സാഫല്യം: ഭാഗം 28

safalyam

എഴുത്തുകാരി: റിൻസി പ്രിൻസ്‌

" ഒരുപക്ഷേ ഇങ്ങനെ ഒരു വിവാഹം നടന്നില്ല എങ്കിൽ ചിലപ്പോൾ റോയിച്ചായൻ കല്യാണം പോലും കഴിയില്ലായിരുന്നു.... അത്രയ്ക്ക് വീട്ടുകാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു ജീവിതം..... ഒരുപക്ഷേ ചേട്ടായിയുടെ ജീവിതത്തിലേക്ക് ചേച്ചി വരുന്നതിനു വേണ്ടി ആയിരിക്കും ഈശ്വരൻ ഇങ്ങനെ ഒക്കെ നിമിത്തമായി ചെയ്തത്, എനിക്ക് സന്തോഷമായി ചേച്ചി, ചേച്ചിയും റോയ്ച്ചായനും സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പാണ്, നിങ്ങളായിരുന്നു ഒരുമിച്ച് ചേരേണ്ടത്..... അതുകൊണ്ടാണ് വിധി കുറുക്കുവഴികളിലൂടെ ആണെങ്കിലും നിങ്ങളെ ചേർത്ത് വെച്ചത്.... അവൾ അങ്ങനെ പറഞ്ഞപ്പോൾ അങ്ങനെ വിശ്വസിക്കാൻ തന്നെയായിരുന്നു ദേവികയ്ക്ക് ഇഷ്ടം, അവളുടെ മനസ്സു നിറഞ്ഞിരുന്നു.... ഒരാളോടെങ്കിലും എല്ലാം തുറന്നു പറഞ്ഞതിന്റെ ചാരിതാർത്ഥ്യവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു... റാണി പോയി കഴിഞ്ഞപ്പോഴേക്കും ദേവിക ഒറ്റപ്പെട്ട് പോയിരുന്നു...... തങ്കച്ചൻ വൈകുന്നേരമേ വരൂ എന്ന് പറഞ്ഞിട്ട് ആയിരുന്നു റാണിയെ കൊണ്ടുവിടാൻ ആയിപ്പോയത്, പിന്നീട് റോയിയെ കാത്തിരുന്നെങ്കിലും നാല് മണി കഴിഞ്ഞപ്പോൾ റോയ് വന്നിരുന്നു..... അവൾക്ക് ഒപ്പം ഭക്ഷണം കഴിച്ചതിനു ശേഷം ഒരു പുഞ്ചിരി നൽകി നല്ല തിരക്കുണ്ട് എന്ന് പറഞ്ഞ് പോവുകയായിരുന്നു..... പിന്നീട് കുറേ നേരം അവൾ വെറുതെ ഇരുന്നു, വീട്ടിൽ വിളിച്ച് ഗോപികയോട് അമ്മയുടെയും അച്ഛന്റെയും ഒക്കെ വിശേഷങ്ങൾ തിരക്കി, അച്ഛനെയും വിളിച്ചിരുന്നു അമ്മയ്ക്ക് ആശുപത്രിയിൽ പോകേണ്ട ഡേറ്റ് ആയി എന്ന് ഗോപിക പറഞ്ഞപ്പോൾ എന്ത് ചെയ്യും എന്നോർത്ത് ഇരുന്നു.... സന്ധ്യയായപ്പോൾ ആരുമില്ലഞ്ഞിട്ടും അവൾ മെഴുകുതിരി കത്തിച്ചു പ്രാർത്ഥന എല്ലാം കഴിഞ്ഞിരുന്നു....

