പ്രണയഗീതം: ഭാഗം 25

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

പവിത്രൻ നിമിഷയുടെ മുടിയിൽ കുത്തിപ്പിടിച്ചു... വേദനകൊണ്ട് നിമിഷ അയാളുടെ പിടി വിടുവിക്കാൻ നോക്കി... ഈ സമയം കാവ്യ അയാളെ പിടിച്ചു തള്ളി... പവിത്ര പുറകോട്ട് വേച്ചുപോയി... ദേഷ്യംവന്ന അവൻ കാവ്യയുടെ മുഖം നോക്കി ഒന്നു കൊടുത്തു... ആ നിമിഷമായിരുന്നു ഒരു ബൈക്ക് അവിടെ വന്നുനിന്നത്... "എന്താടോ ഇത് പെൺകുട്ടികളോടാണോ വഴിയിൽ വച്ച് നിന്റെ അഭ്യാസം... " "താനിതിലിടപെടേണ്ട... ഇത് ഞാനും ഇവരുമായുള്ള പ്രശ്നമാണ്... " "ആണോ...അത് ഞാനറിഞ്ഞില്ല... അതിന് ആ പ്രശ്നം വഴിയിൽവച്ചാണോ തീർക്കുന്നത്... ഇത് പൊതുവഴിയാണ്... ആളുകൾ മാന്യംമര്യാദയായി നടക്കുന്ന വഴി... അവിടെ തന്നെപ്പോലൊരുത്തൻ ചെറ്റത്തരം കാണിക്കുന്നത് കണ്ടില്ലെന്ന് നടുക്കാൻ പറ്റുമോ... " "അത് എന്റെ ഇഷ്ടം... ഇതൊക്കെ ചോദിക്കാൻ നീയാരാണ്...

ഇവിടുത്തെ മജിസ്ട്രേറ്റോ... മോനേ തടി കേടാവാതെ നിൽക്കണ്ടെങ്കിൽ പോകാൻനോക്ക്.." "അങ്ങനെ പോകാൻ പറ്റില്ലല്ലോ... നിന്നെപ്പോലെ ഒരു തെമ്മാടി കാണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാൻ തന്നെപ്പോലെ ഒരുവനല്ല ഞാൻ... നിയമം കാക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിപ്പോയില്ലേ... പേര് പ്രസാദ്..." അതുകേട്ട് പവിത്രനൊന്ന് ഞെട്ടി... പ്രസാദ് ബൈക്കിൽ നിന്നിറങ്ങി... കാവ്യയോടും നിമിഷയോടും കാര്യങ്ങൾ തിരക്കി... അവർ കാര്യങ്ങൾ പറഞ്ഞു.. പ്രസാദ് കാവ്യയുടെ മുഖത്തേക്ക് നോക്കി., അവളുടെ മുഖം ചുവന്ന് തണർത്തിരുന്നു... പിന്നെ തിരിഞ്ഞ് പവിത്രനെ നോക്കി... " "നീയൊരു വട്ടപ്പലിശക്കാരനാണല്ലേ... ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലേ നിനക്ക്... അതെന്തെങ്കിലുമാകട്ടെ... സ്തീകളോട് മാന്യമായി പെരുമാറണമെന്ന് അറിയില്ലായിരുന്നോ നിനക്ക്... പോരാത്തതിന് അവരെ ഉപദ്രവിക്കുകയും ചെയ്തു... ഇത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല... ഇതിനുള്ള ശിക്ഷ അനുഭവച്ചേ മതിയാകൂ... " "പിന്നേ താനൊലത്തും എന്നെ.. ഞാനാരാണെന്ന് തനിക്കറിയില്ല...

