പ്രണയഗീതം: ഭാഗം 28

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

"അല്ലാതെ പിന്നെ... നീയും ഗിരിയും വയസ്സിൽ നാലുമാസത്തിനുള്ള മാറ്റമേയുള്ളൂ... ഇനിയെങ്ങോട്ടെന്ന് വച്ചാണ് കാത്തു നിൽക്കുന്നത്... വലിയ പണിക്കാരന്റെ മകളെയൊന്നും വേണ്ട... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിമതി... അതാകുമ്പോൾ നല്ല അടക്കവും ഒതുക്കവുമുണ്ടാകും... കഷ്ടപ്പാട് എന്തെന്നറിഞ്ഞവർക്കേ ജീവിതം എന്താണെന്ന് മനസ്സിലാവൂ... പക്ഷേ അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നു മാത്രം... " ലക്ഷ്മി പറഞ്ഞു..." "നിങ്ങൾക്കിപ്പോൾ എന്നെ കെട്ടിക്കണമെന്നെന്താണ് ഇത് വാശി... ഞാൻ മനഃസമാധാനത്തോടെ ജീവിക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടാണോ... " "ഇതുവരെ മനഃസമാധാനത്തോടെ ജീവിച്ചില്ലേ... ഇനി ജീവിതമെന്താണെന്ന് മനസ്സിലാക്കി ജീവിക്കണം... നിന്നെപ്പോലെ ഞങ്ങളും ഇതുപോലെ വളർന്നുവന്നതുതന്നെയാണ്... വിവാഹം കഴിഞ്ഞെന്ന് കരുതി ആരുടേയും മനഃസമാധാനം പോകില്ല...

കയ്യിലിരിപ്പ് നന്നായാൽ ഒരു മനഃസമാധാനക്കേടും ഉണ്ടാവില്ല... അങ്ങനെയാണെങ്കിൽ നാട്ടിലെ മുഴുവൻ വിവാഹിതർക്കും കഷ്ടകാലമായിരിക്കുമല്ലോ... " ലക്ഷ്മി ചോദിച്ചു... "ഓ... ഞാനൊന്നു പറഞ്ഞില്ലേ.. ഏതായാലും ഞാൻ പറയാം... അന്നേരം ആലോചിക്കാം വിവാഹക്കാര്യം... " "ഇനിയിപ്പോൾ... ഞങ്ങളെ രണ്ടിനേയും ചുടുകാട്ടിലേക്ക് എടുത്തിട്ടോ... സത്യം പറ നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ... ഉണ്ടെങ്കിൽ പറഞ്ഞോ... ഏത് കൂട്ടരായാലും വേണ്ടില്ല ഞങ്ങൾക്ക് സമ്മതമാണ്... നീയൊന്ന് കെട്ടി കണ്ടാൽ മതി... " "അതുശരി... ഇപ്പോൾ അവിടെ വരെ ആലോചിച്ചു തുടങ്ങിയോ... ആ നമുക്ക് നോക്കാം... അമ്മ കണക്കുകൂട്ടിയത് പൂർണ്ണമായും ഞാൻ തള്ളുന്നില്ല... ഒരു കുട്ടിയെ ഞാൻ കണ്ടുവച്ചിട്ടുണ്ട്... പക്ഷേ ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ... അതിൽതന്നെ എന്തോ ഒരു താല്പര്യം അവളോട് തോന്നി... അതുതന്നെ വേണമെന്ന് പറയുന്നില്ല... പക്ഷേ എന്തുകൊണ്ടും എനിക്ക് യോജിച്ചവളാണെന്ന തോന്നലുണ്ട്... അവൾക്കിനി മറ്റുവല്ലവരുമായി ഇഷ്ടമുണ്ടോ എന്നറിയില്ല...

