ധ്രുവികം: ഭാഗം 09

druvikam

A story by സുധീ മുട്ടം

സ്വർണ്ണം വാങ്ങാനുളള വരവാണെന്ന് എനിക്ക് മനസ്സിലായി..ഞാൻ വൈഭിയെ നോക്കി..അവൾക്കൊരു കുലുക്കവും ഇല്ലായിരുന്നു.. പേടിയോടെ അവളുടെ കയ്യിൽ മുറുക്കി പിടിച്ചതും ഒന്നും ഇല്ലെന്ന ഭാവത്തിൽ വൈഭമി എന്നെ നോക്കി കണ്ണിറുക്കി. "ഞാൻ പറഞ്ഞതു പോലെയങ്ങ് പെരുമാറിയാൽ മതി ചേച്ചി..ബാക്കി ഞാനേറ്റു... " നിങ്ങളിലരാ ധ്രുവിക? " ഞങ്ങൾക്ക് അരികിലെത്തിയ പോലീസുകാരിൽ ഇൻസ്പെക്ടറെന്ന് തോന്നിക്കുന്നയാൾ ചോദിച്ചതും മെല്ലെ ഞാൻ മുഖമുയർത്തി. സൗമ്യമായ മുഖവും സ്വരവും ഒപ്പം മുഖത്ത് നറുനിലാവിൽ വിരിഞ്ഞ പുഞ്ചിരിയും.അതെന്നെ വല്ലാതെ ആകർഷിച്ചു.

ഇരുണ്ട നിറം പൂച്ചക്കണ്ണ് പോലെ തിളങ്ങിയ കണ്ണുകൾ വട്ടമുഖത്തിന് കൂടുതൽ ഭംഗി തോന്നിപ്പിച്ചു. "ഞാനാണ് സർ" വരണ്ട നാവിൽ ഉമിനീരാൻ തൊട്ട് നനച്ചു കൊണ്ട് പറഞ്ഞു.ഒരു കയ്യാൽ വൈഭിയുടെ കൈകളിൽ അമർത്തിയിരുന്നു. ഇൻസ്പെക്ടർ എന്നെയാകെ ചുഴിഞ്ഞ് നോക്കി..മിഴികൾ തമ്മിൽ കോർത്തതും ഉള്ളിലൊരു പരവേശം ഉടലെടുത്തു. പൊടുന്നനെ മിഴികൾ മിഴികൾ പിൻ വലിച്ചു മുഖം താഴേക്ക് കുനിച്ചു. "തന്റെ പേരെന്താ" ഇൻസ്പെക്ടർ വൈഭിയോട് ചോദിക്കുന്നത് കേട്ട് ഞാൻ വീണ്ടും നയനങ്ങൾ ഉയർത്തിയതും ചമ്മിപ്പോയി.ചോദ്യം അവളോട് ആയിരുന്നെങ്കിലും ആളുടെ നോട്ടം എന്നിലായിരുന്നു.

"ഞാൻ വൈഭമി.. ധ്രുവികയുടെ അനിയത്തി" കൂസലില്ലാത്ത മറുപടി എന്നെ അമ്പരപ്പിച്ചില്ല..വൈഭി അങ്ങനെയാണ്.. "ദേവദത്തനൊരു പരാതി തന്നിട്ടുണ്ട്.ഇയാളുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടൂന്നും പറഞ്ഞ്.അതങ്ങ് തിരികെ കൊടുത്താൽ കേസും വഴക്കും ഒഴിവാക്കാം" ഒത്തുതീർപ്പിനുളള ശ്രമമാണെന്ന് മനസ്സിലായി.ഓരോ ഓർമ്മകളും കനാലായി എരിഞ്ഞതും എവിടെ നിന്നോ ഒരുധൈര്യം എന്നിൽ ഉടലെടുത്തു. "സാറേ ഞങ്ങൾ ആരുടേയും സ്വർണ്ണം മോഷ്ടിച്ചിട്ടില്ല" ഉറച്ച സ്വരത്തിൽ വൈഭി പറഞ്ഞു... "സാറിനറിയണ്ടേ സ്വർണ്ണം എങ്ങനെ ഞങ്ങളുടെ കൈവശം വന്നുവെന്ന്" എത്രയൊക്കെ അമർത്തിപ്പിടിച്ചിട്ടും രോഷത്തോടൊപ്പം കണ്ണുനീർ ചിതറി.

