സാഫല്യം: ഭാഗം 25

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഒരു നിമിഷം തൻറെ മുഖത്തേക്കടിക്കുന്ന അവൻറെ ചുടു നിശ്വാസം അവളിൽ വല്ലാത്ത ഒരു പ്രത്യേകത നിറച്ചിരുന്നു...... ഒരു നിശ്വാസത്തിനു അപ്പുറം തന്റെ പ്രാണന്റെ പ്രണയനിശ്വാസം അവൾ അടുത്ത് അറിഞ്ഞു..... ഇന്നലകളിൽ ഓർക്കാൻ സുഖം ഉള്ള ഒരു കനവുകളും തന്നിൽ അവശേഷിക്കുന്നില്ല.... പക്ഷെ ഇന്നിന്റെ മനോഹരനിമികളിൽ ഈ ഒരു മുഖം മാത്രം എല്ലാ കനവുകളിലും അതി സുന്ദരമായി നിലനിൽക്കുന്നു....! കുളികഴിഞ്ഞ് അവളുടെ ഈറൻ മുടിയിൽ നിന്ന് വമിക്കുന്ന ഗന്ധത്തിൽ ആയിരുന്നു ആ നിമിഷം അവനും..... രണ്ടുപേരും പരസ്പരം കണ്ണുകൾ കോർത്ത് നിന്നു പോയിരുന്നു..... "ഒന്നും പറ്റിയില്ലല്ലോ കൊച്ചേ..... സിസിലിയുടെ വർത്തമാനമാണ് ഇരുവരെയും യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നിരുന്നത്..... പെട്ടെന്ന് അവൻ അവളിൽ നിന്നും അകന്നു മാറിയിരുന്നു..... പെട്ടെന്ന് മുഖത്ത് സ്ഥായിയായ ഗൗരവം വരുത്തി കൊണ്ട് അവൻ ദേവികയോട് ആയി പറഞ്ഞു.... " ഈ പറ്റാത്ത കാര്യത്തിലൊക്കെ എന്നാതിന് ആണ് കേറുന്നത്..... ഇപ്പോൾ എന്നായിരുന്നു അത്യാവശ്യം ഇതിന്.....? അവിടെ നിന്ന് വീണ് കാലൊടിഞ്ഞു കിടന്നാൽ നല്ല രസമായിരിക്കും..... അത്രയും പറഞ്ഞ് അവൻ അകത്തേക്ക് പോയപ്പോഴും അവന്റെ സാന്നിധ്യം തന്നിൽ നിറച്ച അനുഭൂതിയായിരുന്നു ദേവിക..... " വല്ലതും പറ്റിയോ കൊച്ചേ....? വീണ്ടും കാലിലേക്ക് നോക്കിക്കൊണ്ട് സിസിലി ചോദിച്ചു...... " ഒന്നും പറ്റിയില്ല അമ്മച്ചി... ഒരു ചിരി വരുത്തി അത്രയും പറഞ്ഞെങ്കിലും മനസ്സ് അവനോട് ഒപ്പം തന്നെ ആയിരുന്നു...... ജോലികളെല്ലാം ഒതുക്കി എത്തുമ്പോഴേക്കും റോയ് കിടന്നിരുന്നു.......

