പ്രണയഗീതം: ഭാഗം 16

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഗെയ്റ്റ് കടന്ന് തന്റെ ബൈക്ക് മുറ്റത്ത് നിർത്തിയതിനുശേഷമവൻ ഗെയ്റ്റടക്കാൻ നടന്നു... ഗെയ്റ്റടച്ച് തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കണ്ണുകൾ ബാൽക്കണിയിലേക്ക് ചെന്നു... അവിടെ ചിരിയോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന ശ്രേയയെ അവൻ കണ്ടു... അവൻ തന്റെ മൊബൈലെടുത്ത് സമയം നോക്കി... പതിനൊന്നു മണിക്ക് കഴിഞ്ഞു... "ഇതെന്താ ഈ പെണ്ണിന് ഉറക്കവുമില്ലേ... " അതും മനസ്സിൽ പറഞ്ഞ് ഗിരി അകത്തേക്ക് നടന്നു... രേഖയാണ് വാതിൽ തുറന്നുകൊടുത്തത്... " "ഓ എത്തിയോ.. ഇന്നെന്താ നേരത്തെ.... ക്ലബിലേക്ക് പോയാൽ പന്ത്രണ്ട് കഴിയാതെ വരാറില്ലല്ലോ നീ... " രേഖ ചോദിച്ചു... "അതുശരി... നേരത്തേ വന്നതാണോ ഇപ്പോൾ കുഴപ്പമായത്... എന്നാൽ നാളെ തൊട്ട് വൈകിവരാം... എന്തേ... " "എപ്പോൾ വേണമെങ്കിലും വന്നോ... എനിക്ക് പ്രശ്നമില്ല... പക്ഷേ വാതിൽ തുറന്നു തരാൻ വേറെ ആരെയെങ്കിലും നിർത്തിയിട്ട് പോയാൽ മതി... അതുപോലെ ഭക്ഷണമെടുത്തുതരാനും... എട്ടുമണിക്കുമുന്നേ വന്നാൽ കഴിക്കാൻ എന്റെ കൈകൊണ്ട് വല്ലതും കിട്ടും...

അല്ലെങ്കിൽ പുറത്തുനിന്ന് കഴിച്ചുവന്ന് ഇവിടെ ഉമ്മറത്ത് കിടക്കേണ്ടി വരും... ഞാൻ നിന്റെ വേലക്കാരിയൊന്നുമല്ല... നോന്നുമ്പോൾ കയറിവന്നാൽ വാതിൽ തുറന്നു തരാൻ... " "അതിന് ഇപ്പോൾ എന്താണ് ഉണ്ടായത്... ഞാൻ നേരം വൈകി വന്നതോ... " "നീ എപ്പോൾ വേണമെങ്കിലും വന്നോ എന്നു പറഞ്ഞില്ലേ... വരുമ്പോൾ നിന്നെയും കാത്ത് ഇരിക്കാൻ ഒരാളെ കൊണ്ടു വരണമെന്ന്... എല്ലാ കാലവും നിനക്കൊക്കെ വച്ചു വിളമ്പി തരാൻ എനിക്ക് പറ്റില്ല... വയസ്സ് ഇരുപത്തെട്ടായി... " "അതുശരി അപ്പോൾ അമ്മയുടെ പോക്ക് അവിടേക്കാണല്ലേ... എന്നെ പിടിച്ച് കെട്ടിക്കാനുള്ള അടവാണ് ഇപ്പോൾ നടത്തിയതൊക്കെ... " "ആണെന്ന് കൂട്ടിക്കൊ... നിന്റെ പ്രായത്തിലുള്ളവരെല്ലാം പെണ്ണുകെട്ടി... ചിലോർക്ക് കുട്ടികളുമായി... ഇവിടെയൊരുത്തൻ കുറേ കാലം ഒരുത്തിയെ കൊണ്ടു നടന്നു അവൾ ഇട്ടെറിഞ്ഞു പോയപ്പോൾ അതിന്റെ പേരിൽ നിരാശ കാമുകന്റെ റോൾ ഏറ്റെടുത്തു... ഇപ്പോൾ എല്ലാ സത്യവും മനസ്സിലായില്ലേ നിനക്ക്... നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരേയാണ് തിരഞ്ഞെടുക്കേണ്ടത്... "

