പ്രണയഗീതം: ഭാഗം 15

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ശ്രേയമോളെ നമ്മുടെ ഗിരിക്കുവേണ്ടിയൊന്ന് ആലോചിച്ചാലോ... അവൾക്കാകുമ്പോൾ അവനെപ്പറ്റി ഏതാണ്ട് അറിയാം... എനിക്കെന്തോ അവർ ഒരുമിക്കണമെന്ന് ദൈവനിശ്ചയമുണ്ടായതുപോലെ തോന്നുന്നു... അല്ലെങ്കിൽ ആ നശിച്ചവൾ ഗിരിയുടെ മനസ്സിൽ നിന്നും പചിയിറങ്ങുകയും ശ്രേയ മോൾ ഇപ്പോൾ ഇവിടേക്ക് വരാൻ ഇടയാവുകയും ചെയ്തതിന്റെ അർത്ഥമെന്താണ്... " രേഖ പറഞ്ഞതുകേട്ട് വാസുദേവൻ നോക്കി... പിന്നെയൊന്ന് ചിരിച്ചു... "എന്താ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ കാരണം... ഞാനിത് പണ്ടേ മോഹിച്ചതാണ്... രാമദാസന്റെ മകൾ ഗിരിക്കുള്ളതാണെന്ന് പക്ഷേ അത് ഞാൻ എന്റെ മനസ്സിൽ വച്ചു... സമയമാകുമ്പോൾ പറയാമെന്ന് കരുതി... രാമദാസന്റേയും രമയുടേയും അഭിപ്രായം അറിഞ്ഞിട്ട് മതിയെന്ന് കരുതി...

പക്ഷേ അപ്പോഴേക്കും ആ ശേഖരന്റെ മോള് അവന്റെ മനസ്സിൽ കയറികൂടിയില്ലേ... അവന് അതാണ് താൽപര്യമെങ്കിൽ അങ്ങനെയാകട്ടെ എന്നു കരുതി... പക്ഷേ അവൾ ശേഖരന്റെ മകളാണെന്ന് അറിഞ്ഞില്ല... അറിഞ്ഞെങ്കിൽ ആദ്യമേ, അവനെ തിരുത്തുമായിരുന്നു... അവനും അതറിയാതെയാണല്ലോ അവളെ ഇഷ്ടപ്പെട്ടത്... ഏതായാലും അത് ആ വഴി പോയത് നന്നായി... ഗിരിക്ക് താല്പര്യമാണെങ്കിൽ നമുക്കിത് വീണ്ടും ആലോചിക്കാം... പക്ഷേ അവന്റെ പൂർണ്ണ സമ്മതം വേണം... അതില്ലാതെ അവൾക്കും അവളുടെ വീട്ടുകാർക്കും ഒരു ആശ കൊടുക്കരുത്... നീ അവനുമായി സംസാരിക്ക്... എന്നിട്ടുമതി നമ്മളും ആശിക്കുന്നത്... " വാസുദേവൻ പറഞ്ഞു... "അവന് പെട്ടന്നൊരു തീരുമാനമെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... അത്രയേറെ അവനെ മാറ്റിയയെടുത്തവളാണ് ആ ശൂർപ്പണക... അതിൽനിന്നും പഴയ ഗിരിയായി അവൻ മാറിവരാൻ സമയമെടുക്കും... പക്ഷേ അതുവരെ നമുക്ക് കാത്തിരിക്കാൻ പറ്റുമോ... ശ്രേയമോൾക്ക് അവളുടെ വീട്ടുകാർ മറ്റു ആലോചനയുമായി മുന്നോട്ട് പോയാൽ നമ്മൾ ആശിച്ചതൊന്നും നടക്കില്ല...

