സാഫല്യം: ഭാഗം 11

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കരച്ചിലിൻറെ അകമ്പടിയോടെ അകത്തേക്ക് റോസി കടന്നുവന്നിരുന്നു..... റോസിയെ കണ്ടതോടെ മുറിവിട്ട് എഴുന്നേറ്റ് സിസിലിയും പുറത്തേക്ക് ചെന്നിരുന്നു..... " എന്നാലും എൻറെ അമ്മച്ചി അവന് നമ്മളോട് ഇങ്ങനെ എങ്ങനെ ചെയ്യാൻ തോന്നി.... കരച്ചിലും പറച്ചിലും കൂടിയായി അവിടെ ആകെപ്പാടെ ശബ്ദം ഉണ്ടായപ്പോഴേക്കും റോയി മുറിയിൽ നിന്നും എഴുന്നേറ്റ് വന്നിരുന്നു... റോയിയെ കണ്ടപാടെ കണ്ണുനീർ തുടച്ച് റോസി അവൻ അരികിലേക്ക് ചെന്നു..... "എന്നാലും എൻറെ റോയ്ച്ച നിനക്ക് എങ്ങനെ ആണെടാ തോന്നിയത് ഇങ്ങനെ ചെയ്യാൻ..... നമ്മുടെ കുടുംബത്തെപ്പറ്റി ഓർത്തിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ...? ഈ പെൺകൊച്ചിനെ പറ്റി ഓർത്തിരുന്നെങ്കിൽ നിനക്ക് ഇങ്ങനെ ചെയ്യാൻ തോന്നുമായിരുന്നോ...? റാണിയെ അവൻറെ നേർക്ക് നീക്കി നിർത്തിക്കൊണ്ട് റോസി ചോദിച്ചപ്പോൾ മറുപടി ഇല്ലാതെ നിൽക്കാൻ മാത്രമേ റോയിക്ക് കഴിഞ്ഞിരുന്നുള്ളൂ..... തൻറെ പേരിൽ വീണ്ടും വീണ്ടും കുറ്റപ്പെടുത്തൽ കേൾക്കുന്നവനെ നിസ്സഹായതയോടെ നോക്കി കൊണ്ടായിരുന്നു കുളിമുറിയിൽനിന്നും ദേവിക കയറി വന്നിരുന്നത്.....

ഒരു നിമിഷം റോസിയുടെ നോട്ടം അവളുടെ നേർക്ക് പാളി വീണിരുന്നു..... ഒറ്റനോട്ടത്തിൽ തന്നെ അവളുടെ സൗന്ദര്യവും മുഖം അഴകും ഒക്കെ റോസിക്ക് ഇഷ്ടപ്പെട്ടിരുന്നു...... തൻറെ അനുജന് ചേരുന്നവൾ തന്നെയാണ് അവൾ എന്ന സമാധാനം റോസിയുടെ മുഖഭാവത്തിൽ നിറഞ്ഞിരുന്നു...... എങ്കിലും അത് പുറത്ത് കാട്ടാതെ ആണ് റോസി സംസാരിച്ചത്..... അവളെ കണ്ടുവെങ്കിലും അവളെ ഒന്ന് നോക്കിയതിനു ശേഷം വീണ്ടും നേരെ അവർ റോയിയുടെ അരികിലേക്ക് വന്നു നിന്നു കൊണ്ട് പറഞ്ഞു...... "ഞാൻ പറഞ്ഞതിന് നീ എന്താണ് മറുപടി പറയാത്തത്..... ഈ പെൺകൊച്ചിനെ പറ്റി നീ ആലോചിച്ചോ.....? വീണ്ടും റാണിയെ നേരെ നിർത്തിക്കൊണ്ട് റോസി ചോദിച്ചു...... " ചേച്ചിക്ക് എന്താ അറിയേണ്ടത്.....? ഞാൻ ഇവളുടെ കല്യാണം നടത്തുമോ എന്നല്ലേ.......? ചേച്ചിയുടെ കല്യാണം നടത്താൻ ഇവിടെ ഒരു മാർഗ്ഗവും ഇല്ലാതിരുന്ന സമയത്തും ഞാൻ എന്നാൽ ആകും വിധം കാര്യങ്ങൾ ചെയ്ത് മാന്യമായി തന്നെ ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിട്ടതല്ലേ....... അന്ന് എനിക്ക് പ്രായം 30 അല്ല വെറും 20 വയസ്സാണ്......

