ധ്രുവികം: ഭാഗം 07

druvikam

A story by സുധീ മുട്ടം

"എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല വൈഭി" കുറച്ചു ദൂരം മുന്നോട്ട് നടന്നു നീങ്ങിയ ശേഷം ഞാൻ വായ് തുറന്നു.അതിന് മറുപടിയായി രൂക്ഷമായൊരു നോട്ടമായിരുന്നു.അതോടെ എനിക്ക് മതിയായി. "കുറഞ്ഞു പോയെന്നൊരു സംശയം മാത്രമേയുള്ളു ചേച്ചി" മുന്നിൽ നടക്കുന്നത് അനിയത്തി ആയതിനാൽ അവളുടെ മുഖഭാവം കാണാൻ കഴിഞ്ഞില്ലെങ്കിലും മൂർച്ചയേറിയ സ്വരത്തിൽ നിന്നത് മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കെന്തോ മനസ്സാകെ കലങ്ങി മറിഞ്ഞു. ദേവദത്തൊക്കെ പണവും സ്വാധീനവും ഉളളവരാണ്.അവർക്കൊക്കെ എന്തും ആകാമല്ലോ.ഞങ്ങളൊക്കെ പാവങ്ങളും.

"ചേച്ചി എന്തിനാ പേടിക്കുന്നത്..ആരെയാണ് ഭയക്കുന്നത്.താണ് കൊടുത്താൽ ജീവിതകാലം മുഴുവനും അവരൊക്കെ തലയിൽ കയറി നിരങ്ങികയുള്ളൂ.കുറച്ചൊക്കെ മാറണം" നടക്കുന്നതിനിടയിൽ അവൾ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ഒന്നും മിണ്ടാതെ ഞാനെല്ലാം മൂളിക്കേട്ടു. വീട് എത്താറായിട്ടും എന്നിൽ വളർന്നു തുടങ്ങിയ ആധി തീർന്നിരുന്നില്ല.അരുതാത്തത് എന്തൊക്കയോ സംഭവിക്കാൻ പോകുന്നൂന്നൊരു തോന്നൽ. വൈഭിയോടൊന്നും ഷെയർ ചെയ്തില്ല.അവൾ വെറുതെ ചിരിച്ചു തളളുകയുള്ളൂ. വീട്ടിലെത്തി നേരെ അമ്മയുടെ മുറിയിലെത്തി.

വൈഭമിയും കൂടെ ഉണ്ടായിരുന്നു.ഞങ്ങളുടെ നിഴൽ വെട്ടം കണ്ടാകും അമ്മ തല ചരിച്ചു നോക്കി.അമ്മക്ക് അരികിലിരുന്ന ചേച്ചി പുഞ്ചിരിയോടെ വിശേഷം ചോദിച്ചു. "പോയ കാര്യം ശരിയായോ മക്കളേ" "ശരിയായി ചേച്ചി അടുത്ത ആഴ്ച മുതൽ ക്ലാസ് തുടങ്ങും" "ഈശ്വരൻ എല്ലാം കാണുന്നുണ്ട് മക്കളേ.നിങ്ങൾക്ക് നല്ലതേ വരൂ" അപ്പുവേച്ചി അകന്ന ബന്ധത്തിലുള്ളൊരു ചേച്ചിയാണ്.രണ്ടു മൂന്നു വീടുകൾക്ക് അപ്പുറമാണ് ചേച്ചിയുടെ താമസം. വയസ്സ് നാല്പതിനടുത്ത് കാണും.ഭർത്താവ് മരിച്ചു പോയി.മക്കളൊന്നും ഇല്ല.

എന്നെയും വൈഭമിയേയും വലിയ ഇഷ്ടമാണ്. നരച്ചു തുടങ്ങിയ ലുങ്കിയും അവിടെവിടെയും പിഞ്ഞി തുടങ്ങിയ ബ്ലൗസും മാറിന് കുറുകയൊരു പഴയ തോർത്തും ആണ് വേഷം.ഇപ്പോഴും ചേച്ചിയെ കാണാനും സുന്ദരിയാണ്.എന്നാലും ഇനിയൊരു വിവാഹത്തിന് ചേച്ചിക്ക് താല്പര്യം ഇല്ല. ഇടക്കിടെ ക്ഷേമം തിരക്കി ആൾ വീട്ടിൽ വരാറുണ്ട്. "ശരി മക്കളേ ഞാനിറങ്ങുവാ.ചെന്നിട്ട് നൂറു കൂട്ടം പണിയിണ്ട്" ചേച്ചി പോകാനായി ഇറങ്ങി.വൈഭമി പിന്നാലെ ചെന്ന് അവരുടെ കയ്യിൽ പിടിച്ചു. "ചേച്ചിക്ക് ഞങ്ങളുടെ കൂടെ താമസിച്ചു കൂടെ.അവിടെ ഒറ്റക്ക് എത്ര നാളാ" അപ്പുവേച്ചിയുടെ കണ്ണുകൾ നിറഞ്ഞു

