രുദ്രതാണ്ഡവം: ഭാഗം 19

rudhra thandavam

രചന: രാജേഷ് രാജു

അന്നവനോട് ഒരുപാട് പറഞ്ഞതാണ് ഇവിടെനിന്നും മാറിനിൽക്കാൻ എന്നാൽ കേട്ടില്ല... രുദ്രന്റെ മനസ്സിൽ പഴയതെല്ലാം ഇന്നലെകഴിഞ്ഞതുപോലെ തെളിഞ്ഞുവന്നു ▪️▪️▪️▪️▪️▪️▪️▪️▪️ അടുത്ത ദിവസം രാവിലെ ഓഫീസിൽ പോകുന്നതിനുവേണ്ടി പുറപ്പെടുകയാണ് രുദ്രൻ... അപ്പോഴാണ് വേണി അവന്റെ റൂമിലേക്ക് വന്നത്... "ഏട്ടാ... എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാനുണ്ട്..." ദുദ്രൻ അവളെ നോക്കി എന്താണെന്നഭാവത്തിൽ പുരികമുയർത്തി.. "എനിക്ക് നിവിൻന്റെ വീട്ടിലൊന്ന് പോകണമെന്നുണ്ട്... അവന്റെ അച്ഛനുമമ്മയേയും ഒന്നു കാണണം..." അവൾ പറഞ്ഞു... അത് വേണോ മോളേ... നമ്മളെല്ലാം മറക്കാൻ ശ്രമിക്കുകയല്ലേ... അതിനിടയിൽ അവിടെ പോയി പഴയ ഓർമ്മകൾ വീണ്ടും മനസ്സിനെ അലട്ടണോ... ആ വിട് മോളുടെ മനസ്സിൽ അടഞ്ഞ അദ്ധ്യായമല്ലേ.... " "എനിക്കവനെ മറക്കാൻ പറ്റുമോ ഏട്ടാ... ഞാനുള്ളോടുത്തോളം കാലം എന്റെ നെഞ്ചിൽ അവനുണ്ടാകും... എന്നുകരുതി ഏട്ടൻ വിഷമിക്കേണ്ട ട്ടോ... ഏട്ടന്റെ കുഞ്ഞുപെങ്ങളാവാൻ ഞാൻ ശ്രമിക്കാം...

ഇപ്പോൾ എനിക്ക് അവന്റെ അച്ഛനുമമ്മയേയും കാണണം... ഇല്ലെങ്കിൽ നിവിൻന്റെ ആത്മാവ് എന്നോട് പൊറുക്കില്ല... അത്രയേറെ എന്നെ ഇഷ്ടപ്പെട്ടിരുന്നു ആ അമ്മയും അച്ഛനും... അവൻ പോയപ്പോൾ അവിടേക്ക് തിരിഞ്ഞുനോക്കിയില്ലാന്ന് അവർക്കു തോന്നില്ലേ... " "നീ പറഞ്ഞത് ശരിയാണ് മോളേ... പക്ഷേ നീയിപ്പോൾ അവിടേക്ക് ചെന്നാൽ അവരുടെ സങ്കടം കൂടുകയല്ലേ മോളേ ചെയ്യുക... എല്ലാം മറന്നുതുടങ്ങുകയാവും ആ പാവങ്ങൾ... ഏതായാലും നീ മനസ്സുകൊണ്ട് ആശിച്ചതല്ലേ... ഞാനിന്ന് ഉച്ചയ്ക്ക് വരാം നീ കോളേജിനു മുന്നിൽ നിന്നാൽ മതി... " രുദ്രൻ പറഞ്ഞു അതൊന്നും വേണ്ട ഏട്ടാ... ഞാൻ തീർത്ഥയേയും കുട്ടി പൊയ്ക്കോളാം... പോരുന്നവഴി.. ദേവികയുടെ വീട്ടിലും പോകണം... " "അതുവേണ്ട മോളേ... നിങ്ങളൊറ്റക്ക് പോകേണ്ട... ഞാനും കൂടി വരാം... " "വേണ്ട ഏട്ടാ... ഞങ്ങൾ ഇതിനുമുമ്പും പോയിട്ടുള്ളതല്ലേ... ഞങ്ങൾ പൊയ്ക്കോളാം... നേരം വൈകുകയാണെങ്കിൽ ഏട്ടനെ വിളിക്കാം... " "എന്നാൽ ശരി.... നിന്റെ ഇഷ്ടംപോലെയാകട്ടെ... വല്ലാതെ നേരം വൈകരുത്... " ശരിയേട്ടാ.... ഏട്ടനിറങ്ങാൻ ആയില്ലല്ലോ... ചായ കുടിക്കുമ്പോഴേക്കും ഞാൻ റെഡിയായി വരാം... " വേണി അവളുടെ മുറിയിലേക്ക് നടന്നു...