ഇപ്പോൾ എനിക്ക് മുപ്പത് വയസ്സുണ്ട് അന്നത്തേക്കാൾ കൂടുതൽ ആരോഗ്യവും...... എങ്ങനെയും കുടുംബം നോക്കണമെന്ന് ഊഹവും ഉണ്ട്..... അതുകൊണ്ട് തന്നെ ഒട്ടും കുറവ് വരാതെ ഇവളുടെ വിവാഹം നടത്താൻ എനിക്കറിയാം...... ഞാൻ ഇവളെ കല്യാണം കഴിച്ചതിന്റെ പേരിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല...... ചേച്ചിയുടെ വിവാഹം നടത്തിയത് പോലെ തന്നെ അതിലും ഗംഭീരമായി തന്നെ ഇവള്ടെ കല്യാണം നടത്താൻ എനിക്ക് അറിയാം...... അതിനുള്ള മാർഗ്ഗവും എൻറെ മുൻപിൽ ഉണ്ടെന്നു കൂട്ടിക്കോ....... പിന്നെ എൻറെ ജീവിതം എനിക്ക് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് എന്റെ കാര്യമാണ്...... ഒറ്റ ശ്വാസത്തിൽ റോയ് പറഞ്ഞു.... " അപ്പോൾ ഞങ്ങൾ ആരും നിൻറെ ആരുമല്ല എന്ന് അല്ലേടാ നീ ബുദ്ധിമുട്ടി പറഞ്ഞുവരുന്നത്..... റോസി വിടാൻ ഭാവമില്ലായിരുന്നു...... " ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല...... ചേച്ചി അത് വ്യാഖ്യാനിച്ച് മറ്റൊരർത്ഥത്തിൽ കൊണ്ടു പോകേണ്ട കാര്യമില്ല..... റോയ്ക്ക് ദേഷ്യം വന്നിരുന്നു....

" നീ പൊന്നുകൊണ്ട് പുളിശ്ശേരി വെച്ച് കൊടുക്കാം എന്ന് പറഞ്ഞാലും നീ ഒരു അന്യജാതിക്കാരി പെൺകൊച്ചിനെ വിളിച്ചോണ്ട് വന്ന വീട്ടിലേക്ക് നല്ലൊരു ആലോചന വരും എന്ന് നീ സ്വപ്നം കാണണ്ട റോയി........ വാശിയോട് റോസി പറഞ്ഞു... "റാണി മോളെ കെട്ടിച്ച് ആ ചെറുക്കനെ ഈ വീട്ടിലോട്ട് അല്ല കൊണ്ടുവരുന്നത്..... അവളെ ആ വീട്ടിലേക്ക് ആണ് അയക്കുന്നത്...... ഇതിൻറെ പേരിൽ അവൾക്ക് നല്ലൊരു വിവാഹാലോചന വന്നില്ലെങ്കിൽ അവളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് എനിക്ക് തീരുമാനമുണ്ട്....... ഇരുപതാമത്തെ വയസ്സുമുതൽ ഈ വീടിൻറെ ഭാരം ചുമക്കുന്ന ആളാണ് ഞാൻ...... എനിക്കറിയാം എന്തുചെയ്യണമെന്ന്....... " ചെയ്തതിനും പറഞ്ഞതിനും ഒക്കെ നീ ഇപ്പോ കണക്ക് പറയാണോ....? റോസിയുടെ വിസ്താരം കൂടി വന്നപ്പോൾ ദേവികയ്ക്ക് വേദന തോന്നി...... ഏതോ ഒരു ഓർമയിൽ അവളുടെ കണ്ണുകൾ നനഞ്ഞു..... തനിക്ക് വേണ്ടിയാണ് അവൻ ഈ വാക്കുകൾ ഒക്കെ കേൾക്കുന്നത് എന്ന വേദന അവളിൽ ഉടലെടുത്തിരുന്നു....... തന്നോട് തോന്നിയ സഹതാപത്തിന്റെ പേരിൽ ആണ്......

