സാഫല്യം: ഭാഗം 24

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിന്നീട് ആ വീട്ടിൽ ആ കാര്യത്തിനെ പറ്റി ഒരു സംസാരവും നടന്നില്ല എന്നത് ദേവികയിൽ വലിയ ആശ്വാസത്തിന് വഴിവെച്ചിരുന്നു.. വലിയ ആശ്വാസം തോന്നി അവൾക്ക്..... രണ്ടുപേരും പരസ്പരം ആ ഒരു കാര്യം തുറന്നു പറഞ്ഞതിന് ശേഷം മുഖത്ത് നോക്കിയിട്ടില്ല..... അറിയാതെ മിഴികൾ തമ്മിൽ ഇടഞ്ഞാൽ രണ്ടാളും സമർദ്ധമായി അത് മറയ്ക്കും.... മുഖത്തോട് മുഖം നോക്കാൻ രണ്ടുപേർക്കും ഒരു മടിയായിരുന്നു..... അതോടെ ഇരുവർക്കുമിടയിൽ സംസാരങ്ങൾ അല്പം കുറഞ്ഞതായി ദേവികയ്ക്കും റോയിക്കും തോന്നി..... പക്ഷെ മിഴികൾ സധാ വാചാലമായി തന്നെ മൊഴികൾ പങ്കുവച്ചിരുന്നു...... രണ്ടുപേർക്കും പരസ്പരം മുഖത്തോട് മുഖം നോക്കാൻ മടി ഉണ്ടായിരുന്നു എങ്കിലും ഇരുവരും പരസ്പരം സാന്നിധ്യം ഒരുപാട് ആഗ്രഹിച്ചു.....!! ദേവികയുമായി നന്നായി അടുത്തപ്പോൾ സിസിലിക്ക് ദേവികയെ വലിയ കാര്യമാണ്..... പുറത്ത് പറയില്ലെങ്കിലും അവരുടെ മനസ്സിൽ റോസിയുടെയും റാണിയുടെയും അതേസ്ഥാനം തന്നെയാണ് ദേവികയ്ക്ക്.... റാണി ആണെങ്കിൽ ഇപ്പോൾ ദേവിക ഇല്ലാതെ വയ്യെന്നായി...... കോളേജ് വിട്ട് വന്നാൽ എല്ലാ വിശേഷങ്ങളും ദേവികയോട് പറഞ്ഞില്ല എങ്കിൽ അവൾക്ക് ഒരു സമാധാനം ഇല്ല എന്ന അവസ്ഥ ആയി..... എല്ലാരുടെയും കുറ്റം പറയുന്ന ശോഭനയ്ക്ക് പോലും ദേവികയിൽ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞില്ല..... അവൾ എല്ലാർക്കും പ്രിയങ്കരി ആയിരുന്നു....... 💚💚💚💚💚💚💚💚💚💚💚💚💚💚💚 ഒരു വൈകുന്നേരമായിരുന്നു..... വെറുതേ ഓട്ടോയിൽ ഇരുന്ന് ഫോണിൽ എന്തോ നോക്കി കൊണ്ടിരുന്നപ്പോൾ ആണ് രാഘവനെ റോയി കാണുന്നത് തന്നെ......

