സാഫല്യം: ഭാഗം 27

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സഹോദരങ്ങൾ വേണ്ടി ഇത്രത്തോളം ചെയ്യാൻ മടിയില്ലാത്ത ഒരുവൻ കുടുംബ ബന്ധങ്ങൾക്ക് വേണ്ടി ഏതറ്റംവരെയും പോകുന്ന ഒരുവൻ..... അങ്ങനെ ഒരുവൻ ഭാഗ്യം തന്നെയാണ്.... ഒരുനിമിഷം അവൾക്ക് റാണിയോട് അസൂയ തോന്നി പോയിരുന്നു... തനിക്ക് ഇല്ലാതെ പോയാലോ ഇതുപോലെ ഒരു സഹോദരൻ.... അവൻറെ കണ്ണുകളിലെ ക്ഷീണം, ശരീരത്തിന്റെ ആ വേദന അത് തന്നെ വല്ലാതെ അലട്ടുന്നു.... " വണ്ടിയുടെ സിസി അടയ്ക്കാനും എനിക്ക് കുറച്ച് കാശ് ആവശ്യമായിരുന്നു.... കുറച്ചു പൈസ എങ്കിലും കൊടുത്താൽ ഒരു പരിധിവരെ സിസിക്കാരെ കൊണ്ട് വലിയ വിളി ഉണ്ടാകില്ല... അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ചെറുതായി കലങ്ങി പോയി.... ഒറ്റ മാത്രയിൽ തന്നെ റോയ് അത് കണ്ടിരുന്നു.... സുഖമുള്ള ഒരു സന്തോഷം ആ നിമിഷം അവന്റെ ഉള്ളിൽ നിറഞ്ഞിരുന്നു.... തനിക്ക് വേണ്ടിയാണോ ആ മിഴികൾ കലങ്ങിയത്...? അങ്ങനെയാണെങ്കിൽ അത് തന്നോടുള്ള സ്നേഹത്താൽ ആയിരിക്കില്ലേ.... തന്റെ കഷ്ടപ്പാടിൽ അവൾ വേദനിക്കുന്നുണ്ടെങ്കിൽ തന്റെ വേദനയിൽ അവളുടെ ഹൃദയം നുറുങ്ങുന്നുണ്ടെങ്കിൽ അത് അവൾക്ക് തന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ....? താൻ അവളുടെ ആരോ ആണെന്ന തോന്നൽ കൊണ്ടല്ലേ....? ആ നിമിഷം അവനെ സന്തോഷവും വേദനയുംഒരുപോലെ മൂടിയിരുന്നു.... തന്നോട് അവൾക്ക് ഇഷ്ടം ഉണ്ട്, അത് പ്രകടിപ്പിക്കാൻ പോലും ആ പെണ്ണിന് പേടിയാണ്, ഒരു പക്ഷേ പേടിയാവില്ല, തന്നോട് അടുത്ത് ഇടപെടുന്നതിനുള്ള മടിയായിരിക്കും.... താനും മറ്റൊരു അവസ്ഥയിൽ അല്ലല്ലോ..... തനിക്കും അവളെ ഇഷ്ടമാണ്, ആ ഇഷ്ട്ടം ഇപ്പോഴും നിലനിൽക്കുന്നുണ്ട്, പക്ഷെ അരികിലേക്ക് എത്തുമ്പോൾ ധൈര്യം ചോർന്നു പോകുന്നു....

