സാഫല്യം: ഭാഗം 12

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" ഇവിടെ ഉള്ളവരൊക്കെ പഴയ ചിന്താഗതികൾ ഉള്ള ആളുകളാണ്...... മറ്റൊരാളെ സ്നേഹിച്ച ആളുമായി വിവാഹം എല്ലാം ഉറപ്പിച്ചതിനുശേഷം അയാൾ അവസാനനിമിഷം പിൻമാറിയതിന്റെ പേരിലാണ് ഞാൻ തന്നെ വിവാഹം കഴിച്ചതെന്ന് ഇവിടെ ആരും അറിയേണ്ട...... അങ്ങനെ അറിയുമ്പോൾ ഒരുപക്ഷേ ഇവർക്കൊന്നും അത് മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടാവില്ല...... തന്നെ കൂടുതൽ കുറ്റപ്പെടുത്താൻ അത് ഉപകരിക്കും...... മാത്രമല്ല ഇപ്പോൾ ചെറിയ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായാലും അത് പെട്ടെന്നുതന്നെ മാറിക്കോളും..... എത്ര ആണെങ്കിലും എൻറെ ഇഷ്ടത്തിന് അപ്പുറം ഇവിടെ ഉള്ളവർ ആരും മറ്റൊരു വാക്കും കാണാൻ പോകുന്നില്ല...... തൻറെ അച്ഛനു ഞാൻ ഒരു ഉറപ്പു കൊടുത്തിരുന്നു, ഒരിക്കലും തന്റെ കണ്ണ് നിറയ്ക്കില്ല എന്ന്.... പക്ഷേ ആദ്യത്തെ ദിവസം തന്നെ മനസ്സ് നന്നായി വേദനിച്ചിട്ട് ഉണ്ടാകും എന്ന് എനിക്കറിയാം..... അമ്മയും ചേച്ചിയും ഒക്കെ തന്നെ ഒരുപാട് വിഷമിപ്പിച്ചു എന്നറിയാം....... അവർക്ക് വേണ്ടി തന്നോട് ഞാൻ മാപ്പ് ചോദിക്കുകയാണ്......!

അവൻറെ ആ വാക്കുകൾ അവളുടെ ഹൃദയത്തെ ഒന്ന് ഉലച്ചു കളഞ്ഞിരുന്നു...... "അങ്ങനെ പറയരുത്.....! ഇന്നത്തെ ദിവസം വിവാഹം നടന്നില്ലായിരുന്നെങ്കിൽ അച്ഛൻ ചങ്ക് പൊട്ടി മരിച്ചു പോയേനെ..... അങ്ങനെ ഒരു അവസ്ഥ പോലും ഞാൻ എൻറെ കണ്മുൻപിൽ കണ്ടതാണ്...... തിരിച്ചു വീട്ടിലേക്ക് ചെന്ന് പിറ്റേന്ന് അച്ഛൻറെ ചേതനയറ്റ ശരീരം കണ്ടു വരുമെന്ന് പ്രതീക്ഷിച്ചു തന്നെ ആണ് ഞാൻ നിന്നത്..... ആ അവസ്ഥയിൽ നിന്നും എന്നെ കരകയറ്റിയത് അല്ലേ..... അതിന് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...... എന്നോട് മാപ്പ് ചോദിക്കുന്നു എന്നൊന്നും പറയരുത്..... അവൻറെ മുഖത്തേക്ക് നോക്കി പറയുന്നവളെ കുറച്ച് സമയം കണ്ണിമവെട്ടാതെ അവൻ നോക്കിയിരുന്നു...... അവൻറെ നോട്ടം അധികനേരം തനിക്ക് താങ്ങാൻ കഴിയില്ല ദേവിക തോന്നിയിരുന്നു..... പിന്നെ പതിയെ അവളിൽ നിന്നും നോട്ടം മാറ്റി മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് അവൾക്കുനേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു...... " വീട്ടിലേക്ക് ഇവിടെ വന്നതിനുശേഷം വിളിച്ചില്ലല്ലോ...... വിളിച്ചു സംസാരിക്കു....... അവിടെ എല്ലാവരും വിഷമിച്ചിരിക്കുകയായിരിക്കും..... പിന്നെ സംസാരിക്കുമ്പോൾ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഒക്കെ ഒഴിവാക്കി സംസാരിക്കണം...... നമ്മളൊക്കെ വിഷമിക്കുന്നുണ്ട് വീട്ടിൽ ഇരിക്കുന്നവരെ കൂടി അറിയിച്ച് വിഷമിപ്പിക്കാത്ത അല്ലേ നല്ലത്..... ഇനി ഇതിൻറെ പേരിൽ തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം...... റോയ് പറഞ്ഞു....

. അവൻ മുറിയുടെ പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അവൻ തന്ന ഫോണിലേക്ക് നോക്കി നിൽക്കുകയായിരുന്നു അവൾ...... പെട്ടെന്ന് ഫോണിൻറെ ലോക്ക് മാറ്റി കൊണ്ട് തന്നെ അവൾ നമ്പർ ഡയൽ ചെയ്തു..... ഫോണിൽ പാറ്റേൺ നമ്പർ ലോക്ക് ഒന്നുമില്ല എന്നത് തന്നെ അവന്റെ നിഷ്കളങ്കത വിളിച്ചോതുന്ന ഒന്നുതന്നെയായിരുന്നു.... ലോക്ക് തുറന്നപ്പോൾ തന്നെ ആദ്യം കണ്ടത് ക്രൂശിതനായ ഈശോയുടെ രൂപമാണ്...... ആ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു...... പിന്നെ മെല്ലെ നമ്പർ ഡയൽ ചെയ്തു..... പെട്ടന്ന് തന്നെ ഫോൺ എടുക്കപ്പെട്ടു..... വേദന നിറഞ്ഞ അച്ഛന്റെ ശബ്ദമാണ് കർണ്ണപുടങ്ങളെ ആദ്യം തുളച്ചു കയറിയത്..... " മോളെ.....! അച്ഛൻറെ വിറയാർന്ന ശബ്ദം കേൾക്കേ ഒരുവേള വേദന മനസ്സിനെ മൂടിയിരുന്നു..... " അച്ഛാ അമ്മ എവിടെ...? ഗോപു എവിടെ...? നിങ്ങൾ വല്ലതും കഴിച്ചോ....? തന്റെ കുടുംബത്തിലുള്ള മുഴുവൻ ആധിയും അവളുടെ ശബ്ദത്തിൽ നിറഞ്ഞിരുന്നു.... " കഴിച്ചു മോളെ ഒരു കുഴപ്പവുമില്ല...... എല്ലാവരും സമാധാനമായി തന്നെ ഇരിക്കുന്നു..... നിനക്കവിടെ സുഖമാണോ....? റോയിയുടെ വീട്ടുകാർ എന്തെങ്കിലും മോളോടെ മോശമായി പെരുമാറിയൊ....? അവർ എന്തെങ്കിലുമൊക്കെ പറഞ്ഞാലും മോള് ഒന്നും കേൾക്കാൻ നിൽക്കണ്ട.....

നമ്മുടെ സാഹചര്യം ഇങ്ങനെ ആയിപ്പോയി..... ഗതികെട്ട ഒരു അച്ഛന്റെ മോൾ ആയി നീ ജനിച്ചുപോയി...... ആ വാക്കുകൾ വല്ലാതെ ഹൃദയത്തെ തളർത്തി..... ഗതികെട്ട ഒരു അച്ഛൻറെ മകളായി നീ ജനിച്ചു പോയി എന്ന്..... " അച്ഛൻ വിഷമിക്കേണ്ട..... അച്ഛൻ പേടിക്കുന്നത് പോലെ എനിക്ക് ഇവിടെ ഒരു ബുദ്ധിമുട്ടുമില്ല..... ആളുടെ വീട്ടുകാർക്കും എന്നോട് നല്ല സ്നേഹം തന്നെയാണ്.... അങ്ങനെ ആണ് പെരുമാറിയത്..... ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഒരുപാട് കാര്യങ്ങൾ ഒക്കെ പേടിച്ചിരുന്നു..... പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല...... സ്നേഹത്തിൽ തന്നെയാണ്...... വന്നപാടെ അമ്മ ബൈബിൾ കൊണ്ട് ഒക്കെ എടുത്ത് എന്നെ വീട്ടിലേക്ക് വിളിച്ച് കയറ്റിയിരുന്നു..... അച്ഛൻ ഓരോന്ന് ആലോചിച്ച് വിഷമിക്കരുത്...... പിന്നീട് എന്തെങ്കിലും അസുഖം വന്നാൽ ഞാൻ പോലും അടുത്ത് ഇല്ലെന്ന് ഓർമ്മവേണം..... തൊണ്ടകുഴി വരെ വന്നു നിന്ന ഗദ്ഗദം പരമാവധി പുറത്തു വരാതെ അവൾ പറഞ്ഞു.... " നിനക്ക് സുഖമാണെന്ന് അറിഞ്ഞ അച്ഛൻ എന്തിനാ മോളെ പിന്നെ വിഷമിക്കുന്നത്..... നിസ്സഹായൻ ആയ ആ വൃദ്ധന്റെ ആ വാക്കുകൾ കേൾക്കെ അവളിലും വേദന പടർത്തി തുടങ്ങിയിരുന്നു...... " എന്നാൽ ഞാൻ വെക്കട്ട അച്ഛാ...... ഇനിയും കൂടുതൽ സമയം അദ്ദേഹത്തോട് കള്ളം പറയാൻ തനിക്ക് ആവില്ല എന്ന് അവൾക്ക് അറിയാമായിരുന്നു....... ഫോൺ മേശപ്പുറത്തേക്ക് വെച്ചപ്പോഴേക്കും കണ്ണുകൾ ഒഴുകി തുടങ്ങിയിരുന്നു......

പെട്ടെന്ന് തന്നെ അവൾ കണ്ണീർ തുടച്ചുമാറ്റിയപ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ടത്........ അവളോട് എന്ത് മറുപടി പറയണം എന്ന് അവനും അറിയുമായിരുന്നില്ല..... ആശ്വാസവാക്കുകളുടെ മെമ്പോടി തത്കാലം ഫലം ചെയ്യില്ല എന്ന് അവന് അറിയുമായിരുന്നില്ല...... അതുകൊണ്ടുതന്നെ രണ്ടുപേരും കുറച്ച് സമയം സംസാരിക്കാതെ മൗനത്തെ കൂട്ട് പിടിച്ചു ഇരുന്നു...... " ഭക്ഷണം കഴിക്കാം.....! അവൻ വിളിച്ചപ്പോൾ അവൾ അവനെ അനുഗമിച്ചിരുന്നു..... ഭക്ഷണ മേശയുടെ അരികിലേക്ക് ചെല്ലുമ്പോൾ റാണി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് അവർ ശ്രദ്ധിച്ചിരുന്നു..... അമ്മയുടെ മുറിയിലാണ് ചേച്ചിയും എന്ന് അവൾ കണ്ടു..... " അമ്മച്ചിയും ചേച്ചിയും കഴിക്കുന്നില്ലേ....? അവസാന ശാസനം പോലെ അവൻ പറഞ്ഞപ്പോൾ രണ്ടുപേരും ഇറങ്ങിവരുന്നത് കണ്ടിരുന്നു.... ആ നിമിഷം തന്നെ താൻ ഫോൺ വിളിച്ചു കൊണ്ടിരുന്ന സമയത്ത് എന്തൊക്കെയോ അവരോട് അവൻ സംസാരിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നിട്ടും ഇരിക്കാതെ മടിച്ചു നിൽക്കുന്നവളെ ഒരിക്കൽക്കൂടി റോയി ഒന്ന് നോക്കി..... ശേഷം അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു..... " ഭക്ഷണം കഴിക്കുന്നില്ലേ.... അതും ഒരു ശാസനം തന്നെയായിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു...... അവൾ പെട്ടെന്ന് തന്നെ ഇരുന്നു...... അവളുടെ പ്ലേറ്റിലേക്ക് ഒരു ചപ്പാത്തി എടുത്ത് വെച്ചതും റോയ് തന്നെയായിരുന്നു.....

