ധ്രുവികം: ഭാഗം 03

druvikam

A story by സുധീ മുട്ടം

കിടന്നിട്ടും മനസ്സിന് സ്വസ്ഥത ലഭിക്കുന്നില്ല.ആകെയൊരു പരവേശവും വെപ്രാളവു.നെഞ്ചിലക്ക് വലിയൊരു കല്ല് വന്നു അമർന്നത് പോലെ. ഞാൻ പതിയെ എഴുന്നേറ്റു..ശരീരവും മനസ്സും വീണ്ടും ചുട്ടുപൊള്ളി തുടങ്ങി. വിവാഹമണ്ഡപവും നിറഞ്ഞ സദസും എനിക്ക് മുന്നിലൂടെ വട്ടം കറങ്ങി. "ഇറങ്ങിപ്പോടീ" ദേവദത്തിന്റെ അലർച്ച വീണ്ടും വീണ്ടും കാതിനരുകിൽ മുഴങ്ങിക്കേട്ടു..നിറഞ്ഞ എന്റെ മിഴിനീരിന് യാതൊരു വിലയും നൽകാതെ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നു. "പ്രതികാരം ചെയ്തതാടീ നിന്റെ കയ്യിലിരുപ്പിന്" ദേവദത്തിന്റെ മുഖം ഒരുവശത്തും മറുവശത്ത് കേശവമാമയുടെ മുഖവും തെളിഞ്ഞു..

ഒരാൾക്ക് സമ്പത്തിന്റെ അഹങ്കാരവും മറ്റൊരാൾക്ക് പണത്തോടുളള ആർത്തിയും..ഒരേ സമയം മനുഷ്യന്റെ വിവിധ ഭാവങ്ങൾ മനസ്സിൽ മങ്ങാതെ നില നിന്നു. ദേവദത്തിന്റെ സമ്മാനങ്ങൾ എന്നെ ചുട്ടു പൊള്ളിക്കാൻ തുടങ്ങി. അയാൾ തന്ന സാരി അഴിച്ചു ചുരട്ടി നിലത്തേക്കെറിഞ്ഞു.സ്വർണ്ണാഭരണങ്ങൾ വലിച്ചു പൊട്ടിച്ചു.അപ്പോഴും എന്നിൽ നിന്ന് മിഴിധാരകൾ പെയ്തിറങ്ങി. "ചേച്ചി" തോളിലൊരു തണുത്ത കരസ്പർശം.തിരിഞ്ഞ് നോക്കാതെ അറിയാം അനിയത്തി ആണെന്ന്. "പണത്തിന്റെ അഹങ്കാരത്തിൽ കഴിയുന്ന അവനൊന്നും മനസ്സിലാകില്ല പാവപ്പെട്ടവന്റെ കണ്ണുനീരിന്റെ വില.അവനറിയണം ചേച്ചി എല്ലാത്തിനെയും വില" ഞാൻ ചെയ്യുന്ന പ്രവൃത്തികളെല്ലാം നോക്കി കിടക്കുകയായിരുന്നു വൈഭമി.

അവിടെ നിന്നാണ് അവൾ എഴുന്നേറ്റു വന്നത്. "എന്റെ ചേച്ചി അനുഭവിക്കുന്ന സങ്കടം അവനും അറിയണം" വൈഭമിയിൽ കണ്ണുകളിൽ നിന്ന് തീപ്പൊരി ചിതറിയതായി തോന്നി. "നമ്മളൊക്കെ സാധാരണക്കാരാ മോളേ..അവർക്കൊപ്പം ഒരിക്കലും എത്തുകയില്ല" കണ്ണുനീരോടെ അവളിലേക്ക് ചാഞ്ഞു..വൈഭിയെന്നെ സ്വാന്ത്വനിപ്പിക്കും പോലെ മെല്ലെ തോളിൽ തട്ടിക്കൊണ്ടിരുന്നു. ഓരോ നിമിഷവും കഴിയുന്തോറും സങ്കടത്താൽ ഞാനാകെ വീർപ്പുമുട്ടുകയായിരുന്നു.അനിയത്തിയുടെ സാമീപ്യം കുറച്ചൊക്കെ സ്വാന്തനം നൽകിയെങ്കിലും ഉള്ളിലെ അഗ്നി അതെന്നെ ജീവനോടെ എരിയിക്കുന്നത് തുടർന്നു. "ചേച്ചിയൊന്ന് കുളിച്ച് ഫ്രഷായി വാ.." എന്നെ അടർത്തി മാറ്റി വൈഭി പറഞ്ഞു.

പ്രതിഷേധത്തോടെ ചുണ്ടുകൾ വിമ്മിപ്പൊട്ടി അപ്പോഴും കുഞ്ഞിനെയെന്ന പോലെ അവളെന്നെ സുരക്ഷിതമായി ചേർത്ത് നിർത്തി.. വൈഭമി..അനിയത്തിയാണ്..പക്ഷേ എന്നെക്കാൾ പ്രായത്തിൽ ഇളയവളാണേലും കുറച്ചു കൂടി പക്വത നേടിയവൾ..ആവശ്യത്തിന് തന്റേടി.പ്രശ്നങ്ങൾ ധൈര്യസമേതം നേരിടും.ആലോചിച്ച് മാത്രമേ തീരുമാനങ്ങൾ എടുക്കൂ.. "വയ്യ മോളേ അഗ്നിപരീക്ഷകൾ ഒരുപോലെ നേരിട്ട് തളർന്നു പോയി" വിങ്ങിക്കരഞ്ഞു പോയി ഓരോന്നും ഓർക്കുന്തോറും..

അത്രയേറെയുണ്ട് വിങ്ങുന്ന സങ്കടങ്ങൾ. "ഇങ്ങനെ തളർന്നാലോ ചേച്ചിയും ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വന്നേക്കാം.തോറ്റ് കൊടുത്താൽ തോൽവികൾ നിരന്തരം വേട്ടയാടും" ഓരോന്നും പറഞ്ഞവൾ സമാധാനിപ്പിച്ചെങ്കിലും വാക്കുകൾക്കും സാന്ത്വനിപ്പിക്കാൻ കഴിയാത്ത മുറിവാണ് മനസ്സിനേറ്റത്. "ചെല്ല് ചേച്ചി പോയി ഫ്രഷായിട്ട് വാ" സങ്കടത്തിനിടയിലും വൈഭിയെന്നെ ഉന്തിത്തള്ളി കുളിമുറിയിലേക്ക് കയറ്റി. തുണികളോരാന്നായും മാറ്റിയ ശേഷം ഒരുകപ്പ് വെള്ളം തലയിലൂടെ ഒഴിച്ചു..മുടിയിഴകളിളിലൂടെയവ നഗ്നമേനിയിലൂടെ കാൽപ്പാദങ്ങളിലൂടെ ഒഴുകിയിറങ്ങി.

രണ്ടു മൂന്ന് പ്രാവശ്യം കൂടി തലവഴി വെളളമൊഴിച്ചു. "ചൂടു പിടിച്ചിരിക്കുന്ന തലയൊന്ന് തണുക്കട്ടെ.... സമയം ഏറെയെടുത്തു കുളിച്ച് ഇറങ്ങാനായി..മാറിന് കുറുകെ വെളളത്തോർത്ത് മുറുക്കിയുടുത്ത് ഇറങ്ങി. മുറിയിലെത്തും മുമ്പേ അടക്കിപ്പിടച്ച കരച്ചിൽ കേട്ടു...കിടക്കയിലിരുന്ന് കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി വെച്ചു വൈഭമി ഏങ്ങലടിച്ചു കരയുന്നു..മുടിയാകെ മുന്നിലൂടെ താഴേക്ക് കിടന്നതിനാൽ മുഖം കാണാൻ കഴിയുമായിരുന്നില്ല. " എന്റെ അനിയത്തി കരയുന്നു..ചേച്ചിയുടെ അവസ്ഥയോർത്ത്.. അവളുടെ കരച്ചിൽ നെഞ്ചിലായി വന്നു തറച്ചു കയറി..

ഓടിച്ചെന്ന് വൈഭയുടെ മുടി വകഞ്ഞ് മാറ്റി മുഖം കയ്യിലെടുത്തു. കരഞ്ഞ് കലങ്ങിയ കണ്ണുകൾ.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീർമണി നീര്..സങ്കടത്താൽ വിതുമ്പുന്ന ചുണ്ടുകൾ. സഹിക്കാൻ കഴിയുന്നില്ല.. അവളെ എന്നിലേക്ക് ചേർത്ത് ഞാനും തേങ്ങിക്കരഞ്ഞു. "എന്തിനാണ് ചേച്ചി നമ്മളെ മാത്രം ദൈവം എപ്പോഴും പരീക്ഷിക്കുന്നത്" എന്നെ ചുറ്റിപ്പിടിച്ചു കൊണ്ട് വൈഭി കരഞ്ഞു..പാവം സങ്കടങ്ങൾ ഉള്ളിലിട്ട് പുറമേക്ക് ചിരിക്കുകയായിരുന്നു എന്റെ അനിയത്തി.. ചേച്ചിയെ കൂടുതൽ കരയിക്കാതിരിക്കാനായിട്ട്... "അറിയില്ല മോളേ..ഒരുപാട് പ്രാവശ്യം ഞാൻ ചോദിച്ചു നോക്കിയട്ടുണ്ട്...ഒരുത്തരം കിട്ടിയട്ടില്ല" സങ്കടം മറക്കാനായി ശ്രമിച്ചു നോക്കിയെങ്കിലും കൂടുതൽ തെളിമയോടെയത് നിറഞ്ഞ് നിന്നു.. 💙💙💙💙💙💙💙💙💙💙💙💙💙💙💙