തനിക്ക് ആരും അല്ലാതിരുന്ന ഒരു ആൾ ഇപ്പോൾ ഇത്രയും ശകാരവർഷം കേൾക്കുന്നത്...... " നിനക്കിവളോട് പ്രേമം ആയിരുന്നു എങ്കിൽ കുറച്ചു കാലം കൂടെ നിനക്ക് ഒന്ന് കാത്തിരുന്നു കൂടായിരുന്നോ....? ഈ പെങ്കൊച്ചിനെ കൂടി ഒന്ന് ഇറക്കിവിട്ടു കഴിഞ്ഞു ഇവളെ നിനക്ക് ഇങ്ങോട്ട് വിളിച്ചു കൊണ്ടു വന്നാൽ പോരായിരുന്നോ.....? അവസാനം റോസി അങ്ങനെ പറഞ്ഞപ്പോൾ ഞെട്ടിപ്പോയിരുന്നു ദേവിക....... എല്ലാവരും അങ്ങനെയാണ് കരുതിയിരിക്കുന്നത്..... കുറച്ചു സമയം കൊണ്ട് തന്നെ ഏറെക്കുറെ അവൾക്ക് മനസ്സിലായിരുന്നു..... ഇതിനോടകം തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് റോയ് ഇവിടെ പറഞ്ഞിട്ടില്ല എന്നും അവൾക്ക് മനസ്സിലായി..... "ഇപ്പോൾ അവൾക്ക് വീട്ടിൽ നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യം ആയി..... അതുകൊണ്ട് എനിക്ക് അവളെ വിവാഹം കഴിച്ചേ പറ്റുമായിരുന്നുള്ളൂ...... ഇല്ലായിരുന്നെങ്കിൽ ഇത്ര നേരത്തെ ഇവിടേക്ക് വിളിച്ചോണ്ട് വരില്ലായിരുന്നു..... നിങ്ങളെ പോലെ തന്നെ ഞാൻ നോക്കണ്ടേ ഞാൻ സ്നേഹിച്ച പെണ്ണിനെയും..... ഈ അവസ്ഥയിൽ കുറച്ചു നാൾ കഴിഞ്ഞ് ആയിരുന്നു ഞാൻ ഇവിടേക്ക് വിളിച്ചോണ്ട് വരുവായിരുന്നു എങ്കിൽ, നിങ്ങൾക്ക് ആർക്കും ബുദ്ധിമുട്ടില്ല എന്നല്ലേ പറഞ്ഞത്.......

അങ്ങനെ കരുതിയാൽ മതി..... റോയ് പറഞ്ഞു.... ശേഷം റാണിയുടെ അരികിലേക്ക് ചെന്നു.... " മോളെ റാണി ഇവളെ ഞാൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നതിന്റെ പേരിൽ നിനക്ക് നല്ലൊരു ജീവിതം നഷ്ടമാവില്ല മോളെ..... ചേട്ടായി മോൾക്ക് നല്ല ഒരു പയ്യനെ കൊണ്ട് തരും..... ഉറപ്പ്.....! മോൾടെ കാര്യം ആലോചിക്കാതെ ചേട്ടായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ ഇന്ന് വരെ..... അങ്ങനെ നിനക്ക് തോന്നുന്നുണ്ടെങ്കിൽ ഇവരൊക്കെ പറയുന്നത് പോലെ എന്നെ നിനക്കും കുറ്റപ്പെടുത്താം...... കൂടപ്പിറപ്പിനോട് അങ്ങനെ പറയുന്നവന്റെ മുഖം കണ്ടപ്പോൾ ദേവികയ്ക്ക് അവനോട് സഹതാപമാണ് തോന്നിയത്...... മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യർ ഇപ്പോഴും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയായിരുന്നു ദേവിക..... " എനിക്കറിയാം ചേട്ടായി.... എന്ത് കാര്യം ചെയ്താലും അതിൽ ഒരു നന്മ ഉണ്ടാകുമെന്ന്... അതുകൊണ്ട് എനിക്ക് അങ്ങനെ ഒരു പരാതിയില്ല ചേട്ടായി..... ചേട്ടായി എന്ത് ചെയ്താലും അതിൽ ഒരു ന്യായം ഉണ്ടാകും എന്ന് എനിക്കറിയാം...... ഇതിൻറെ പേരിൽ എനിക്ക് നല്ലൊരു ജീവിതം കിട്ടിയില്ലെങ്കിൽ പോലും എനിക്ക് പരാതിയില്ല..... എൻറെ ചേട്ടായിക്ക് നല്ലൊരു ജീവിതം കിട്ടണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ...... ഞാൻ കാണുന്ന കാലം മുതൽ കഴുതയെപ്പോലെ വീടിനുവേണ്ടി ഭാരം ചുമക്കാണ് ചേട്ടായി..... ഇന്നുവരെ ചേട്ടാ ഇഷ്ടപ്പെട്ട ഒരു ഷർട്ട് പോലും വാങ്ങി ഞാൻ കണ്ടിട്ടില്ല....... എന്തിനാ നല്ലൊരു വേഷത്തിൽ പോലും ഞാൻ ഇന്നുവരെ ചേട്ടായി കണ്ടിട്ടില്ല......

അതുകൊണ്ട് തന്നെ ചേട്ടായി സ്വന്തമായി ഒരു കാര്യം തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനാണ്...... അവളുടെ വാക്കുകൾ അവൻറെ ഹൃദയത്തിലാണ് തൊട്ടത്..... " മതി മോളെ..... അത് മാത്രം മതി..... നിന്റെ അത്രയും പോലും ഇവർ ആരും എന്നെ മനസ്സിലാക്കിയില്ല എന്നുള്ള വിഷമം മാത്രമേ എനിക്കുള്ളൂ....... അവൻറെ ആ വാക്കുകൾ അമ്മച്ചിയുടെയും റോസിയുടെയും ഹൃദയത്തിൽ തൊടുന്നുണ്ടായിരുന്നു..... "ഞാൻ നിന്നെ മനസ്സിലാക്കിയിട്ടുണ്ടഡാ മോനെ.....! കുഴഞ്ഞ ശബ്ദത്തിൽ ബോധമില്ലാതെ പറയുന്ന അപ്പച്ചനെ ഒന്ന് പാളി നോക്കിയിട്ട് റോയി മുറിയിലേക്ക് കയറി പോയിരുന്നു...... ഇനിയും താൻ അവിടെ നിൽക്കുന്നത് ഒരു കാഴ്ചവസ്തുവായി മാറാന് മാത്രമേ ഉപകരിക്കു എന്ന് മനസ്സിലായതോടെ ദേവികയും മുറിയിലേക്കു പോകാനായി തുടങ്ങി..... ആ നിമിഷമാണ് റോസി അവളെ വിളിച്ചത്.... " നിക്കടി കൊച്ചേ ഞാൻ ഒന്ന് കാണട്ടെ..... എങ്കിലും ഞങ്ങളുടെ കൊച്ചനെ ചിരിച്ചും മയക്കി ഒരു രൂപ പോലും സ്ത്രീധനം കൊടുക്കാതെ അവൻറെ തലയിലേക്ക് വന്നതല്ലേ....... നിനക്ക് ലോട്ടറി അടിച്ചു അല്ലേ...... ഒരു ദുസ്വഭാവങ്ങളും ഇല്ലാത്ത ഒരു കൊച്ചനെ നിനക്ക് തപസ്സിരുന്നാൽ കിട്ടുമൊ...? നിൻറെ വീട്ടിൽ ആരൊക്കെ ഉണ്ട്.....

അവളുടെ മുഖത്തേക്ക് നോക്കി കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ റോസി സംസാരിക്കാൻ തുടങ്ങി.... "അച്ഛനും അനിയത്തിയും അമ്മയും.... വിറച്ചു വിറച്ചു അവൾ പറഞ്ഞു... "നമ്മുടെ മേലെപ്പട്ടെ രാഘവന്റെ മോൾ ആണെടി.... സിസിലി പറഞ്ഞു.... " ഹോ അപ്പോ അനിയത്തി ഉണ്ട്..... നിൻറെ അച്ഛനായ രാഘവൻ ചേട്ടൻറെ അവസ്ഥ ഈ നാട്ടിൽ ഉള്ളവർ ഒക്കെ അറിയാം.... അപ്പൊൾ ഇനി അനിയത്തിയുടെ കാര്യം കൂടി ഞങ്ങളുടെ കൊച്ചന്റെ തലയിലായി..... താനാരാണെന്നും എവിടെയാണെന്നും ഒക്കെ അറിഞ്ഞിട്ടു തന്നെയാണ് അവർ തന്നെ ചോദ്യം ചെയ്തത് എന്ന് അതോടെ ദേവികയ്ക്ക് മനസ്സിലായി... . തൻറെ വായിൽ നിന്നും കേട്ടതിനു ശേഷം തന്നെ കുറ്റപ്പെടുത്താൻ വേണ്ടി ആയിരുന്നു....... അവൾ ഒന്നും മിണ്ടിയില്ല എല്ലാം താൻ അനുഭവിക്കുക തന്നെ വേണം..... പെട്ടെന്ന് മുറിയിൽനിന്നും റോയി ഇറങ്ങി വന്നിരുന്നു...... അവനെ കണ്ടപ്പോഴേക്കും റോസി പെട്ടെന്ന് തന്നെ നിശബ്ദതയായിരുന്നു.... " എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ എന്നോട് ആവാം.. ഗൗരവം ആയി അവൻ പറഞ്ഞു... "ഓ.... നിൻറെ ഭാര്യയെ പറഞ്ഞത് നിനക്ക് ഇഷ്ടപ്പെട്ടില്ലായിരിക്കും......

കെട്ടി കൊണ്ടു വന്നിട്ട് കുറച്ച് നേരം ആയതേ ഉള്ളു അപ്പോഴേക്കും അവളെ എന്തെങ്കിലും പറയുമ്പോഴേക്കും കൊള്ളാൻ തുടങ്ങി...... റോസി പറഞ്ഞപ്പോൾ തിരിച്ചു മറുപടി ഒന്നും പറയാതെ ഒരു രൂക്ഷ നോട്ടം തിരികെ കൊടുത്തുകൊണ്ട് ആയിരുന്നു അതിന് റോയ് മറുപടി നൽകിയത്...... " അകത്തേക്ക് ചെല്ല്..... ഇനി ആരുടേയും ചോദ്യത്തിന് മറുപടി പറയാൻ നിൽക്കണ്ട.... ആ തോർത്തു ഇങ്ങ്‌ താ.... ഞാൻ ഒന്നു കുളിച്ചിട്ട് വരാം..... അവളുടെ ആ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ തലയിൽ ചുറ്റിക്കെട്ടി വച്ചിരുന്നത് അഴിച്ച് അവന് അവൾ നൽകിയിരുന്നു..... ശേഷം റോയി റാണിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.... അവിടെ നിന്നും അവളെ ഒന്ന് രക്ഷിക്കൂ എന്നായിരുന്നു ആ നോട്ടത്തിന് അർത്ഥം എന്നും മനസ്സിൽ ആയതുകൊണ്ടുതന്നെ റാണി നേരെ ദേവികയുടെ അരികിലേക്ക് പോയി.... "ചേച്ചി വാ ഞാൻ വിശേഷം ഒക്കെ ചോദിക്കട്ടെ.... അവളെയും കൂട്ടി കൊണ്ട് റാണി മുറിയിലേക്ക് കയറ്റുന്നത് കണ്ടപ്പോൾ റോയ്ക്ക് ആശ്വാസം തോന്നിയിരുന്നു.... ദേവികയിൽ അവൻ നൽകിയ പരിരക്ഷ ആകുന്ന ആവരണത്തിന്റെ ആശ്വാസം ആയിരുന്നു... പെട്ടെന്നുതന്നെ റോയി കുളിക്കാനായി പുറത്തേക്ക് പോയിരുന്നു..... വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിക്കുന്നുണ്ടായിരുന്നു ദേവിക എന്ന് റാണിയ്ക്കും തോന്നിയിരുന്നു...... അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിച്ച ബുദ്ധിമുട്ടിക്കാൻ അവൾ നിന്നില്ല.....

