ധ്രുവികം: ഭാഗം 02

druvikam

A story by സുധീ മുട്ടം

ഇത് ദേവദത്തിന്റെ കാശ് ചിലവാക്കി ഒരുക്കിയ കല്യാണ മണ്ഡപമാണ്.അല്ലാതെ നിന്നെ പോലൊരു ദരിദ്രവാസിയുടെ അല്ല.ഇറങ്ങിപ്പോടീ" അയാളുടെ ആക്രോശം കേട്ട് ഞാൻ വിറച്ചു പോയി..ആകെയൊരു സ്തംഭനാവസ്ഥ മാത്രം. ഉടലാകെ അഗ്നിയിൽ വെന്തുരുകി.ഒഴുകിയറങ്ങിയ മിഴിനീരിനെ വകഞ്ഞ് മാറ്റാൻ കഴിയാതെ നിശ്ചലമായി പോയി. എനിക്ക് മുന്നിൽ മറ്റൊരു പെൺകുട്ടിയെ അയാൾ താലി ചാർത്തിയത് നിറകണ്ണുകളോടെ കണ്ടു..എല്ലാവർക്കും മുമ്പിൽ അപമാനിതയായൊരു പെൺകുട്ടിയായി ഞാൻ മാറി.കരഞ്ഞോണ്ട് അവിടെ നിന്ന് ഇറങ്ങിയോടി... "അങ്ങനെയങ്ങ് പോയാലോ മോളേ വിവാഹ സദ്യകൂടി കഴിച്ചിട്ട് പോകാം"

കേശവമാമ ചുണ്ടിൽ പരിഹാസ പുഞ്ചിരിയുമായി വാതിൽ നിറഞ്ഞ് നിൽക്കുന്നത് കണ്ണുനീരിനിടയിലും കണ്ടു. "എന്ത് തെറ്റാണ് കേശവമാമേ ഞാൻ ചെയ്തത്? ഒരുവാക്ക് പറയാമായിരുന്നില്ലേ.വെറുതെ കോലം കെട്ടി ഒരുങ്ങി ഇറങ്ങില്ലായിരുന്നു" ഇടനെഞ്ച് പൊടിഞ്ഞ വേദനയോടെ ചോദിച്ചു..പെണ്ണിന്റെ നിസ്സഹായത ചൂഷണം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പൊള്ളുന്ന അവളുടെ മനസ്സ് കാണാൻ ആരും ശ്രമിക്കാറില്ല. "പറയ് കേശവമാമേ എന്നോടെന്തിനാ ഈ ചതി ചെയ്തത്. ഒരുദോഷവും ഞാൻ ചെയ്തട്ടില്ല.എന്റെ അമ്മക്കും അനിയത്തിക്കും വേണ്ടി സ്വയം ബലിയാടായതോ"

അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഉലച്ചു..വെറുപ്പോടെ ആൾ കൈ തട്ടിമാറ്റി. "ദേവൻ കുഞ്ഞിന്റെ ആലോചന കൊണ്ട് വന്നപ്പോൾ വെറുപ്പോടെ നീ തട്ടി എറിഞ്ഞില്ലേ.അതിന്റെ പ്രതികാരമാണെന്ന് കൂട്ടിക്കോളൂ" പുച്ഛത്തിലയാൾ പറയുന്നത് കേട്ട് ആൾക്കാർക്കിടയിൽ അടക്കിപ്പിടിച്ച സംസാരങ്ങളുണ്ടായി. മനപ്പൂർവ്വം ചതിക്കപ്പെടുകയായിരുന്നു..കേശവമാമ കൂടി അറിഞ്ഞോണ്ട്. "എന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചതാണോ ഞാൻ ചെയ്ത തെറ്റ് പറയാൻ" എന്റെ അലർച്ച നിറഞ്ഞ സദസ്സിനു മുന്നിൽ മുഴങ്ങിക്കേട്ടു..നാദസ്വരം മേളം നിലച്ചു..ഞാൻ പിന്നെയും കേശവമാമയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു.

"ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും..ഞാനൊഴുക്കിയ കണ്ണുനീരിന് പകരം നിങ്ങളും ഒരിക്കൽ കരയും.ഞാനാ പറയുന്നത് ധ്രുവിക" കരിനീല നയനങ്ങളിൽ മിഴിനീരിന്റെ ഉപ്പുരസം നിറഞ്ഞു.വയ്യ സഹിക്കാൻ കഴിയുന്നില്ല എത്രയൊക്കെ അടക്കിപ്പിടിച്ചിട്ടും.കരയരുതെന്ന് കരുതിയട്ടും പിന്നെയും മിഴിനീര് ഒലിച്ചിറങ്ങി. "നിന്റെ ശാപം ഫലിക്കുമെങ്കിൽ ഞാനങ്ങ് സഹിച്ചെടീ" ദേഷിച്ച് കേശവമാമ എന്നെ ആഞ്ഞ് തള്ളി..അപ്രതീക്ഷിതമായതിനാൽ നിലത്തേക്ക് വീണുപോയി.

"നിന്നോടല്ലേടി ഇറങ്ങിപ്പോകാൻ പറഞ്ഞത്" കലിതുള്ളി പാഞ്ഞു വന്ന ദേവദത്ത് എനിക്ക് മുമ്പിൽ നിന്നലറിപ്പറഞ്ഞത് കാതുകളിൽ തുളച്ചു കയറി. "ചന്ദോത്തെ രാജേശ്വരി അമ്മയുടെ മരുമകാളാനെന്ത് യോഗ്യതയാടി നിനക്കുളളത്" ദേവദത്ത് വീണ്ടും വീണ്ടും ആക്ഷേപിച്ചു..പലരിലും പുച്ഛം നിറയുന്നത് കണ്ടു. കൈകൾ നിലത്ത് കുത്തി പതിയെ എഴുന്നേറ്റു. "വേണ്ടെങ്കിൽ അത് പറഞ്ഞാൽ പോരായിരുന്നോ..എന്തിനാണ് ഇങ്ങനെയൊരു നാടകം" "നിനക്ക് പുച്ഛമായിരുന്നില്ലേടീ എന്റെ പേര് കേൾക്കുന്നത്.എന്നിട്ടും കല്യാണത്തിന് സമ്മതിച്ചത് എന്റെ സ്വത്തുക്കൾ കണ്ടായിരുന്നില്ലേ"

"ഹും സ്വത്തുക്കൾ.. എന്റെ അമ്മക്കും അനിയത്തിക്കും വേണ്ടിയാടോ ഇല്ലെങ്കിൽ തന്റെ താലിക്ക് തല കുനിക്കില്ലായിരുന്നു" നെഞ്ച് പൊടിയുന്ന വേദനയിലും പറഞ്ഞൊപ്പിച്ച ശേഷം ആരെയും ശ്രദ്ധിക്കാതെ അവിടെ നിന്ന് ഇറങ്ങി.പലരുടേയും പരിഹാസം നിറഞ്ഞ സൂചിമുനകൾ എന്നിലേക്ക് തറക്കുന്നത് അറിഞ്ഞു. എന്റെ മനസ്സാകെ കലങ്ങി മറിഞ്ഞു. മകൾ സുമംഗലിയാകുന്നതും പ്രതീക്ഷിച്ച് തളർന്നു കിടക്കുന്നെങ്കിലും പ്രതീക്ഷ നിറച്ച അമ്മയുടെ കണ്ണുകൾ. ചേച്ചി വരണമാല്യം അണിയുന്നത് കാണാനായി അനുവാദം നിഷേധിക്കപ്പെട്ട അനിയത്തി.ഓരോന്നും ഓർക്കുന്തോറും കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

