സാഫല്യം: ഭാഗം 13

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കാൽമുട്ടിൽ മുഖം ഒളിപ്പിച്ചിരുന്നവൾ പെട്ടെന്ന് തന്നെ കണ്ടപ്പോൾ കണ്ണുകൾ തുറന്നു നോക്കിയത് കണ്ട് അത്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു റോയിയും..... "ഉറങ്ങിയില്ലായിരുന്നൊ...? സാധാരണ എന്നത് പോലെ തന്നെ അവൻ ചോദിച്ചു.... അവൾ ഇല്ല എന്ന് ഒരു വിധത്തിൽ മറുപടി പറഞ്ഞിരുന്നു..... കരഞ്ഞു തീർന്നതിന്റെ ബാക്കിപത്രം എന്നതുപോലെ അവളുടെ മുക്കിന് തുമ്പും നന്നേ ചുവന്നിരുന്നു.... ഒരു നിമിഷം അവൾ ഉൾക്കിടിലത്തോടെ ഓർത്തു..... അവനോടൊപ്പം ആണ് താനും ഈ മുറിയിൽ കഴിയേണ്ടത് എന്ന സത്യത്തെ കുറിച്ച്...... ഓർത്തപ്പോൾ തന്നെ അവൾക്ക് വല്ലായ്മ തോന്നിയിരുന്നു....... ജീവിതത്തിൽ തനിക്ക് കണ്ടു പരിചയം മാത്രമുള്ള ഒരു പുരുഷനൊപ്പം ഒരു രാത്രി മുഴുവൻ കഴിയുക...... അത് വല്ലാത്ത അസഹ്യമായി തോന്നിയിരുന്നു...... ഒരു നിമിഷം കൊണ്ട് തൻറെ മേലുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും സ്വന്തമാക്കിയവൻ.... അവളുടെ പിടയ്ക്കുന്ന മിഴികൾ പറഞ്ഞു തന്നു ക്രമതീതമായി മിടിക്കുന്ന ഹൃദയത്തിന്റെ ചലനം.... അവളോട് ഒന്നും സംസാരിക്കാതെ ഇട്ടിരുന്ന ഇന്നർ ബനിയൻ ഊരി അയയിലേ ക്ക് ഇട്ടിരുന്നു അവൾ.... അപ്പോഴേക്കും അവൾക്ക് എന്തൊക്കെയോ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു..... ആദ്യമായാണ് ഒരു പുരുഷനെ ഇത്രയും അർദ്ധനഗ്നനായി അരികിൽ കാണുന്നത്...

" ദേവി......! അവൻറെ ആ വിളി അവളിൽ വല്ലാത്ത ഒരു പ്രകമ്പനം തന്നെ സൃഷ്ടിച്ചിരുന്നു..... ആദ്യമായാണ് ഒരുവൻ തന്നെ ദേവി എന്ന് വിളിക്കുന്നത്..... സ്കൂളിൽ ഒരു കൂട്ടുകാരിയായിരുന്നു തന്നെ ആദ്യമായി ദേവി എന്ന് വിളിച്ചിരുന്നത്..... ബാക്കിയെല്ലാവർക്കും താൻ ദേവു ആയിരുന്നു..... അച്ഛനും ഗോപുവിനും അമ്മയ്ക്കും എല്ലാവർക്കും താൻ ദേവൂ ആയിരുന്നു.... എന്തിന് വൈശാഖൻ പോലും തന്നെ ദേവു എന്നായിരുന്നു അഭിസംബോധന ചെയ്യുന്നത്...... പക്ഷേ ദേവുവിനെ കാളും എന്നും തനിക്കിഷ്ടം ദേവി എന്ന് വിളിക്കുന്നത് ആയിരുന്നു...... മറുപടിക്കായി അവൻറെ മുഖത്തേക്ക് നോക്കുകയായിരുന്നു അവൾ ചെയ്തിരുന്നത്.... " ഇന്നലെ രാത്രിയിൽ താൻ ഉറങ്ങിയത് നല്ലൊരു സ്വപ്നങ്ങൾ കണ്ട് ആയിരിക്കും ഒരുപക്ഷേ താൻ ആഗ്രഹിച്ച ജീവിതത്തെക്കുറിച്ച്...... ഒരു വിവാഹവും ആദ്യരാത്രിയും ഒക്കെ ഒരു പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടാകുന്ന സ്വപ്നങ്ങൾക്ക് എത്രത്തോളം തിളക്കമുള്ളത് ആണെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റും........ ഇങ്ങനെയൊരു രാത്രി നമ്മൾ രണ്ടാളും പ്രതീക്ഷിച്ചതല്ല...... സംഭവിച്ചു പോയി.....!

