സാഫല്യം: ഭാഗം 2

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പെട്ടെന്ന് അവൾ ചുറ്റുപാടും ഒന്ന് നോക്കി, ആരെങ്കിലുമൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആയിരുന്നു അവൾ നോക്കിയത്....... ഗോപു അമ്മയുടെ അരികിലിരുന്ന് വിശേഷങ്ങൾ തിരക്കുന്ന തിരക്കിലാണ്...... അച്ഛനാണെങ്കിൽ ഉമ്മറത്തിരുന്ന് വിയർപ്പ് മാറ്റുകയാണ്...... അവൾ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു...... ശേഷം ഒന്നുകൂടി ഫോൺ ചെവിയോട് ചേർത്ത് തിരികെ ഹലോ പറഞ്ഞു..... " കേൾക്കുന്നുണ്ടോ.....? വൈശാഖൻ വീണ്ടും ചോദിച്ചു..... " പറഞ്ഞോളൂ....... എൻറെ നമ്പർ എങ്ങനെ കിട്ടി.....? "താൻ എൻറെ ടെക്സ്റ്റൈൽസിൽ തന്നെയല്ലേ ജോലി ചെയ്യുന്നത്...... അവിടെ നിന്ന് തന്റെ നമ്പർ എടുക്കാൻ ബുദ്ധിമുട്ടാണോ.....? എത്രയോ കാലങ്ങളായി തൻറെ നമ്പർ എൻറെ കയ്യിൽ ഉണ്ട്...... ശല്യപ്പെടുത്തേണ്ട എന്ന് വിചാരിച്ച് മാത്രമാണ് വിളിക്കാതിരുന്നത്..... പിന്നെ ഇപ്പൊൾ വിളിച്ചത്.....!!

എൻറെ ഒരു തീരുമാനം തന്നെ അറിയിക്കാനാണ്........ വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടു നടന്നിട്ടുള്ള എൻറെ സ്വപ്നം ആണ് താൻ....... ഞാൻ പല പ്രാവശ്യം തന്നോട് തുറന്നു പറഞ്ഞിട്ടും ഉണ്ട്..... പക്ഷേ അത് അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും എന്നെ ഇഷ്ടമല്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല...... കാരണം നിൻറെ കണ്ണുകളിൽ ഞാൻ കാണാറുണ്ട് എന്നോടുള്ള ഇഷ്ടം... ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഞാനുണ്ട്..... എൻറെ പ്രണയം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്, അതുകൊണ്ട് ഞാൻ തന്നോട് ചോദിക്കാൻ വിളിച്ചത് ആണ്..... ഞാൻ എൻറെ വീട്ടിൽ നമ്മുടെ കാര്യം പറയട്ടെ...... തന്നോട് ഒന്നു ചോദിക്കാതെ പറയാൻ എനിക്ക് മനസ്സുവന്നില്ല...... പെട്ടെന്ന് അവളുടെ ഹൃദയത്തിൽ ഒരു ഉൾക്കിടിലം ഉണ്ടായി..... ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊരു ഭയം അവളിൽ നിറഞ്ഞു നിന്നിരുന്നു..... "സർ ദയവുചെയ്ത് എൻറെ ജോലി കൂടി കളയരുത്...... ഞാൻ ഇന്ന് ഉച്ചയ്ക്ക് പറഞ്ഞതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല......

അറിയാല്ലോ എൻറെ കുടുംബത്തിൻറെ ആകെയുള്ള വരുമാനമാർഗ്ഗം ഈ ജോലി മാത്രമാണ്...... "താൻ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്...... ഇതിൽ കൂടുതൽ തനിക്ക് വിശ്വാസം ആകാൻ വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്..... " എനിക്ക് ഒരു വിശ്വാസം കുറവുമില്ല...... എനിക്കറിയാം എന്നെ ആത്മാർത്ഥമായി തന്നെയാണ് ഇഷ്ടപെടുന്നത് എന്ന്...... എൻറെ അവസ്ഥ കണ്ടതുകൊണ്ടു ആയിരിക്കും ഇഷ്ടമായത്..... പക്ഷേ ആ കണ്ണുകളിൽ ഞാൻ കാണുന്നത് എന്നോടുള്ള യഥാർത്ഥ പ്രണയമാണെന്ന് പറയാതെ തന്നെ എനിക്കറിയാം....... പക്ഷേ എനിക്ക് അർഹതയില്ല...... തുറന്നു പറഞ്ഞാൽ ഉടനെ സാറിൻറെ വീട്ടിൽ എല്ലാവരും സമ്മതിക്കും എന്നാണോ വിചാരിക്കുന്നത്....? ഒരിക്കലുമില്ല..... എന്നെ കുറച്ചുകൂടി ആപത്തിൽ ആക്കും എന്നല്ലാതെ മറ്റൊരു ഉപകാരവും ഉണ്ടാവില്ല..... സാറിന് എന്നെ മറന്നക്കു..... എന്നോട് തോന്നിയ ഇഷ്ടം മറന്നേക്കു.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒന്നും ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ......! അത് മാത്രമല്ല..... എനിക്ക് സാറിനെ ഇഷ്ടമാണെങ്കിൽ തന്നെ ഞാൻ എങ്ങനെയാണ് സർ എൻറെ കുടുംബം ഉപേക്ഷിച്ചു വരുന്നത്...... അങ്ങനെ പ്രേമിക്കാനും ഒളിച്ചോടാനും ഒന്നും പറ്റുന്ന ഒരു മാനസികാവസ്ഥയിലല്ലാ ഞാനും എൻറെ വീട്ടുകാരും......

സാറിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഒരു എതിർപ്പ് ഉണ്ടായാൽ സർ തീർച്ചയായും എന്നോടൊപ്പം മാത്രമേ നിൽക്കു എന്ന് എനിക്കറിയാം....... അങ്ങനെ ആകുമ്പോൾ സ്വാഭാവികമായിട്ടും ചിന്തിക്കുന്നത് വീട്ടിൽ നിന്നും ഇറങ്ങി വന്ന് ഒരുമിച്ച് ജീവിക്കാനുള്ള അവസ്ഥയായിരിക്കും....... അങ്ങനെ വീട്ടിൽനിന്നിറങ്ങി വരാനും സാറിനോടൊപ്പം സന്തോഷമായി ജീവിക്കാനും ഒന്നും പറ്റുന്ന സാഹചര്യമല്ല എനിക്ക്...... എന്നെ മാത്രം പ്രതീക്ഷിച്ച് കഴിയുന്ന മൂന്ന് കണ്ണുകളുണ്ട് ഇവിടെ..... അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല...... " ഇങ്ങനെ ഒന്നുമല്ല നടക്കുന്നത് എങ്കിലോ........ ഞാൻ തന്നോടുള്ള ഇഷ്ടം പറയുമ്പോൾ എല്ലാവരും അംഗീകരിച്ചലോ......? അങ്ങനെയാണെങ്കിൽ ഈ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ....... ദേവൂ തനിക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് പറഞ്ഞുകഴിഞ്ഞു........ നമ്മുടെ സ്വപ്നം പൂവണിയും...... " അതൊക്കെ കഥകളിലും സിനിമയിലും മാത്രം നടക്കുന്ന കാര്യം ആണ് സർ..... യഥാർത്ഥ ജീവിതത്തിൽ എന്നെ പോലെ അത്താഴപ്പട്ടിണികാരിയെ വിവാഹം കഴിക്കാൻ സാറിൻറെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല..... "

പക്ഷെ എൻറെ മനസ്സിൽ ഈ അത്താഴപ്പട്ടിണി കാരി സ്ഥാനംപിടിച്ച കഴിഞ്ഞല്ലോ...... ഇനിയിപ്പോ എന്ത് ചെയ്യും....? കാത്തിരിക്കാൻ താൻ പറഞ്ഞാലും ഞാൻ തയ്യാറാണ്...... എത്ര കാലം വേണമെങ്കിലും തനിക്ക് വേണ്ടി കാത്തിരിക്കാനും..... എല്ലാ പ്രാരാബ്ധങ്ങളും നീക്കി താൻ എന്റെ അരികിലേക്ക് ഓടി വരുമെങ്കിൽ...... "അങ്ങനെ പറയാൻ പോലും എനിക്ക് കഴിയില്ല സാർ...... കാരണം ഞാൻ ഈ വീട്ടിലെ മൂത്തകുട്ടി ആയിപ്പോയില്ലേ......? അങ്ങനെ എല്ലാം ഇട്ടെറിഞ്ഞ് പ്രണയത്തിനു വേണ്ടി ദാഹിച്ച് സാറിനു അരികിലേക്ക് ഓടി വരാൻ മാത്രം എനിക്ക് കഴിയില്ല സർ..... " ദേവൂ വാശിപിടിക്കാണ് നീ..... എന്നിൽ ഒരു അകലം ഉണ്ടാക്കാൻ വേണ്ടിയിട്ട്...... "അല്ല...!! എന്തിനാണ് ഞാൻ വാശിപിടിക്കുന്നത്...... സാറിന് എന്നോട് ഒരു ഇഷ്ടം തോന്നി എന്നുള്ളത് എന്റെ ഭാഗ്യം അല്ലേ...... ഇത്ര വർഷവും എന്നെ തന്നെ മനസ്സിൽ കൊണ്ടുനടന്നു എന്നുപറയുമ്പോൾ അവിടെ ഞാൻ എന്തിന് വാശിപിടിക്കുന്നത്.... "താൻ എന്തൊക്കെ പറഞ്ഞാലും, എൻറെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നുണ്ട് എങ്കിൽ അത് ദേവിക മാത്രമായിരിക്കും.....