രാത്രിയിൽ അമ്മയുടെ മുറിയിലാണ് ഞങ്ങൾ കിടന്നത്..നിലത്ത് പായ് വിരിച്ചു..അമ്മക്കുളള ഭക്ഷണം വാരിക്കൊടുത്ത് ടാബ്ലെറ്റ് നൽകിയത് വൈഭിയാണ്.. അമ്മയുടെ കണ്ണുകൾ ഇതുവരെ പെയ്ത് തോർന്നട്ടില്ല..പാവം അച്ഛനുളളപ്പോൾ എങ്ങനെ കഴിഞ്ഞതാണ്.ഉളളതുകൊണ്ട് ഓണം പോലെ..അന്നൊക്കെ ജീവിതത്തിൽ സന്തോഷമായിരുന്നു..പക്ഷേ ഇന്ന്... രാത്രി വളർന്ന് തുടങ്ങി.. അപ്പോഴും ഞങ്ങളുടെ മുറിയിലെ ലൈറ്റ് തെളിഞ്ഞ് നിന്നു. എനിക്ക് ഒരുപോള കണ്ണടക്കാൻ കഴിയുന്നില്ല.. രാവിലത്തെ നടുക്കുന്ന സംഭവങ്ങളാണ് കണ്ണടച്ചാൽ കാണുന്നത്.. "ചേച്ചി ഉറങ്ങുന്നില്ലേ" വൈഭി ഇടത് കാലെടുത്ത് എന്നിലേക്ക് വെച്ചു ഇടത് കയ്യാൽ ചുറ്റിപ്പിടിച്ചു..

"കഴിയുന്നില്ല മോളേ" "മറക്കണം ചേച്ചി എല്ലാം..കഴിഞ്ഞതൊന്നും ഓർമ്മയിൽ വെച്ചേക്കരുത്." "മ്മ്മ്" മെല്ലെ മൂളി കിടന്നു വേവുന്ന മനസ്സുമായി.. പുലർച്ചെ എപ്പോഴോ ഒന്ന് മയങ്ങി...വൈഭമിയുടെ വിളി കേട്ടാണ് കണ്ണുകൾ തുറന്നത്..ഇമകളിൽ ചെറിയ ഒരു പുളിപ്പ് അനുഭവപ്പെട്ടു. "എന്തൊരു കിടപ്പാ ചേച്ചി എഴുന്നേൽക്ക്..നേരം ഉച്ചയായി" അനിയത്തിയിൽ ഇന്നലത്തെ യാതൊരു ഭാവവുമില്ല..കുളി കഴിഞ്ഞു ഒരുങ്ങി ചിരിയോടെ നിൽക്കുന്നു. "കുറച്ചു സമയം കൂടി കിടക്കട്ടെ" "വേണ്ടാ മതി..എഴുന്നേറ്റു കുളിക്ക്..ഇന്നു മുതൽ എന്റെ ചേച്ചി പുതിയ ഒരാളാണ്. ഇന്നലെ വരെയുള്ള ധ്രുവിക മരിച്ചു.. മനസ്സിലായോ"

എനിക്ക് കുറച്ചു സമയം കൂടി കിടക്കണമെന്നുണ്ട്..വൈഭി സമ്മതിച്ചില്ല.ഒടുവിൽ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു.. സമയം എട്ടുമണി കഴിഞ്ഞിരുന്നു. കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ ആവി പറക്കുന്ന ചൂടുകാപ്പി എനിക്ക് നേരെ വൈഭി നീട്ടി. "കുടിക്ക്..എന്നിട്ട് മനസ്സൊന്ന് റീഫ്രഷ് ചെയ്തേക്കണം" ചേച്ചിയുടെ അധികാര സ്വരം...മുഖത്ത് ചേച്ചിയാണെന്ന ഭാവം..സന്തോഷത്താലെന്റെ മനസ്സ് നിറഞ്ഞു. ഒരേ സമയം എന്റെ അനിയത്തി എനിക്ക് അമ്മയായും അനിയത്തിയായും ചേച്ചിയായും കൂട്ടുകാരിയുമായി മാറുന്നു.. "ഇവിടെ ആരുമില്ലേ" ചിരപരിചിതമായൊരു സ്വരം വെളിയിൽ നിന്ന് കേട്ടു. "കേശവമാമ.. എന്റെ ചുണ്ടുകൾ വിറച്ചു.

