പ്രണയഗീതം: ഭാഗം 8

pranaya geetham

രചന: രാജേഷ് വള്ളിക്കുന്ന്‌

 "ഇതെന്താടാ... നിന്റെ അമ്മയുടെ കൂടെ ഇവിടുത്തെ ഉപദേവതയായ ദേവി ഇറങ്ങിവരുന്നതോ... " വിഷ്ണു ചോദിച്ചുകൊണ്ട് ഗിരിയെ നോക്കി... അപ്പോൾ അവൻ അമ്പലത്തിലേക്ക് വരുന്ന വഴിയിലേക്ക് നോക്കി ദേഷ്യത്തോടെ പല്ലു കടിക്കുന്നവൻ കണ്ടു... വിഷ്ണു അവൻ നോക്കുന്നിടത്തേക്ക് നോക്കി... അവനും ദേഷ്യം വന്നു... അവൾ... ശരണ്യ... ഗിരിയെ ചതിച്ചവൾ... ... അവളും ഗിരിയെ കണ്ടു... "ഓ തമ്പുരാട്ടി വരുന്നുണ്ട്... കുറച്ച് മാറിനിന്നേക്ക്... ഇല്ലെങ്കിൽ അശുദ്ധമാകും.. " വിഷ്ണു ശരണ്യ കേൾക്കാൻ പാകത്തിൽ പറഞ്ഞു... എന്നാൽ ഗിരി പെട്ടന്ന് കാറിൽ കയറി... രേഖ അവളെ കണ്ട് ദേഷ്യത്തോടെ അവളെ നോക്കി... അവരാരേയും ശ്രദ്ധിക്കാതെ ശരണ്യ തന്റെ കൂട്ടുകാരിയേയും കൂട്ടി ധൃതിയിൽ അമ്പലത്തിലേക്ക് നടന്നു... "നിൽക്കടി അവിടെ... " രേഖ പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... "എന്റെ മോൾക്ക് സുഖമായി, ആവോ... ഇപ്പോൾ കയറി പിടച്ചവൻ നിന്റെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നില്ല... ഇല്ലെങ്കിൽ പറയണം ട്ടോ... ഹും എന്റെ മോനെ ചതിച്ച സന്തോഷമായിരിക്കും നിന്റെ മുഖത്ത് കാണുന്നത്... നീ പോയെന്ന് കരുതി എന്റെ മോൻ നിരാശകാമുകനായി കാലാകാലം നടക്കുമെന്ന് കരുതിയോ നീ..

എടീ നിന്നെപ്പോലെ ഒരു പീറ ജന്മം അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞതോർത്ത് ഞങ്ങൾ സന്തോഷിച്ചിട്ടേയുള്ളൂ... നീലകരുതുന്നുണ്ടാവും അവന് നാട്ടിൽ വേറെ പെണ്ണിനെ കിട്ടില്ലെന്ന്... നിന്നെക്കാൾ സുന്ദരിയായ ഒരുത്തിയെ തന്നെ എന്റെ മോന് കിട്ടും... ഇപ്പോൾ നീ കടുച്ചുതൂങ്ങി നടക്കുന്നവനോടും കുറച്ചു കഴിഞ്ഞാൽ ഇതു തന്നെയല്ലേ നീ ചെയ്യുക... അതേ ചെയ്യൂ... അതാണ് നിന്റെ സ്വഭാവം... ജനുസ്സിലുള്ള ശീലം മാറ്റാൻ പറ്റില്ലല്ലോ... അവനേക്കാളും നാല് കാശ് കൂടുതൽ കണ്ടാൽ അവനെയും ഇതുപോലെ തേച്ചിട്ട് നീ പോകും... ഒരുപാട് നാളായി ഞാൻ നിന്നെയൊന്ന് കാണാൻ ഇരിക്കുന്നു... ഇതുപോലെ നാലെണ്ണം പറയാതിരുന്നാൽ എനിക്ക് മനഃസമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല... നിന്നെ പറഞ്ഞിട്ട് കാര്യമില്ല... നിന്നെയൊക്കെ ജന്മം നൽകി ഇതുപോലെ അഴിച്ചു വിടുന്ന നിന്റെ തന്തയേയും തള്ളയേയുമാണ് ആദ്യം ചൂലെടുത്ത് അടിക്കേണ്ടത്... " രേഖ ദേഷ്യത്തോടെ ഉറഞ്ഞു തുള്ളി... "ദേ തള്ളേ സൂക്ഷിച്ച് സംസാരിക്കണം... ഞാൻ പറഞ്ഞോ നിങ്ങളുടെ മകനോട് എന്റെ പുറകേ നടക്കാൻ.. ഞാൻപറഞ്ഞിരുന്നോ എന്നെ ഇഷ്ടപ്പെടാൻ... അങ്ങോട്ട് ചെന്നതൊന്നുമല്ലല്ലോ ഞാൻ... ഓരോന്ന് പറഞ്ഞ് എന്റെ പുറകേ വന്നതല്ലേ...