തന്നെ തിരഞ്ഞു തന്നെയാണ് രാഘവൻ വന്നതെന്ന് അയാളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു..... റോയി ആ പെട്ടെന്ന് തന്നെ അയാളുടെ അരികിലേക്ക് ചെന്നു...... " എന്താ രാഘവേട്ടാ....... ഓട്ടോയുടെ അരികിലേക്ക് അയാളെ കൂട്ടികൊണ്ട് പോയി റോയ് ചോദിച്ചു.... " ഞാൻ റോയിയെ ഒന്ന് കാണാൻ വേണ്ടി ഇറങ്ങിയത് ആണ്.... ഇന്ന് ശനിയാഴ്ചയാണല്ലോ..... എനിക്ക് ശമ്പളം കിട്ടുന്ന ദിവസം ആണ്... ഇട്ടിരുന്ന കാവി തോർത്ത് ഒന്നുകൂടി ശരിക്ക് തോളിൽ ഇട്ടു രാഘവൻ പറഞ്ഞു... തുച്ഛമായ ശമ്പളം തുക കൈകളിൽ എടുത്തു വച്ചു കൊണ്ട് രാഘവൻ എന്താണ് പറയുന്നത് എന്ന് റോയിക്ക് മനസ്സിലായിരുന്നില്ല...... എങ്കിലും അത് എന്താണെന്ന് അറിയാനായി അവന് ആകാംക്ഷ ഉണ്ടായിരുന്നു...... " ശമ്പളം കിട്ടുന്ന ദിവസം എന്നെ കാണണം എന്ന് രാഘവേട്ടന് വല്ല നേർച്ചയും ഉണ്ടോ....? ചിരിയോടെ റോയ് ചോദിച്ചു.... "അതല്ല റോയി..... ദേവു മോൾക്ക് വലിയ ഇഷ്ടം ആണ് കോഴിക്കോടൻ അലുവ.... അത് വാങ്ങാൻ വരികയായിരുന്നു.... അപ്പോൾ അത് വാങ്ങി റോയിയുടെ കൈയ്യിലേക്ക് തന്ന് വിടാം എന്ന് ഞാൻ വിചാരിച്ചു....... അയാളുടെ സംസാരം കേട്ടപ്പോൾ ഒരേസമയം അവന് വിഷമവും സഹായവും തോന്നിയിരുന്നു..... അയാളുടെ നിഷ്കളങ്കതയും അവൻ ആ നിമിഷം ചിന്തിക്കുകയായിരുന്നു..... " അവൾക്ക് ആകെപ്പാടെ ഇഷ്ടമുള്ള ഒരു പലഹാരം അതുമാത്രമാണ്...... ഞാനത് ഈ കവലയിലുള്ള എല്ലാ കടകളിലും തിരക്കി, നേരത്തെ ഇവിടുന്ന് ആയിരുന്നു വാങ്ങുന്നത്....... എങ്ങും കിട്ടാനില്ല....... റോയി ആകുമ്പോൾ പല സ്ഥലങ്ങളിൽ പോകുന്നതല്ലേ....... എവിടെയെങ്കിലും കാണുകയാണെങ്കിൽ കുറച്ച് വാങ്ങണം,

എനിക്ക് അവിടെ വന്ന് അവളെ കണ്ട് ഇത് വാങ്ങി കൊടുക്കണം എന്നുണ്ട്, പക്ഷേ സത്യം പറയാലോ റോയ്, റോയുടെ വീട്ടുകാരെ അഭിമുഖീകരിക്കാൻ എനിക്കിത്തിരി മടിയുണ്ട്...... ഒരു പെങ്കൊച്ചിനെ ഇങ്ങനെയാണോ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത് എന്ന് തൻറെ വീട്ടിൽ ആരെങ്കിലും ചോദിച്ചാൽ മതി, അത് സഹിക്കാനുള്ള ത്രാണി ചിലപ്പോ എനിക്ക് ഉണ്ടാവില്ല റോയ്...... അയാളുടെ മുഴുവൻ നിസ്സഹായതയും ആ വാക്കുകളിൽ തെളിഞ്ഞു.... അത് കേട്ടപ്പോൾ തന്നെ റോയ്ക്ക് വേദന തോന്നിയിരുന്നു.... " അങ്ങനെ ഇപ്പോ ആരാ രാഘവേട്ടനോട് ചോദിക്കാൻ പോകുന്നത്, എൻറെ വീട്ടുകാരെ ഒന്നും രാഘവേട്ടന് പരിചയമില്ലാത്ത അല്ലല്ലോ, ആരേലും അങ്ങനെ ചോദിക്കുമെന്ന് തോന്നുന്നുണ്ടോ....? പിന്നെ അമ്മച്ചിക്കും വീട്ടിൽ ഉള്ള എല്ലാർക്കും ദേവിയെ ഒരുപാട് ഇഷ്ടമാണ്...... അങ്ങനെ ഒന്നും ആരും ചോദിക്കില്ല....... ഞാൻ എത്ര കാലം കൊണ്ട് പറയാ, നിങ്ങൾ രണ്ടാളും അവിടേക്ക് വരാൻ...... ഓട്ടോയിൽ ചാരി നിന്ന് കൊണ്ട് റോയ് പറഞ്ഞു.... " വരാൻ റോയ്...... എന്താണെങ്കിലും വരണമല്ലോ, പക്ഷേ കുറച്ചു കൂടി കഴിയട്ടെ...... തന്റെ കൈകളിലേക്ക് പൈസ വെച്ചുനീട്ടുന്ന ആ വൃദ്ധന്റെ മുൻപിൽ എന്ത് പറയണം എന്ന് അവന് അറിയുമായിരുന്നില്ല...... " ഈ കാശ് രാഘവേട്ടൻ വച്ചോളൂ..... ഗോപികയ്ക്ക് എന്തെങ്കിലും ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് പോയാൽ മതി...... ദേവിക്ക് ഉള്ളത് ഞാൻ വാങ്ങിക്കൊള്ളാം....... മുണ്ട് ഒന്ന് മടക്കി കുത്തികൊണ്ട് റോയ് പറഞ്ഞു.... "റോയ്..... അത്.... രാഘവൻ ഒന്ന് മടിച്ചു...... "കാശ് എൻറെ കയ്യിൽ ഉണ്ട് രാഘവേട്ടാ....... പിന്നെ എൻറെ ഭാര്യക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ എനിക്കും ചെറിയ അവകാശമില്ലേ...... സ്ഥായി ആയ ചിരിയോടെ അവൻ പറഞ്ഞു .....

"അതുകൊണ്ടല്ല മോനെ....... എനിക്കറിയാം റോയിക്ക് ഓട്ടം ഒക്കെ വളരെ കുറവായിരിക്കുമെന്ന്.... വാർധിക്യം ബാധിച്ചു നിൽക്കുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന അദ്ദേഹത്തിനെ ആശ്വസിപ്പിക്കാൻ അതിമനോഹരം ആയ ഒരു ചിരി അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു..... " എന്ന് വച്ചു ഇന്നവർ കുടുംബത്തിൽ ഇരിക്കുന്നവർക്ക് ആവശ്യമുള്ളതൊക്കെ വാങ്ങിച്ച് കൊടുക്കാതിരിക്കാൻ പറ്റുമോ.....? ശനിയാഴ്ച ആയിട്ട് രാഘവേട്ടൻ വീട്ടിലും എന്തെങ്കിലും വാങ്ങി കൊച്ചിനും എന്തേലും വാങ്ങി ചെല്ല്..... ദേവിക യുടെ കാര്യം ഓർത്ത് രാഘവേട്ടൻ വിഷമിക്കേണ്ട...... എനിക്ക് ഉള്ള സൗകര്യത്തിൽ ഒക്കെ ഒരു കുറവും ഇല്ലാതെ നോക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്........ അയാളുടെ തോളിൽ തട്ടി അവൻ പറഞ്ഞു.... " മോനേ ഞാൻ അങ്ങനെ നീ നോക്കുന്നില്ല, എന്നല്ല പറഞ്ഞത്.... എനിക്ക് ശമ്പളം കിട്ടുന്ന ദിവസം എല്ലാ ശനിയാഴ്ചയും ഞാൻ അത് അവൾക്ക് വാങ്ങി കൊടുക്കാറുള്ളത് ആണ്..... ഇന്നിപ്പോൾ വീട്ടിലേക്കു ചെല്ലുമ്പോൾ അവൾ ഇല്ലല്ലോ എന്നോർത്തപ്പോൾ ഒരു വിഷമം..... അയാൾ തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പി.... " എനിക്ക് മനസിലാകും രാഘവേട്ട..... ഞാൻ പറഞ്ഞില്ലേ സമാധാനമായിട്ട് ചൊല്ലുന്നെ........ ആ കാര്യം ഓർത്ത് വിഷമിക്കേണ്ട..... എല്ലാ ശനിയാഴ്ചയും അലുവ ദേവികയ്ക്ക് രാഘവേട്ടൻ വാങ്ങി കൊടുക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു..... ദേവി പറഞ്ഞുമില്ല..... ഇനി എല്ലാ ശനിയാഴ്ചയും മുടങ്ങാതെ ഞാൻ വാങ്ങി കൊള്ളാം...... രാഘവേട്ടൻ മനസ്സ് വിഷമിക്കേണ്ട കേട്ടോ....... ചിരിയോടെ ആണ് റോയ് പറഞ്ഞത് എങ്കിലും ആ നിമിഷം രാഘവന്റെ മനസ് നിറഞ്ഞിരുന്നു....... ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് തന്റെ മകൾ എത്തിച്ചേർന്നിരിക്കുന്നത് എന്ന സമാധാനം ആ മുഖത്ത് കാണാമായിരുന്നു..... ആ സമാധാനം ആ ചുണ്ടിൽ ഒരു ചിരി ആയി വിടർന്നു......