" വാ ചേച്ചി ആരാണെന്ന് നോക്കാം" കേശവമാമയാണെന്ന് അറിയാമെങ്കിലും തറഞ്ഞ് നിന്ന എന്നെയും വലിച്ചു വൈഭമി വെളിയിലേക്ക് ഇറങ്ങി. "അല്ലാ അരിത് കേശവമാമയോ..വേഷം കെട്ടിയാടാനി ഇവിടെ പെൺകുട്ടികൾ ഇല്ല" വൈഭിയുടെ കൂർത്ത മുന വെച്ചുളള സംസാരം കേട്ട് അയാളുടെ മുഖമൊന്ന് വാടി..ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. "ദേവദത്തൻ കുഞ്ഞ് തന്ന ആഭരണങ്ങൾ എല്ലാം തന്നേക്കാൻ എന്നെ പറഞ്ഞു വിട്ടു..അതിങ്ങ് എടുക്ക്.എനിക്ക് പോണം" അധികാര നിറഞ്ഞ സ്വരം.... "എടുത്ത് കൊടുത്തേക്ക് മോളേ...അയാളുടെ ഒന്നും നമുക്ക് വേണ്ടാ"

"ചേച്ചിയൊന്ന് മിണ്ടാതെ നിൽക്ക്" അനിയത്തി ശാസിച്ചതോടെ ഞാനൊന്നും മിണ്ടിയില്ല. "ദേവദത്ത് കുഞ്ഞിനോട് കേശവമാമ ചെന്ന് പറയ് തരാൻ മനസ്സില്ലെന്ന്" "നീയാണോടീ അത് തീരുമാനിക്കുന്നത്" അയാൾ അനിയത്തിയോട് ചീറിയതും പേടിയോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. "നമുക്ക് വേണ്ട മോളേ" ഞാൻ പറഞ്ഞതൊന്നും അവൾ ചെവിക്കൊണ്ടില്ല. "എടോ എന്റെ ചേച്ചിയെ കോലം കെട്ടിച്ചില്ലേ താനും അയാളും കൂടി. അപമാനിച്ചില്ലേ.അതിന്റെ നഷ്ടമായി അതങ്ങ് കൂട്ടിക്കോ" "നീ തരില്ലേ" "തരില്ലെന്ന് മാത്രമല്ല എന്റെ ചേച്ചിക്ക് തനിക്ക് തരാൻ കഴിയാഞ്ഞ സമ്മാനം കൂടി ഞാനങ്ങ് തരുവാണേ" വൈഭിയുടെ ചീറിയുളള ശബ്ദവും ഒരടിയുടെ ഒച്ചയും കേട്ട് ഞാൻ മുഖമുയർത്തി..അടിയേറ്റ കവിൾത്തടം പൊത്തി അയാൾ നിൽക്കുന്നു.

"നീയെന്നെ തല്ലി അല്ലേടീ" "ഇറങ്ങിപ്പോടോ അല്ലെങ്കിൽ മുറ്റം അടിക്കുന്ന ചൂലിന് ഞാൻ തല്ലിയിറക്കും" ഞങ്ങളെ പകയോടെ നോക്കിയിട്ട് കേശവമാമ ഇറങ്ങിപ്പോയി.അയൽ വീടുകളിൽ കൂടുതൽ തലകൾ തല ഉയർന്നതോടെ വൈഭിയേയും പിടിച്ചു വലിച്ചു അകത്തേക്ക് കയറി. "എത്രയായാലും വയസ്സിനു മൂത്തയാളല്ലേ അടിക്കേണ്ടിയിരുന്നില്ല മോളേ" "ചേച്ചി പാവമായതാ എല്ലാവരും പന്ത് തട്ടുന്നത്..ഇത്രയും പാവമാകല്ലേ ചേച്ചീ നീയ്" അത്രയും പറഞ്ഞു വൈഭമി മുറിയിൽ നിന്ന് ഇറങ്ങിപ്പോയത് തെല്ലൊരു പതർച്ചയോടെ ഞാൻ നോക്കി നിന്നു..............തുടരും………

ധ്രുവികം : ഭാഗം 2

Share this story