പഠിക്കാൻ സമർത്ഥയായിട്ടും ജീവിക്കാനായി ജേലിക്കായി തേടിയലഞ്ഞവൾ,കുടുംബം രക്ഷപ്പെടാനായി ഇഷ്ടമല്ലാതിരുന്ന വിവാഹത്തിന് തയ്യാറായ പെൺകുട്ടി,എല്ലാത്തിനും ഒടുവിലായി കതിർമണ്ഡപത്തിൽ അപമാനിതയായൊരു യുവതി,ഓരോന്നും വിവരിക്കുമ്പോഴും ഇൻസ്പെക്ടറുടെ മുഖത്തെ ഭാവങ്ങൾ മാറി മറിഞ്ഞു. "പറയൂ സാർ..ഞങ്ങളെന്ത് വേണം? ജീവിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ? നെഞ്ച് പൊട്ടി ഉറക്കെ അലറിക്കരഞ്ഞു..ഹൃദയം നുറുങ്ങിയ വേദനയോടെ.ഇതുവരെ അടക്കിപ്പിടിച്ച സങ്കടങ്ങൾ പെരും മഴയായി പെയ്തിറങ്ങിയപ്പോഴേക്കും നെഞ്ചിനകത്ത് വലിയൊരു ഭാരം ഒഴിഞ്ഞ പോലെ.

" സത്യമാണോടോ ഇവർ പറയുന്നത് " ഇൻസ്പെക്ടർ ദേവദത്തിന് നേരെ തിരിഞ്ഞു..മറ്റ് പോലീസുകാർ അയാളെ തുറിച്ചു നോക്കി. "ഇതൊന്നും സത്യമല്ല.സ്വർണ്ണം സ്വന്തമാക്കാൻ ഓരോ കളളങ്ങൾ വിളിച്ചു കൂവുന്നതാ.സാറ് ഇതൊന്നും വിശ്വസിക്കരുത്" ദേവദത്തിന്റെ അഭിനയത്തിനു മുമ്പിൽ ഞങ്ങൾ തെല്ലൊന്ന് പകച്ചു പോയി.അഭിനയം അത്രമാത്രം കേമമായിരുന്നു. "സാറേ പണ്ടെന്നോ ഒലിപ്പിച്ചു പിന്നാലെ ഇയാള് ചേച്ചിയുടെ പിന്നാലെ കുറെ നടന്നതാ.അതിന്റെ വൈരാഗ്യം തീർത്തതാ" വൈഭമി കുറച്ചു കൂടി മുന്നിലേക്ക് നീങ്ങി നിന്നു.ഇൻസ്പെക്ടറുടെ കണ്ണുകൾ എന്നിൽ തങ്ങിയതും അതേയെന്ന് അർത്ഥത്തിൽ ഞാൻ മുഖം ചലിപ്പിച്ചു.

"ഒരുവെളള പേപ്പറും പേനയും ഇങ്ങെടുത്തോളൂ" ഞങ്ങൾ തെല്ലൊന്ന് അമ്പരന്നു നിന്നതും ഇൻസ്പെക്ടർ വീണ്ടും പറഞ്ഞു. ഈ പ്രാവശ്യം സ്വരത്തിൽ ക്രോധം കലർന്നു. "മലയാളത്തിലല്ലേ ഞാൻ പറഞ്ഞത്" കേട്ടതും മടിച്ചു നിൽക്കാതെ വൈഭി അകത്തേക്ക് നടന്നു മറഞ്ഞു.തിരികെ വരുമ്പോൾ കയ്യിൽ പേനയും പേപ്പറും ഉണ്ടായിരുന്നു. "അത് ധ്രുവികയുടെ കയ്യിൽ കൊടുത്തേക്ക്" വൈഭി എന്റെ കയ്യിലതൊക്കെ തന്നതും വേഗം വാങ്ങി. "താഴെ ഒരു ഒപ്പിട്ട് ഇങ്ങ് തന്നേക്ക്" ഒന്നും മനസ്സിലായില്ലെങ്കിലും മുമ്പോഴത്തെ ഇൻസ്പെക്ടറുടെ ഭാവമോർത്ത് പേപ്പറിൽ വേഗം ഒപ്പിട്ട് കൊടുത്തു. അപ്പോൾ വീണ്ടും ഞങ്ങളുടെ മിഴികൾ തമ്മിലൊന്ന് കോർത്തു.