തന്നെ അഭിമുഖീകരിക്കാതെ ഇരിക്കാൻ വേണ്ടി അവൻ കാണിക്കുന്ന ഒരു കള്ളത്തരം ആണ് ഇത് എന്ന് അവൾക്ക് അറിയാമായിരുന്നു..... തൻറെ മനസ്സിലും അതുതന്നെയായിരുന്നു...... ഇനി അവനെ എങ്ങനെ അഭിമുഖീകരിക്കും എന്ന് അവൾക്കും ഒരു മടി ഉണ്ടായിരുന്നു.... ഉള്ളിൽ പ്രണയം തിങ്ങി നിറഞ്ഞു വീർപ്പുമുട്ടിക്കുന്നുണ്ട് എങ്കിലും അത് പാതിയോട് തുറന്ന് പറയാൻ ഇരുമനസുകളും മടിച്ചു.... എങ്കിലും സ്നേഹം പകർന്നു നൽകാനും തിരികെ ലഭിക്കാനും ആ മനസുകൾ രണ്ടും വെമ്പൽ കൊണ്ടു....! അരികിൽ വന്നു കിടന്നപ്പോൾ തന്നെ അവളുടേതായ സുഗന്ധം റോയി അറിയുന്നുണ്ടായിരുന്നു....... പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ എന്നും തനിക്കുള്ള പതിവ് കാപ്പി ലഭിച്ചില്ല എന്ന് വിചാരിച്ചാണ് റോയ് അടുക്കളയിലേക്ക് ചെന്നത്..... അടുക്കളയിലേക്ക് ചെന്നപ്പോൾ ആരെയും കാണുന്നുണ്ടായിരുന്നില്ല....... കുറച്ചുകഴിഞ്ഞ് അടുക്കള വാതിലിലൂടെ പിന്നാമ്പുറത്തേക്ക് ഇറങ്ങിയപ്പോള് റാണിയും അമ്മച്ചിയും ദേവിയും എല്ലാം അവിടെ ഇരിപ്പുണ്ട്..... അമ്മച്ചിയുടെ കാലിൽ എന്തോ ചെയ്യുകയാണ് റാണിയും ദേവിയും..... സംഭവം എന്താണെന്ന് നോക്കാൻ വേണ്ടി റോയി അവിടേക്ക് ചെന്നു...... " എന്നാ...... എന്നാ പറ്റി.....? റോയിയുടെ ശബ്ദം കേട്ടാണ് സ്ത്രീജനങ്ങൾ എല്ലാം തിരിഞ്ഞു നോക്കുന്നത്.... "ഒന്നുമില്ലെടാ ഒന്ന് വഴുക്കി വീണു.... ഭയങ്കര വേദന.... ഈ കൊച്ച് കാലൊന്നു തിരുമ്മി തരുവായിരുന്നു.... ശ്രദ്ധയോടെ അമ്മച്ചിയുടെ കാൽ തിരുമ്മുന്ന ദേവികയാണ് നോട്ടം ചെന്നത്..... കാലിൽ നന്നായി നീര് വെച്ചിട്ടുണ്ടായിരുന്നു..... " ഒന്നല്ലെങ്കിൽ ഒന്ന് ഒപ്പിച്ചു വെച്ചേക്കും.... ഇന്നലത്തേത് കഴിഞ്ഞിട്ട് ആയിരിക്കും പുതിയത്......

കാല് നീര് വെച്ചിട്ടുണ്ട്.... ഏതാണ്ട് കാര്യം ആയി പറ്റിയതാണെന്ന് ആണ് എനിക്ക് തോന്നുന്നത്..... കാലിൽ പൊട്ടൽ കാണും.... ഇല്ലെങ്കിൽ ചതവ് കാണും.... ഉറപ്പാ, ഏതായാലും ആശുപത്രിയിൽ പോകാം വാ.... റോയ് തന്റെ അമർഷം എല്ലാം വാക്കുകളിൽ ഒളിപ്പിച്ചിരുന്നു...... "ചതവ് ആണെന്നാണ് തോന്നുന്നത്..... ദേവിക അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..... "ശ്രദ്ധിച്ചു നടക്കേണ്ട..... മഴ പെയ്തു കിടക്കുന്ന നേരത്ത്..... അവളുടെയും സിസിലിയുടെയും മുഖത്ത് നോക്കി അത്രയും പറഞ്ഞു അവൻ അകത്തേക്ക് പോയി ഒരു ഷർട്ട് എടുത്തിട്ടു..... ആശുപത്രിയിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു റോയ്... കാൽ ഒരു അടി പോലും അനക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സിസിലിയും..... തങ്കച്ചനും റോയിയും കൂടി എടുത്താണ് അവരെ ഓട്ടോയിലേക്ക് കയറ്റിയിരുന്നത്..... " ഞങ്ങളും കൂടി വരട്ടെ..... ദേവികയും റാണിയും റോയിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..... " കുടുംബം മൊത്തം പോകണ്ടല്ലോ.... ഞങ്ങൾ പെട്ടെന്ന് വരും...... ഞാൻ വിളിക്കാം.. . അത്രയും പറഞ്ഞു റോയ് വണ്ടി എടുത്തു കൊണ്ട് പോയിരുന്നു...... ദേവികയും നല്ല ടെൻഷനിലായിരുന്നു എന്തായിരിക്കും എന്നറിയാൻ..... കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് അവർ മൂന്നു പേരും തിരികെ വന്നത്..... വന്നപ്പോഴേക്കും കാലിൽ വേദനയ്ക്ക് ചെറിയ കുറവുണ്ട് എന്ന് പറഞ്ഞിരുന്നു...... കാലിൽ ബാൻഡേജ് ഇട്ടിട്ടുണ്ട്..... ഇനി ഒരു 10 ദിവസം കഴിഞ്ഞിട്ട് ബാൻഡേജ് മാറ്റാനും പറ്റുള്ളൂ..... " രാവിലെതന്നെ ഏതായാലും നല്ല കോള് ആണ് എനിക്ക് കിട്ടിയത്..... റോയ് ദേഷ്യം മുഴുവൻ വാക്കുകളിൽ ഒതുക്കി, " മരുന്ന് വല്ലതും കഴിക്കാൻ ഉണ്ടോ അമ്മച്ചി......

