക്കി കൃഷ്ണൻ സ്നേഹത്തോടെ പറഞ്ഞു. കൃപ നല്ലേടത്തമ്മയുടെ കാലുകളിൽ വീണ് അനുഗ്രഹം വാങ്ങി. നല്ലേടത്തമ്മ മനസ്സറിഞ്ഞ് പ്രാർത്ഥിച്ച് അവളുടെ നെറുകയിൽ കൈകൾ വച്ച് നന്നായി വരും എന്ന് അനുഗ്രഹിച്ചു. അവളെ തന്റെകാലുകളിൽ നിന്ന് പിടിച്ചെഴുന്നേൽപ്പിച്ച് സ്നേഹത്തോടെ ചേർത്തുനിർത്തി നെറുകയിൽ ചുംബിച്ചു. നല്ലേടത്തിയമ്മയിൽ നിന്ന് അപൂർവ്വം കിട്ടുന്ന സ്നേഹ സമ്മാനങ്ങളാണ് അതൊക്കെ,ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അവർ പുറമേ അങ്ങനെ കാണിക്കാറില്ല, എല്ലാർക്കും മുമ്പിലും ഒരു കർക്കശക്കാരിയായിട്ടാണ് നിലകൊള്ളാറ് , പുറമേ അങ്ങനെയാണെങ്കിലും ഉള്ളിൽ ഒരുപാട് സ്നേഹമുണ്ടെന്ന് എല്ലാവർക്കുമറിയാം, അതുകൊണ്ടുതന്നെ ആ അമ്മയുടെ വാക്കുകൾക്ക് എതിരായി ഇന്നുവരെ ആരും നിന്നിട്ടില്ല, നല്ലേടത്തമ്മയുടെ വാക്കാണ് അവിടുത്തെ അവസാനവാക്ക്.

അവർ തന്റെ ആമാടപ്പെട്ടിയിൽ നിന്നും ഒരു പാലക്കാ മാലയെടുത്ത് കൃപയുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു, ഇവിടെ മണവാട്ടിയായി വന്ന അന്ന് നിന്റെ മുത്തശ്ശൻ എനിക്ക് തന്ന സമ്മാനമാണിത്, നിന്റെ മുത്തശ്ശന്റെ ഓർമ്മ ഇനിയിത് നിനക്കിരിക്കട്ടെ, അവർ അവളെ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞു. കൃപയ്ക്ക് ആ മാല നന്നായി ചേരുന്നുണ്ടായിരുന്നു. അവൾ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി. അവരുടെ വകയും കിട്ടി, ആഭരണമായിട്ട് തന്നെ, അങ്ങനെ ആ വീട്ടിലെ ഓരോ അംഗങ്ങളുടെയും അനുഗ്രഹം വാങ്ങി അവരുടെ എല്ലാ സ്നേഹ സമ്മാനം ഏറ്റുവാങ്ങി, ധ്രുവും അവൾക്കൊരു സമ്മാനം നൽകി നല്ല ഭംഗിയിൽ പൊതിഞ്ഞ ഒരു ചെറിയ ഒരു പെട്ടി, എല്ലാം കഴിഞ്ഞ് അവസാനമാണ് അവൾ ദത്തന്റെ അരികിലേക്ക് ചെന്നത് അവൾ ദത്തന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങിച്ചു, ഇവരെല്ലാം വിലമതിക്കാനാവാത്ത സമ്മാനം തന്നതല്ലേ....? ഇനി അതിനേക്കാൾ വലിയ വിലയുള്ള സമ്മാനം തരണ്ടേ ഈ ചെറിയച്ഛൻ എന്റെ കൃപുവിന് അവളെ നോക്കി ദത്തൻ പുഞ്ചിരിയോടെ പറഞ്ഞു. എല്ലാവരും അവന്റെ സമ്മാനം എന്താണെന്നറിയാൻ കൗതുകത്തോടെ നോക്കിനിന്നു..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story