ഏതായാലും ഞാൻ അവനോട് ഒന്ന് ചോദിക്കട്ടെ... ഇന്ന് പ്രസാദ് ചിലതൊക്കെ അവനോട് പറയുന്നത് കേട്ടു... എന്താണ് അവന്റെ തീരുമാനമെന്ന് ആർക്കറിയാം... " "നീയേതായാലും അവനോട് സംസാരിക്ക്... എന്നിട്ടുമതി എല്ലാം... " വാസുദേവൻ ചായകുടിച്ചുകഴിഞ്ഞ് മുറിയിലേക്ക് നടന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എടാ ഗിരീ... നീ ഇവിടെയില്ലാതിരുന്ന ഇത്രയും നാളുകൾ ഇവിടെയൊരു സുഖവുമില്ലായിരുന്നു... നമ്മുടെ ക്ലബിന്റെ വാർഷികം പോലും നടത്തേണ്ടെന്നായിരുന്നു എല്ലാവരുടേയും തീരുമാനം... അതിൽ ഏറ്റവും കൂടുതൽ എതിർത്തത് ചാക്കോ മാഷായിരുന്നു... നീയില്ലാതെ എന്താഘോഷം എന്നാണ് മാഷ് ചോദിച്ചത്... നീയും വിഷ്ണുവുമാണല്ലോ ഇന്ന് ഈ ക്ലബ് ഇവിടെയുണ്ടാകാൻ പ്രധാന കാരണക്കാർ... " ജീവൻ പറഞ്ഞു... "ഞാനില്ലെങ്കിലും വാർഷികം നടത്തുന്നതിന് എന്താണ്... ഞാൻ മാത്രമല്ലേ ഇല്ലാത്തതുള്ളൂ നിങ്ങളൊക്കെയില്ലേ... " ഗിരി ചോദിച്ചു... "അതെങ്ങനെയാണ്... എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്നത് നീയല്ലേ... എനിക്ക് നിന്നെപ്പോലെ അങ്ങനെ ഓരോന്നും ശരിയാക്കിയെടുക്കാൻ പറ്റില്ല...

ചാക്കോ മാഷാണെങ്കിൽ നീ വരാത്തതിൽപ്പിന്നെ കുറച്ച് പിറകോട്ടാണ്... " വിഷ്ണു പറഞ്ഞു... "മാഷപ്പോൾ ഇവിടേക്ക് വരാറില്ലേ... " ഗിരി ചോദിച്ചു... "എപ്പോഴെങ്കിലും വന്നാൽ വന്നു അത്രതന്നെ... പക്ഷേ ഇന്ന് എന്തായാലും വരും... ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് നീ വരുന്ന കാര്യം... മാഷിന് എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായതെന്നറിയോ... ഞാൻ വിളിച്ചപ്പോൾ ടൌണിലാണെന്ന് പറഞ്ഞു... പെട്ടന്ന് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്..." വിഷ്ണു പറഞ്ഞു... "ഒരുപാട് നാളായി മാഷിനെ കണ്ടിട്ട്... എന്നെ കാണാൻ രണ്ടുമൂന്നു തവണ വീട്ടിൽ വന്നിരുന്നെന്ന് അമ്മ പറഞ്ഞിരുന്നു... ഞാനവിടെ ഇല്ലായിരുന്നു... " "എതായാലും മാഷിപ്പോൾ വരും... അന്നേരം കാണാമല്ലോ... അതവിടെ നിൽക്കട്ടെ... എന്താണ് ഇനി നിന്റെ പരിപാടി... ഇത്രയും നാൾ നടന്നതുപോലെ നടക്കാനാണോ നിന്റെ പ്ലാൻ... " സന്തോഷ് ചോദിച്ചു... "അല്ല... ഇത്രയും നാൾ അവൾ എന്തിനാണ് എന്നെ ചതിച്ചതെന്ന് എനിക്കറിയില്ലായിരുന്നു... പക്ഷേ ഇന്നെനിക്കറിയാം അവൾ ആരുടെ താല്പര്യത്തിനനുസരിച്ചാണ് ഇതെല്ലാം ചെയ്തതെന്ന്...

എന്റെ കുടുംബം തകർക്കാനാണ് അവളും അവളുടെ അച്ഛനും ഏട്ടനും ഇറങ്ങിയത്... അതുപോലത്തെ ഒരുത്തിയെ ഓർത്ത് ഞാനെന്തിനാണ് എന്റെ ജീവിതം ഹോമിക്കുന്നത്... " "അപ്പോൾ നിനക്കറിയാം ഇത്രയും നാൾ നീ ജീവിതം സ്വയം ഹോമിക്കുകയാണെന്ന്.. ഇത് പല ആവർത്തി നിന്നോട് പറഞ്ഞതുമാണ്... അതെങ്ങനെ നീ ആരെങ്കിലും പറയുന്നത് അനുസരിക്കോ... " വാതിൽക്കൽ നിന്ന് ചാക്കോ മാഷിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി... മാഷിനെ കണ്ട് അവൻ എഴുന്നേറ്റു... "നീയിരിക്ക്... നിന്നെയൊന്ന് കണ്ടു കിട്ടാൻ എത്ര തവണ ഞാൻ ശ്രമിച്ചു... നിന്റെ വീട്ടിലും വന്നു... എവിടെ കാണാൻ... ഇനിയെങ്കിലും നീ ഞങ്ങളുടെ പഴയ ഗിരിയായി ജീവിക്ക്... " ചാക്കോമാഷ് അവിടെയുണ്ടായിരുന്ന ഒരു കസേര വലിച്ചിട്ട് അതിലിരുന്നുകൊണ്ട് പറഞ്ഞു... "ജീവിക്കണം മാഷേ... ഇനി എനിക്ക് ആ പഴയ ഗിരിയായി തന്നെ ജീവിക്കണം...