ഇനിയിപ്പോ നമുക്ക് അതിന്റെ ഒപ്പം മുന്നോട്ടു കൊണ്ടുപോവുക എന്ന ഒരു മാർഗ്ഗം മാത്രമേ മുന്നിലുള്ളൂ....... താൻ ആഗ്രഹിച്ചതുപോലെ വൈശാഖിന്റെ അത്രയും സാമ്പത്തിക സ്ഥിതിയോ വിദ്യാഭ്യാസമൊ ഒന്നും എനിക്കില്ല....... തന്നെ അയാൾ നോക്കുന്നതുപോലെ നോക്കാനുള്ള കെൽപ്പ് എനിക്കില്ല...... ഞാനൊരു അത്താഴപ്പട്ടിണികാരനാണ്..... അന്ന് അന്നത്തെ അന്നതിന്റെ ആവശ്യത്തിനുവേണ്ടി മുച്ചക്ര മുരട്ടി വീട്ടിലെ പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റെടുത്ത് ഒരാൾ...... തനിക്ക് അറിയോ എന്ന് അറിയില്ല ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ...... എൻറെ വിദ്യാഭ്യാസ യോഗ്യത എന്ന് പറയുന്നത് തന്നെ അതാണ്...... പത്താംക്ലാസ് കഴിഞ്ഞ കിട്ടുന്ന ജോലികളൊക്കെ ചെയ്തിട്ടുണ്ട്..... കണ്ടില്ലേ ചാച്ചൻ ഇങ്ങനെ ആയിരുന്നു..... എന്നും ഇങ്ങനെ ആയിരുന്നു..... പക്ഷേ ഞാൻ ഒരിക്കലും കുറ്റം പറയില്ല.... കരിങ്കൽ ക്വറിയിലെ ജോലി വരെ ചെയ്തിട്ടുണ്ട്..... ആവുന്ന കാലത്ത് ഞങ്ങളെ നന്നായിട്ട് നോക്കിയിട്ടുണ്ട്....... ഞാനൊരു പത്താംക്ലാസ് ആവുന്ന സമയം വരെ എന്നും ചാച്ചൻ വൈകിട്ട് വീട്ടിൽ വരുമ്പോൾ എന്തെങ്കിലും ആഹാരം ഞങ്ങൾക്ക് കഴിക്കാൻ കൊണ്ടുവരും...... പരിപ്പുവടയും ബോണ്ടയും അങ്ങനെ എന്തെങ്കിലും...... നന്നായിട്ട് ഞങ്ങൾ മൂന്നാളും നോക്കിയിട്ടുണ്ട്..... പക്ഷേ എവിടെയോ ചാച്ചന് പിഴച്ചുപോയി.....

