പ്രണയഗീതം: ഭാഗം 18

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"നീയെന്താടീ പിറുപിറുക്കുന്നത്... പറയാനുള്ളത് ഉച്ചത്തിൽ പറയണം... കുറച്ചു നാളായി ഞാൻ ഒരു കാര്യങ്ങൾക്കും ഇടപെടുന്നില്ല എന്നു കരുതി എന്ത് തോന്നിവാസവും നടത്താമെന്ന് എന്റെ മോള് കരുതേണ്ട... നീയേതായാലും അവിടെനിന്ന് വിയർക്കേണ്ട... കയറി വാ... എനിക്ക് നിന്നോട് കുറച്ചുകാര്യങ്ങൾ ചോദിക്കാനുണ്ട്... " അത് കേട്ടതും അനു ശ്രേയയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് അകത്തേക്ക് നടന്നു... കയ്യിലെ ബാഗ് ഹാളിൽ വച്ച് അവൾ ശ്രേയയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു... അവിടെ ഭക്ഷണമുണ്ടാക്കുന്ന ജോലിയിലായിരുന്നു രേഖ... അനു വരുന്നതു കണ്ട് അവരും അമ്പരന്നു... "നീയെന്താടി പെട്ടെന്നൊരു വരവ്... ഓ ഭാവി നാത്തൂൻ ഇവിടെയുള്ളതറിഞ്ഞ് ക്ലാസുപോലും വേണ്ടെന്നു വച്ച് പോന്നതാകുമല്ലേ... " "അതേലോ... എല്ലാം കൃത്യമായി ഏട്ടൻ ഊതിത്തന്നു അല്ലേ... ഇതാണ് ഒരു കാര്യവും പറയാത്തത്... " "നീ പറഞ്ഞില്ലെങ്കിലും എന്തായാലും ഞങ്ങൾ അറിയില്ലേ... " "അതന്നേരമല്ലേ... അതുപോട്ടെ എന്താ ഏട്ടനൊരു മാറ്റം കാണുന്നത്...

ആ ശരണ്യ വഞ്ചിച്ചതിൽ പിന്നെ ആരോടും വല്ലാതെ സംസാരിക്കാത്ത ആളായിരുന്നല്ലോ... എന്തു പറഞ്ഞാലും മൂളി കേൾക്കുക... അതായിരുന്നില്ലേ ഉണ്ടായിരുന്നത്... ഞാൻ വന്നതും ഇവളുമായി സംസാരിച്ചതും കേട്ട ഏട്ടൻ അതിന് പ്രതികരിച്ചു... എന്തോ ചിലത് നടന്നിട്ടുണ്ട് ഇവിടെ... " "നടന്നിട്ടുണ്ട്... നിന്റെ ഏട്ടൻ പഴയ ഏട്ടനായി മാറി എന്നുതന്നെ കരുതാം... അതിന് കാരണക്കാരിയാണ് ഇവൾ... " "ഇവളോ... അതിന് ഇവൾ വന്നിട്ട് രണ്ടുദിവസമല്ലേ ആയിട്ടുള്ളൂ... അതിനിടയിൽ എങ്ങനെ ഒരാളെ മാറ്റിയെടുക്കും... " അനു സംശയത്തോടെ ചോദിച്ചു... "അത് ഇവൾക്കുമാത്രമേ അറിയൂ... എന്ത് ചെയ്തിട്ടാണ് ഇവൾ അവനെ മാറ്റിയെടുത്തതെന്ന് എനിക്കറിയില്ല... കഴിഞ്ഞ കുറച്ചു നാളായി ഞാനും നിന്റെയച്ഛനും തലകുത്തിമറഞ്ഞിട്ടും ചെയ്യാൻ കഴിയാത്തതാണ് ഒറ്റദിവസം കൊണ്ട് ഇവൾ നടത്തിയത്... " "അത് എന്ത് സൂത്രമാടീ നീ കാണിച്ചത്... അത്രയെളുപ്പമൊന്നും മാറ്റിയെടുക്കാൻ പറ്റാത്ത കാര്യമല്ലേ നീ ചെയ്തത്.. " "ഞാനൊന്നും ചെയ്തിട്ടല്ല നിന്റെയേട്ടൻ മാറിയത്...

