സാഫല്യം: ഭാഗം 26

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സ്ഥായ് ആയി ഗൗരവം നിറഞ്ഞു നിന്ന ആ മുഖത്ത് ഒരു പുഞ്ചിരി സ്ഥാനം പിടിച്ചപ്പോൾ അവൾക്ക് ചമ്മൽ ആയിരുന്നില്ല സന്തോഷം ആണ് തോന്നിയത്........ എന്നാൽ ഒന്നും പറയാതെ അവളോട് ഒന്നും മിണ്ടാതെ ഇരുവർക്കും ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ മുറിക്കുള്ളിലേക്ക് കയറി പോയി..... അവന്റെ ചിരി കണ്ടപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു...... അവൻ ഉള്ളിലേക്ക് പോയി കഴിഞ്ഞ ഉടനെ തന്നെ ദേവിക റാണിയെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചിരുന്നു..... " ചേച്ചി എന്തിനാ കണ്ണുരുട്ടുന്നെ.... ചേച്ചി പാടിയ പാട്ട് ആദ്യം കേൾക്കണ്ടത് ചേട്ടായി തന്നെ അല്ലേ.... ചേച്ചിയുടെ കഴിവുകൾ ഒക്കെ ആദ്യം അറിയേണ്ടത് അല്ലേ.... ഞാൻ ഇപ്പൊൾ നിങ്ങൾക്ക് ഒരു അവസരം തന്നില്ലേ.... വളരെ തമാശയോടെ അത് പറഞ്ഞ് അവൾ അകത്തേക്ക് പോയപ്പോഴും ഇനി റോയിയെ എങ്ങനെ അഭിമുഖീകരിക്കും എന്നുള്ള പ്രശ്നമായിരുന്നു ദേവികയുടെ മനസ്സിൽ നിറയെ...... ഒന്നും പറയാതെ തന്നെ പതിവ് ജോലികളിൽ ഒക്കെ കടന്നപ്പോഴും റോയ് തിരികെ പോകുന്നത് വരെ മുറിയിലേക്ക് പോകുവാൻ അവൾ തയ്യാറായിരുന്നില്ല........ തിരികെ പോകാനായി ഇറങ്ങിയപ്പോൾ ഒരുവട്ടം അവൻറെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഒരു നാണം തോന്നിയിരുന്നുവെങ്കിലും പതിവ് ചിരിയിൽ അവളോട് യാത്ര പറഞ്ഞ് അവൻ യാത്ര ആരംഭിച്ചിരുന്നു..... പിന്നീട് തന്റെ പതിവ് ജോലികളെല്ലാം ചെയ്തുകഴിഞ്ഞപ്പോപ്പോഴേക്കും വീണ്ടും ആ പഴയ താളം ദേവികയ്ക്ക് തിരികെ വന്നിരുന്നു..... വീട്ടിലെ അവസ്ഥകൾ ഒന്നും അവൾ മറന്നിരുന്നില്ല....... തന്റെ വരുമാനം കൂടി നിലച്ചപ്പോൾ വളരെ മോശമാണ് വീട്ടിലെ അവസ്ഥ എന്ന് അവൾക്ക് അറിയാമായിരുന്നു......

