ധ്രുവികം: ഭാഗം 01

druvikam

A story by സുധീ മുട്ടം

ഇന്നാണെന്റെ വിവാഹം. ശരിക്കും പറഞ്ഞാൽ ഞാൻ സുമംഗലിയാകുന്ന ദിനം. ഇന്ന് ഏതൊരു പെൺകുട്ടിയേയും പോലെ സന്തോഷിക്കേണ്ട ദിവസം. പക്ഷേ എനിക്കതിന് കഴിഞ്ഞിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും രണ്ടു പെണ്മക്കളിൽ മൂത്തവൾ..വീട്ടിൽ കാര്യമായ സമ്പാദ്യമൊന്നും ഇല്ലെങ്കിൽ കൂടിയും സന്തോഷമായാണ് കഴിഞ്ഞിരുന്നത്. അച്ഛന്റെ വാത്സല്യവും അമ്മയുടെ സ്നേഹവും ആവോളം നുകർന്ന് സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിച്ചത്. ഞാൻ ധ്രുവിക..വയസ് ഇരുപത്തിയൊന്ന്..എനിക്ക് ഇളയത് വൈഭമി പത്തൊമ്പത് വയസ്സ്.രണ്ടു വയസ്സിനുളള വ്യത്യാസം ഞങ്ങൾ തമ്മിൽ ഉണ്ടെങ്കിലും ഇണപിരിയാത്ത സൗഹൃദങ്ങളായിരുന്നു.എനിക്കും അവൾക്കും ഇടയിൽ രഹസ്യങ്ങളൊന്നും ഇല്ല. അച്ഛനും അമ്മയും ഒരുപാട് നേർച്ചകൾ നടത്തിയ ശേഷമാണ് ഞാൻ ജനിക്കുന്നത്.വിവാഹം കഴിഞ്ഞു പത്ത് വർഷത്തോളം മക്കൾ ജനിക്കാഞ്ഞതോടെ ട്രിറ്റ്മെന്റും നേർച്ചകളുമായി ഹോസ്പിറ്റലും ക്ഷേത്രങ്ങളുമായി കയറിയിറങ്ങി. പൂർവ്വികരുടെ ജന്മസുകൃതമോ പ്രാർത്ഥനയുടെയോ ട്രീറ്റ്മെന്റിന്റെയോ ഫലമാകാം അമ്മ പ്രഗ്നന്റായി.പിന്നീടങ്ങോട്ട് എന്റെ ജനനത്തോടെ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.

രണ്ടു വർഷം കഴിഞ്ഞതോടെ എനിക്ക് കൂട്ടായി അനിയത്തിയെത്തി..വൈഭമി. താമസിച്ചു മക്കൾ പിറന്നതെങ്കിലും അച്ഛനും അമ്മയും രാജകുമാരികളെ പോലെ ഞങ്ങളെ വളർത്തിയത്. "എനിക്ക് പെണ്മക്കളായാലും അവർക്ക് കഴിയാവുന്നത്രയും ഞാൻ പഠിപ്പിക്കും..സ്വന്തമായൊരു ജോലി വേണം.ഒരാവശ്യത്തിനും മറ്റുളളവർക്ക് മുമ്പിൽ കൈകൾ നീട്ടാനിട വരരുത്" അച്ഛൻ എപ്പോഴും ഞങ്ങളെ ഓർമ്മപ്പെടുത്തിയിരുന്നു.. "ശേഖരാ നിനക്കുള്ളത് രണ്ട് പെണ്മക്കളല്ലേ കെട്ടിച്ചു വിടാനുളള സമ്പാദ്യമൊക്കെ സൂക്ഷിച്ചു വെച്ചിട്ടുണ്ടോ" എന്ന് ചോദിക്കുന്നവരോടൊക്കെ പുഞ്ചിരി തൂകിയട്ട് സൗമ്യമായി പറയും.. "എന്റെ പെണ്മക്കളാണ് എന്റെ സമ്പാദ്യം.. അവരെ സ്വതന്ത്രമായി ആകാശത്തിലേക്ക് പറന്ന് നടക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. അല്ലാതെ കൂട്ടിലടച്ചു വളർത്താനല്ല" പക്ഷേ വിധി എത്ര പെട്ടന്നാണ് ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്തിയത്..രണ്ടു വർഷം മുമ്പേ അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൂട്ടിക്കൊണ്ട് പോയി.