തേച്ചിട്ടുണ്ടെങ്കിൽ കണക്കായിപ്പോയി... " ശരണ്യയും പറഞ്ഞു... "എടീ... ഇതിന് ഉത്തരം പറയാൻ എനിക്ക് അറിയാത്തതുകൊണ്ടല്ല... ഇതൊരു പുണ്യസ്ഥലമായി പ്പോയി... നല്ല തന്തക്ക് ജനിക്കാത്തതിന്റെ കുഴപ്പമാണ് നിന്റെ നാവിൽ നിന്ന് ഇപ്പോൾ വീണത്... നീയൊന്നും എത്ര തപസ്സിരുന്നാലും എന്റെ മകനെപ്പോലെ ഒരുത്തനെ ഇനി നിനക്ക് കിട്ടില്ല ... നിന്നെ മയക്കിയെടുക്കാൻ നീയെന്താ മാലാഖയോ... പാടത്തെ വാഴക്ക് താങ്ങ് കൊടുത്തതുപോലെയുള്ള കോലമുള്ള നിന്നെ ആരാടീ അത്രയെളുപ്പം വളച്ചെടുക്കുക... എന്റെ മകന് ഒരി തെറ്റു പറ്റി... നിന്നെപ്പോലെ ഒരുത്തിയെ ഇഷ്ടപ്പെട്ടുപോയി... പണ്ടേ, അവനങ്ങനെയാണ്... നല്ലതെന്താണെന്ന് തിരിച്ചറിയാൻ അവന് കഴിവില്ല... നിന്നോട് അധികം സംസാരിച്ചാൽ എന്റെ നാവ് പുഴുക്കും... വാ മോളെ... രേഖ ശ്രേയയേയും കൂട്ടി കാറിൽ കയറി... ശ്രേയ ഇതെല്ലാം കണ്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു... ശരണ്യയും അന്നേരമാണ് അവളെ ശ്രദ്ധിച്ചത്... " "എടീ നീയെന്തിനാണ് ആതള്ളയോട് ഏറ്റുമുട്ടാൻ പോയത്... അവർ എന്തെങ്കിലും പറഞ്ഞ് പൊയ്ക്കോട്ടെ എന്നു കരുതിയാൽ പോരേ.. "

ശരണ്യയുടെ കൂട്ടുകാരി ചോദിച്ചു... എന്നാൽ ശരണ്യ ശ്രേയയെ തന്നെ നോക്കി നിൽക്കുകയായിരുന്നു... "ആന്റീ അതാണോ നിങ്ങൾ പറഞ്ഞ പെണ്ണ്... " തിരിച്ചു പോരുമ്പോൾ ശ്രേയ രേഖയോട് ചോദിച്ചു... "അവൾ പെണ്ണോ... രാക്ഷസിയാണ്... മറ്റുള്ളവരുടെ ചോരയൂറ്റി കുടിക്കുന്ന രാക്ഷസി... അവൾ സ്വയം ഒഴിഞ്ഞുപോയതുതന്നെ നന്നായി... ഇല്ലെങ്കിൽ ഇവന്റെ ഭാവി എന്താകുമായിരുന്നു... " അതുകേട്ട് ശ്രേയ ഒന്നു ചിരിച്ചെന്നു വരുത്തി... അവളിൽ അപ്പോഴും ശരണ്യ എന്തുകൊണ്ട് ഗിരിയെ ചതിച്ചു എന്ന ചിന്തയായിരുന്നു... "വീട്ടിലെത്തിയ രേഖ ഡ്രസ്സ് മാറിയതിനു ശേഷം അടുക്കളയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ശ്രേയയും അവിടെയെത്തി... അന്നേരം രേഖ ദോശയുണ്ടാക്കുന്ന ധൃതിയിലായിരുന്നു... "ആന്റീ ഞാനുണ്ടാക്കാം... ആന്റി മാറിനിന്നേ.. " "വേണ്ട മോളേ... മോളൊരു കാര്യം ചെയ്യ്... ഗിരിയോട് ചായ കുടിക്കാൻ വരാൻ പറയോ... " "ഞാൻ പറയാം ആന്റീ.. പിന്നെ ആന്റിയുടെ ഇന്നത്തെ പെർഫോമൻസ് ഉഷാറായിരുന്നു ട്ടോ... " "അവളെ കണ്ടപ്പോൾ എനിക്ക് അടിമുടി വിറച്ചു...