അവളുടെ ആവശ്യങ്ങൾ ചോദിക്കാനും കണ്ടറിഞ്ഞു ചെയ്യുവാനും ഒന്നും തനിക്ക് സാധിക്കുന്നില്ല..... ഉള്ളിൽ ആഗ്രഹിക്കുന്നു പക്ഷെ അരികിൽ എത്തുമ്പോൾ താൻ നിസ്സഹായൻ ആയി പോകുന്നു.... എങ്ങനെയാണ് തൻറെ മനസ്സ് അവൾക്ക് മുന്നിൽ തുറക്കുന്നത്, എന്ന് അറിയാതെ ഉഴറുകയായിരുന്നു അവൻ, എന്നാൽ ഒരു ഭിത്തിക്ക് അപ്പുറം അവൻറെ കഷ്ടപ്പാടുകളെ ഓർത്ത് വേദനയിൽ ആഴ്ന്നു അവളും.... കഷ്ടപ്പാടുകൾ ക്കിടയിൽ താനും അവന് ഒരു ബാധ്യത ആകുമോന്ന ഒരു പേടി ഉണ്ടായിരുന്നു.... പിറ്റേ ദിവസം അവൾ സാധാരണ അവനെ ഉണർത്തുന്നത് പോലെ ചായയുമായി ചെന്നിരുന്നില്ല..... അവന് ക്ഷീണം കാണും എന്നും അവൻ കുറച്ചു നേരം കൂടി ഉറങ്ങിക്കോട്ടെ എന്നുമൊക്കെ അവൾ കരുതിയിരുന്നു.... പതിവിനു വിപരീതമായി കട്ടൻ കിട്ടാതെ വന്നതിനാൽ അവൻ അവളെ തിരക്കി അടുക്കളയിൽ എത്തിയിരുന്നു..... അവൾ ആ സമയം കുളിയൊക്കെ കഴിഞ്ഞ് സാമ്പാറിന് ഉള്ള കഷണങ്ങൾ ഒരുക്കുകയായിരുന്നു, അവൾ അല്ലാതെ അടുക്കളയിൽ മറ്റാരുമില്ല എന്ന് ഉറപ്പു വരുത്തി അവൻ ഉടുത്തിരുന്ന കൈലി മടക്കിക്കുത്തി അവളുടെ അരികിലേക്ക് ചെന്നു.... അപ്പോഴേക്കും അവളുടെ ശരീരത്തിൽ നിന്നും അവന് പ്രിയപ്പെട്ട ഗന്ധം വമിച്ചു തുടങ്ങിയിരുന്നു... ആ ഗന്ധം ഇപ്പോൾ തനിക്ക് പരിചിതമാണല്ലോ.... എന്നും രാവിലെ താനെത്തുമ്പോൾ എല്ലാം അവൾക്കു ആരും കാണാതെ ആണെങ്കിലും സീമന്തരേഖയിൽ ഒരു പൊട്ടുപോലെ പലപ്പോഴും സിന്ദൂരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.... ആ സിന്ദൂരരേഖ ചുവക്കുന്നത് തനിക്ക് വേണ്ടി ആയിരിക്കുമെന്ന് അവനറിയാമായിരുന്നു, ഇന്നും അത് ചുവന്നു തുടുത്തിട്ടുണ്ട്.... അരികിൽ അവൻറെ സാന്നിധ്യം അറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞു നോക്കിയിരുന്നു.... ഞൊടിയിടയിൽ മിന്നിമാഞ്ഞ മിഴികൾ തമ്മിൽ പ്രണയത്തിന്റെ മൗനഭാഷ കൈമാറി....

ഒരു നിശ്വാസത്തിൻ അപ്പുറം തന്റെ തൊട്ടരികിൽ നിന്നപ്പോൾ അവളുടെ ഹൃദയതാളം വല്ലാതെ മുറുകുന്നുണ്ട് എന്ന് അവനും അറിഞ്ഞു.... സെക്കന്റുകൾ കൊണ്ട് ആ മിഴികൾ ഹൃദയത്തിന്റെ ഭാഷ സംവേദിക്കാൻ തുടങ്ങി..... സൂര്യനെക്കാൾ തിളക്കം ഉണ്ട് അവളുടെ കണ്ണുകളിൽ എന്ന് അവന് തോന്നി.... ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ താൻ താഴിട്ട് പൂട്ടിയ തന്റെ പ്രണയം, അവൾ ഒരു പ്രണയതാക്കോലാൽ തുറന്നു എന്ന് അവൻ ഓർത്തു... " കാപ്പി കിട്ടിയില്ല..... അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞുവെങ്കിലും, അതുവരെ അവൾക്ക് പരിചിതമല്ലാത്ത ഒരു മുഖഭാവമായിരുന്നു ആ നിമിഷം അവനിൽ... പ്രണയത്തിൻറെ അങ്ങേയറ്റം തീവ്രമായ ഒരു ഭാവം..... അവൻറെ കണ്ണുകളിൽ തന്നോടുള്ള പ്രണയ സാഗരം അലയടിക്കുന്നത് അവൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.... ഒരു നിമിഷം നിർന്നിമേഷയായി അവളും അവനെ തന്നെ നോക്കി നിന്നു പോയിരുന്നു..... " ഉറങ്ങിക്കോട്ടെ എന്ന് ഞാൻ കരുതി, ഇന്നലെ ഒരുപാട് ക്ഷീണിച്ചു വന്നതല്ലേ... അത് പറഞ്ഞ് പെട്ടെന്ന് കാപ്പി ചൂടാക്കി അവന് നൽകുമ്പോഴും അവൻ കണ്ണെടുക്കാതെ അവൻറെ പെണ്ണിനെ തന്നെ നോക്കുകയായിരുന്നു.... ഒരുപക്ഷേ ഇന്ന് ആയിരിക്കും ഈ പെണ്ണിൻറെ സൗന്ദര്യം ഇത്രയും അടുത്ത് കാണുന്നത് എന്ന് അവന് തോന്നിയിരുന്നു ..... കുറച്ചുദിവസമായി മനസ്സ് കൈ വിട്ടു പോവുകയാണ്, അവളെ കാണുമ്പോൾ..... ഇത് പോലെ ആദ്യമായാണ്..... ഇങ്ങനെ ഒരു അനുഭവം..... "എനിക്ക് രാവിലെ സിസി അടയ്ക്കാൻ പോകണം.... അത് കഴിഞ്ഞിട്ട് ഞാൻ ഉച്ചയ്ക്ക് ചിലപ്പോൾ വരില്ല, അങ്ങനെയാണെങ്കിൽ ഭക്ഷണം കഴിച്ചോണം....

ഇന്ന് ഒരു ലോങ്ങ്‌ ഓട്ടം ഉണ്ട്.... അവളുടെ മുഖത്ത് നോക്കാതെയാണ് അവൻ പറഞ്ഞതെങ്കിലും ആ വാക്കുകളിൽ കരുതൽ ഉണ്ടായിരുന്നു.... "ഉച്ചയ്ക്ക് അപ്പോൾ എങ്ങനെ കഴിക്കും....? അവൾക്ക് ആധി തുടങ്ങി... " ഞാൻ പുറത്തു നിന്നു കഴിച്ചോളാം, ഞാൻ അങ്ങനെ സ്ഥിരമായി ഇവിടുന്ന് കഴിക്കുന്ന ആൾ ആയിരുന്നില്ല.... ഏതെങ്കിലും ഓട്ടത്തിന് പോകുമ്പോൾ മിക്കപ്പോഴും കഴിക്കുന്നത് പുറത്തൂന്ന് ആണ്.... ഇവിടുന്ന് സ്ഥിരം കഴിക്കാൻ തുടങ്ങുന്നത് ഇപ്പോൾ ആണ്.... അത് പറഞ്ഞപ്പോൾ അവളുടെ മിഴികൾ വിടർന്നൊ...? അവൻ പോലും അറിയാതെ അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു....! " വലിയ ഓട്ടം ആണ്... അവർക്ക് കുറെ ഷോപ്പിംഗ് ഒക്കെ കാണും, അത് കഴിഞ്ഞ് എപ്പോൾ തിരിച്ചു വരും എന്ന് പറയാൻ പറ്റില്ല, എന്നെ കാത്തിരുന്നാൽ തന്റെ ആഹാരം കഴിപ്പും മുടങ്ങും.... അവളുടെ മുഖത്തെ നിരാശ കണ്ടു അവൻ പറഞ്ഞു... "അത് സാരമില്ല...... വരികയാണെങ്കിൽ നോക്കിയിരിക്കാൻ എനിക്ക് മടിയൊന്നുമില്ല.....? മുഖത്ത് നോക്കാതെ ആയിരുന്നു അവൾ പറഞ്ഞത്.... അവന്റെ ഹൃദയം നിറയ്ക്കാൻ ആ വാക്കുകൾക്ക് കഴിഞ്ഞു... " അങ്ങനെ കൃത്യസമയത്ത് ആഹാരം കഴിക്കണം എന്ന് വിചാരിക്കുന്ന ആളല്ല ഞാൻ, എത്ര താമസിച്ചാലും വന്നാൽമതി.... അവന്റെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവൾ അത് പറഞ്ഞതെങ്കിലും അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പ്രണയം അവന് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..... "ഞാൻ വരാം....!എത്ര താമസിച്ചാലും.... നിറഞ്ഞ ഹൃദയത്തോടെ അവൻ പറഞ്ഞു...!