അതിനപ്പുറം മറ്റൊന്നും എനിക്കിനി പറയാനില്ല തന്നോട്....... ഞാൻ എന്തൊക്കെ പറഞ്ഞാലും തനിക്ക് തൻറെതായ ന്യായീകരണങ്ങൾ ഉണ്ട്....... താൻ സ്വന്തമായി ഉണ്ടാക്കിയ ചട്ടക്കൂടിൽ നിന്ന് പുറത്തുവരാൻ താൻ ആഗ്രഹിക്കുന്നില്ല..... ഞാൻ ഹൃദയം തുറന്നു കാണിച്ചാലും അങ്ങനെതന്നെയായിരിക്കും പ്രതികരിക്കുന്നത്....... അത്രയും പറഞ്ഞ് അവൻ ഫോൺ വച്ചപ്പോൾ എന്തുചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ദേവികയും........ ചെകുത്താനും കടലിനും ഇടയിൽ പെട്ട് എന്ന് പറഞ്ഞത് പോലെ ആയിരുന്നു അവൾ....... അവൻറെ സ്നേഹം തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന് ഒരു അവസ്ഥ....... എന്ത് ചെയ്യും.....? ഓരോ നിമിഷവും സ്നേഹം കൊണ്ട് അവൻ തന്നെ തോൽപ്പിക്കുകയാണ്...... പല പ്രാവശ്യം താൻ കണ്ടിട്ടുണ്ട് അവന്റെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന തന്നോടുള്ള ആത്മാർത്ഥ പ്രണയം..... ഹൃദയത്തിൽ ദേവിക എന്ന പേര് അവൻ കൊത്തിവച്ചിരിക്കുന്നത്...... പക്ഷേ പല പ്രാവശ്യവും കണ്ണടയ്ക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ...... ഒരിക്കലും യാഥാർഥ്യം ആവാത്ത സന്തോഷമുള്ള ഒരു കാര്യമാണ്......

സുന്ദരമായ ഒരു സ്വപ്നം പോലെ........ പുലരുമ്പോൾ മാഞ്ഞുപോകുന്ന ഒരു സുന്ദര സ്വപ്നം പോലെ...... അവനൊരു സൂര്യനും താനൊരു സൂര്യകാന്തിയും ആണെന്ന് അവൾ ഓർത്തുപോയി ഒരു നിമിഷം....... ആ രാത്രിയിൽ എന്തുകൊണ്ടോ അവൾക്ക് ഉറക്കം വന്നില്ല...... സ്വപ്നത്തിൽ ഒക്കെയും വൈശാഖൻ തന്നെയായിരുന്നു...... അവന്റെ വാക്കുകളും...... ഹൃദയം വല്ലാതെ അവന്റെ വാക്കുകൾ കൊണ്ട് അസ്വസ്ഥത തീർക്കുന്നുണ്ട്..... കടിഞ്ഞാണിട്ട് നിർത്തിയിരിക്കുകയാണ് താൻ....... ഒരിക്കലും മറക്കാത്ത ഒരു സുന്ദര സ്വപ്നമാണ് അവൻ തനിക്ക്...... തൻറെ മുൻപിൽ നിൽക്കുന്ന ഒരു ഭ്രമം പോലെ...... തനിക്ക് മുൻപിൽ ചില വസ്തുക്കളോട് തനിക്ക് തോന്നുന്ന ഒരു ഭ്രമം പോലെയുള്ള ഇഷ്ടമാണ് അവനോട് തോന്നുന്നത് എന്ന് അവൾ ഒരു നിമിഷം ഓർത്തു........ പിറ്റേന്ന് രാവിലെ വൈശാഖൻ ഓഫീസിലേക്ക് പുറപ്പെട്ടപ്പോൾ മുറ്റത്ത് ഒരു ഓഡി കാർ വന്നുനിന്നു........ അതിൽനിന്നും ഭംഗിയായി സൽവാർ ധരിച്ച ഒരു പെൺകുട്ടി ഇറങ്ങി...... അവളുടെ സിൽക്ക് മുടിയിഴകൾ കാറ്റിൽ പറന്നു.....

വൈശാഖനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് കുറുകിയിരിക്കുന്നു.... അമ്പലത്തിൽ നിന്നുള്ള വരവാണ് എന്ന് നെറ്റിയിലെ ഭസ്മം വിളിച്ചോതി...... അവൾ ഓടിവന്ന് അധികാര പൂർവ്വം ഇല ചീന്തിൽ നിന്നും പ്രസാദം എടുത്ത് വൈശാഖന്റെ നിറുകയിൽ ചാർത്തി..... അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അവൻ അനിഷ്ടം ഒന്നും കാണിച്ചില്ല..... പുറകെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് വൈശാഖിന്റെ മുഖം വിടർന്നു....... അവൻ കൈ വിടർത്തി അവൻറെ അരികിലേക്ക് ചെന്നു..... അവനെ ഒന്നു കെട്ടിപ്പിടിച്ചു..... " ആഹ്..... ഗൗതം.... മച്ചു നിന്നെ എത്ര നാളായി കണ്ടിട്ട്...... നീ എന്നാ ബാംഗ്ലൂരിൽനിന്ന് ഇവിടെ ലാൻഡ് ചെയ്തത്...... " ഇന്നലെ ഈവനിംഗ് വന്നു..... അപ്പോൾ ഇവൾക്ക് ഒരേ നിർബന്ധം, രണ്ടുപേർക്കും കൂടി അമ്പലത്തിൽ പോണം, ഇവിടേക്ക് വരണം എന്നൊക്കെ...... നിന്നെ കുറിച്ച് പറയുമ്പോൾ നൂറു നാവാണല്ലോ...... ചിരിയോടെ ഗ്രീഷ്മയെ കുറിച്ച് അത്രയും പറഞ്ഞെങ്കിലും അപ്പോഴേക്കും വൈശാഖന്റെ മുഖത്തെ ചിരി മാഞ്ഞു പോയത് ഗൗതം ശ്രദ്ധിച്ചിരുന്നു......... " നീ ഷോപ്പിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയതാണോ.....? അവൻ വിഷയം മാറ്റാൻ വേണ്ടി പറഞ്ഞു....