കടങ്ങളൊക്കെ കൂടിയപ്പോ അതിൽ നിന്നും മാറാൻ വേണ്ടി തിരഞ്ഞെടുത്ത വഴി മദ്യപാനം ആയിരുന്നു....... അന്നുമുതൽ ഇന്നുവരെ അത് ഉപേക്ഷിക്കാൻ പറ്റിയിട്ടില്ല...... പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് ചാച്ചന്റെ കുടിയുടെ പേര് പറഞ്ഞു എന്നും കരയുന്ന അമ്മച്ചിയെ ആണ്..... അതുകൊണ്ടുതന്നെ പിന്നെ എനിക്ക് പഠിക്കാൻ പോകാൻ തോന്നിയില്ല..... പിന്നീടങ്ങോട്ട് പൈസ കിട്ടുന്ന ജോലികൾ മാത്രം ആയിരുന്നു ലക്ഷ്യം.... അമ്മച്ചിയുടെ കരച്ചിൽ മാറണം, വീട്ടിലെ പെങ്ങമ്മാരുടെ പഠിത്തം നടക്കണം..... ഈ രണ്ട് കാര്യങ്ങൾ എൻറെ മനസ്സിൽ ഉണ്ടായിട്ടുള്ളൂ അതുകൊണ്ടുതന്നെ ഞാൻ പഠിത്തം ഒക്കെ ഉപേക്ഷിച്ച് കിട്ടുന്ന ജോലിക്ക് ഒക്കെ പോകാൻ തുടങ്ങി.... പെയിൻറിങ്,വാർക്കപ്പണി,കാറ്ററിങ്, അങ്ങനെ എല്ലാത്തിനും പോയി..... പിന്നീട് 18 വയസ്സ് കഴിഞ്ഞപ്പോഴാണ് ഓട്ടോയെ കുറിച്ച് ആലോചിക്കുന്നത്..... അതുകൊണ്ട് ഇപ്പോഴും ബുദ്ധിമുട്ടില്ലാതെ നടക്കുന്നു..... പിന്നെ റോസിച്ചേച്ചിയുടെ കല്യാണസമയത്ത് എടുത്ത കുറച്ചു കടങ്ങളും പ്രാരാബ്ധങ്ങളും മാത്രമേ പറയത്തക്ക കടമായിട്ട് മുന്നിലുള്ളൂ...... അതൊക്കെ ഏറെക്കുറെ തീർത്തു വരികയാണ്......

അപ്പോൾ ഞാൻ പറഞ്ഞു വന്നത് എൻറെ കൂടെ ജീവിക്കാൻ തുടങ്ങുമ്പോൾ ദേവി ആഗ്രഹിച്ചതുപോലെ വൈശാഖിനോടൊപ്പം ഒത്തുള്ളതുപോലൊരു ജീവിതമായിരിക്കില്ല......... ഇല്ലായ്മകളിൽ എൻറെ പരിമിതികളിൽ നിന്നുകൊണ്ട് നന്നായി തന്നെ ദേവിയെ നോക്കാൻ ഞാൻ ശ്രമിക്കും....... അതിനപ്പുറം ഒരു ഉറപ്പും എനിക്ക് പറയാൻ പറ്റില്ല....... തനിക്ക് എന്നെ സ്നേഹിക്കാനും അംഗീകരിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല....... അങ്ങനെ പറ്റത്തില്ല എങ്കിൽ അതും താൻ എന്നോട് പറഞ്ഞാൽ മതി, വേണ്ട കാര്യങ്ങളും നമുക്ക് ചെയ്യാം....... ആ ഒരു വാക്ക് മാത്രം അവളുടെ ഹൃദയത്തിൽ ഇടി പോലെ മുഴങ്ങിയിരുന്നു..... അതിന് എന്ത് ചെയ്യും എന്നാണ് അയാൾ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അവളുടെ മനസ്സ് തിരഞ്ഞ സംശയം.... " എന്താണെങ്കിലും ഞാൻ രജിസ്റ്ററിൽ ഒപ്പുവെച്ച നിമിഷം മുതൽ എൻറെ മനസ്സിൽ എൻറെ പെണ്ണായി തൻറെ മുഖം മാത്രമേ ഉള്ളൂ..... തനിക്ക് അത് സമ്മതമാണെങ്കിൽ നമുക്ക് മുന്നോട്ട് പോകാം...... അതല്ല എന്നെ അംഗീകരിക്കാൻ ഒരർത്ഥത്തിലും തനിക്ക് കഴിയുന്നില്ലെങ്കിൽ ഈ രാത്രി തന്നെ ഞാൻ തന്നെ വീട്ടിലേക്ക് കൊണ്ടുപോയി വിടാം..... അച്ഛൻറെ അവസ്ഥ ഓർത്ത് ആണ് താൻ എന്നെ വിവാഹം കഴിക്കാൻ സമ്മതം പറഞ്ഞതെങ്കിൽ രണ്ടാമതൊരിക്കൽ കൂടി തനിക്ക് ആലോചിക്കാൻ ഞാൻ ഒരു അവസരം നൽകുന്നത്.....