അവൻറെ മുഖത്ത് നോക്കാൻ അവൾക്കും അവളുടെ മുഖത്ത് നോക്കാൻ അവനും അൽപം ബുദ്ധിമുട്ട് തോന്നിയ നിമിഷം രണ്ടുപേരും എന്തുചെയ്യണമെന്നറിയാതെ നിന്നിരുന്നു.. . അവസാനം അവൻ തന്നെ അടുക്കളയിൽ നിന്നും പിൻവാങ്ങിയിരുന്നു..... രാവിലത്തെ ഭക്ഷണം എല്ലാം കഴിച്ച് പോകുന്നതിനു മുൻപ് അവൻ അടുക്കളയിലേക്ക് വന്നിരുന്നു.... " ഞാൻ ഇറങ്ങാൻ പോകാണ്... അവളോട് ആദ്യമായി ആണ് അവനങ്ങനെ മുഖത്ത് നോക്കി ഒരു യാത്ര പറയുന്നത് എന്ന് അവൾ ചിന്തിച്ചിരുന്നു.... പതിവില്ലാതെ കാക്കി ഷർട്ടണിഞ്ഞ് നിൽക്കുന്ന അവനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു, ശേഷം അവനെ അനുഗമിച്ചു.... അപ്പോഴേക്കും ഊണ് മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്ന റാണിയുടെ കൈകളിലേക്ക് അവൻ കുറച്ച് കാശ് വച്ചു കൊടുത്തിരുന്നു.... "കവലയിലെ ബേക്കറിയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി കൊണ്ടു പോയാൽ മതി..... ആദ്യം പോകുന്ന സ്ഥലത്ത് തന്നെ കാശ് മൊത്തം അടിച്ചു തീർക്കല്ല്.... വല്ലോം വാങ്ങി കഴിച്ചോണം.... സാധനങ്ങൾ ഒക്കെ ഞാൻ കൊണ്ട് വന്നു തന്നോളം... അവളുടെ കൈകളിൽ കാശ് കൊടുത്തിട്ട് ആയിരുന്നു റോയ് പോയിരുന്നത്...... കണ്ണുകൾ കൊണ്ട് ഒരിക്കൽക്കൂടി ദേവികയോട് യാത്ര പറഞ്ഞു.... അവൻ പോകുമ്പോൾ രണ്ടുപേരും മൗനാനുരാഗത്തിന്റെ ഉമിത്തീയിൽ ഉരുകുകയായി ആയിരുന്നു...... അവന്റെ പ്രണയവസന്തത്തിന്റെ പൂക്കൾ അവൾക്ക് മേലെ ഉതിർകുന്നു.... അന്ന് ഉച്ചസമയം ദേവിക നല്ല തിരക്കായിരുന്നു..... കുറേസമയം റാണിയോടൊപ്പം തന്നെ അവൾ നിന്നു..... അവൾക്ക് പോകാൻ വേണ്ടത് ഒക്കെ വാങ്ങി കൊണ്ടായിരുന്നു റോയ് വന്നത്... അത് കഴിഞ്ഞു പെട്ടന്ന് പോയിരുന്നു... അവളുടെ പെട്ടി അടുക്കാനും തയ്യാറാക്കാനും ഒക്കെ ദേവിക തന്നെ കൂടെയുണ്ടായിരുന്നു.... വന്ന ദിവസം മുതൽ റാണിക്ക് അവൾ ഒരു ഏട്ടത്തിഅമ്മ ആയിരുന്നില്ല, ശരിക്കും ഒരു കൂട്ടുകാരിയായിരുന്നു....