അത്രയെങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ അവന്റെ, അമ്മയാണെന്ന് പറയുന്നതെങ്ങനെയാണ്... " "എന്നാലും കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം... ഏതായാലും അതവൾക്ക് അത്യാവശ്യമായിരുന്നു... ഞാൻ പോയി ഗിരിയേട്ടനെ വിളിക്കാം... " ഈ സമയം അമ്പലത്തിൽ നിന്നും തിരിച്ചുവരുന്ന വഴി ശരണ്യ എന്തോ ആലോചിക്കുകയായിരുന്നു... "എന്താ നീ ആലോചിക്കുന്നത്... ആ തള്ള പറഞ്ഞതാണോ... " അവളുടെ കൂട്ടുകാരി ചോദിച്ചു... "ഏയ് അതൊന്നുമല്ല... അവർ അവരുടെ സംസ്കാരമാണ് പറഞ്ഞത്... ഞാനൊന്നും മുഖവിലക്കെടുത്തിട്ടില്ല... ഞാനാരെ ഇഷ്ടപ്പെടണം ആരുടെ കൂടെ കഴിയണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്... അതല്ല ഞാനോലോചിച്ചത്... നീ അവരുടെ കൂടെ ഒരു പെൺകുട്ടിയെ ശ്രദ്ധിച്ചോ... അതാരാണെന്നാണ് ഞാൻ ആലോചിക്കുന്നത്... എന്ത് ചന്തമാണ് അവളെ കാണാൻ... ഇനി അയാളുടെ ആരെങ്കിലുമാണോ... " ശരണ്യ ചോദിച്ചു... "അതാരെങ്കിലുമാകട്ടെ... ചിലപ്പോൾ അയാൾ വിവാഹം കഴിക്കാൻ പോകുന്നവളാകും...

അതൊക്കെ നീയെന്തിനാണ് ആലോചിക്കുന്നത്... നീയേതായാലും അയാളെ വിട്ടതല്ലേ.. " "അതു ശരിതന്നെ... എന്നാലും അറിയാൻ ഒരു ആഗ്രഹം... " "നീ ആവിശ്യമില്ലാത്തത് ആലോചിക്കേണ്ട... നീ പെട്ടന്ന് നടക്ക്... എനിക്ക് വീട്ടിലെത്തിയിട്ട് ഒരുപാട് ജോലിയുള്ളതാണ്... " ശരണ്യ അവളെയൊന്ന് നോക്കി പിന്നെ ധൃതിയിൽ നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ചായ കുടിക്കുമ്പോൾ ശ്രേയ ഗിരിയെ ശ്രദ്ധിക്കുകയായിരുന്നു... എന്നാൽ ഗിരി ആരേയും ശ്രദ്ധിക്കാതെ കഴിക്കുകയായിരുന്നു... "അതേ ഗിരിയേട്ടാ... എനിക്ക് ഇവിടെയൊന്നും പരിചയമില്ല... ഇവിടുത്തെ ടൌണിലൊന്ന് പോകണമെന്നുണ്ട്... ഏതായാലും തിങ്കളാഴ്ച ജോലിക്കു പോയാൽ മതി... അതുവരെ ഇവിടുത്തെ സ്ഥലങ്ങൾ ഒന്ന് കാണണമെന്നുണ്ട്... "അതിന് ഇവിടെ എന്താണ് കാണാൻ... വല്ലതും വാങ്ങിക്കാനാണോ... " ശ്രേയ പറഞ്ഞതുകേട്ട് രേഖ ചോദിച്ചു... "കുറച്ച് ഡ്രസ്സെടുക്കണം... പിന്നെ മറ്റു ചില സാധനങ്ങളും വാങ്ങിക്കാനുണ്ട്... ഗിരിയേട്ടന് ഒഴിവാണെങ്കിൽ ഒന്നിച്ച് പോകുമായിരുന്നു... " "അതു വേണ്ട... എന്റെ കൂടെ ആരും വരേണ്ട...