ഇവിടെ വന്ന നിമിഷം മുതൽ തൻറെ മുഖം ഞാൻ ഒന്ന് തെളിഞ്ഞു കണ്ടില്ല അതുകൊണ്ടാണ് ഒരിക്കൽ കൂടി ചോദിക്കാം എന്ന് കരുതിയത്...... പിന്നീട് ഞാൻ ചോദിക്കാത്തത് കൊണ്ട് തന്റെ ജീവിതം നഷ്ടപ്പെട്ടുപോയി എന്ന് എനിക്ക് തോന്നാൻ പാടില്ല.... തൻറെ മുഖത്തേക്ക് മറുപടിക്കായി പ്രതീക്ഷയോടെ മറുപടിക്കായി നോക്കുന്നവനൊട് എന്തു മറുപടി പറയണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ആ നിമിഷം ദേവികയും..... എന്താണ് അവൻ പറയുന്നത്..... " ഈ ജന്മം എനിക്ക് പറഞ്ഞിരിക്കുന്നത് ഈ ജീവിതമാണ്..... ഇന്നാർക്ക് ഇന്നാർ എന്ന് എഴുതി വച്ചിട്ടുണ്ട് ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.... ഈ ജീവിതത്തിൽ ഞാൻ സംതൃപ്തയാണ്..... പറഞ്ഞതുപോലെ വൈശാഖ് സർ ആയിട്ടുള്ള സ്വർഗതുല്യം ആയ ഒരു ജീവിതം ഒന്നും ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല...... പലവട്ടം അങ്ങനെ പറഞ്ഞപ്പോളും എതിർത്തിട്ടു മാത്രേ ഉള്ളൂ..... എന്നിട്ടും എൻറെ ജീവിതത്തിലേക്ക് വന്നുപോയതാണ് അച്ഛൻറെ സമാധാനത്തിനു വേണ്ടി ഞാൻ സമ്മതം പറഞ്ഞത് ആണ്.... അതിനു വേണ്ടി ആയിരുന്നു അല്ലാതെ ഒരിക്കലും ഞാൻ അങ്ങനെ ഒരു ജീവിതം സ്വപ്നം കണ്ടിട്ടില്ല..... ഇപ്പോൾ എൻറെ കയ്യിൽ വന്ന ജീവിതം ഞാൻ സ്വപ്നം കണ്ടതിലും ഒരു പാട് ഉയരത്തിൽ ആണ്.... എൻറെ മനസ്സിൽ എൻറെ വീടും വീട്ടുകാരും മാത്രമേ ഉണ്ടായിട്ടുള്ളൂ........ അതുകൊണ്ട് ഒരു വിവാഹജീവിതം ഞാൻ സ്വപ്നം കണ്ടിട്ടില്ല....

പലവട്ടം അകറ്റി നിർത്തിയിട്ടും വൈശാഖൻ സാറായിരുന്നു എൻറെ ജീവിതത്തിലേക്ക് വീണ്ടും വീണ്ടും കടന്നുവന്നത്...... ബുദ്ധിമുട്ടുകൾ ഇല്ലായ്മകളും പറഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറായിരുന്നില്ല...... തന്നെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് ഒരു ബുദ്ധിമുട്ട് അവൾക്കുണ്ട് എന്ന അവളുടെ വാക്കുകളിൽ നിന്നും അവൻ മനസ്സിലായിരുന്നു.... " എന്നെ റോയ്ച്ച എന്നു വിളിച്ചോളൂ..... എന്നെ പൊതുവേ എല്ലാവരും റോയ്ച്ചാ എന്നാണ് വിളിക്കുന്നത്...... പിന്നെ റാണിയും ചില കൂട്ടുകാരും ഒക്കെ റോയ്ച്ചായ എന്ന് വിളിക്കും..... തനിക്ക് ഇഷ്ടമുള്ള എന്തു വേണമെങ്കിലും വിളിക്കാം.... എന്നോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്നുള്ള സ്റ്റാർട്ടിങ് ട്രബൾ കണ്ടതുകൊണ്ടാണ് ഞാൻ പറഞ്ഞത്..... അതിനു മറുപടിയായി അവൾ ഒരു വരണ്ട ചിരി ചിരിക്കുക മാത്രമാണ് ചെയ്തത്.... അവനെ റോയ്ച്ച എന്ന് വിളിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി.... " അപ്പോ കിടന്നുറങ്ങാം അല്ലേ....? അവൾ തല അനക്കി.... അപ്പോഴേക്കും അവളോട് കിടന്നോളാൻ അവൻ പറഞ്ഞിരുന്നു..... ലൈറ്റ് കെടുത്തി അവളുടെ തൊട്ടരികിലായി അവനും കിടന്നിരുന്നു...... അവനൊട് കുറച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ അവനൊടുള്ള കുറച്ച് അപരിചിതത്വം മാറിപ്പോയി എന്ന് അവൾക്കും തോന്നിയിരുന്നു..... ആദ്യം ആയി ആയിരുന്നു അവനോട് ഇത്രയും സംസാരിക്കുന്നത്..... ഒരു പ്രതീക്ഷകളുടെയും ഭാരം ഇല്ലാതെ അവൾ മെല്ലെ കണ്ണുകൾ അടച്ചു......

