രുദ്രതാണ്ഡവം: ഭാഗം 9

rudhra thandavam

രചന: രാജേഷ് രാജു

"എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്... നിന്റെ മൂന്നു കൂട്ടുകാരികളും ഓരോരുത്തരെ ഇഷ്ടപ്പെടുന്നുണ്ട്... എന്നാൽ നീ മാത്രം അവരിൽനിന്ന് മാറി ഒറ്റത്തടിയായി നടക്കുന്നു... ഇനി ഞങ്ങളാരും അറിയാതെ വേറെയാരെങ്കിലും നിന്റെ മനസ്സിൽ കയറിക്കൂടിയിട്ടുണ്ടോ... ? " അവൻ പറഞ്ഞുനിർത്തിയതും അവളവനെ ദേഷ്യത്തോടെ നോക്കി... "പറയാൻ താൽപര്യമില്ലെങ്കിൽ വേണ്ട... ഞാൻ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു... " അതുകേട്ട് അവളൊന്നു ചിരിച്ചു... പിന്നെ പതിയെ അവന്റെ മുഖത്തുനിന്ന് കണ്ണെടുത്ത് പുറത്തേക്ക് നോക്കി "ഉണ്ട്... എനിക്കൊരാളെ ഇഷ്ടമുണ്ട്... ഞാനൊരാളെ സ്നേഹിക്കുന്നുണ്ട്... എന്നാലത് ആരോടും ഇതുവരെ പറഞ്ഞിട്ടില്ല... സമയമാകുമ്പോൾ പറയാമെന്ന് കരുതി... തീർത്ഥ പറഞ്ഞത് കേട്ട് രുദ്രന്റ മുഖംവാടി... അവൻ അവളെയൊന്ന് നോക്കി... ആരാണത്.... എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ എനിക്കതിഞ്ഞാൽ കൊള്ളാം... പറയാം.... സമയമായിട്ടില്ല... ഞാൻ ഇഷ്ടപ്പെടുന്ന ആളുടെ മനസ്സും ഒന്നറിയണമല്ലോ... അതറിഞ്ഞിട്ട് പറയാം...

അപ്പോൾ വൺവേയാണല്ലേ... ഓക്കേ... എന്നോട് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട... ഞാൻ ചോദിച്ചെന്നു മാത്രം.... രുദ്രൻ നിരാശയോടെ പറഞ്ഞു "പറയാൻ താല്പര്യമില്ലാഞ്ഞിട്ടല്ല... ഞാൻ ഇഷ്ടപ്പെടുന്ന ആൾ എന്നോട് ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറയുമെന്ന് കരുതുന്നു... അയാൾക്കിഷ്ടമില്ലാതെ നമ്മളങ്ങോട്ട് പറഞ്ഞ് സ്വയം നാറണ്ടല്ലോ... അയാൾ പറയുമെന്നാണ് എന്റെ പൂർണ്ണവിശ്വാസം... " അവൾ പറഞ്ഞു "ആ വിശ്വാസം ശരിയായി വരട്ടെ.... പിന്നെ അവന് നിന്നെ ഇഷ്ടമല്ലെങ്കിൽ എന്നാണ് നിന്റെ അടുത്ത പ്ലാൻ... ഒന്നുമുണ്ടായിട്ട് ചോദിക്കുകയല്ല... അയാൾക്ക് മറ്റാരെയെങ്കിലും ഇഷ്ടമാണെങ്കിൽ നീയിതുവരെ കാത്തുനിന്നത് വെറുതെയാകില്ലേ... " അത് കേട്ട് അവനവന്റെ മുഖത്തേക്കു നോക്കി.... അവളുടെ മുഖത്ത് നിരാശപടരുന്നതും കണ്ണുകൾ നിറയുന്നത് അവൻ കണ്ടു "നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... ഇന്നത്തെ കാലത്ത് നമ്മൾ ഇഷ്ടപ്പെടുന്നവർ നമ്മളെ ഇഷ്ടപ്പെടണമെന്നില്ല... എന്റെ അനുഭവം വെച്ച് പറഞ്ഞതാണ്... " "അങ്ങനെയാണെങ്കിൽ അതെന്റെ വിധിയാണെന്ന് കരുതി സമാധാനിക്കും....