അമ്മയെ കൂട്ടി പോയാൽ മതി... " "അതെന്താ നിനക്ക് പോയാൽ.. എനിക്ക് ഇവിടെ ഒരുപാട് ജോലിയുണ്ട്... അതിനിടയിൽ ഞാൻ എങ്ങനെ പോകാനാണ്... " "എനിക്ക് മറ്റൊരു സ്ഥലത്തേക്ക് പോകാനുണ്ട്... " അത് പിന്നെ പോകാം... അത്യാവശ്യ കാര്യമൊന്നുമല്ലല്ലോ അത്... അതല്ല ഇനിയും പഴയതുപോലെ നടക്കാനാണ് നീ ഒരുങ്ങുന്നതെങ്കിൽ ആയിക്കോ... നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചോ... മറ്റുള്ളവരുടെ വേദനയും സങ്കടവും നിനക്ക് അറിയേണ്ടല്ലോ... ഒരു മകനായി നീ ഒരുത്തനേയുള്ളൂ... അതിന്റെ വിധി ഇങ്ങനെയാണെന്ന് കരുതി ഞങ്ങൾ ജീവിച്ചോളാം... " രേഖയുടെ കണ്ണുകൾ നിറഞ്ഞതും ശ്രേയ കണ്ടു... "എന്താ ആന്റ് ഇത്... ഗിരിയേട്ടൻ വരില്ലെന്ന് പറഞ്ഞില്ലല്ലോ... മറ്റൊരു വഴിക്ക് പോകാനുണ്ടെന്നല്ലേ പറഞ്ഞത്... " "അവന് എവിടേയും പോകാനില്ല... മനപ്പൂർവ്വം പറഞ്ഞൊഴിയുകയാണ്... മറ്റുള്ളവരെക്കൊണ്ട് തന്നെ വെറുപ്പിക്കുക... അതാണെന്റെ ആവശ്യം... " "ആന്റീ... വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ... അങ്ങനെയാണെങ്കിൽ ഗിരിയേട്ടൻ ഇന്ന് നമ്മുടെ കൂടെ അമ്പലത്തിലേക്ക് വരുമോ... ഗിരിയേട്ടൻ വരും... എപ്പോഴാണ് ഒഴിവ് എന്നുവച്ചാൽ അപ്പോൾ മതി... ഗിരിയേട്ടന്റെ തിരക്കെല്ലാം കഴിഞ്ഞ് മതി...

അങ്ങനെ ഈ അനിയത്തിയെ ഈ ഏട്ടൻ കൈവിടുമോ... " "അനിയത്തിയോ... അപ്പോൾ നീ അവനെ ചേട്ടനായിട്ട് തിരഞ്ഞെടുത്തോ... " രേഖ ചോദിച്ചു... "എന്താ അങ്ങനെ പറ്റില്ലേ... " "അത് ഞാനാണോ തീരുമാനിക്കേണ്ടത്... അവന് താൽപര്യമാണെങ്കിൽ എനിക്കെന്താണ്... എനിക്ക് സന്തോഷമേയുള്ളൂ... നിന്നെ അനുവിന്റെ സ്ഥാനത്തു തന്നെയാണ് ഞാനും കാണുന്നത്... " "ആണല്ലോ... എന്നാൽ എന്റെ ഏട്ടൻ ഞാൻ പറയുന്നത് അനുസരിക്കും... അനുസരിക്കില്ലേ... " ശ്രേയ ഗിരിയെ നോക്കി... നിനക്ക് എവിടെയാണ് പോകേണ്ടതെങ്കിൽ പറഞ്ഞോ... അതിന് ഇങ്ങനെയൊരു നാടകം ആവിശ്യമില്ല... " ഗിരി പറഞ്ഞു.. "നാടകമോ... എന്ത് നാടകം... ഞാൻ പറഞ്ഞത് സത്യമാണ്... അതല്ല എന്നെയൊരു അനിയത്തിയായി കാണാൻ ഗിരിയേട്ടന് കഴിയില്ലേ... ഇല്ലെങ്കിൽ പറഞ്ഞോ... " "അല്പം ബുദ്ധിമുട്ടുണ്ട്... ഒരുത്തിയെക്കൊണ്ടുതന്നെ ബുദ്ധിമുട്ടിയിരിക്കുകയാണ്... അതിനിടയിൽ ഒരാളും കൂടി വേണ്ട... ഇപ്പോൾ ഉള്ളതുപോലെ മതി.. എന്നു കരുതി നിനക്ക് എന്ത് കാര്യത്തിനും ഇവിടെ സ്വാതന്ത്യമുണ്ട്... ഈയൊരു കാര്യം ഒഴിച്ച്... " ഗിരി അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു... "അങ്ങനെയെങ്കിൽ അങ്ങനെ... ഇപ്പോൾ ഞാൻ പറഞ്ഞ കാര്യത്തിന് എന്താണ് തീരുമാനം... എന്റെ കൂടെ വരുമോ... " കുറച്ചുനേരം എന്തോ ആലോചിച്ചതിനുശേഷം ഗിരി തലയാട്ടി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story