അതിനൊരു പോംവഴി എങ്ങനെ കണ്ടുപിടിക്കും എന്നുമാത്രം അവളുടെ മുൻപിൽ ചോദ്യം ഇല്ലാത്ത ഉത്തരം ആയി.... സന്ധ്യ ആയപ്പോൾ ആയിരുന്നു റോയി വന്നിരുന്നത്..... ആ സമയത്ത് റോയി കണ്ടിരുന്ന കാഴ്ച അവൻറെ കണ്ണുകൾക്ക് എന്നും സന്തോഷം പകരുന്ന ഒന്നുതന്നെയായിരുന്നു..... അമ്മച്ചി വയ്യാതെ കിടക്കുന്നതിനാൽ മെഴുകുതിരി കത്തിച്ച് തലയിൽ ഒരു ഷാൾ ഇട്ടു ബൈബിൾ വായിക്കുന്ന ദേവിക...... അവന് വലിയ സന്തോഷം തോന്നിയിരുന്നു... അവളുടെ അരികിലായി റാണിയും... അതിലും അത്ഭുതമായി തോന്നിയത് ഒരു ഓരത്തായി ചാച്ചൻ ഇരിപ്പുണ്ട് എന്നതായിരുന്നു...... അത് കണ്ടപ്പോൾ അവന് വിസ്മയം തോന്നിയിരുന്നു.... വീടിൻറെ എല്ലാ ഭാഗത്തും ഇപ്പോൾ അവളുടെ സാന്നിധ്യം കാണാൻ കഴിയുന്നുണ്ട് എന്ന് അവൻ ഓർക്കുകയായിരുന്നു....... എന്നോ മൂക്കാതയിലേക്ക് കൂപ്പു കുത്തി പോയിരുന്ന വീട് വീണ്ടും കളിചിരികളിലേക്ക് കൊണ്ടു വന്നതിന്റെ പിന്നിലെ കാരണകാരിയെ ഒരുപാട് തിരയേണ്ടി വന്നില്ല അവന്..... അവളുടെ അരികിലിരുന്ന് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ചാച്ചൻ അവന്റെ മനസ്സ് നിറച്ചു... ഒന്നും മിണ്ടാതെ തന്നെ വന്ന് അവനും ചാച്ചന് അരികിലായി ഇരിപ്പ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു...... ഒരു പ്രാർത്ഥന പുസ്തകം നോക്കി പ്രാർത്ഥനകളെല്ലാം ചൊല്ലിയതിനു ശേഷം തിരിഞ്ഞു നോക്കിയപ്പോഴാണ് റോയിയെ അവൾ കണ്ടത്....... അവനെ കണ്ടപ്പോൾ അവൾ ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി തിരികെ അവനും നൽകിയിരുന്നു...... " കുറച്ച് കാപ്പി വേണം..... അവളുടെ മുഖത്തേക്ക് നോക്കി ആ സന്ദർഭത്തിലെ എന്ത് സംസാരിക്കണം എന്ന് അറിയാതെ അവൻ പറഞ്ഞു..... അവൾ പെട്ടെന്ന് തന്നെ തലയാട്ടി അടുക്കളയിലേക്കു പോയിരുന്നു....

അവന് കട്ടൻകാപ്പി ആണ് ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ അത് ഇട്ടു.... റോയി ചാച്ചന്റെ അരികിലേക്ക് ചെന്നു കൊണ്ട് ചോദിച്ചു... "എന്തുപറ്റി, പതിവില്ലാത്ത ഒരു സ്വഭാവം ഒക്കെ..... കൈയ്യിൽ ഇരുന്ന കവർ ഡൈനിങ് ടേബിളിൽ വച്ചു കൊണ്ട് അവൻ ചോദിച്ചു..... " അത് പിന്നെ മോള് പറഞ്ഞു ഇവിടെ നീയും കൂടെ വന്നിട്ട് പോയാൽ മതി എന്ന്..... അവൾക്കും മേലാതെ കിടക്കുവല്ലേ.... ഇവിടെ എന്തെങ്കിലും ആവശ്യം വന്നാൽ ആരുമില്ലെന്ന്..... അപ്പോൾ ഞാൻ ഓർത്തു നീയും കൂടെ വരട്ടെ എന്ന്........ തലച്ചോറിഞ്ഞു ചെറിയ നാണത്തോടെ ആണ് തങ്കച്ചൻ അത് പറഞ്ഞത്.... "ചാച്ചൻ ദേവി ചേച്ചിയുടെ മുന്നിൽ നല്ല കുട്ടിയ ആണ് ചേട്ടായി.... നമ്മളെ ഒന്നും വേണ്ട, മരുമോളെ മതി.... ചിരിയോടെ റാണിയും ഏറ്റുപിടിച്ചു... ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ റോയ് മുറിയിലേക്ക് പോയി, അവന്റെ മനസും നിറഞ്ഞിരുന്നു.... അവളുടെ ഒരു വാക്കിൽ തൻറെ വീട്ടിൽ സമാധാനം കൊണ്ടുവരാൻ അവൾക്ക് കഴിഞ്ഞുവെന്ന് അവൻ ഓർക്കുകയായിരുന്നു..... എത്രയോ വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെ കുടിക്കാതെ ഈ സമയത്ത് ചാച്ചനെ വീട്ടിൽ കാണുന്നത്... അതിന്റെ ചാരിതാർത്ഥ്യം അവൻറെ മുഖത്ത് ഉണ്ടായിരുന്നു..... തന്റെ തിരഞ്ഞെടുപ്പ് തീർത്തും ശരിയായിരുന്നു എന്ന് ഒരിക്കൽ കൂടി അവൻ മനസ്സിൽ കുറിച്ചിട്ടു..... തന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഏടാണ് ദേവിക എന്ന് വീണ്ടും വീണ്ടും അവൻ ഓർത്തു..... "ചേട്ടായി നാളെ കോളേജിൽ നിന്നും ടൂറിന് പോകുന്നുണ്ട്.... എല്ലാരും പേരുകൊടുത്തു എനിക്കും പേര് കൊടുക്കണം..... നാളെയാണ് അവസാനത്തെ ദിവസം..... 3500 രൂപ എങ്കിലും കൊടുക്കണം, എങ്കിലേ പോകാൻ പറ്റൂ ചേട്ടായി..... പ്രതീക്ഷയോട് റാണി അവനോട് പറഞ്ഞു...

" എൻറെ പൊന്നുമോളെ എൻറെ കൈയിൽ ഒരു മാർഗവുമില്ല, നിനക്കറിയാലോ നാളെ വണ്ടിയുടെ സിസി അടക്കണം, അതുതന്നെ എങ്ങനെയാണെന്ന് എനിക്ക് യാതൊരു നിശ്ചയവുമില്ല..... ഞാനിപ്പോ എന്ത് ചെയ്യണം എന്ന് വിചാരിച്ച് ഇരിക്കുകയാണ്..... അത് കേട്ട് കൊണ്ടായിരുന്നു അടുക്കളയിൽ നിന്നും വന്നത്, റാണിയുടെ മുഖത്തെ പ്രതീക്ഷ മങ്ങിയിരുന്നു, അത് കണ്ടപ്പോൾ അവനും വിഷമം തോന്നിയിരുന്നു.... " നീ വിഷമിക്കേണ്ട ഞാൻ എങ്ങനെയെങ്കിലും നാളെ നോക്കട്ടെ..... കയ്യിലുണ്ടായിരുന്ന ഒരു 1000 രൂപ എടുത്ത് അവളുടെ കൈകളിലേക്ക് അവൻ വെച്ചുകൊടുത്തു.. "ബാക്കി 2500 രൂപ അല്ലേ.... നാളെ ഞാൻ ആരോടെങ്കിലും കടം മേടിച്ചിട്ട് ആണെങ്കിലും ഉച്ചയ്ക്ക് മുമ്പ് നിൻറെ കോളേജ് കൊണ്ടുവന്ന് തരാം.... നീ കഴിഞ്ഞ മാസം തന്നെ പറഞ്ഞത് അല്ലേ... അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... "ചേട്ടായിയുടെ കൈയ്യിൽ ഇല്ലെങ്കിൽ വേണ്ട, സാരമില്ല.... റാണി വേദനയോടെ പറഞ്ഞു.... " ടൂർ എന്നൊക്കെ പറഞ്ഞാൽ അതും ഈ കോളേജിൽ പഠിക്കുമ്പോൾ പോകുന്നത് ഒന്ന് വേറെ ആണെന്ന് എനിക്ക് അറിയാം..... നീ പേര് കൊടുത്തോ, നമ്മുക്ക് കാശ് ഒക്കെ റെഡി ആക്കാം... അപ്പോഴേക്കും അവളുടെ മുഖത്ത് ഒരു സന്തോഷം തെളിഞ്ഞിരുന്നു, കാരണം അവൾക്ക് അറിയാമായിരുന്നു എന്താണെങ്കിലും അവളുടെ ചേട്ടായി ഒരു കാര്യം സമ്മതിച്ചാൽ അത് നടത്തും എന്നുള്ളത്..... റാണി മുറിയിൽ നിന്ന് ഇറങ്ങി പോയപ്പോൾ കാപ്പിയും ആയി ദേവിക വന്നിരുന്നു. . അവൾ അവൻറെ അരികിലേക്ക് ചെന്നു... " കാശില്ലെങ്കിൽ ഇത് പണയം വെച്ചോളൂ..... കഴുത്തിൽ ഇട്ടിരുന്ന നേരിയ നൂൽമാല കാണിച്ച് അവൻ അത് പറഞ്ഞപ്പോഴാണ് പിന്നിൽ അവളുടെ സാന്നിധ്യം അവൻ അറിഞ്ഞത്.... ചിരിയോടെ അവളുടെ നേരെ നിന്ന് കൊണ്ട് കാപ്പി വാങ്ങി അവൻ പറഞ്ഞു.. " അതേതായാലും വേണ്ട ഞാൻ തന്നെ കെട്ടി തന്നത് അല്ലേ, അത് വാങ്ങുന്നത് ശരിയല്ല.... അത് ഒക്കെ എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ആണ്.... ഒരു 2500 രൂപയ്ക്ക് വേണ്ടി തന്റെ കേട്ടുതാലി ഒന്നും ഞാൻ വാങ്ങില്ലാട്ടോ....

കാപ്പി ഒന്ന് മോത്തി കൊണ്ട് അവൻ പറഞ്ഞു... "വണ്ടിക്കും വേണ്ടേ... അവൾക്ക് സംശയം തീരുന്നില്ല... " വണ്ടിയുടെ കാര്യം, അതൊരു 8,000 രൂപ വരും, കുറച്ചു കുടിശ്ശികയും കൂടി ആയതുകൊണ്ട്, അത് ഒക്കെ എങ്ങനെ എങ്കിലും ഒക്കെ ഉണ്ടാകും, എന്നെ അങ്ങനെ കർത്താവ് കൈവിടുകയില്ല, എനിക്ക് ഒരു സങ്കടം വരുമ്പോൾ ഒക്കെ കർത്താവ് എന്നോടൊപ്പം ഉണ്ടായിരിക്കും..... കൊന്തയിലെ കുരിശിൽ കൈ തൊട്ട് അവൻ പറഞ്ഞു... " എനിക്ക് പോസ്റ്റ് ഓഫീസിൽ ചെറിയൊരു ചിട്ടി ഉണ്ട്, പണ്ട് പഠിക്കാൻ വേണ്ടി കൂടിയത് ആണ് ... എങ്ങനെ നോക്കിയാലും ഒരു 15000 രൂപ കാണും, അതിൻറെ ബുക്ക് വീട്ടിലിരിപ്പുണ്ട് വേണമെങ്കിൽ അതെടുക്കാം.... അവളുടെ നിഷ്കളങ്കമായ വർത്തമാനം കേട്ടപ്പോൾ അവന് അവളോട് സ്നേഹമായിരുന്നു തോന്നിയത്.... " വേണ്ടഡോ പഠിക്കാൻ വേണ്ടി കരുതിവെച്ചത് അല്ലേ..... അത് കുറച്ചുകൂടി ആക്കി എന്താണെങ്കിലും പഠിക്കണം, ഞാൻ ഓർക്കുന്നുണ്ട് പണ്ട് ഒരിക്കൽ നിന്നുപോയ പഠനം..... തീർച്ചയായിട്ടും തുടരുകതന്നെ വേണം..... എനിക്ക് തന്നെ പഠിപ്പിക്കണം എന്ന് ആഗ്രഹമുണ്ട്...... പക്ഷേ അതിനുള്ള മാർഗ്ഗം ഇല്ല.... വെറുതെയെങ്കിലും അവൻറെ വാക്കുകൾ അവൾക്ക് വലിയൊരു ആത്മവിശ്വാസം നൽകിയിരുന്നു.... "അങ്ങനെ പറയാൻ തോന്നിയല്ലോ .... അവൾ ആത്മാർത്ഥമായി പറഞ്ഞു.... "എല്ലാം ശരിയാകുഡോ.....! ആത്മവിശ്വാസത്തോടെ അവൻ പറഞ്ഞു... " പിന്നെ പാട്ട് നന്നായിരുന്നു..... അവൻ അത് പറഞ്ഞപ്പോൾ വീണ്ടും അവളുടെ മുഖത്ത് ചമ്മൽ നിറയുന്നത് അവൻ കണ്ടിരുന്നു.... " പിന്നെ റോസി ചേച്ചി വിളിച്ചിരുന്നു.. അവൾ തുടക്കം ഇട്ടു.... അവൾക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അവളുടെ പരുങ്ങൽ കണ്ടപ്പോൾ തന്നെ അവന് മനസിലായി.... " അമ്മച്ചിയെ വീട്ടിലേക്ക് കൊണ്ടുപോയി രണ്ടു ദിവസം നിർത്താട്ടെന്ന് എന്ന് റോയ്ച്ചായനോട് ചോദിക്കാൻ പറഞ്ഞു.....

ഞാൻ പറഞ്ഞിട്ട് പറയാം എന്ന് പറഞ്ഞു...... ഇപ്പോൾ റോസി ചേച്ചി തന്നോട് ചോദിക്കാൻ ഉള്ളത് എല്ലാം അവളെ കൊണ്ടാണ് ചോദിപ്പിക്കുന്നത് എന്ന് അവൻ ഓർത്തു .... " ചേച്ചിയും പിള്ളേരും അളിയനും കൂടെ അമ്മച്ചിയുമോ....?. എങ്ങനെ നോക്കാനാ..... റോയ് പറഞ്ഞു... " അവിടെ എവിടെയോ ഒരു ആയുർവേദ ആശുപത്രി ഉണ്ടെന്ന് പറഞ്ഞു....... അവിടെ കൊണ്ടുപോകാൻ ആണെന്ന്....... അമ്മച്ചിക്ക് താല്പര്യമുണ്ട് എന്ന് എന്നോട് പറഞ്ഞു... ഞാൻ റോയിച്ചായനോട് പറയണം എന്ന്.... മടിച്ചു മടിച്ചു അവൾ പറഞ്ഞു.... " അമ്മച്ചിക്ക് ആഗ്രഹമുണ്ടെങ്കിൽ പിന്നെ ഞാൻ അതിനെ എതിർക്കുന്നത് എന്തിനാ..... ഞാൻ റോസി ചേച്ചിയെ ഒന്ന് വിളിച്ചു നോക്കട്ടെ..... അതും പറഞ്ഞു അവൻ ഫോണുമായി ഇറങ്ങിയപ്പോൾ തന്റെ പതിവ് ജോലികൾ ചെയ്ത് ദേവിക അടുക്കളയിൽ കൂടി..... അവൾക്ക് സഹായത്തിനായി റാണി എത്തിയപ്പോൾ അവൾ നിർബന്ധിച്ചു പഠിക്കാൻ പറഞ്ഞുകൊണ്ട് അവളെ മുറിയിലേക്ക് വിട്ടിരുന്നു..... ആ നിമിഷം അവൾക്ക് ഗോപൂവിനെയായിരുന്നു ഓർമ്മ വന്നിരുന്നത്..... പഠിക്കാൻ സാഹചര്യം കിട്ടുന്നവർ പഠിക്കണം എന്ന് തന്നെ ആഗ്രഹിക്കുന്നവൾ ആയിരുന്നു ദേവിക.. റോയ് എല്ലാം കാണുന്നുണ്ടായിരുന്നു..... ആ വീടിൻറെ എല്ലാ ഇടങ്ങളിലും അവളുടെ ഒരു കണ്ണുണ്ട് എന്ന് അവനു തോന്നിയിരുന്നു..... ഭക്ഷണം വിളമ്പിയപ്പോൾ അവൾ ആദ്യം വിളമ്പിയത് ചാച്ചന് ആയിരുന്നു...... അതിനുശേഷമായിരുന്നു അവൾ അമ്മച്ചിക്ക് ഉള്ള ഭക്ഷണവുമായി മുറിയിലേക്ക് പോയത്.... മരുന്നുകളും എല്ലാം കൃത്യമായി എടുത്തുകൊടുക്കുന്നവളെ കണ്ടപ്പോൾ അവന് വലിയ അഭിമാനം തോന്നിയിരുന്നു,...... അവൾ ഹൃദയത്തിനുള്ളിൽ പതിയെ ചേക്കേറാൻ തുടങ്ങിയെന്ന് അവൻ അറിയുകയായിരുന്നു.... ഇനി ഒരുപക്ഷേ ആഗ്രഹിച്ചാൽ തനിക്ക് പോലും മാറ്റാൻ കഴിയാത്തവിധം അവളുടെ സാന്നിധ്യം താൻ ആഗ്രഹിക്കുന്നുണ്ട്......