എന്നിട്ടു വേണം ചില കണക്കുകൾ തീർക്കാൻ... എന്നെ ഒരു കോമാളിയാക്കിയ അവളേയും അവളുടെ വീട്ടുകാരേയും ഞാൻ മനഃസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല..." "അതെ അതാണ് വേണ്ടത്... അവളിനി ഇതുപോലെ ഒരാളായും ചതിക്കരുത്.. " ജീവൻ ഗിരിയെ പിൻതാങ്ങി... "ജീവാ നീ എന്റെ വായിൽ നിന്ന് കേൾക്കും... ഒരുതരത്തിൽ അവനെ നമുക്ക് തിരിച്ചുകിട്ടിയതാണ്... ഇനിയും അവന്റെ മനസ്സിൽ വിഷം കുത്തികയറ്റുകയാണോ നീ... " ചാക്കോ മാഷ് ചോദിച്ചു... "അതിന് ഞാനെന്താണ് പറഞ്ഞത്... അവൻ പറഞ്ഞതിന് കൂട്ടുപിടിച്ചതോ... " "അങ്ങനെ കൂട്ടുപിടിക്കേണ്ട... ഇനിയിവനെ ഒരു പ്രശ്നത്തിലേക്കും പറഞ്ഞു വിടാതെ നോക്കേണ്ടത് നമ്മളാണ്... നമുക്കു വേണം ഇവനെ... പഴയതുപോലെ എന്തിനും ഏതിനും മുന്നിട്ടിറങ്ങി എല്ലാവരുടേയും കണ്ണിലുണ്ണിയായ ആ പഴയ ഗിരിയെ... മോനേ ഗിരീ... ഇനി നീ ഇതിന്റെ പേരിൽ ഒന്നിനും പോകേണ്ട... ഇന്ന് നീ അവളുടെ ഏട്ടന്റെ മൂഖം ഇടിച്ച് പരത്തിയെന്ന് പ്രസാദ് പറഞ്ഞറിഞ്ഞു... അതുപോലെ ഇനിയുണ്ടാവരുത്... അവർ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യട്ടെ...

അതുമൂലം നിന്റെ ശരീരമൊന്നും നോവുന്നില്ലല്ലോ... ഇനിയിവനെ നിന്റെ ശരീരത്തിൽ തൊട്ടുകളിക്കാൻ അവർ വരുമ്പോഴല്ലേ... അന്നേരം ഞങ്ങളൊക്കെയില്ലേ ഇവിടെ... അവർ പറയുന്നതൊന്നും നീ കാര്യമാക്കേണ്ട... നീ ഇപ്പോൾ ചെയ്യേണ്ടത്... മുമ്പത്തെപ്പോലെ നീ ഓഫീസിൽ പോകണം... നീ അവിടെയില്ലാത്തത് നല്ലോണം കാണുന്നുണ്ട്... നിന്റെ അച്ഛനും മാനേജരായ കൃഷ്ണേട്ടനും കഷ്ടപ്പെടുകയാണ്... നീ അവിടെ ചെന്ന് എല്ലാം ശരിയാക്കിയെടുക്കണം... നിന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ട് പടുത്തുയർത്തിയതാണ് അതെല്ലാം... അച്ഛന്റെ വിയർപ്പാണത്... അത് ഒന്നുമില്ലാതാവാൻ കാരണക്കാരനാവരുത് നീ... " "ഇല്ല മാഷേ... എനിക്കറിയാം അച്ഛൻ എത്രമാത്രം കഷ്ടപ്പെട്ടുണ്ടാക്കിയതാണ് അതെല്ലാമെന്ന്... പക്ഷേ ഇത്രയും നാൾ എനിക്കെന്റെ മനസ്സ് സമ്മതിക്കുന്നില്ലായിരുന്നു അവിടേക്ക് പോകാൻ... പോയാലും എനിക്ക് ഒന്നിലേക്കു ശ്രദ്ധിക്കാൻ പറ്റില്ലായിരുന്നു... ഇനിയങ്ങനെയല്ല... ഏതെങ്കിലുമൊരുത്തിക്ക് വേണ്ടി എന്തിനാണ് ഞാനെന്റെ ജീവിതം നശിപ്പിക്കുന്നത്... തിങ്കളാഴ്ച മുതൽ ഞാൻ പോയിത്തുടങ്ങും... "