ഏട്ടന് എല്ലാ കാര്യവും മനസ്സിലായിട്ടാണ്... എടീ നിന്റെ ഏട്ടനെ ചതിച്ച ആ പെണ്ണ് നിങ്ങളുടെ ശത്രുവിന്റെ മകളാണ്... ഒരു ശേഖരൻ എന്നു പറയുന്ന ആളുടെ മകൾ... അയാളുടെ ബുദ്ധിയായിരുന്നു അവൾ നടത്തിയത്... " "അതുശരി... അന്നേരം അവളാരാണെന്ന് ഏട്ടന് അറിയില്ലായിരുന്നോ... " "ഇല്ല... ആരുടെ മകളാണെന്ന് അവൾ പറഞ്ഞിരുന്നില്ല... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്ന് പറഞ്ഞത്... " "വല്ലാത്ത പെണ്ണുതന്നെ... എന്നിട്ട് ഏട്ടൻ ഇതറിഞ്ഞിട്ട് പ്രതികരിച്ചില്ലേ... " "ആ കാര്യം പറയാത്തതാണ് നല്ലത്... രേഖ അമ്പലത്തിൽ വച്ചു നടന്നതുൾപ്പടെ എല്ലാ കാര്യങ്ങളും അനുവിനോട് പറഞ്ഞു... അതൊക്കെ കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു അനു... "ഈശ്വരാ ഇനി ഇതിന്റെ പേരിലാവും അടുത്ത പ്രശ്നം... അവർ ഇനി എന്തൊക്കെ ചെയ്യുമെന്ന് ആർക്കറിയാം... ഏതായാലും ഒരു വലിയ തലവേദന മാറിയല്ലോ... അതുതന്നെ വലിയ കാര്യം... ഇനി എത്രയും പെട്ടന്ന് ഏട്ടനെ പിടിച്ച് കെട്ടിക്കണം... എന്നാലേ ഇതിനൊരു അവസാനമുണ്ടാകൂ..." അനു പറഞ്ഞു... "അതുതന്നെയാണ് അച്ഛന്റെയും എന്റേയും തീരുമാനം... ഒരു കുട്ടിയെ ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട്... അവളുടെ വീട്ടുകാരുടെ സമ്മതം കൂടി അറിയണം..

. അവർക്ക് താല്പര്യമാണെങ്കിൽ വൈകാതെത്തന്നെ ഒരു നല്ല മുഹൂർത്തം നോക്കി അതങ്ങ് നടത്തണം... അവന്റെ മാത്രമല്ല നിന്റേയും... " "എന്റേയോ... അതിപ്പോൾ നടന്നതു തന്നെ... എനിക്കൊരു ജോലി കിട്ടിയിട്ടേ അങ്ങനെയൊരു ചടങ്ങുണ്ടാകൂ... " "അത് ഏത് കാലം എന്നുവച്ചാണ്... നിന്റെ പഠിത്തം കഴിഞ്ഞ് ജോലികിട്ടുന്നതുവരെ അവൻ കാത്തുനിൽക്കുമെന്ന് തോന്നുന്നുണ്ടോ... അഥവാ അവൻ തയ്യാറായാലും അവന്റെ അച്ഛനുമമ്മയും സമ്മതിക്കുമോ... വിവാഹം കഴിഞ്ഞാലും നിനക്ക് പഠിക്കാലോ... അതുകഴിഞ്ഞ് ജോലിക്കും ശ്രമിക്കാം... അവിടെയടുത്തല്ലേ നിന്റെ കോളേജ്... പിന്നെയുള്ളത് ഒരേയൊരു പ്രശ്നമാണ്... നിങ്ങൾ തമ്മിലുള്ള ബന്ധം ഇവളും അവനു മല്ലാതെ വീട്ടുകാരറിയോ... അറിഞ്ഞാൽ അവർക്ക് താല്പര്യമുണ്ടാകുമോ ഈ ബന്ധത്തിന്... " "അതെന്തു ചോദ്യമാണ് അമ്മേ... രണ്ടുവീട്ടുകാരും ഒരിക്കൽ ഒരു വീടുപോലെ കഴിഞ്ഞവരല്ലേ... അത് ഒന്നുകൂടി കൂട്ടിയുറപ്പിക്കാൻ കിട്ടിയ അവസരം അവർ പാഴാക്കുമോ... " "അതില്ല... എന്നാലും എല്ലാം അവരോട് സംസാരിച്ച് അനുകൂലമാക്കിയെടുക്കണം... "