ദേവിക അവരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു..... "അത്രയ്ക്ക് കുഴപ്പമൊന്നുമില്ല കൊച്ചേ.... കുറച്ചുദിവസം കാലനക്കരുത് എന്ന് പറഞ്ഞു..... സിസിലി കാൽ തടവികൊണ്ട് പറഞ്ഞു... " എന്നാ പിന്നെ അമ്മച്ചി വന്നു കിടക്കാൻ നോക്ക്.... റാണി പറഞ്ഞു.... " നിങ്ങൾ വല്ലതും ഉണ്ടാക്കിയിരുന്നൊ....? ദേവികയുടെ മുഖത്തേക്ക് നോക്കി കൊണ്ട് സിസിലി ചോദിച്ചു.... " ഇനി ആരും ഉണ്ടാക്കാൻ നിക്കണ്ട ഞാൻ തന്നെ പുറത്ത് പോയി വാങ്ങിക്കോളാം..... അതും പറഞ്ഞു റോയി പുറത്തേക്ക് പോയി.... പുറത്തുപോയിവന്നവൻ ഭക്ഷണവുമായി ആണ് വന്നത്... ദേവിക തന്നെയായിരുന്നു ഭക്ഷണം എല്ലാർക്കും വിളമ്പിയത്.... അതിനുശേഷം ഒരു പ്ലേറ്റിൽ അവൾ ഭക്ഷണം എടുത്തു സിസിലിയുടെ മുറിയിലേക്ക് ചെന്നു..... അവരുടെ കയ്യിൽ അവൾ ഭക്ഷണവും വെള്ളവും നൽകി.... വളരെ പെട്ടന്ന് തന്നെ അവൾ ഉത്തരവാദിത്വമുള്ള ഒരു മരുമകളായി മാറി...... എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ തന്നെ ചെയ്യാൻ തുടങ്ങി...... അന്ന് റാണിയും പോയിരുന്നില്ല.... അതുകൊണ്ട് രണ്ടുപേരും ചേർന്നായിരുന്നു അടുക്കളയിലെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത്.... ഇടയ്ക്ക് സിസിലിയുടെ മുറിയിൽ ചെന്ന് എന്തെങ്കിലും അത്യാവശ്യം ഉണ്ടോ എന്ന് ചോദിക്കുവാനും ദേവിക മറന്നിരുന്നില്ല.... ഉച്ചയായപ്പോഴേക്കും റോയ് വന്നപ്പോൾ എല്ലാ ഭക്ഷണവും തയ്യാറായിരുന്നു...... റോയ് എത്തിയപ്പോഴേക്കും റാണി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഉറക്കത്തിനു കയറിയിരുന്നു...... അവധി ദിവസം മാത്രമേ ഉറങ്ങാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് കോളേജിൽ പോകാത്ത ദിവസം അവൾ ഉച്ചയുറക്കം മുടക്കാറില്ല...... തങ്കച്ചൻ ആണെങ്കിൽ പുറത്തേക്കൊന്നും പറഞ്ഞുപോയതാണ് ഇനി വൈകുന്നേരം വരിക ഉള്ളൂ..... ഭക്ഷണം കഴിച്ച് ഉറക്കത്തിലായിരുന്നു എല്ലാവരും..... റോയ് വരും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ദേവിക ഭക്ഷണം കഴിച്ചിരുന്നില്ല.....