"അതാണ് വേണ്ടത്... പിന്നെ മറ്റൊരു കാര്യം കൂടി ഞാൻ പറയുകയാണ്... അതും നീ അനുസരിക്കണം... വേറൊന്നുമല്ല... നിന്റെ വിവാഹം തന്നെയാണ്... അത് എത്രയും പെട്ടന്ന് നടത്തണം... " "മാഷ് ഇതുവരെ പറഞ്ഞത് ഞാൻ അനുസരിക്കാം... പക്ഷേ വിവാഹം... അത് നടക്കുമെന്ന് തോന്നുന്നില്ല... " "അതെന്താ നടക്കാത്തത്... നടക്കണം... " "അതല്ല മാഷേ അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയുടെ ജീവിതവച്ച് എന്തിനാണ് കളിക്കുന്നത്... എന്റെ കാര്യങ്ങൾ അറിഞ്ഞാൽ ആരാണ് എനിക്ക് പെണ്ണ് തരുന്നത്... " 'അതെന്താ നീയൊരു ക്രിമിനലോ കള്ളനോ ആണോ പെണ്ണു കിട്ടാതിരിക്കാൻ... വിവാഹത്തിനു മുമ്പ് ഒരു പ്രണയമുണ്ടാകുന്നതും അതിൽ ചതിക്കപ്പെടുന്നതും ലോകത്ത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ... നീ ആരേയും വഞ്ചിച്ചിട്ടില്ലല്ലോ... നീ വഞ്ചിക്കപ്പെടുകയല്ലേ ഉണ്ടായത്... " "എന്നാലും അത് വേണ്ട മാഷേ... അതിനുള്ള മാനസികാവസ്ഥയിലല്ല ഞാൻ... " "അതിന് നിന്നോട് ഇന്നുതന്നെ വിവാഹം കഴിക്കാൻ ആരെങ്കിലും പറഞ്ഞോ...

ഞാനേതായാലും നമ്മുടെ വേലായുധനോട് പറഞ്ഞ് അവന്റെ കയ്യിൽ നിനക്ക് പറ്റിയ ഏതെങ്കിലും കുട്ടിയുണ്ടോ എന്ന് അന്വേഷിക്കട്ടെ.. ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് നടത്തണം... എന്റെ വാക്ക് നീ നിഷേധിക്കില്ല എന്ന വിശ്വാസമുണ്ട്... അതുകൊണ്ടാണ് ഞാൻ തന്നെ ഇതിന് മുന്നിട്ടിറങ്ങുന്നത്... " "അതിനെന്തിനാ മാഷേ വേലായുധേട്ടനെ കാണുന്നത്... നല്ലൊരു മാലാഖയെപ്പോലെ ഒരു പെൺകുട്ടി ഇവന്റെ വീട്ടുലുണ്ടല്ലോ... ഇവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകൾ... ഇവിടെ സൂര്യ ഗ്രൂപ്പിൽ ജോലികിട്ടി വന്നതാണ് ഇവന്റെ വീട്ടിലാണ് താമസം... ഇന്ന് ഞാൻ അമ്പലത്തിൽ വച്ച് കണ്ടു... എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്... ഇവനെ ചതിച്ച ആ പെണ്ണിന്റെ കോലമല്ല... ഒറ്റനോട്ടത്തിൽതന്നെ കൊത്തിക്കൊണ്ടുപോകാൻ ആളുകൾ മത്സരിക്കും... അത്രയും സുന്ദരിയാണ് അവൾ... " വിഷ്ണു പറഞ്ഞു.. "എന്നിട്ടാണോ... അച്ഛന്റെ ഏത് കൂട്ടുകാരന്റെ മകളാണ്... ആ പഴയ രാമദാസന്റെ മകളാണോ... ഏയ് അതാവാൻ വഴിയില്ല... രാമദാസന് അവരെപ്പോലെ നല്ലൊരു ബിസിനസ്സുള്ളപ്പോൾ അവന്റെ മകളെന്തിനാണ് ഇവിടെ ജോലിക്ക് വരുന്നത്...