10 മണിയോടെയായിരുന്നു റോയ് തിരികെ വന്നത്, തങ്കച്ചൻ ആ സമയത്തും വന്നിരുന്നില്ല, റോയി തിരികെ വന്നപ്പോൾ ദേവിക വാതിൽ തുറന്നിരുന്നു..... അവളുടെ മുഖം കണ്ടപ്പോൾ എന്തോ അസ്വസ്ഥത ഉള്ളതായി അവന് തോന്നിയിരുന്നു, " എന്തുപറ്റി..... അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.... അപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞിരുന്നു..... കാര്യമെന്തെന്ന് മനസ്സിലാവാതെ റോയ് പകച്ചു പോയിരുന്നു..... "എന്തുപറ്റി.....? ആധിയോട് അവൻ ചോദിച്ചു ....... " അത് സമയം ഇത്രയും ആയപ്പോൾ, ഞാൻ നന്നായി പേടിച്ചുപോയി..... ആദ്യമായിട്ട് ഞാൻ ഇത്ര സമയം വരെ ഒക്കെ ഒറ്റയ്ക്ക് ഇരിക്കുന്നത്.... അച്ഛനും വന്നില്ല...... അവളുടെ വാക്കുകൾ കേട്ടപ്പോൾ അവന് അല്പം കുറ്റബോധം തോന്നിയിരുന്നു, പൊതുവേ താൻ ഇത്രയും താമസിക്കുന്നത് അല്ല, ഒരു ആശുപത്രി ഓട്ടം വന്നതുകൊണ്ടാണ് അത്രയും നേരം താമസിച്ചത്, അപ്പോഴെല്ലാം ഉള്ള ആശ്വാസം ചാച്ചൻ ഇവിടെയുണ്ടല്ലോ, അവൾ ഒറ്റയ്ക്ക് അല്ലല്ലോ എന്നുള്ളതായിരുന്നു... പക്ഷേ ചാച്ചൻ ഇവിടെ വരാതെ എവിടെ പോയി....? അങ്ങനെ വിചാരിച്ചിരുന്നില്ല..... "ചാച്ചൻ വന്നില്ലേ.....? ഒരു കുറ്റബോധത്തോടെ തന്നെ അവളോട് തിരക്കായിരുന്നു അവൻ.... അവൾ വല്ലാണ്ട് പേടിച്ചിരിക്കുകയാണ് എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ അവന് മനസ്സിലായിരുന്നു, " എനിക്ക് ഒരു ആശുപത്രി കേസ് വന്നു, അതുകൊണ്ട് താമസിച്ചു പോയത്.... താൻ ഒറ്റയ്ക്ക് ഉള്ളുന്നു ഓർകാഞ്ഞല്ല, ചാച്ചൻ ഉണ്ടല്ലോന്ന് ഓർത്തു.... ഒരു വട്ടത്തേക്ക് താൻ ക്ഷമിക്ക്.... ഇനി ഇങ്ങിനെ ഉണ്ടാകില്ല, അവനങ്ങനെ പറഞ്ഞപ്പോൾ അവൾ വല്ലാതെ ആയതു പോലെ തോന്നിയിരുന്നു....,

അവനെക്കൊണ്ട് ക്ഷമ ചോദിക്കാൻ വേണ്ടി ഒന്നും പറഞ്ഞത് ആയിരുന്നില്ല...... കുറച്ചു സമയം കൊണ്ട് താൻ അനുഭവിച്ച ഭയം തന്നെ ശ്വാസം മുട്ടിക്കുക ആയിരുന്നു..... വീട്ടിൽ പോലും ഇങ്ങനെ ഇരിക്കുക ഇല്ല.... ഗോപു എപ്പോഴും തന്നെ കളിയാക്കി പറയുന്ന കാര്യമാണ് അഞ്ചു മണി കഴിഞ്ഞാൽ മുറ്റത്തിറങ്ങാൻ തനിക്ക് പേടിയാണെന്ന്...... ഒരു സത്യം തന്നെയായിരുന്നു അത്..... ഒരു