"അത് നിങ്ങൾ ചെയ്യേണ്ടത്... ഇനിയഥവാ ഇവളുടെ വീട്ടുകാർ അതിന് സമ്മതിച്ചില്ലെങ്കിൽ ഞങ്ങൾ സത്യമായിട്ടും ഒളിച്ചോടും... " "അയ്യടാ അവളുടെയൊരു പൂതി... അതങ്ങ് മനസ്സിൽ വച്ചാൽ മതി... അതിന്റെയൊന്നും ആവശ്യമില്ല... ഇത് നല്ലരീതിൽത്തന്നെ നടക്കും..." "നടന്നാൽ അവർക്ക് കൊള്ളാം... അതവിടെ നിൽക്കട്ടെ... നീ ഇവിടേക്ക് വന്നത് നിന്റെ ശത്രു അറിഞ്ഞിട്ടുണ്ടോ... " അനു ശ്രേയയോട് ചോദിച്ചു... "അറിയില്ല.... അറിയരുതേ എന്നാണ് പ്രാർത്ഥന... " "ശത്രുവോ... ഇവൾക്കേതാണ് ശത്രു... " രേഖ ചോദിച്ചു... "അപ്പോൾ ഇവൾ നിങ്ങളോടൊന്നും പറഞ്ഞിട്ടില്ലേ... ഇവളെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് ഒരുത്തൻ ഇവളുടെ നാട്ടിലുണ്ട്... ആളൊരു പോക്കിരിയാണ്... മിക്കവാറും ഇവൾ ആ കോന്തനെ കെട്ടേണ്ടിവരുമെന്നാണ് തോന്നുന്നത്..." അതുകേട്ട് രേഖ ഞെട്ടി... അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി... "നിന്റെ വീട്ടുകാർക്ക് ആ ബന്ധത്തിന് താല്പര്യമാണോ... " രേഖ ചോദിച്ചു... "എന്റെ വീട്ടുകാർക്ക് അവനെ കാണുന്നതേ വെറുപ്പാണ്...

പക്ഷേ മറ്റൊരു ജീവിതം അയാളുള്ളിടത്തോളം എനിക്ക് ഉണ്ടാവില്ല എന്നുറപ്പാണ്... അയാൾ അതിന് അനുവദിക്കില്ല... " "നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീയും നിന്റെ വീട്ടുകാരുമല്ലേ... അല്ലാതെ അവനാണോ..." "അത് എന്റെ വിധി... " "ഇത് വിധിയല്ല... അഹംഭാവം... ഏതോ, ഒരുത്തനെ പേടിച്ച് സ്വന്തം ജീവിതമാണോ ഇല്ലാതാക്കുന്നത്... അതിന് നിന്റെ വീട്ടുകാരും കൂട്ടുനിൽക്കുന്നു.. " "അല്ല... അവർ എന്നെ വിവാഹം കഴിപ്പിച്ചയക്കാനാണ് ശ്രമിക്കുന്നത്... ഞാനാണ് എതിരുനിൽക്കുന്നത്... എന്റെ വിവാഹം തീരുമാനിച്ചാൽ അയാൾ എന്നെയൊന്നും ചെയ്യില്ല മറിച്ച് എന്റെ വീട്ടുകാരേയും വിവാഹം കഴിക്കാൻ വരുന്ന ആളേയുമാണ് ദ്രോഹിക്കുക... ജീവനിൽ കൊതിയുള്ള ഒരാളും അതിന് മുതിരില്ല... " "അങ്ങനെ ഒരുത്തൻ വന്നാൽ... അന്നേരം നിന്റെ തീരുമാനത്തിൽ മാറ്റം വരുമോ... " "ഹും... എവിടെ വരാൻ... വരുമായിരിക്കും... അയാളെപ്പോലെ ഏതെങ്കിലും ഒരുത്തൻ... അവർക്കൊക്കെയും എന്നെയായിരിക്കില്ല വേണ്ടത്... സ്വത്ത് മോഹിച്ചുള്ള വരവായിരിക്കും...