റോയ് വന്നപ്പോൾ തന്നെ അവൾ എല്ലാം എടുത്ത് മേശയിലേക്ക് കൊണ്ടുവന്ന് വെച്ചിരുന്നു..... റോയിയെ ഹാളിൽ കാണാഞ്ഞപ്പോൾ അവൻ മുറിയിൽ ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു..... വന്നാൽ ആദ്യം തന്നെ മുറിയിൽ ചെന്ന് ഷർട്ട് ഊരി ഇട്ടതിനുശേഷം ആണ് ഭക്ഷണം കഴിക്കുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു..... കുറച്ചു സമയങ്ങൾക്കു ശേഷം റോയി മുറിയിൽ നിന്നും ഇറങ്ങി വന്നു...... രണ്ടുപേരും ഒറ്റയ്ക്ക് ആകുന്ന നിമിഷം രണ്ടുപേർക്കും സംസാരിക്കുവാൻ വലിയ ബുദ്ധിമുട്ടാണ് എന്ന് ഇതിനോടകം രണ്ടാളും മനസ്സിലാക്കിയ സത്യമാണ്..... അവന് ആവശ്യമുള്ളതെല്ലാം വിളമ്പി കൊടുക്കുമ്പോഴും അവൻറെ മുഖത്തേക്ക് അറിയാതെ ഒരു നോട്ടം പോലും ചെല്ലാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... ഒരു നോട്ടം എങ്കിലും അവൻറെ മുഖത്തേക്ക് ചെന്നാൽ താൻ പതറി പോകുമെന്ന് അവൾക്ക് ഏകദേശം ഉറപ്പായ കാര്യം ആണ്..... അതുകൊണ്ട് അവനെ ഒന്ന് അഭിമുഖീകരിക്കാതെ പോലും അവൾ ഇരുന്നിരുന്നത്.... ഭക്ഷണം കഴിക്കുന്നതിനിടയിൽ അവളുടെ സാന്നിധ്യം കൊണ്ട് ഒരു പരിഭ്രമം തന്നിലും നിറയുന്നത് റോയി അറിയുന്നുണ്ടായിരുന്നു.... മസാല വെച്ച വഴുതന മെഴുക്കുപുരട്ടി അവൻറെ അരികിലേക്ക് നീക്കിവെച്ചു കൊണ്ട് അവൾ പറഞ്ഞു... " ഇത് കഴിച്ചു നോക്കൂ...... നമ്മുടെ പറമ്പിൽ ഉണ്ടായത് ആണ്.... ഞാൻ വന്നപ്പോ അത് പൂക്കുന്നുണ്ടായിരുന്നില്ല ഞാൻ പിന്നെ കുറെ വളവും കഞ്ഞി വെള്ളവും ഒക്കെ ഒഴിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ കഴിഞ്ഞ ദിവസം ഉണ്ടായത് ആണ്.... അവൾ വാചാല ആയി.... കൃഷിയും പൂന്തോട്ടം ഒരുക്കലും ഒക്കെ അവൾക്കിഷ്ടപ്പെട്ട കാര്യങ്ങളാണെന്ന് അവന് രണ്ടാഴ്ചകൊണ്ട് തന്നെ മനസ്സിലായിരുന്നു..... അവൾ വന്നതിനു ശേഷം വീട്ടിൽ ആകെ മൊത്തം ഒരു മാറ്റം അവൻ കണ്ടിരുന്നു.....