വീട്ടിൽ ആദ്യമായാണ് ഇത്രയും സമയം താൻ ഒറ്റയ്ക്ക് ഇരിക്കുന്നത്...... നിമിഷങ്ങൾ ആയി ഭയം മനസ്സിനെ മഥിച്ചു കൊണ്ടിരിക്കുകയായിരുന്നു...... അതുകൊണ്ട് ആണ് അവനെ കണ്ടപ്പോൾ കണ്ണുനീർ പുറത്തേക്ക് വന്നത് പോലും... " അങ്ങനെ ഞാൻ കുറ്റപ്പെടുത്തി പറഞ്ഞതല്ല..... ആദ്യമായിട്ട് ഞാൻ ഇങ്ങനെ ഇരിക്കുന്നത്, അതിൻറെ ഒരു ബുദ്ധിമുട്ട്..... എങ്ങനെയൊക്കെയോ അവൾ പറഞ്ഞപ്പോൾ അവളുടെ മാനസിക സംഘർഷം അവന് മനസ്സിലാക്കുന്നുണ്ടായിരുന്നു, " അത് എനിക്ക് മനസിലായി.... ഞാൻ കുളിച്ചിട്ട് വരാം, താൻ ഭക്ഷണം എടുത്തു വെക്ക്.... അത്രമാത്രമേ അവളോട് പറയാൻ ആ നിമിഷം അവനെ തോന്നിയിരുന്നുള്ളൂ, അവൾ പോയ ഉടനെ പെട്ടെന്ന് ഫോണെടുത്ത് അവൻ ചാച്ചന്റെ നമ്പറിലേക്ക് വിളിച്ചിരുന്നു, കുറെ വട്ടം ബെല്ലടിച്ചു എങ്കിലും അത് എടുക്കുന്നു ഉണ്ടായിരുന്നില്ല..... പിന്നീട് വീണ്ടും അവൻ വിളിച്ചപ്പോൾ ഫോണെടുത്തത് ഒരു സ്ത്രീശബ്ദം ആയിരുന്നു..... ഒറ്റ നിമിഷം കൊണ്ട് തന്നെ റോസി ചേച്ചി ആണെന്ന് അവന് മനസ്സിലായിരുന്നു.... " എന്നാടാ.... " ചാച്ചൻ അവിടെ ഉണ്ടായിരുന്നോ....? "ഉച്ചയ്ക്ക് ഇവിടെ വന്നതാ, തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.... അതുകൊണ്ട് പിന്നെ ഞാനാ പറഞ്ഞത് ഇന്ന് പോവണ്ട നാളെ പോകാം എന്ന്.... എന്താടാ.... " ഒന്നുമില്ല അവിടെ ഉണ്ടായിരുന്നെങ്കിൽ ചേച്ചിക്ക് എങ്കിലും എന്നെ ഒന്ന് വിളിച്ച് പറയാമായിരുന്നില്ലേ.....?

ഞാൻ എന്തോരം ടെൻഷനടിച്ചു എവിടെയാണെന്ന് ഓർത്ത്.... അത് മാത്രമല്ല ദേവി ഇവിടെ ഒറ്റയ്ക്ക് അല്ലേ.....? ഞാൻ വന്നപ്പോൾ ഈ സമയമായി അവൾ ഒറ്റയ്ക്ക് ഉണ്ടായിരുന്നുള്ളൂ.... ഞാൻ സമാധാനത്തിൽ ആയിരുന്നു ചാച്ചൻ ഉണ്ടല്ലോന്ന് ഓർത്തു... റോയ്ക്ക് ദേഷ്യം തോന്നിയിരുന്നു.... "ചാച്ചൻ അങ്ങോട്ട് വരാൻ വേണ്ടി ഇറങ്ങിയതാടാ.... ഒട്ടും നടക്കാൻ വയ്യായിരുന്നു.... ഈ ഒരു സമയത്ത് എങ്ങനെ അങ്ങോട്ട് വിടുന്നത്..... വഴിയിലെങ്ങാനും വീണുപോയ ആര് സമാധാനം പറയും... അതുകൊണ്ടാ ഞാൻ ചാച്ചനോട് പോകണ്ട എന്ന് പറഞ്ഞത്... ദേവിക ഇവിടെ ഒറ്റയ്ക്കാണെന്ന് ഞാനോർത്തു ഇല്ല..... നീ ഇത്രയും പൊതുവേ താമസിക്കാറില്ലലോ.... 