അച്ഛന്റെ മരണം അമ്മയെ ആകെ തളർത്തിയിരുന്നു.അച്ഛന്റെ തണലിൽ ആയിരുന്നു അമ്മ.സ്വന്തമായൊരു ജോലിയില്ലാത്തതിന്റെ കുറവ് അന്നാദ്യമായി അറിഞ്ഞു.എന്നിട്ടും തളരാതെ കൂലിപ്പണി എടുത്ത് അമ്മ ഞങ്ങളെ അമ്മ പഠിപ്പിച്ചു അമ്മ വീണു പോകും വരെ.അതോടെ ഞങ്ങളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. സ്വന്തമായി ഒരു ജോലിക്ക് ഞാൻ ശ്രമിച്ചു. അനിയത്തിയുടെ പഠിപ്പും വീട്ടിലെ അടുപ്പും പുകയണം.അവൾക്ക് നല്ലൊരു ഭാവിയായാൽ അവളെങ്കിലും രക്ഷപ്പെടുമെന്ന് കരുതി.. ആയിടക്കാണ് അകന്ന ബന്ധത്തിലൊരാൾ വിവാഹാലോചനയുമായി വീട്ടിലെത്തുന്നത്. "നമുക്ക് എന്തുകൊണ്ടും പറ്റിയ നല്ലൊരു ബന്ധമാണ്.ധ്രുവികയെ എവിടെയോ കണ്ടു ഇഷ്ടമായതാത്രേ" അമ്മയോട് കേശവമാമ സംസാരിക്കുന്നതും കേട്ടാണ് ജോലി കഴിഞ്ഞു ഞാൻ കയറി വരുന്നത്.അമ്മയുടെ ദയനീയമായ കണ്ണുകൾ എനിക്ക് നേരെ നീണ്ടുവന്ന് നിറയുന്നത് കണ്ടു. "കേട്ടോ മോളേ..നീയൊന്ന് മനസ്സ് വെച്ചാൽ അമ്മയുടെ ട്രീറ്റ്മെന്റും അനിയത്തിയുടെ പഠിപ്പും നടക്കും" "കേശവമാമാക്ക് വേറെന്തെങ്കിലും പറയാനുണ്ടോ?" ഞാൻ രൂക്ഷമായി നോക്കി. "മോളേ ഒന്നുകൂടി നന്നായി ആലോചിക്കൂ..ചന്ദ്രോത്തെ രാജേശ്വരി അമ്മയുടെ ഒരേയൊരു മകനാണ്. ദേവദത്ത്" "ദേവദത്ത്..." ആ പേര് കേട്ടതോടെ എന്റെ മുഖത്ത് വെറുപ്പ് തെളിഞ്ഞു.പണത്തിന്റെ ഹുങ്ക് കാണിക്കുന്ന തെമ്മാടി.

പാടത്തൊരു ഈർക്കലിയിൽ സാരിത്തുമ്പ് കണ്ടാൽ മതി പിന്നാലെ മണത്ത് പോകും.വഷളൻ. "പറഞ്ഞു കഴിഞ്ഞെങ്കിൽ കേശവമാമക്ക് പോകാം" ദേഷിച്ചയെന്റെ മുഖം കണ്ടും കിട്ടാവുന്ന ക്യാഷും നഷ്ടപ്പെട്ടതിന്റെ നിരാശ ഇറങ്ങിപ്പോകുന്നയാളുടെ മുഖത്ത് കണ്ടു. "വേണ്ടമ്മേ നമുക്കീ ബന്ധം. അരപ്പട്ടിയാണേലും ആത്മാഭിമാനം പണയം വെയ്ക്കാൻ വയ്യ" നിറഞ്ഞൊഴുകിയ അമ്മയുടെ മിഴികൾ വിരലാൽ തുടച്ചു കളഞ്ഞു. എന്റെ അഭിപ്രായം ആയിരുന്നു വൈഭമിക്കും. "അവനെ പോലൊരു തെമ്മാടിയെ കെട്ടിയാൽ ചേച്ചീടെ ജീവിതം ഒരുമുഴം കയറിൽ അവസാനിപ്പിക്കേണ്ടി വരും" ശരിയാണ് അവനെ പോലൊരു തെമ്മാടിയുടെ കൂടെ ജീവിച്ചാൽ ആത്മഹത്യ ചെയ്യേണ്ടി വരും.. അമ്മക്കും വൈഭമിക്കുമൊപ്പം പിന്നെയും കുറച്ചു ദിവസങ്ങൾ പിന്നിട്ടു. അപ്രതീക്ഷിതമായി എനിക്ക് ജോലി നഷ്ടപ്പെട്ടു. വീണ്ടുമൊരു ജോലി തേടി അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. എല്ലാത്തിനും പിന്നിൽ അവനായിരുന്നു ദേവദത്ത്. വീട്ടിൽ പട്ടിണി ഉടലെടുത്തതോടെ എനിക്ക് മുന്നിൽ മറ്റ് വഴികളില്ലാതെയായി.ഞാൻ കേശവമാമയെ ചെന്നു കണ്ടു. "ഹും..നിനക്ക് എന്തൊരു അഹങ്കാരമായിരുന്നു..