മുറ്റത്ത് പൂക്കൾ വിരിയുന്നതും പിന്നാമ്പുറത്ത് ചില കൃഷികൾ ഒക്കെ തുടങ്ങിയതും ഒക്കെ അവന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.... അവൾ കൊണ്ട് വച്ചതിൽ നിന്നും ഒരു കഷണം എടുത്തു..... അതിനുശേഷം ഒന്ന് രുചിച്ചിട്ട് പറഞ്ഞു... "നന്നായിട്ടുണ്ട്.....! അത് കേട്ടപ്പോൾ അവളുടെ മുഖം വിടരുന്നത് അവൻ കണ്ടിരുന്നു..... അവളുടെ മുഖത്തേക്ക് നോക്കാൻ മടി ആയതുകൊണ്ട് തന്നെ ശ്രദ്ധ ഭക്ഷണത്തിൽ കേന്ദ്രീകരിച്ചു കൊണ്ട് അവൻ ചോദിച്ചു..... "ദേവി കഴിച്ചില്ലേ....? ഭക്ഷണം കഴിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.... "ഇല്ല....പിന്നെ.... അവൾ മടിച്ചു മടിച്ചു പറഞ്ഞു... " പിന്നെ ആക്കുന്നത് എന്തിനാ.... ഇനിയിപ്പോ ആരും കഴിക്കാൻ ഇല്ലല്ലോ.. . ചാച്ചനും കഴിച്ചിട്ട് പോയതല്ലേ.... മോര് എടുത്തു ചൊറിലേക്ക് ഒഴിച്ച് അവൻ ചോദിച്ചു... " അതെ..... " ഇനി പിന്നത്തേക്ക് വയ്ക്കേണ്ട..... അവൻ തന്നെ ഒരു പ്ലേറ്റ് എടുത്ത് വെച്ചപ്പോൾ അവൾക്ക് ഇരിക്കുകയല്ലാതെ മറ്റ് നിവർത്തി ഉണ്ടായിരുന്നില്ല.... അവൻറെ അരികിലിരുന്ന് കഴിക്കാൻ അവൾക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് ഭക്ഷണം കഴിച്ച് തീർത്തിരുന്നു...... അവൾ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രം എല്ലാം കഴുകി വെച്ചതിനുശേഷം മുറിയിലേക്ക് ചെന്നപ്പോൾ റോയി കിടക്കുകയാണ്..... " നാലുമണിക്ക് ഒരിടത്ത് ഓട്ടം പോണം..... അതുകൊണ്ട് ഇന്ന് പിള്ളേരുടെ ഓട്ടം വേറൊരാളെ ഏൽപ്പിച്ചു..... നാലുമണിവരെ കുറച്ച് സമയം കിടക്കാമെന്ന് കരുതി...... അവളുടെ നോട്ടം കണ്ടു തന്നോട് ചോദിക്കാൻ വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോയ്... അവൾ ചിരിയോടെ ഇനി എന്താണ് അവനൊട് പറയുന്നതെന്നും എങ്ങനെ ആണ് അവിടെ നിൽക്കുന്നത് എന്നുമൊക്കെ ഓർത്തു ഒരു ബുദ്ധിമുട്ട് അവൾക്ക് തോന്നിയിരുന്നു...... അവിടെ നിന്നും പുറത്തേക്ക് പോകണോ വേണ്ടയോ എന്ന് അറിയാത്ത ഒരു സംശയത്തിലായിരുന്നു അവൾ.... " താനെന്താ കുറച്ചു നേരം കിടക്കാത്തത്.....? രാവിലെ മുതൽ ഇവിടുത്തെ ജോലികളൊക്കെ ചെയ്യുന്നതല്ലേ.....? കുറച്ചു സമയമെങ്കിലും റെസ്റ്റ് എടുത്തുകൂടെ......

