രുദ്രതാണ്ഡവം: ഭാഗം 21

rudhra thandavam

രചന: രാജേഷ് രാജു

എന്നാൽ പിന്നീട് നടന്നത് ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.... അന്നു വൈകീട്ട് രുദ്രനും ആദിയും രോഷന്റെ വീട്ടിലേക്ക് ചെന്നു... അവർ ചെന്ന് ബെല്ലടിക്കാൻ തുനിയുമ്പോഴാണ് വാതിൽ തുറന്നിരിക്കുന്നത് കണ്ടത്.. "രുദ്രാ ഇവർ സാധാരണ വാതിലിങ്ങനെ തുറന്നിടാറില്ലല്ലോ..." ആദി ചോദിച്ചു "രോഷൻ എത്തിയിട്ടുണ്ടാകും... ഏതായാലും നീ വാ... " രുദ്രൻ ആദിയേയും കൂട്ടി അകത്തേക്ക് നടന്നു... "രോഷാ..." രുദ്രൻ ഉറക്കെ വിളിച്ചു... എന്നാൽ അവന്റെ വിളിക്കു മറുപടിയുണ്ടായിരുന്നില്ല... "എടാ രുദ്രാ... എനിക്കെന്തോ പേടി തോന്നുന്നു.... ഇവിടെ എന്തോ നടന്നിട്ടുണ്ട്.. " ആദി പേടിയോടെ പറഞ്ഞു.. എന്നാൽ ആ സംശയം രുദ്രനുമുണ്ടായിരുന്നു... അവർ രണ്ടുപേരും കൂടി അടുക്കളയിലേക്ക് നടന്നു... അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയതും രുദ്രൻ ഞെട്ടി... പെട്ടെന്നവൻ മുഖം പൊത്തി തിരിഞ്ഞു... അവിടെ രോഷന്റെ അമ്മ പ്രമീള കഴുത്തറുത്ത നിലയിൽ തറയിൽ കിടക്കുന്നു.... ആദിയും ഒറ്റത്തവണയെ അതു നോക്കിയുള്ളൂ....

പെട്ടന്ന് എന്തോ ഓർത്തപോലെ രുദ്രൻ എല്ലായിടത്തും നോക്കി.. അവൻ കീർത്തിയെ അന്വേഷിക്കുകയാണെന്ന് ആദിക്ക് മനസ്സിലായി.... രുദ്രനൊപ്പം ആദിയും നടന്നു... അവർ എല്ലായിടത്തും നോക്കി... അവസാനം രോഷന്റെ മുറി തുറന്നതും രുദ്രന്റെ തൊണ്ടയിൽ നിന്നൊരു കരച്ചിൽ വന്നു... അവിടെ ഒരു നൂൽബന്ധവുമില്ലാതെ പൂർണ്ണ നഗ്നയായി കീർത്തി കിടക്കുന്നു... ആദി അവിടെയുണ്ടായിരുന്ന പുതപ്പെടുത്ത് അവളുടെ ശരീരത്തിലിട്ടു... പിന്നെ അവളുടെ മൂക്കിനുതാഴെ കൈവച്ചു നോക്കി... "രുദ്രാ... ഇവളും... " ആദി പേടിയോടെ പറഞ്ഞു... രുദ്രൻ തളർന്ന് നിലത്തിരുന്നു... ✨✨✨✨✨ "അത് എനിക്കൊരു ഷോക്കായിരുന്നു... എന്റെ അമ്മയും വേണിയും പോലെയായിരുന്നു അവർ..... സമയം ഒരുപാട് കഴിഞ്ഞു... പോലീസെത്തി ബോഡി പോസ്റ്റ്മോർട്ടത്തിനയച്ചു.... സമയം കടന്നുപോയി... എന്നിട്ടും രോഷൻ മാത്രം എത്തിയില്ല... രാത്രി മുഴുവൻ ഞങ്ങൾ അവനെ പലയിടത്തും അന്വേഷിച്ചു... പക്ഷേ അവനെ കണ്ടെത്താനായില്ല... "