8 മണി ആകുമ്പോഴേക്കും നീ സാധാരണ വരാറുള്ളതല്ലേ, ആ ഒരു വിശ്വാസം കൊണ്ട്.... റോസിക്ക് കുറ്റബോധം തോന്നി.... "ശരിയെന്നാൽ ഞാൻ വന്നതേയുള്ളൂ..... അത്രയും പറഞ്ഞവൻ ഫോൺ കട്ട് ചെയ്ത് തോർത്ത് ആയി കുളിക്കാനായി പോയിരുന്നു.... കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവള് എല്ലാ ആഹാരങ്ങളും നിരത്തി വച്ചിട്ടുണ്ടായിരുന്നു.... രണ്ടുപേരും ഒറ്റയ്ക്ക് ഉള്ളൂ എന്ന് ഓർത്തപ്പോൾ അവൾക്ക് അവന്റെ അരികിൽ നില്കാൻ പരിഭ്രമം തോന്നിയിരുന്നു.... അവൻറെ മുഖത്തേക്ക് നോക്കാൻ പോലും ഒരു മടി..... "വണ്ടിയിലെ അലുവ ഇരിപ്പുണ്ട്, ഇന്ന് ശനിയാഴ്ചയല്ലേ..... ഇനി രാഘവേട്ടനെ കൊണ്ട് ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു, ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു പോയിരുന്നു.... " താൻ ഇരിക്കുന്നില്ല..... ഇന്നിപ്പോ നമ്മൾ മാത്രമേ ഉള്ളു ഇനി ആരെയും നോക്കിയിരിക്കണ്ട കാര്യമില്ലല്ലോ.... ഭക്ഷണം കഴിക്കാൻ അവൾക്ക് നേരെ പ്ലേറ്റ് നീട്ടി അവൻ അത് പറഞ്ഞപ്പോൾ ഇരിക്കുക അല്ലാതെ മറ്റു മാർഗം അവളുടെ മുൻപിൽ മുണ്ടായിരുന്നില്ല..... വറുത്ത മീൻ എടുക്കാതെ ചോറും സാമ്പാറും മെഴുക്കുപുരട്ടിയും എടുത്ത് കഴിക്കുന്നതിനിടയിൽ അവളുടെ പ്ലേറ്റിലേക്ക് ഒരു വലിയ മീൻ കഷ്ണം എടുത്തു വച്ച് കൊടുത്തത് അവൻ തന്നെയായിരുന്നു.... "

എല്ലാ സാധനങ്ങളും കഴിക്കാൻ ഉണ്ടാക്കി വെച്ചിരിക്കുന്നത് അല്ലേ, അതിനെന്തിനാ പ്രത്യേകം പ്രത്യേകം ഓരോന്ന് തന്നെ തെരഞ്ഞെടുക്കുന്നത്.... എല്ലാം കൂടി കൂട്ടി കഴിച്ചാൽ ഒരു രുചി ഉണ്ടാകില്ലേ.... ഇതൊക്കെ ഉണ്ടാക്കിയാൽ മാത്രം പോരല്ലോ, കഴിച്ചു രുചി അറിയണ്ടേ.... അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് വലിയ സന്തോഷം തോന്നി.... അവൻ നൽകുന്ന പരിഗണന അതായിരുന്നു അവളുടെ സന്തോഷത്തിന് കാരണം, ഈ ലോകത്ത് ഒന്നിനോടും പ്രതിബദ്ധത ഇല്ല എങ്കിലും ഒരു മനുഷ്യന് സ്വന്തം ഭാര്യയോട് അത് വേണം.... ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൾ പാത്രങ്ങളെല്ലാം കഴുകുന്നതിനിടയിൽ അവൻ തന്നെ വണ്ടിയിൽ നിന്നും ആലുവ എടുത്തുകൊണ്ട് മേശപ്പുറത്തേക്ക് വെച്ചിരുന്നു, അതുകഴിഞ്ഞ് സ്ഥിരമായി ടിവി കാണുന്നത് പോലെ ടിവിയുടെ മുൻപിലായിരുന്നു..... മേശപ്പുറത്തിരിക്കുന്ന കവർ കണ്ടപ്പോൾ തന്നെ അത് അലുവ ആയിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു..... ചിരിയോടെ ഒരു കത്തിയെടുത്ത് അത് മുറിച്ച് അതിൽ ഒരു കഷണം അവൻറെ നേർക്ക് കൊണ്ടുവന്നു അവൾ..... അതിൽ നിന്നും പകുതി മാത്രമേ അവൻ എടുത്തുള്ളൂ... അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " എനിക്ക് മധുരം അത്ര താല്പര്യമില്ല, എന്ന് വെച്ച് താൻ കഴിക്കാതെ ഇരിക്കണ്ട ഞാൻ പറഞ്ഞില്ലേ ആവശ്യമുള്ളതൊക്കെ എന്നോട് പറയണം, എനിക്ക് അങ്ങനെ കണ്ടറിഞ്ഞു ചെയ്യാനും അറിയില്ല.... ഇതിപ്പോ അന്ന് രാഘവേട്ടൻ പറഞ്ഞതുകൊണ്ട് ഞാൻ ഓർത്തിരുന്നത് ആണ്..... നിഷ്കളങ്കമായ അവൻറെ മറുപടി അവൾ എല്ലാം മറന്നു പോയിരുന്നു കഴിച്ചതിനു ശേഷം ബാക്കി കൊണ്ട് ഫ്രിഡ്ജിൽവച്ച് എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിൽക്കുന്നവളെ നോക്കി അവൻ തന്നെ ടിവി ഓഫ് ചെയ്തു... " സമയം ഒരുപാട് ആയി.....! അവൻ തന്നെ കതക് അടച്ചതിനുശേഷം മുറിയിലേക്ക് ചെന്നിരുന്നു....

മുറിയിൽ ചെന്നപ്പോഴേക്കും അവൾ ഇല്ലാത്ത തിരക്കുകൾ ഉണ്ടാകാൻ നോക്കി.... രണ്ടുപേരും മാത്രമാകുമ്പോൾ ഒരു മൗനം രണ്ടുപേർക്കുമിടയിൽ കൂടുകെട്ടുന്നുണ്ടായിരുന്നു.... ആ മൗനത്തിന്റെ സൗന്ദര്യം പലപ്പോഴും ഇരുവരും ഇഷ്ടപ്പെട്ടിരുന്നു..... എങ്കിലും മനസ്സ് തുറന്നു സംസാരിക്കാൻ രണ്ട് ഹൃദയങ്ങളുടെ ഉള്ളിൽ ഒരു വെമ്പൽ ഉണ്ടായിരുന്നു..... എങ്കിലും എവിടെയൊക്കെയോ അപരിചിതത്വം ഇപ്പോഴും ബാക്കിനിൽക്കുന്നു.... ഒരുമിച്ച് ഒരു കിടക്കയിൽ ഉറങ്ങിയിട്ട് പോലും പരസ്പരം രണ്ടുപേർക്കും വാക്കുകൾ കിട്ടുന്നില്ല..... 💚💚💚💚💚💚💚💚💚💚💚💚💚💚💚💚 രാവിലെ ആദ്യം ഉണർന്നത് ദേവിക തന്നെയായിരുന്നു.... അതിനുശേഷം അവൾ നേരെ അടുക്കളയിലേക്കു ചെന്ന് അവളുടെ പതിവ് ജോലികളിൽ ഒക്കെ ഏർപ്പെട്ടിരുന്നു..... രാവിലെ പുട്ടും കടലയും ആയിരുന്നു ഉണ്ടാക്കിയിരുന്നത്.... തങ്കച്ചൻ രാവിലെ വരും എന്ന് ഉറപ്പുള്ളത് കൊണ്ട് അയാൾക്ക് കൂടി ഉള്ളത് ഉണ്ടാക്കിവെച്ചു.... അത് കഴിഞ്ഞ് കാപ്പി ഇട്ടു കൊണ്ട് ചെന്നപ്പോഴേക്കും റോയി