രാവിലെ പോകുമ്പോൾ മുതൽ വൈകിട്ട് വരുമ്പോൾ വരെ തന്നെ പ്രതീക്ഷിച്ചുള്ള അവളുടെ ചിരിയാണ് ഓർമകളിൽ നിറയുന്നത്...... അങ്ങനെ കാത്തിരിക്കാൻ ഒരാൾ ഉള്ളതും ഒരു ഭാഗ്യമാണ് എന്ന് ആ നിമിഷം അവൻ ചിന്തിക്കുകയായിരുന്നു...... സിസിലിയും അവളെ സ്നേഹിച്ചു തുടങ്ങി കഴിഞ്ഞിരുന്നു ..... 💚💚💚💚💚🥀🥀🥀🥀🥀💚💚💚💚💚🥀🥀🥀🥀🥀💚💚💚💚💚 " നാളെ രാവിലെ റോസി ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി അമ്മച്ചിയെ വിടണം, എന്തോ തിരുമ്മൽ കഴിഞ്ഞാൽ ഒരു ആഴ്ച കൊണ്ട് നടകാൻ പറ്റും എന്ന്..... അളിയനും നിർബന്ധിക്കുന്നു..... താൻ കൂടി വായോ... ഇതുവരെ അവിടെ പോയില്ലല്ലോ അളിയൻ പ്രത്യേകം പറഞ്ഞു തന്നെ കൂട്ടി വരണം എന്ന്...... രാവിലെ നിങ്ങളെ രണ്ടുപേരെയും അവിടെ ആക്കിയിട്ട്, ഞാൻ പോരാം, പിന്നെ ഞാൻ ഉച്ചയ്ക്ക് അവിടെ വന്ന് തന്നെ കൂട്ടിക്കൊണ്ടു പോരാം.... അത് പോരേ.....? അവളോട് അവൻ അഭിപ്രായം ചോദിച്ചപ്പോൾ സമ്മത ഭാവത്തിൽ തന്നെ അവൾ തലയാട്ടി..... ചെറിയ കാര്യങ്ങളിൽ പോലും തന്നോട് അഭിപ്രായം തിരക്കുന്ന അവൻറെ മനോഭാവം പോലും അവളിൽ ഒരു ആരാധന ഉണർത്തിയിരുന്നു..... അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞത് മുഴുവൻ റോയിയുടെ മുഖമായിരുന്നു......... അവന്റെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു..... രാവിലെ എല്ലാ ജോലികളും തീർത്ത അമ്മച്ചിയേയും ചാച്ചനെയും ദേവികയേയും വണ്ടിയിൽ കയറ്റി റോസിയുടെ വീട്ടിലേക്ക് പോകുമ്പോൾ സിസിലിയും ദേവികയും തമ്മിൽ നല്ലൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട് എന്ന് മനസ്സിലായി..... ഓരോ കാര്യങ്ങൾ ചോദിക്കുന്നതും പറയുന്നതും ഒക്കെ ഒരു കൗതുകത്തോടെ ആയിരുന്നു റോയി നോക്കിക്കണ്ടിരുന്നത്..... ആദ്യമായി അവളെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അവളോടെ മിണ്ടാതെ പോലും ഇരുന്ന് ആളായിരുന്നു സിസിലി.... ഇപ്പോൾ സിസിലിക്ക് സ്വന്തം മക്കളെക്കാൾ ഇഷ്ട്ടം ദേവികയ്ക്ക് ആണെന്ന് അവന് അറിയാമായിരുന്നു...... പ്രകടിപ്പിക്കുന്നില്ല എങ്കിൽപോലും സിസിലിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആണ് എന്ന് അവന് അറിയാരുന്നു ....

