പ്രണയഗീതം: ഭാഗം 27

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിന്റെ അമ്മാവനുണ്ടായിരുന്ന കാലത്ത് എന്ത് ബുദ്ധിമുട്ടുണ്ടായിരുന്നാലും അതെല്ലാം തരണം ചെയ്തിരുന്നു... അവനെ ദൈവം നേരത്തെ വിളിച്ചില്ലേ... ആ ഇതുപോലെ കഷ്ടപ്പാടുകൾ അനുഭവിക്കാൻ ദൈവംതീരുമാനിച്ചിട്ടുണ്ടാകും... " ഗോപിനാഥൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... പുറകെ ഗിരിജയും ചെന്നു... "ചേച്ചീ... ഇതെല്ലാം ചേച്ചി വിൽക്കാൻ കൊടുക്കുവാണോ... അത്രയധികം ചേച്ചിക്ക് ഇഷ്ടപ്പെട്ടതായിരുന്നില്ലേ ഇതെല്ലാം.. അയാൾ ഇപ്പോൾ ജയിലിലല്ലേ അടുത്തൊന്നും അയാൾ ഇറങ്ങുമെന്ന് തോന്നുന്നില്ല... ആ കമ്മീഷണർ അങ്ങനെയൊന്നും അയാളെ വിട്ടയക്കില്ല... അയാൾ ഇറങ്ങുമ്പോഴേക്കല്ലേ.. അപ്പോഴേക്കും അച്ഛൻ എന്തെങ്കിലും വഴി കാണാതിരിക്കില്ല... " ആര്യ പറഞ്ഞു... "ഇനിയും അച്ഛൻ ഒരോരുത്തരുടേയും മുന്നിൽ കൈനീട്ടണമെന്നാണോ പറയുന്നത്... ഒരു കടം വീട്ടാൻ മറ്റൊരു കടം... എത്രനാൾ ഇങ്ങനെ പോകും... പിന്നെ അയാളെ ആ കമ്മീഷണർക്ക് അധികനേരമൊന്നും പിടിച്ചുവക്കാൻ കഴിയില്ല... നാളെ ഞായർ മറ്റെന്നാൾ അയാളെ കോടതിയിൽ ഹാജരാക്കുമെന്നല്ലേ പറഞ്ഞത്...

ഇന്ന് മുഴുവനായിട്ടും അയാളെ പിടിച്ചുവക്കാൻ കഴിയില്ല... അത്രയധികം മുകളിൽ ബന്ധമുള്ളയാളാണ് അയാളുടെ ഏട്ടൻ... അയാളെ ഇറക്കാൻവേണ്ടി എന്തും ചെയ്യും ആ പ്രതാപൻ... നീ നോക്കിക്കോ... ആ കമ്മീഷണർക്ക് നോക്കിനിൽക്കാനേ കഴിയൂ... അതല്ല പേടി... നമ്മളെ സഹായിച്ചതിന്റെ പേരിൽ ആ കമ്മീഷണർക്ക് വല്ലതും പറ്റുമോ എന്നാണ് എന്റെ പേടി... " "അതിന് അയാൾ അയാളുടെ ഡ്യൂട്ടിയല്ലേ ചെയ്തത്... " "ആയിരിക്കാം... പക്ഷേ അത് എന്റെ കാരണംകൊണ്ടുകൂടിയാണല്ലോ... " "ചേച്ചീ എന്തിനാ അതിന് ഇങ്ങനെ വ്യാകുലപ്പെടുന്നത്... അയാളുടെ കാര്യം നോക്കാൻ അയാൾക്കറിയാം... കേട്ടിടത്തോളം അയാളൊരു ജഗചില്ലിയാണ്... ചേച്ചി അതൊന്നും ആലോചിക്കാതെ പഠിക്കാൻ നോക്ക്... എക്സാം അടുത്തുവരുകയാണ്... ചേച്ചി നേരത്തെ പറഞ്ഞതുപോലെ നല്ലൊരു ജോലി കിട്ടണമെങ്കിൽ അത്യാവശ്യം പഠനം വേണം... " "ആണോ അത് ഞാനറിഞ്ഞില്ല... എന്നെ ഉപദേശിക്കാതെ നീ പഠിക്കാൻ നോക്ക്... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ വീട്ടിലെത്തിയ പ്രസാദ് കുളിച്ചു മാറ്റി അമ്മ ലക്ഷ്മി കൊടുത്ത ചായയുമായി ഹാളിൽ സോഫയിൽ ഇരിക്കുകയായിരുന്നു.. പെട്ടന്നാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... അവനതെടുത്തു... "ഹലോ ഞാൻ ഹോം മിനിസ്റ്റർ ഗോപാലനാണ്... "