ചെറുപ്പം മുതൽ അതങ്ങനെയൊക്കെയാണല്ലോ.... " അവൾ കണ്ണുകൾ തുടച്ചു... കുറച്ചു നേരത്തേക്ക് അവരൊന്നും സംസാരിച്ചില്ല.... "ഞാനൊരു കാര്യം ചോദിക്കട്ടെ.... " കുറച്ചുനേരത്തെ മൌനത്തിനുശേഷം അവൾ ചോദിച്ചു "കുറച്ചുമുമ്പ് പറഞ്ഞല്ലോ അനുഭവത്തിൽ നിന്ന് പഠിച്ചതാണെന്ന്... ഇയാൾ ആരെയെങ്കിലും ഇഷ്ടപ്പെട്ടിരുന്നോ... " തീർത്ഥയുടെ ചോദ്യത്തിനുമുന്നിൽ അവനൊന്ന് പതറി... "ഉം.. ഇഷ്ടപ്പെട്ടിരുന്നു.... ഇപ്പോഴും ആ ഇഷ്ടത്തിനു കുറവൊന്നും വന്നിട്ടില്ല... കൂടിയിട്ടേയുള്ളൂ... എന്നാൽ അവൾക്ക് മറ്റൊരാളുമായി റിലേഷനുണ്ട്... ചെറുപ്പത്തിൽ തുടങ്ങിയ ഇഷ്ടമാണ്... അവളെ ഒരുപാട് എടുത്തുകൊണ്ട് നടന്നിട്ടുണ്ട്... പിന്നെ എന്നിൽനിന്നകന്നപ്പോഴും അവളറിയാതെ അവളുടെ പുറകെ ഞാനുണ്ടായിരുന്നു... എന്നിട്ടും ആ ഇഷ്ടം അവളോട് പറയാൻ എനിക്കു കഴിഞ്ഞിട്ടില്ല.... ഇപ്പോളവൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നുണ്ട്... എന്നാലും എനിക്കവളെ മറക്കാൻ പറ്റില്ല... എന്റെ ജീവിതത്തിൽ ഒരു കൂട്ടുണ്ടെങ്കിൽ അത് അവൾ മാത്രമായിരിക്കും..." രുദ്രൻ പറഞ്ഞതു കേട്ട് അവൾ ഞെട്ടി..

. അവളവനെ നോക്കി... സത്യമാണെടോ... നിന്നെ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടായിരുന്നു ഞാൻ... നിന്നെ കാണുമ്പോൾ ഇടക്കിടക്ക് കയർത്തു സംസാരിക്കുന്നതുതന്നെ നിന്റെ പഴയ ഓർമ്മകൾ നിന്നിലുണ്ടാവാൻ വേണ്ടിയാണ്... പക്ഷേ എനിക്കു തെറ്റുപറ്റി.. സാരമില്ല... നീ പറഞ്ഞതുപോലെ എല്ലാം വിധിയാണെന്ന് വിശ്വസിക്കാൻ ശ്രമിക്കാം ഞാൻ... അതിനെനിക്കു കഴിയുമെന്ന് തോന്നുന്നില്ല... എന്നാലും ശ്രമിക്കാം.... രുദ്രൻ പറഞ്ഞു നിറുത്തിയതും അവൾ മുഖംപൊത്തി പൊട്ടിക്കരഞ്ഞു... അതുകണ്ടവൻ കാർ നിറുത്തി "മാളുട്ടി... എന്തായിത്.... കണ്ണ് തുടക്ക്... ഇതു റോഡാണ്... ആരെങ്കിലും കാണും... " രുദ്രൻ തന്റെ കർച്ചീഫെടുത്ത് അവളുടെ കണ്ണ് തുടച്ചു... പെട്ടന്നവൾ അവന്റെ കയ്യിൽ പിടിച്ചു... രുദ്രനൊന്നന്ധാളിച്ചു ഈയൊരുത്തരം കേൾക്കാൻ വേണ്ടി ഞാനെത്ര കൊതിച്ചെന്നറിയോ.... ചെറുപ്പത്തിൽ എന്റെ എല്ലാകാര്യത്തിനും എന്നോടൊപ്പം നിന്ന രുദ്രേട്ടനെ ഒരുപാടെനിക്ക് ഇഷ്ടമായിരുന്നു.. വലുതായപ്പോഴും എന്റെ മനസ്സിൽ രുദ്രേട്ടൻ മാത്രമേയുണ്ടായിരുന്നുള്ളൂ...