"നേരം പുലർന്നു... രോഷന്റെ ഒരു വിവരവും കിട്ടിയില്ല..... ആദി പ്രമീളയുടേയും കീർത്തിയുടേയും ബോഡി പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് അയക്കാനുള്ള കാര്യങ്ങൾ ശെരിയാക്കുകയായിരുന്നു... അപ്പോഴാണ് ആ പരിസരത്ത് പത്രം ഇടുന്ന പയ്യൻ ഓടിവരുന്നതു കണ്ടത്.... അവൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ അവൻ പറഞ്ഞ സ്ഥലത്തേക്കോടി... അടുത്തുള്ള റെയിൽവേ ട്രാക്കിലേക്കാണ് ഞാനോടിയത്... അവിടെ കണ്ട കാഴ്ച... തലയില്ലാതെ കിടക്കുന്ന രോഷനെ കണ്ട എന്റെ സർവ്വ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു.... ഞാനവിടെയിരുന്ന് പൊട്ടിക്കരഞ്ഞു.... ഒരുപാട് നേരത്തെ തിരച്ചിലൊടുവിൽ അടുത്തുള്ള കുറ്റിക്കാട്ടിൽനിന്ന് അവന്റെ ശിരസ്സ് കണ്ടെടുത്തു.... ഒറ്റനോട്ടത്തിൽ തന്നെ എനിക്കു മനസ്സിലായി അതൊരു ട്രെയിൻ തട്ടിയുളള മരണമല്ലെന്ന്... എന്നാൽ ആ കാര്യം അവിടെ കൂടിയവരേയോ അവിടെയുള്ള പോലീസിനിയോ അറിയിച്ചില്ല.... അതറിയിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാമായിരുന്നു... " "ദിവസങ്ങൾ കഴിഞ്ഞു... രോഷന്റേയും കുടുംബത്തിന്റേയും മരണം തെളിയിക്കാൻ പറ്റാതെ പോലീസ് കുഴങ്ങി... അല്ല... ഷാനവാസിന്റേയും അവന്റെ ബോസിന്റേയും പണത്തിനുമുന്നിൽ അവരത് തേച്ചുമായ്ച്ചുകളയാൻ ശ്രമിച്ചു എന്നുവേണം കരുതാൻ....

അങ്ങനെയിരിക്കുമ്പോഴാണ് നിങ്ങൾ നേരത്തെ കണ്ട ദ്രുവൻ ഇവിടെ ചാർജ്ജെടുത്തത്... ഞാനവനെ പോയി കണ്ടു... കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു... പക്ഷേ ഷാനവാസിനെതിരെ തെളിവുകൾ ഉണ്ടായിരുന്നില്ല.... അങ്ങനെയിരിക്കെയാണ് ഒരു ദിവസം ദ്രുവൻ എന്നെ കാണാൻ വന്നത്... അവൻ ഷാനവാസിനെ പൂട്ടാനുള്ള ചില പദ്ധതികൾ എന്നോട് പറഞ്ഞു... അത് എനിക്ക് കൂടുതൽ പ്രതീക്ഷ തന്നു.... ഞാൻ ഷാനവാസിനെ വിളിച്ചു...." ✨✨✨✨✨ "ഹലോ ഷാനവാസല്ലേ" "അതെ.. ആരാണ് സംസാരിക്കുന്നത്.... " "ഞാനാരെങ്കിലുമാകട്ടെ... പക്ഷേ എനിക്കു പറയാനുള്ള കാര്യം നിന്റെ ജീവിതം തന്നെ മാറ്റിയെഴുതുന്നതാണ്... നിന്റേയും നിന്റെ ബോസിന്റേയും ബിസിനസ് സാമ്രാജ്യം തകർത്ത ഒരു പാവം പോലീസുകാരനും കുടുംബത്തേയും നീ ക്രൂരമായി കൊന്നു തള്ളി... ആ കൊലപാതകത്തോടെ എല്ലാം അവസാനിച്ചെന്ന് നീ കരുതിയോ... അന്ന് നിന്റെ ബംഗ്ലാവിൽ അവനൊറ്റക്കല്ലായിരുന്നു വന്നത്... ഞാനും അവനോടൊപ്പമുണ്ടായിരുന്നു....