മന്ത്രിയാണെന്ന് അറിഞ്ഞ അവൻ കോൾ റിക്കോർഡ് ബട്ടനമർത്തി... "എന്താ സാർ കാര്യം... " "നിങ്ങളിന്ന് അറസ്റ്റുചെയ്ത ആ പവിത്രനെ ഉടനെ വിട്ടയക്കണം... അവന്റെ പേരിലുള്ള കേസ് ഒഴിവാക്കണം... എനിക്ക് വേണ്ടപ്പെട്ട ആളാണവൻ..." "അയ്യോ സാറേ അത് പറ്റില്ലല്ലോ... അവന്റെ പേരിൽ കളവ്കേസോ അടിപിടികേസോ അല്ല... രണ്ട് പെൺകുട്ടികളെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയാണുണ്ടായത്... അവരെ ദ്രോഹിക്കുയും ചെയ്തു... അവർ തന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഞാൻ കേസെടുത്തത്... പോരാത്തതിന് ഇതിന്റെ ഏക സാക്ഷി ഞാനാണ്... " "നിങ്ങൾ ഇങ്ങോട്ട് കൂടുതൽ പറയേണ്ട... ഞാൻ പറയുന്നത് അനുസരിച്ചാൽ മതി... അവനെയങ്ങ് പറഞ്ഞുവിട്ടേക്ക്... അതാരും നല്ലത്... " "ഞാൻ പറഞ്ഞല്ലോ പറ്റില്ല എന്ന്... കുറ്റകൃത്യം ചെയ്യുന്നവരെ വളരെ കഷ്ടപ്പെട്ട് പിടിച്ച് സ്റ്റേഷനിലെത്തിച്ചാൽ സാറിനെപ്പോലെയുള്ളവരുടെ വിളിവരും ആ ആളെ ഇറക്കി വിടാൻ വേണ്ടി... ഇവനൊക്കെ ആരെയെങ്കിലും ഇല്ലാതാക്കിയാലും ഇതു തന്നെയല്ലേ അവസ്ഥ... പിന്നെയെന്തിനാണ് സാർ ഞങ്ങളെപ്പോലെയുള്ള നിയമം കാക്കുന്നവർ ഈ യൂണിഫോം ഇട്ട് നടക്കുന്നത്... ജനങ്ങളുടെ സുരക്ഷ നോക്കേണ്ട നിങ്ങൾതന്നെ ഇതുപോലെയുള്ള ക്രിമിനലുകൾക്ക് കൂട്ടുനിൽക്കുമ്പോൾ അവർക്കത് എന്തും ചെയ്യാനുമുള്ള ലൈസൻസ് കൊടുക്കുന്നതുപോലെയല്ലേ... "

"നിന്റെ വേദാന്തം കേൾക്കാമല്ലോ ഞാൻ വിളിച്ചത്... നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർമ്മയുണ്ടോ... പറയുന്നത് അനുസരിച്ചില്ലെങ്കിൽ തന്റെ തലയിലെ തൊപ്പി അവിടെ കാണില്ല... " "സാറിനു ചുക്കും ചെയ്യാൻ പറ്റില്ല... മാറിമാറി വരുന്ന നിങ്ങളെപ്പോലെയുള്ളവരുടെ വിഴുപ്പലക്കാനല്ല കഷ്ടപ്പെട്ട് പഠിച്ച് ഐപിഎസ് എന്ന പദവി നേടിയെടുത്തത്... ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ്... അത് എന്റെ തലയിൽ ഈ തൊപ്പിയുള്ള കാലത്തോളം അത് ചെയ്യുകതന്നെ ചെയ്യും... പിന്നെ സാറ് ആരാണെന്നല്ലേ... ജനങ്ങൾ മനസ്സറിഞ്ഞ് തരുന്ന വോട്ടുകൾ കൊണ്ട് ജയിക്കില്ലെന്നറിഞ്ഞ് മരിച്ചുപോയവരുടേയും വിദേശത്തുള്ളവരുടേയും പേരിൽ കള്ളവോട്ട് ചെയ്ത് നേടിയ പദവിയല്ലേ അത്... അതും വെറും പതിനഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിൽ... അടുത്ത ഇലക്ഷനിൽ സാറിന്റെ പൊടി പോലും നിയസഭയിലെത്തില്ലെന്ന് അറിയാം സാറിന് അതുകൊണ്ട് ഇപ്പോഴുള്ള ഈ പദവി തീരുംമുമ്പെ ഏതൊരു ക്രിമിനലിന്റേയും കാലുകഴുകി ഉണ്ടാക്കാൻ പറ്റുന്നിടത്തോളം ഉണ്ടാക്കുമ്പോൾ സാറൊന്ന് പുറകിലേക്ക് ചിന്തിക്കണം... ഇവിടുത്തെ സാധാരണക്കാരുടെ വോട്ടുകൊണ്ടാണ് ഇപ്പോഴിരിക്കുന്ന കസേരയിലെത്തിയതെന്ന്... എന്റെ തൊപ്പി തെറുപ്പിക്കാൻ സാറിന് കഴിയില്ല...