ശരിയും തെറ്റും എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഒരു കൂട്ടുകാരി, " ചേച്ചിക്ക് എന്താ ഞാൻ വാങ്ങി കൊണ്ടു വരേണ്ടത്.....? പെട്ടി അടുക്കുന്നതിന്റെ ഇടയിൽ നേരിയ ചിരിയോടെ അവൾ ചോദിച്ചു.... "എനിക്ക് ഒന്നും വാങ്ങേണ്ട..... നിന്റെ ചേട്ടന് എന്തെങ്കിലും വാങ്ങിയാൽ മതി...... ഒരുപാട് കഷ്ടപ്പെടുന്നുണ്ട് നിങ്ങൾക്കൊക്കെ വേണ്ടി ആ പാവം..... അത് പറയുമ്പോൾ അവളുടെ ഉള്ളിൽ തിങ്ങിനിറഞ്ഞ പ്രണയം പുറത്തുവന്നിരുന്നു..... ചെറുചിരിയോടെ റാണി നോക്കിയിരുന്നു.... "കെട്ടിയോനെ പറ്റി പറയുമ്പോൾ പ്രണയം അങ്ങ് വഴിഞ്ഞൊഴുകുകയാണല്ലോ. ചിരിയോടെ റാണി അത് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു..... " ഞാനൊരു കാര്യം ചോദിക്കട്ടെ ചേച്ചി..... ആകാംഷയോടെ റാണി ചോദിച്ചു... "ചോദിക്ക്... കുറേ ബേക്കറി സാധനങ്ങൾ എടുത്തു വച്ചു കൊണ്ട് അവൾ പറഞ്ഞു... " ഇന്ന് വരെ ചേട്ടായി ഒരു പെൺ കൊച്ചിനോട് മിണ്ടുന്നത് പോലും ഞാൻ കണ്ടിട്ടില്ല.... പിന്നെ നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്..... എങ്ങനെയായിരുന്നു നിങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ ഒക്കെ, ചിരിയോടെ റാണി അത് ചോദിക്കുമ്പോൾ മറുപടി പറയാതെ അവൾ ഒഴിവാക്കുകയായിരുന്നു, അവളുടെ മനസ്സിലൂടെ കുറേ ദൃശ്യങ്ങൾ കടന്നുപോയിരുന്നു.... അവസാനം ആരോടെങ്കിലും തുറന്നു പറയണം എന്ന് അവൾക്ക് തോന്നിയിരുന്നു... " ഞാനൊരു കാര്യം പറഞ്ഞാൽ എന്നോടുള്ള സ്നേഹവും ഇഷ്ടവും ഒന്നും മാഞ്ഞു പോകില്ല എന്ന് ഉറപ്പ് തരണം..... അവളുടെ വാക്കുകളിൽ ഒരു വേദന പടർന്നു.... " എന്താ ചേച്ചി അങ്ങനെ പറയുന്നത്.....?

എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം ഒരിക്കലും പോകില്ല.... ചേച്ചി എന്നോട് പറ..... എന്താണെന്ന് വച്ചാ.... റാണി അവളുടെ കൈയ്യുടെ മേൽ കൈയ്യ് വച്ചു പറഞ്ഞു.... " നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ ഞങ്ങൾ അങ്ങനെ സ്നേഹിച്ച് വിവാഹം കഴിച്ചവരോന്നുമല്ല ഒരു പ്രത്യേക സാഹചര്യത്തിൽ എന്നെ കല്യാണം കഴിക്കേണ്ടി വന്നത് ആണ് റോയ്ച്ചായന്.... ഞാൻ സത്യം പറഞ്ഞാൽ ആ മുഖത്തേക്ക് നോക്കിയിട്ട് പോലും ഇല്ല വിവാഹത്തിന് മുൻപ്.... ഞങ്ങൾ തമ്മിൽ ഒരു പരിചയത്തിന് അപ്പുറം മറ്റൊന്നുമുണ്ടായിരുന്നില്ല..... ഞെട്ടലോടെ ആയിരുന്നു റാണി അത് കേട്ടത്, പിന്നീട് എല്ലാ കാര്യങ്ങളും അവൾ വിശദീകരിച്ച് റാണിയോട് പറഞ്ഞു..... വൈശാഖിനു തന്നോട് ഉള്ള പ്രണയവും പിന്നീട് നടന്ന സംഭവങ്ങളും, രജിസ്റ്റർ ഓഫീസിൽ റോയ് തന്നെ വിവാഹജീവിതത്തിലേക്ക് ക്ഷണിക്കുന്നതും അങ്ങനെയല്ല എല്ലാം..... കേട്ടുകഴിഞ്ഞപ്പോൾ ദേവികയോട് സഹതാപവും റോയിയെ കുറിച്ച് അഭിമാനവുമായിരുന്നു റാണിക്ക് തോന്നിയിരുന്നത്..... " സത്യമാണോ ചേച്ചി ഇതൊക്കെ...? വിശ്വാസം വരാതെ അവൾ ചോദിച്ചു..... " ഞാൻ എന്തിന് ആണ് റാണി കള്ളം പറയുന്നത്..... പക്ഷേ ഇപ്പോ അങ്ങനെയൊന്നുമല്ല കേട്ടോ....... നിൻറെ ചേട്ടായി കല്യാണം കഴിക്കുമ്പോൾ എൻറെ മുൻപിൽ ഇനി എൻറെ ജീവിതം എങ്ങനെയായിരിക്കും ഉള്ള ഭയമായിരുന്നു...... ഇനി എന്നെ കാത്തിരിക്കുന്നത് എന്തൊക്കെ പ്രശ്നങ്ങൾ ആയിരിക്കും എന്നുള്ള ദുഃഖം ആയിരുന്നു..... പക്ഷെ ഇപ്പൊൾ എനിക്ക് അറിയാൻ പറ്റുന്നുണ്ട്, ആ കൈകളിൽ എൻറെ ജീവിതം "സാഫല്യമായ്" എന്ന്..... എൻറെ ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യമാണ് ഈ വിവാഹമെന്ന്.....

നിങ്ങളെയൊക്കെ ഇത്രയും സ്നേഹിക്കുന്ന ആ മനസ്സിൽ ഒരു ചെറിയ സ്ഥാനമെങ്കിലും എനിക്ക് ഉണ്ടായിരിക്കില്ലേ.....? അതിൽ തന്നെ ഞാൻ ഒരുപാട് ഭാഗ്യവതിയാണ് മോളെ...... ഇത്രയൊന്നും ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല..... ആ മനസ്സിൽ ഇപ്പോൾ ഞാൻ ചെറുതായി എങ്കിലും ഉണ്ടെന്ന് എനിക്കറിയാം..... അത് മാത്രം മതി എനിക്ക്..... " നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങൾ എന്ന് നമ്മൾ കരുതുന്ന ദിവസങ്ങളായിരിക്കും ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ച് എഴുതുന്നത്..... നമുക്ക് ഏറ്റവും പ്രിയപ്പെട്ട ദിവസമായി പിൽകാലത്ത് മാറുന്നത്... " അത്തരത്തിലുള്ള ഒരു ദിവസമായിരുന്നു എൻറെ വിവാഹം..... ഞാൻ വിചാരിച്ചത് ഇത്രയും നശിച്ച ഒരു ദിവസം എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന്.... പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട് ഇത്രത്തോളം ഭാഗ്യം ചെയ്ത ഒരു ദിവസം എൻറെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.....! ഒരുപക്ഷേ അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചില്ലായിരുന്നെങ്കിൽ വൈശാഖ് സാർ എൻറെ ജീവിതത്തിൽ നിന്നും പോയി ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് റോയ്ച്ചായനെ കിട്ടില്ലായിരുന്നല്ലോ..... ഇത് പോലൊരാളുടെ ഭാര്യ ആകാനുള്ള