"എന്റമ്മോ... ഒന്ന് നേരം വൈകിയതിനാണോ ഇത്രയും പറഞ്ഞത്... അമ്മ പോയി കിടന്നോ... ഇതിന്റെ പേരിൽ ഈ നട്ടപാതിരക്ക് ഉറഞ്ഞുതുള്ളേണ്ട... എനിക്കുള്ളത് മേശപ്പുറത്ത് അടച്ചുവച്ചിട്ടില്ലേ... " "അവിടെയുണ്ട് വേണമെങ്കിൽ പോയി കഴിച്ച് പാത്രം കഴികിവച്ചോ... എനിക്ക് ഉറക്കം വരുന്നുണ്ട് ഞാൻ പോയി കിടക്കുകയാണ്... പിന്നെ ഉറങ്ങാൻ പോകുമ്പോൾ വാതിലൊക്കെ അടക്കാൻ മറക്കേണ്ട... രേഖ മുറിയിലേക്ക് നടന്നു... " "ഇതെന്താണ് അമ്മക്ക് പറ്റിയത്... ഇങ്ങനെയായിരുന്നില്ലല്ലോ ഇത്രയും നാൾ... ഓ എന്നെ കെട്ടിക്കാനാനുള്ള പുതിയ സൂത്രവുമായി ഇറങ്ങിയതായിരിക്കും... " ഗിരി നേരെ അടുക്കളയിലേക്ക് നടന്നു... ഡൈനിങ് ടേബിളിനടുത്തേക്ക് ചെന്നപ്പോൾ ഒരു നിമിഷം അവൻ നിന്നു... ശ്രേയ ഒരു പാത്രത്തിൽ ഭക്ഷണം വിളമ്പുന്നു... "ഇതെന്താ നീ ഇതുവരെയായിട്ടും ഒന്നും കഴിച്ചില്ലേ... "

"ഞാൻ കഴിച്ചിട്ട് മണിക്കൂർ മൂന്നായി.. ഇത് ഗിരിയേട്ടനാണ്... " "ഓ അമ്മയുടെ റോൾ നീ ഏറ്റെടുത്തോ... എനിക്കറിയില്ലേ ഇതൊക്കെ വിളമ്പി കഴിക്കാൻ... " "അതുശരി ഒരു ഉപകാരം ചെയ്യാമെന്ന് കരുതിയ പ്പോൾ അത് തെറ്റായിപ്പോയോ... " ശ്രേയ ചോദിച്ചു... "അങ്ങനെ വല്ലാതെ, ഉപകാരം ചെയ്യേണ്ട... അല്ലെങ്കിൽ തന്നെ കാണുന്നവർ പറയാൻ തുടങ്ങി... എല്ലാറ്റിനും കാരണം നീയിന്ന് അമ്പലത്തിൽ പോയതാണ്... അതുകൊണ്ടാണല്ലോ നിന്നെ എല്ലാവരും കണ്ടതും എനിക്ക് മനഃസമാധാമില്ലാതായതും... " "ഞാൻ അമ്പലത്തിൽ പോയതിന് നിങ്ങളുടെ മനഃസമാധാനം എങ്ങനെയാണ് പോകുന്നത്... " ശ്രേയ ചോദിച്ചു... "എങ്ങനെ പോയെന്നോ... നീയൊരു മാലാഖയല്ലേ... അവരുടെ മുന്നിൽ... ആദ്യം കണ്ടപ്പോൾ അമ്പലത്തിലെ ഉപദേവത ഇറങ്ങി വരുകയാണോ എന്നാണ് ഒരുത്തൻ ചോദിച്ചത്... പിന്നെയത് മാലാഖയുമായി... " "ആ അത്യാവശ്യം കാണാൻ ഭംഗിയുള്ളവരെ കാണുമ്പോൾ ചില ആളുകൾക്ക് അങ്ങനെ തോന്നും... അത് കേട്ട് അസൂയ മൂത്താണോ മനഃസമാധാനം പോയത്... " "പിന്നേ എനിക്ക് തോന്നേണ്ടേ നീ അങ്ങനെയാണെന്ന്... നിന്നെക്കാൾ സുന്ദരിമാരായ എത്രയെണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്... പിന്നെയല്ലേ നീ..." "അതിൽ ഏറ്റവും വലിയ സുന്ദരിയെയാകും ഇത്രയും നാൾ കൊണ്ടു നടന്നത്...