അച്ഛനുമമ്മയും മരിച്ചതിനുശേഷം മുത്തശ്ശനെന്നെ ഇവിടേക്ക് കൊണ്ടുവന്നപ്പോൾ രുദ്രേട്ടനെ കാണാൻ ഞാൻ ഒരുപാട് വാശിപിടിച്ചിരുന്നു... വലുതായപ്പോഴും അതുപറഞ്ഞെന്നെ കളിയാക്കിയുന്നു മുത്തശ്ശൻ... അപ്പോഴും എന്റെ മനസ്സിൽ രുദ്രേട്ടൻ എന്നെത്തേടി വരുമെന്നാശിച്ചു... കോളേജിൽ പോകുമ്പോൾ എന്നെ ശ്രദ്ധിക്കുന്ന പലചെറുപ്പക്കാരേയും രുദ്രേട്ടനാണെന്ന് കരുതി നോക്കിനിന്നിരുന്നു... അന്ന് വേണിയുടെ ബർത്ത്ഡേക്ക് വന്നപ്പോൾ നമ്മൾതമ്മിൽ കൂട്ടിയിടിച്ചപ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല എന്റെ രുദ്രേട്ടനാണ് അതെന്ന്... അന്ന് പരമുമാമനും അമ്മായിയും പറഞ്ഞപ്പോഴാണ് എല്ലാം ഞാനറിയുന്നത്... " അവൾ കണ്ണു തുടച്ചു... അന്ന് വീട്ടിലേക്ക് രുദ്രേട്ടന്റെ ബൈക്കിൽ പോകുവാൻ പറഞ്ഞപ്പോൾ ഞാനെന്തു മാത്രം സന്തോഷിച്ചെന്നറിയോ... വഴിയിൽവച്ച് ഓരോ കാര്യങ്ങൾ പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി മറ്റു വണ്ടികൾക്ക് കൈ കാണിക്കുമ്പോഴും രുദ്രേട്ടൻ എന്നെ തിരിച്ചു വിളിക്കുമെന്നാശിച്ചു... ഒടുവിൽ എന്നെ വിളിച്ച് വണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ചപ്പോഴും...

ഞാൻ സത്യത്തിൽ സന്തോഷിക്കുകയായിരുന്നു... പിന്നെ പിന്നെ എന്നോട് ദേഷ്യപ്പെടുമ്പോൾ എനിക്കു തോന്നി എന്നോട് രുദ്രേട്ടന് ഒരുതരി ഇഷ്ടവുമില്ലെന്ന്... രുദ്രേട്ടന്റെ കൂടെ ഓരോ ദിവസവും കോളേജിൽ പോകുമ്പോഴും ഞാൻ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.. എന്നോട് ഇഷ്ടമാണെന്ന് ഒരിക്കലെങ്കിലും പറയുമെന്ന്... എന്നാൽ ഇപ്പോൾ രുദ്രേട്ടന്റെ നാവിൽ നിന്നുതന്നെ അതു കേട്ടപ്പോൾ എനിക്കു എന്തുമാത്രം സന്തോഷമായെന്നറിയോ... എത്ര നാളായി ഇതൊന്ന് ഇയാളിൽനിന്ന് കേൾക്കാൻവേണ്ടി കാത്തിരിക്കുന്നത്... " അവൾ അവന്റെ കൈ മുഖത്തോട് ചേർത്ത് പൊട്ടിക്കരഞ്ഞു... രുദ്രന്റെ കണ്ണുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു... അവനവളെ തന്നോട് ചേർത്തു പിടിച്ചു.... പിന്നെവൻ അവളുടെ നെറുകയിൽ ഒരു മുത്തവും കൊടുത്തു... കുറച്ചുനേരം അങ്ങനെയിരുന്നു അവർ ഈ സമയം തലവേദയാണെന്ന് പറഞ്ഞ് നിന്ന വേണി ബസ്സിൽ കോളേജിലേക്ക് പോയിരുന്നു... അവൾ കോളേജ് ഗെയ്റ്റിനു സമീപം രുദ്രനേയും തീർത്ഥയേയും കാത്തുനിന്നു... കുറച്ചുകഴിഞ്ഞപ്പോൾ രുദ്രന്റെ കാർ വേണിയുടെ അടുത്തുവന്നു നിന്നു...