ഉണർന്നിരുന്നു, അവളുടെ കയ്യിൽ നിന്നും കാപ്പി വാങ്ങി അവളെ ഒന്ന് ചിരിച്ച് കാണിച്ച് അവൻ കുളിക്കാൻ പോയി.... അവൻ രാവിലത്തെ പ്രാതൽ കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു തങ്കച്ചൻ വന്നിരുന്നത്.... റോയിയുടെ മുഖത്തേക്ക് നോക്കി ഇന്നലത്തെ സംഭവത്തിന് കണ്ണുകൾ കൊണ്ട് ഒരു മാപ്പ് പറഞ്ഞതിനുശേഷം അയാൾ ചിരിയോടെ ദേവികയുടെ മുഖത്തേക്ക് നോക്കി, അപ്പോഴേക്കും അവൾ കാപ്പി എടുത്ത് അയാൾക്ക് കൊടുത്തിരുന്നു.... " അച്ഛൻ കഴിക്കുന്നില്ലേ.....? "ഇപ്പൊ വേണ്ട മോളെ കുറച്ചു കഴിഞ്ഞു മതി, കാപ്പി കുടിച്ചു കൊണ്ട് അയാൾ ഉമ്മറത്തേക്ക് പോയി.... പത്രം നോക്കാൻ ആയിരുന്നു, ഭക്ഷണം കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ പോകുന്ന റോയിയെ അവൾ വിളിച്ചു.... " എനിക്ക് ഒരു അൻപത് രൂപ വേണമായിരുന്നു...

അവൻറെ മുഖത്തേക്ക് നോക്കാതെ അത് പറയുന്നത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നിയിരുന്നു... " ഒന്നും നോക്കാതെ പേഴ്സിൽ ഉണ്ടായിരുന്ന കുറച്ച് കാശ് എടുത്ത് അവളുടെ കൈകളിലേക്ക് നീട്ടി അവൻ, അതിൽ കൂടുതലുണ്ടെന്ന് അവൾക്ക് തോന്നിയത് കൊണ്ട് തന്നെ അത്ഭുത പൂർവ്വം അവനെ നോക്കിയിരുന്നു... " ഞാനത് മറന്നുപോയി, തനിക്കും ആവശ്യങ്ങൾ ഒക്കെ ഉണ്ടാകില്ലേ....?. ഒന്നും ഞാൻ ചോദിച്ചില്ല, ഇനിയിപ്പോ തന്റെ കൈയ്യിൽ ഇരിക്കട്ടെ.... എന്തെങ്കിലുമൊക്കെ ആവശ്യങ്ങൾ ഉണ്ടാവില്ലേ....? " അയ്യോ ഇതൊന്നും വേണ്ട, ഞാൻ ചോദിച്ച കാശ് മാത്രം മതി.... " സാരമില്ലെടോ കയ്യിലിരിക്കട്ടെ.... എന്തെങ്കിലും ആവശ്യം ഉണ്ടാകും, ചിരിയോടെ പറഞ്ഞു പോകാൻ അവൻ തയ്യാറായപ്പോൾ അവൾക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു, അവൾ പെട്ടന്ന് അവന്റെ കൈയ്യിൽ പിടിച്ചു... ഒരുനിമിഷം അവൻ ഒന്ന് അത്ഭുതപെട്ടു... പെട്ടന്ന് അബദ്ധം പറ്റിയപോലെ അവൾ കൈ വലിച്ചു... "എനിക്ക് 50 മതി, "ഇരിക്കട്ടടോ....? ചിരിയോടെ അവളെ നോക്കി ഒന്ന് ചിരിച്ചു അവൻ നടന്നു.... "ഉച്ചയ്ക്ക് ഞാൻ കഴിക്കാൻ വരും.... വണ്ടിയിൽ കയറും മുൻപ് ചിരിയോടെ അവളെ നോക്കി പറഞ്ഞപ്പോൾ അവളുടെ മുഖവും തെളിഞ്ഞു... പീരീഡ്‌സ് ആകാനുള്ള സമയം