മൗനമായിരുന്നു ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരും..... ഈ മൗനം വല്ലാത്ത ഭീകരതയാണ് എന്ന് അവൾക്ക് തോന്നിയിരുന്നു...... ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു അവൻ വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം....... എല്ലാവർക്കും അവൻ അത് വിളമ്പി....... മനസ്സമാധാനത്തോടെ ആ ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്ന ദേവിക ഓർത്തു....... ഒരു നിമിഷം വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും പയറും കിട്ടിയിരുന്നെങ്കിൽ എന്നുപോലും അവൾ ആഗ്രഹിച്ചു പോയിരുന്നു....... എങ്ങനെയോ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോകുന്നവനെ നോക്കിക്കൊണ്ട് തന്നെ അവൾ പെട്ടന്ന് കഴിച്ചു എഴുനേൽക്കാൻ തുടങ്ങി.... "പതുക്കെ കഴിച്ചിട്ട് എഴുന്നേറ്റാൽ മതി.... അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു സ്വന്തം പ്ലേറ്റുമായി അടുക്കളയിലേക്ക് പോകുന്നവനെ കണ്ടപ്പോൾ അവൾക്ക് ബഹുമാനമാണ് തോന്നിയത്...... ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന എത്ര പുരുഷന്മാർ കാണും എന്ന് ഒരു നിമിഷം അവൾ ആലോചിച്ചിരുന്നു....... താൻ കഴിച്ചഭക്ഷണം മറ്റുള്ളവരെക്കൊണ്ട് എടുപ്പിക്കാതെ സ്വന്തമായി തന്നെ അത് എടുത്തു കൊണ്ടുപോകാനുള്ള അവൻറെ മനസ്സ് അവളുടെ മനസ്സിൽ ഒരു ബഹുമാനം നേടിയിരുന്നു..... ഭക്ഷണം കഴിച്ച് കഴിഞ്ഞ് തൊട്ടുപുറകേ അവന് പിന്നാലെ അവളും അടുക്കളയിലേക്ക് നടന്നിരുന്നു..... അടുക്കളയുടെ സ്ലാബിൽ എച്ചിൽ കളഞ്ഞതിനുശേഷം അവൻ ഇട്ടിരിക്കുന്ന പ്ലേറ്റ് കഴുകി വച്ചത് നോക്കിയപ്പോൾ വീണ്ടും അവനൊടുള്ള ബഹുമാനം വർദ്ധിക്കുന്നതായി അവളറിഞ്ഞു.......

ശേഷം പൂച്ചയുടെ പാത്രത്തിലേക്ക് ബാക്കിയുള്ള അവശിഷ്ടങ്ങൾ ഇട്ട് കൊടുത്തൂ അവൾ കയ്യിലിരുന്ന അവളുടെ പ്ലേറ്റും കഴുകാൻ തുടങ്ങിയപ്പോഴാണ് പുറകിലൊരു ആളനക്കം കണ്ട് തിരിഞ്ഞുനോക്കിയത്.... അപ്പോൾ റോയിയുടെ അമ്മയായിരുന്നു..... തന്നെ അടിമുടി നോക്കുകയാണ് അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..... " വന്നപാടെ അടുക്കള ഭരണമങ്ങ് ഏറ്റെടുക്കാമെന്ന് മോള് വിചാരിച്ചോ.....? അവരുടെ ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ തകർന്നു പോയിരുന്നു.... പ്ലേറ്റ് കഴുകി അവൾ എന്തോ പറഞ്ഞപ്പോഴാണ് അടുക്കള വാതിൽ കടന്ന് വരുന്നവ റോയിയെ കണ്ടു പെട്ടെന്ന് തന്നെ സ്വിച്ച് ഇട്ട പോലെ അവരുടെ അവർ വർത്തമാനം നിർത്തിയത്..... അത് കണ്ടപ്പോളാണ് ദേവിക അവിടേക്ക് നോക്കിയത്..... അവനെ കണ്ടത് കൊണ്ട് തന്നെയാണ് അവർ ഒന്നും സംസാരിക്കാത്തത് എന്ന് മനസ്സിലാക്കിയത് കൊണ്ട് അവൾ പ്ലേറ്റ് കഴുകി വെച്ചതിനു ശേഷം തിരികെ നടന്നു പോയിരുന്നു..... ഒന്നും മിണ്ടാതെ ഹോളിന്റെ അരികിൽ വന്നു നിൽക്കുന്നവളോട് എന്ത് സംസാരിക്കണം എന്ന് റോയിക്കും അറിയുമായിരുന്നില്ല..... പെട്ടെന്ന് ആ സാഹചര്യത്തിന് ഒരു അയവ് വരുത്താൻ വേണ്ടി അവൻ റിമോട്ട് എടുത്ത് ടിവി ഓണാക്കിയിരുന്നു...... എന്നിട്ടും അവൾ എന്ത് ചെയ്യണം എന്ന സംശയത്തിൽ നിൽക്കുകയാണ് എന്ന് അവന് തോന്നിയിരുന്നു..... " പോയി കിടന്നോളൂ..... ഞാൻ കുറച്ചു നേരംകൂടി കഴിഞ്ഞിട്ടേ ഉറങ്ങു.... അവൾ ഉറങ്ങാൻ വേണ്ടി നിൽക്കുകയാണ് എന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ പറഞ്ഞു.....