പിന്നെ നീ രോഷനെ കൊന്നുതള്ളിയതിനും എന്റെ കയ്യിൽ തെളിവുണ്ട്.... ഞാനത് വേട്ടപ്പെട്ടവരുടെ കയ്യിൽ ഏൽപ്പിച്ചോളാം..." "ആരാടാ നീ... നിനക്കെങ്ങനെ അതറിയാം... ? ഷാനവാസിന്റെ ശബ്ദം കനത്തു... ചൂടാവല്ലേ ഭായ്... എന്റെ കൂട്ടുകാരനെ കൊന്ന നിന്നെ വെറുതെ വിടുമെന്ന് കരുതിയോ... നിന്നെ പൂട്ടിയിട്ടേ എനിക്കിനി വിശ്രമമുള്ളൂ.... " "നീ എന്തുചെയ്യുമെന്നാടാ... നീ നിന്റെ കയ്യിലുള്ള തെളിവ് ആർക്കു വേണമെങ്കിലും കൈമാറ്... ബാക്കി ഞാൻ നോക്കിക്കോളാം... " "അതെനിക്കറിയാം... നിന്റെ വാലാട്ടിപട്ടികളാണല്ലോ ഇവിടെയുള്ള പല ഏമാൻമാരും... പക്ഷേ നീ ചിന്തിക്കുന്നതു മുകളിലായിരിക്കും എന്റെ കളി.... " "ഓഹോ..... നീയപ്പോൾ ഒന്നിനായിട്ട് ഇറങ്ങിയതാണല്ലേ... കൂട്ടുകാരന്റെയും കുടുംബത്തിന്റേയും മരണം നിനക്ക് ഓർമ്മയുണ്ടല്ലോ... ഇനി ഒന്നുകൂടി ചെയ്യാൻ എനിക്ക് മടിയില്ല.... " "അറിയാം... എങ്ങനെയെങ്കിലും എന്നെ കണ്ടുപിടിച്ച് തീർക്കുമെന്ന് എനിക്കറിയാം... പക്ഷേ അതിനുമുമ്പ് നിന്നെ കുടുക്കാനുള്ള തെളിവ് എത്തേണ്ടിടത്ത് എത്തിച്ചിരിക്കും ഞാൻ... " "ശരി... ഇത് പുറത്തുവിടാതിരിക്കാൻ എന്തുവേണം നിനക്ക്... നീ പറയുന്നതാണ് വില... എത്ര ലക്ഷം വേണമെങ്കിലും ഞാൻ തരാം.... അതല്ലാ...