പാവപ്പെട്ട വീട്ടിലെ കുട്ടിയാണെന്നറിയാം... " "അതേതാണ് അങ്ങനെയൊരു കുട്ടി... ഞങ്ങൾ അറിയുന്നതാണോ.. " ലക്ഷ്മി ചോദിച്ചു... "നിനക്കിപ്പോഴും മനസ്സിലായിക്കാണില്ല... എന്നാൽ അവന്റെ സംസാരത്തിന്റെ പോക്കുകണ്ടപ്പോഴേ എനിക്ക് മനസ്സിലായി ഇവൻ പറയുന്ന കുട്ടി ഏതാണെന്ന്... എടോ നമ്മുടെ കോഴിശ്ശേരി ഗോപിനാഥന്റേയും ഗിരിജയുടേയും മകളുടെ കാര്യമാണ് ഇവർ പറയുന്നത്... ഇന്ന് ആ പ്രതാപന്റെ അനിയനിൽനിന്ന് രക്ഷിച്ചവനല്ലേ ഇവൻ അപ്പോൾമുതൽ തുടങ്ങിയതാകും ഈ ആഗ്രഹം... " "ഗോപിയേട്ടന്റെ മകളോ... അതു കൊള്ളാം... നല്ലൊരു സുന്ദരിമോളാണത്... കുറച്ചുദിവസം മുന്നേ അമ്പലത്തിൽ വച്ച് ഗിരിജയേയും അവളേയും കണ്ടിരുന്നു... അന്ന് കണ്ടപ്പോൾ തന്നെ അവളെ എനിക്ക് ഇഷ്ടമായി... നല്ല വിനയത്തോടെയുള്ള പെരുമാറ്റമാണ് അവൾക്ക്... പക്ഷേ വലിയ ഐപിഎസ് ഓഫീസറായ നിനക്ക് അത്തരം പാവപ്പെട്ട വീട്ടിലെ കുട്ടിയെ പറ്റുമോ എന്നായിരുന്നു എനിക്ക്... അതുകൊണ്ട് എന്റെ ആഗ്രഹം ഞാൻ മനസ്സിൽ വച്ചു... ഇനിയുള്ള കാര്യം ഞങ്ങൾനോക്കിക്കോളാം... നീ സമ്മതിച്ചാൽ മതി... "

"അതിന് അവളുടെ താല്പര്യം കൂടി അറിയണമല്ലോ... അത് കഴിഞ്ഞു മതി അന്വേഷണവും ആശയുമെല്ലാം... വെറുതേ നമ്മൾ ആശിച്ചു ഒടുക്കം അത് നടക്കാതെ പോയാൽ വെറുതെ എന്തിനാണ് നാണം കെടുന്നത്... ഞാനവളെ മനസ്സൊന്ന് അറിയട്ടെ എന്നിട്ടു പറയാം എന്തുവേണമെന്ന്... " "എന്നാൽ അങ്ങനെയാകട്ടെ... വല്ലാതെ നേരം വൈകിക്കരുത്.. അതേപറയാനുള്ളൂ... " ലക്ഷ്മി അടുക്കളയിലേക്ക് നടന്നു... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഗിരിയിൽനിന്ന് സുനിലിന്റെ മൂക്കിന് കിട്ടിയ ഇടിയുടെ വേദനയും മുറിവും മാറുന്നതേയുണ്ടായിരുന്നുള്ളൂ... മുറിവിൽ വേദന വരുമ്പോഴെല്ലാം ഗിരിയോടുള്ള ദേഷ്യം അവന്റെ മുഖത്ത് കാണാം... "എടാ ഗിരീ... ഒരുതവണ നീ രക്ഷപ്പെട്ടെന്ന് കരുതി എന്നും നീ രക്ഷപ്പെടുമെന്ന് കരുതേണ്ട... നീ കരുതിയിരുന്നോ... ഇതിനുള്ളത് പലിശസഹിതം ഞാൻ തരും.. " അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... അവൻ ഫോണെടുത്തു... "എടാ ഇത് ഞാനാണ് പ്രതാപൻ... എടാ ഒരു വിഷയമുണ്ട്... പവിത്രനെ ആ കമ്മീഷണർ പൊക്കി...