"അങ്ങേര് ഉറങ്ങുന്ന മണ്ണ് വിട്ട് പോകാൻ കഴിയിന്നില്ല മക്കളേ" നിറഞ്ഞ കണ്ണുകളൊപ്പി.എനിക്കും വൈഭിക്കും സങ്കടം വന്നു. "രാത്രിയിൽ ഇങ്ങുപോരേ ചേച്ചി.ഞങ്ങൾക്കും ഒരു കൂട്ടാവും" "വരാം മോളേ രണ്ടു ദിവസം കൂടിയൊന്ന് കഴിഞ്ഞോട്ടെ" അപ്പുവേച്ചി യാത്ര പറഞ്ഞ് ഇറങ്ങി..ഞാനമ്മയുടെ അരികിലെത്തി താഴെ ഇരുന്നു. മുഖം കൈ വെളളയിലെടുത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. "കോളേജിൽ അഡ്മിഷൻ ലഭിച്ചു അമ്മേ.അടുത്ത ആഴ്ച മുതൽ പോയി തുടങ്ങാം" അമ്മയിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ചാലിട്ടൊഴുകി. "അമ്മ സങ്കടപ്പെടേണ്ടാ...നമ്മുടെ കഷ്ടപ്പാടുകൾ ഒരുനാൾ മാറും.

പഠിച്ച് ഇറങ്ങിയാൽ എനിക്ക് ജോലി കിട്ടും.എന്തിനും ഏതിനും ആണിനു തുല്യമായ ധൈര്യമുളള കൂടപ്പിറപ്പുളള കാലം വരെ നമ്മുടെ സ്വപ്നങ്ങൾ നടക്കും" കണ്ണുകൾ നിറച്ച് ഞാൻ വൈഭിയെ നോക്കി.തന്റേടിപ്പെണ്ണ് മിഴിനീർ ഒപ്പുന്നത് കണ്ടു. "വെറുതെ അമ്മയേയും എന്നെയും കൂടി കരയിപ്പിക്കാതെടീ ചേച്ചി" അവളോടി വന്ന് എന്നെ ചുറ്റിപ്പിടിച്ചു.. 💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ വേഗത്തിലോടി മറഞ്ഞു..രണ്ടു ദിവസം കഴിഞ്ഞു അപ്പുവേച്ചി ഇങ്ങു പോന്നു.രാവിലെയും വൈകിട്ടും വീട്ടിലേക്ക് പോയി വൃത്തിയാക്കി മടങ്ങി വരും.ഇപ്പോൾ ഞങ്ങളുടെ കുഞ്ഞു വീട്ടിൽ നാല് പെണ്ണുങ്ങളായി താമസം.

അപ്പുവേച്ചി വന്നതോടെ വീടിനൊരു ഉണർവുണ്ടായി..വെറുതെ അടങ്ങിയിരിക്കില്ല.എന്തെങ്കിലും ജോലികൾ ചെയ്തോണ്ടിരിക്കും..അതോടെ എനിക്കും വൈഭിക്കും ചെയ്യാൻ ജോലി ഇല്ലാതായി. വീട്ടിലെ സാധനങ്ങൾ തീർന്നതോടെ അപ്പുവേച്ചിയും വൈഭിയും കൂടി സാധനങ്ങൾ വാങ്ങിക്കൊണ്ട് വന്നു.എവിടുന്ന് ഇത്രയും പണമെന്നൊന്നും ചോദിക്കരുതെന്ന് അനിയത്തിയുടെ മുൻ കൂർ ജാമ്യം ഉണ്ട്.അതുകൊണ്ട് ഒന്നും ചോദിച്ചില്ലെങ്കിലും എന്നിലത് ദഹിക്കാതെ കിടന്നു. കോളേജിലേക്ക് പോകാനുള്ള ദിവസം വന്നെത്തി.എനിക്ക് ആവശ്യമുള്ളതെല്ലാം വൈഭമി വാങ്ങിത്തന്നിരുന്നു.. അന്നത്തെ ദിവസം വെളുപ്പിനെ എഴുന്നേറ്റു.

കുളിച്ചൊരുങ്ങി ദേവീക്ഷേത്രത്തിലേക്ക് പോയി.വൈഭിയും ഒപ്പം ഉണ്ടായിരുന്നു. പുൽനാമ്പുകളിൽ പറ്റിച്ചേർന്നിരുന്ന മഞ്ഞു തുള്ളികൾ കാൽപ്പാദങ്ങളെ നനയിച്ചെങ്കിലും പാട വരമ്പിലൂടെ ടോർച്ച് തെളിച്ചു നടന്നു.ഇഴജന്തുക്കൾ ചിലപ്പോൾ കണ്ടേക്കാം. നിറ ചൈതന്യം തുളുമ്പി നിൽക്കുന്ന ദേവീ നടയിൽ നിന്നും മനമുരുകി പ്രാർത്ഥിച്ചു. കണ്ണുനീർ ഒഴുകി ഇറങ്ങിയെങ്കിലും മിഴികൾ തുറന്നില്ല. "അമ്മേ ദേവി മഹാമായേ കൂടെ ഉണ്ടായിരിക്കണേ എപ്പോഴും" അത്രയും മാത്രമേ പ്രാർത്ഥിച്ചുള്ളൂ..