എന്നോട് കളിക്കുമ്പോൾ ആതോർക്കണം... " "നീയേത് പൊന്നുമോനായാലും എനിക്കെന്താണ്... നിന്നെപ്പോലെ പല പിടിപാടുള്ളവർ കാട്ടിക്കൂട്ടുന്നത് കണ്ടില്ലെന്ന് കരുതാൻ തന്റെ തറവാട്ടിന്നല്ല എനിക്ക് മാസാമാസം ശമ്പളം തരുന്നത്.." പ്രസാദ് തന്റെ ഫോണെടുത്ത് അവിടുത്തെ സ്റ്റേഷനിലേക്ക് വിളിച്ചു.. "നിനക്ക് പോകാനുള്ള വണ്ടി ഇപ്പോൾ വരും... അതിനുമുമ്പ് നിന്നെ പൂട്ടാനുള്ള ഒരു പരാതി വേണമല്ലോ... അത് ഇവർ തരും... " പ്രസാദ് കാവ്യയുടെ അടുത്തുവന്ന് ഒരു വെള്ള പേപ്പറും പേനയും ചോദിച്ചു... അതിൽ പവിത്രനെതിരെ ഒരു പരാതിയെഴുതാൻ പറഞ്ഞു... എന്നാൽ കാവ്യ പവിത്രനെ നോക്കി... അവൻ ദേഷ്യത്തോടെ അവളെ നോക്കുന്നതവൾ കണ്ടു... ഒരു നിമിഷം പരാതിയെഴുതാൻ അവൾ മടിച്ചു... കാവ്യയുടെ മുഖഭാവം കണ്ട് പ്രസാദ് തിരിഞ്ഞ് പവിത്രനെ നോക്കി... പവിത്രൻ തലതിരിച്ചുകളഞ്ഞു... "അവനെ നീ നോക്കേണ്ട... അവൻ പലതും കാണിച്ചെന്നുവരും... അവനുള്ളത് ഞാൻ കൊടുത്തോളാം...

ഇനിയൊരിക്കലും ഇവൻ പെണ്ണുങ്ങളുടെ നേരെ അനാവശ്യമായി വരരുത്... അത് നിർത്താനുള്ളതാണ് ഈ പരാതി... " കാവ്യ നിമിഷയെ നോക്കി... "നീ ധൈര്യമായി എഴുതിക്കൊടുക്ക്... ഇയാളെപ്പോലെയുള്ളവൻ സാറ് പറഞ്ഞതുപോലെ ഇനിയൊരാളേയും അപമാനിക്കരുത്... " നിമിഷയുംകൂടി തന്ന ധൈര്യത്തോടെ അവൾ പരാതി എഴുതി... അത് പ്രസാദിന് കൊടുത്തു... അവനത് വായിച്ചുനോക്കി... അവളുടെ വൃത്തിയുള്ള കയ്യക്ഷരം പ്രസാദിന് അത്ഭുതപ്പെടുത്തി... പിന്നെ നിമിഷയെ നോക്കി... "നിന്റെ ഒപ്പും വേണം... പിന്നേയും ഇവൻ ദ്രോഹിച്ചല്ലോ... അത് കേസിന് കൂടുതൽ കരുത്തേകും... " "അതിനെന്താ സാറേ... ഞാനൊപ്പിട്ടുതരാം... പിന്നെ ഇത് വെറും പരാതിയായി മാറരുതെന്നാണ് ഒരപേക്ഷയുള്ളത്... " "അതെന്താ അങ്ങനെ പറഞ്ഞത്... വെറുതെ ഒരു ചടങ്ങിനാണെങ്കിൽ ഇതുപോലൊരു പരാതിയുടെ ആവശ്യമുണ്ടോ... " "അത് മറ്റുള്ളവരെ ബോധിപ്പിക്കാനാവരുതെന്നാണ് പറഞ്ഞത്... ഇവിടുത്തെ സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ പല ഏമാന്മാരും ഇയാളുടെ ഏട്ടന്റെ ഏറാമൂളികളാണ്...

അയാളെ തൃപ്തിപ്പെടുത്താൻ പലതും ചെയ്യും ഇവർ... " "ഈ പരാതി എഴുതി വാങ്ങിച്ചത് ഇവിടുത്തെ എസ്ഐ രവീന്ദ്രനല്ല... ഞാനാണ്... ഇതിന്റെ പേരിൽ ഇവന്റെ ഏട്ടൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയണമല്ലോ... " "സാറിന് ഇയാളുടെ ഏട്ടനെ ശരിക്കും അറിയാഞ്ഞിട്ടാണ്... ഈ നാട്ടിലെന്ത് നടക്കണം നടക്കേണ്ട എന്നു തീരുമാനിക്കുന്നത് അയാളാണ്... ആ പ്രതാപൻ... " നിമിഷ പറഞ്ഞു "ഓ.. അവന്റെ അനിയനാണല്ലേ ഇവൻ... വെറുതെയല്ല ഒരെല്ല് കൂടുതൽ... പക്ഷേ അത് എന്റെ നേരെ നടക്കില്ലല്ലോ പവിത്രാ... അവന് എന്നെ ശരിക്കും അറിയാം... ഒരിക്കൽ ഞങ്ങൾ തമ്മിലൊന്ന് കോർത്തുനോക്കിയതാണ്... അതിന്റെ അടയാളം ഇപ്പോഴും അവന്റെ മുതുകത്തുണ്ടാകും... ഏതു കൊമ്പത്തെ ആള് വന്നാലും നിന്നെ രക്ഷിക്കാൻ കഴിയില്ല പവിത്രാ... ഇത് സ്ത്രീ പീഡനമാണ്... ഇതിൽ ഇനി എന്തൊക്കെ എഴുതണമെന്ന് ഞാൻ തീരുമാനിക്കും... " അപ്പോഴേക്കും എസ്ഐ രവീന്ദ്രനും മറ്റു പോലീസുകാരും അവിടെയെത്തി... അവർ പ്രസാദിനുനേരെ സല്യൂട്ട് ചെയ്തു...