ഇതുമായിട്ട് മുന്നോട്ടു പോകാനാണ് നിന്റെ തീരുമാനമെങ്കിൽ... നിന്നെ നിന്റെ കുടുംബത്തോടൊപ്പം കത്തിക്കും ഞാൻ.... ഷാനവാസ് ആരാണെന്ന് നിനക്കിപ്പോഴും അറിയില്ല... " "സമ്മതിച്ചു... ഞാൻ ചോദിക്കുന്ന പണം തരാമെങ്കിൽ ഈ തെളിവ് നിന്നെ ഏൽപ്പിക്കാം... പക്ഷേ... നീയിതിനിടയിൽ മറ്റു വല്ല കളിയും നടത്തിയാൽ... ഇതെല്ലാം എത്തേണ്ടിടത്ത് എത്തിയിരിക്കും... അതുകൊണ്ട് പണവുമായി നീ ഒറ്റക്ക് വരണം... " "ശരി... എത്രയാണ് ഇതിനുള്ള നിന്റെ വില.... എവിടെവച്ചാണ് ഈ ഡീൽ കൈമാറേണ്ടത്... " "ഇരുപത് ലക്ഷം രൂപയാണ് വില... അതിനു തയ്യാറാണെങ്കിൽ... ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് നമ്മൾ തുടങ്ങിവച്ച ആ കോളേജിന് സമീപത്തുള്ള പഴയ ബിൽഡിങ്ങിൽ വച്ച് കൈമാറാം... " രുദ്രൻ പറഞ്ഞത് കേട്ട് ഷാനവാസൊന്ന് ആലോചിച്ചു... പിന്നെ സമ്മതം മൂളി... അന്ന് വൈകീട്ട് അഞ്ചുമണിക്ക്... ഞാനും ദ്രുവനും കുറച്ചു പോലീസുകാരുമായി ആ പഴയ ബിൽഡിങ്ങിലെത്തി... ദ്രുവനും പോലീസുകാരും ബിൽഡിങ്ങിലെ പല സിഥലങ്ങളിലായി മറഞ്ഞിരുന്നു... കുറച്ചുകഴിഞ്ഞപ്പോൾ ഷാനവാസ് അവിടെയെത്തി.... പറഞ്ഞതിനു വിപരീതമായി അവന്റെ കൂടെ മറ്റു രണ്ടുപേരും ഉണ്ടായിരുന്നു....

എന്നാൽ രുദ്രന്റെയടുത്തേക്ക് അവൻ മാത്രമാണ് വന്നത് മറ്റുള്ളവർ ആരും കാണാതെ അവന്റെ വിളിപ്പുറത്തു തന്നെ ഉണ്ടായിരുന്നു.... ഷാനവാസ് രുദ്രന്റെ അടുത്തേക്ക് വന്നു.... "അപ്പോൾ നീയാണ് എന്നെ വെല്ലുവിളിച്ചത്... നിനക്ക് പണം വേണ്ടേ... " ഷാനവാസ് കയ്യിലുള്ള ബേഗ് അവനെ കാണിച്ചുകൊണ്ട് ചോദിച്ചു.. "പറഞ്ഞ മുഴുവൻ തുകയും അതിലുണ്ടോ... അതോ കൂടെയുള്ളവരെ വച്ച് എന്നെ ഒതുക്കാനുള്ള വല്ല പദ്ധതിയുമാണോ... " രുദ്രൻ പറഞ്ഞതുകേട്ട് അവനവന്നു ഞെട്ടി... എന്നാൽ അത് പുറത്തു കാണിക്കാതെ അവനൊന്നു ചിരിച്ചു.... "നിന്നെ ഇവിടെവച്ച് തീർക്കാൻ എനിക്കാരുടേയും അനുവാദം വേണ്ട... എന്നാൽ എന്റെ കയ്യിൽ നിന്റെ രക്തം വീഴരുതെന്ന് എനിക്ക് നിർബന്ധമുണ്ട്... അതിനാണ് തീറ്റി പോറ്റി അവറ്റകളെ കൂടെ കൊണ്ടുനടക്കുന്നത്... ഏതായാലും നീയിത്ര കഷ്ടപ്പെട്ടതല്ലേ... നിന്റെ പേരിൽ ഒരു ആയിരത്തൊന്ന് രൂപ ഞാൻ ഡിപ്പോസിറ്റ് ചെയ്യാം.... നിന്റെ മരണത്തിന് പാരിതോഷികമായി അതവിടെ കിടക്കട്ടെ... നീ ആ തെളിവുകൾ നേരിട്ട് എന്റെ കയ്യിൽ തരന്നോ അതോ നിന്റെ ജീവനെടുത്തിട്ട് ഞങ്ങൾ കൈക്കലാക്കണോ... " "അവന്റെ ജീവനെടുത്താൽ എത്തേണ്ടിടത്ത് എത്തിയ തെളിവ് നീയെങ്ങിനെ ഇവന്റെ കയ്യിൽനിന്ന് വാങ്ങിക്കും...