"അതേടാ....!! നിങ്ങൾ രണ്ടും കൂടി ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഇങ്ങോട്ട് കെട്ടി എടുക്കുന്ന വിവരം ഞാനറിഞ്ഞില്ലല്ലോ...... ചിരിയോടെ വൈശാഖൻ പറഞ്ഞു..... "ഉടനെ പോകണ്ട വിച്ചുവേട്ട...... കുറച്ച് സമയം കഴിയട്ടെ...... ഗ്രീഷ്മ കൊഞ്ചലോടെ പറഞ്ഞെങ്കിലും ഗൗതമിനെ ഓർത്ത് വൈശാഖ് അകത്തേക്ക് കയറിയിരുന്നു...... ഗ്രീഷ്മയും ഗൗതവും വൈശാഖന്റെ അച്ഛന്റെ പെങ്ങളുടെ മക്കൾ ആണ്...... പറയുകയാണെങ്കിൽ വൈശാഖിന്റെ മുറപ്പെണ്ണ് ആണ് ഗ്രീഷ്മ..... ആ അവകാശം അവൾ ആവോളം അവനോട് കാണിക്കുന്നുണ്ട്..... കുറച്ച് സമയം വൈശാഖന്റെ ചോര ഊറ്റിയതിനുശേഷം ഗ്രീഷ്മ നേരെ അടുക്കളയിലേക്ക് ചെന്നു...... അവിടെ ചെന്ന് സാവിത്രിയൊടെ കത്തി വയ്ക്കുകയായിരുന്നു..... വൈശാഖന്റെ മുഖത്തെ അസ്വസ്ഥത കണ്ട് ഒരല്പം സംശയം തോന്നി തന്നെ ഗൗതം വൈശാഖിനോട് കാര്യം തിരക്കി....... " എന്താടാ നിൻറെ മുഖത്ത് വല്ലാത്ത ഒരു എക്സ്പ്രേഷൻ...... " നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "എന്ത് കാര്യം...... " നീ ഗ്രീഷ്മയെ പറഞ്ഞു മനസ്സിലാക്കണം...... എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയില്ല......

പെട്ടെന്ന് ഗൗതമിന്റെ മുഖത്തെ ചിരി മാറിയിരുന്നു..... എങ്കിലും അത് വൈശാഖൻ കാണാതിരിക്കുന്നത് വേണ്ടി അവൻ ആ ചിരി വീണ്ടും മുഖത്ത് വരുത്തിയിരുന്നു....... " മറ്റൊന്നും കൊണ്ടല്ല എൻറെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ട്...... ഗൗതമിന്റെ മുഖം ദേഷ്യത്താൽ കുറുകി ..... " ആണോ എന്നിട്ട് നീ ഇതുവരെ എന്നോട് തുറന്നു പറഞ്ഞില്ലല്ലോ......? പേരെന്താ.....? " അങ്ങനെ തുറന്നു പറയാനും മാത്രമുള്ള ഇഷ്ടമല്ല...... എന്റെ ജൂനിയറായി സ്കൂളിൽ പഠിച്ചത് ആണ്...... അന്നുമുതൽ ഇഷ്ടം ഉണ്ടായിരുന്നു...... പക്ഷേ ഞാൻ എൻറെ മനസ്സ് പറഞ്ഞിട്ടും അവൾ അത് സമ്മതിച്ചു തരുന്നില്ല....... അതുകൊണ്ടാ...... ഇപ്പോൾ നമ്മുടെ ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത് ...... "എന്ത് ജോലി.... "സെയിൽസ് ഗേൾ... "അപ്പോൾ സഹതാപട്രാക്ക് ആണോടാ... "അല്ലടാ...!!മനസ്സിൽ എന്നോ വേരുറച്ചു പോയി ....... " നീ വിഷമിക്കേണ്ട...... നീ നിൻറെ പ്രണയം സെറ്റാക്കിക്കോ...... അവളെ പറഞ്ഞു ഞാൻ മനസ്സിലാക്കികൊള്ളാം..... വൈശാഖന്റെ മനസ്സ് നിറഞ്ഞു...... " ശരിയാട ...!! ഇനി ഞാൻ ഒരുപാട് നിൽക്കുന്നില്ല സമയം പോകും, അത് പറഞ്ഞ വൈശാഖൻ അവന് കൈ കൊടുത്തു ഇറങ്ങിയപ്പോൾ ഗൗതം മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു.......