വിവാഹ വേഷത്തിലൊരു പെൺകുട്ടി റോഡിലൂടെ നടന്ന് നീങ്ങുന്നത് പലരും നോക്കി നിന്നു. മുറിവ് മനസ്സിനായതിനാൽ ഞാനാകെ തളർന്നു പോയി. "വേണ്ടിയിരുന്നില്ല ഒന്നും.." വീട് അടുക്കുന്തോറും നെഞ്ച് പിന്നെയും വരഞ്ഞു കീറി. "ചന്ദോത്തെ കൊച്ചമ്മയാകാൻ പോയവളാ..എന്നിട്ടെന്തായി ആ ചെറുക്കൻ വേറൊരു പെണ്ണിനെ കെട്ടി" പലരും പരിഹാസത്തോടെ പറയുന്നത് കേട്ടു..പെൺകുട്ടികൾക്ക് കോട്ടം തട്ടുന്ന വാർത്ത കാട്ടു തീ പോലെ പടർന്ന് പിടിക്കും..എല്ലാവർക്കും വലിയ ഇഷ്ടമാണ് ഇത്തരം വാർത്തകൾ. "ചേച്ചി എന്ത് പറ്റി" കരഞ്ഞ് കയറി വന്ന എന്നെ തളർന്നു വീഴാൻ തുടങ്ങും മുന്നേ വൈഭമി താങ്ങിപ്പിടിച്ചു..

സങ്കടം സഹിക്കാതെ അവളെ ഇറുകെ പുണർന്നു ഏങ്ങലടിച്ചു കരഞ്ഞു. "എന്ത് പറ്റി ചേച്ചി..എന്താണെങ്കിലും പറയൂ" എന്റെ കൂടെ വൈഭമിയും കരഞ്ഞു തുടങ്ങി.. ചെറുപ്പം മുതലേ അങ്ങനെയാണ്. എന്റെ കണ്ണുകൾ നിറയുന്നത് സഹിക്കില്ല പാവത്തിന്.. "എനിക്ക് അമ്മയെ കാണണം" ഒരുവിധം പറഞ്ഞൊപ്പിച്ചു. അവളെന്നെ താങ്ങിപ്പിടിച്ചു അമ്മക്ക് അരികിലെത്തിച്ചു..അമ്മയുടെ കാലിലേക്ക് വീണു നെഞ്ച് പൊടിയുന്ന വേദനയോടെ ആർത്തു കരഞ്ഞു.കണ്ണുനീരൊഴുകി അമ്മയുടെ പാദങ്ങളെ നനച്ചു.

സങ്കടം പതിയെ നിലച്ചു തുടങ്ങിയതും എന്നിൽ നിന്ന് വാക്കുകൾ മുറിഞ്ഞ് വീണു. "കേശവമാമയും ദേവദത്തുമൊക്കെ എല്ലാം ചേർന്ന് ചതിക്കുകയായിരുന്നു.ആരും ഒരുവാക്ക് സൂചന തന്നില്ല" "ചേച്ചി.ഞാൻ പറഞ്ഞതല്ലേ ഒന്നും വേണ്ടാന്ന്..മുഴുപട്ടിണി ആയാലും മുണ്ടു മുറുക്കി നമുക്കിവിടെ കഴിഞ്ഞാൽ മതി. എന്റെ ചേച്ചിയെ വിറ്റ പൈസ നമുക്ക് ദഹിക്കില്ല" വൈഭമി എന്നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു.. എനിക്കും നിയന്തിക്കാൻ കഴിഞ്ഞില്ല.. അമ്മയുടെ മിഴികളും നിറഞ്ഞു. "ചേച്ചി അയാളെ പോലൊരു ചതിയനിൽ നിന്നും രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി.." അനിയത്തി ആശ്വാസവാക്കായി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..

മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരുന്നു..സംഭവിച്ചതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോഴും.. ഞാൻ മുറിയിൽ ഒരേ ഇരിപ്പ് ഇരുന്നു.. വൈഭമി എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ട് കിടത്തി.. "ഒന്ന് ചിരിക്കെടീ ചേച്ചി ഇല്ലെങ്കിൽ ഞാനും വീണു പോകും" "മോളേ ഞാൻ എനിക്ക്..." എനിക്ക് വാക്കുകൾ കിട്ടുന്നില്ല..ശ്വാസം മുട്ടുന്നത് പോലെ.. "പോട്ടെ ചേച്ചി..ഞങ്ങൾക്കൊന്നും വേണ്ടാ..നിന്നെ മാത്രം മതി ഞങ്ങൾക്ക്." വൈഭമി എന്നെ കെട്ടിപ്പിടിച്ചു കിടന്നു..എനിക്ക് അറിയാം അവളും കരയുകയാണെന്ന്..............തുടരും………

ധ്രുവികം : ഭാഗം 1

Share this story