സൂര്യ ഗ്രൂപ്പിൽ ജോലികിട്ടുക എന്നത് അത്രയെളുപ്പം സാധിക്കുന്ന കാര്യമല്ലെന്നറിയാം... പക്ഷേ എത്ര വലുതാണെങ്കിലും രാമദാസന്റെ മകളെ പുറമേ ഒരു ജോലിക്ക് അവൻ വിടില്ല... " "രാമദാസനങ്കിളിന്റെ മകളുടെ കാര്യം തന്നെയാണ് ഇവൻ പറഞ്ഞത്... അവൾക്ക് ആ ജോലിയോടാണ് താല്പര്യം... അവളുടെ സന്തോഷത്തിനപ്പുറം മറ്റൊന്നുമില്ല അങ്കിളിന്... അതുകൊണ്ടാണ് ഈ ജോലിക്ക് വിട്ടത്... " "എന്നിട്ടാണോ... ഇനി എന്തിനാണ് ഞാൻ നിനക്കുവേണ്ടി വേറെ ആലോചിക്കുന്നത്... അവൾ നിനക്കായി ജനിച്ചവളാണ്... നീ ആ പെണ്ണിന്റെ വലയിൽ വീണതു കൊണ്ടാണ് ഇത് നടക്കാതെ പോയത്... നിന്റെ അച്ഛന് നേരത്തേ താല്പര്യമുള്ള കാര്യമാണ് ദേവദാസന്റെ മകൾ തന്റെ മകനുവേണ്ടി തന്റെ കൂട്ടുകാരനോട് ചോദിക്കണമെന്നത്... പക്ഷേ അച്ഛന്റെ മനസ്സ് വായിക്കാൻ മകന് കഴിയാതെ പോയി... നീ ഒരുത്തിയെ ഇഷ്ടപ്പെടുന്നുണ്ടെന്നറിഞ്ഞ അച്ഛൻ തന്റെ ആഗ്രഹം മനസ്സിലൊതുക്കി... ഞാൻ കരുതി അവളുടെ വിവാഹം കഴിഞ്ഞെന്ന്... ഞാൻ പറഞ്ഞല്ലോ അവൾ നിനക്കായി ജനിച്ചവളാണെന്ന്... "

"മാഷെന്തെന്നറിഞ്ഞിട്ടാണ് സംസാരിക്കുന്നത്... അവളെ ഞാൻ എന്റെ അനിയത്തിയുടെ സിഥാനത്താണ് കാണുന്നത്... അവൾ തിരിച്ചും ഒരേട്ടനോടുള്ള അടുപ്പമാണ് കാണിക്കുന്നത്... " "എന്തായാലും ഞാൻ നിന്റെ അച്ഛനെയൊന്ന് കാണട്ടെ... എന്നിട്ട് പറയാം നിങ്ങൾ തമ്മിൽ എങ്ങനെയുള്ള ബന്ധമാണ് വേണ്ടതെന്ന്... എന്നാൽ ഞാൻ ഇറങ്ങുകയാണ്... ടൌണിൽ നിന്ന് നേരെ ഇവിടേക്കാണ് വന്നത്... നാളെ കാണാം... പിന്നെ നീ ഇല്ലാത്തതുകൊണ്ട് വേണ്ടെന്നുവെച്ച വാർഷികാഘോഷം നമുക്ക് എല്ലാ വർഷത്തേക്കാളും ഉഷാറായിട്ട് നടത്തണം... ഇതിനെ പറ്റി നാളെ കുറച്ചുസമയം സംസാരിക്കാനിരിക്കണം... സമയം അധികമൊന്നുമില്ല... കേട്ടല്ലോ... " ചാക്കോമാഷ് അവരോട് യാത്രപറഞ്ഞിറങ്ങി... പിന്നേയും കുറച്ചുനേരം കഴിഞ്ഞാണ് ഗിരി വീട്ടിലേക്ക് പോയത്... ഗെയ്റ്റ് കടന്ന് തന്റെ ബൈക്ക് മുറ്റത്ത് നിർത്തിയതിനുശേഷമവൻ ഗെയ്റ്റടക്കാൻ നടന്നു... ഗെയ്റ്റടച്ച് തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കണ്ണുകൾ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ ചിരിയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ശ്രേയയെ അവൻ കണ്ടു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story