" എങ്കിൽ ഞാൻ പോവാ റോയ്.... " ഞാൻ വീട്ടിലേക്ക് വിടാം..... പിന്നെ വീട്ടിലേക്ക് ഇറങ്ങുന്ന കാര്യം മറക്കണ്ട..... ഇനിയിപ്പോ അത് ഒരുപാട് വൈകിക്കേണ്ട....... രാഘവേട്ടന് മടിയാണെങ്കിൽ ഞായറാഴ്ച അങ്ങോട്ട് വരൂ.... ഞാൻ അവിടെ ഉണ്ടാകുമല്ലോ..... വണ്ടിയിൽ കയറുന്നതിനു ഇടയിൽ റോയ് പറഞ്ഞു...... " ഞാൻ വരാം മോനെ.... രാഘവനെ വീട്ടിൽ ആക്കിയതിനു ശേഷം അപ്പുറത്തുള്ള ടൗൺ വരെ പോയി അലുവ വാങ്ങി ആണ് അവൻ വീട്ടിലേക്ക് ചെന്നത്..... പതിവിലും നേരത്തെ തന്നെ റോയ് വീട്ടിലെത്തിയിരുന്നു..... എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു അതുകൊണ്ട് തന്നെ നേരെ മുറിയിലേക്കാണ് ചെന്നത്..... പ്രാർഥനാ മുറിയുടെ അരികിലിരുന്ന് ദേവിക പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ തന്നെ അവന്റെ മനസ് നിറഞ്ഞിരുന്നു..... ഒരാഴ്ച കൊണ്ട് തന്നെ പല പ്രാർത്ഥനകളും അവൾ പഠിച്ചിരിക്കുന്നു എന്നും അവൻ ചിന്തിച്ചിരുന്നു...... റോയ് വന്നു എന്ന് മനസ്സിലായപ്പോൾ ദേവിക അവനെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു....... അവളുടെ നോട്ടം മനസ്സിലായപ്പോൾ തിരിഞ്ഞിരുന്ന പ്രാർത്ഥിച്ചോളൂ എന്ന് ആംഗ്യം കാണിച്ചതിനു ശേഷം ആണ് അവൻ മുറിയിലേക്ക് കയറി പോയത്...... അവളുടെ ചൊടിയിൽ ആ നിമിഷം ഒരു പുഞ്ചിരി വിടർന്നു....... പ്രാർത്ഥന തീർന്നശേഷം അവൾ ഓടി മുറിയിലേക്ക് ആയിരുന്നു വന്നത്...... സാധാരണ റോയി വരുമ്പോൾ ഏകദേശം സമയം 9 മണിയെങ്കിലും അടുത്തിരിക്കും, ഇപ്പോൾ സമയം 7 മണി കഴിഞ്ഞതേയുള്ളൂ...... അതുകൊണ്ടുതന്നെ അവൻറെ അരികിലേക്ക് വന്ന് എന്ത് ചോദിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു...... ഒരു തുടക്കത്തിനു വേണ്ടി അവൾ അവനോട് ചോദിച്ചു......