റോസിയുടെ വീട്ടിലേക്ക് ചെന്നപ്പോഴും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്...... എല്ലാവരും സ്നേഹത്തോടെ തന്നെയായിരുന്നു ദേവികയൊടെ പെരുമാറിയിരുന്നത്..... കുട്ടികൾക്ക് ആണെങ്കിൽ ദേവികേ കണ്ടപ്പോൾ മുതൽ സന്തോഷമായിരുന്നു..... കുറേ സമയം അവിടെ ഇരുന്ന് അതിനുശേഷമാണ് റോയി തിരികെ പോകാനായി ഇറങ്ങിയത്..... വൈകുന്നേരം കൂട്ടാൻ വരാം എന്ന് ഉറപ്പു പറഞ്ഞായിരുന്നു ഇറങ്ങിയത്..... രണ്ട് ദിവസത്തെ ആയുർവേദ ചികിത്സ കൾക്ക് ശേഷം മൂന്നാം ദിവസം തിരികെ സിസിലിയെ വീട്ടിൽ എത്തിക്കാമെന്ന് ആയിരുന്നു തീരുമാനിച്ചിരുന്നത്.. എത്തിയപ്പോൾ മുതൽ റോസിയോടെ മരുമകളുടെ ഗുണഗണങ്ങൾ വാഴ്ത്തുക ആയിരുന്നു സിസിലി.... ഈ രണ്ടു ദിവസം അവൾ തന്നെ നോക്കിയത് വളരെ ശ്രദ്ധയോടെ ആയിരുന്നു എന്ന് അവർ വാചാലയായി.. ദേവിക കുട്ടികളുമായി കൂടുതൽ അടുത്തു ... പറഞ്ഞതുപോലെ വൈകുന്നേരം തന്നെ റോയി ദേവികയെ കൂട്ടാൻ വന്നിരുന്നു..... സിസിലിക്ക് വലിയ വിഷമം ഉണ്ടായിരുന്നു..... ദേവികയ്ക്കും അങ്ങനെ ആയിരുന്നു.... അവിടെ വന്ന സമയം മുതൽ സിസിലി തന്നോട് ദേഷ്യപ്പെട്ടിട്ട് ഉണ്ടെങ്കിലും തന്റെ അമ്മയുടെ സ്ഥാനത്ത് തന്നെയായിരുന്നു കണ്ടിരുന്നത്...... അതുകൊണ്ടുതന്നെ അവരുടെ അഭാവം അവൾക്ക് വലിയ വേദനയായിരുന്നു നിറച്ചിരുന്നത്..... സിസിലിയോടും കുട്ടികളോട് എല്ലാം യാത്ര പറഞ്ഞിട്ട് ആയിരുന്നു അവൾ ഇറങ്ങിയിരുന്നത്.. വീട്ടിലേക്ക് പോകുന്നതിനു മുൻപ് ഒരു അമ്പലത്തിന്റെ മുൻപിൽ ആണ് വണ്ടി നിർത്തിയത്..... അവൾ മനസിലാകാതെ അവനെ നോക്കി....