എങ്കിലും ആ മറുപടി അല്ല അവൾക്ക് വേണ്ടത് എന്ന് തോന്നിയത് കൊണ്ടാണ് അവൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് നോക്കിയത്.... അപ്പോഴും അവളുടെ കണ്ണുകൾ സെറ്റിയിൽ കിടക്കുന്ന അപ്പച്ചനിൽ ആയിരുന്നു എന്ന് അവൻ കണ്ടു...... മനസ്സിലാവാതെ അവൻ അവളെ ഒന്നുകൂടി നോക്കി..... " അച്ഛൻ ഒന്നും കഴിച്ചില്ല.... ഞാൻ വന്നപ്പോൾ മുതൽ അച്ഛൻ കിടക്കുകയല്ലേ..... ദേവികയൊടെ മനസ്സിൽ ഒരു ബഹുമാനം ഉടലെടുക്കുന്നത് ആ നിമിഷം റോയിയും അറിയുന്നുണ്ടായിരുന്നു.... അമ്മച്ചി പോലും ഇതുവരെ ഈ കാര്യം ശ്രദ്ധിച്ചില്ലല്ലോ എന്ന് ആ നിമിഷം അവൻ ഓർക്കുകയായിരുന്നു..... "ചാച്ചൻ അങ്ങനെ കഴിക്കുന്നതിൽ ഒന്നും പ്രത്യേകിച്ച് സമയവുമില്ല..... എപ്പോഴെങ്കിലും എഴുന്നേറ്റ് കഴിച്ചോളും...... കഴിക്കാൻ ഉള്ളത് അവിടെ വച്ചിട്ടുണ്ട്..... ഇപ്പോൾ വിളിച്ചാലും കഴിക്കാൻ പോകുന്നില്ല.... താൻ പോയി കിടന്നൊ.... അവളുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോൾ അവൾ മെല്ലെ മുറിയിലേക്ക് പോകുന്നത് അവൻ കണ്ടിരുന്നു..... മുറിയിലേക്ക് ചെന്നപ്പോൾ ആണ് അവൾ ആ മുറി വൃത്തിയായി ലൈറ്റിട്ട് ഒന്ന് കാണുന്നത്..... ചെറിയ മുറിയാണ് ചെറിയ ഒരു ഡബിൾ കോട്ട് കട്ടിൽ ഉണ്ട്.... ചെറിയൊരു ഡോർ ഷെൽഫ് അലമാരി.... വെട്ടം കയറാൻ വേണ്ടി ചെറിയ വെന്റിലേഷൻ ഉള്ള ഒരു ജനൽ. സീലിംഗ് ചെയ്ത മേൽക്കൂരയുടെ മുകളിൽ കൂടി കറങ്ങുന്ന പഴക്കംചെന്ന സീലിംഗ് ഫാൻ.... ഒരു ട്യൂബ് ലൈറ്റ്..... ഷർട്ട് തൂക്കാൻ ഉള്ള ഒരു ചെറിയ അയ.... ഇത്രയേയുള്ളൂ അവിടുത്തെ സംവിധാനങ്ങൾ എന്ന് അവൾ നോക്കിക്കണ്ടു.... എങ്കിലും തനിക്കത് കൊട്ടാരമാണ്......