"രവീന്ദ്രാ ഈ മുതലിനെ ഒന്ന് സൽക്കരിച്ചിട്ട് ആ വണ്ടിയിലേക്കിട്ടേക്ക്... " രവീന്ദ്രൻ പവിത്രനെ നോക്കി... "അത് സാറേ... ഞാൻ... " രവിന്ദ്രനൊന്ന് പതുങ്ങി... "എന്താടോ... മറ്റേതെങ്കിലും ഒരുത്തനെ കിട്ടിയാൽ ഇതല്ലല്ലോ നിന്റെ റിയാക്ഷൻ... രണ്ടെണ്ണം കൊടുത്തിട്ടല്ലേ വണ്ടിയിൽ കയറ്റുന്നത്... ഇപ്പോഴെന്താ അതിനൊരു മടി... തന്റെ സ്ഥിരം ചടങ്ങ് ഇവിടേയും മുടക്കേണ്ട... " "എനിക്ക് പറ്റില്ല സാർ... കുഞ്ഞുകുട്ടി പരാതിയുമായി നടക്കുന്നവനാണ് ഞാൻ... ഇവനെ തല്ലിയാൽ എന്റെ കുടുംബംവരെ ആ പ്രതാപൻ കത്തിക്കും... " "ഓഹോ ഈ പേടി കഴിഞ്ഞദിവസം ഗിരിയെ പൊക്കാൻ വന്നപ്പോൾ കണ്ടില്ലല്ലോ... അതല്ല പ്രശ്നം... ഇവനെപ്പോലുള്ളവരുടെ കയ്യിൽനിന്നു കിട്ടുന്ന വരുമാനം ഇല്ലാതാകും അതല്ലേ ഈ പേടി... അടിക്കടോ അവനെ... " രവീന്ദ്രൻ പിന്നേയും മടിച്ചു... "ഓ സാറിന് മടിയുണ്ടാകും... ഞാൻ തന്നെ ചെയ്തോളാം... " പറഞ്ഞുതീർന്നതും പവിത്രന്റെ രണ്ട് കവിളത്തും മാറിമാറി കൊടുത്തു പ്രസാദ്... ഇനിയിവനെ തൂക്കി വണ്ടിയിൽ കയറ്റ്... ഇനി അതിനും മടിയുണ്ടാകുമോ... "

രവിന്ദ്രൻ പ്രസാദിനെ ഒന്ന് നോക്കി പിന്നെ പവിത്രനെ പിടിച്ച് വണ്ടിയിൽ കയറ്റി... "പിന്നെ ഇവനെ അവിടെ കൊണ്ടുപോയി സൽക്കരിച്ച് ഇരുത്തുകയല്ല വേണ്ടത്... സെല്ലിനകത്ത് ഇട്ടേക്കണം... പോകുന്ന വഴി നീ പ്രതാപനെ വിളിച്ച് കാര്യം പറയുമെന്നറിയാം... ആരോട് പറഞ്ഞാലും ഏത് കൊലകൊമ്പൻ വന്നാലും ഇവനെ വിട്ടുകൊടുക്കരുത്... ഇത് എന്റെ ഓഡറാണ്... അങ്ങനെയുള്ളവരോട് എന്നെ വിളിക്കാൻ പറഞ്ഞാൽ മതി... എന്നാൽ ചെല്ല്... പിന്നെ ജീവൻ നിലനിർത്താൻ അല്പം വല്ലതും കൊടുത്താൽ മതി... കേട്ടല്ലോ.." "ശരി സാർ... " രവീന്ദ്രൻ പ്രസാദിന് സല്യൂട്ടടിച്ചതിനുശേഷം വണ്ടിയിൽ കയറി അത് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു... "നന്ദിയുണ്ട് സാറേ... ഈ ഉപകാരം ഒരിക്കലും മറക്കില്ല... " "നന്ദിയൊക്കെ അവിടെ നിൽക്കട്ടെ... കേസ് കോടതിയിൽ എത്തിയാൽ അവിടെ ഹാജരാകേണ്ടിവരും... എല്ലാ സത്യവും അവിടെ പറയേണ്ടിവരും രണ്ടുപേരും... കേട്ടല്ലോ... പിന്നെ തന്റെ അച്ഛനോട് എന്നെയൊന്ന് വന്ന് കാണാൻ പറയണം... ചിലത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുണ്ട്... "