" പെട്ടന്ന് ദ്രുവനെ അവിടെ കണ്ടപ്പോൾ ഷാനവാസൊന്ന് ഞെട്ടി "ഓഹോ... അപ്പോൾ എന്നെകുടുക്കാനുള്ള പുതിയ പ്പാനുമായി വന്നതാണ് രണ്ടുമല്ലേ.... എടാ മക്കളേ... ഇവർക്ക് എന്താണ് വേണ്ടതെന്നുവച്ചാൽ കൊടുത്ത് ഇവരെയങ്ങ് തീർത്തേക്ക്... ബാക്കി വരുന്നത് ഞാൻ നോക്കിക്കോളാം... " എന്നാൽ അവന്റെ കൂടെ വന്നവരെ തോക്കിൻമുനയിൽ നിർത്തിയിരിക്കുന്ന രണ്ട് പോലീസുകാരെയാണവൻ കണ്ടത്... രുദ്രനും ദ്രുവനും എല്ലാം പ്ലാൻ ചെയ്തിട്ടാണ് വന്നതെന്ന് അവന് മനസ്സിലായി... "എന്താ ഷാനവാസേ.... ഞങ്ങൾ വെറുമൊരു പോങ്ങന്മാരാണെന്ന് കരുതിയോ നീ... ഇതുവരെ നിനക്കെതിരെ ഒരു തെളിവും ഞങ്ങളുടെ കയ്യിലില്ലായിരുന്നു... പക്ഷേ രാവിലെ നിന്നെ വിളിച്ചപ്പോൾ നിന്റെ നാവിൽനിന്നുവീണതും... പിന്നെ ഇവിടെ നീ നടത്തിയ വീരവാദവും മതി നിന്നെ അകത്താക്കാൻ.... നീ പറഞ്ഞതെല്ലാം ഞങ്ങളുടെ കയ്യിലുണ്ട്... അനുമതി നിന്നെ പൂട്ടാൻ... " ദ്രുവൻ ഷാനവാസിന്റെ അടുത്തേക്കു ചെന്നു..

"എന്നാൽ പോവുകയല്ലേ.... ഇനി കുറച്ചുകാലം ഗവൺമെന്റ് തരുന്ന ഭക്ഷണവും കഴിച്ച് അകത്തു കിടക്കാം... " ദ്രുവൻ അവന്റെ കയ്യിൽ വിലങ്ങു വച്ചു... ഷാനവാസ് രുദ്രനെ നോക്കി... "എടാ നീ ഇപ്പോൾ ജയിച്ചെന്നു കരുതേണ്ടാ.... ആ കൊലപാതകം നടത്തിയത് ഞാനല്ല എന്നു തെളിയിക്കാൻ എനിക്കതികം സമയം വേണ്ട.... ഞാൻ പുറത്തിറങ്ങും അതുവരെമാത്രമേ നിനക്കായുസ്സുള്ളൂ കാത്തിരുന്നോ നീ..." ഷാനവാസ് രുദ്രനെ കടുപ്പിച്ചൊന്ന് നോക്കി ദ്രുവന്റെ കൂടെ നടന്നു... ✨✨✨✨✨ "കോടതിയിൽ ഹാജരാക്കിയ അവൻ കുറ്റം സമ്മതിച്ചു.... പക്ഷേ കൊന്നത് അവനല്ലാ എന്നും പറഞ്ഞു.... അവന്റെ ശിങ്കിടികളിലൊരാൾ എല്ലാകുറ്റവും ഏറ്റെടുത്തു.... അവനേയും കൂട്ടാളിയെയും ജീവപര്യന്തം ശിക്ഷ വിധിച്ചു.... എന്നാലവൻ അപ്പീലിനുപോയി അവന്റെ ശിക്ഷയുടെ കാഠിന്യം നാലുവർഷമാക്കി കുറച്ചു..". "ഇന്നവൻ അതിനുള്ള പ്രതികാരവുമായി വന്നിരിക്കുകയാണ്.... അതാണ് രാവിലെ നിങ്ങളോട് ഒറ്റക്കു പോകേണ്ടെന്ന് എന്നേക്കൊണ്ടാവുംവിധം പറഞ്ഞത്... നീ കേട്ടില്ല... എനിക്കറിയാമായിരുന്നു... കീർത്തിയുടേതുപോലെയുള്ള ഒരനുഭവം നിങ്ങളുടെ നേരേയും ഉണ്ടാകുമെന്ന്... " രുദ്രൻ പറഞ്ഞു നിറുത്തി... "സോറിയേട്ടാ...... ഇതൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു.... രോഷേട്ടനെകുറിച്ച് ഏട്ടൻ വീട്ടിൽ സംസാരിക്കുന്നത് കേട്ടതല്ലാതെ നേരിട്ട് പരിചയമില്ലായിരുന്നു... ഇനി ഇങ്ങനെയൊന്നുണ്ടാകില്ല... സത്യം.... " വേണി അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു...