ഏതോ നെറികെട്ട രണ്ട് പെൺകുട്ടികളോട് എന്തോ പറഞ്ഞെന്നോ ചെയ്തെന്നോ പറഞ്ഞാണ് അവൻ പൊക്കിയത്... " "ഓ അപ്പോൾ അവൻ പഴയ കണക്കുകൾക്ക് പകരം ചോദിക്കുകയാവുമല്ലേ... എന്നിട്ട് നീയവനെ ഇറക്കാനുള്ള വഴി നോക്കിയില്ലേ... രവീന്ദ്രമാമനോട് പറഞ്ഞ് അവനെ വിടാൻ പറഞ്ഞൂടേ... " സുനിൽ ചോദിച്ചു... "ഇത് അയാളുടെ കയ്യിൽ നിൽക്കാത്തതാണ്... അവൻ നേരിട്ട് പൊക്കിയതല്ലേ... ഞാൻ നമ്മുടെ ആഭ്യന്തരമന്ത്രിയോട് അവനെ വിളിപ്പിച്ചു... രക്ഷയുണ്ടായില്ല... ഇനി കോടതിയിലേ രക്ഷയുള്ളൂ... അവിടേയും പ്രശ്നമുണ്ട്... ആ രണ്ടെണ്ണം കോടതിയിൽ വന്ന് എല്ലാ സത്യവും വിളിച്ചുപറഞ്ഞാൽ ഏത് കൊമ്പത്തെ വക്കീലിനെ വെച്ചിട്ടും കാര്യമില്ല... ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല നല്ല ശിക്ഷയും കിട്ടും... ഇതിനുള്ള ഏക സാക്ഷി അവനാണ്... പവിത്രനോട് പലതവണ പറഞ്ഞതാണ് ഇതുപോലത്തെ ഏടാകൂടത്തിൽ ചെന്നുചാടരുതെന്ന്... പറഞ്ഞാൽ കേൾക്കേണ്ടേ... " "നീ സമാധാനമായിരിക്ക്... അവർ കോടതിയിൽ എത്തിയാലല്ലേ പ്രശ്നമുണ്ടാകൂ...

അവർ കോടതിൽ എത്തരുത്... അതിനുള്ള വഴി കണ്ടുപിടിക്ക്... " "അതുതന്നെയാണ് വേണ്ടത്... പക്ഷേ അവരെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കില്ല... അത് കേസിന് ബലം കൂടും... അതല്ലാതെ എന്താണ് മാർഗം... "അവരെ ഭീഷണിപ്പെടുത്തുംപോലെ ഭീഷണിപ്പെടുത്തിയാൽ അവർ കൊടതിയിൽ എത്തില്ല... എത്തിയാലല്ലേ ആ കേസിന് ബലം കൂടൂ... ഞാനും വരാം നിന്റെ കൂടെ നാളെ നമുക്ക് ഒന്നിച്ചു നീങ്ങാം... " "എന്നാൽ ശരി... നാളെ നേരിട്ട് കാണാം... " പ്രതാപൻ കോൾ കട്ടു ചെയ്തു... "അടുത്ത ദിവസം രാവിലെത്തന്നെ വാസു ദേവന്റെ വീട്ടിൽനിന്ന് എല്ലാവരും തറവാട്ടിലേക്ക് പോകാനൊരുങ്ങി... " "വാസുദേവാ ആ തറവാട് നീ ഇതുവരേയും ഒരു കേടും കൂടാതെ സൂക്ഷിച്ചല്ലോ.... അതുതന്നെ അത്ഭുതമായിരിക്കുന്നു... " "രാമദാസാ... ഒന്നുമില്ലാതെ ഒരു നേരത്തെ അന്നത്തിന് വകതേടി നമ്മൾ ഈ നാട്ടിൽ എത്തിയപ്പോൾ നമ്മുടെ അവസ്ഥകണ്ട് നമുക്ക് ഉണ്ണാനും ഉടുക്കാനും കുടുംബത്തെ പോറ്റാനുള്ള വകയെല്ലാം തന്ന ആ വലിയ മനുഷ്യന്റെ വിയർപ്പിന്റെ ഫലമാണ് ആ തറവാടും തീപ്പെട്ടികമ്പിനിയും...