പ്രസാദ് കാവ്യയോട് പറഞ്ഞു "പറയാം സാർ.. എന്നാൽ ഞങ്ങൾ പോട്ടെ... " "ശരി... പിന്നെ ഇതുപോലെയുള്ളവരോട് അധികം സംസാരിക്കാതിരിക്കാൻ നോക്കണം... എപ്പോഴും ആരെങ്കിലും സഹായത്തിന് വരുമെന്ന് കരുതരുത്... എന്നാൽ ചെല്ല്... " കാവ്യയും നിമിഷയും പ്രസാദിന് ഒരു ചിരി സമ്മാനിച്ചിട്ട് തിരിഞ്ഞു നടന്നു... " "അവർ പോകുന്നത് കുറച്ചുനേരം നോക്കിനിന്നതിനുശേഷം പ്രസാദ് തന്റെ ബൈക്കിൽ കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പറമ്പിലെ നെല്ലിമരത്തിന്റെ ചുവട്ടിൽ വീണുകിടക്കുന്ന നെല്ലിക്ക പെറുക്കിയെടുക്കുകയായിരുന്നു ശ്രേയ... അതിരൊരെണ്ണം നല്ലപോലെ തുടച്ചതിനുശേഷം അത് വായിലിട്ടു... പുറകിൽ ആരുടേയോ കാൽപ്പെരുമാറ്റം കേട്ട് അവൾ തിരിഞ്ഞു നോക്കി... ഗിരിയെ കണ്ട് അവൾ ചിരിച്ചു... "ഇതെന്താ ഒറ്റക്ക് ഇവിടെ... അവിടെ തന്റെ അമ്മയും അച്ഛനും ഏട്ടനുമൊക്കെയുണ്ടല്ലോ...

അവരുടെയടുത്ത് നിൽക്കാതെ നീ എന്തേ ഇവിടേക്ക് പോന്നു... " "അവർക്കിപ്പോൾ ഭാവി മരുമകളെ മതിയല്ലോ... അന്നേരം നമ്മൾ പുറത്ത്... ഇയാളും എന്തേ അവിടെ നിൽക്കാതെ പോന്നത്... " "നീ പറഞ്ഞതുതന്നെ... ഇപ്പോഴേ ഭാവിമരുമകളേയും മരുമകനേയും സ്നേഹംകൊണ്ട് മൂടുകയാണവിടെ... പിന്നെ നീ തനിച്ച് ഇവിടെ നിൽക്കുന്നത് കണ്ടു... അതാണ് വന്നത്... " "എന്നെ ആരെങ്കിലും കൊത്തിക്കൊണ്ടുപോകുമെന്ന് കരുതിയോ... " "നിന്നെ അത്രപെട്ടന്ന് ആര് കൊത്തിക്കൊണ്ടുപോകാനാണ്... ഉണ്ടായിരുന്നവൻ ഇപ്പോൾ സ്വന്തം സഹോദരനാണെന്ന് അറിഞ്ഞല്ലോ... ഇനിയെന്താണ് പ്രശ്നം... " "എനിക്കിപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നില്ല... ഇത്രയും കാലം ഒരു ദുഷ്ടനെന്നു കരുതിയവൻ എന്റെ ഏട്ടനാണെന്ന്... ആരെങ്കിലും വിശ്വസിക്കുമോ ഇത്... " "അതാണ് ജീവിതം... നമ്മൾ നേരത്തെ കണ്ടതാവില്ല പിന്നീട് നടക്കുന്നത്... അതങ്ങനെയാണ്... പിന്നെ ഞാൻ ഇപ്പോൾ വന്നത് ഒരു കാര്യം അറിയാനാണ്... അനു എന്നോട് പറഞ്ഞത് സത്യമാണോ... നിനക്ക് എന്നോട് അങ്ങനെയൊരു ഇഷ്ടം ഈ ഉള്ളിന്റെയുള്ളിലുണ്ടോ...".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story