"രുദ്രേട്ടൻ എന്നോടും ക്ഷമിക്കണം... കാര്യമെന്താണെന്നറിയാതെ ഞാനും എന്തൊക്കെയോ പറഞ്ഞു... " തീർത്ഥയും അവനോട് മാപ്പിരന്നു.... "പോട്ടെ സാരമില്ല.... ഇതിങ്ങനെ അവസാനിച്ചതിൽ ദൈവത്തോട് നന്ദി പറയ്... പിന്നെ ഇതൊന്നും നമ്മളല്ലാതെ പുറത്താരുമറിയരുത്... എനിക്കു വാക്കു തരണം നിങ്ങൾ.... " അവർ രുദ്രന് വാക്കുനൽകി.... "രുദ്രാ... അതിങ്ങനെ വെറുതെ വിടുന്നത് ശരിയല്ല... ഇതിന് പകരം ചോദിച്ചേ മതിയാകൂ... അതിനുവേണ്ടി ഏതറ്റം വരെ പോകാനും നിന്റെ കൂടെ ഞാനുണ്ടാകും... ഇന്ന് അവൻ വഴിയിൽവച്ച് ഇവരുടെ നേരെ വന്നു... ഇനി നാളെ വീട്ടിൽ കയറിവന്ന് തോന്നിവാസം കാണിക്കില്ലെന്നാരുകണ്ടു....

അതിനുമുമ്പ് നമ്മളാരാണെന്ന് അവന് മനസ്സിലാക്കി കൊടുക്കണം... " പോകും വഴി വിശാൽ പറഞ്ഞു.... "അതൊന്നും വേണ്ട വിശാലേട്ടാ... ആ പോലീസുകാരന്റെ കാര്യം രുദ്രേട്ടൻ പറഞ്ഞത് മറന്നോ... കേട്ടിടത്തോളം അയാൾ എന്തും ചെയ്യാൻ മടിക്കാത്തവനാണെന്നാണ് തോന്നുന്നത്... നമുക്ക് രുദ്രേട്ടന്റെ അപ്പച്ചിയുടെ മകനോട് ഒന്നുകൂടി പറയാം... അവര് നോക്കിക്കോളും ബാക്കി... " തീർത്ഥ പറഞ്ഞു "ഇല്ല മോളേ... അവനെ അത്രപെട്ടന്ന് പൂട്ടാൻ ദ്രുവനാകില്ല.... ഒന്നിനും ഒരു തെളിവു പോലും നൽകാതെയാണ് അവൻ കളിക്കുന്നത്.... അവനെ ഒതുക്കാൻ ഒറ്റമാർഗമേയുള്ളൂ... അവന്റെ ബോസിനെ ആദ്യം കണ്ടെത്തുക... വെറുതെ കണ്ടെത്തിയാൽ പോരാ എല്ലാ തെളിവോടും കൂടി പൂട്ടണം... അതിന് എനിക്ക് വിശാലിന്റെ സഹായം വേണ്ടിവരും... " രുദ്രൻ വിശാലിന്റെ മുഖത്തേക്ക് നോക്കി.... അവൻ തലയാട്ടി സമ്മതിച്ചു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story