അന്നും വേണി വിശാലിന്റെ കാറിലായിരുന്നു കോളേജിലേക്ക് പോയത്... പോകുന്ന വഴി നിവിൻന്റേയും ദേവികയുടേയും വീട്ടിൽ പോകുന്ന വിവരം വിശാലിനോട് പറഞ്ഞിരുന്നു... കോളേജെത്തി വേണിയും തീർത്ഥയുമിറങ്ങി... രുദ്രൻ വേണിയെ വിളിച്ചു "നിന്റെ കയ്യിൽ പൈസയൊന്നുമില്ലല്ലോ... ഇതുവെച്ചോ..." രുദ്രൻ പേഴ്സിൽനിന്ന് കുറച്ച് പൈസയെടുത്ത് അവൾക്കു കൊടുത്തു... "എന്റെ കയ്യിലുണ്ട് ഏട്ടാ... " വേണി പറഞ്ഞു അതുസാരമില്ല... ഇതുവെച്ചോ... എന്തെങ്കിലും ആവിശ്യം വരും... " അവൾ രുദ്രന്റ കയ്യിൽ നിന്നതു വാങ്ങിച്ചു... പിന്നെയും കോളേജിലേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️ പണിയെല്ലാം കഴിഞ്ഞ് ഉച്ചകത്തെ ഊണുകഴിച്ച് പാത്രം കഴുകുകയായിരുന്നു നിവിൻന്റെ അമ്മ ഗിരിജ.... കോണിങ്ബെല്ലടിക്കുന്നതുകേട്ട് അവർ ഉമ്മറത്തേക്ക് വന്ന് വാതിൽ തുറന്നു... മുന്നിൽ നിൽക്കുന്ന വേണിയെ കണ്ട് അവരമ്പരന്നു... പിന്നെ അവരുടെ കണ്ണുകൾ നിറയുന്നത് കണ്ടു.... വേണി അവരുടെ അടുത്തേക്ക് ചെന്നു... "അമ്മേ... " വേണി പതിയെ അവരെ വിളിച്ചു..