"വാടോ നമുക്ക് പോകാം" "സാറേ എന്റെ സ്വർണ്ണം" "നിന്റെ സ്വർണ്ണമൊക്കെ സ്റ്റേഷനിൽ ചെന്ന് ഞാൻ തന്നെ തരാം. നടക്കെടാ" ഇൻസ്പെക്ടർ ദേവദത്തിനെ മുന്നോട്ടു ആഞ്ഞ് തള്ളിയതും കോപത്തോടെ അയാൾ കൈക തട്ടിമാറ്റി. "അതുശരി..സാറും ഇവളുമാരും തമ്മിൽ ഒത്തോണ്ടുള്ള കളിയാല്ലേ.വേണ്ട സാറേ നാറ്റക്കേസാകുമേ.ഞാനേ ദേവമംഗലത്തെ രാജേശ്വരിയമ്മയുടെ മകനാണ്" ഇൻസ്പെക്ടർ ഒന്നും മിണ്ടിയില്ല.പകരം ദേവദത്തിന്റെ കരണം നോക്കിയൊന്ന് കൊടുത്തു. പ്രഹരത്തിന്റെ ശക്തിയിൽ അയാൾ താഴേക്ക് വീണുപോയി. "ഒരുപെണ്ണിന്റെ ജീവിതമിട്ട് പന്താടിയട്ടും അഹങ്കാരത്തിന് തെല്ലും കുറവില്ലല്ലോ?"

ദേവദത്തിന്റെ കോളറിൽ കുത്തിപ്പിടിച്ചു മേൽപ്പോട്ട് ഉയർത്തി ഒരടി കൂടി കൊടുത്തു. അയാളുടെ മുഖം ഒരുവശത്തേക്ക് കോടിപ്പോയി. "നിങ്ങളെന്താ ഇത്രയും ആയിട്ടും പരതിപ്പെടാതിരുന്നത്" എന്റെ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു..ഇൻസ്പെക്ടർ സ്വരം അൽപ്പം മയപ്പെടുത്തി. "ഇതുപോലെയുളള സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്..പ്രതികരിക്കണം ചങ്കുറപ്പോടെ" തീക്ഷണമായ മിഴികളെ എതിരിടാൻ കഴിയാതെ ഞാൻ മുഖം കുനിച്ചു നിന്നു. "ഒപ്പിട്ട സ്ഥിതിക്ക് എല്ലാ വകുപ്പുകളും ചേർത്തേക്കാം.കുറച്ചു നാൾ ഇവൻ അകത്ത് കിടക്കട്ടെ" ദേവദത്തിനോടുളള അമർഷം മുഴുവനും കലർന്നിരുന്നു ഇൻസ്പെക്ടറുടെ സ്വരത്തിൽ..