എന്ത് ഭാഗ്യമാണ് ഈശ്വരൻ എനിക്ക് കരുതിവച്ചിരുന്നത് എന്ന് എനിക്കറിയില്ല.... ഒരിക്കലും ആ മുഖത്തേക്ക് നോക്കി അത് പറയാനുള്ള ധൈര്യം എനിക്കില്ല റാണി..... പക്ഷേ ഒരു കാര്യം ഉറപ്പാണ് എൻറെ ജീവിതത്തിൽ എൻറെ ജീവനേക്കാൾ കൂടുതൽ ആയി ഞാനിപ്പോൾ സ്നേഹിക്കുന്നത് ആ ആളെയാണ്.... ആ സ്നേഹത്തിന്റെ പവിത്രതയ്ക്ക് അപ്പുറം എനിക്ക് ഒന്നും ഇല്ല.... എൻറെ ജീവിതത്തിലും സ്നേഹത്തിനും ഒക്കെ ഒരൊറ്റ അവകാശി മാത്രമേ ഉള്ളൂ..... അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... റാണിയുടെ മുഖത്തും വലിയ സമാധാനം പടർന്നിരുന്നു.... "

ചേച്ചി എന്തിനാ വിഷമിക്കുന്നത്, എന്തൊക്കെ വന്നാലും എത്ര പ്രതിസന്ധികൾ വന്നാലും നിങ്ങൾ ഒന്നുചേർന്നില്ലേ.... ചിലർ അങ്ങനെയാണ് ചേച്ചി നമ്മുടെ ജീവിതത്തിൽ നമ്മൾ പോലും പ്രതീക്ഷിച്ചില്ലാത്തവരായിരിക്കും നമ്മുടെ ജീവിതത്തിൽ മുഴുവനും നമ്മളോടൊപ്പം ഉണ്ടാവുന്നതെന്ന്, ചേച്ചി പറഞ്ഞതുപോലെ ചേട്ടായിയുടെ മനസ്സിൽ ചേച്ചിക്ക് ചെറിയ സ്ഥാനം ആയിരിക്കില്ല, ഇഷ്ടപ്പെട്ട ആൾക്കാരെ എന്നും നെഞ്ചോട് ചേർത്തുപിടിക്കുന്ന സ്വഭാവമാണ് റോയി ചേട്ടായിയുടെ.... അപ്പൊൾ അത് സ്വന്തം ഭാര്യ ആകുമ്പോളോ...? ആരോടും സ്നേഹം പ്രകടിപ്പിക്കാൻ അറിയില്ല, പക്ഷേ ആ മനസ്സിൽ നിറയെ സ്നേഹം മാത്രമായിരിക്കും..... ചേച്ചിക്ക് അറിയോ അമ്മച്ചി എപ്പോഴും പറയും ചാച്ചന് കള്ളു കുടിക്കാൻ പൈസ കൊടുക്കരുതെന്ന്, അമ്മച്ചിയെ സന്തോഷിപ്പിക്കാൻ വേണ്ടി ചേട്ടായി ചാച്ചനെ വഴക്കു പറയും, പക്ഷേ എല്ലാ ഞായറാഴ്ചയും ചാച്ചന്റെ കയ്യിൽ ഒരു 500 രൂപ കൊടുക്കും, കള്ളുകുടിക്കും എന്നറിയാം, എന്നാലും കൊടുക്കും, മറ്റാരോടും ചാച്ചൻ ചോദിക്കേണ്ട എന്ന് കരുതി ഒന്നും അല്ല, സത്യം പറഞ്ഞാൽ പിന്നെ ഉള്ള ദിവസങ്ങളിൽ മൊത്തം ചാച്ചൻ അത് കൊണ്ടാണ് കുടിക്കുന്നത്.... ഇപ്പോഴും അമ്മച്ചിക്ക് ഇത് അറിയില്ല.... എനിക്ക് അറിയാം എങ്കിലും ഞാൻ പറയില്ല, അത്രയ്ക്ക് പാവം ആണ് ചേച്ചി എന്റെ ചേട്ടായി.... ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഉരുകിത്തീർന്ന ഒരു ജന്മമാണ് അത്.... ഒരുപക്ഷേ ഇങ്ങനെ ഒരു വിവാഹം നടന്നില്ല എങ്കിൽ ചിലപ്പോൾ റോയിച്ചായൻ കല്യാണം പോലും കഴിയില്ലായിരുന്നു.... അത്രയ്ക്ക് വീട്ടുകാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ജീവിതം..............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story