പെട്ടെന്നൊരു കരച്ചിലോടെ അവർ വേണിയെ കെട്ടിപ്പിടിച്ചു... വേണിക്കും കരച്ചിൽ വന്നിരുന്നു... കുറച്ചുനേരം അവരങ്ങനെ നിന്നു കരഞ്ഞു.... പിന്നെ കണ്ണു തുടച്ച് ഗിരിജ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി... "മക്കൾ ഊണുകഴിച്ചിട്ടാണോ വരുന്നത്... ഞാൻ കുറച്ച് ഭക്ഷണം എടുക്കട്ടെ... കറിയെല്ലാം മോശമായിരിക്കും... എന്നാലും ഉള്ളതു വെച്ച് കഴിക്കാം..." വേണ്ടമ്മേ.. ഞങ്ങൾ കഴിച്ചിട്ടാണ് വരുന്നത്... തീർത്ഥ പറഞ്ഞു... എന്നാൽ മക്കളിരി... ഞാൻ ചായയുണ്ടാക്കാം... ഗിരിജ അടുക്കളയിലേക്ക് നടന്നു... വീണ വീടെല്ലാം ഒന്നു നോക്കി... എല്ലാം കുത്തഴിഞ്ഞു കിടക്കുന്നു... പെട്ടന്നാണ് അവളുടെ കണ്ണിൽ അതു പതിഞ്ഞത്... നിവിൻന്റെ വലിയൊരു ഫോട്ടോ ചുമരിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.... അവളതിൽതന്നെ കുറച്ചുനേരം നോക്കിനിന്നു.. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു... ഇതുകണ്ട് തീർത്ഥയവളെ വിളിച്ച് അടുക്കളയിലേക്ക് നടന്നു... ഗിരിജ ചായയുണ്ടാക്കുന്ന തിരക്കിലായിരുന്നു... അവരുടെ വേഷവും മുടിയെല്ലാം കണ്ട് വേണിക്ക് കരച്ചിൽ വന്നിരുന്നു... അവരെ കണ്ട് ഗിരിജയൊന്ന് ചിരിച്ചു... എന്നാൽ ആ ചിരിക്ക് വേണ്ടത്ര തെളിച്ചമില്ലായിരുന്നു... "അമ്മേ അച്ഛനെവിടെ... "

വേണി ചോദിച്ചു അച്ഛൻ പുറത്തേക്കു പോയതാണ്... ഇപ്പോൾ വരും... പറഞ്ഞു തീരുംമുന്നേ പുറത്തുനിന്ന് നിവിൻന്റെ അച്ഛൻ ദാസന്റെ വിളി കേട്ടു.... ഗിരിജ ഉമ്മറത്തേക്ക് നടന്നു.... "ആരാണ് ഗിരിജേ വന്നത്... " പുറത്തു കിടക്കുന്ന ചെരിപ്പുകണ്ട് ദാസൻ ചോദിച്ചു "വേണിമോളും കൂട്ടുകാരിയുമാണ് വന്നത്... " അതുകേട്ട് ദാസന്റെ മുഖം വല്ലാതെയായി... അയാൾ അവരുടെയടുത്തേക്ക് ചെന്നു... "മോള് വന്നിട്ട് ഒരുപാട് നേരമായോ..." "ഇല്ലച്ഛാ... ഇപ്പോൾ വന്നതേയുള്ളൂ.... " വേണി പറഞ്ഞു... അയാൾ അവളെയൊന്ന് നോക്കി... ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്... എന്റെ മോനുണ്ടായിരുന്നെങ്കിൽ എന്റെ മരുമകളായി വരേണ്ട കുട്ടിയാണ്... ദൈവം അതിനനുവദിച്ചില്ലില്ലോ.... മോളെ അച്ഛനുമമ്മക്കും ഏട്ടനുമെല്ലാം സുഖമല്ലേ... അയാൾ ചോദിച്ചു "സുഖമാണ് അച്ഛാ... " അവൾ പറഞ്ഞു... അപ്പോഴേക്കും ഗിരിജ ചായയുമായി വന്നിരുന്നു... അവർ ചായ വാങ്ങിച്ചു കുടിച്ചു.... എന്നാൽ ഞങ്ങളിറങ്ങുകയാണ്... പോകുന്ന വഴി ദേവികയുടെ വീട്ടിലൊന്ന് കയറണം...