നാലഞ്ചു കോടിയുടെ സ്വത്ത് വരുന്ന വൈശാഖിനെ അങ്ങനെ ഏതെങ്കിലും ഒരു സെയിൽസ് ഗേളിനു വിട്ടുകൊടുക്കാൻ ഗൗതം തയ്യാറായിരുന്നില്ല..... അവൻ ഒരു പെണ്ണിനെ താലികെട്ടുന്ന ഉണ്ടെങ്കിൽ അത് ഗ്രീഷ്മയെ മാത്രമായിരിക്കും...... ആ നിമിഷം ഗൗതം അത് മനസ്സിൽ ഉറപ്പിച്ചിരുന്നു.... 🌼🌼🌼🌼🌼🥀🥀🥀🥀🥀🥀🌼🌼🌼🌼 പിറ്റേന്ന് നേരത്തെ തന്നെ അവൾ ഒരുങ്ങി പോയിരുന്നു..... ഷോപ്പിന് മുൻപിൽ എത്തുമ്പോൾ തന്നെ കണ്ടിരുന്നു വൈശാഖിന്റെ കാർ........ ആൾ ഇന്ന് നേരത്തെ എത്തിയിട്ടുണ്ട് എന്ന് അവൾക്ക് മനസിലായി....... അവൾ ക്യാബിനിലുള്ള അവനെയും ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി അവളുടെ ജോലികളിൽ വ്യാപൃതയായി......... അന്ന് രാവിലെ 11 മണി ആയപ്പോഴേക്കും ഗൗതം ഷോപ്പിലേക്ക് എത്തിയിരുന്നു.... പെട്ടെന്ന് ഗൗതമിനെ അവിടെ കണ്ടപ്പോൾ വൈശാഖൻ ഒന്ന് ഞെട്ടി ഇരുന്നു....... "സർപ്രൈസ് ആയലോ..... "വെറുതെ ഇറങ്ങിയത് ആണ്.... എവിടെയാണ് നിന്റെ കൊച്ച്.... ഒന്ന് കാണാൻ വന്നതാ നിന്റെ രാജകുമാരിയെ..... പെട്ടന്ന് അവന്റെ കണ്ണുകൾ വിടർന്നു.... കസ്റ്റമർ ആയി സംസാരിച്ചുകൊണ്ട് നിൽക്കുന്ന ദേവിക ചൂണ്ടി വൈശാഖൻ കാണിച്ചപ്പോൾ,ഗൗതമിൻറെ കണ്ണുകൾ അവളുടെ ആകാരവടിവിലും അംഗലാവണ്യത്തിലും ആണ് ചെന്ന് നിന്നത്......

നീണ്ട മുടിയും വിടർന്ന കണ്ണുകളും ഉള്ള ഒരു സുന്ദരി പെൺകുട്ടി...... കണ്ടാൽ ഒരു അപ്സരസ്സിനെ പോലെ....... വൈശാഖിനെ തെറ്റുപറയാൻ സാധിക്കില്ല എന്ന് ആ നിമിഷം ഗൗതം ഓർക്കുകയായിരുന്നു...... കുറച്ചു സമയം കൂടി അവിടെ ഇറങ്ങിയ ശേഷം ആണ് അവൻ പോകാൻ ഇറങ്ങിയത്.... കുറെ സമയങ്ങൾക്ക് ശേഷമാണ് സുഗന്ധി വന്ന് പറയുന്നത്.... "സാർ നിന്നെ തിരക്കായിരുന്നു..... എവിടുന്നൊക്കെയോ തിരിച്ചു വന്നിരുന്ന ധൈര്യം വീണ്ടും നഷ്ടപ്പെട്ടു തുടങ്ങി...... വീണ്ടും ഒരു കൂടിക്കാഴ്ച..... തൻറെ മനസ്സിൻറെ ത്രാണി കളയാൻ മാത്രമേ അത് ഉപകരിക്കുകയുള്ളൂ........ എന്തും വരട്ടെ എന്ന് കരുതി അവൾ അകത്തേക്ക് കയറി...... പതിവിനു വിപരീതമായി അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...... അവളുടെ അരികിലേക്ക് വന്നു നിന്നു കൊണ്ട് പറഞ്ഞു........... "വൈകുന്നേരം ഒരല്പം നേരത്തെ ഇറങ്ങണം....... എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്...... " സാർ ഞാൻ പറയുന്നത്..... "ഒന്നും പറയണ്ട..... അവൻ ചൂണ്ടുവിരൽ അവന്റെ ചുണ്ടിന് മുകളിൽ വച്ചു പറഞ്ഞു.....