എന്റെ സങ്കടങ്ങളും അപേക്ഷയും മോഹങ്ങളുമെല്ലാം അതിലടങ്ങിയിരുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്ത ശേഷം പുറത്തിറങ്ങി ഒരിക്കൽ കൂടി തിരിഞ്ഞ് നിന്നു തൊഴുതു‌.അപ്പോഴേക്കും നേരം പുലർന്ന് തുടങ്ങിയിരുന്നു. 💙💙💙💙💙💙💙💙💙💙💙💙💙💙💙 വീട്ടിലെത്തി അമ്മയുടെ അരികിൽ കുറച്ചു സമയം ഇരുന്നു.രാവിലെ കഴിക്കാനായി ഇഡ്ഡിലിയും ചട്നിയും അപ്പുവേച്ചി തയ്യാറാക്കിയിരുന്നു.വിശപ്പ് ഇല്ലെങ്കിലും വൈഭിയുടെ നിർബന്ധത്താൽ കുറച്ചു കഴിച്ചു.

ജെമന്തി പൂവിന്റെ കളറിലുളള ചുരീദാറാണ് ധരിച്ചത്.ഒരുപാട് പ്രിന്റ് വർക്കുകൾ ഉണ്ടായിരുന്നു. വൈഭിയുടെ സമ്മാനം. "ചേച്ചി പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ" ഇറങ്ങാൻ സമയത്ത് അവളെന്നെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. "കോളേജിൽ ചേച്ചി ഒറ്റക്കാണ് പോയി വരുന്നത്..ഞാനുണ്ടാകില്ല കൂട്ടിന്.എന്താണ് ലക്ഷ്യമെന്ന് ഞാൻ പറയാതെ ചേച്ചി അറിഞ്ഞ് ചെയ്യുമെന്ന് അറിയാം‌.പക്ഷേ ആരുടെ മുമ്പിലും തളരരുത്.വീണു പോയാലൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല"

പ്രായത്തിനേക്കാൾ പക്വത നിറഞ്ഞ അനിയത്തിയുടെ വാക്കുകൾ..അതിപ്പോഴും കാതിലുണ്ട്. അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് നെറ്റിയിൽ തൊട്ടു.അപ്പുവേച്ചിയുടെ അനുഗ്രഹവും വാങ്ങി.വൈഭിയെ പുണരുമ്പോൾ കണ്ണുകൾ നിറഞ്ഞു. "കരയാതെ പോയി പഠിച്ചിട്ട് വാ ചേച്ചി" കണ്ണുനീരിലും അവൾ പുഞ്ചിരിച്ചു. 💙💙💙💙💙💙💙💙💙💙💙💙💙💙 പതിനഞ്ച് മിനിറ്റ് നടപ്പ് ബസ് സ്റ്റോപ്പിലേക്ക്..അവിടുന്ന് ബസ് കയറി അരമണിക്കൂർ യാത്ര. ബസ് ഇറങ്ങി അഞ്ച് മിനിറ്റ് നടന്നു..

"ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്" ബോർഡിൽ കണ്ണുകൾ തങ്ങിയതോടെ മനസിലൊരു ഉണർവ് വന്ന് തുടങ്ങി.. പല വിദ്ദ്യാർത്ഥികളും നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. കോളേജ് എനിക്ക് ചിരപരിചിതമായതിനാൽ ക്ലാസ് റൂം കണ്ടുപിടിക്കാൻ പ്രയാസം വന്നില്ല.പലരും വന്ന് പരിചയപ്പെട്ടു..അതിലൊരാളെ എനിക്ക് ശരിക്കും ഇഷ്ടമായി.അവളോട് എനിക്ക് മാനസികാമായൊരു അടുപ്പം അനുഭവപ്പെട്ടു...

"വൈമിക.... ഞാൻ സ്നേഹത്തോടെ വൈമി എന്ന് വിളിച്ചു.. ഞങ്ങൾ തമ്മിൽ പെട്ടെന്ന് കൂട്ടായി.. ക്ലാസ് തുടങ്ങാൻ ഇനിയും കുറച്ചു സമയം കൂടി ഉണ്ട്...പെട്ടന്നാണ് തീരെ പ്രതീക്ഷിക്കാത്ത ഒരാൾ കടന്ന് വന്നത്.. " ത്രയ....ത്രയമ്പക..ദേവദത്തിന്റെ ഭാര്യ... എന്റെ അടിവയറ്റിലൂടെയൊരു മിന്നൽ പിണർ പാഞ്ഞ് കയറി.. കൂർത്തമുനയുളള അവളുടെ നോട്ടം എന്നിൽ തറച്ചതും ഞാനറിയാതെ എന്റെ മിഴികൾ താഴ്ന്നു പോയി.... ...............തുടരും………

ധ്രുവികം : ഭാഗം 6

Share this story