തന്നെപ്പോലെ സൌന്ദര്യമില്ലാത്തവനാണ് തന്റെ കൂടെ നടക്കുന്നത് എന്നു മനസ്സിലാക്കി മുതലാക്കേണ്ടത് മുഴുവൻ പിഴിഞ്ഞതിനുശേഷം ഒഴിയവാക്കിയതായിരിക്കും നിങ്ങളെ... നിന്ന് വാചകമടിക്കാതെ ഭക്ഷണം കഴിക്കാൻ നോക്ക്... " "ഞാൻ കഴിച്ചോളാം... നീ നിന്റെ പാട് നോക്കി പോകാൻ നോക്ക്... ഇനി ഇതും നാലാളറിഞ്ഞാൽ അടുത്തതിന് കാരണമാകും... " "കുറേ നേരമായല്ലോ അതുപറഞ്ഞു ഇതുപറഞ്ഞു എന്നു പറയുന്നത്... ഞാൻ ഇത് വിളമ്പിത്തരുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെങ്കിൽ ഞാൻ പോയേക്കാം... അതിന് മറ്റുള്ളവരുടെ പേര് പറഞ്ഞ് ഓരോന്നുണ്ടാക്കേണ്ട... " "ഞാൻ വെറുതെ പറഞ്ഞതല്ല... ഇവിടെ ഒരു ചാക്കോ മാഷുണ്ട്... എന്നെ പഠിപ്പിച്ച മാഷാണ്... പോരാത്തതിന് ഞങ്ങളുടെ ക്ലബിന്റെ പ്രസിഡന്റുമാണ്... എന്റെ അച്ഛനുമമ്മയും കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആളാണ് മാഷ്... ഞാൻ മാത്രമല്ല ഈ നാട്ടിലെ ഓരോരുത്തരും ബഹുമാനിക്കുന്ന വ്യക്തിയാണദ്ദേഹം... മാഷിനു ഞങ്ങളൊക്കെ മക്കളെപ്പോലെയാണ്...

ഞങ്ങളുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കാനും മാഷിന് സ്വാതന്ത്ര്യമുണ്ട്... ഇന്ന് കുറച്ചധികം ദിവത്തിനുശേഷമാണ് ഞാൻ ക്ലബിൽ പോയത്... എന്റെ മാറ്റം മാഷിന് ഒത്തിരി സന്തോഷിപ്പിച്ചു... അതിനിടയിൽ മാഷ് ഒരു പ്രധാന തീരുമാനമെടുത്തു... എന്റെ വിവാഹക്കാര്യം... അതിനുവേണ്ടി ഇവിടെയടുത്തുള്ള ഒരു കല്യാണബ്രോക്കർ വേലായുധേട്ടനെ കാണുമെന്നും എനിക്ക് പറ്റിയ ഒരു കുട്ടി അയാളുടെ കസ്റ്റഡിയിലുണ്ടോ എന്നു ചോദിക്കുമെന്നും പറഞ്ഞു..." "ആ മാഷിന് വിവരമുണ്ട്... ഇനിയും മറ്റേതെങ്കിലും വയ്യാവേലിയിൽ ചാടുന്നതിനുമുമ്പ് ഇയാളെ പിടിച്ച് കെട്ടിക്കാൻ മാഷ് തീരുമാനിച്ചത് നന്നായി... നിങ്ങളുടെ അച്ഛനുമമ്മയും പറഞ്ഞാലല്ലേ നിങ്ങൾക്ക് കേൾക്കാൻ പറ്റാത്തതുള്ളൂ... നിങ്ങൾ അത്രക്ക് ബഹുമാനിക്കുന്ന മാഷാണെങ്കിൽ ആ വാക്ക് നിങ്ങൾ തള്ളില്ലല്ലോ... " "അതാണ് പ്രശ്നമായതും.. മാഷത് പറഞ്ഞതും വിഷ്ണു ഇടയിൽ കയറി... വിഷ്ണുവിനെ നീ കണ്ടില്ലേ... ഇന്ന് അമ്പലത്തിൽ വച്ച് നിങ്ങൾ തൊഴുതു വരുമ്പോൾ എന്റെ കൂടെയുണ്ടായിരുന്നവനെ നീ കണ്ടതല്ലേ...