നിറകണ്ണുകളോടെ നന്ദി നിറഞ്ഞൊരു നോട്ടം എന്നിൽ ഉണ്ടായിരുന്നു. അത് മനസ്സിലായത് പോലെ അദ്ദേഹമൊന്ന് പുഞ്ചിരിച്ചു.. "ഇവനെ കൊണ്ടു പോയി ജീപ്പിൽ ഇരുത്ത്" അദ്ദേഹം ആജ്ഞാപിച്ചതോടെ പോലിസുകാർ ദേവദത്തിനെ പിടിച്ചു വലിച്ചോണ്ട് പോയി. "താങ്ക്യൂ" എന്തെങ്കിലും പറയണമെന്ന് കരുതി വൈഭമി ചാടിക്കയറി പറഞ്ഞു. അവളും സ്നേഹത്തോടെ ഇൻസ്പെക്ടറിലേക്ക് മിഴികളെറിഞ്ഞു. "എന്തുണ്ടായാലും പോലീസ് സ്റ്റേഷനിൽ വന്ന് ധൈര്യത്തോടെ complaint ചെയ്യണം" ഞാനതിന് ശിരസ്സ് മെല്ലെയിളക്കി.. "സ്വർണ്ണാഭരണങ്ങൾ..." "അതു നിങ്ങൾ വെച്ചോളൂ" "വേണ്ട സാറേഅർഹത ഇല്ലാത്തതൊന്നും ഞങ്ങൾക്ക് വേണ്ടാ.

അയാളോടുളള വാശിക്ക് കൊടുക്കാഞ്ഞതാ" മിഴിനീരണിഞ്ഞ മുഖത്തോടെ വൈഭി പറഞ്ഞത്.അഭിമാനത്താലെന്റെ മനം തുടിച്ചു. "ഏതായാലും അവന് കൊടുക്കണ്ടാ..ഏതെങ്കിലും സാധുക്കൾക്ക് അതുവെച്ച് എന്തെങ്കിലും ചെയ്യൂ" "ഹ്മ്മ്.. ഹ്മ്മ്" "എന്തെങ്കിലും ആവശ്യം വന്നാൽ മടിക്കാതെ എന്നെ വിളിക്കാം." ഇൻസ്പെക്ടർ കാർഡ് നീട്ടിയതും വൈഭിയത് വാങ്ങി. ഇൻസ്പെക്ടർ മടങ്ങിയതോടെ ഞങ്ങൾ അകത്തേക്ക് കയറി.. മൂടിക്കെട്ടിയ കാർമേഘം പെയ്യാതെ അകന്നു മാറി. "ഹൊ ആ ഇൻസ്പെക്ടർ എന്ത് ചുളളനാ" അകത്തേക്ക് കയറിയതും വൈഭി പിറുപിറുത്തു.ഞാൻ അതൊന്നും ശ്രദ്ധിച്ചതേയില്ല. ഭയപ്പെട്ടത് പോലൊന്നും സംഭവിക്കാഞ്ഞതിന്റെ ആശ്വാസത്തോടെ നെഞ്ചിലക്ക് കൈകൾ ചേർത്തു. "ഞാൻ പറയുന്നത് കേട്ടില്ലേ ചേച്ചി" വൈഭിയെന്നെ ഒന്നു തോണ്ടി.

"ആ.. എനിക്കൊന്നും അറിയില്ല.ഞാനൊന്നും ശ്രദ്ധിച്ചില്ല" "ഉവ്വ്. ഞാൻ കണ്ടൂലോ രണ്ടു പേരും തമ്മിൽ നോക്കി നിൽക്കുന്നത്" "അത് നിനക്ക് തോന്നിയതാ" മുഖത്തെ പരിഭവം വൈഭി കാണാതിരിക്കാനായി മുറിയിലേക്ക് കയറി.അവളും എനിക്ക് പിന്നാലെ വന്നു. "ആളുടെ പേരെന്താണെന്ന് അറിയോ ചേച്ചിക്ക്" അവൾ വിടാനുളള ഭാവമില്ല.ചെറുതായിട്ട് എന്തെങ്കിലും കിട്ടിയാൽ മതി ചൂഴ്ന്ന് നോക്കി കൊണ്ടിരിക്കും.. "എനിക്ക് എങ്ങനെ അറിയാനാ" അറിയാനൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു...ഇൻസ്പെക്ടറെ അളന്ന് മുറിച്ച് നോക്കിയിരുന്നില്ല... "ദേവർഷ്..ഇൻസ്പെക്ടർ ദേവർഷ്"................തുടരും………

ധ്രുവികം : ഭാഗം 8

Share this story