കണ്ണുകളടച്ചു എങ്കിലും റോയിയുടെ മനസ്സിലും ദേവികയുടെ മുഖം തന്നെയായിരുന്നു....... ഒരിക്കലും അവളെ ശ്രദ്ധിച്ചിട്ടില്ല എന്ന് പറയാൻ സാധിക്കുകയില്ല..... സ്കൂളിൽ പഠിക്കുന്ന കാലത്തും മറ്റും പലവട്ടം ബസ്റ്റോപ്പിൽ നിന്ന് കൂട്ടുകാരുടെ ഒപ്പം നിൽക്കുന്ന സമയങ്ങളിൽ പലപ്പോഴും കണ്ണുകൾ ഉടക്കി നിന്നിട്ടുണ്ട്..... രാഘവേട്ടൻറെ മകൾ നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി ആണല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്....... പെൺകുട്ടികൾ ആയാൽ ദേവികയെ പോലെയുള്ള സ്വഭാവം ആയിരിക്കണം എന്നൊക്കെ കരുതിയിട്ടുണ്ട്...... രാഘവേട്ടൻ മകളെ പറ്റി പറയുമ്പോഴും അതൊക്കെ സന്തോഷപൂർവ്വം കേട്ടിട്ടുണ്ട്..... പക്ഷേ അതൊന്നും പ്രണയമായിരുന്നില്ല...... നാട്ടിലുള്ള സുന്ദരിയായ ഒരു പെൺകുട്ടിയെ എല്ലാ പുരുഷന്മാരും നോക്കുന്നത് പോലെ താനും നോക്കിയിട്ടുണ്ട്..... അല്ലാതെ അവളോട് പ്രത്യേകിച്ച് ഒരു ഭ്രമമോ ആരാധനയോ തനിക്ക് തോന്നിയിട്ടില്ല..... സുന്ദരിയാണ് എന്ന് ചിന്തിച്ചിട്ടുണ്ട്..... ആദ്യമായി വൈശാഖന്റെ കാറിൽ നിന്നും പോലീസുകാർ പിടികൂടിയെന്ന് രാഘവേട്ടൻ വേദനയോടെ പറഞ്ഞ നിമിഷം അവളോട് തനിക്ക് തോന്നിയ മതിപ്പ് മനസ്സിൽ ഇല്ലാതെയായിരുന്നു..... ആ നിമിഷം ചെറിയൊരു വേദന ഉടലെടുത്തിരുന്നു......