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു അവൾ വാക്കുകൾക്ക് വേണ്ടി പരതി... ഒരുവിധം പറഞ്ഞു... "ഞാൻ അങ്ങനെ പകൽ ഉറങ്ങി ശീലിച്ചിട്ടില്ല... കിടന്നാൽ ഉറക്കം വരില്ല.... എന്ത് പറയണം എന്നറിയാതെ അവൾ നിന്നു.... പിന്നീട് പറഞ്ഞു... " കിടന്നോളൂ ക്ഷീണിച്ച് വന്നതല്ലേ.... ഞാൻ അപ്പുറത്തേക്ക് ഇരിക്കാം..... "താനും കൂടെ കിടക്കഡോ, ഉറങ്ങിയില്ലെങ്കിൽ സാരമില്ല.... കുറച്ചുനേരം കിടക്കാല്ലോ..... അവൻ അത് പറഞ്ഞപ്പോൾ അവൾക്ക് ഒരു മടി തോന്നിയിരുന്നെങ്കിലും, അവൻ പറഞ്ഞത് തള്ളാൻ വയ്യാതെ അവൾ അവൻറെ അരികിലേക്ക് കിടന്നിരുന്നു..... രണ്ടുപേരുടെയും ശ്വാസം ക്രമാതീതം ആയി മിടിക്കുന്നത് രണ്ടുപേർക്കും അറിയുന്നുണ്ടായിരുന്നു...... ഭീകരമായ മൗനം മുറിയിൽ നിറയാൻ തുടങ്ങിയിരുന്നു..... " തനിക്ക് ഈ വീടും വീട്ടുകാരെയും ആയിട്ട് ഒക്കെ പൊരുത്തപ്പെട്ടുപോകാൻ സാധിക്കുന്നുണ്ടോ....? മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൻ ചോദിച്ചപ്പോൾ അവൾ സമ്മത അർത്ഥത്തിൽ തല ചലിപ്പിച്ചു..... "എനിക്ക് ഈ വീടും വീട്ടുകാരും ഒക്കെ ഒരുപാട് ഇഷ്ടമായി കഴിഞ്ഞു..... ഈ സാഹചര്യവുമായി ഞാൻ രണ്ടു ദിവസം കൊണ്ട് തന്നെ പൊരുത്തപ്പെട്ടിരിക്കുന്നു.... അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ ആ കണ്ണുകൾ മറ്റെന്തോ ആഗ്രഹിച്ചപോലെ അവൾക്ക് തോന്നി..... വീടും വീട്ടുകാരും മാത്രം അല്ല ഈ ഒരുവനും തന്റെ ഹൃദയം തീറെഴുതി വാങ്ങി എന്ന് അവളുടെ അന്തരംഗം ആർത്തു പറഞ്ഞു.... " ദേവി ചേച്ചി....... പെട്ടെന്ന് റാണിയുടെ വിളി കേട്ടപ്പോൾ ആയിരുന്നു അവൾ എഴുന്നേറ്റത്...... അപ്പോഴായിരുന്നു കൊടും കൈയും കുത്തി കിടന്ന് തന്നെ തന്നെ നോക്കുന്ന റോയിയുടെ കണ്ണുകൾ അവൾ കണ്ടത്.....

ആ കണ്ണുകളിൽ അലയടിക്കുന്നത് തന്നോടുള്ള പ്രണയമാണെന്ന് ആ നിമിഷം അവൾക്ക് മനസ്സിലായിരുന്നു..... പെട്ടെന്നുതന്നെ നോക്കിയിട്ട് അവൾ പറഞ്ഞു... " റാണി വിളിച്ചു എന്ന് തോന്നുന്നു ഞാൻ അങ്ങോട്ട്..... ചെറുചിരിയോടെ സമ്മതം പറഞ്ഞു തല ആട്ടിയപ്പോഴും മുഖം നിറയെ അവളുടെ മുഖമായിരുന്നു..... അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയപ്പോഴും അവന്റെ മിഴികൾ അവൾ നേരെ സജലമായി... " എന്തുപറ്റി നീ സാധാരണ ഉറങ്ങാൻ പോകുന്ന സമയത്ത് ഇടയ്ക്ക് എഴുന്നേൽക്കുന്നത് അല്ലല്ലോ, ദേവിക അവളുടെ അരികിലേക്ക് വന്നു നിന്നു ചോദിച്ചു.... " ഒരു ഫോൺ വന്നു ചേച്ചി.... അതു കൊണ്ട് ഉറങ്ങാൻ പറ്റിയില്ല.... അടുത്താഴ്ച കോളേജിൽ ആർട്സ് ഡേ ആണ്.... ഞാൻ കൊടുത്തിട്ടില്ല പേര്..... കൂട്ടുകാർ എന്റെ പേര് കൂടി കൊടുത്തൂ.... " നീ എന്താ പേര് കൊടുക്കാഞ്ഞേ..... നിനക്ക് ഇതിനൊക്കെ ചേർന്നൂടെ.... ദേവിക അവളോട് ആയി ചോദിച്ചു... " എനിക്ക് അങ്ങനെ കഴിവുകൾ ഒന്നുമില്ല ചേച്ചി.... "അങ്ങനെ ആരും ഇല്ല റാണി... എന്തെങ്കിലുമൊക്കെ കഴിവില്ലാത്ത ആരുമുണ്ടാവില്ല.... നമ്മൾ എല്ലാത്തിനും പേര് കൊടുക്കണം.... ഒന്നും അറിയില്ലെങ്കിലും എല്ലാത്തിനും ചേരണം.... ഇതൊക്കെ കോളേജ് കാലത്ത് മാത്രമേ പറ്റുള്ളൂ..... ദേവിക പറഞ്ഞു... "എങ്കിൽ ചേച്ചിയുടെ കഴിവ് എന്താണെന്ന് പറഞ്ഞെ... റാണിക്ക് ആകാംഷ ആയി... " അങ്ങനെ പറയാനാണെങ്കിൽ എനിക്ക് വലിയ കഴിവ് ഒന്നും ഇല്ല....! പിന്നെ പണ്ടൊക്കെ പാട്ട് പാടൂമായിരുന്നു... ചിരിയോടെ ദേവിക പറഞ്ഞു... " എനിക്ക് വേണ്ടി ഒരു പാട്ട് പാടാമോ.....? റാണിക്ക് തിടുക്കം ആയി... "അങ്ങനെ ഇപ്പൊ ഒന്നും പറ്റില്ല.... ഒരുപാട് പണ്ട് ആയിരുന്നു.... അതൊക്കെ വിട്ടുപോയി.... ദേവിക പറഞ്ഞു...