ആയി,അതുകൊണ്ടാണ് ചോദിച്ചത്, ഒന്നും താൻ വന്നപ്പോൾ അതിന് ആയി കൊണ്ടു വന്നിരുന്നില്ല.... ഡേറ്റ് അടുക്കുമ്പോൾ റാണിയോട് ചോദിക്കാം എന്നായിരുന്നു കരുതിയിരുന്നത്, ഇപ്പോഴാണെങ്കിൽ റാണിയും ഇവിടെ ഇല്ല... അതുകൊണ്ടാണ് അവനോട് കാശ് ചോദിക്കാൻ വേണ്ടി മുതിർന്നത്.... ഇന്നലെ മുതൽ കലശലായ വയറു വേദന ഉണ്ട് താനും, താൻ എന്തിനാണ് കാശ് ചോദിച്ചു എന്ന് പോലും ചോദിക്കാത്ത അവൻറെ ആ സ്വഭാവവും അവളെ ആകർഷിച്ചിരുന്നു.... യാത്രപറഞ്ഞ് മുറ്റത്തേക്കിറങ്ങി അവൻ വണ്ടിയിൽ കയറി പോയിരുന്നു, തങ്കച്ചന് ഭക്ഷണം കൊടുത്തതിനുശേഷം ആയിരുന്നു അവൾ ഭക്ഷണം കഴിക്കാൻ വേണ്ടി പോയിരുന്നത്.... ഉച്ചയ്ക്കത്തെ ഉള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ആയിരുന്നു റോസി ചേച്ചി വിളിച്ചിരുന്നത്....

റോസി ചേച്ചിയുടെ സംസാരിക്കുന്നതിനിടയിൽ കുറേനേരം സംസാരിച്ചിരുന്നു, രാവിലെ എന്തുണ്ടാക്കി എന്നുതുടങ്ങി ഉച്ചയ്ക്ക് എന്താണ് ഉണ്ടാക്കുന്നതെന്ന് വരെ ആ സംസാരത്തിൽ എത്തിയിരുന്നു... ഗോപുവിനെ വിളിച്ചുവെങ്കിലും ഫോണിൽ കിട്ടിയിരുന്നില്ല.. കുറച്ചു സമയങ്ങൾക്കു ശേഷം ഓട്ടോ വീണ്ടും വീടിനു മുൻപിൽ വന്നു നിൽക്കുന്നത് അവൾ അറിഞ്ഞിരുന്നു... മുറ്റത്തേക്കിറങ്ങി ചെന്നപ്പോൾ തന്നെ വലിയൊരു പച്ചക്കറി കിറ്റും ഒപ്പം ഒരു കവറും ആയി അവളുടെ നേരെ വന്നു അവൻ ഏൽപ്പിച്ചു, " ലാഭത്തിൽ കിട്ടിയത് ആണ്... ഇത് വിഷമൊന്നും അടിക്കാത്ത പച്ചക്കറി ആണ്... നമ്മുടെ കുടുംബശ്രീയിലെ ആണ്... അത് കണ്ടപ്പോൾ വാങ്ങിയത് ആണ്... പിന്നെ ഇത് കുറച്ചു ചെമ്മീൻ ആണ്, എങ്ങനെ വെക്കാം എന്ന് വെച്ചാൽ അങ്ങനെ വച്ചോളൂ, ചിരിയോടെ അവളോട് യാത്ര പറഞ്ഞു മറ്റൊന്നും പറയാതെ ഓട്ടോയിൽ കയറി പോകുന്നവനെ ഒരു പുഞ്ചിരിയോടെ അവൾ യാത്ര അയച്ചിരുന്നു, എല്ലാ ഭക്ഷണവും ഉണ്ടാക്കി വച്ചതിന് ശേഷമായിരുന്നു ഗോപുവിന്റെ ഫോൺ വന്നത്.... പെട്ടെന്ന് തന്നെ ഫോൺ എടുത്തു.... അവൾ വിളിക്കുന്നത് ഇന്ന് അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറയാൻ ആയിരിക്കും എന്ന് തനിക്ക് ഉറപ്പായിരുന്നു, പക്ഷേ എന്താണ് താൻ മറുപടി പറയുന്നത്, അവനോട് അതിനെപ്പറ്റി പറയാൻ തന്നെ തനിക്ക് മടി ആണ്... " ഗോപു... "ചേച്ചി