എന്നാൽ അച്ഛനെ കണ്ട് ഓടി വന്നു അച്ഛനോട് തന്റെ നിരപരാധിത്വം വെളിപ്പെടുത്തുന്നവളെ കണ്ടപ്പോൾ ആ പോയ ബഹുമാനം വീണ്ടും തിരികെ വന്നിരുന്നു..... തെറ്റൊന്നും ചെയ്തില്ല എന്ന് തോന്നിയിരുന്നു...... അതോടൊപ്പം അയാൾ വീണ്ടും വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് താൻ പ്രാർത്ഥിച്ചിരുന്നു..... ആ കുടുംബം അങ്ങനെയെങ്കിലും രക്ഷപ്പെടുന്നെങ്കിൽ അത് നന്നായിരിക്കും എന്ന് ആഗ്രഹിച്ചിരുന്നു..... അതുകൊണ്ടാണ് രാഘവേട്ടൻ ഏറെ സന്തോഷത്തോടെ വന്നു മകളുടെ വിവാഹത്തിന് ഒരു സാക്ഷിയായി പങ്കെടുക്കണം എന്ന് പറഞ്ഞപ്പോൾ താൻ സന്തോഷപൂർവ്വം വരാമെന്നു ഏറ്റത്.... പക്ഷേ ഒരിക്കൽ പോലും അത് തൻറെ വിവാഹത്തിനു വേണ്ടിയുള്ള ഒരുക്കം ആയിരുന്നു എന്ന് മനസ്സിൽ ചിന്തിച്ചിരുന്നില്ല..... നിസ്സഹായനായ രാഘവേട്ടന്റെ മുഖമായിരുന്നു ആദ്യം മനസ്സിൽ തെളിഞ്ഞുവരുന്നത്..... കുട്ടിക്കാലം മുതൽ ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ് തൻറെ അവസ്ഥകളും മറ്റും മനസ്സിലാക്കിയ ആളായിരുന്നു..... കുട്ടിയായിരുന്ന കാലത്ത് രാഘവേട്ടൻ നിൽക്കുന്ന കടയിൽ ചെല്ലുമ്പോൾ തൂക്കം നോക്കാതെ സാധനങ്ങൾ തരുന്ന ആൾ ആയിരുന്നു...... പിന്നീട് തൻറെ കയ്യിൽ ഇല്ലാഞ്ഞിട്ട് പോലും പലവട്ടം ചായയും ബോണ്ടയും ഒക്കെ വാങ്ങി തന്നിട്ടുണ്ട് സ്കൂളിൽ നിന്ന് വരുന്ന കാലത്ത്..... അതുകൊണ്ടൊക്കെ ആ മനുഷ്യനോട് തനിക്കൊരു കടപ്പാട് ഉണ്ടായിരുന്നു.....

ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു.... തൻറെ ചാച്ചനെ പോലെ തന്നെയായിരുന്നു അയാളെയും ഞാൻ കണ്ടിരുന്നത്..... കുടിച്ച് ബോധമില്ലാതെ വരുന്ന ചാച്ചനെ പലവട്ടം താങ്ങിയെടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ട്..... അതൊന്നും മറക്കാൻ കഴിയില്ല..... ആ മനുഷ്യൻ വേദനിക്കുന്നത് കണ്ടപ്പോൾ ഹൃദയം അറിയാതെ വേദനയിൽ നിറഞ്ഞു പോയിരുന്നു...... അതുകൊണ്ടാണ് ആ വിവാഹത്തിന്റെ കാര്യത്തെപ്പറ്റി താൻ ചിന്തിച്ചത്..... പിന്നീട് വിവാഹ സ്വപ്നങ്ങളുമായി രജിസ്ട്രാർ ഓഫീസിനു മുൻപിൽ വന്ന് മറ്റുള്ളവർക്ക് നോക്കുകുത്തി ആകേണ്ടി വന്ന ഒരു പെണ്ണിൻറെ അവസ്ഥ...... ഒരു നിമിഷം റാണിയെ പറ്റി തന്നെ ചിന്തിച്ചു പോയിരുന്നു..... അതുകൊണ്ടൊക്കെയാണ് താൻ മുന്നും പിന്നും നോക്കാതെ അവളെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്..... ഒരിക്കലും തന്റെ തീരുമാനം തെറ്റായി പോവില്ല എന്ന വിശ്വാസം ഈ നിമിഷവും ഉണ്ട്..... ദേവിക നല്ല കുട്ടിയാണ്.... പക്ഷേ മനസ്സിൽ ഇന്നും മായാതെ കിടക്കുന്ന ഒരു ചിത്രമുണ്ട്.... വൈശാഖിൻറെ കയ്യിൽ നിന്നും തന്നെ കണ്ടപ്പോൾ കുതറിമാറി നിൽക്കുന്ന ദേവിക..... പക്ഷേ അതൊക്കെ അവളുടെ പഴയ കാലമായി മറക്കാനാണ് തനിക്ക് ആഗ്രഹം..... പക്ഷേ അയാൾ ഒരിക്കലെങ്കിലും അവളെ തിരക്കി വന്നാൽ അവളുടെ മനസ്സിൽ അയാളോട് ഒരു പ്രണയം ഉണ്ടെങ്കിൽ, തന്റെ ജീവിതം എന്താകുമെന്ന ഒരു ചോദ്യചിഹ്നം റോയിയുടെ മുൻപിൽ തെളിഞ്ഞുവന്നു............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story