ഒരു നിമിഷം അവൾ വല്ലാതായി പോയിരുന്നു..... " ഒന്നും പറയണ്ട..... ആർദ്രമായി അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ ചിമ്മി കൊണ്ട് അവൻ കുസൃതിയായി പറഞ്ഞു...... ശേഷം അവളോട് പോയ്ക്കോളാൻ ആംഗ്യം കാണിച്ചു...... ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങുമ്പോഴും അവളുടെ ഹൃദയതാളം വർദ്ധിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....... എന്തൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് അവൾക്ക് അറിയുമായിരുന്നില്ല...... ഉച്ച കഴിഞ്ഞപ്പോൾ മുതൽ അവളിൽ ഒരു വിറയൽ പടരാൻ തുടങ്ങിയിരുന്നു....... മൂന്ന് മണി ആയപ്പോഴേക്കും ക്യാബിനിൽ നിന്നും ഇറങ്ങി വന്നിരുന്നു..... ശേഷം അവളുടെ അരികിലേക്ക് വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവളുടെ കാതിൽ പറഞ്ഞു..... " 10 മിനിറ്റിനു ശേഷം അവിടെ ബസ്റ്റോപ്പിൽ വരണം.... ഞാൻ അവിടെ കാത്തു നിൽക്കും....... എനിക്ക് സംസാരിക്കണം.. വന്നില്ലെങ്കിൽ ഇന്ന് ഞാൻ തന്റെ വീട്ടിൽ വരും...... വന്നു അച്ഛനോട് സംസാരിക്കും...... ഉറപ്പാണ്.....!! അവസാനത്തെ അവൻറെ ആ മറുപടിയിൽ അവൾ ശരിക്കും ഒന്ന് ഭയന്നു പോയിരുന്നു...... " വരുമോ.....?? കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൾക്ക് വരില്ല എന്ന് പറയാൻ തോന്നിയിരുന്നില്ല....

" വ.... വര.... വരാം..... പരിഭ്രമത്തോടെ പറയുന്നവളെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം ഇരുകണ്ണുകളും ഒന്ന് ചിമ്മി അവൻ മെല്ലെ ഇറങ്ങി പോയി..... പോകുന്ന വഴിയിൽ സുഗന്ധിയുടെ എന്തോ ഒന്ന് പറയുന്നത് അവൾ കണ്ടിരുന്നു...... സുഗന്ധി തന്നെ നോക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവളിൽ ഒരു ഭയം തോന്നിയിരുന്നു...... അവൻ പോയതും സുഗന്ധി അവളുടെ അരികിലേക്ക് വന്നു..... " നീ പൊയ്ക്കോ നിന്നെ വിടണം എന്ന് സാർ പറഞ്ഞിരുന്നു....... അപ്പോഴാണ് അവൾക്ക് മനസ്സിലായത് അവൻ പറഞ്ഞത് ആ കാര്യമാണ് എന്ന്...... വരുത്തിവെച്ച ഒരു ചിരി നൽകികൊണ്ട് അവൾ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു....... പുറത്തേക്ക് ഇറങ്ങിയതും കാലുകൾക്ക് പതിവ് വേഗത ഇല്ല എന്ന് അവൾക്ക് തോന്നിയിരുന്നു...... ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ തന്നെ കണ്ടിരുന്നു കുറച്ച് അകലെ വിലകൂടിയ ഒരു കാറ് കിടക്കുന്നത്....... അവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അവൻറെ ചുണ്ടിലൊരു കുസൃതി ചിരിയും ഊറിയിരുന്നു....... അവൾ അത് കൃത്യമായി കാണുകയും ചെയ്തു...... അവൾ നടന്ന് അരികിലേക്ക് വന്നപ്പോൾ തന്നെ അവൻ കോ ഡ്രൈവർ സീറ്റ് തുറന്നു കൊടുത്തിരുന്നു...... അകത്തേക്ക് കേറാതെ വീണ്ടും പരിഭ്രമിച്ചു നിൽക്കുന്നവളെ അവൻ ഒന്ന് രൂക്ഷമായി നോക്കി.....