"മോളെ... ഞാൻ മോളെക്കാണാൻ വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു... " ദാസൻ പറഞ്ഞതുകേട്ട് അവൾ സംശയത്തോടെ അയാളെ നോക്കി... "അതെങ്ങനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല... പക്ഷേ പറയാതിരിക്കാനും തരമില്ല... മോള് ചെറുപ്പമാണ്... ഇനിയും ഒരുപാട്കാലം ജിവിക്കേണ്ടവൾ... മോള് മരുമകളായി ഈ വീട്ടിൽ കയറിവരുന്നത് ഒരുപാട് സ്വപ്നം കണ്ടതാണ് ഞങ്ങൾ... എന്നാലതിനുളള വിധിയുണ്ടായില്ല.... എന്റെ മകനെ നേരത്തെ ദൈവമങ്ങ് വിളിച്ചു.... എന്നാൽ മോളുടെ കാര്യമങ്ങനെയല്ല... ഇനിയും മോൾക്കൊരു ജീവിതമുണ്ട്... അത് വേണ്ടെന്നുവക്കരുത്..... ഞങ്ങളുടെ മകനെയോർത്ത് നിന്റെ ജീവിതം നശിപ്പിക്കരുത്..." അതു പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "ഇല്ലച്ഛാ... അതിനെനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ... നിവിനെ മറന്ന് മറ്റൊരു ജീവിതം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ.... ഒന്നിച്ചു ജീവിക്കാൻ ഒരുപാട് കൊതിച്ചിരുന്നു... എന്നാൽ വിധി ഞങ്ങളെ പിരിച്ചു... എനിക്കിനി ജീവിക്കാൻ നിവിനിന്റെ ഓർമ്മ മാത്രം മതി... " വേണി മുഖം പൊത്തി കരഞ്ഞു...

"എന്നുപറഞ്ഞാലെങ്ങനാ മോളേ... നിന്റെ അച്ഛനുമമ്മക്കും നിന്റെ വിവാഹം നടന്നുകാണാൻ ആഗ്രഹമുണ്ടാവില്ലേ... അവരെ വിഷമിപ്പിക്കണോ മോളേ... നീയവന്റെ ഓർമ്മയുമായിട്ട് ജീവിതം തള്ളി നീക്കിയാൽ ഞങ്ങൾക്കുമതൊരു വേധനയല്ലേ... എന്റെ കുട്ടിയുടെ ആത്മാവ് പൊറുക്കുമോ... നീയൊരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് കാണാനാണ് അവന്റെ ആത്മാവ് കൊതിക്കുന്നത്... ഞങ്ങളും അതുതന്നെയാണ് ഇഷ്ടപ്പെടുന്നത്.... " "മോളെ.. അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്... മരിച്ചുപോയ ഞങ്ങളുടെ മകനുവേണ്ടി നിന്റെ ജീവിതം പാഴാക്കരുത്... അവന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ എന്നു കരുതണം മോള്..." ഗിരിജയാണത് പറഞ്ഞത് ഇല്ലമ്മേ... എന്നെ നിർബന്ധിക്കരുത്.... എന്റെ മനസ്സിൽ ഒരാളെ മാത്രമേ ജീവിതപങ്കാളിയായി കണ്ടിട്ടുള്ളൂ... എന്റെ മരണം വരെ അതങ്ങനെയേ ഉണ്ടാവൂ... " വേണി പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കോടി... ദാസനോടും ഗിരിജയോടും യാത്ര പറഞ്ഞ് തീർത്ഥ അവൾ പോയതിനു പിന്നാലെ നടന്നു.... "അവൾ ചെല്ലുമ്പോൾ വിണ മുറ്റത്തുനിന്ന് കരയുകയായിരുന്നു....