ഒരു ആശ്വാസത്തിന് എന്നതുപോലെ കൈകൾ ചേർത്തു വെച്ചിരുന്നു റാണി..... " ഇത്തിരി ഒച്ചപ്പാടും ബഹളമൊക്കെ ഉണ്ടെന്നേ ഉള്ളൂ ചേച്ചി..... ഇവിടെ എല്ലാവരും പാവങ്ങളാണ്....... അങ്ങനെ ചേച്ചിയോട് ദേഷ്യമൊന്നുമില്ല..... പറഞ്ഞില്ലേ വീടിന് ഒരുപാട് ലോൺ ഒക്കെ ഉണ്ട്...... സത്യം പറയാലോ അമ്മച്ചിയും ചേച്ചിയും ഒക്കെ ചേട്ടായി കൊണ്ട് ഒരു കല്യാണം കഴിപ്പിച്ചു കുറെ സ്ത്രീധനം ഒക്കെ വാങ്ങുന്നത് സ്വപ്നം കണ്ടിരുന്നത്..... അവരുടെ ആ സ്വപ്നവും കാറ്റിൽപറത്തി അല്ലേ ചേട്ടായി ചേച്ചിയെ വിളിച്ചു കൊണ്ട് വന്നത്...... ആ ഒരു ദേഷ്യം കാണിക്കുന്നു എന്നേയുള്ളൂ...... പക്ഷെ ചേട്ടായി അതൊന്നും സമ്മതിക്കില്ലായിരുന്നു..... അവരുടെ സ്വപ്‌നങ്ങൾ ആയിരുന്നു എല്ലാം.... പിന്നെ ചേച്ചി ആർക്കും ഇഷ്ടം ആകും.... സുന്ദരിക്കുട്ടി അല്ലേ....? എന്റെ ചേട്ടായിക്ക് ഇഷ്ടപ്പെടാൻ പറ്റുമെങ്കിൽ ഞങ്ങൾക്ക് എല്ലാ ഇഷ്ടപ്പെടാൻ പറ്റൂ..... റാണിയുടെ ആ മറുപടിയും ദേവികയിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്...... ഒരിക്കലും തന്നെ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത് അല്ല അവളുടെ ചേട്ടായി എന്ന് അവൾ അറിയുന്ന നിമിഷം എന്തായിരിക്കും ഈ കുടുംബത്തിൽ ഉള്ളവർ തന്നോട് എടുക്കുന്ന നിലപാട് എന്ന് ആ നിമിഷം ആണ് അവൾ ഓർത്തത്..... ഇപ്പോൾ ഇവരെല്ലാവരും വഴക്കു പറയുന്നുണ്ടെങ്കിലും റോയി സ്നേഹിച്ച ഒരു പെൺകുട്ടി എന്ന പരിഗണന ലഭിക്കുന്നുണ്ട്..... റാണിയുടെ വാക്കുകളിൽ നിന്നും അത് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്....