അവൻ നിന്നെ കണ്ട കാര്യം മാഷിനോട് പറഞ്ഞു... " "അതിന്... അതിനെന്താ കുഴപ്പം... " "കുഴപ്പമേയുള്ളൂ... നീ ആരാണെന്ന് എന്നോട് ചോദിച്ചു... അച്ഛന്റെ കൂട്ടുകാരന്റെ മകനാണെന്ന് പറഞ്ഞപ്പോൾ മാഷിന് നിന്നെ മനസ്സിലായി... നിന്റെ അച്ഛനെ മാഷിനറിയാം... നേരിട്ട് കണ്ടിട്ടില്ലെങ്കിലും അച്ഛൻ പറഞ്ഞ് നിന്റെ അച്ഛനെ മാഷിന് നല്ലോണമറിയാം... അതുകൊണ്ട് മാഷ് ഒരു തീരുമാനമെടുത്തു... അത് നിന്നോട് എങ്ങനെയാണ് പറയുക... " "അച്ഛന്റെ ആ കൂട്ടുകാരന്റെ മകളെ ഇയാളെക്കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചു... അതല്ലേ ഉണ്ടായത്... കഷ്ടം... ഹും ഒരു നിമിഷമെങ്കിലും ഒരു നിമിഷം ആ മാഷിനെ ഞാൻ ബഹുമാനിച്ചുപോയി... എന്നാൽ അത് ഇത് കേട്ടപ്പോൾ ഇല്ലാതായി... അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നുവച്ച് വിവാഹം ഉറപ്പിക്കാൻ അയാൾ ആരാണ്... നിങ്ങളതും കേട്ട് ഒന്നു മിണ്ടാതെ നിന്നു അല്ലേ... നിങ്ങൾക്ക് പറയാമായിരുന്നില്ലേ നിങ്ങളുടെ അനിയത്തിയെപ്പോലെയുള്ള ഒരു അനിയത്തിയാണ് ഞാനെന്ന്.." "ഞാൻ പറഞ്ഞു... എന്നാൽ മാഷ് കേൾക്കേണ്ടേ...

അതിന് ചുക്കാൻ പിടിക്കാൻ എന്റെ കൂട്ടുകാരും... മാഷ് അച്ഛനുമായി ഇതേപറ്റി സംസാരിക്കാൻ പോവുകയാണെന്ന്... " "എന്റെ മഹാദേവാ... കാര്യങ്ങൾ അവിടെവരെയെത്തിയോ... ദേ ഒരു കാര്യം പറയാം... ഇതുമായി മാഷ് മുന്നോട്ടുപോകരുത്... നിങ്ങൾ നാളെ രാവിലെത്തന്നെ ഇതേ പറ്റി അങ്കിളിനോട് സംസാരിക്കണം... ഇത് നടക്കില്ലെന്ന് അങ്കിളിനോട് പറഞ്ഞ് മനസ്സിലാക്കണം... ഇല്ലെങ്കിൽ ഞാൻ പറയും... അത് ചിലപ്പോൾ അവർക്ക് വേദനയുണ്ടാക്കും... ചിലപ്പോൾ അതോടെ എന്റെ ഇവിടുത്തെ പൊറുതി ഇല്ലാതായെന്നും വരും... ഒത്തിരി ആശിച്ചു നേടിയതാണ് എനിക്കു കിട്ടിയ ഈ ജോലി... അത് ഒരിക്കലും നഷ്ടപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടാണ് ഒരിക്കലും കാണാത്തതോ പരിചയമില്ലാത്തവരുമായിരിക്കെ നിങ്ങളുടെ വീട്ടിൽ അച്ഛൻ പറഞ്ഞപ്പോൾ താമസിക്കാൻ സമ്മതിച്ചതുതന്നെ...

ഇവിടെ വന്നപ്പോഴാണ് എന്റെ ഏട്ടൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയുടെ വീടാണ് ഇതെന്ന് മനസ്സിലായത്... അതുകൊണ്ടു മാത്രമാണ് ഞാൻ എനിക്ക് നിങ്ങളോടൊക്കെ സ്വാതന്ത്ര്യത്തോടെ പെറുമാറാനുള്ള ധൈര്യം തന്നെ വന്നത്... അതല്ല ഇനിയും ഇതുപോലെ മുന്നോട്ടു പോകാനാണ് എല്ലാവരും തീരുമാനിക്കുന്നതെങ്കിൽ എനിക്ക് വിധിച്ചിട്ടില്ല എന്നു കരുതി ഞാൻ ആ ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് പോകും... ഞാൻമുലം നിങ്ങളെ ഒരപകടത്തിലേക്ക് തള്ളിയിടാൻ എനിക്ക് താൽപര്യമില്ല... " "അതിന് ഞാൻ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞോ... മാഷ് പറഞ്ഞ കാര്യം പറഞ്ഞെന്നേയുള്ളൂ... എനിക്കും അതിന് താല്പര്യമില്ല... പിന്നെ നീ പറഞ്ഞല്ലോ എന്നെ ഒരപകടത്തിലേക്ക് തള്ളിയിടാൻ താല്പര്യമില്ലെന്ന്... എന്തപകടമാണ് അത്... "........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story