എന്തിനാ വെറുതെ എന്റെ ജീവിതം ഞാൻ തന്നെ നശിപ്പിക്കുന്നത്... അതിലും നല്ലത് വിവാഹമേ വേണ്ടെന്ന് കരുതുന്നതാണ്... " "അന്നേരം നിന്റെ ജീവിതം ശാശ്വതമാകുമോ... നിന്നിൽ അവകാശമുള്ള ഒരുത്തൻ ജീവിതത്തിലുണ്ടെങ്കിൽ അവന് കുറച്ച് പേടിയുണ്ടാകും... ഈ പറയുന്ന ആൾ നിന്റെ ബന്ധത്തിൽ പ്പെട്ട ആരെങ്കിലുമാണോ... " "ബന്ധത്തിലുള്ള ആരുമില്ല... അച്ഛൻ ബിസിനസ് തുടങ്ങുമ്പോൾ അച്ഛന്റെ കൂടെയുണ്ടായിരുന്ന ഒരാളുടെ മകനാണ്... " ശ്രേയ എല്ലാം രേഖയോട് പറഞ്ഞു... "എന്താണ് ഈ പറയുന്നവന്റെ അച്ഛന്റെ പേര്... " രേഖ സംശയത്തോടെ ചോദിച്ചു... "സുബ്രഹ്മണ്യൻ എന്നാണ്... എന്താ അയാളെ ആന്റിക്ക് അറിയുമോ... " അവൾ പറഞ്ഞതുകേട്ട് രേഖ ഞെട്ടി... അവർ ശ്രേയയെ സൂക്ഷിച്ചുനോക്കി.... "സുബ്രഹ്മണ്യന്റെ മകനോ... അയാൾക്ക് എത്ര മക്കളാണ്.. " "ഇയാൾ ഒരുത്തൻ മാത്രമേയുള്ളൂ... എന്താ ആന്റീ... " "ഒന്നുമില്ല മേളേ... അവന് നിന്നെ വിവാഹം കഴിക്കാൻ പറ്റില്ല അതൊരിക്കലും നടക്കാൻ പാടില്ല... എന്താ ഏതാണ് എന്നൊന്നും നീ ചോദിക്കരുത്... എനിക്കത് പറയാൻ കഴിയില്ല...

ഒരു കാര്യം ഉറപ്പാണ്... അധികനാൾ നിനക്കവന്റെ ശല്യം ഉണ്ടാവില്ല... നിനക്ക് നല്ലൊരു ജീവിതമുണ്ടാവുകയും ചെയ്യും... " "അതെന്താ ആന്റീ എന്നോട് പറയാൻ പറ്റാത്ത കാര്യം... " "ഞാൻ പറഞ്ഞല്ലോ എന്നോട് തിരിച്ചൊന്നും ചോദിക്കരുതെന്ന്... അത് നിങ്ങളോട് പറയാനുള്ള അവകാശമെനിക്കില്ല... അനൂ നീ പോയി ഡ്രസ്സ് മാറ്റുവാ... " രേഖ ആ വിഷയത്തിൽ നിന്ന് മാറാൻ അനുവിനോടത് പറഞ്ഞു... അത് മനസ്സിലാക്കിയ അനു ശ്രേയയേയും കൂട്ടി മുറിയിലേക്ക് നടന്നു... അന്നേരവും രേഖ പറഞ്ഞ കാര്യങ്ങൾ ശ്രേയയെ അലട്ടുന്നുണ്ടായിരുന്നു... എന്നാൽ രേഖ പെട്ടന്ന് തന്റെ മുറിയിലേക്ക് നടന്ന് തന്റെ ഫോണെടുത്ത് വാസുദേവനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു... "നിന്റെ സംസാരത്തിൽ അവൾക്കെന്തെങ്കിലും സംശയം തോന്നിയോ.... " വാസുദേവൻ ചോദിച്ചു... "അവൾക്കെന്തോ സംശയമുണ്ട്... അവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ്... " "ദേ ഒരു കാര്യം ഞാൻ പറയാം... ഒരിക്കലും നിന്റെ നാവിൽനിന്നും ഒരീച്ചപോലും ഇതറിയരുത്... അറിയാൻ പാടില്ല... മനസ്സിലായല്ലോ..." ..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story