പട്ടിണി ആയപ്പോഴേക്കും ആത്മാഭിമാനം എവിടെ പോയെടീ" തല കുനിച്ചു നിന്ന് അയാൾ പറയുന്നത് മുഴുവനും കേട്ടുനിന്നു..അനിയത്തിയുടെ പഠിപ്പും അമ്മയുടെ ട്രീറ്റ്മെന്റും ആയിരുന്നു മനസ്സിൽ മുഴുവനും. "ദേവൻ കുഞ്ഞ് സമ്മതിക്കുമോന്ന് അറിയില്ല..ഞാനൊന്ന് തിരക്കിയട്ട് പറയാം" കേശവമാമ അയഞ്ഞതോടെ തല കുനിച്ചു നടന്നു..എനിക്ക് മുമ്പിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ കേശവമാമ വീട്ടിലെത്തി. "നിനക്ക് ഭാഗ്യമുണ്ട്..നിന്നെ ഒരാളെ മതിയത്രേ" പുറമേക്കൊരു പുഞ്ചിരിയുടെ ആവരണം തീർത്തപ്പോഴും മനസ് ഉരുകി തീർന്നു..ബലിയാടായി മാറാനുളള മിണ്ടാപ്രാണിയുടെ വെപ്രാളമായിരുന്നു എനിക്ക്. വൈഭമി എതിർത്തെങ്കിലും ഓരോന്നും പറഞ്ഞു അവളെ സമാധാനിപ്പിച്ചു..അങ്ങനെ ഒടുവിലാ സുദിനമെത്തി എന്റെ വിവാഹ ദിവസം. "ഒന്ന് ചിരിക്കുകയെങ്കിലും ചെയ്യ്..ആരെങ്കിലും കരുതും ഇഷ്ടമില്ലാതെ നിന്നെ പിടിച്ചു കെട്ടിക്കുകയാണെന്ന്" കാരണവരുടെ റോൾ ഏറ്റെടുത്ത കേശവമാമയുടെ ശബ്ദം ചിന്തളെ ഉണർത്തിയത്. എഴുന്നേറ്റു ഫ്രഷായി വരുമ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തിയിരുന്നു.. ചമയങ്ങൾ ഓരോന്നായും അണിയുമ്പോഴും മനസ്സിൽ അലറിക്കരഞ്ഞു. ദേവദത്തിന്റെ വീട്ടുകാർ നൽകിയ സ്വർണ്ണഭരണങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊന്നു..

മുഹൂർത്ത സമയം ആയപ്പോഴേക്കും നിറഞ്ഞ സദസ്സിനു മുന്നിൽ ഞാനെത്തി.എല്ലാവരെയും നോക്കി വണങ്ങിയട്ട് ഞാൻ കതിർമണ്ഡപത്തിലിരുന്നു.. എല്ലാവരും എത്തിച്ചേർന്നിരുന്നു...ശുഭ മുഹൂർത്തം ആകാൻ കുറച്ചു സമയം കൂടി മാത്രം മിന്നിത്തിളങ്ങി ദേവദത്ത് എത്തി.ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ എനിക്ക് സമീപമിരുന്നു. "ആരോട് ചോദിച്ചിട്ടാടീ കല്യാണ മണ്ഡപത്തിൽ കയറി ഇരിക്കുന്നത്" അയാളുടെ അലർച്ച അവിടെമാകെ മുഴങ്ങി..സദസ്സ് ഒരുനിമിഷം നിശ്ചലമായി. ഞാനാകെ ഞെട്ടിത്തരിച്ചു പോയി. "ഇത് ദേവദത്തിന്റെ കാശ് ചിലവാക്കി ഒരുക്കിയ കല്യാണ മണ്ഡപമാണ്.അല്ലാതെ നിന്നെ പോലൊരു ദരിദ്രവാസിയുടെ അല്ല.ഇറങ്ങിപ്പോടീ" അയാളുടെ ആക്രോശം കേട്ട് ഞാൻ വിറച്ചു പോയി..ആകെയൊരു സ്തംഭനാവസ്ഥ മാത്രം. ഉടലാകെ അഗ്നിയിൽ വെന്തുരുകി.ഒഴുകിയറങ്ങിയ മിഴിനീരിനെ വകഞ്ഞ് മാറ്റാൻ കഴിയാതെ നിശ്ചലമായി പോയി. എനിക്ക് മുന്നിൽ മറ്റൊരു പെൺകുട്ടിയെ അയാൾ താലി ചാർത്തിയത് നിറകണ്ണുകളോടെ കണ്ടു..എല്ലാവർക്കും മുമ്പിൽ അപമാനിതയായൊരു പെൺകുട്ടിയായി ഞാൻ മാറി.കരഞ്ഞോണ്ട് അവിടെ നിന്ന് ഇറങ്ങിയോടി... (തുടരും) അഭിപ്രായം അറിഞ്ഞിട്ട് ബാക്കി ഫുൾ ലെങ്ങ്തിൽ തരാം... ഇത് എഴുതി വെച്ചിരിക്കുന്ന സ്റ്റോറിയല്ല..എന്നാലും ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റും.... A story by സുധീ മുട്ടം

Share this story