തൻറെ വീട്ടിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇവർ കുറച്ചുകൂടി സമ്പന്നരാണ് എന്ന് അവൾ ഓർത്തിരുന്നു...... മുറിയിൽ കെട്ടിയ അയയിൽ ഒന്ന് രണ്ട് കാവ്യ മുണ്ടുകളും ഇന്നർ ബനിയനും കാക്കി ഷർട്ടും കിടക്കുന്നത് അവർ ശ്രദ്ധിച്ചിരുന്നു..... റോയിയുടെ ആണെന്ന് അവൾക്ക് മനസ്സിലായി..... ഈ മുറിയിൽ അവനല്ലാതെ മറ്റാരും കയറില്ല എന്ന ആ മുറിയിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി..... ചെറിയ ഒരു മേശയിൽ ഉണ്ട് അതിൻറെ അരികിൽ ഈശോയുടെ രൂപവും വചനപെട്ടിയും വെച്ചിട്ടുണ്ട്....... അതിൽനിന്നുതന്നെ നല്ല ഒരു വിശ്വാസിയാണ് അവൻ എന്ന് അവൾക്ക് മനസ്സിലായി..... കുറേ സമയമായിട്ടും അവൻ അവൻ വരുന്നില്ല എന്ന് കണ്ടപ്പോൾ അവൾക്ക് ഉറക്കം വരുന്നില്ല ആയിരുന്നു..... ഓർമ്മകൾ വീണ്ടും പിന്നിലേക്ക് സഞ്ചരിക്കുന്നുണ്ടായിരുന്നു..... ഒരു നിമിഷം അവൾക്ക് വൈശാഖിനോട് ദേഷ്യം തോന്നിയിരുന്നു..... തന്നെ ഈ കയത്തിലേക്ക് വലിച്ച് ഇടരുത് എന്ന് അയാളോട് താൻ പലവട്ടം പറഞ്ഞതാണ്.... തനിക്ക് അയാളോട് പ്രണയം ഉണ്ടായിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്...... ബഹുമാനം ഉണ്ടായിരുന്നു ഒരു ഇഷ്ടം ഉണ്ടായിരുന്നു, അതിനു ഒരിക്കലും താൻ പ്രണയത്തിൻറെ മേമ്പൊടി നൽകിയിട്ടില്ല..... എന്നിട്ടും തന്നെ കരകാണാ കടലിൽ വലിച്ചെറിഞ്ഞു അയാൾ പോയി..... ഇപ്പോൾ തനിക്ക് ആരാണെന്ന് പോലും അറിയാത്ത ഒരാളുടെ ഒപ്പം താൻ ജീവിതം ആരംഭിക്കുകയാണ്...... താൻ ഒരിക്കൽ പോലും ആഗ്രഹിക്കാത്ത വഴിയിലൂടെയാണ് ഇപ്പോൾ തന്റെ ജീവിതം തന്നെ കൊണ്ടുപോകുന്നത്....

പലവട്ടം റോയിയെ കണ്ടിട്ടുണ്ട് ഹോസ്പിറ്റൽ കാര്യങ്ങൾക്കും മറ്റുമായി റോയി ആയിരുന്നു ഓട്ടം വിളിക്കുന്നത്..... പലപ്പോഴും ഒരു പുഞ്ചിരി നൽകി അയാൾ മാഞ്ഞുപോകും ആയിരുന്നു..... ഒരിക്കൽ പോലും ശരിക്ക് അയാളോട് സംസാരിച്ചിട്ട് പോലുമില്ല..... അയാളാണ് ഇന്ന് തൻറെ ഭർത്താവ് എന്ന് ഓർത്തപ്പോൾ ഒരു നിമിഷം അവൾ അത്ഭുതപ്പെട്ടു പോയിരുന്നു...... ജീവിതം എത്രപെട്ടെന്നാണ് മറ്റൊരാളുമായി നമ്മളെ കൂട്ടിച്ചേർക്കുന്നത്....... നമ്മൾ പോലും അറിയാതെ...... അയാൾ ഒരു മാന്യൻ ആണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്..... ആവശ്യമില്ലാതെ സംസാരിക്കില്ല അങ്ങോട്ട് പുഞ്ചിരിച്ചാൽ മാത്രമേ തിരികെ പുഞ്ചിരിക്കുക ഉള്ളൂ...... എന്നാൽ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുകയും ചെയ്യും...... പലപ്പോഴും അച്ഛനെ വയ്യാത്തതുകൊണ്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്ന സമയങ്ങളിലൊക്കെ അമ്മയെ പിടിച്ചു ഇറക്കാനും തിരികെ വണ്ടിയിലേക്ക് കയറ്റാനും ഒക്കെ അയാൾ സഹായിക്കുന്നത് കണ്ടിട്ടുണ്ട്..... അതുപോലെ താൻ ഇല്ലാത്ത സമയങ്ങളിൽ അച്ഛനും അമ്മയും കൂടി ആശുപത്രിയിൽ പോകുമ്പോൾ അയാൾ മരുന്നുകൾ വാങ്ങി കൊണ്ടുവരും എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്...... പക്ഷേ തൻറെ ജീവിതത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുന്ന ഒരുവനായി അയാൾ മാറുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്ന് അവൾ ഓർക്കുകയായിരുന്നു..... കുറച്ചുസമയം കാൽമുട്ടിൽ തല ഒളിപ്പിച്ചു ഇരുന്നു..... കുറച്ചു സമയങ്ങൾക്ക് ശേഷമാണ് വാതിൽ അടയുന്ന ശബ്ദം കേട്ടത്.... അവൾ കണ്ണു തുറന്നു നോക്കിയപ്പോൾ റോയ് വന്നിരുന്നു...........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story