സ്വന്തം മകൻ മരിച്ച് ഈ നാട്ടിൽ നിന്ന് പോകുമ്പോൾ എല്ലാം നമ്മുടെ പേരിലേക്ക് എഴുതിതരുമ്പോൾ അദ്ദേഹം പറഞ്ഞത് നീ മറന്നോ... ഭാവിയിൽ എത്ര വലിയവനായാലും ആ വീടും കമ്പനിയും അതുപോലെ അവിടെ വേണമെന്നാണ്... അന്ന് നിന്റെ വലിയ മനസ്സുകൊണ്ട് കയറി കിടക്കാൻ നല്ലൊരു വീടു പോലുമില്ലാത്ത എനിക്ക് നീ ആ വീടും കമ്പനിയും തന്നു... അദ്ദേഹം അത്രയും കാലം സമ്പാദിച്ചുണ്ടാക്കിയ പണം മാത്രമാണ് നമ്മൾ പങ്കുവച്ചത്.. ആ തറവാടും കമ്പനിയും അതേ പോലെ നിലനിർത്തി ഞാൻ... ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് പൊറുക്കുമോ... " "ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... ഇന്ന് നമ്മൾ ഇവിടെവരെ എത്തിയെങ്കിൽ അതിന് കാരണക്കാരൻ ആ മനുഷ്യനാണ്... അത് നമ്മളിൽ ജീവന്റെ ഒരംശമെങ്കിലും ഉള്ള കാലത്തോളം മറക്കാൻ പറ്റുമോ... ആരും കേട്ടാലും വിശ്വസിക്കില്ല ഇതൊന്നും എന്നറിയാം എന്നാൽ നമുക്കറിയാം എല്ലാം... സ്വന്തം മക്കളായിട്ടാണ് അദ്ദേഹം നമ്മളെ വളർത്തിയത്... വീട്ടുകാരും കുടുംബക്കാരും ഉപേക്ഷിച്ച അദ്ദേഹത്തിനും ഭാര്യക്കും മകനും നമ്മളായിരുന്നല്ലോ എല്ലാം... "

"നിങ്ങളിവിടെ പഴയ കാര്യങ്ങൾ പറഞ്ഞ് നിൽക്കുവാണോ... അവരൊക്കെ റഡിയായി നിൽക്കുന്നു... വാ പോകാം... വന്നിട്ടു വേണം വല്ലതും വച്ചുണ്ടാക്കാൻ... " അവിടേക്ക് വന്ന രേഖ പറഞ്ഞു... "പഴയ കാര്യങ്ങൾ മറക്കാൻ ഞങ്ങൾക്ക് പറ്റുമോ... നീ നടന്നോ ഞങ്ങൾ ദാ വരുന്നു... " അവരെല്ലാവരും ഒന്നിച്ചു തന്നെ തറവാട്ടിലേക്ക് നടന്നു... അവർ അവിടെയെത്തി മച്ചിന്റകത്തെ പരദേവതയുടെ മുന്നിൽ വിളക്കു വച്ച് പ്രാർത്ഥിച്ചു... പെട്ടന്ന് വാസുദേവൻ ഗിരിയിലും ശ്രേയയേയും വിളിച്ചു... "ഇത് നമ്മുടെ തറവാട്ടിൽ നമ്മൾ വിളക്കുവച്ച് പ്രാർത്ഥിക്കുന്ന പരദേവതയാണ്... ഇവിടെ വച്ച് നീയും ഇവളും ഞങ്ങൾക്ക് ഒരുത്തരം തരണം... അനു പറഞ്ഞപോലെ നിങ്ങളുടെ മനസ്സിൽ ഒരിഷ്ടമുണ്ടെങ്കിൽ നിങ്ങൾ തമ്മിലുള്ള വിവാഹത്തിന് സമ്മതമാണെന്ന് ഉറപ്പ് തരണം... " "അതിന് ഞാനോ ഇവളോ പറഞ്ഞോ ഇഷ്ടമാണെന്ന്...