പക്ഷേ തന്നെ റോയി വിവാഹം കഴിക്കാൻ ഇടയായ സാഹചര്യം മനസ്സിലാക്കുമ്പോൾ എന്തായിരിക്കും ഈ വീട്ടിലെ തന്റെ സ്ഥാനം എന്ന് ഓർത്തപ്പോൾ ആ നിമിഷം ദേവികയുടെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തിരുന്നു.... കുറച്ച് കഴിഞ്ഞ് ഒരു ലുങ്കിയും തോർത്തു പുതച്ചു കയറി വന്നിരുന്ന റോയിയെ കണ്ടപ്പോഴേക്കും റാണി മുറിയിൽനിന്നും ഇറങ്ങിപ്പോയിരുന്നു..... ഒരു നിമിഷം റോയിയും ദേവികയും മാത്രമായി മുറിയിൽ..... എവിടെയൊട്ട് ഇറങ്ങിപ്പോകും എന്ന് ദേവികയ്ക്ക് നിശ്ചയമില്ലായിരുന്നു..... ഇറങ്ങി പോയാൽ എല്ലാവരുടെയും ശകാരവർഷതിന് താൻ പാത്രം ആകും എന്ന് അവൾക്ക് അറിയാമായിരുന്നു അതുകൊണ്ടുതന്നെ മുറിയിൽ നിൽക്കുക അല്ലാതെ മറ്റ് നിർവാഹം ഒന്നും ഉണ്ടായിരുന്നില്ല..... അവൻറെ രോമാവൃതമായ ആ നെഞ്ച് വിളിച്ചോതുന്നുണ്ടായിരുന്നു അവൻ ഒരു കഠിനാധ്വാനി ആണ് എന്ന്...... ആദ്യമായി ആണ് ഒരു പുരുഷനെ അച്ഛനെ അല്ലാതെ ഷർട്ട് ഇല്ലാതെ കാണുന്നത്...... അവൾക്ക് വല്ലായ്മ തോന്നി..... പക്ഷേ സാഹചര്യവുമായി പൊരുത്തപ്പെടണം എന്ന് അവൾ മനസ്സിൽ ചിന്തിച്ചു..... തന്റെ ഭർത്താവാണ്..... തന്നിൽ എല്ലാ അവകാശങ്ങളും ഉള്ളവൻ......! പുറത്ത് വീണ്ടും ഊഹാപോഹങ്ങളും ചർച്ചകളും പൊടിപൊടിക്കുകയാണ്......

അമ്മയുടെയും ചേച്ചിയുടെയും പദം പറച്ചിലും വർത്തമാനം പറയലും ഒക്കെ അകത്തു വരെ കേൾക്കാൻ കഴിയുന്നുണ്ട്.... ദേവികയ്ക്ക് വേദന തോന്നിയിരുന്നു..... അവർ വീണ്ടും ഓരോന്ന് പറയുന്നത് കേട്ടപ്പോൾ അവൻ പെട്ടെന്ന് തന്നെ കതക് ചാരി...... ആ മുറിയിൽ അവനോടൊപ്പം കുറച്ച് സമയം തന്നെ നിൽക്കുക എന്നു പറയുന്നത് അവൾക്ക് ഒരു വല്ലായ്മ ഉണ്ടാക്കുന്ന കാര്യം തന്നെയായിരുന്നു...... അവളെ ശ്രദ്ധിക്കാതെ അവനവൻറെ കാര്യങ്ങൾ ചെയ്യുകയായിരുന്നു..... കുളികഴിഞ്ഞ് പാടെ ഒരു ഇന്നർ ബനിയൻ എടുത്ത് അണിയുന്നുണ്ട്...... കണ്ണാടിയിൽ നോക്കി മുടി ചീകി ഒതുക്കി..... കട്ടിയുള്ള മീശയും കുറ്റിരോമങ്ങൾ ഇല്ലാത്ത താടിയും വിടർന്ന വലിയ കണ്ണുകളും വീതി കുറവെങ്കിലും ഇടതൂർന്ന പുരികങ്ങളും ആ മുഖത്തെ മനോഹരം ആകുന്നുണ്ട്.... അവളോട് എന്ത് സംസാരിക്കണം എന്ന് അറിയതോണ്ട് ഫോണിൽ എന്തോ നോക്കുകയാണ്..... അവളെ അഭിമുഖീകരിക്കാതെ ഇരിക്കാൻ ആകും അത് എന്ന് അവൾക്ക് തോന്നിയിരുന്നു..... അവസാനം മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി..... " എന്നെ വിവാഹം കഴിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് എല്ലാവരോടും തുറന്നു പറയാമായിരുന്നില്ലേ....? അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നില്ലല്ലോ..... " അതുവേണ്ട....! അവൻറെ ആ മറുപടിയിൽ അവൾ മനസ്സിലാവാതെ അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു..........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story