അതിൽ നിന്ന് തീർത്ഥയിറങ്ങി മുന്നോട്ടു നോക്കി.. അവിടെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന വേണിയെ കണ്ട് അവൾ അന്തംവിട്ടുനിന്നു... അവൾ രുദ്രനെ നോക്കി... അവനും ചിരിക്കുകയായിരുന്നു... അവൾക്ക് ഏകദേശം കാര്യങ്ങൾ പിടികിട്ടി... "എന്തായി തീരുമാനം... പ്രതീക്ഷിക്കുവാനുള്ള വല്ലവഴിയുമുണ്ടോ... അതോ ആട് അങ്ങാടിയിൽ പോയതുപോലെയാണോ... " വേണിയുടെ ചോദ്യം കേട്ട് അവർ ചിരിച്ചു... "ഹാവു... ഇപ്പോഴാണ് ആശ്വാസമായത്.... നിങ്ങൾ വരുന്നതുവരെ ടെൻഷനടിച്ച് നിൽക്കുകയായിരുന്നു... ഇതിന് ചിലവ് ചെയ്യണം ഏട്ടൻ... നാളെ വൈകീട്ട് ഇന്നലത്തെ അതേ സമയത്ത്... എല്ലാവരേയും കൂട്ടി വരുന്നകാര്യം ഞാനേറ്റു... വിശാലേട്ടനെ ഏട്ടൻ വിളിച്ചാൽ മതി... ദുദ്രനതിന് സമ്മതിച്ചു... ഈ സമയത്താണ് വിശാലിന്റെ കോൾ രുദ്രന് വന്നത്... അവൻ ഫോണെടുത്തു...

"അളിയാ എന്തായി തീരുമാനങ്ങൾ... ഇന്നലെ അവളോട് സംസാരിച്ചോ... " ഇന്നലെ സംസാരിച്ചില്ല... എന്നാൽ ഇന്നു സംസാരിച്ചു... രുദ്രൻ പറഞ്ഞു എന്നിട്ടെന്തായി... വല്ലതും പ്രതീക്ഷിക്കാമോ... അതോ നാണംകെട്ട് പോന്നോ... " "ആ... അല്പം പ്രതീക്ഷിക്കാമെന്ന് തോന്നുന്നു" "അതെന്താ ഒരു ഉറപ്പില്ലാത്തതുപോലെയുള്ള മറുപടി... " "എടാ അവൾക്ക് എന്നെ ഇഷ്ടമാണ്...ആ ഇഷ്ടം എന്നിൽ നിന്ന് കേൾക്കാൻ വേണ്ടിയാണ് അവൾ കാത്തുനിന്നത്... എല്ലാം ഞാൻ നേരിൽ കാണുമ്പോൾ പറയാം..." "അനുമതി.. ഇപ്പോൾ നീ ഹാപ്പിയല്ലേ.. അതുമാത്രം കേട്ടാൽമതിയെനിക്ക്... " "നൂറുശതമാനവും ഹാപ്പിയാണ്... " "എന്നാലതിന്റെ ചിലവ് പോരട്ടെ ഇങ്ങോട്ട്... എന്റെ ഒരാളുടെ ബുദ്ധിയാണ് ഇതിനു പിന്നിലെന്ന് ഓർമ്മ വേണം... " "അതെനിക്കറിയാലോ... നാളെ വൈകീട്ട് വാ ഇന്നലെ നമ്മൾ കൂടിയ അതേ സ്ഥലത്ത്... അതേ സമയത്ത്... " "എന്നാൽ ഓക്കെ ടാ... വൈകീട്ട് നേരിൽ കാണാം... " "ഓ... അങ്ങനെയാകട്ടെ... " രുദ്രൻ ഫോൺ കട്ടുചെയ്ത് പോക്കറ്റിലിട്ടു "ആരായിരുന്നേട്ടാ... വിശാലേട്ടനാണോ...