കാരണം സാർ ഇപ്പോൾ എന്നെ വിളിച്ച് പറഞ്ഞതെല്ലാം എന്റെ ഫോണിൽ റിക്കോഡായിട്ടുണ്ട്... എനിക്കെതിരെ സാറൊന്ന് വിരലനക്കിയാൽ ഇത് കോടതിയിലെത്തും... അതുകൊണ്ട് സാറിപ്പോൾ എന്നെ വിളിച്ചിട്ടില്ലെന്ന് കരുതി സമാധാനത്തോടെ ഇരിക്കാൻ നോക്ക്... പവിത്രനെ തിങ്കളാഴ്ച ഞാൻ കോടതിയിൽ ഹാജരാക്കും... പറ്റുമെങ്കിൽ നിങ്ങളുടെ ബിനാമിയായ പ്രതാപനോട് പറ അവിടുന്ന് പവിത്രനെ ജാമ്യത്തിലെടുക്കാൻ... " "അപ്പോൾ നീ ഒന്നിനായിട്ടാണല്ലേ... നിനക്കെന്നെ ശരിക്കുമറിയില്ല... ഇതിന് നീ വലിയ വില നൽകേണ്ടിവരും... " "അറിയാം സാർ സാറിന് ഇഷ്ടമുള്ളത് ചെയ്തോളു... എന്റെ സുരക്ഷ ഞാൻ നോക്കിക്കോളാം... " അതും പറഞ്ഞ് പ്രസാദ് ഫോൺ കട്ട് ചെയ്തു... പിന്നെ തിരിഞ്ഞു നോക്കിയത് അവന്റെ അച്ഛൻ കൃഷ്ണന്റെ മുഖത്തേക്കായിരുന്നു... " "ആരാണ് ഫോണിൽ... നീ അയാളെ വിറപ്പിക്കുന്നുണ്ടായിരുന്നല്ലോ... " "അത് ഞങ്ങളെ നയിക്കുന്ന ഹോം മിനിസ്റ്ററാണ്... ഇന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയക്കണമെന്ന്.. ആ പ്രതാപന്റെ അനിയനെയാണ് അറസ്റ്റ് ചെയ്തത്... അവനോട് പലിശക്ക് പണം വാങ്ങിച്ച കോയിക്കൽ ഗോപിനാഥൻ എന്നു പറയുന്ന ആൾ നിവർത്തികേടുകൊണ്ട് രണ്ടുമാസത്തെ പലിശ അടക്കാൻ കഴിഞ്ഞില്ല...

അതിന് അയാളുടെ മകളേയും കൂട്ടുകാരിയേയും വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തു... ഇത് കണ്ടുകൊണ്ടാണ് ഞാനവിടെ എത്തിയത്... ഇപ്പോൾ അവനെ കേസ് ഒഴിവാക്കി വിട്ടയക്കണമെന്ന്... " "കോയിക്കൽ ഗോപിനാഥനോ... അവനെന്തിനാണ് പലിശക്ക് പണം വാങ്ങിച്ചത്... " "അതെനിക്കറിയില്ല... അച്ഛന് അയാളെ അറിയുമോ... " "അറിയാം... പണ്ട് ഞാനും അവനും ഒന്നിച്ചാണ് ഗോവയിൽ ജോലി ചെയ്തിരുന്നത്... അവിടെ വച്ചുണ്ടായ ഒരപകടത്തിൽ അവന് നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റു... അതിനുശേഷം ഭാരമുള്ള പണിയൊന്നും ചെയ്യാൻ പറ്റാതായി... ഇപ്പോൾ ഇവിടെ ചെറിയൊരു കടയിട്ടാണ് ജീവിക്കുന്നത് എന്നറിയാം... "കണ്ടിട്ട് ഒരുപാടായി... രാവിലെ ഓഫീസിൽ പോയാൽ വൈകീട്ട് വീട്ടിലെത്തും ആകെയുള്ള ഞായറാഴ്ചയാണ് ഒഴിവുള്ളത്.. അന്നാണെങ്കിൽ നിന്നു തിരിയാൻ സമയം കിട്ടില്ല... ഇതിനിടയിൽ നാട്ടുകാരെയും പരിചയമുള്ളവരേയും കാണുന്നത് ചുരുക്കമാണ്... " "കേട്ടിടത്തോളം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് അവർ... അവരെ സഹായിക്കുന്നവർക്ക് പുണ്യം കിട്ടും... അച്ഛന് അവരെ സഹായിച്ചുകൂടേ... നാട്ടുകാരുടെ പൊന്നോമനയും എല്ലാവരേയും സഹായിക്കാൻ മനസ്സുള്ള വാസുദേവനങ്കിളിന്റെ വലംകയ്യല്ലേ അച്ഛൻ...