"ചായ എടുക്കട്ടെ...... മുണ്ട് മാറ്റി കാവി മുണ്ട് ഉടുക്കുന്നതിനിടയിൽ അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു... "വേണ്ട ഞാന് കുടിച്ചിട്ട് വന്നത് ആണ്..... ദാ അത് രാഘവേട്ടൻ വാങ്ങി തന്നതാ..... അവളുടെ കൈകളിലേക്ക് ഒരു പൊതി വെച്ചുകൊടുത്തു കൊണ്ടായിരുന്നു അവൻ പറഞ്ഞത്...... അത് കൈകളിലേക്ക് പിടിച്ചപ്പോൾ തന്നെ എന്താണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... പെട്ടെന്ന് ഒരു കുസൃതിച്ചിരി അവളുടെ ചുണ്ടിൽ മിന്നി മാഞ്ഞു...... തിരികെ പോകാൻ തുടങ്ങിയതോടെ അവൻ പറഞ്ഞു..... "ദേവിയുടെ ഇഷ്ടങ്ങൾ ഒക്കെ എന്നോട് പറയണം..... എനിക്ക് അറിയില്ല തനിക്ക് എന്തൊക്കെയാണ് ഇഷ്ടങ്ങൾ എന്ന്..... ഷർട്ട് മാറുന്നതിനിടയിൽ അലസമായി എന്ന രീതിയിൽ ആയിരുന്നു അവൻ പറഞ്ഞിരുന്നത് എങ്കിലും അവൻറെ മറുപടി ഹൃദയത്തിൽനിന്നുള്ള ആയിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു..... ഒരു പുഞ്ചിരി അവളുടെ ചൊടിയിലും സ്ഥാനം പിടിച്ചു...... " ഇത് അച്ഛൻ വാങ്ങിയത് അല്ലെന്ന് എനിക്ക് മനസ്സിലായി..... ചിരിയോടെ അവളത് പറഞ്ഞപ്പോൾ അത്ഭുത പൂർവ്വം അവൻ അവളുടെ മുഖത്തേക്ക് നോക്കി...... "എല്ലാ ആഴ്ചയിലും അച്ഛന് ഒരു കണക്കുണ്ട് അച്ഛൻറെ കയ്യിൽ കിട്ടുന്ന കാശിന്..... ഒരു പ്രത്യേക കണക്ക് വെച്ച് അച്ഛൻ ചെലവാക്കാറുള്ളൂ...... അതിൽ കൂടുതൽ ചെലവാക്കിയാൽ ആ ആഴ്ചയിലെ അമ്മയുടെ ചികിത്സ മുടങ്ങുമെന്ന് അച്ഛൻ അറിയാം...... അത് മുടക്കാൻ ഒരിക്കലും അച്ഛൻ തയ്യാറാകില്ല...... എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും...... ഇതിപ്പോ ഒരു കിലോയില്ലേ അച്ഛൻ സാധാരണ എനിക്ക് വേണ്ടി കാൽ കിലോ ആണ് വാങ്ങാറ്...... ഇവിടേക്ക് തന്നു വിടാൻ വാങ്ങിയാലും അരകിലോയിൽ കൂടുതൽ അച്ഛൻ വാങ്ങില്ല....