തീർത്ഥയവളെ സമാധാനിപ്പിക്കാൻ ആവുംവിധം നോക്കി... അവസാനം അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞപ്പോഴാണ് അവൾ കരച്ചിൽനിർത്തി കണ്ണുതുടച്ചത്... ▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം രുദ്രൻ തന്റെ ഓഫീസ് ക്യാബിനിലിരുന്ന് എന്തോആലോചിക്കുകയായിരുന്നു.... ആ സമയത്താണ് വിശാൽ അവിടേക്ക് വന്നത്... "എന്താടോ വലിയൊരു ആലോചന.... " വിശാൽ ചോദിച്ചു.... "ഒന്നുമില്ല... വേണിയും തീർത്ഥയും വിശാലിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്.. പോകുന്ന വഴി ദേവികയുടെ വീട്ടിലും കയറുമെന്ന് പറഞ്ഞിരുന്നു... എനിക്കെന്തോ ഒരു പേടിതോന്നുന്നു... അവരെ ഒറ്റക്ക് വിടണ്ടായിരുന്നു... ആ ഷാനവാസ് കൂട്ടരും എന്തും ചെയ്യാൻ മടിക്കാത്തവരാണ്.... ഞാനേതായും അവിടെ വരെ പോയി വരാം... " "നീയേതായാലും തനിച്ചു പോകേണ്ട ഞാനും വരാം നിന്റെയൊപ്പം... എനിക്കും ദേവികയുടെ വീട്ടിലൊന്ന് പോവാലോ.... " വിശാൽ പറഞ്ഞു.... "എന്നാൽ നിന്റെ കാറെടുത്താൽ മതി... തിരിച്ചു വരുമ്പോൾ ഇതിലെ വരാം... അന്നേരമെന്റെ വണ്ടിയെടുക്കാം... " അവർ അഭിയോട് കാര്യങ്ങൾ പറഞ്ഞ് അവിടെനിന്നും പുറപ്പെട്ടു... "നിവിൻന്റെ വീട്ടിൽ നിന്നും റോഡിലേക്കിറങ്ങിയ തീർത്ഥയും വേണിയും ഒരു ഓട്ടോ പിടിച്ച് ദേവികയുടെ വീട്ടിലേക്ക് യാത്രയായി...

കുറച്ച് മുന്നോട്ട് പോയപ്പോൾ പുറകെ നിന്നും ഒരു വാഹനം വന്ന് അവർ പോകുന്ന ഓട്ടോയ്ക്ക് വിലങ്ങിട്ടു... അതിൽ നിന്നും ഷാനവാസിറങ്ങി... പുറകെ മറ്റു മൂന്നുപേരും... "രുദ്രന്റെ പൊന്നു സഹോദരിയും കാമുകിയും പുറത്തേക്കൊന്നിറങ്ങിയാട്ടേ.. ഇക്കാക്കയൊന്ന് നേരിട്ട് കാണട്ടെ... " ഷാനവാസ് പറഞ്ഞത്കേട്ട് തീർത്ഥയും വേണിയും പേടിച്ചു... അവർ ഓട്ടോയിൽ നിന്നും ഇറങ്ങി... അവരെകണ്ട് ഷാനവാസിന്റെ കണ്ണു വിടർന്നു... ചുണ്ടിലും ചിരി തെളിഞ്ഞു "ആഹാ... നല്ല ഉരുപ്പിടികളാണല്ലോ രണ്ടും... എന്തുചെയ്യാനാ... ഇന്നത്തെ ദിവസം രണ്ടും ഇക്കാക്കയുടെ കൂടെ കഴിയാനല്ലേ വിധി.... നാളെ നേരംവെളുക്കുമ്പോൾ അവന് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനമാണ് നിങ്ങൾ.... എന്റേയും ഈ നിൽക്കുന്ന ചേട്ടന്മാരുടേയും... ആവിശ്യമെല്ലാം കഴിഞ്ഞ്... നിങ്ങളുടെ ഈ ശരീരം അവന് നൽകണം... അതു കണ്ടവൻ കരയണം.... പിടിച്ചു വണ്ടിയിൽ കയറ്റടാ രണ്ടിനേയും..." ഷാനവാസ് പറഞ്ഞതുകേട്ട് കൂടെയുണ്ടായിരുന്ന രണ്ടുപേര് അവരുടെയടുത്തേക്ക് വന്നു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story