അങ്കിളിനോട് പറഞ്ഞ് അവരെയൊന്ന് സഹായിച്ചൂടേ... " "അതുശരി... എന്നുതുടങ്ങി നിനക്ക് ഇതുപോലെ നല്ല ചിന്തകൾ തോന്നി തുടങ്ങിയത്... നീയാദ്യമായിട്ട് പറഞ്ഞതല്ലേ... ഞാൻ വാസുദേവനോട് പറഞ്ഞുനോക്കാം... പിന്നെ മറ്റൊരു കാര്യം പറയാനാണ് ഞാൻ നിന്റെയടുത്തേക്ക് വന്നത്... അനുവിന്റെ വിവാഹമുറപ്പിച്ചു... " "സത്യമാണോ... ഏതാണ് ചെക്കൻ... അവൾ ഇഷ്ടപ്പെടുന്നവനാണോ... ആ ശ്രേയയുടെ ഏട്ടൻ..." "അതെ അതുതന്നെ... അവർ വന്നിട്ടുണ്ട് വാസുദേവന്റെ വീട്ടിൽ... എന്നെ ഒരുപാട് വിളിച്ചു... നാളെ വരാമെന്ന് പറഞ്ഞ് ഒഴിവായതാണ്... " "ഏതായാലും നന്നായി... ഇനി ഗിരിയെക്കൂടി ഒന്ന് വിവാഹം കഴിപ്പിക്കണം... " "അതും ഏകദേശം നടക്കുന്ന മട്ടാണ് അവിടെ വന്ന ആ കുട്ടിയെ തന്നെയാണ് കണ്ടുവച്ചത്... അവരിലും പരസ്പരം ഒരിഷ്ടം മുളപൊട്ടിയിട്ടുണ്ടെന്ന് അനു പഞ്ഞെന്ന്...

പക്ഷേ ഇതുവരെ അവർ മറുപടിയൊന്നും പറഞ്ഞിട്ടില്ല..." "ആഹാ... എന്നിട്ടാണ് ഞാൻ അതേ പറ്റി പറഞ്ഞപ്പോൾ അവളെ അനിയത്തിയുടെ സ്ഥാനത്താണ് കാണുന്നതെന്ന് പറഞ്ഞത്... അവനെ കാണട്ടെ ഞാൻ... " "എല്ലാവരുടേയും വിവാഹം നടത്തിക്കാൻ മുൻകയ്യെടുക്കുന്ന നിനക്കെന്താണ് ഇതൊന്നും പറഞ്ഞിട്ടുള്ളതല്ലേ... എല്ലാം കേട്ടു കൊണ്ട് അവിടേക്ക് വന്ന ലക്ഷ്മി ചോദിച്ചു... " "അതുശരി അപ്പോൾ എന്റെ നേരെയുള്ള ആയുധവുമായിട്ടാണ് ഇതെല്ലാം പറഞ്ഞുതുടങ്ങിയതല്ലേ... " "അല്ലാതെ പിന്നെ... നീയും ഗിരിയും വയസ്സിൽ നാലുമാസത്തിനുള്ള മാറ്റമേയുള്ളൂ... ഇനിയെങ്ങോട്ടെന്ന് വച്ചാണ് കാത്തുനിൽക്കുന്നത്... വലിയ പണക്കാരന്റെ മകളെയൊന്നും വേണ്ട... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിമതി... അതാകുമ്പോൾ നല്ല അടക്കവും ഒതുക്കവുമുണ്ടാകും... കഷ്ടപ്പാട് എന്തെന്നറിഞ്ഞവർക്കേ ജീവിതം എന്താണെന്ന് മനസ്സിലാവൂ... പക്ഷേ അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നു മാത്രം... " ലക്ഷ്മി പറഞ്ഞു......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story