അച്ഛന്റെ കൈയ്യിൽ അത്രേ കാശ് കാണുള്ളൂ..... പെട്ടെന്ന് അവൻറെ ചുണ്ടിലും ഒരു പുഞ്ചിരി മിന്നി മാഞ്ഞു.. . " അച്ഛൻ എനിക്ക് വാങ്ങിത്തരാൻ ആയിട്ട് കാശു കൊണ്ടെന്ന് കയ്യിൽ തന്നു കാണും..... അത് വാങ്ങിയിട്ട് ഉണ്ടാവില്ല, അതല്ലേ സംഭവിച്ചത്......? നടന്ന സംഭവം കൃത്യമായി പറയുന്നവളെ നോക്കി അവൻ വാ പൊളിച്ചു നിന്നു..... " അച്ഛൻ തന്നെ ഫോൺ വിളിച്ചു അല്ലേ.....? അത്ഭുത പൂർവ്വം അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു...... " ഇതിന് അച്ഛൻ ഫോൺ വിളിക്കേണ്ട ആവശ്യമൊന്നുമില്ല.... എനിക്ക് അറിയാവുന്നതല്ലേ..... കുറച്ചു ദിവസം കൊണ്ട് ഇത്രയെങ്കിലും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ ഈ താലി കഴുത്തിൽ ഇടുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ.....? കുസൃതി ചിരിയോടെ അവൾ അത് അത് പറയുമ്പോൾ അവളുടെ വായിൽ നിന്നും അത്തരത്തിൽ ഒരു വാക്ക് അവൻ പ്രതീക്ഷിച്ചിരുന്നില്ല...... എന്നാലും അവളുടെ ആ മറുപടിയിൽ അവനിൽ ഒരു പ്രത്യേക സന്തോഷം നിറയുന്നതായി അവൻ അറിഞ്ഞു....... അവൾ തന്നെ അടുക്കളയിലേക്ക് കൊണ്ടുപോയി അതെല്ലാം മുറിച്ച് എല്ലാവർക്കുമായി നൽകിയിരുന്നു........ സിസിലിക്ക് ഒന്ന് ദേഷ്യം വന്നത് പോലെ ഇരുന്നപ്പോൾ കാര്യം അവൾക്ക് മനസ്സിലായിരുന്നില്ല...... പിന്നീട് ആ കാര്യം എല്ലാവരുടെയും മുൻപിൽ വച്ച് സിസിലി തന്നെ പറഞ്ഞപ്പോൾ അവൾക്ക് നേരിയ വിഷമം തോന്നിയിരുന്നു..... " ഇതുവരെ എന്തെങ്കിലും കൊണ്ടു വരുമ്പോൾ ഇവിടെ ഡൈനിങ് ടേബിളിനു മുകളിൽ ആയിരുന്നു അവൻ വച്ചിരുന്നത്.... ഇപ്പൊ എല്ലാം മുറിയിൽ കൊണ്ടു പോകുക ആണ്... ( സാധാരണ നമ്മുടെ നാട്ടിൽ ഒക്കെ കാണുന്ന വംശനാശം സംഭവിക്കാത്ത അമ്മായിഅമ്മ....😄)

സാധാരണ ഏതൊരു ഭർതൃ മാതാവിനെയും പോലെ ആണ് അവർ സംസാരിക്കുന്നത് എന്ന് ദേവികയ്ക്ക് തോന്നി..... ഈ വലിയ സന്തോഷങ്ങൾക്കിടയിൽ അതൊരു വിഷമം അല്ല എന്ന് തോന്നിയതുകൊണ്ട് തന്നെ അവൾ അത് വലിയ കാര്യമായി എടുത്തിരുന്നില്ല, എങ്കിലും അവളുടെ മുഖം മങ്ങുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. .. " എൻറെ അമ്മേ ഇത് ഞാൻ വാങ്ങിയത് ഒന്നുമല്ല....... അവളുടെ അച്ഛൻ വാങ്ങി തന്നു വിട്ടത് ആണ് ....... അതുകൊണ്ട് അവളുടെ കൈയ്യിൽ കൊണ്ട് കൊടുക്കാൻ വേണ്ടി തീരുമാനിച്ചു ...... അവൻറെ സംസാരം കേട്ട് അവൾ അത്ഭുതപൂർവ്വം അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൾ ചിമ്മി കാണിച്ച് അവളുടെ ഹൃദയത്തിൽ ഇടം നേടാൻ പാകത്തിന് ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു..... അതെ ചിരിയോടെ മുറിക്കുള്ളിലേക്ക് കയറി പോയിരുന്നവൻറെ പിന്നിലേക്ക് അവളുടെ മിഴികളും പിന്തുടർന്നിരുന്നു....... സിസിലിയുടെ മുഖത്ത് അല്പം അയവ് വന്നു . ... പിന്നീട് സിസിലിയുടെ പിണക്കം മാറ്റാനായി അവൾ അടുക്കളയിലേക്ക് പോയി ഓരോ ജോലികളിൽ ഏർപ്പെട്ടു...... എന്തെങ്കിലും പ്രശ്നം വന്നു കഴിഞ്ഞാൽ പിന്നെ സിസിലി പ്രതിഷേധം അറിയിക്കുന്നത് മിണ്ടാതെ ആണ് എന്ന് ദേവികയ്ക്ക് ഇപ്പോൾ മനസ്സിലായി കഴിഞ്ഞിരുന്നു...... ഓരോ ജോലികളിൽ മുഴുകി കൊണ്ടിരിക്കുന്ന സിസിലിയുടെ അരികിലേക്ക് വന്നു കൊണ്ട് മടിച്ചുമടിച്ച് അവൾ ചോദിച്ചു.... "ഞാൻ എന്തെങ്കിലും ചെയ്യണോ അമ്മച്ചി....... " എന്നാ ചെയ്യാനാ..... ഇപ്പൊ ഇവിടുത്തെ പ്രധാന പ്രശ്നം ഈ ഷീറ്റിന്റെ മേലുള്ള എലികളുടെ ശല്യമാണ്...... അതിനിപ്പോ കൊച്ചിന് എന്നാ ചെയ്യാൻ പറ്റും...... വാക്കുകളിൽ ചെറിയ നീരസം കലർന്നിരുന്നു.....

" നമുക്ക് എലിവിഷം വയ്ക്കാം... . "എനിക്ക് ഇതിന് മുകളിൽ ഒന്നും കയറി നിന്ന് ഇതൊന്നും വെക്കാൻ പറ്റില്ല കൊച്ചേ..... " ഞാൻ വെക്കാം അമ്മച്ചി.... " അയ്യോ വേണ്ട ഇതിൻറെ മണ്ടയിൽ ഒക്കെ എങ്ങനെ കയറാൻ..... സ്ലാബ് പൊട്ടി ഇരിക്കുവാ.... " അത് സാരമില്ല അമ്മച്ചി, ഞാൻ ശ്രേദ്ധിച്ചോളാം..... ആ നിമിഷം അവരുടെ പിണക്കം മാറ്റുക എന്ന ഒറ്റ ലക്ഷ്യം മാത്രം ആയിരുന്നു അവളുടെ മനസ്സിൽ അതിന് വേണ്ടി അവൾ എന്തും ചെയ്യാൻ തയ്യാറും ആയിരുന്നു .... പെട്ടെന്ന് തന്നെ സ്ലാബിൽ ചവിട്ട് അവൾ ശ്രദ്ധയോടെ കയറി നിന്നുകൊണ്ട് നോക്കി.... അവൾ നോക്കുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് കാലുകൾ വഴുതി താഴേക്ക് പതിച്ചിരുന്നത്...... തറയിലേക്ക് വീഴും എന്ന് പേടിച്ച് സിസിലി പെട്ടന്ന് ഭയന്നു വിളിച്ചു... " ഈശോ എന്റെ കൊച്ച്....! അറിയാതെ ഉയർന്ന സിസിയുടെ ഒച്ച മാത്രമേ കേട്ടിട്ടുള്ളൂ അവൾ.... എന്നാൽ പെട്ടെന്ന് ചന്ദ്രിക സോപ്പിന്റെ ഇറനോട് കൂടിയ ഗന്ധമുള്ള ഒരു സുഗന്ധം തന്നെ പൊതിയുന്നത് അവളറിഞ്ഞു..... പേടിയോടെ കണ്ണുകളിറുക്കി പിടിച്ചിരുന്ന അവൾ പെട്ടെന്ന് കണ്ണു തുറന്നു നോക്കി...... അപ്പോൾ തന്നെ ചുറ്റി പിടിച്ചിരിക്കുന്ന റോയിയുടെ കരങ്ങൾ ആയിരുന്നു അവൾ കണ്ടിരുന്നത് ...... ആ കരവലയത്തിനുള്ളിൽ ആണ് താൻ എന്ന് അവൾക്ക് മനസ്സിലായി..... ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു പോയിരുന്നു......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story