" പോയി ഒന്ന് പ്രാർത്ഥിച്ചു വാടോ.... റോയ് പറഞ്ഞപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി..... നന്ദിയോടെ അവൾ അവനെ ഒന്ന് നോക്കി പെട്ടന്ന് അമ്പലത്തിലേക്ക് കയറി, "നിന്നേ, ഇതൂടെ വച്ചോ... പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്തു അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു... അവൾ മനസിലാകാതെ അവനെ നോക്കി..... "വഴിപാട് വല്ലോം ഉണ്ടെങ്കിൽ ചെയ്തോ... ചെറുചിരിയോടെ അവൻ പറഞ്ഞു... ഈശ്വരസന്നിധിയിൽ നിൽകുമ്പോൾ അവൾക് ഈശ്വരനോട് നന്ദി മാത്രേ പറയാൻ ഉണ്ടായിരുന്നുള്ളു.... തനിക്ക് ഇത്രയും നല്ലൊരുവനെ നൽകിയതിൽ.. സിസിലിയുടെ വയ്യാഴ്കയ്‌ക്കും, റോയ്ക്കും വേണ്ടി നാൾ അറിയില്ല എങ്കിലും അവൾ വഴിപാട് കഴിച്ചിരുന്നു ...... 💚💚💚💚💚💚💚💚💚💚💚💚💚💚💚 റോയ്ക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടത് കൊണ്ട് ദേവികയെ വീട്ടിൽ ഇറക്കിയതിനു ശേഷം റോയി തിരികെ ഓട്ടോ സ്റ്റാൻഡിലേക്ക് പോയിരുന്നു..... തങ്കച്ചൻ പുറകെ വരാം എന്നാണ് പറഞ്ഞത്..... താക്കോല് വയ്ക്കുന്ന സ്ഥലം റോയ് അവൾക്ക് പറഞ്ഞു കൊടുത്തതുകൊണ്ട് അവൾക്കറിയാമായിരുന്നു..... താക്കോൽ എടുത്ത് തുറന്നു അകത്തു കയറി..... തന്റെ പതിവ് ജോലികളിൽ ഏർപ്പെട്ടിരിന്നു...... മനസിന്‌ ഒരു ഉണർവ് വന്നപോലെ അവൾക്ക് തോന്നി.... ആ ദിവസം വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത കടന്നുപോയിരുന്നു... തിരികെവന്ന റോയി വലിയ ക്ഷീണിതനാണ് എന്ന് അവൾക്ക് തോന്നിയിരുന്നു..... കാരണം ചോദിക്കണമെന്നുണ്ടായിരുന്നു എങ്കിലും അവൾക്ക് മനസ്സ് വന്നിരുന്നില്ല...... അവൻറെ ക്ഷീണം ഉണ്ട് എന്നത് കൊണ്ട് തന്നെ അവൻ വന്ന ഉടനെ ചോദിക്കാതെതന്നെ കാപ്പി ഇട്ട് അവൾ അരികിൽ എത്തി.... മടിച്ചുമടിച്ചാണെങ്കിലും അവൾ അവനോട് ചോദിച്ചു..... " എന്തു പറ്റി..... ഒരു ക്ഷീണം പോലെ..... വയ്യായ്ക എന്തെങ്കിലും ഉണ്ടോ...? "ഹേയ്.... ഇല്ലെടോ.... ഞാൻ കൂപ്പിൽ തടി എടുത്തു കൊടുക്കാൻ പോയി അതാണ്..... 2500 രൂപ വേണ്ടേ...... അവൾക്ക് കാശ് കൊടുക്കണ്ടേ ഇന്ന് ലാസ്റ്റ് ഡേറ്റ് അല്ലേ....? അവൻ അത് പറഞ്ഞപ്പോൾ ഒരു നൊമ്പരം തൻറെ ഹൃദയത്തിൽ നിറയുന്നത് അവൾ അറിഞ്ഞിരുന്നു.........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story