" വേണ്ട...... ആരെങ്കിലും കണ്ടാൽ പിന്നെ അത് പ്രശ്നമാകും..... " ഒരു പ്രശ്നവുമില്ല...... കണ്ടാൽ പ്രശ്നമാകുന്നുണ്ടെങ്കിൽ ഞാൻ നിന്നെ അങ്ങ് കേട്ടിക്കോളാം...... ശബ്ദത്തിലെ പതിവില്ലാത്ത അധികാരം അവൾ ശ്രദ്ധിച്ചു..... ഒടുവിൽ മനസ്സില്ലാമനസ്സോടെ അവൾ പിറകിലെ സീറ്റിന്റെ ഡോർ തുറന്ന് കയറാൻ തുടങ്ങിയപ്പോൾ അവൻ അവളെ വിളിച്ചു..... "ഹലോ ഞാൻ ഡ്രൈവർ ഒന്നുമല്ല...... നീ പുറകിൽ കയറാൻ.... കൊച്ച് വന്നു മുന്നിൽ ഇരിക്ക്..... മുന്നിലോട്ട് കയറി വാ പെണ്ണെ..... തമാശയായി അവൻ പറഞ്ഞപ്പോൾ അവൾ വേദനയോടെ അവനെ നോക്കി..... " ഇങ്ങനെ പേടിക്കാതെ ദേവൂ..... ഇങ്ങനെ ആൾക്കാരെ ഭയന്ന് എങ്ങനെ ജീവിക്കാൻ ആണ്.... നീ പേടിക്കേണ്ട...... ആരും കാണുന്നില്ല...... ഇനി ആരെങ്കിലും കണ്ടു നിനക്ക് വല്ല മാനക്കേട് ഉണ്ടാക്കുകയാണെങ്കിൽ ഞാൻ നിന്നെ കെട്ടിക്കോളാം..... അത് പോരെ......!! ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ഇനി ഒന്നും അവനോട് പറഞ്ഞിട്ട് അർത്ഥമില്ല എന്ന് അവൾക്ക് മനസ്സിലായിരുന്നു...... അവസാനം അവൻറെ വാശി തന്നെ വിജയിച്ചു...... അവൾ മനസ്സില്ലാമനസ്സോടെ മുൻപിലേക്ക് കയറി ഇരുന്നു...... അവൻറെ ചുണ്ടിലൊരു വിജയചിരി മിന്നി...... പിന്നീട് പെട്ടെന്ന് തന്നെ വണ്ടി പാഞ്ഞു...... അവരെ നിരീക്ഷിച്ചു അവർക്ക് പിന്നാലെ വരുന്ന രണ്ടു കണ്ണുകൾ അവർ കണ്ടിരുന്നില്ല......!!

രണ്ടുപേരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല...... മൗനം ഭീകരമായിട്ട് ആയിരുന്നു ആ നിമിഷം അവൾക്ക് തോന്നിയിരുന്നത്...... വണ്ടി ഏതോ സ്ഥലത്തേക്ക് പായുന്നുണ്ടായിരുന്നു..... അവൻ കൈ എത്തിച്ചു സ്റ്റിരിയോ ഓൺ ആക്കി...... 🎶🎶ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ... ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ.. ഇനിയൊന്നു പാടൂ ഹൃദയമേ....🎶🎶🎶 ഒരുവേള അവൾക്കു ഒരു പരിഭ്രമം തോന്നിയിരുന്നു..... ചാടിക്കയറി അവനോടൊപ്പം വരേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി....... അവളുടെ മുഖത്തെ ഭയം കണ്ടു കൊണ്ടാണ് അവൻ ചോദിച്ചത്..... " എന്താ തനിക്ക് എന്നെ പേടിയുണ്ടോ......? " ഇല്ല..... പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു അവളുടെ ശബ്ദം..... "അതെന്താ ഇല്ലാത്തത്.....? കുസൃതിയോടെ അവൻ വീണ്ടും ചോദിച്ചു..... " എനിക്ക് പേടിയില്ല.... " പേടിയില്ല എന്നത് സമ്മതിച്ചു ഇഷ്ടമുണ്ടോ....? " ഞാൻ എന്തിന് ആണ് സാറിനോട് ഇഷ്ടക്കുറവ് കാണിക്കുന്നത്..... എനിക്ക് സാറിനോട് ഒരു ഇഷ്ടക്കേട് ഇല്ല...... "ആ ഇഷ്ടമല്ല ഞാൻ ചോദിച്ചത്..... അത്‌ എന്താണ് എന്ന് നിനക്കും അറിയാം എനിക്കുമറിയാം...... പിന്നെ നീ ഇങ്ങനെ പൊട്ടൻ കളിക്കണ്ട കാര്യമൊന്നുമില്ല..... ഞാൻ നിൻറെ മനസ്സ് അറിഞ്ഞിട്ടുണ്ട് പെണ്ണെ......

ചിരിയോടെ സ്റ്റിയറിങ്ങിനു അരികിലിരുന്ന് അവളുടെ കയ്യിൽ കൈ ചേർത്തു..... ഒരു നിമിഷം അവളിൽ ഒരു വിറയൽ കയറിയിരുന്നു...... അവളുടെ മുഖത്തെ പരിഭ്രമവും അധരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുതുള്ളികളും കൗതുകത്തോടെ അവൻ കണ്ടു..... " താൻ ഇങ്ങനെ പേടിക്കുന്നത് എന്തിനാ...... ഞാൻ തന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല..... തന്റെ മനസ്സു ഒന്ന് അറിയണം...... സത്യം പറ..... എന്നോട് ഈ മനസ്സിൽ ഇഷ്ടം ഇല്ലേ......? ഇല്ലങ്കിൽ തുറന്നു പറഞ്ഞൊ ഇന്നത്തോടെ തീരും എന്റെ ശല്യം...... തനിക്ക് തൻറെ മനസ്സിൽ എന്നോട് ഒരു തരി പോലും ഇഷ്ടമില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ഞാൻ തന്റെ പിന്നാലെ വരില്ല...... അവൻ ആ പറഞ്ഞത് ആത്മാർത്ഥമായി ആയിരുന്നു എന്ന് അവൻറെ ഇടറിയ വാക്കുകൾ അവൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു....... ഒരുവേള അവൾക്കും വേദന തോന്നിയിരുന്നു...... ഒരിക്കൽ പോലും അവൻ മോശമായി തന്നോട് പെരുമാറിയിട്ട് ഇല്ല...... പ്രണയമായിരുന്നു അവൻറെ ഉള്ളിൽ....... കറതീർന്ന പ്രണയം...!! ഇനിയെങ്കിലും തൻറെ മനസ്സ് അവനു മുൻപിൽ മൂടി വെക്കുന്നത് ശരിയല്ല എന്ന് ദേവികയ്ക്ക് തോന്നിയിരുന്നു...... " എനിക്ക് ഒരു ഇഷ്ട കുറവുമില്ല..... "