അനു പറഞ്ഞതല്ലേ... ഏതായായാലും ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയാം... ഞങ്ങൾ തമ്മിൽ നിങ്ങൾ കരുതുന്നതുപോലെ ഒരിഷ്ടം ഞങ്ങളുടെ മനസ്സിൽ ഉണ്ടോ എന്നു ചോദിച്ചാൽ അത് ഇല്ലെന്ന് പറയാൻ സാധിക്കില്ല... ഞങ്ങൾ പരസ്പരം ഒന്നിക്കാൻ തീരുമാനിച്ചു... ഇനിയെന്തെങ്കിലും അറിയണോ... " "വേണ്ട... ഇതു മതി... ഹാവൂ പരദേവത കൈവെടിഞ്ഞില്ല... നമ്മുടെ മക്കളുടെ വിവാഹം ഇവിടെ ഈ പരദേവതയുടെ മുന്നിൽ വച്ച് നടത്തണം... അതിന് എന്തെങ്കിലും തടസ്സമുണ്ടോ രാമദാസാ... " വാസുദേവൻ ചോദിച്ചു... "എന്ത് തടസ്സം... ഈ പരദേവതയാണ് ഇന്ന് ഈ നിലയിൽ നമ്മളെ എത്തിച്ചത്... ഇവിടെ വച്ചുതന്നെ നടത്താം... പിന്നെ എല്ലാം ശരിയായതുകൊണ്ട് പറയുകയാണ്... കുറച്ച് സമയം വേണം വിവാഹത്തിന്... മറ്റൊന്നുംകൊണ്ടല്ല... ഇവരുടെ വിവാഹത്തിന് എന്റെ ഏട്ടന്റെ മകൻ കൂടിയുണ്ടാവണം എല്ലാ തെറ്റുകളും മനസ്സിലാക്കി അവനാരാണെന്ന അറിഞ്ഞ കാര്യം ഉൾക്കൊണ്ട് അവൻ മുന്നിൽ നിന്ന് നടത്തണമെന്നാണ് എന്റെ ആഗ്രഹം... മാത്രമല്ല... ഇവരുടെ മൂത്ത സഹോദരനല്ലേ അവൻ...

ഇവരുടെ വിവാഹത്തിനു മുമ്പ് ഒരു നല്ല കുട്ടിയെ കണ്ടുപിടിച്ച് അവന്റെ വിവാഹം നടത്തണം... അതു കഴിഞ്ഞു പോരേ ഇവരുടെ കാര്യം... അധികമൊന്നും വൈകില്ല... " "അതിനെന്താ... അത് നല്ലകാര്യമല്ലേ... ഇവനും കുറച്ച് സമയംകിട്ടുന്നത് നല്ലതാണ്... അപ്പോഴേക്കും ഇവന്റെ മനസ്സിന്റെ മുറിവിൽനിന്ന് പൂർണ്ണമായും പുറത്തുവരികയും ചെയ്യും... " "എന്നാൽ നമുക്ക് പുറത്തേക്കിറങ്ങാം... " അവർ പുറത്തിറങ്ങി... അനിവും ശരത്തും ശ്രേയയുംകൂടി തറവാട് മൊത്തമൊന്ന് ചുറ്റി കണ്ടു അതിനുശേഷം അവർ വീട്ടിലേക്ക് നടന്നു... ഈ സമയം കോയിക്കൽ ഗോപിനാഥന്റെ വീടിനു മുന്നിൽ ഒരു കാർ വന്നുനിന്നു... അതിൽനിന്ന് പ്രതാപനും സുനിയും ഉറങ്ങി... കാർവന്നുനിന്ന ശബ്ദം കേട്ട് കാവ്യ ജനലിലൂടെ പുറത്തേക്ക് നോക്കി... പ്രതാപനെ കണ്ട് അവൾ ഞെട്ടിവിറച്ചു.......... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story