" വേണി ചോദിച്ചു "അതെ... അവനാണ് ഇതിന്റെ പിന്നിൽ കളിച്ചവൻ... " രുദ്രൻ ഒരു ചിരിയോടെ പറഞ്ഞു "അതുശെരി... അപ്പോൾ ഇന്നലെ രാത്രി ഞങ്ങളെയെല്ലാവരേയും കുരങ്ങുകളിപ്പിക്കുകയായിരുന്നല്ലേ... " അവൻ ചിരിച്ചുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയി ▪️▪️▪️▪️▪️▪️▪️▪️▪️ വൈകീട്ട് രുദ്രനും വേണിയും വരുന്നത് കാത്തുനിൽക്കുകയായിരുന്നു പരമേശ്വരനും അംബികയും... "പരമേട്ടാ... രുദ്രനും മാളുട്ടിയും എല്ലാ കാര്യവും സംസാരിച്ചിരിക്കുമോ... എന്തായിരിക്കും മാളുട്ടിയുടെ മറുപടി.... ഒന്നും അറിയാഞ്ഞിട്ട് വല്ലാത്തൊരു ടെൻഷൻ...." അംബിക പറഞ്ഞു നീ വേണ്ടത്തതൊന്നും ആലോചിച്ച് വെറുതെ കാടുകയറണ്ടാ... കുറച്ചുകഴിഞ്ഞാൽ അവരിങ്ങോട്ടുതന്നെയല്ലേ വരുന്നത്... അന്നേരമറിയാമല്ലോ എല്ലാം... " അയാൾ പറഞ്ഞുതീരുംമുന്നേ രുദ്രന്റെ കാർ മുറ്റത്തു വന്നുനിന്നു... കാറിന്റെ ശബ്ദംകേട്ട് പരമേശ്വരനും അംബികയും ഉമ്മറത്തേക്ക് വന്നു... കാറിൽ നിന്നിറങ്ങുന്ന രുദ്രനേയും വേണിയേയും അവർ നോക്കി... രണ്ടാളുടേയും മുഖം കടന്നൽകുത്തിയതുപോലെ വീർത്തിരുന്നു...

അംബികയുടെ നെഞ്ചിടിപ്പ് കൂടി "മോനെ... മാളുട്ടിയുമായി സംസാരിച്ചോ... അവളെന്താണ് പറഞ്ഞത്.... " അംബിക ആദിയോടെ ചോദിച്ചു.. അവനവരെയൊന്ന് സൂക്ഷിച്ചുനോക്കി... പിന്നെ അകത്തേക്ക് നടന്നു... പുറകെ ഒന്നും മിണ്ടാതെ വേണിയും നടന്നു... "പരമേട്ടാ... കുട്ടികളെന്താണ് ഒന്നും പറയാതെ പോയത്... ഇനിയവൾക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞുകാണുമോ..." "നീയൊന്ന് സമാധാനിക്ക്... എന്താണ് നടന്നതെന്ന് അവനോട് നമുക്ക് ചോദിക്കാം... നീ വാ..." പരമേശ്വരൻ അവരെ സമാധാനിപ്പിച്ചു... ഏറെ നേരം കഴിഞ്ഞിട്ടും രുദ്രൻ താഴേക്ക് വരുന്നത് കാണാത്തതിനാൽ അവർ മുകളിലേക്ക് ചെന്നു... അവിടെ രുദ്രനും വേണിയും എന്തോ സംസാരിച്ചിരുക്കുകയായിരുന്നു... അവരെ കണ്ട് രുദ്രനും വേണിയും സംസാരം നിർത്തി... മോനെ രുദ്രാ എന്താണ് നടന്നതെന്ന് പറയ്... അവൾ നിന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞോ..." അംബിക വീണ്ടും ചോദിച്ചു... അപ്പോഴും അവൻ മിണ്ടാതെ തലതാഴ്ത്തി നിന്നു... "മോളെ... നീയെങ്കിലും പറയ് എന്താണ് നടന്നതെന്ന്.. മനുഷ്യനിവിടെ തീയിൽ നിൽക്കുകയാണ്..