" അത് സാരമില്ല ഇഷ്ടപ്പെട്ട ആളെ ഓർത്ത് ഒരു പാട്ടു പാടിയാൽ മതി..... പ്രേമിക്കുന്ന സമയത്ത് എപ്പോഴും ഏത് പാട്ട് ആയിരുന്നു കൂടുതൽ ഇഷ്ടം.... ആ പാട്ടു പാടിയാൽ മതി..... ചേട്ടായിയെ ഓർക്കുമ്പോൾ ഓർമ്മ വരുന്ന പാട്ട്... റാണി പറഞ്ഞു... " റാണി ഞാൻ നിന്റെ ചേട്ടന്റെ ഭാര്യ ആണ്..... എന്നോട് ഇങ്ങനെയൊക്കെ പറയാമോ....? ദേവിക കൃത്രിമ ഗൗരവം കാണിച്ചു... " നമ്മള് തമ്മിൽ കൂട്ടുകാരെപ്പോലെ അല്ലേ ചേച്ചി.... ചേച്ചി ഒരു പാട്ടു പാട്..... എല്ലാവരും നല്ല ഉറക്കം.... ചേട്ടായി ഉറങ്ങിക്കാണും.... നമ്മൾ മാത്രം കേൾക്കുന്നു.... അവൾ വീണ്ടും പ്രോത്സാഹിപ്പിച്ചപ്പോൾ പെട്ടെന്ന് അവളുടെ മനസ്സിലേക്ക് റോയുടെ മുഖവും കടന്നുവന്നിരുന്നു.... അറിയാതെ അവൾ പതുക്കെ എങ്കിലും മനോഹരം ആയി പാടി തുടങ്ങിയിരുന്നു..... 💚💚💚💚വീണപാടുമീണമായി അകതാരിലൂറും വിരഹാര്‍ദ്രഗീതമേ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി... മിഴിയോരത്താളില്‍ നീളെ അനുഭൂതികള്‍ മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ അനുരാഗദൂതുമായ് മുഴുതിങ്കളേ വാ വാ നാളെ നീയെന്‍ താളമായി നിഴലായി വീണ്ടും നിറദീപനാളമേ വീണപാടുമീണമായി ആ... മഴമേഘമേതോ തീരം പുണരാനിനി മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍ ഇടനെഞ്ചിലേറിയോ രതിഭാവമേ നീ 💚💚💚 " ഇടനെഞ്ചിലേറിയോ രതിഭാവമേ നീ....." അതും പാടി അവൾ മുഖമുയർത്തി നോക്കിയപ്പോഴാണ് തങ്ങളുടെ മുറിയുടെ ചുവരിൽ കൈകൾ രണ്ടും പിണഞ്ഞ് കെട്ടി ചിരിയോടെ തങ്ങൾ ഇരുവരെയും നോക്കി നിൽക്കുന്ന റോയിയെ കണ്ടത്..... ആ നിമിഷം ദേവികയ്ക്ക് വല്ലാത്ത ചമ്മൽ തോന്നിയിരുന്നു..........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story