ഇഷ്ട കുറവുണ്ടോ കൂടുതൽ ഉണ്ടോ എന്നൊന്നും അല്ല ഞാൻ ചോദിച്ചത്..... തൻറെ മനസ്സിൽ ഞാൻ ഉണ്ടോ എന്നാണ്.....? " അങ്ങനെ ചോദിച്ചാൽ പറയാൻ എനിക്ക് അറിയില്ല സാർ..... അതിന് മറുപടി എൻറെ കയ്യിൽ ഇല്ല..... പക്ഷേ ഒന്നു മാത്രം ഞാൻ പറയാം ഇന്നലെ രാത്രിയിൽ മുഴുവൻ എൻറെ ചിന്തകളിൽ സാർ ഉണ്ടായിരുന്നു...... സാറിൻറെ വാക്കുകൾ ഉണ്ടായിരുന്നു..... സാറിൻറെ മുഖം ഉണ്ടായിരുന്നു..... പക്ഷെ അത്‌ പ്രണയമല്ല സർ..... അത് പറഞ്ഞപ്പോഴേക്കും അരുണാഭമാകുന്ന അവൻറെ മുഖം അത്ഭുതത്തോടെയാണ് അവൾ കണ്ടിരുന്നത്...... " അത്‌ പ്രണയം തന്നെ ആണെടോ..... ഇനി എന്നും തൻറെ ചിന്തകളിൽ ഞാൻ മാത്രം ഉണ്ടാകണം എന്നാണ് എൻറെ ആഗ്രഹം..... എന്റെ സ്വപ്നങ്ങളിൽ എത്രയോ കാലങ്ങളായി നീ മാത്രമാണുള്ളത്....... ഇനിയെങ്കിലും ഈ മനസ്സ് അറിയണം..... ആളൊഴിഞ്ഞ ഒരു സ്ഥലത്ത് വണ്ടി നിർത്തി അവൻ അവളുടെ കൈകൾ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു കൊണ്ട് ചോദിച്ചു......

അവൻറെ കണ്ണിൽ നിമിഷനേരം മിന്നിമാഞ്ഞ ആ പ്രണയത്തിനു മുന്നിൽ ഒന്നും പറയാനുണ്ടായിരുന്നില്ല അവൾക്ക്.... എങ്കിലും ധൈര്യം സംഭാരിച്ചു പറഞ്ഞു.... "എനിക്ക് സാറിനോട് ഇഷ്ട്ടം ഉണ്ട്, ബഹുമാനം ഉണ്ട്, പക്ഷെ പ്രണയം ഉണ്ടോന്ന് ചോദിച്ചാൽ അതിന് മറുപടി ഇല്ല...... ഇഷ്ട്ടം ഉണ്ടെന്ന് പറഞ്ഞ ഒരു സമ്മതം മാത്രം മതിയായിരുന്നു അവൻറെ മനസ്സിന് ഒരു സന്തോഷം ലഭിക്കാൻ വേണ്ടി...... എത്ര സമയം അവൻ അവളെ അങ്ങനെ നോക്കിയിരുന്നു എന്ന് അവന് അറിയുമായിരുന്നില്ല.... അവൾക്ക് അവന്റെ നോട്ടം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു..... ആരോ കാറിന്റെ ഡോറിൽ ശക്തമായി കൊട്ടി.... പെട്ടന്ന് വൈശാഖൻ ഗ്ലാസ്സ് ഉയർത്തിട്ടുണ്ടായിരുന്നു..... അവളുടെ കൈ ആ നിമിഷവും അവൻറെ നെഞ്ചിൽ തന്നെയായിരുന്നു....... രണ്ടുപേരും സ്വപ്നലോകത്ത് എന്നതുപോലെ ഉണർന്നു..... അവൻ ഗ്ലാസ്‌ താഴ്ത്തി....... മുന്നിൽ നിൽക്കുന്ന ഒരു പോലീസുകാരനാണ് ആദ്യകാഴ്ചയിൽ കണ്ടത്...... പെട്ടെന്ന് തന്നെ അവളിൽ ഒരു ഭയം ഉടലെടുത്തിരുന്നു................. (തുടരും )………..

സാഫല്യം : ഭാഗം 1

Share this story