. " വേണി രുദ്രനെ നോക്കി... അവനും തിരിച്ചവളെ നോക്കി.... പെട്ടന്ന് രണ്ടാളും പൊട്ടിച്ചിരിച്ചു... ഒന്നും മനസ്സില്ലാതെ അംബിക പരമേശ്വരനെ നോക്കി.. അയാളും അതേ അവസ്ഥയിലായിരുന്നു... "എന്റെ അമ്മേ... അമ്മ ആ തീയിൽനിന്നു മാറിനിന്നേ... ഏട്ടനൊരു കാര്യത്തിനിറങ്ങിയാൽ അവിടെയെല്ലാം വിജയിച്ച ചരിത്രമല്ലേയുള്ളൂ... ഇതും അതുപോലെ തന്നെയാണ്.... " വേണി ചിരിക്കുന്നതിനിടെ പറഞ്ഞു... "അപ്പോൾ അവൾക്ക് ഇവനോട് ഇഷ്ടമാണെന്ന് പറഞ്ഞോ... " "പിന്നല്ലാതെ... ഏട്ടനെ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്... എന്റെ ഏട്ടനൊരു സുന്ദരകുട്ടപ്പനല്ലേ... " അപ്പോഴാണ് അംബികക്ക് സമാധാനമായത്... അവരെന്നെ നെടുവീർപ്പിട്ടു... എന്നിട്ട് ഇത്രയുംനേരം മനുഷ്യനെ ടെൻഷനടിപ്പിച്ചു രണ്ടുംകൂടി.... രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്... " പിന്നേ... ഇന്നലെ ഏട്ടനെ ഇതുപോലെ കുരങ്ങുകളിച്ചപ്പോൾ ഓർക്കണമായിരുന്നു തിരിച്ചും പണികിട്ടുമെന്ന്... " അത് കേട്ട് പരമേശ്വരൻ ഉറക്കെ ചിരിച്ചു... നിനക്കിത് അത്യാവശ്യമായിരുന്നു... ഇന്നലെ നിന്നോട് പലതവണ പറഞ്ഞതാണ് വേണ്ടെന്ന്...

അന്നേരം നീയെന്താണ് പറഞ്ഞത്... അവനൊരു സർപ്രൈസ് കൊടുക്കണമെന്നല്ലേ... ഇപ്പോൾ നല്ല സർപ്രൈസ് നിനക്ക് കിട്ടിയില്ലേ... ഇതാണ് പണ്ടുള്ളവർ പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന്... "ഓ... അപ്പോൾ എല്ലാവരും കൂടി എന്നെ കളിപ്പിച്ചതാണല്ലേ... ഒരു നല്ലകാര്യമായതുകൊണ്ട് ഞാനൊന്നും പറയുന്നില്ല... " അംബിക താഴേക്കു നടന്നു... പുറകേ പരമേശ്വരനും പോയി... "അപ്പോൾ ഏട്ടാ... എന്താണ് അടുത്ത പരിപാടി... " വേണി ചോദിച്ചു "എന്ത് പരിപാടി... നാളെ രാവിലെ അവളുമൊന്നിച്ച് അമ്പലത്തിലൊന്ന് പോണം... ഇവിടെ വച്ച് ഞങ്ങളെ ഒന്നിപ്പിച്ചത് നമ്മുടെ കള്ളകൃഷ്ണനല്ലേ... ഭഗവാനെ തൊഴുതിട്ട് മറ്റു കാര്യങ്ങളിലേക്ക് കടക്കാം..." "ആ... നടക്കട്ടെ... ഇനി നമ്മുടെ ആവിശ്യമൊന്നും വേണ്ടല്ലോ... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു... പിന്നെ അവളുടെ മുറിയിലേക്ക് നടന്നു" എന്നാൽ അടുത്ത ദിവസം വരാനിരിക്കുന്ന സംഭവങ്ങൾ എല്ലാവരുടേയും പ്രതീക്ഷകൾ മാറ്റിമറിക്കുന്നതായിരുന്നു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story