എന്തെടുക്കുവാ, ഉച്ചക്കുള്ള തിരക്കിലാവും അല്ലേ....? ചേച്ചിക്ക് എന്താ വയ്യായ്ക ഉണ്ടെന്ന് ചേട്ടൻ പറഞ്ഞു...? "വയ്യാഴ്കയൊ...? ഒന്നും മനസ്സിലാവാതെ അവളോട് ചോദിച്ചു... "ചേട്ടൻ രാവിലെ വന്നിട്ടുണ്ടായിരുന്നു... "വെറുതെ വന്നത് ആണോ...? " അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ.... ചേട്ടനും അച്ഛനും കൂടി അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് തിരികെ വന്നപ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നു....

എനിക്ക് ഉച്ചവരെ ഉണ്ടായിരുന്നു ക്ലാസ്സ്.... ഞാൻ ചോദിച്ചു ചേച്ചി എന്താ വരാഞ്ഞേന്ന്, ചേട്ടൻ പറഞ്ഞു ചേച്ചിക്ക് വയ്യായ്ക ആണ് അതുകൊണ്ടാണ് വരാഞ്ഞത് എന്ന്, അതാ ഞാൻ ചോദിച്ചത് എന്തുപറ്റിയെന്ന്.... അവൾ പറഞ്ഞപ്പോൾ എന്ത് മറുപടി പറയണമെന്ന് അവൾക്ക് അറിയുമായിരുന്നില്ല, സന്തോഷവും സങ്കടവുമൊക്കെ കണ്ണുകളെ മൂടിയിരുന്നു.... താൻ പറയാതെ തന്നെ എല്ലാം അറിഞ്ഞു ചെയ്യുന്ന റോയിയോട് വീണ്ടും അവൾക്ക് സ്നേഹം തോന്നുകയായിരുന്നു.... പെട്ടന്ന് മുറ്റത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്, അവനായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു... " ഞാൻ അങ്ങോട്ട് വിളിക്കാം മോളെ .... അത് പറഞ്ഞ് കട്ട് ചെയ്ത് വലിയ സന്തോഷത്തോടെ തന്നെ ഉമ്മറത്തേക്ക് ഓടി ചെന്നപ്പോൾ റോയുടെ ഓട്ടോയിൽ നിന്നും ഇറങ്ങിയത് മറ്റൊരാൾ ആയിരുന്നു.. പെട്ടെന്ന് കണ്ടപ്പോൾ അവൾക്ക് എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു ..... അയാളുടെ മുഖത്തെ മുഖഭാവവും അത്ര ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു, അയാൾ മേലെ അരികിലേക്ക് നടന്നു വന്നു... " എന്നെ അറിയില്ലേ ഞാൻ സുധീപ്.... രണ്ടുപ്രാവശ്യം അയാളെ കണ്ട പരിചയത്തിൽ അവൾ ചിരിയോടെ തലയാട്ടി, " പേടിക്കാനൊന്നുമില്ല എങ്കിലും ഇവിടെ വരെ പറയേണ്ടത് ഉത്തരവാദിത്വം ആണല്ലോ... റോയ്ക്ക് ഒരു ആക്സിഡൻറ് പറ്റി.... അയാൾ പറഞ്ഞത് മുഴുവൻ അവൾ കേട്ടില്ല... ശ്വാസം നിലച്ചു പോകുന്നതുപോലെ തോന്നിയിരുന്നു.........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story